. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 9 December 2021

മത ഇതരത്വം

ആദ്യാക്ഷരം കുറിച്ചത് നാരായണാനാശാൻ്റെ കളരിയിൽ ആയിരുന്നു. "ഓം ഹരീശ്രീ ഗണപതയേ നമഃ". അയ്യപ്പ ഉപാസകനും, ഋഷി തുല്യനുമായ ആശാൻ ദിനേന അക്ഷരം പഠിപ്പിക്കുന്നതിന് മുമ്പ് ചൊല്ലുന്ന ഈ മന്ത്രം എല്ലാ മതസ്ഥരായ കുട്ടികളും ഏറ്റു ചൊല്ലിയിരുന്നു. ചൊല്ലിക്കൊടുക്കുന്ന ആശാനാേ, കൂടെയിരിക്കുന്ന ഞങ്ങൾ കുട്ടികളോ, ഞങ്ങളുടെ വ്യത്യസ്ഥ മതസ്ഥരായ മാതാപിതാക്കളോ അതൊരു വർഗ്ലീയ മന്ത്രമായി കരുതിയിരുന്നില്ല. തുടർന്ന് പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിലാണ്. അതിൽ ആറ് വർഷം പള്ളിയുടെ മുറ്റത്തുള്ള സ്കൂളിൽ. ദിവസവും അരമണിക്കൂർ പ്രാർത്ഥനകൾക്കായി നീക്കിവച്ചിരിക്കുന്ന സ്കൂളിൽ, പക്ഷേ ആരും മതത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. തുടർന്ന് പഠിച്ച നാലു വർഷവും പള്ളിയോട് ചേർന്നിരിക്കുന്ന സ്കൂളിൽ തന്നെയാണ് പഠനം തുടർന്നത്. ഈ പത്ത് വർഷ കാലയളവിൽ ഒരാളും നിർബന്ധിക്കാതെ  ബൈബിൾ വായിച്ചിരുന്നു, കുർബാന കൊണ്ടിരുന്നു, സങ്കീർത്തനങ്ങൾ പഠിച്ചിരുന്നു, ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടി സ്തുതിച്ചിരുന്നു . വീട്ടിൽ വന്നിരുന്ന് ക്രിസ്തീയ പ്രാർത്ഥനാ ഗാനങ്ങൾ ഉറക്കെ പാടുമായിരുന്നു. എന്റെ അമ്മയോ അച്ഛനോ വീട്ടിലെ മറ്റ് മുതിർന്നവരോ അത് പാടരുത് ക്രിസ്ത്യാനിയുടേത് എന്ന് പറഞ്ഞിരുന്നില്ല. എൻ്റെ മതം ഹിന്ദു എന്ന് പറഞ്ഞ് മാതാപിതാക്കൾ ഊറ്റം കൊണ്ടിരുന്നില്ല, നീ ഹിന്ദു എന്ന് പറഞ്ഞ് എൻ്റെ വിദ്യാലയത്തിലെ ഒരാളും എന്നെ ഇകഴ്ത്തി പ്രാർത്ഥനയിലോ, കുർബാനയിലോ നിന്ന് മാറ്റി നിർത്തിയിരുന്നില്ല. അതു കൊണ്ട് ഞാൻ ഏത് വിഭാഗമാണന്ന് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. അതേ സമയം തന്നെ, സന്ധ്യാനാമം ചൊല്ലുകയും, ദിവസവും കുളിച്ച് തൊഴുത് നിർമ്മാല്യം തൊഴുകയും, വ്രതാനുഷ്ടാനങ്ങൾ പാലിക്കുകയും ചെയ്തിരുന്ന തികഞ്ഞ ഭക്തനും ആയിരുന്നു ഞാൻ. മുസ്ലിം വിഭാഗവുമായി ബന്ധമുണ്ടായി തുടങ്ങിയത് പ്രീഡിഗ്രി കാലങ്ങളിൽ ആണ്, പിന്നീട് ജീവിതത്തിലെ പൊഴിഞ്ഞു പോയ നാൽപ്പത്തിയേഴ് വർഷങ്ങളുടെ ആകെ കണക്കെടുത്താൽ ഏറ്റവും അധികം ആഴത്തിൽ ഇടപഴകിയത് മുസ്ലീം വിഭാഗങ്ങൾക്കൊപ്പമായിരിക്കും. അതു കൊണ്ടാവാം ഏതൊരു ആരാധനാലയത്തിന് മുമ്പിൽ കൂടി കടന്നു  പോയാലും 'ദൈവമേ' എന്ന് നെഞ്ചിൽ ഒന്നു കൈവച്ച് വിളിക്കാൻ എനിക്ക് കഴിയുന്നത്. ഒരു ക്ഷേത്രത്തിൽ അർച്ചന കഴിക്കുന്ന അതേ ഭക്തിയോടെയും നിർവൃതിയോടെയും ഒരു ക്രിസ്ത്യൻ ദേവാലയത്തിൽ മെഴുകുതിരി കത്തിക്കാൻ എനിക്ക് കഴിയുന്നതും, മണ്ഡല വ്രതം നോൽക്കുന്ന അതേ ആത്മസംതൃപ്തിയോടെ റംസാൻ വ്രതം അനുഷ്ടിക്കാൻ കഴിയുന്നതും. എൻ്റെ ചില സുഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് "നിങ്ങൾക്ക് മതമില്ല, ദൈവമുണ്ട് എന്ന് പറയുന്നത് പൊള്ളത്തരമല്ലേ" എന്ന്. മതമില്ലാതെ ദൈവം എങ്ങനെയുണ്ടായി എന്നതിന് അവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ലേഖനം.

