. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 29 October 2021

മാദ്ധ്യമരാഷ്ട്രീയം

ഏതു വിഷയത്തെയും തനിക്കാക്കി വെടക്കാക്കുക എന്നത് രാഷ്ട്രീയ പാർട്ടികളുടെ പ്രഖ്യാപിത നയമാണ്. ഇതേ അവസ്ഥയാണ് ഈ കാലഘട്ടത്തിലെ മാധ്യമങ്ങളുടെ കാര്യത്തിലും പറയാനുള്ളത്. ഇവയ്ക്കു രണ്ടിനും ഇടയിലെ സത്യവും മിഥ്യയും ചികഞ്ഞെടുക്കുക എന്നത് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യവും അപ്രാപ്യവുമാണ്.  ചുരുക്കം പറഞ്ഞാൽ രാഷ്ട്രീയവും, മാദ്ധ്യമവും അവിശുദ്ധ നാണയത്തിൻ്റെ തലയും വാലും ആണന്ന് ഉറപ്പിക്കാം. 

രാഷ്ട്രീയ പാർട്ടികൾ അവരുടെ സാധാരണ അണികൾ ചെയ്യുന്ന നിസ്സാര കുറ്റങ്ങളെ പോലും ന്യായീകരിക്കാനോ, മൂടിവയ്ക്കാനോ, മറ്റു ചിലപ്പാേൾ മഹത്വവൽക്കരിക്കാനോ ശ്രമിക്കുന്നത് കാണാം. അണികളുടെ കഥ ഇതാണങ്കിൽ നേതാക്കളുടെ അഴിമതിയോ, കുറ്റകൃത്യമോ അവരുടെ അവകാശമായി തീറെഴുതി വയ്ക്കപ്പെട്ടിരിക്കുന്നു. രസകരമായ വിഷയമെന്തെന്നാൽ, ഇതേ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികൾ ആണങ്കിൽ അത് അക്ഷന്തവ്യമായ കുറ്റമായി വിധിക്കുകയും, കല്ലെറിയുകയും, പൊതുജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഭരണപക്ഷവും പ്രതിപക്ഷവും കിളിത്തട്ട് കളിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് ഓരോ അഞ്ചു വർഷം കൂടുമ്പോൾ നായകനും, വില്ലനും കഥാപാത്രങ്ങളെ പരസ്പരം കൈമാറുന്നു എന്നതൊഴിച്ചാൽ, ഒരേ ഗുണവും മണവുമുള്ള വീഞ്ഞ് പുതിയ കുപ്പിയിലേക്ക് പകർത്തപ്പെട്ടത് ഒഴിച്ചാൽ, കുറ്റവും ശിക്ഷയും അതിനിടയ്ക്കുള്ള ഗ്വോ ഗ്വോ വിളികളുടെ ഉറവിടങ്ങളും അതിൻ്റെ അലയൊലികൾ പോലും ഒന്നു തന്നെയാണ്.

മാദ്ധ്യമങ്ങൾ പൂർണമായും കച്ചവട സ്ഥാപനങ്ങളായി അധപ്പതിച്ചിരിക്കുന്നു. പരസ്പര പുറംചൊറിയൽ കുതിരക്കച്ചവടങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ മറുവശം കൈകാര്യം ചെയ്യുന്നത് മാദ്ധ്യമങ്ങൾ ആകുമ്പോൾ കച്ചവടം പൊടിപൊടിക്കും എന്ന് ഉറപ്പല്ലേ. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വേണ്ടി വെറും ശൂന്യതയിൽ നിന്ന് രാജ്യരക്ഷയെ തന്നെ അപമാനത്തിലാക്കിയ ചാരക്കേസ് ചമഞ്ഞെടുത്ത മനോരമ പോലെയുള്ള ഒരു മാദ്ധ്യമ സ്ഥാപനത്തിന് ഒരു തുള്ളി ചോര പോലും നഷ്ടപ്പെടാതെ ഇന്നും ഈ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ കഴിയുന്നുണ്ടങ്കിൽ അത്  അധമ രാഷ്ട്രീയവും കച്ചവട മാദ്ധ്യമ പ്രവർത്തനവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര തീവ്രവും സുദൃഡവും ആണന്ന് മനസ്സിലാക്കണം. കേരള പ്രബുദ്ധതയെ മൂക്കോളം മുക്കി ചാരക്കേസ്  അവിശുദ്ധമായി ചമച്ച് സത്യമെന്ന പേരിൽ അടിച്ചേൽപ്പിക്കാമെങ്കിൽ ഇന്ന് നമ്മുക്ക് മുന്നിലൂടെ സ്ക്രോൾ ചെയ്യപ്പെടുന്ന എത്ര വാർത്തകളിൽ അത് ആവർത്തിക്കപ്പെടുന്നുണ്ടാവും. 

സത്യം എന്നത് സാധാരണ ജനങ്ങളുടെ തീണ്ടാപ്പാട് അകലെയാണ്. വരേണ്യ രാഷ്ട്രീയമാധ്യമ അവിശുദ്ധ ജന്മികൾ പത്ര ചാനൽ പറമ്പുകളിൽ കുഴികുഴിച്ച് ഇലയിട്ട് വിളമ്പുന്ന വാർത്താ അമേദ്ധ്യങ്ങളെ സത്യത്തിൻ്റെ ഉപ്പിട്ട കഞ്ഞിയായി കണ്ട് മൃഷ്ടാന്നം ഭോജിക്കുക മാത്രമാണ് സാധാരണക്കാരൻ്റെ വിധി. ചോദ്യങ്ങൾ ചോദിക്കാനും, നല്ലവയെ ആവശ്യപ്പെടാനും തുനിഞ്ഞാൽ, കീഴാള ചുട്ടി കുത്താനും, ചലിച്ച നാവു പിഴാനും പ്രാപ്തിയുള്ള രാഷ്ട്രീയ മാദ്ധ്യമ പ്രജാപതികളും, അവരുടെ അന്തം കുഴലൂത്തുകാരും ഉള്ളിടത്ത്, ഭൂരിപക്ഷ സാധാരണ ജനവും, അറിയാതെ ഉയർത്തിയ ചെറു ചൂണ്ടുവിരൽ പോലും മടക്കി അവൻ്റെ കുടുംബ പരാധീനതകളിലേക്ക് വലിയും. അതാണ് ഈ അവിശുദ്ധരുടെ വിജയവും.

ഇപ്പാേൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന നാടകങ്ങളും മുകളിൽ പറഞ്ഞ തരത്തിൽ പെടുന്ന ചില അവിശുദ്ധതയുടെ ഭാഗമാണന്നതിൽ ഒരു തർക്കവുമില്ല. ഈ നാടകത്തിൻ്റെ അവസാനം പരസ്പരം കടിച്ചു കീറിയ ഭരണ പ്രതിപക്ഷ മാധ്യമ നടന്മാർ കർട്ടന് പിന്നിൽ നിന്ന് പരസ്പരം ഹസ്തദാനം പുഞ്ചിരിക്കുന്നുണ്ടാവും, അപ്പോൾ നാം പൊതുജനം ആവേശത്തോടെ  പോളിംഗ് ബൂത്തിലേക്ക് ഓടുന്നുണ്ടാവും, മാദ്ധ്യമത്തിൽ നിറഞ്ഞു നിന്ന നല്ലവനായ സ്ഥാനാർത്ഥിയെയും, അവൻ്റെ മുന്നണിയേയും വിജയിപ്പിക്കാൻ.