. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 31 March 2020

പ്രിയപ്പെട്ട രാഹുല്‍

കോവിഡ് അഥവാ കൊറോണയുടെ ആക്രമണം എത്ര ഭീകരമാണന്നും, ഒരു ജനതയെ ഏതൊക്കെ തരത്തിൽ അത് ബുദ്ധിമുട്ടിക്കും എന്നും തിരിച്ചറിഞ്ഞ ദിവസമാണ് ഇന്ന്. അതിനാൽ ഇതുവരെ ഉണ്ടായ ആശങ്കളേക്കാൾ പതിന്മടങ്ങ് ആശങ്കാകുലനാണ് ഞാനിന്ന്. മനസ്സ് കൊണ്ട് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയാത്ത, വിശ്വസിക്കാൻ കഴിയാത്ത ഒരു മരണം നടന്നിരിക്കുന്നു. എന്നാൽ അത് ഒരു കൊറോണ മൂലമുള്ള വിടവാങ്ങൽ അല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. കേവലം 19 വയസ്സുള്ള ഡിഗ്രി വിദ്യാർത്ഥി, എൻ്റെ കുടുംബ സുഹൃത്തിൻ്റെ മകൻ ആകസ്മികമായി വിട്ടു പോയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോയ മകൻ, നാല് ദിവസം മുമ്പ് വരെ കളിച്ചും ചിരിച്ചും നടന്ന മകൻ ഇന്ന് വിട പറഞ്ഞിരിക്കുന്നു.

അച്ഛനും അമ്മയും അനുജനും ഇവിടെ. അവർക്ക് നാട്ടിലേക്ക് പോകാൻ ഒരു മാർഗ്ഗവുമില്ല. മകനെ അവസാനമായി ഒന്ന് കാണാൻ കഴിയാത്ത അച്ഛൻ്റെയും അമ്മയുടേയും മാനസികനിലയോർത്തു നോക്കു. നാട്ടിൽ അവനോട് ഒപ്പം നിൽക്കാൻ ബന്ധുക്കളെ പോലും ലോക്ക് ഡൗൺ അനുവദിക്കുന്നില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. അവസാനമായി അവനെ യാത്രയക്കാൻ പോലും കഴിയാത്ത അവരുടെ ഗതികേടിനെ ഓർത്ത് മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.

കൊറോണ മനുഷ്യനെ കൊല്ലുന്ന ഒരു വൈറസ് മാത്രമല്ല, ശപിക്കപ്പെട്ട ഈ ഒരു കാലത്തെ കൂടി ആ പേര് വിളിക്കണം.

പ്രിയ രാഹുല്‍ മോന് മനസ്സിന്‍റെ ആഴങ്ങളില്‍ നിന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Sunday 29 March 2020

അത്യാധുനീക കാലത്തെ മാനവീക മുഖം മൂടികള്‍!

പണ്ട് പൊട്ടക്കഥകളും കവിതകളും എഴുതി പ്രസാധകർക്ക് അയച്ച് കൊടുത്ത് നാലോ അഞ്ചോ പ്രസിദ്ധീകരണങ്ങൾ വരാൻ കാത്തിരിക്കുമായിരുന്നു. രണ്ട് മാസത്തിനു ശേഷവും അനക്കം ഒന്നും കണ്ടില്ലങ്കിൽ മേൽപ്പറഞ്ഞ വാരികയ്ക്കും അതിൻ്റെ വേസ്റ്റ് ബോക്സിനും ചരമഗീതമെഴുതി സ്വയം അടങ്ങും. എന്നാൽ ഇന്ന് ഫേസ്ബുക്ക് പോലെയുള്ള ഓൺലൈൻ മീഡിയകൾ ഒരു മികച്ച മാധ്യമമാണ്. എഴുത്തിന് മേൻമയുടെ മേനി നടിക്കാനാകില്ലങ്കിലും എന്നെപ്പോലെയുള്ള എഴുത്ത്, വായനാ രോഗികൾക്ക്, മറ്റുള്ളവരിലേക്ക് ആ രോഗം പകർത്തണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളവർക്ക്
പ്രത്യേകിച്ചും സോഷ്യൽ മീഡിയ ഒരു അനുഗ്രഹം തന്നെയാണ്.

എന്നാൽ മറിച്ച് ചിന്തിച്ചാൽ സോഷ്യൽ മീഡിയകൾ കറുകറുത്ത ഒരു മൂടുപടം കൂടിയാണ്. തങ്ങളുടെ കറുത്ത മുഖത്തെ പിന്നിൽ അടക്കി നിർത്തി വെളുപ്പിൻ്റെ വെളിച്ചത്തെ മാത്രം പുറത്ത് കാണിക്കാൻ ശ്രമിക്കുന്നവരുടെ ഒരു ശ്രേണി, അതും കൂടിയാണ് സോഷ്യൽ മീഡിയ. മതവും ജാതിയും രാഷ്ട്രീയവും എന്തിനേറെ തങ്ങളിലെ യഥാർത്ഥ വ്യക്തിത്വത്തെ തന്നെ മറ്റൊന്നായി അവതരിപ്പിച്ച് സസുഗം വാഴുന്നവർ ധാരാളമുണ്ട് ഇവിടെ.