പലരും വിശ്വസിക്കുന്നത് പോലെ മതേതരം എന്നാൽ സ്വന്തം വിശ്വാസത്തെ പുറങ്കാലുകൊണ്ട് തട്ടിയിട്ട് മറ്റ് വിശ്വാസങ്ങൾക്ക് നേരെ മാത്രം  കൈയ്യടിക്കുന്ന ഒന്നല്ല. മതേതരം എന്നാൽ സ്വന്തം മതം മഹത്തരവും ബാക്കിയെല്ലാം മ്ലേച്ഛം എന്ന കാഴ്ചപ്പാടും ആവരുത്. മതേതരം എന്നാൽ മുസ്ലീം കുങ്കുമം ഇടുന്നതും, ഹിന്ദു ഹിജാബ് ധരിക്കുന്നതും, ക്രിസ്ത്യൻ നിവേദ്യം പരസ്യമായി കഴിച്ചു കാണിക്കുന്നതും ആവരുത്. മതേതരം എന്നാൽ ദൈവവിശ്വാസികളെ ഒന്നായി തെറിപറഞ്ഞ് യുക്തിവാദം പ്രചരിപ്പിക്കുന്നതും ആവരുത്. മതേതരം എന്നാൽ ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രീണനമോ പീഡനമോ ആവരുത്. മതേതരം എന്നാൽ എല്ലാത്തിനേയും സഹിഷ്ണതയോടെയും, സമഭാവനയോടെയും സാഹോദര്യത്തോടെയും ഉൾക്കൊള്ളാനും, ഒരു മതവിശ്വാസി എന്ന നിലയിൽ തനിക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും മറ്റൊരു മതവിശ്വാസിക്കും ഉണ്ടാവണം എന്നും, അത്തരം അവകാശ നിഷേധം ഉണ്ടാകുന്നിടത്ത്  ഉറച്ച് നിന്ന് ചോദ്യം ഉയർത്തുന്നതുമാണ്. മതേതരം എന്നാൽ തികച്ചും ജനാധിപത്യപരമായ ഒരു ഉൾക്കാഴ്ചയിൽ ഉറവ കൊണ്ടതാവണം. മതേതരം എന്നാൽ സ്വന്തം മതയുക്തികളിൽ ഒതുങ്ങി നിൽക്കുമ്പോഴും  മറ്റുള്ള മതങ്ങൾക്ക് കൊടുക്കുന്ന ബഹുമാനമാവണം. 

