. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 9 December 2021

മത ഇതരത്വം

ആദ്യാക്ഷരം കുറിച്ചത് നാരായണാനാശാൻ്റെ കളരിയിൽ ആയിരുന്നു. "ഓം ഹരീശ്രീ ഗണപതയേ നമഃ". അയ്യപ്പ ഉപാസകനും, ഋഷി തുല്യനുമായ ആശാൻ ദിനേന അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ചൊല്ലുന്ന ഈ മന്ത്രം എല്ലാ മതസ്ഥരായ കുട്ടികളും ഏറ്റു ചൊല്ലിയിരുന്നു. ചൊല്ലിക്കൊടുക്കുന്ന ആശാനാേ, കൂടെയിരിക്കുന്ന ഞങ്ങൾ കുട്ടികളോ, ഞങ്ങളുടെ വ്യത്യസ്ഥ മതസ്ഥരായ മാതാപിതാക്കളോ അതൊരു വർഗ്ലീയ മന്ത്രമായി കരുതിയിരുന്നില്ല. തുടർന്ന് പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിലാണ്. അതിൽ ആറ് വർഷം പള്ളിയുടെ മുറ്റത്തുള്ള സ്കൂളിൽ. ദിവസവും അരമണിക്കൂർ പ്രാർത്ഥനകൾക്കായി നീക്കിവച്ചിരിക്കുന്ന സ്കൂളിൽ, പക്ഷേ ആരും മതത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. തുടർന്ന് പഠിച്ച നാലു വർഷവും പള്ളിയോട് ചേർന്നിരിക്കുന്ന സ്കൂളിൽ തന്നെയാണ് പഠനം തുടർന്നത്. ഈ പത്ത് വർഷ കാലയളവിൽ ഒരാളും നിർബന്ധിക്കാതെ  ബൈബിൾ വായിച്ചിരുന്നു, കുർബാന കൊണ്ടിരുന്നു, സങ്കീർത്തനങ്ങൾ പഠിച്ചിരുന്നു, ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടി സ്തുതിച്ചിരുന്നു . വീട്ടിൽ വന്നിരുന്ന് ക്രിസ്തീയ പ്രാർത്ഥനാ ഗാനങ്ങൾ ഉറക്കെ പാടുമായിരുന്നു. എന്റെ അമ്മയോ അച്ഛനോ വീട്ടിലെ മറ്റ് മുതിർന്നവരോ അത് പാടരുത് ക്രിസ്ത്യാനിയുടേത് എന്ന് പറഞ്ഞിരുന്നില്ല. എൻ്റെ മതം ഹിന്ദു എന്ന് പറഞ്ഞ് മാതാപിതാക്കൾ ഊറ്റം കൊണ്ടിരുന്നില്ല, നീ ഹിന്ദു എന്ന് പറഞ്ഞ് എൻ്റെ വിദ്യാലയത്തിലെ ഒരാളും എന്നെ ഇകഴ്ത്തി പ്രാർത്ഥനയിലോ, കുർബാനയിലോ നിന്ന് മാറ്റി നിർത്തിയിരുന്നില്ല. അതു കൊണ്ട് ഞാൻ ഏത് വിഭാഗമാണന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. അതേ സമയം തന്നെ, സന്ധ്യാനാമം ചൊല്ലുകയും, ദിവസവും കുളിച്ച് തൊഴുത് നിർമ്മാല്യം തൊഴുകയും, വ്രതാനുഷ്ടാനങ്ങൾ പാലിക്കുകയും ചെയ്തിരുന്ന തികഞ്ഞ ഭക്തനും ആയിരുന്നു ഞാൻ. മുസ്ലിം വിഭാഗവുമായി ബന്ധമുണ്ടായി തുടങ്ങിയത് പ്രീഡിഗ്രി കാലങ്ങളിൽ ആണ്, പിന്നീട് ജീവിതത്തിലെ പൊഴിഞ്ഞു പോയ നാൽപ്പത്തിയേഴ് വർഷങ്ങളുടെ ആകെ കണക്കെടുത്താൽ ഏറ്റവും അധികം ആഴത്തിൽ ഇടപഴകിയത് മുസ്ലീം വിഭാഗങ്ങൾക്കൊപ്പമായിരിക്കും. അതു കൊണ്ടാവാം ഏതൊരു ആരാധനാലയത്തിന് മുമ്പിൽ കൂടി കടന്നു  പോയാലും 'ദൈവമേ' എന്ന് നെഞ്ചിൽ ഒന്നു കൈവച്ച് വിളിക്കാൻ എനിക്ക് കഴിയുന്നത്. ഒരു ക്ഷേത്രത്തിൽ അർച്ചന കഴിക്കുന്ന അതേ ഭക്തിയോടെയും നിർവൃതിയോടെയും ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ മെഴുകുതിരി കത്തിക്കാൻ എനിക്ക് കഴിയുന്നതും, മണ്ഡല വ്രതം നോൽക്കുന്ന അതേ ആത്മസംതൃപ്തിയോടെ റംസാൻ വ്രതം അനുഷ്ടിക്കാൻ കഴിയുന്നതും. എൻ്റെ ചില സുഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് "നിങ്ങൾക്ക് മതമില്ല, ദൈവമുണ്ട് എന്ന് പറയുന്നത് പൊള്ളത്തരമല്ലേ" എന്ന്. മതമില്ലാതെ ദൈവം എങ്ങനെയുണ്ടായി എന്നതിന് അവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ലേഖനം.

പലരും വിശ്വസിക്കുന്നത് പോലെ മതേതരം എന്നാൽ സ്വന്തം വിശ്വാസത്തെ പുറങ്കാലുകൊണ്ട് തട്ടിയിട്ട് മറ്റ് വിശ്വാസങ്ങൾക്ക് നേരെ മാത്രം  കൈയ്യടിക്കുന്ന ഒന്നല്ല. മതേതരം എന്നാൽ സ്വന്തം മതം മഹത്തരവും ബാക്കിയെല്ലാം മ്ലേച്ഛം എന്ന കാഴ്ചപ്പാടും ആവരുത്. മതേതരം എന്നാൽ മുസ്ലീം കുങ്കുമം ഇടുന്നതും, ഹിന്ദു ഹിജാബ് ധരിക്കുന്നതും, ക്രിസ്ത്യൻ നിവേദ്യം പരസ്യമായി കഴിച്ചു കാണിക്കുന്നതും ആവരുത്. മതേതരം എന്നാൽ ദൈവവിശ്വാസികളെ ഒന്നായി തെറിപറഞ്ഞ് യുക്തിവാദം പ്രചരിപ്പിക്കുന്നതും ആവരുത്. മതേതരം എന്നാൽ ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രീണനമോ പീഡനമോ ആവരുത്. മതേതരം എന്നാൽ എല്ലാത്തിനേയും സഹിഷ്ണതയോടെയും, സമഭാവനയോടെയും സാഹോദര്യത്തോടെയും ഉൾക്കൊള്ളാനും, ഒരു മതവിശ്വാസി എന്ന നിലയിൽ തനിക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും മറ്റൊരു മതവിശ്വാസിക്കും ഉണ്ടാവണം എന്നും, അത്തരം അവകാശ നിഷേധം ഉണ്ടാകുന്നിടത്ത്  ഉറച്ച് നിന്ന് ചോദ്യം ഉയർത്തുന്നതുമാണ്. മതേതരം എന്നാൽ തികച്ചും ജനാധിപത്യപരമായ ഒരു ഉൾക്കാഴ്ചയിൽ ഉറവ കൊണ്ടതാവണം. മതേതരം എന്നാൽ സ്വന്തം മതയുക്തികളിൽ ഒതുങ്ങി നിൽക്കുമ്പോഴും  മറ്റുള്ള മതങ്ങൾക്ക് കൊടുക്കുന്ന ബഹുമാനമാവണം. 

ഇന്ന് സമൂഹത്തിൻ്റെ മുഖ്യധാരയിൽ മതം ഒരു പ്രധാന വിഷയമാണ്. രാഷ്ട്രീയം അതിൻ്റെ വളർച്ചയ്ക്ക് മതം ഒരു പ്രധാന ആയുധമാക്കുന്നു. അവർ പ്രീണനവും പീഡനവും തരാതരത്തിൽ വേണ്ടിടത്ത് ഉപയോഗിക്കുകയും, മതേതര മനസ്കരെ പോലും വഴിതിരിച്ചു വിടാൻ ഉതകുന്ന തരത്തിൽ ശക്തമായ വിഷയങ്ങൾ സൃഷ്ടിക്കുകയും, അതിൻ്റെ കനലുകൾ അടങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. മതമൗലിക വാദികൾ ഇത്തരം അവസരങ്ങൾ മുതലെടുത്ത് കലക്കവെള്ളത്തിലെ മീൻ പിടുത്തം നിർബാധം തുടരുന്നു. സമൂഹമദ്ധ്യത്തിൽ ഒൻപത് വയസ്സുള്ള കുട്ടി തൊപ്പി വയ്ക്കുന്നതും, ഭരതനാട്യം കളിക്കുന്ന കുട്ടിയുടെ കഴുത്തിൽ കൊന്ത കാണുന്നതും,   ഹർത്താലിനിടയിൽ കുങ്കുമം നെറുകയിൽ ചാർത്തിയ യുവതിയെ കാണുന്നതും അസ്വസ്ഥതയുണ്ടാക്കുന്നു, ചിലപ്പാേൾ ആക്രമിക്കപ്പെടുന്നു. വാഴ്ത്തുന്നതിനും വീഴ്ത്തുന്നതിനും മതം. കുറ്റവാളികൾക്ക് പോലും അവരുടെ പേരും വാലും നോക്കി ന്യായീകരിക്കാനും, അന്യായീകരിക്കാനും മതമൊരു ആയുധമാക്കുന്നു. അദ്ധ്യാപകരോ, മാതാപിതാക്കളോ, എന്തിനേറെ പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തിന് തന്നെയോ അവരുടെ മതേതര മനസ്സ് നഷ്ടമായിരിക്കുന്നു, പുതിയ തലമുറയെ പോലും പഠിപ്പിച്ച് വളർത്തുന്നത് മതവും മത ചിന്തകളും കുത്തി വച്ചാണ്. ദൈവത്തിന് അവിടെ സ്ഥാനമില്ലാതായിരിക്കുന്നു, പകരം ദൈവിക ചിന്തകളെക്കാൾ പല മത സ്ഥാപനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നത് അന്യമതസ്ഥരെ എങ്ങനെ പീഡിപ്പിക്കാം എന്നത് മാത്രമാണ്. 