ഉദാഹരണമായി പറഞ്ഞാൽ ഈ അടുത്ത കാലത്ത് ഫേസ്ബുക്കിലെ ഒരു മുന്തിയ ഇനത്തിൽ പെട്ട നായർ മഹിള തന്‍റെ വാൽ മുറിച്ചതായി പ്രഖ്യാപിച്ച് പോസ്റ്റിറ്റിട്ടു. ധാരാളം സോഷ്യലിസ്റ്റ് കമൻ്റുകൾ വന്നപ്പോൾ, അതിൽ ഉൾപ്പുളകിതയായി ലവ് സ്റ്റിക്കറുകൾ തള്ളി ആരാധകരുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തികച്ചും അരസികനായ എൻ്റെ രംഗപ്രവേശം. അല്ലയോ പ്രിയ മഹതി, താങ്കൾ ഫേസ് ബുക്കിൽ വാൽ മുറിച്ചിട്ട് കാര്യമില്ല SSLC ബുക്ക് മുതൽ മുകളിലോട്ട് വിവാഹ പത്രത്തിൽ വരെയുള്ളത് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുറിക്കണം. ഒപ്പം ജാതി കോളത്തിൽ നിന്ന് നായർ കോണകം അഴിച്ച് താഴെയിടണം എന്ന എൻ്റെ ആവശ്യത്തെ ദേഷ്യ സ്മൈലിയും സ്റ്റിക്കറും ഇട്ട് പ്രതിഷേധിക്കുക മാത്രമല്ല, ആരാധക വൃന്ദത്തിൻ്റെ പൂരപ്പാട്ടിന് നടുവിലേക്ക് നിർദ്ദാക്ഷണ്യം വലിച്ചെറിയുകയും ചെയ്തു. മഹതിയുടെ പ്രൊഫൈൽ പിന്നെ ചെക്ക് ചെയ്തപ്പോൾ Not available ആയിരുന്നു. നമ്മെ ബ്ലോക്കിയെന്ന്, മനസ്സിലായില്ലേ?. അങ്ങേയറ്റം കടുത്ത ജാതിമത വർഗ്ഗീയത ഉള്ളിൽ സൂക്ഷിച്ച് നാലു ലൈക്കിനുള്ള ഉടായിപ്പ്സ് എന്ന് വളരെ സിമ്പിളായി പറയാൻ കഴിയുന്ന പല സംഭവങ്ങളിൽ ഒന്നാണ് ഇത്.

ഫേസ് ബുക്കിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ജാതി പറഞ്ഞ് ഊറ്റം കൊള്ളുന്നവരെ ധാരാളമായി കാണാറുണ്ട്. ഹിന്ദുവിലെപ്പോലെ ജാതീയ ഒരു വാലുകളോ അല്ലങ്കിൽ വിളിപ്പേരുകളോ വച്ച് വേർതിരിച്ച് നിർത്തുന്നില്ല എങ്കിലും, എല്ലാ മതത്തിലും അത് നിലനിൽക്കുന്നു എന്നത് സത്യമാണ്. ഒരിക്കൽ സ്വന്തം സഹോദരി ഒരുവനൊപ്പം ഇറങ്ങിപ്പോയ സങ്കടം എന്‍റെ ഒരു സുഹൃത്ത് പങ്കുവച്ചപ്പോൾ "സ്വസമുദായത്തിൽ നിന്നുള്ള ഒരുവനോടൊപ്പം ആയിട്ടും സാമാന്യം ചുറ്റുപാടുകൾ ഉള്ളവനായിട്ടും നിനക്കെന്തേ സങ്കടം" എന്ന എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയപ്പോഴാണ്, മുസ്ലീം സമുദാത്തിൽ പോലും അത്തരം ഒരു ജാതി വ്യവസ്ഥ പരോക്ഷമായി നിലനിൽക്കുന്നു എന്ന അറിവ് എനിക്ക് ഉണ്ടായത്. പുത്യാപ്ല ബാർബർ വിഭാഗം ആണന്നതായിരുന്നു അവന്‍റെ സങ്കടത്തിന് കാരണം. മറ്റൊരു ഉദാഹരണമായി കെവിന്‍റെ പ്രമാദമായ കൊലപാതകം നമ്മുക്ക് മുന്നിൽ പച്ചയ്ക്ക് ചിരിച്ച് നിൽക്കുന്നു.

