. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 30 December 2019

ജിപ്സം - ചിന്തിക്കേണ്ട ചില വസ്തുതകള്‍.

ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്‍റെ ഇന്‍റീരിയറിന്‍റെ ഭംഗി കൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക.

പ്രകൃതിയിൽ നിന്ന് ഘനനം ചെയ്ത് എടുക്കുന്ന കാൽസ്യം സൾഫേറ്റ് ആണ് ജിപ്സം എന്ന പേരിൽ അറിയപ്പെടുന്നത്.  പ്ലാസ്റ്റർ ഓഫ് പാരീസ് ജിപ്സത്തിന്‍റെ ഒരു ബൈ പ്രോഡക്ട് ആണന്ന് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു. നമ്മൾ സീലിംഗിനും, ഡ്രൈവാൾ പാർട്ടീഷനു ഉപയോഗിക്കുന്ന ജിപ്സം ബോർഡുകൾ നിർമ്മിക്കുന്നതും പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ തന്നെയാണ്. 

ജിപ്സത്തിന് ചൂടിനെ ഒരു പരിധി വരെ ചെറുത്തു നിർത്താൻ കഴിയുമെങ്കിലും ജലവുമായി പൊരുതാൻ ഒട്ടും കഴിവില്ലാത്ത ഒരു മൂലകമാണ്. അതിനാൽ തന്നെ വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്യമോ, ആത്മാർത്ഥതയോ കാണിക്കാത്തവർക്ക് അഭികാമ്യമായ പ്രോഡക്ടല്ല ജിപ്സം.  ജിപ്സം സീലിംഗുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ റൂഫ് ഒരിക്കലും ലീക്ക് ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുക. ജിപ്സം ജലത്തെ വളരെയധികം ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്ട് ആണ്. ഒരു ചെറിയ ലീക്ക് പോലും സീലിംഗ് മുഴുവനായി വീണുപോകാൻ കാരണമായേക്കും. ഇനി അഥവാ വീണില്ല എങ്കിൽ തന്നെ ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കുതിർന്ന് പോകുകയും ഘനത്തിൽ വ്യത്യാസം ഉണ്ടാകുകയും, സീലിംഗ് മുഴച്ച് കാണപ്പെടുകയും ചെയ്യും. ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കളർ മാറുകയും പിന്നീട് എത്ര വട്ടം പെയിന്‍റ് ചെയ്താലും അത് മായ്ക്കാൻ കഴിയാതെ വരികയും ചെയ്യും.

പൂർണമായും തണുത്ത കാലാവസ്ഥയിൽ ഉപയോഗിച്ചിരുന്ന ജീൻസ് ഇന്ന് ഹ്യുമിഡിറ്റി കൂടുതൽ ഉള്ളിടങ്ങളിലേ പോലും ഫാഷൻ ട്രൻഡ് ആയത് പോലെയാണ് വർഷം മുഴുവൻ മഴ പെയ്യുന്നതും, ചോർച്ച ഒഴിവാക്കാൻ മല്ലയുദ്ധം നടത്തുകയും ചെയ്യുന്ന നമ്മൾ കേരളീയർ ജിപ്സം  ഉപയോഗിച്ചാലുള്ള അവസ്ഥ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ജിപ്സം പൂർണമായും ചൂടുകാലാവസ്ഥയുള്ള ഇടങ്ങളിൽ ഉപയോഗിക്കാൻ അഭികാമ്യമായ ഒരു വസ്തുവാണ്. 

ജിപ്സം ഉപയോഗത്തെ തടുത്ത് നിർത്താൻ കഴിയാത്ത രീതിയിൽ വ്യാപിച്ചിരിക്കുന്നു. അതിനാൽ തന്നെ അത് ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ചില ജാഗ്രതകളെ കുറിച്ച് പറയാം. അലർജിയോ, ആസ്മയോ, മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവർ ജിപ്സം പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാലക്രമേണ ജിപ്സത്തിന്‍റെ ബോണ്ടിംഗ് കുറയ്ക്കുകയും, വളരെ കൃത്യമായി മെയിന്റ്യിൻ ചെയ്യാത്ത കെട്ടിടങ്ങളിൽ അത് കാൽസ്യം സൾഫേറ്റിന്‍റെ ചെറിയ കണികകൾ സ്രിഷ്ടിക്കാൻ സാധ്യതയുണ്ട്. അത് മേൽപ്പറഞ്ഞ രോഗമുള്ളവർക്ക് അതിന്‍റെ ആക്കം കൂട്ടാൻ കാരണമായി മാറുകയും ചെയ്തേക്കാം. 

ജിപ്സം സീലിംഗിന്‍റെയും വീടിന്‍റെ മേൽക്കൂരയുടേയും ഭാഗങ്ങൾ കാറ്റാേ വെളിച്ചമോ കടക്കാത്ത രീതിയിൽ ടൈറ്റാക്കിയിട്ടുണ്ടന്ന് ഉറപ്പ് വരുത്തുക. ജിപ്സത്തിൽ ലൈറ്റിനോ മറ്റ് ഫീച്ചേഴ്സുകൾക്ക് വേണ്ടിയോ എടുക്കുന്ന ഹോളുകൾ പൂർണമായും സീൽഡാണന്ന് ഉറപ്പു വരുത്തുക. വെളിയിൽ നിന്ന് ഈ ഗ്യാപ്പിലേക്ക് ഒരു ഓപ്പണിംഗും ഇല്ല എന്ന് ഉറപ്പു വരുത്തുക. കാരണം നമ്മുടെ അശ്രദ്ധ ക്ഷുദ്രജീവികൾക്ക് നല്ലൊരു താവളമായി മാറാൻ സാധ്യതയുണ്ട്. എലി മുതൽ പാമ്പു വരെ എത്തിപ്പെടുകയും താവളമാക്കുകയും ചെയ്യാം. ഒപ്പം ഇത്തരം ഹോളുകളിൽ കൂടി പൊടിപടലങ്ങൾ ഉള്ളിൽ കടന്ന് കുമിഞ്ഞു കൂടി പിന്നീട് അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാൽ കഴിയില്ല.