മതോത്ബോധകർ ഒരിക്കലും അംഗീകരിക്കില്ല എങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു പാഠം ഉണ്ട്. മതം എന്നാൽ വീട്ടിലെ തന്റെ കിടപ്പുമുറി പോലെ നിന്റെ മാത്രം സ്വകാര്യ സ്വത്തായി കാണുക. അവിടെ ഉറങ്ങും ഉണരും അലറും കോട്ടുവാ ഇടും, ലൈംഗികത നടത്തും, നഗ്നനായി നടക്കും. മതത്തെയും ഒരു കിടപ്പുമുറി പോലെ, തികച്ചും നിന്റെ സ്വകാര്യമാണ് തിരിച്ചറിവിൽ അത് മറ്റുള്ളവരുടെ നടുവിൽ തുറന്നിടാനോ അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനോ പോകാതിരിക്കുക. സംസ്കാരമുള്ളവനാണ് നിങ്ങളെങ്കിൽ മറ്റുള്ളവരുടെ മതമെന്ന കിടപ്പുമുറിയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള മൂല്യം ഉണ്ടാക്കിയെടുക്കുക. എന്റെ കാഴ്ചപ്പാടിൽ  മതേതരത്വം എന്നാൽ ഇതാണ് ഇത് മാത്രമാണ്.

Friday 19 November 2021

പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത

ഡിയർ ആദർശ പുരുഷൂസ്.... 

നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും ഇടിച്ചു കലക്കാൻ, ഒരു കൂട്ടം ആദർശ പുരുഷൻമാർക്കൊപ്പം കൂടെക്കൂടിയുട്ടുണ്ടാവും. എങ്കിൽ ഉറപ്പിച്ചോളു, പ്രത്യേകിച്ചും സ്ത്രീപുരുഷ ബന്ധങ്ങളുടെ കാര്യത്തിൽ ഇത്തരം അനാവശ്യ "പുരുഷൂസ് ലോ ഓഫ് സാമൂഹിക പ്രതിബദ്ധത" നിങ്ങളിൽ അനിയിന്ത്രിതമായി ഉണ്ടങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ "കൊതിക്കുറവേശ്വരൻ" എന്ന കപട സദാചാരബോധം പേറുന്ന ചിത്തരോഗി വിഭാഗത്തിൽ പെടുന്നവനാണ് എന്ന്. ഞാൻ പറയുന്നത് സ്വന്തം വീട്ടിലുള്ള ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന അച്ഛൻ, ആങ്ങള, മകൻ വർഗ്ഗത്തിൽ പെടുന്ന പുരുഷ കേസരികളെ കുറിച്ചല്ല. വ്യക്തമായ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ആർജ്ജവത്തോടെ വിഷയങ്ങളിൽ ഇടപെടുന്ന പുരുഷന്മാരെക്കുറിച്ചും അല്ല  മറിച്ച്, തങ്ങൾക്ക് ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വെറുതെ ഏണി വയ്ക്കുന്ന സദാചാര പുരുഷൂസിനെ കുറിച്ചാണ്. 

എന്നെ തെറി വിളിക്കാൻ ഇതിന്റെ ചുവട്ടിൽ പുരുഷ ശ്രീമാൻമാർ അണിനിരന്നേക്കാം, എങ്കിലും ഒരു കാര്യം വ്യക്തമാക്കാതെ വയ്യ. ഏതാണ്ട് ഏറിയ പങ്ക്, പുരുഷനിലും ഒരു വേലിചാട്ടക്കാരൻ ഒളിഞ്ഞിരിപ്പുണ്ട് (സ്വയം വിമർശനമായി എടുത്തോളു, നീ അങ്ങനെയാണ്, അതു കൊണ്ട് തോന്നുന്നതാണ് എന്നാണ് വാദമെങ്കിൽ അതും അംഗീകരിക്കുന്നു). എന്തെങ്കിലും വിവാഹേതര ബന്ധങ്ങൾ സമൂഹമദ്ധ്യത്തിൽ വെളിവാക്കപ്പെടുമ്പോൾ അതിനെ അപലപിച്ച് എഴുതുന്നവരിൽ ഏറിയ പങ്കും, കപടതയുടെ വികൃത മുഖംമൂടി അണിഞ്ഞവർ തന്നെയാണന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ആദർശം പേറുന്നവർ പോലും, അത്തരം സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ പ്രധാനകാരണം അവർ വളർന്ന സംസ്കാരമോ, അവരെ സമൂഹത്തിൽ സ്വയം ഇകഴ്ത്തിക്കാണാൻ ആഗ്രഹമില്ലാത്തത് കൊണ്ടുള്ള മനപ്പൂർവ്വമായ ഒരു പിന്മാറ്റമോ മാത്രമാണ്. അത്തരക്കാർ പോലും, പുറത്ത് വരില്ല എന്ന് ഉറപ്പിച്ച, ചില നിരന്തരം പ്രേരണകളിൽ അടിപതറുന്നതിനും സാക്ഷിയായിട്ടുണ്ട്. വളരെ പവിത്രമെന്ന് കണ്ട ചില ബന്ധങ്ങൾ  പോലും പിൽക്കാലത്ത് ലൈംഗികതയിലേക്ക് വഴുതി വീഴുന്നതിന്റെ ഉദാഹരണങ്ങളും ധാരാളം. ഇതൊരു അടിച്ചാക്ഷേപമായി എടുക്കേണ്ടതില്ല. ജൈവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗം തന്നെയാണ്. മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യനുള്ള ഏക വ്യത്യാസം അവനിലെ  വിവേകം എന്ന മാത്രമാണ്. ചില മനുഷ്യരെയെങ്കിലും മൃഗാവസ്ഥയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഈ വിവേകമാണ്, അല്ലാതെ അവനിലെ സംശുദ്ധതയാണന്ന് അഭിപ്രായമില്ല.

എന്റെ മകളോട് ചോദിച്ചാൽ ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ ഞാനാവും, എന്റെ അമ്മയ്ക്ക് ഏറ്റവും സത്ഗുണ സമ്പന്നനായ മകൻ ഞാനാവും, എന്റെ പെങ്ങൾക്ക് ഏറ്റവും സ്നേഹസമ്പന്നനായ സഹോദരൻ ഞാനാവും, എന്റെ ഭാര്യയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ കുടുംബസ്ഥൻ ഞാനാവും, ചിലപ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾക്ക് ഏറ്റവും വിശ്വസിനീയനായ പുരുഷൻ ഞാനാവും. പക്ഷേ അതിന് അപ്പുറത്തുള്ള ഒരു ലോകത്ത് ഞാൻ എങ്ങനെയെന്നത്, എന്റെ മനസ്സിൻ്റെ നിഗൂഡതകൾകളെ നിയന്ത്രിക്കാൻ എനിക്ക് എത്ര മാത്രം ആർജ്ജവം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളെ നിയന്ത്രിക്കുന്നത് വെറും സാഹചര്യങ്ങൾ മാത്രമാണങ്കിൽ, നിങ്ങൾക്ക് ഒരു കപട സദാചാരവാദി ആകാനേ കഴിയു. മറിച്ച് നിങ്ങളെ നിയന്ത്രിക്കുന്നത് വിവേകമാണങ്കിൽ എല്ലാ വെല്ലുവിളികളേയും സമചിത്തതയാേടെ നേരിടാനും കഴിയും. നിർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിലെങ്കിലും വിവേകമതികൾ തുലോം കുറവാണ്.  സാഹചര്യങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന തുരുത്തിൽ പെട്ടുപോകുന്ന ഒട്ടുമിക്ക മഹാന്മാരുടേയും സദാചാരബോധം വിവേകത്തിൽ നിന്ന് വികാരത്തിലേക്ക് അടിപതറി വീഴുന്നത് കണ്ടിട്ടുണ്ട്. സാഹചര്യം എന്തു കൊണ്ടോ  എത്തിപ്പെടാത്തവർ സ്വയം മഹാനെന്ന് വാഴ്ത്തി സദാചാരവാദി കുപ്പായമണിയുന്നു, പക്ഷേ അത് കൊതിക്കുറവോളജി എന്ന കപട സദാചാരമാണന്ന് മാത്രം. അത്തരക്കാർക്ക് മാത്രമേ, വഴിയിൽ കാണുന്നവനെ തടഞ്ഞു നിർത്തി മുതുകിടിച്ച് പൊളിക്കാൻ കഴിയു.