ഹിന്ദു മിത്തോളജിയിൽ ഉയർന്നു വന്ന സംസ്കാരമെന്ന നിലയിലും, അതിൽ നിന്ന് കാലക്രമേണ വിഭജിച്ചു പോയ വിഭാഗങ്ങൾ എന്ന നിലയിലും, ഇന്ത്യയിലെ ഹിന്ദു ഇതര മതങ്ങളിൽ നിന്ന് ഇത്തരം ചിന്തകളെ പടിയിറക്കി പിണ്ഡം വച്ചു കളയാം എന്ന് കരുതുന്നതു തന്നെ ഒരു തരത്തിൽ വ്യാമോഹമാണ്. ഒരിക്കൽ ഞാനും കൂടി പങ്കെടുത്ത ഞങ്ങളുടെ അടുത്ത ഒരു ഇടവകപ്പള്ളിയിലെ ഒരു വിവാഹ സൽക്കാര ചടങ്ങിനിടയിൽ പയ്യന്‍റെ സുഹൃത്തുക്കളായ ഞങ്ങൾ ഹിന്ദുക്കളാണന്ന് തിരിച്ചറിഞ്ഞ വികാരിയച്ചൻ അദ്ദേഹത്തിന്‍റെ ബ്രാഹ്മണ പാരമ്പര്യത്തെ കുറിച്ച് ഊറ്റം കൊണ്ട് സംസാരിച്ചത് വെറും നേരമ്പോക്കല്ല, മറിച്ച് കൃത്യമായി ജാതി പറച്ചിൽ ആണന്നു തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. മറ്റൊരിക്കൽ എന്‍റെ ഒരു സുഹൃത്ത് അവർ "പണ്ട് മലബാർ ലഹളയുടെ കാലത്ത് മതം മാറ്റപ്പെട്ട ബ്രാഹ്മണർ" ആണന്ന് പറഞ്ഞു വച്ചതും ക്രിത്യമായ ജാതി ഹുങ്ക് തന്നെ.
ഇതിന് രസകരമായ ഒരു മറുവശവും ഉണ്ട്. അടിച്ചമർത്തപ്പെട്ടവർ എന്ന് കേഴുന്നവരാണ് ഇക്കൂട്ടർ. പണ്ടെങ്ങോ തലമുറക്കപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട ബ്രാഹ്മണിക്കൽ കാലഘട്ടത്തിലെ പീഡിക്കപ്പെട്ട വിഭാഗത്തിൻ്റെ പന്മുറക്കാർ എന്ന കോംപ്ലക്സിൻ്റെ യഥാർത്ഥ അടിമകളാണ് ഇക്കൂട്ടർ. അന്നും ഇന്നും ജാതിയെന്നാൽ പണമാണന്ന് അറിയാത്ത ജനുസ്സിൽ പെട്ടവരല്ല ഇവരെങ്കിലും, മറ്റൊരു തരത്തിലാണ് എങ്കിലും ഇവരും പറയാൻ ഉദ്ദേശിക്കുന്നത് ജാതി തന്നെയാണ്. മുൻപ് ആറന്മുള സ്റ്റേഷനിൽ ചാർജ് എടുത്ത ദളിത് വിഭാഗത്തിൽ പെട്ട എസ് ഐ ഉന്നതർ എന്ന് അദ്ദേഹം മാർക്കിട്ടവരെ മനപ്പൂർവ്വമായി അടിച്ച ശേഷം "ദളിതന്‍റെ കയ്യിൽ നിന്ന് അടി കിട്ടിയതല്ലേ, കുളിച്ചിട്ട് വീട്ടിൽ കയറിയാൽ മതി" എന്ന് പറഞ്ഞ് സോപ്പ് വാങ്ങി നൽകുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതേ പോലെ തന്നെയാണ് ഈ അടുത്ത കാലത്ത് വർഗ്ഗീയ സ്പ്രേ നേരിട്ട ബിന്ദു അമ്മിണിയുടെ വിലാപവും നാം കേട്ടതാണ്.
പറഞ്ഞ് അവസാനിപ്പിക്കാൻ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല. ഇതൊരു സുവർണ്ണാവസരമാണ്. പ്രളയക്കെടുതികൾ നമ്മെ ഒന്നും പഠിപ്പിച്ചില്ല എങ്കിലും ഈ കൊറോണ ഘട്ടം നമ്മൾ ചില പ്രതിജ്ഞകൾ എടുക്കേണ്ടിയിരിക്കുന്നു. വൈറസുകൾക്ക് മനുഷ്യൻ്റെ കുലത്തിൻ്റെ ശത്രുക്കളാണ്. അവയ്ക്ക് ജാതിയും മതവും രാഷ്ട്രീയവും രാജ്യവും സമ്പത്തും സാഹോദര്യവും ഉച്ചനീചത്വങ്ങളും ഇല്ല. സ്വർഗ്ഗ നരക വിധി പറച്ചിലുകളില്ല, ദൈവത്തോടോ സാത്താനോടോ ചോദ്യേത്തര പംക്തികൾ ഇല്ല. മത ഗ്രന്ഥങ്ങളിലെ സൂക്തങ്ങളെ അപഗ്രഥിക്കാനറിയില്ല. അതിന് മനുഷ്യൻ എന്ന ജീവിക്കുന്ന ഒരു ശത്രുവിനെ മാത്രം അറിയാം.

Saturday 28 March 2020

പട്ടിണി കൊറോണ.