ഇന്ന് സമൂഹത്തിൻ്റെ മുഖ്യധാരയിൽ മതം ഒരു പ്രധാന വിഷയമാണ്. രാഷ്ട്രീയം അതിൻ്റെ വളർച്ചയ്ക്ക് മതം ഒരു പ്രധാന ആയുധമാക്കുന്നു. അവർ പ്രീണനവും പീഡനവും തരാതരത്തിൽ വേണ്ടിടത്ത് ഉപയോഗിക്കുകയും, മതേതര മനസ്കരെ പോലും വഴിതിരിച്ചു വിടാൻ ഉതകുന്ന തരത്തിൽ ശക്തമായ വിഷയങ്ങൾ സൃഷ്ടിക്കുകയും, അതിൻ്റെ കനലുകൾ അടങ്ങാതെ സൂക്ഷിക്കുകയും ചെയ്യുന്നു. മതമൗലിക വാദികൾ ഇത്തരം അവസരങ്ങൾ മുതലെടുത്ത് കലക്കവെള്ളത്തിലെ മീൻ പിടുത്തം നിർബാധം തുടരുന്നു. സമൂഹമദ്ധ്യത്തിൽ ഒൻപത് വയസ്സുള്ള കുട്ടി തൊപ്പി വയ്ക്കുന്നതും, ഭരതനാട്യം കളിക്കുന്ന കുട്ടിയുടെ കഴുത്തിൽ കൊന്ത കാണുന്നതും,   ഹർത്താലിനിടയിൽ കുങ്കുമം നെറുകയിൽ ചാർത്തിയ യുവതിയെ കാണുന്നതും അസ്വസ്ഥതയുണ്ടാക്കുന്നു, ചിലപ്പാേൾ ആക്രമിക്കപ്പെടുന്നു. വാഴ്ത്തുന്നതിനും വീഴ്ത്തുന്നതിനും മതം. കുറ്റവാളികൾക്ക് പോലും അവരുടെ പേരും വാലും നോക്കി ന്യായീകരിക്കാനും, അന്യായീകരിക്കാനും മതമൊരു ആയുധമാക്കുന്നു. അദ്ധ്യാപകരോ, മാതാപിതാക്കളോ, എന്തിനേറെ പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തിന് തന്നെയോ അവരുടെ മതേതര മനസ്സ് നഷ്ടമായിരിക്കുന്നു, പുതിയ തലമുറയെ പോലും പഠിപ്പിച്ച് വളർത്തുന്നത് മതവും മത ചിന്തകളും കുത്തി വച്ചാണ്. ദൈവത്തിന് അവിടെ സ്ഥാനമില്ലാതായിരിക്കുന്നു, പകരം ദൈവിക ചിന്തകളെക്കാൾ പല മത സ്ഥാപനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നത് അന്യമതസ്ഥരെ എങ്ങനെ പീഡിപ്പിക്കാം എന്നത് മാത്രമാണ്. 

മതോത്ബോധകർ ഒരിക്കലും അംഗീകരിക്കില്ല എങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു പാഠം ഉണ്ട്. മതം എന്നാൽ വീട്ടിലെ തന്റെ കിടപ്പുമുറി പോലെ നിന്റെ മാത്രം സ്വകാര്യ സ്വത്തായി കാണുക. അവിടെ ഉറങ്ങും ഉണരും അലറും കോട്ടുവാ ഇടും, ലൈംഗികത നടത്തും, നഗ്നനായി നടക്കും. മതത്തെയും ഒരു കിടപ്പുമുറി പോലെ, തികച്ചും നിന്റെ സ്വകാര്യമാണ് തിരിച്ചറിവിൽ അത് മറ്റുള്ളവരുടെ നടുവിൽ തുറന്നിടാനോ അതിലെ കാര്യങ്ങൾ ചർച്ച ചെയ്യാനോ പോകാതിരിക്കുക. സംസ്കാരമുള്ളവനാണ് നിങ്ങളെങ്കിൽ മറ്റുള്ളവരുടെ മതമെന്ന കിടപ്പുമുറിയിലേക്ക് എത്തി നോക്കാതിരിക്കാനുള്ള മൂല്യം ഉണ്ടാക്കിയെടുക്കുക. എന്റെ കാഴ്ചപ്പാടിൽ  മതേതരത്വം എന്നാൽ ഇതാണ് ഇത് മാത്രമാണ്.