മനുഷ്യരോളം കപടത പേറുന്ന ഏത് ജീവിയുണ്ട് ഈ ലോകത്ത്.

Friday 29 October 2021

മാദ്ധ്യമരാഷ്ട്രീയം

ഏതു വിഷയത്തെയും തനിക്കാക്കി വെടക്കാക്കുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത നയമാണ്. ഇതേ അവസ്ഥയാണ് ഈ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ കാര്യത്തിലും പറയാനുള്ളത്. ഇവയ്ക്കു രണ്ടിനും ഇടയിലെ സത്യവും മിഥ്യയും ചികഞ്ഞെടുക്കുക എന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യവും അപ്രാപ്യവുമാണ്.  ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയവും, മാദ്ധ്യമവും അവിശുദ്ധ നാണയത്തിൻ്റെ തലയും വാലും ആണന്ന് ഉറപ്പിക്കാം. 

രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ അണികൾ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും ന്യായീകരിക്കാനോ, മൂടിവയ്ക്കാനോ, മറ്റു ചിലപ്പാേൾ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് കാണാം. അണികളുടെ കഥ ഇതാണങ്കിൽ നേതാക്കളുടെ അഴിമതിയോ, കുറ്റകൃത്യമോ അവരുടെ അവകാശമായി തീറെഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. രസകരമായ വിഷയമെന്തെന്നാൽ, ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികൾ ആണങ്കിൽ അത് അക്ഷന്തവ്യമായ കുറ്റമായി വിധിക്കുകയും, കല്ലെറിയുകയും, പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഭരണപക്ഷവും പ്രതിപക്ഷവും കിളിത്തട്ട് കളിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഓരോ അഞ്ചു വർഷം കൂടുമ്പോൾ നായകനും, വില്ലനും കഥാപാത്രങ്ങളെ പരസ്പരം കൈമാറുന്നു എന്നതൊഴിച്ചാൽ, ഒരേ ഗുണവും മണവുമുള്ള വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർത്തപ്പെട്ടത് ഒഴിച്ചാൽ, കുറ്റവും ശിക്ഷയും അതിനിടയ്ക്കുള്ള ഗ്വോ ഗ്വോ വിളികളുടെ ഉറവിടങ്ങളും അതിൻ്റെ അലയൊലികൾ പോലും ഒന്നു തന്നെയാണ്.

മാദ്ധ്യമങ്ങൾ പൂർണമായും കച്ചവട സ്ഥാപനങ്ങളായി അധപ്പതിച്ചിരിക്കുന്നു. പരസ്പര പുറംചൊറിയൽ കുതിരക്കച്ചവടങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ മറുവശം കൈകാര്യം ചെയ്യുന്നത് മാദ്ധ്യമങ്ങൾ ആകുമ്പോൾ കച്ചവടം പൊടിപൊടിക്കും എന്ന് ഉറപ്പല്ലേ. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേണ്ടി വെറും ശൂന്യതയിൽ നിന്ന് രാജ്യരക്ഷയെ തന്നെ അപമാനത്തിലാക്കിയ ചാരക്കേസ് ചമഞ്ഞെടുത്ത മനോരമ പോലെയുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് ഒരു തുള്ളി ചോര പോലും നഷ്ടപ്പെടാതെ ഇന്നും ഈ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നുണ്ടങ്കിൽ അത്  അധമ രാഷ്ട്രീയവും കച്ചവട മാദ്ധ്യമ പ്രവർത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര തീവ്രവും സുദൃഡവും ആണന്ന് മനസ്സിലാക്കണം. കേരള പ്രബുദ്ധതയെ മൂക്കോളം മുക്കി ചാരക്കേസ്  അവിശുദ്ധമായി ചമച്ച് സത്യമെന്ന പേരിൽ അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ന് നമ്മുക്ക് മുന്നിലൂടെ സ്ക്രോൾ ചെയ്യപ്പെടുന്ന എത്ര വാർത്തകളിൽ അത് ആവർത്തിക്കപ്പെടുന്നുണ്ടാവും. 

സത്യം എന്നത് സാധാരണ ജനങ്ങളുടെ തീണ്ടാപ്പാട് അകലെയാണ്. വരേണ്യ രാഷ്ട്രീയമാധ്യമ അവിശുദ്ധ ജന്മികൾ പത്ര ചാനൽ പറമ്പുകളിൽ കുഴികുഴിച്ച് ഇലയിട്ട് വിളമ്പുന്ന വാർത്താ അമേദ്ധ്യങ്ങളെ സത്യത്തിൻ്റെ ഉപ്പിട്ട കഞ്ഞിയായി കണ്ട് മൃഷ്ടാന്നം ഭോജിക്കുക മാത്രമാണ് സാധാരണക്കാരൻ്റെ വിധി. ചോദ്യങ്ങൾ ചോദിക്കാനും, നല്ലവയെ ആവശ്യപ്പെടാനും തുനിഞ്ഞാൽ, കീഴാള ചുട്ടി കുത്താനും, ചലിച്ച നാവു പിഴാനും പ്രാപ്തിയുള്ള രാഷ്ട്രീയ മാദ്ധ്യമ പ്രജാപതികളും, അവരുടെ അന്തം കുഴലൂത്തുകാരും ഉള്ളിടത്ത്, ഭൂരിപക്ഷ സാധാരണ ജനവും, അറിയാതെ ഉയർത്തിയ ചെറു ചൂണ്ടുവിരൽ പോലും മടക്കി അവൻ്റെ കുടുംബ പരാധീനതകളിലേക്ക് വലിയും. അതാണ് ഈ അവിശുദ്ധരുടെ വിജയവും.

ഇപ്പാേൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങളും മുകളിൽ പറഞ്ഞ തരത്തിൽ പെടുന്ന ചില അവിശുദ്ധതയുടെ ഭാഗമാണന്നതിൽ ഒരു തർക്കവുമില്ല. ഈ നാടകത്തിൻ്റെ അവസാനം പരസ്പരം കടിച്ചു കീറിയ ഭരണ പ്രതിപക്ഷ മാധ്യമ നടന്മാർ കർട്ടന് പിന്നിൽ നിന്ന് പരസ്പരം ഹസ്തദാനം പുഞ്ചിരിക്കുന്നുണ്ടാവും, അപ്പോൾ നാം പൊതുജനം ആവേശത്തോടെ  പോളിംഗ് ബൂത്തിലേക്ക് ഓടുന്നുണ്ടാവും, മാദ്ധ്യമത്തിൽ നിറഞ്ഞു നിന്ന നല്ലവനായ സ്ഥാനാർത്ഥിയെയും, അവൻ്റെ മുന്നണിയേയും വിജയിപ്പിക്കാൻ.

Friday 10 September 2021

പൊളിട്രിക്സ്

ജ്യോതിബസു ആള് ശരിയല്ല.... ഇത്രയും പറഞ്ഞാൽ മതി അച്ഛന് കലിയിളകുമായിരുന്നു. മുപ്പത്തിയഞ്ച് വർഷത്തോളം ബംഗാളിൻ്റെ വ്യവസായ നഗരമായ ദുർഗ്ഗാപ്പൂരിലെ സ്റ്റീൽ പ്ലാൻ്റിൽ സേവനമനുഷ്ടിച്ച ശേഷം 1992 ൽ വിരമിക്കുമ്പോൾ വരെയും അതിന് ശേഷം മരണം വരെയും അച്ഛന് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടങ്കിൽ, നേതാവെന്ന് അംഗീകരിച്ചിട്ടുണ്ടങ്കിൽ അത് ജ്യോതി ബസുവിനെ മാത്രമാണ്. അതിനാൽ തന്നെ വേറെ ആരെ തൊട്ടാലും ജ്യോതി ബസുവിനെ തൊട്ടാൽ അക്കളി തീക്കളി ആകും എന്ന് ഉറപ്പാണ്. പാർട്ടികളോട് പ്രതിബദ്ധത കാട്ടിയിരുന്നില്ല എങ്കിലും എൻ്റെ അനുമാനത്തിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എങ്കിലും അച്ഛൻ കമ്യൂണിസ്റ്റുകാരനായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള ആശയപരമായ അടുപ്പത്തേക്കാൾ ബസുവിനോടുള്ള ആരാധനയായിരുന്നു അതിന് പിന്നിൽ എന്ന് നിസംശയം പറയാം. 