ഇന്ന് ഒരു ദിവസം പട്ടിണി കിടക്കാൻ തീരുമാനിച്ചു. വെള്ളവും ഭക്ഷണവുമില്ലാത്ത ഒരു പരിപൂർണ പട്ടിണി. ചില സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ റൂമിലിരിക്കാൻ പറ്റാതിരിക്കുകയും, പുറത്ത് പോകേണ്ടി വരികയും ചെയ്തപ്പോഴൊക്കെ ഫാസ്റ്റിംഗ് എടുത്തിട്ടുണ്ട്, എന്നാലും ഈ കൊറോണക്കാലത്ത് ഒന്ന് പരീക്ഷിക്കുന്നു. അല്ലങ്കിൽ തന്നെ ദിവസവും ഭക്ഷണം കഴിച്ചില്ലങ്കിൽ ഡയബറ്റിക്ക് ദൈവം ഒഴികെ ബാക്കി ആരും ചോദിക്കാൻ വരില്ലാ എന്ന് ഉറപ്പല്ലേ. അവരവരുടെ ശരികളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന ലോകത്ത് ഒരുവൻ ഭക്ഷണം കഴിച്ചോ
എന്നതിനേക്കാൾ, അവൻ്റെ ആരോഗ്യത്തേക്കാൾ, മാനസിക ബുദ്ധിമുട്ടുകളേക്കാൾ പ്രാധാന്യം തൻ്റെ സ്വാർത്ഥതയ്ക്കാണന്ന് കരുതുന്ന ഒരു സമൂഹത്തിൽ ഞാനോ മറ്റൊരാളോ ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല എങ്കിൽ പോലും ആരും അറിയില്ല എന്നതാണ് സത്യം. താൻ ഭക്ഷണം കഴിച്ചില്ലങ്കിൽ അത് തൻ്റെ കാര്യം എന്ന് കരുതുന്നവരും കുറവല്ല.

എഴുതാൻ ആലോചിച്ചത് മറ്റൊന്നാണങ്കിലും തുടക്കം എൻ്റെ പട്ടിണി കിടക്കലിൽ ആയിപ്പോയത് യാദൃശ്ചികമല്ല. ഇന്ന് നാട്ടിലെ എൻ്റെ സുഹൃത്തുക്കളുടെ വാട്ട്സാപ്പ് മെസ്സേജിലൂടെ, എൻ്റെ നാട് കേന്ദ്രീകരിച്ച് പണിയെടുക്കുന്ന ചില അതിഥി തൊഴിലാളികൾക്ക് കൊറോണ കാലത്ത് നേരിടേണ്ടി വരുന്ന ഭക്ഷ്യക്ഷാമത്തെ കുറിച്ച് അറിയുകയുണ്ടായി.
പരിതാപകരമായ അവരുടെ അവസ്ഥയിൽ അവർക്ക് ഒപ്പം നിൽക്കാനും കൊറോണക്കാലത്തോളം അവർക്ക് വേണ്ട ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് നൽകാനും ഞങ്ങൾ ഒരു കൂട്ടായ തീരുമാനത്തിൽ എത്തുകയും ചെയ്തു. ഉള്ള കാലത്ത് നീ നേടിയതിൽ അൽപ്പം ബാക്കി വച്ച് ഇക്കാലം നിനക്ക് നന്നായി കടന്ന് പോകാമായിരുന്നല്ലോ എന്ന സ്വർത്ഥ ചോദ്യത്തിന് പ്രസക്തിയുള്ളിടത്താണ് നാട്ടിലെ ചെറുപ്പക്കാർ അവരുടെ ഇന്നിലെ ഗതികേടിലേക്ക് മാത്രം ശ്രദ്ധിക്കാൻ തയ്യാറായത് എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്.

വെള്ളപ്പൊക്കം, തീപിടുത്തം, മഹാമാരികൾ എന്നിവയെ ഫലപ്രദമായി എങ്ങനെ നേരിടാം എന്ന പരിശീലനത്തോടൊപ്പം, സമൂഹത്തെ സ്വാർത്ഥതയും താൻപോരിമയും ഇല്ലാതെ എങ്ങനെ സമീപിക്കണം എന്ന ഒരു മാനസിക പരിശീലനം കൂടി അവർക്ക് നൽകിയാൽ കേരളം വീണ്ടും വ്യത്യസ്ഥതയുടെ ഭൂപടത്തിൽ സ്ഥാനം പിടിക്കും എന്ന് നിശ്ചയമായും പറയാൻ കഴിയും.ലാഭേച്ഛ ഇല്ലാത്ത ഇത്തരം ചിന്തകൾ വളർത്തിയെടുക്കാൻ കഴിയുന്നിടത്ത് മാത്രമേ, മറ്റ് ലൌകിക ചിന്തകളായ മതവും ജാതിയും രാഷ്ട്രീയവും വ്യക്തി സ്വാർത്ഥതകളും അലിഞ്ഞ് ഇല്ലാതാവു എന്ന് വ്യക്തം. കൊറോണ കാലത്തേക്ക് രണ്ട് ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെ സർക്കാരിനെ സഹായിക്കാൻ ആവശ്യമുണ്ടന്ന ഒരു വാർത്ത പത്രമാധ്യമങ്ങളിലൂടെ വായിക്കുകയുണ്ടായി. ഇതൊരു അവസരമാണ്.