അമ്മയാവട്ടെ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ അംഗമായതുകൊണ്ട് വോട്ടു ചെയ്യുമെങ്കിൽ അത് കോൺഗ്രസ്സിന് മാത്രമേ ചെയ്യു എന്ന് വാശിയുള്ള ആളാണ്. വോട്ടു ചെയ്യുക മാത്രമല്ല, ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിക്കും ശേഷം രാഹുലിനോടും പ്രിയങ്കയോടും ഇന്നുള്ളത് മക്കൾ എന്ന പോലത്തെ കടുത്ത സ്നേഹം. അമ്മയുടെ പാതയിൽ തന്നെയാണ് ചേച്ചിയും. 1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിൻ്റെ പിറ്റേന്ന് കടുത്ത വിഷമത്തിലായിരുന്ന അമ്മ ഞങ്ങളെ ഭക്ഷണം പോലും തരാതെ കടുത്ത പ്രതിസന്ധിയിലാക്കി കളഞ്ഞു. 1992 രാജീവ് ഗാന്ധി ശ്രീപെരുംപത്തൂരിൽ കൊല്ലപ്പെട്ട ദിവസം ഞാൻ ഉണർന്നു വന്നത് വലിയ നിലവിളി കേട്ടുകൊണ്ടായിരുന്നു. റേഡിയോയിലെ പ്രഭാതഭേരിയിൽ വന്ന രാജീവ് ഗാന്ധിയുടെ മരണ വാർത്തയെ അമ്മയും ചേച്ചിയും നേരിട്ടത് കുടുംബത്തിലാരോ മരണപ്പെട്ട രീതിയിൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടായിരുന്നു. രണ്ടായിരത്തി അഞ്ചിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ദിനം എവിടെയോ ദൂരെ യാത്ര പോയിരുന്ന  ചേച്ചി തിരിച്ച് വന്നത് ഏതാണ്ട് നാലു മണിയോടെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒരു വോട്ടിൻ്റെ വില അറിയാവുന്ന ബി ജെ പി പ്രവർത്തകർ പാഞ്ഞു വന്ന് ഒരു ഓട്ടോയിൽ കയറ്റി വോട്ടിംഗ് സെൻ്ററിൽ എത്തിച്ചു, വോട്ടിംഗ് കഴിഞ്ഞ് തിരികെ വന്നപ്പോൾ ഞാൻ ചോദിച്ചു "ആർക്കാണ് കുത്തിയത്..?" ഒട്ടും അമാന്തിക്കാതെ ഉത്തരം കിട്ടി "കൈപ്പത്തിക്ക്".

ജേഷ്ടൻ അന്നും ഇന്നും കടുത്ത സംഘപരിവാർ പ്രവർത്തകനാണ്. തൻ്റെ പതിനഞ്ചാം വയസ്സു മുതൽ എ ബി വി പി യും, പിന്നെ ആർ എസ് എസും, അതിന് ശേഷം ബി ജെ പിയും ഒക്കെയായി ഒരുകാലത്ത് പരിവാർ സംഘടനയുടെ അതിശക്തനായ നേതാവും ഇന്ന് അതിൻ്റെ പ്രവർത്തകനുമാണ് ജേഷ്ടൻ. രാഷ്ട്രീയത്തിലെ കടലും കാറ്റും ഇടിയും മിന്നലും എന്താണന്ന് അറിഞ്ഞത് ജേഷ്ടൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ്. രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകൾ ഒരു കുടുംബത്തെ എങ്ങനെ ബാധിക്കും എന്നതിന് ഉദാഹരണവും കൂടിയാണ് എൻ്റെ ജേഷ്ടനിലൂടെ ഞങ്ങൾ അനുഭവിച്ചറിഞ്ഞതും പിന്നീട് വളരെക്കാലം അതിൻ്റെ അലയൊലികളായി നിലനിന്നതും. 

പറഞ്ഞു വന്നത് രാഷ്ട്രീയം അതിൻ്റെ നിശബ്ദത കൊണ്ടും, വൈകാരികത കൊണ്ടും, തീവ്രത കൊണ്ടും, ഓർമ്മ വച്ച നാൾ മുതൽ അനുഭവിച്ചറിഞ്ഞു വരുന്ന എനിക്ക് അതിനോട് തികഞ്ഞ അവജ്ഞ തോന്നുന്നതിൻ്റെ കാരണമാണ്. അത് ഒരു കുടുംബത്തിൻ്റെ ആണിക്കല്ലിളക്കുന്ന മഹാമാരിയാണന്ന തിരിച്ചറിവുള്ള എന്നെ സംബന്ധിച്ച് അതിൻ്റെ പിറകെ കൂടി സ്വാർത്ഥമതികളായ നേതാക്കന്മാരെ വിശ്വസിച്ച് അവർക്ക് ഗോ ഗോ വിളിക്കുന്നവൻ ഓരോരുത്തനും വെറും അടിമകൾ തന്നെയാണ്. രാഷ്ട്രീയം എത്രമാത്രം രൂക്ഷമാണന്നും മനുഷ്യത്വ രഹിതമാണന്നും നേരിട്ട് കണ്ടു വളർന്ന എന്നോട് അതിൻ്റെ മഹിമ വിളമ്പാൻ വരുന്നവരേയും, ഞാൻ എഴുതുന്ന രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ എന്നെ ചില കള്ളികളിലേക്കും, നിറങ്ങളിലേക്കും മുക്കിയിടാൻ ശ്രമിക്കുന്നവരോടും അതിനാൽ തന്നെ വെറും പുച്ഛം മാത്രം. 

രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ മരണം. അതിന് തൊട്ടടുത്ത ആഴ്ച അതേ ദിവസം ഞാൻ പഠിച്ച ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ഒരു ബോളിവുഡ് നടനോടു തോന്നുന്ന ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ അതിന് ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. കരുണാകരൻ്റെ ഭരണ കൗശലതയോടും, ഇ കെ നായനാരുടെ നിഷ്കളങ്ക നർമ്മത്തോടും, വാജ്പേയുടെ സൗമ്യ സാമിപ്യത്തോടും ഇഷ്ടം തോന്നിയിട്ടിണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ എന്നിൽ രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞിട്ടുണ്ടെങ്കിൽ അത് നായനാരും, രാജീവ് ഗാന്ധിയും മരിച്ചപ്പോൾ മാത്രമാണ്. സുഷമാ സ്വരാജ് മരിച്ചപ്പോൾ, ഒരു പ്രവാസി എന്ന നിലയിൽ കടുത്ത നിരാശയും തോന്നിയിരുന്നു.  കരുണാകരനിൽ അഴിമതി ഉണ്ടായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അദ്ദേഹത്തിനും, നായനാർക്കും ശേഷം കേരളത്തിൻ്റെ വികസനലക്ഷ്യത്തിൽ എപ്പോഴും വെള്ളം ചേർത്തിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ ഉറച്ച കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ, ഇന്നിലെ ഏത്  രാഷ്ട്രീയവും, രാഷ്ട്രീയ നേതൃത്വത്തവും, എന്തിനേറെ അടിമ അണികളും വരെ, എന്നെ സംബന്ധിച്ച് ദേശത്തിന് ഉപകാരമില്ലാത്ത സ്വാർത്ഥമതികളായ ആൾക്കൂട്ടങ്ങൾ മാത്രം.

Thursday 19 August 2021

തീവ്രവാദികള്‍ക്ക് പിന്നില്‍

തീവ്രവാദത്തിതിനെ അതിൽ ഭാഗമാകുന്നവരുടെ പേരിനെ മുന്നിൽ നിർത്തി അവർ നിലകൊള്ളുന്ന മതവുമായി ചേർത്തുകെട്ടി അതിസംബോധന ചെയ്യണോ എന്നതാണ് പൊതുധാരയിൽ ഉയരുന്ന ചോദ്യം. ഒരു കുടുംബത്തിലെ ഒരുവൻ പിഴച്ച് പോകുന്നതിന് കുടുംബത്തെ പൊതുവായി മുള്ളിൽ കോർക്കണമോ എന്ന തൊടുന്യായ രോദനവും ചില മതനിഷ്ക്കുകളിൽ നിന്ന് ഉയരുന്നുമുണ്ട്. പ്രത്യക്ഷത്തിൽ വളരെ നിഷ്കളങ്ക ചോദ്യമാണങ്കിലും, ഈ കൂട്ടരാണ് യഥാർത്ഥ കാപാലികർ. വിധ്വംസക പ്രവർത്തനങ്ങൾ, അത് എത്ര വലുതായാലും ചെറുതായാലും അത് നിലനിൽക്കുന്ന സിസ്റ്ററ്റത്തിന് ഒരു വലിയ പങ്കുതന്നെയുണ്ട്. അത് വെറും പേരുകാരാണ്, അതിൽ തങ്ങൾക്ക് എന്ത്, എന്ന് കരുതുന്നതിടത്തോളം മറ്റൊരു പ്രോൽസാഹനം ഒരു വിധ്വംസകന് കിട്ടാനില്ല.