മുൻപ് കോഴിക്കോട് നടന്ന ഒരു സ്കൂൾ യുവജനോൽസവത്തിൽ അവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ നിയമിച്ച കുട്ടികളെ, അതിൻ്റെ നല്ല വശങ്ങളെ മാത്രം മുന്നിൽ കണ്ട് സംസ്ഥാനത്തൊട്ടാകെ, സ്റ്റുഡൻസ് പോലീസ് എന്ന വളരെ വലിയ പദ്ധതിയായി കൊണ്ടുവന്നത് പോലെ, ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കുന്ന സമയത്ത് എന്നെന്നും മുന്നിട്ടിറങ്ങാൻ കഴിയുന്ന ഒരു ഫോഴ്സായി ഈ യുവാക്കളെ പരിശീലിപ്പിച്ച് മുന്നോട്ട് കൊണ്ടുവരാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്ന് തോന്നുന്നു.

എൻ്റെ പട്ടിണി കിടക്കൽ നാളെ രാവിലെ മൃഷ്ടാന്ന ഭക്ഷണത്തോടെ അവസാനിക്കും, എന്നാൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാത്തവരുടെ ലോകത്തിൻ്റെ നടുവിലാണന്ന ബോധം ഓരോ നിമിഷവും ഉള്ളിലുണ്ടങ്കിൽ നമ്മിലെ സ്വാർത്ഥതയുടെ അളവ് കുറഞ്ഞ് അലിഞ്ഞ് ഇല്ലാതായി തീരും. ഈ കൊറോണാ കാലത്ത് എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും അത് സാധ്യമാവട്ടെ

കൊറോണയ്ക്ക് സമര്‍പ്പിച്ച ഉത്സവം.

ഇന്ന് ഞങ്ങൾ നീർവിളാകം നിവാസികൾക്ക് ഏറ്റവും പ്രത്യേകതയുള്ള ഒരു ദിനമാണ്. കൊറോണക്കാലമല്ലായിരുന്നു എങ്കിൽ നീർവിളാകത്തിൻ്റെ ഒരേയൊരു ആഘാേഷത്തിന് തുടക്കം കുറിക്കുന്ന ദിനം. അതെ ഇന്നാണ് ഞങ്ങൾ എല്ലാം അപ്പൂപ്പൻ, അച്ഛൻ എന്നൊക്കെ ഭക്ത്യാദരപൂർവ്വം വിളിക്കുന്ന നിർവിളാകേശൻ ശ്രീ ധർമ്മശാസ്താവിൻ്റെ 11 ദിവസത്തെ ഉത്സവ നാളുകൾക്ക് കൊടിയേറുന്ന ദിനം. ഇതേ ദിവസം തന്നെയാണ് ശബരിമലയിലും ഉത്സവത്തിന് കൊടിയേറുക.

ലക്ഷക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന ഇപ്പോഴും സർക്കാർ നേതൃത്വത്തിൽ സജീവമായി കൃഷി ചെയ്യുന്ന നീർവിളാകം പാടശേഖരങ്ങളുടെ വിളവെടുപ്പ് ഉത്സവമായി കൂടി ക്ഷേത്രോത്സവത്തെ വിശേഷിപ്പിക്കാം. നീർവിളാകത്തെ ഏതാണ്ട് എല്ലാ വീടുകൾക്കും നെൽപ്പാടങ്ങൾ ഉണ്ട്. അവിടെ നിന്ന് വിളവെടുക്കുന്ന നെല്ലുകൊണ്ട് നീർവിളാകേശന് മുന്നിൽ നെൽപ്പറയിടുന്നത് ഈ ഉത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു.

ഉത്സവലഹരിയുടെ സന്തോഷത്തിൽ ഭാഗഭാക്കാകാൻ ഞാനുൾപ്പെടെയുള്ള പ്രവാസി സമൂഹം നിശ്ചയമായും എല്ലാ വർഷവും കാത്തിരുന്ന് നാട്ടിൽ എത്തുന്ന നാളുകൾ. ഞാൻ രണ്ട് മാസം മുന്നെ തന്നെ മാർച്ച് 27 ന് ടിക്കറ്റ് എടുത്ത് വച്ചിരുന്നു, നിർഭാഗ്യവശാൽ കൊറോണ എന്ന ഭീകരൻ എല്ലാവരേയും എന്ന പോലെ എൻ്റെ യാത്രയ്ക്കും താഴിട്ടു.
സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും, കൊറോണ ഒരു ചർച്ചാ വിഷയവും ആകുന്നതിനും മുന്നെ ഉത്സവം പൂർണമായും ഉപേക്ഷിച്ച് നാടിനും പരിസരങ്ങളിലെ ഗ്രാമങ്ങൾക്കും മാതൃകയായി എൻ്റെ നീർവിളാകം. കഴിഞ്ഞ പ്രളയകാലത്ത് എന്ന പോലെ നാട്ടിലെ യുവജനത സന്നദ്ധ സജ്ജരായി, സജീവമായി രംഗത്തുണ്ടന്ന് എന്നത് എന്നെപ്പോലെയുള്ള പ്രവാസികൾക്ക് തീർച്ചയായും അശ്വാസമാണ്.