എൻ്റെ എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠപ്പുസ്തകത്തിൽ മൂർഖനെ (Cobra) കുറിച്ച് ഒരു അദ്ധ്യായമുണ്ടായിരുന്നു. അതിലെ ഒരു പ്രധാന ചോദ്യമിതായിരുന്നു "Suppose a Cobra bites a man, what happened?" വിധ്വംസക മൂർഖന്മാരുടെ വിഷത്തെ പാവം ഉരകത്തോട് ചേർത്ത് വയ്ക്കുന്നത് കൊടുംപാപമാണ്. എന്നാലും ഈ ചോദ്യത്തിന് മുകളിൽ പറഞ്ഞ നിഷ്കു വിഭാഗത്തിന് തീർച്ചയായും ഒരുത്തരം ഉണ്ടാവും. കടിയുടെ ആഘാതമോ, അതുമൂലം അപരന്ന് ജീവഹാനി സംഭവിച്ചതോ, കുടുംബത്തിന് അത്താണി നഷ്ടപ്പെട്ടതോ, ഒന്നും അവൻ്റെ ഉത്തരത്തെ സ്വാധീനിക്കാകാനിടയില്ല, മറിച്ച് വെറുമൊരു പാമ്പിനെ നിങ്ങൾ മൂർഖൻ എന്ന് വിളിച്ചില്ലേ എന്നത് മാത്രമായിരിക്കും അവൻ്റെ ആശങ്ക. ആ ആശങ്കയെ മാത്രമായിരിക്കും അവൻ ഉയർത്തി കാട്ടുക. പക്ഷേ പാമ്പിനെക്കുറിച്ച് ബോധമുള്ളവൻ, അവയുടെ കൊടുംവിഷത്തെ കുറിച്ച് അവബോധമുള്ളവർ, അതിൻ്റെ വർഗ്ഗത്തെ ചേർത്ത് തന്നെ സംബോധന ചെയ്യും. കടിച്ചത് അണലിയോ, മൂർഖനൊ, ശംഖുവരയനോ ആണന്ന് തിരിച്ചറിയും വിളിച്ചു പറയുകയും ചെയ്യും. അതു പറയുമ്പോൾ അവൻ്റെ ആശങ്ക മരണപ്പെട്ടവന്, അല്ലങ്കിൽ കടികിട്ടിയവന് നേടിക്കൊടുക്കേണ്ട സഹായ ഹസ്തങ്ങളെ കുറിച്ചായിരിക്കും. ശരിയായ ചികിൽസ കിട്ടേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചായിരിക്കും. കുറച്ചു കൂടി ആത്മാർത്ഥമായി ചിന്തിക്കുന്നവർ, കുടുംബത്തോടും സമൂഹത്തോടും യഥാർത്ഥ സ്നേഹമുള്ളവർ, അത്തരം വിഷ ഉരഗങ്ങളെ തിരഞ്ഞിറങ്ങി തല്ലിക്കൊല്ലും, അല്ലങ്കിൽ വാവ സുരേഷന്മാരെ കണ്ടെത്തി, അവയെ പിടിച്ച് കൊടും വനത്തിൽ തള്ളും. ആഗോള നിഷ്ക്കുക്കൾ അറിയേണ്ട ഒരു വസ്തുതയുണ്ട്. ചുറ്റുമുള്ളവർ വിഷംതീണ്ടി ചത്തുവീഴുമ്പോൾ, അത് എന്നെയല്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ, തീണ്ടിയൊടുങ്ങി വിഷം ചീറ്റാൻ പുതിയ പ്രതലങ്ങൾ ഇല്ലാതാകുമ്പോൾ അവ നിങ്ങൾക്ക് നേരെയാവും തിരിയുക, കാരണം അവയ്ക്ക് വേണ്ടത് ഇരയെ മാത്രമാണ്.
ഒരുവൻ നാടിന് അഭിമാനമോ, അപമാനമാേ ആകുന്ന ഘട്ടത്തിലായിരിക്കും അവനെ സമൂഹം ആഴത്തിൽ ശ്രദ്ധിച്ചു തുടങ്ങുക. ആ ഘട്ടത്തിൽ നമ്മോടൊപ്പം നമ്മുടെ കുടുംബവും സമൂഹത്തിൻ്റെ ചർച്ചാഹേതുവാകും എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അഭിമാനം കുടുംബത്തിലേക്ക് മിഠായി വിതരണം ചെയ്ത് കയറ്റുന്നവർ അപമാനത്തിന് മുന്നിൽ പടിവാതിൽ കൊട്ടിയടച്ച് ഇവൻ ഈ കുടുംബത്തിലെയല്ല എന്ന് ആക്രോശിക്കുന്നതിനെ നിലപാടില്ലായ്മ എന്ന ലേബലിൽ മാത്രമേ കാണാൻ കഴിയു. മറിച്ച് അവമതി ഉണ്ടാക്കിയവനെ കുടുംബത്തിൻ്റെ ചട്ടത്തിനുള്ളിൽ നിർത്തി സാമ ദാന ദേദ ദണ്oനകൾക്ക് വിധേയനാക്കണം. എന്നിട്ടും തിരുത്തലിന് തയ്യാറായില്ലങ്കിൽ "ദേ ഇവനെൻ്റെ കുടുംബാംഗമണ്" എന്ന് തുറന്ന് പറഞ്ഞ് നാടിൻ്റെ നിയമ വ്യവസ്ഥക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കണം. ഇതെല്ലാം തിരുത്തലുകളുടെ ഭാഗമാണ്, തിരുത്തേണ്ടത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ്.
തീവ്രത എന്നതിനെ പലവിധത്തിൽ വിവക്ഷിക്കാം. മതത്തിൻ്റെ പേരിൽ കൊല്ലിലും കൊലയിലും നേരിട്ട് ഇടപെടുന്ന ആദ്യകൂട്ടർ ആണ് നമ്മുക്കു അറിയാവുന്ന തീവ്രവാദികൾ. അവർ ചെയ്യുന്ന ഏത് വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപോൽബലകമായി, ഉൾക്കൊള്ളുന്ന മതത്തിൻ്റെ തത്വസംഹിതയിലോ, ബോധന ഗ്രന്ഥത്തിലോ എഴുതി വയ്ക്കപ്പെട്ടവയിൽ നിന്ന് തങ്ങളുടെ ഇച്ഛക്ക് അനുസരിച്ച് തിരഞ്ഞെടുത്ത ചിലവയെ മുൻനിർത്തിയിട്ടുണ്ടാവും. രണ്ടാമത്തെ കൂട്ടർ വിധ്വംസക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നില്ല എങ്കിലും ഇതേ തത്വസംഹിതകളെ ഉദ്ദരിച്ച് ആദ്യ കൂട്ടർ ചെയ്യുന്നത് മഹത്വരം എന്ന് വാഴ്ത്തുന്നവർ. മൂന്നാമത്തെ കൂട്ടർ ഇതേ തത്വസംഹിതകൾക്ക് വിപരീത അർത്ഥം ചാലിച്ച് മറ്റവർ ചെയ്യുന്നത് തെറ്റാണന്ന് വാദിക്കുന്നവർ. നാലാമത്തെ കൂട്ടർ നിശബ്ദ നിരീക്ഷകരും. പ്രത്യക്ഷത്തിൽ മൂന്നാമത്തേയും നാലാമത്തേയും ആണ് സമൂഹത്തിൽ ഭൂരിഭാഗം എങ്കിലും എൻ്റെ കാഴ്ചപ്പാടിൽ അവരാണ് യഥാർത്ഥ തീവ്രവാദികൾ. ഒരു സമൂഹത്തിന് ചെറിയൊരു ഭാഗം ചെയ്യുന്ന വിധ്വംസകതയെ അത് ഗ്രന്ഥത്തിന് വെളിയിലാണന്ന് അപഗ്രഥിച്ച് പുറം തിരിഞ്ഞ് നിൽക്കുന്നവരും മൗനം പാലിക്കുന്നവരുമാണ് ശരിയായ തീവ്രവാദികൾ. മൗനം പാലിക്കുന്നവരും, ആത്മാർത്ഥമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നവരും നിശബ്ദമായി വളർന്നു വരുന്ന വിധ്വംസകച്ചെടിക്ക് അടിവളമിട്ട് കൊടുക്കുകയാണ്. വളർന്ന് മുറ്റി ഒത്തമരമാകുമ്പോൾ അതിൽ ഊഞ്ഞാലു കെട്ടി ആടാൻ ഇവരാകും മുന്നിൽ ഉണ്ടാവുക.

Wednesday 21 July 2021

ബഹിഷ്കരണം അഥവാ ഓടിതള്ളല്‍


സി പി എം ൻ്റെ ഏഷ്യാനെറ്റ് ബഹിഷ്കരണം ആണ് പോരാളി ഷാജിമാരുടെ ഏറ്റവും പുതിയ ആഘോഷ ട്രോളുകളുടെ ആധാരം. സി പി എം രാഷ്ട്രീയ നേതൃത്വം ജപിക്കുന്ന "നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന ശ്ലാേകത്തിൻ്റെ യഥാർത്ഥ രൂപം "നിങ്ങൾ ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയരുത്" എന്നാണന്ന് പോരാളി ഷാജിമാരെ കൂടി പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, മൂലമന്ത്രത്തിൻ്റെ യഥാർത്ഥ അന്തഃസത്ത തിരിച്ചറിയാത്ത ഷാജിമാർ, ഇത്തരം വിഷയങ്ങളെ ആഘോഷട്രോളുകൾ ആക്കുകയും, യഥാർത്ഥ കാരണം അറിയാവുന്ന നേതൃനിരയ്ക്ക് തലയിൽ മുണ്ടിട്ട് വീണ്ടും ഉൾവലിയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യും. കപടതയുടെ മൂടുപടം വലിച്ചു കീറി സത്യങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോൾ തിരിഞ്ഞോടുക എന്നതിനെ "ബഹിഷ്കരണം" എന്ന ഗ്ലോറിഫൈഡ് വാക്കിലേക്ക് ഒതുക്കി ചുരുക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാകുമെങ്കിലും, അടിമ ഷാജിമാർക്ക് മനസ്സിലാക്കാത്തത് മേൽപ്പറഞ്ഞ തെറ്റിദ്ധാരണ മൂലമാണ്, അവർ നിങ്ങളുടെ അന്തം വിശ്വാസികൾ ആയതുകൊണ്ടാണ്.