ഉത്സവമില്ലായ്മയുടേയും, ആഘോഷമില്ലായ്‌മയുടേയും, യാത്രാവിലക്കുകളുടേയും സന്തോഷ രഹിത ദിനങ്ങൾ കടന്നു പോകുമ്പോഴും നമ്മുടെ സർക്കാർ ജനങ്ങൾക്കിടയിൽ ഇറങ്ങി നിന്ന് ഈ മഹാമാരിക്ക് എതിരെ ചെയ്യുന്ന തീവ്ര യുദ്ധത്തെ അതീവ സന്തോഷത്തോടെ നോക്കിക്കാണുന്നു. പ്രായമായ എൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബം ഈ വൈതരണിയെ പ്രയാസമൊന്നുമില്ലാതെ മറികടക്കും എന്ന ആത്മവിശ്വാസം, എല്ലാ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം എന്നിൽ പ്രതീക്ഷയുടെ നിറപറകൾ നിറയ്ക്കപ്പെടുന്നു.

അടുത്ത ഉത്സവം ഞങ്ങൾ തകർത്താടും..

Friday 27 March 2020

കൊറോണ എന്നെ മനുഷ്യനാക്കുമോ ആവോ?

ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി വെളിയിലേക്ക് ഇറങ്ങിയതാണ്. വാച്ച്മാൻ കണ്ടിട്ടും കണ്ടില്ല എന്ന മട്ടിൽ അകത്തേക്ക് കയറിപ്പോയി. വേസ്റ്റ് വെളിയിൽ വയ്ക്കാനായി അപ്പുറത്തെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ഇറങ്ങിയ സഹൃദയൻ ഒരു പുഞ്ചിരി തന്ന് കുശലത്തിന് നിൽക്കാതെ പെട്ടെന്ന് കയറി വാതിലടച്ചു. സ്ഥിരമായി വണ്ടി കഴുകുന്ന വാച്ച്മാൻ കഴിഞ്ഞ ഒരാഴ്ചയായി അതിൽ തൊട്ടിട്ടില്ല എന്ന് മനസ്സിലായി.

പൂട്ടിയിട്ടിരിക്കുന്ന കടകൾ, വിജനമായ വഴികൾ. സൂപ്പർമാർക്കറ്റിൽ സാധനം എടുത്ത് ക്യാഷ് കൊടുത്തപ്പോൾ ക്യാഷ്യർ പെട്ടെന്ന് ഗ്ലൗസ് എടുത്ത് ധരിച്ചു. ക്യാഷ് കൗണ്ടറിൻ്റെ ഒരു മീറ്റർ അകലത്തിൽ വാർണിംഗ് ടേപ്പ് വലിച്ചു കെട്ടിയ ഫാർമസി. ഫാർമസിസ്റ്റ് ആംഗ്യം കൊണ്ടു മാത്രം കാര്യങ്ങൾ സംവേധിക്കുന്നു. പച്ചക്കറി കടയ്ക്ക് ഉള്ളിലേക്ക് പ്രവേശനമില്ല, ഫ്രൂട്ട്സും വെജിറ്റബിൾസും തിരഞ്ഞെടുക്കുന്ന രീതി ഇല്ല. അവിടെ നിൽക്കുന്ന ചുരുക്കം ചില മനുഷ്യർ ഭീതിയോടെ ദൂരം പാലിച്ച് സംസാരിക്കുന്നു.

ഞാൻ അന്യഗ്രഹത്തിൽ അല്ല എന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. മനുഷ്യൻ മനുഷ്യനെ തന്നെ ഭീതിയോടെ നോക്കുന്ന, പരസ്പരം ഓടിയൊളിക്കുന്ന കാലം. ഞാൻ തിരിച്ചറിയുന്നുണ്ടാവമോ ആവോ. ഇന്ന് ഞാൻ ഭയക്കുന്നത് മുന്നിൽ നിക്കുന്നവൻ്റെ ജാതിയോ മതമോ നിറമോ അല്ല എന്ന്. അവൻ്റെ രാഷ്ട്രീയത്തെ കുറിച്ച് എനിക്ക് ആശങ്കയില്ലന്ന്. മരിച്ചാൽ സ്വർഗ്ഗം പുൽകുന്നത് ഞാൻ മാത്രമാണന്ന്. അറിയില്ല, പ്രളയകാലം കഴിഞ്ഞപ്പോൾ ഞാൻ മാറിയത് പോലെ കൊറോണക്ക് ശേഷം മാറിയേക്കാം. ഞാൻ ഭയാശങ്കകളോടെ ജീവിച്ച ചരിത്രം വിസ്മരിക്കപ്പെട്ടേക്കാം, കാരണം ഞാനും മനുഷ്യനാണല്ലോ.

ചേച്ചിയമ്മ.

ആപത്തു കാലത്താണ് ആശങ്കയുള്ള അന്വോഷണങ്ങളുടെ സ്നേഹ ആഴം എത്രയെന്ന് നാം തിരിച്ചറിയുക. മുറിയടച്ചിരിക്കുന്ന കൊറോണ ദിനങ്ങളിൽ ആശങ്കകൾ മുഴച്ച അത്തരം ചുരുക്കം ചില അന്വോഷണങ്ങൾക്കിടയിൽ തീവ്ര സ്നേഹാശങ്കയുടെ വേറിട്ട ഒരേേയൊരു ശബ്ദമേ എനിക്ക് അനുഭവച്ചറിയാൻ കഴിഞ്ഞുള്ളു. അതാണ് എൻ്റെ ചേച്ചി. ഓരോ വിളിയിലും സുരക്ഷിതനാണോ എന്ന അതീവ ആശങ്കയുടെ വിഷാദഛായ നിഴലിക്കുന്ന ചോദ്യങ്ങൾ. ഉത്തരങ്ങളിൽ തൃപ്തിവരാതെ മറുചോദ്യങ്ങൾ. അല്ലെങ്കിൽ തന്നെയും നാൽപ്പത്തിയേഴിൽ എത്തി നിൽക്കുന്ന അവളുടെ കൊച്ചുമോന് ഇപ്പഴും പ്രായം ആറു വയസ്സാകാനെ സാധ്യതയുള്ളു. അന്യ ദേശത്ത് ഒറ്റ മുറിയിൽ പരാശ്രയമില്ലാതെ കഴിയുന്ന ആറ് വയസ്സുകാരനെ ഓർത്ത് അവൾ ആശങ്കപ്പെടുന്നതിൽ തെറ്റില്ല.

കൊച്ചുമോൻ.... അതാണ്, ഞാൻ ഇന്നും, അവൾക്കും പരിസരവാസികൾക്കും. കവിളിൽ നുള്ളി കൊഞ്ചിച്ച്, പോറ്റമയുടെ വാത്സല്യമിറ്റിച്ച് കുളിപ്പിച്ച് പാഡറിട്ട് ഒരുക്കി, പിന്നെ ഒക്കത്ത് തൂക്കിയെടുത്ത് ഒരു കൈയ്യിൽ കുഞ്ഞനിയന്‍റെ ബാഗിന്‍റെ ഭാരവും മറുതോളിൽ സ്വന്തം പാഠപുസ്തകവും പേറി പ്രിയപ്പെട്ട ചേച്ചി. അവൾക്ക് അന്ന് പത്ത് വയസ്സ് എനിക്ക് അവളുടെ പകുതി പ്രായവും. മുതുക്കനായി എന്നിട്ടും ഏണിൽ നിന്ന് ഇറങ്ങാറായിട്ടില്ല എന്ന് കാഴ്ചക്കാർ പതം പറഞ്ഞ് കളിയാക്കുമ്പോൾ, "എന്‍റെ കൊച്ചുമോനാ" എന്ന് അഭിമാനത്തോടെ പറഞ്ഞ് ഒക്കത്തേക്ക് ഒന്നുകൂടി ചേർത്തിരുത്തി കിലോമീറ്ററുകൾ താണ്ടിയുള്ള നടത്തം. സ്കൂളിന്‍റെ തൊട്ടടുത്ത പള്ളിമേടയിൽ കുടിയേറിയ പ്രാവുകളുടെ കുറുകൽ, കുഞ്ഞനുജന് പേടിയാണന്ന ചിന്തയിൽ മറ്റു കുട്ടികളും അധ്യാപകരും വരുന്നിടം വരെ എനിക്ക് കാവലിരിക്കുമായിരുന്നു അവൾ. ഞാൻ സുരക്ഷിതനാണന്ന് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒരോട്ടമാണ്, വീണ്ടും കിലോമീറ്ററുകൾ താണ്ടേണ്ട അവളുടെ സ്കൂളിലേക്ക്. എത്ര നേരത്തെ ഇറങ്ങിയാലും കുഞ്ഞനുജൻ കാരണം അധ്യാപകരുടെ വഴക്ക് കേട്ട് അവസാനം ക്ലാസിൽ കയറുമ്പോഴും സങ്കടം തോന്നാറില്ല എന്ന് അവൾ പറയും, കാരണം വഴക്ക് കേൾക്കുന്നത് കൊച്ചുചുമോന് വേണ്ടിയല്ലേ.

സ്കൂളിൽ പോകുന്നതിന് മുമ്പുള്ള അങ്കമാണ് കാണേണ്ടത്. രാവിലെ ആറ് മണിക്ക് തന്നെ എഴുന്നേൽക്കും. മുറ്റമടിക്കൽ, മുറി തൂത്തുവാരൽ, തൊഴുത്തിലെ പശുക്കൾക്ക് ഭക്ഷണവും വെള്ളവും, വയസ്സായി കിടപ്പിലായ അമ്മൂമ്മയെ ശുശ്രൂഷിക്കൽ എന്നിങ്ങനെ അവളുടെ കയ്യും മനവും ചെല്ലാത്ത ഒരിടവും വീടിന്‍റെ മുറിയിലും തൊടിയിലും ഉണ്ടാവില്ല. ഇതെല്ലാം കഴിഞ്ഞാണ് ഒരുക്കവും അഞ്ചു കിലോമീറ്ററോളം താണ്ടി സ്കൂളിലേക്കുള്ള ഓട്ടവും. സ്കൂളിൽ നിന്ന് തിരികെ വരുമ്പോഴേക്കും അവൾക്ക് വേണ്ട അടുത്ത ജോലികൾ തയ്യാറായിട്ടുണ്ടാവും. പിറ്റേന്നത്തെ കാപ്പിക്കുള്ള അരിയാട്ടൽ, അമ്മൂമ്മയെ കുളിപ്പിച്ചൊരുക്കൽ മുതൽ വൈകുന്നേരത്തെ ഭക്ഷണം വരെ ആ ലിസ്റ്റിൽ കാണും. എല്ലാം കഴിഞ്ഞ് എന്നെ ചേർത്തിരുത്തി അന്നന്നത്തെ പാഠങ്ങൾ പഠിപ്പിച്ചതിന് ശേഷമാണ് അവളുടെ പഠനം പോലും.