ഈ യുഗത്തിലെ രാഷ്ട്രീയം എത്രമാത്രം മലീമസമായോ അതിലേറെ പുഴുക്കുത്തുകൾ വീണതാണ് ഇന്നിൻ്റെ പത്രപ്രവർത്തവും എന്ന് തിരിച്ചറിയാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ. പരിപ്പു വടയും, കട്ടൻ ചായയിൽ നിന്നും ബർഗറും പെപ്സിയിലേക്ക് കയറിയ പാർട്ടിയുടെ യുവ അഭിനവ സോഷ്യലിസ്റ്റ് സിംഹങ്ങൾക്ക് അതറിയില്ല എന്ന് കരുതുക പ്രയാസം. അതുകൊണ്ടു തന്നെ അത്തരം ഒരു വേദിയിൽ നിന്നുള്ള പിന്മാറ്റം തീർച്ചയായും മാറ്റുരപ്പിലെ പരാജയമോ അതുമല്ലങ്കിൽ ന്യായീകരണ ഗിമ്മിക്കുകളുടെ അലഭ്യതയോ ആണന്നത് ഷാജിമാരല്ലാത്ത സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഒരു പ്രയാസമില്ല. നിങ്ങളുടെ ആശയത്തിന് വ്യക്തതയുണ്ടങ്കിൽ, നിങ്ങൾക്ക് വിഷയങ്ങളിൽ പൂർണ അവഗാഹമുണ്ടങ്കിൽ, നിങ്ങൾക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലങ്കിൽ എത്ര കഠിനമായ സാഹചര്യങ്ങളേയും മറികടന്ന് വിജയിക്കാൻ കഴിയും എന്നത് ഉറപ്പല്ലേ. അത്തരം ആത്മവിശ്വാസമില്ലാത്ത എം ബി രാജേഷുന്മാർക്ക്, ചോദ്യങ്ങൾ ചോദിക്കാൻ ആളില്ലാത്ത സ്വന്തം ഓഫീസ് റൂമിൽ സെൽഫി ക്യാമറയുടെ മുന്നിലിരുന്ന് സ്വയം സത്യവാർത്തകൾ ചമയ്ക്കേണ്ട ഗതികേടിലേക്ക് തരംതാഴേണ്ടി വന്നേക്കാം.

തങ്ങളുടെ ആശയസമരത്തിനെന്ന പേരിൽ ചാനൽ ഡസ്ക്കുകളിൽ എത്തുന്ന എല്ലാ പാർട്ടികളിലും പെടുന്ന ഭൂരിപക്ഷം രാഷ്ട്രീയ പോരാളികൾക്കും അവർ ആശയ വ്യക്തതക്കാണോ അതോ യുദ്ധത്തിനാണോ എത്തുന്നത് എന്ന് പോലും അറിയില്ല എന്ന മട്ടിൽ സംശയം ജനിപ്പിക്കുന്ന പ്രകടന ഘോഷങ്ങളാണ് പതിവ്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നത് മാത്രമല്ല പ്രശ്നം, തങ്ങളുടെ സിരാ കേന്ദ്രങ്ങളിൾ കൈക്കൊള്ളുന്ന നിലപാടുകളെ കുറിച്ചോ അഥവാ അൽപ്പം അറിയാമെങ്കിൽ കൂടി വിഷയത്തിൻ്റെ കാലിക പ്രസക്തിയെ കുറിച്ചോ പൂർണമായ ധാരണ പോലും അവർക്കില്ല. ആശയ സംവാദത്തിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാകുമ്പോൾ പരാജയം നിശ്ചയമല്ലേ. അവിടെ പിടിച്ച് നിൽക്കാനാകാതെ എതിരാളികളുടെ വാക് വെടികൾക്ക് മുന്നിൽ ചോര വാർന്ന് മരിച്ച് വീഴുമ്പോൾ, അവയെ വീരചരമം പ്രാപിച്ചു എന്ന മട്ടിൽ ആഘോഷിക്കാനുള്ള അന്തം ഷാജിമാരുടെ അടിമത്വ മാനസികാവസ്ഥ എത്ര ദയനീയമാണ്.

Monday 10 May 2021

പാചക വാതകം കൈകാര്യം ചെയ്യുമ്പോള്‍

കുക്കിംഗ് ഗ്യാസ് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ധാരാളം നമ്മൾ വായിച്ചിട്ടുണ്ട്. എത്രകണ്ട് അവബോധമുണ്ടങ്കിലും, അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു വിഷയമാണ് ഗ്യാസുമായി ഇടപഴകുമ്പോൾ സാധാരണയായി ഉണ്ടാകുന്നത്. കുക്കിംഗ് ഗ്യാസ് എന്നാൽ എന്താണന്നും അതിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയാണന്നും വിശദീകരിക്കാൻ കഴിയുന്ന തരത്തിൽ വിദഗ്ദനല്ലാലാത്തതിനാലും, ഗൂഗിളിൽ പോയി അത് സേർച്ച് ചെയ്ത് ഇവിടെ ഒട്ടിക്കുന്നതിൽ പ്രസക്തി ഇല്ലാത്തതിനാലും അതിന് മുതിരുന്നില്ല. ഗ്യാസിനോടുള്ള നിരുത്തരവാദപരമായ സമീപനം അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും, മരണകാരണമാകും എന്നും നമ്മുക്കുകുള്ള സാധാരണ അറിവിൽ നിന്നാണ് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്. സൗദിയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ, എൻ്റെ വിഷയമല്ല എങ്കിൽ പോലും കുക്കിംഗ് ഗ്യാസ് സുരക്ഷിതമായി ഒരു സ്ഥലത്ത് ഉറപ്പിക്കുന്നതിൽ ഭാഗഭാക്കാകേണ്ടി വന്നതിലെ അനുഭവജ്ഞാനമാണ് ഈ കുറിപ്പിന് ആധാരം.
പ്രാഥമിക അറിവ് എന്ന നിലയിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ പറയാം. മറ്റ് അടുപ്പുകൾ ഉപയോഗിക്കുന്ന പോലെ തന്നെ കുക്കിംഗ് സ്റ്റൗവും ഒരു ചിമ്മിനി സിസ്റ്റത്തിന് ചുവട്ടിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇക്കാലത്ത് ഉപയോഗിക്കുന്ന "ഹുഡ്" സിസ്റ്റത്തിൽ എക്സോസ്റ്റ് ഫാൻ കൂടി ഉള്ളതിനാൽ പുകയും കരിയും വലിച്ചെടുത്ത് കളയും പോലെ തന്നെ ഗ്യാസ് ലീക്കായാൽ അത് വലിച്ച് പുറന്തള്ളാനും സഹായിക്കും. ഹുഡ് ഉപയോഗിക്കാത്തവർ സ്റ്റൗവിനോട് ചേർന്ന് ഒരു എക്സോസ്റ്റ് ഫാൻ തീർച്ചയായും പിടിപ്പിച്ചിരിക്കണം എന്നു മാത്രമല്ല എക്സോസോസ്റ്റായാലും ഹുഡ് ആയാലും ഇരുപത്തിനാലു മണിക്കൂറും ഓണാണന്ന് ഉറപ്പ് വരുത്തണം. രാത്രി കിടക്കുന്നതിന് മുമ്പ് ഗ്യാസ് സ്റ്റൗവും സിലിണ്ടറും വച്ചിരിക്കുന്ന ഭാഗങ്ങളും വീട്ടിലെ മറ്റു മുറികളുമായുള്ള എല്ലാ വാതിലുകളും ജനലുകളും മുറുക്കി അടക്കാൻ മറക്കരുത്. കിച്ചൻ ക്യാബിനറ്റിനുള്ളിലാണ് ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതെങ്കിൽ രാത്രി അതിൻ്റെ ഡോർ തുറന്നിടാനും മറക്കാതിരിക്കുക. ഗ്യാസ് സിലിണ്ടറിൽ ലിക്വിഡ് രൂപത്തിലാണ് അത് നിറച്ചിരിക്കുന്നത് എന്നതിനാൽ കിടത്തി ഇടാതെ നിവൃത്തി വച്ച് വേണം സിലിണ്ടർ ഉപയോഗിക്കാൻ. സിലിണ്ടറിൻ്റെ വാഷർ, റെഗുലേറ്റർ, അതിലേക്ക് വരുന്ന ഹോസ് എന്നിവയുടെ കാലപ്പഴക്കം ഇവയൊക്കെ അപകടത്തിന് കാരണമാകുമെന്നതിനാൽ സമയാസമയങ്ങളിൽ അവയൊക്കെ പുതുക്കാൻ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

മേൽപ്പറഞ്ഞവ കേരളത്തിൻ്റെ തനത് സാഹചര്യങ്ങളിൽ കുക്കിംഗ് ഗ്യാസ് ഉപയോഗിക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്. അത് സാധാരണ എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ എൻ്റെ പ്രവർത്തനമേഖലയായ സൗദി പോലെയുള്ള രാജ്യങ്ങളിൽ ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തുലോം കുറവാണ്. കാരണം ഗ്യാസ് കൈകാര്യം ചെയ്യുമ്പാേൾ അവർ എടുക്കുന്ന മുൻകരുതലുകൾ തന്നെ. ഇവിടെ വീടിനു വെളിയിൽ ഒരു പ്രത്യേക ചേമ്പറിൽ ആണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. വീട് നിർമ്മിതിയോടൊപ്പം തന്നെ അതിനുള്ള പ്രത്യേക സ്ഥലവും കൂടി നിർമ്മിച്ചിരിക്കും. ഗ്യാസ് എപ്പാേഴും വീടിന് വെളിയിൽ സുരക്ഷിതമായി വച്ച് അകത്തേക്ക് എടുക്കുക തന്നെയാണ് അപകടം കുറയ്ക്കാനുള്ള പ്രധാന മാർഗ്ഗം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് വയ്ക്കാതിരിക്കുക. ഞാൻ നാട്ടിലേക്ക് വേണ്ടി ഡിസൈൻ ചെയ്ത രണ്ടു വീടുകൾക്ക് അപ്രകാരം ഒരു സ്പേസ് ഉണ്ടാക്കിക്കൊടുത്തിരുന്നു. വെളിയിൽ നിന്ന് ഒരാൾക്ക് വന്ന് കുറ്റി മോഷിടിക്കാനോ മനപ്പൂർവ്വമായി തുറന്നു വിടാനോ കഴിയാത്ത രീതിയിൽ സ്ഥലം കണ്ടെത്തണം. ഗ്യാസ് സിലിണ്ടറുകൾ ഇപ്രകാരം കാറ്റും വെളിച്ചവും കയറുന്ന ഒരിടത്തേക്ക് മാറ്റിയാൽ തന്നെ അപകടത്തിൻ്റെ 90% ഒഴിവാക്കാം. ട്യൂബിലും ഗ്യാസ് സ്റ്റൗവിലും മാത്രം പിന്നിട് ശ്രദ്ധിച്ചാൽ മതിയാകും.

സ്റ്റൗ വയ്ക്കാൻ ഉദ്ദേശിക്കുന്നതിന് എത്ര അകലത്തിൽ ഗ്യാസ് ചേമ്പർ നിർമ്മിച്ചാലും കുഴപ്പമില്ല. സിലിണ്ടറിൽ നിന്നും സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന കോപ്പർ പൈപ്പ് പരമാവധി ഭൂമിക്കടിയിൽ കൂടി കൊണ്ടു വരാൻ ശ്രമിക്കുക. രണ്ട് ഇഞ്ച് വലിപ്പമുള്ള ഷെഡ്യൂൾ 40 പിവിസി പൈപ്പുകൾ നന്നായി കണക്ട് ചെയ്ത ശേഷം അതിനുള്ളിൽ കൂടി കോപ്പർ പൈപ്പ് കണക്ഷൻ കൊണ്ടു വരുന്നതും നല്ലതാണ്. ചേമ്പർ നിർമ്മിച്ച ശേഷം ഇവിടെ ആർക്കും കൈ കടത്താൻ കഴിയാത്ത രീതിയിൽ ഇഴകൾ അടുപ്പിച്ച് ഇരുമ്പിൻ്റെ നല്ല ഒരു ഗ്രിൽ ഇടുക. അത് താഴും താക്കോലുമല്ലാതെ സാധാരണ ഡോറുകൾക്ക് വയ്ക്കുന്ന ലോക്ക് സിസ്റ്റം ഉപയോഗിച്ച് പൂട്ടി വയ്ക്കുക.

ഗ്യാസ് സിലിണ്ടർ തുടങ്ങുന്ന ഭാഗം മുതൽ ഗ്യാസ് സ്റ്റൗ ഇരിക്കുന്ന ഭാഗം വരെയാണ് കോപ്പർ പ്പൈപ്പ് ഉപയോഗിച്ച് ലൈൻ വലിക്കുക. അതിനായി കോപ്പർ വെൽഡിംഗ് അറിയാവുന്ന ഒരു വിദഗ്ദനെ തന്നെ കണ്ടത്തണം. രണ്ടറ്റത്തും റഡ്യൂർ ഉപയോഗിച്ച് കോപ്പർ പൈപ്പുകളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ആംഗിൾ വാൽവുകൾ ഫിറ്റ് ചെയ്യുക. ശേഷം വാൽവ് മുതൽ സിലിണ്ടർ വരെയും, മറുഭാഗത്തുള്ള വാൽവിൽ നിന്നും സ്റ്റൗ വരെയും മാത്രം ഫ്ലക്സിബിൾ ഹോസ് ഉപയോഗിക്കുക. ഇപ്രകാരം ചെയ്താൽ സ്റ്റൗ ഭാഗത്തുള്ള ടാപ്പ് ക്ലാേസ് ചെയ്താൽ സുരക്ഷിതമായിരിക്കും.

കുക്കിംഗ് ഗ്യാസ് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കുന്ന ഈ രീതിയിൽ ഒന്നിലധികം സിലണ്ടറുകൾ ഒരേ സമയത്ത് ഉപയോഗിക്കാനും സാധിക്കും. ഈ സുരക്ഷിത രീതിക്ക് വലിയ ചിലവൊന്നും വരില്ല. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.

Sunday 2 May 2021

ഞാനും അല്‍പ്പം ചരിത്രം എഴുതട്ടെ.

ചരിത്രം എന്നും അതിൻ്റെ പിൻതലമുറയുടെ സാമൂഹികവും, സാംസ്കാരിക പരവുമായ നിലനിൽപ്പിനാധാരമായി വളച്ചൊടിക്കപ്പെടാൻ വിധിക്കപ്പെട്ട കെട്ടുകഥകളുടെ കൂമ്പാരമാണ്. അതിൽ പലപ്പോഴും ഭീരുക്കൾ മഹത്വവൽക്കരിക്കപ്പെടുകയും ധീരന്മാർ ചവറ്റുകുട്ടകളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെടാറുണ്ട്. കൊടും കൊലയാളികളും മോഷ്ടാക്കളും ജനനന്മയുടെ അപ്പലോപ്സന്മാരായും, നാട്ടുനന്മയുടെ പ്രതീകങ്ങൾ പിൽക്കാലത്ത് സ്ത്രീ/ദളിത് പീഡകരായും മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ലോകചരിത്രം മുതൽ നാട്ടുചരിത്രം വരെ അപ്രകാരം പൊന്നെഴുത്തുകളിലൂടെ തിരുത്തിയെഴുതിപ്പെട്ട എത്രയോ ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അയാദ്ധ്യയിലെ രാമക്ഷേത്രത്തിൽ തുടങ്ങി ടിപ്പു സുൽത്താൻ വരെയും, മുലഛേദ നായിക നങ്ങേലി മുതൽ മാപ്പിള ലഹളയുടെ വിവാദ നായകനായ വാരിയം കുന്നൻ വരെയും പിൽക്കാല തൂലിക തുമ്പുകളുടെ പ്രീണന/പീഡന തിരുത്തലുകൾക്ക് പലവുരു വിധേയമായിട്ടുണ്ട്.

ഇതിന് ഉപോത്ബലകമായി എൻ്റെ ഒരനുഭവം ഇവിടെ കുറിക്കാനാഗ്രഹിക്കുകയാണ്. നാട്ടിൽ നിന്നുള്ള വെക്കേഷൻ പിറ്റേന്ന് ഒരു സൈറ്റ് വിസിറ്റിനായി ഞാൻ തിടുക്കപ്പെട്ട് പോയതാണ്. ഇസ്തിരിയിട്ട ഷർട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തലേന്ന് നാട്ടിൽ നിന്നും കൊണ്ടുവന്ന ഷർട്ട് തന്നെയിട്ട് വേഗം സെറ്റിലെത്തി. പ്രധാന സബ്കോൺട്രാക്ടർ ചെറുപ്പക്കാരനായ പാക്കിസ്ഥാനി ആയിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിനിടയിൽ വളരെ യാദൃശ്ചികമായി പോക്കറ്റിൽ തിരഞ്ഞപ്പോളാണ് തലേന്ന് നാട്ടിൽ നിന്ന് വന്നപ്പോൾ സൂക്ഷിച്ച 500 രൂപയുടെ നോട്ട് കയ്യിൽ തടഞ്ഞത്. ഞാൻ പുറത്തെടുത്ത ഉടൻ ഇന്ത്യൻ നോട്ട് കണ്ടതിൻ്റെ കൗതുകത്തിൽ പാക്കിസ്ഥാനി അത് കയ്യിൽ വാങ്ങി. അതിലെ ഗാന്ധിയുടെ ചിത്രത്തിലേക്ക് ചൂണ്ടി എന്നോട് ചോദിച്ചു "ആരാണ് ഈ വൃദ്ധൻ". നമ്മൾ ഇന്ത്യക്കാർ എന്നും സോ കോൾഡ് രാജ്യസ്നേഹികൾ ആണല്ലോ. എന്നെ കളിയാക്കുകയാണന്ന് കരുതി ഞാൻ വളരെ ക്രോധത്തോടെ പറഞ്ഞു "നിനക്കും എനിക്കും ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മനുഷ്യൻ". കേട്ടതേ അവൻ പൊട്ടിച്ചിരിച്ചു. "പാക്കിസ്ഥാന് സ്വാതന്ത്ര്യം നേടിത്തന്നത് ഈ വൃദ്ധനാണന്നോ, നല്ല തമാശയായി" എൻ്റെ ദേഷ്യം കൂടിയതേയുള്ളു. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൻ പൊട്ടിച്ചിരിക്കുകയായിരുന്നു.