എന്‍റെ ഓർമ്മ ഉറയ്ക്കുന്ന കാലം മുതൽ, ഇത് ഞാൻ എഴുതുന്ന നിമിഷം വരെ അവൾ അങ്ങനെയാണ്. എത്ര വലിയ മാറ്റങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ 41 വർഷത്തിനിടയിൽ ഒട്ടും മാറാൻ കഴിയാത്ത ഒന്നായി ചേച്ചി. പശുവിന് കാടി കൊടുക്കുന്ന വലിയ അലുമിനിയം ചരുവം കമഴ്ത്തി വച്ച്, അതിൽ കയറി നിന്ന്, കറിക്ക് അരയ്ക്കുന്ന കാഴ്ചയിൽ നിന്ന് മിക്സിയിൽ എത്തിയെങ്കിലും രുചിഭേദങ്ങളുടെ നിറക്കൂട്ടുടുകളാണ് അവളടെ കറിക്കൂട്ടുകൾ. ആ കൈ ഒന്ന് പാത്രത്തിന് അടുത്തു കൂടി പോയാൽ ഭക്ഷണത്തിന് രുചി കൂടുമോ എന്ന് അത്ഭുതത്തോടെ ഓർത്ത് പോയിട്ടുണ്ട്. ഇന്ന് കൊറോണക്കാലത്ത് ഉണക്ക കുപ്പൂസ് എൻ്റെ ബാച്ചിലർ ഉള്ളിക്കറിയിൽ മുക്കി നാവിൽ തൊടാതെ തൊണ്ടയിലേക്ക് തള്ളുമ്പോൾ ചേച്ചി വച്ച ഒരു സ്പൂൺ സാമ്പാറിനായി, ഒരു വറ്റ് അവിയലിനായി കൊതിച്ചു പോകുന്നു.

അക്ഷര ഭംഗിയിൽ ഞങ്ങൾ തികച്ചും സഹോദരീ സഹോദരന്മാർ ആയിരുന്നതിനാൽ എൻ്റെ സ്കൂളിലെ ഹോം വർക്കുകളും, കോളേജിലെ റെക്കോഡുകളും നിർദ്ദാക്ഷണ്യം എഴുതാതെ ഞാൻ മാറ്റി വയ്ക്കും. സബ്മിറ്റ് ചെയ്യേണ്ട ദിവസം എനിക്ക് തീരെ ആശങ്കയില്ലങ്കിലും അനുജൻ്റെ പുറം പൊളിയുന്നതിൽ ആശങ്കപ്പെട്ട് ഞാൻ പറഞ്ഞില്ലങ്കിൽ പോലും അവൾ അത് എഴുതി വച്ചിരിക്കും. തനി വെളുപ്പും തനിക്കറുപ്പും എന്ന ഞങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി എന്നെ കളിയാക്കുന്നവർക്ക് അവളുടെ നാവിൻ്റെ ഏഴു നിറങ്ങളും അനുഭവേദ്യമാക്കി കൊടുത്തേ വിടാറുണ്ടായിരുന്നുള്ളു.

വറുതിയുടെ ദിനങ്ങളിലൂടെ കുടുംബം കടന്നു പോയ ദിവസങ്ങളിലായിരുന്നു വളരെ ആകസ്മികമായി അവൾക്ക് അനുയോജ്യനായ ഒരു ആലോചന വരികയും ഒരാഴ്ചക്കുള്ളിൽ വിവാഹം നടത്തേണ്ടിയും വന്നത്. ജീവിതത്തിൽ ഞാൻ തേങ്ങിക്കരഞ്ഞത് രണ്ടു അവസരങ്ങളിൽ മാത്രമാണ്. ഒന്ന് ചേച്ചി വിവാഹശേഷം പടിയിറങ്ങിയപ്പോൾ, രണ്ട് അവൾ ഭർത്താവിനൊപ്പം ഗൾഫലേക്ക് യാത്രയായപ്പോൾ.

എഴുതിയാൽ ഒരു ഖണ്ഡകാവ്യം ഉണ്ടാവുമെന്നതിനാൽ അവസാനിപ്പിക്കുകയാണ്. അവളുടെ രണ്ടു മക്കൾക്ക് അസൂയ ജനിപ്പിക്കുന്ന മൂത്ത മകനായി ഇന്നും എനിക്ക് തുടരാൻ കഴിയുന്നതാണ് എൻ്റെ ജന്മസാഫല്യം. എനിക്ക് അവൾ വെറും മൂത്ത സഹോദരിയല്ല, അവൾ എൻ്റെ ചേച്ചിയമ്മ...