അവൻ്റെ ചിരിക്കൊടുവിലാണ് ആ ചരിത്ര സത്യം ഞാനറിഞ്ഞത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾക്ക് ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത് മുഹമ്മദാലി ജിന്ന ആണന്ന ആ പരമസത്യം. അതായത് പാക്കിസ്ഥാൻ ചരിത്രത്താളുകളിൽ നമ്മുടെ രാഷ്ട്ര പിതാവിനുള്ള സ്ഥാനം. ഇന്ത്യയിൽ എഴുതപ്പെട്ട സ്വാതന്ത്ര്യ ചരിത്രത്തിൽ മുഹമ്മദലി ജിന്നക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ, അതിൻ്റെ നാലിലൊന്നു പോലും പ്രാധാന്യമില്ലാത്ത സാധാരണ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണന്നർത്ഥം. അവനുള്ളിൽ ലിഖിതമായ ചരിത്ര സത്യത്തിന് മുകളിൽ നിന്ന് നമ്മുടെ ചരിത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലുള്ള ഊർജ്ജ നഷ്ടം തിരിച്ചറിഞ്ഞ ഞാൻ അവൻ്റെ പരിഹാസ പൊട്ടിച്ചിരിക്കിടയിലും നോട്ട് തിരിച്ച് വാങ്ങി രാഷ്ട്രപിതാവിനെ ആരാധനയോടും അഭിമാനത്തോടും നോക്കി ഭാരത് മാതാ കീ ജയ് മനസ്സിൽ വിളിച്ച് പിൻവാങ്ങി.

ഇത് പാക്കിസ്ഥാൻ ചരിത്രമാണങ്കിൽ ഇന്ത്യ കുറിച്ച് വച്ച ചരിത്രം ഉത്തുംഗമാണന്ന ധാരണയും ശരിയാണന്ന അഭിപ്രായം എനിക്കില്ല. അത് അധികാര കോൺഗ്രസ് കുറിച്ചു വച്ച ചരിത്രമാണ്. സ്വാതന്ത്ര്യ ശേഷം ഒരുവേള സംഘപരിവാർ സംഘടനകളോ അല്ലങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയോ ആയിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിൽ ഒരു പക്ഷേ സവർക്കറോ, അതുമല്ലങ്കിൽ AKGയോ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഗാന്ധിജിക്ക് മേൽ വെള്ളിക്കൊടി വീശി പരിലസിക്കുമായിരുന്നു. ഗാന്ധിജിയുടെ ഘാതകനെ ഇന്ന് നിഗൂഡതയിൽ പൂജിക്കുന്നതിന് പകരം അതിനെ ചരിത്രത്തിൻ്റെ താളിൽ എഴുതിച്ചേർത്ത് ഒക്ടോബർ രണ്ട് പോലെ ഒരു ആഘോഷ ദിനമായി മാറ്റിയെടുത്തേനേം.

പറഞ്ഞു വരുന്നത് ചരിത്രം എന്നാൽ എന്നോ ജീവിച്ചിരുന്ന ഒരുവൻ്റെ അല്ലങ്കിൽ ഒരു ഭൂപ്രകൃതിയുടെ മേൽ പിൽക്കാല എഴുത്തുകാരൻ്റെ ചേർച്ചയില്ലാ ഭാവനാ നിറക്കൂട്ടുകളും കൂടിയാണ്. പിൻതലമുറയുടെ ആഖ്യാന മികവിൻ്റെ ബാക്കിപത്രങ്ങൾ മാത്രം. ഒരു നോവൽ എഴുതുന്ന ലാഘവത്തോടെ എഴുത്തുകാരൻ്റെ പേനാ തുമ്പിലെ വെറും മഷിത്തെളിച്ചങ്ങൾ. അവിടെ ചതിയൻ ചന്തു മഹത്വവൽക്കരിക്കപ്പെട്ടേക്കാം. ഉണ്ണിയാർച്ച വേശ്യയായേക്കാം. പഴശ്ശിരാജ ഒരു മുഴം കയറിൽ ജീവനൊടുക്കിയേക്കാം. നാളത്തെ ചരിത്രകാരന്മാർ മോഡിക്കും, പിണറായിക്കും പ്രതിഷ്ഠകൾ പണിതേക്കാം. നന്നായി വറുത്ത കടലയും കൊറിച്ച്, ഒരു കടുപ്പൻ കട്ടൻ കാപ്പിയും കുടിച്ച്, വായിച്ച് തീരുമ്പോൾ നീട്ടിയൊരു കോട്ടുവായും വിട്ട് തിരിഞ്ഞ് കിടന്നുറങ്ങുന്ന ലാഘവത്വം വേണം നമ്മുടെ ചരിത്ര വായനക്ക്. ഇനി ചരിത്ര സിനിമയാണ് മാധ്യമമെങ്കിൽ, പൊരിയും തിന്ന്, എല്ലാം കണ്ട് നീട്ടിക്കൂവി ഇൻ്റർവെല്ലിനിടയിൽ ടൊയിലറ്റിലെ ചോക്കിൻ വര നഗ്നതയിലേക്ക് നീട്ടിമുള്ളി, ഇറങ്ങുമ്പോൾ ഒക്കുമെങ്കിൽ തൊട്ടടുത്ത ബാറിൽ കയറി ഒരു നിപ്പനടിച്ച് അഭ്രപാളിയിൽ കണ്ട ചരിത്രത്തോട് സമരസപ്പെടണം.

ചരിത്രമായാലും സമകാലികമായാലും അതിനെ കച്ചവടവൽക്കരിക്കുന്നവർക്ക് അധികാരമാണ്, പണമാണ്, പ്രശസ്തിയാണ് ലക്ഷ്യം. അതിലേക്ക് വീഴുന്ന ഈയാംപാറ്റകൾ അവർ ആഗ്രഹിക്കുന്ന അഗ്നിയുടെ ജ്വാല കൂട്ടുകയേ ഉള്ളു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും അവരുടെ തന്ത്രത്തിലേക്ക് ചാഞ്ഞു കിടക്കുന്ന, ആർക്കും ഓടിക്കയറാവുന്ന പുഴക്കരയിലെ വെറും മണ്ടപോയ തെങ്ങുകൾ മാത്രമാണ്. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം. വാരിയൻ കുന്നൻ വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങിയാലും പ്രിഷ്ടത്തിൽ വാങ്ങിയാലും അത് എഴുതുന്നവനും അഭിനയിക്കുന്നവനും ബാങ്ക് ബാലൻസ് കൂട്ടി കൊണ്ടിരിക്കും. പണത്തിനും അധികാരത്തിനും പ്രശസ്തിക്കും, മതവും രാഷ്ട്രീയവും ഒന്നുമില്ലടോ മാഷേ....

Tuesday 20 April 2021

വിഷപാനം.

അറുന്നൂറ്റിയൻപതിന് അടുത്ത് വീടുകൾ മാത്രമുള്ള ഞങ്ങളുടെ കൊച്ചു നീർവിളാകത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇരുപത്തിയഞ്ചോളം ചെറുപ്പക്കാർ കരൾ ദ്രവിച്ച് മരണമടഞ്ഞു. എല്ലാം നല്ല എണ്ണം പറഞ്ഞ കുടിയന്മാർ. എന്നാൽ ചാരായം നിരോധിക്കുന്നതിന് മുമ്പ് സർക്കാർ കൊടുത്തിരുന്ന പട്ടച്ചാരായം അടിച്ചും, അതിന് ശേഷം സ്വന്തമായി വാറ്റി അടിക്കുന്നതുമായ മുൻ തലമുറ അവിടെ കുടിച്ച് അറുന്മാദിച്ച് നടന്നിരുന്നു. ഒരു ആരോഗ്യ പ്രശ്നങ്ങളുമില്ലാതെ.

അപ്പോൾ പ്രശ്നം കുടി മാത്രമല്ല. കുടിക്കുന്ന മദ്യത്തിൻ്റെ ഗുണനിലവാരം കൂടിയാണ്. അൻപത് രൂപയ്ക്ക് ഉൽപ്പാദിപ്പിക്കുന്ന മാട്ട സാധനം സ്കോച്ച് വിസ്കിയുടെ വില കൊടുത്ത് വാങ്ങി അമൃത് പോലെ സേവിക്കുന്ന വിദ്വാന്മാർ അറിയുന്നില്ല ഇതിൽ ചേർത്തിരിക്കുന്നത് മാരക വിഷമാണന്ന്. അഥവാ അറിയാവുന്ന വിദ്യാസമ്പന്നർ അതിൻ്റെ കറതീർന്ന അടിമകളായതിനാൽ മോചനത്തിന് സ്കോപ്പ് ഇല്ല താനും. ഒരു തലമുറയുടെ ചിന്താശേഷിയേയും, കായിക ശേഷിയേയും നശിപ്പിക്കാൻ സർക്കാരുകൾ തന്നെ മുൻകൈച്ചെടുക്കുമ്പോൾ അത് മനസ്സിലാക്കാതെ ജീവിതം ഹോമിക്കുന്ന വിഡ്ഢികൾ, കുടിയന്മാർ....