ജിപ്സം ചെയ്യുന്നിടത്ത് റൂഫ് ടോപ്പിൽ നിന്ന് ചോർച്ച ഒട്ടും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഒരു തുള്ളി ജലാംശം പോലും ജിപ്സത്തെ സാരമായി ബാധിക്കും. റൂഫിന് മുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്താൽ ഏറെ അഭികാമ്യം. അല്ലങ്കിൽ ഒരു മീറ്ററിന് മിനിമം ഒരു സെന്റിമീറ്റർ എന്ന നിലയിൽ എങ്കിലും ചരിവ് ഉറപ്പ് വരുത്തി റൂഫ് ഡ്രൈയിൻ ഹോളിലേക്ക് മഴവെള്ളം പൂർണമായും എത്തിക്കുന്ന രീതിയിൽ സിമിന്‍റ പ്ലാസ്റ്റർ ചെയ്ത് ലീക്ക് ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.

കാൽസ്യം ശരീരത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത  ഒന്നാണ്. ജിപ്സം അഥവാ കാൽസ്യം സൾഫേറ്റ്  പ്രകൃതി നൽകുന്ന ഒരു വരവും. എന്നാൽ കാൽസ്യം സൾഫേറ്റ് മനുഷ്യ ശരീരത്തിന് അത്ര അഭികാമ്യമല്ല എന്ന ചെറിയ ഓർമ്മ സൂക്ഷിച്ചോളുക.

Sunday 29 December 2019

മുറിയുന്ന മനുഷ്യ ബന്ധങ്ങള്‍.

ഇത് എന്‍റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞ സംഭവമാണ്. സംഭവം നടക്കുന്നത് ദുബായ്. മതം എടുത്ത് പറയുന്ന ശീലം എനിക്കില്ല, എങ്കിലും ഇവിടെ അതിന് പ്രസക്തിയുണ്ടന്നതിനാൽ പറയാതിരിക്കാൻ കഴിയില്ല. ഒരു മുസ്ലീം മതാഷ്ടിത രാജ്യത്ത് ജോലിയന്വേഷിച്ച് പോയ ഹിന്ദുവിന് ഉണ്ടായ അനുഭവമായി ഈ സംഭവത്തെ വിലയിരുത്തുമ്പോൾ തന്നെയാണ് സമകാലീന രാഷ്ട്രീയത്തിൽ അതിന് പ്രസക്തിയുണ്ടാകുക. അതുകൊണ്ട് മതം പറയേണ്ടി വരുന്നു, ക്ഷമിക്കുക.

തന്‍റെ കാർ സ്റ്റാർട്ടിംഗ് ട്രബിളിനാൽ ഉപയോഗിക്കാൻ കഴിയാതിരുന്നതിനാലാണ് അദ്ദേഹത്തിന് പതിവ് പോലെ സ്വന്തം വണ്ടിയിൽ അന്ന് യാത്ര ചെയ്യാൻ കഴിയാതിരുന്നത്. പാക്കിസ്ഥാനി ഡ്രൈവർ ഓടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് യാത്ര തുടങ്ങുമ്പോൾ ഓഫീസിൽ സമയത്തിന് എത്താൻ കഴിയുമോ എന്ന ആശങ്ക മാത്രമായിരുന്നു മുന്നിൽ. ഇടയ്ക്ക് എപ്പഴോ ഡ്രൈവർ അദ്ദേഹത്തിന്റെ പേരും രാജ്യവും ഒക്കെ ചോദിച്ചു, അലസമായി അതിന് മറുപടി പറയുകയും ചെയ്തു. പിന്നെ കുറെ കഴിഞ്ഞാണ് അവൻ "ആപ് മുസൽമാൻ ഹൈ" എന്ന ചോദ്യം ഉന്നയിച്ചത്. വലിയ താത്പര്യമില്ലാത്ത മട്ടിൽ "അല്ല ഹിന്ദു ആണ്" എന്ന് പറഞ്ഞ് പുറംകാഴ്ചകൾ നോക്കിയിരുന്നു. 

അൽപ്പസമയത്തിന് ശേഷം ആണ് ഡ്രൈവർ അസാധാരണമായ രീതിയിൽ സംസാരിച്ച് തുടങ്ങിയത്. പാക്കിസ്ഥാനി ഡ്രൈവർ, എന്‍റെ സുഹൃത്തിനെ മതവും, ജാതിയും വംശവും പറഞ്ഞ് അധിക്ഷേപിച്ച് തുടങ്ങിയിരുന്നു. അറിയാവുന്ന ഉറുദുവിൽ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും അധിക്ഷേപം അതിന്‍റെ എല്ലാ സീമകളും ലംഘിച്ച് വളരെ മോശം പദപ്രയോഗങ്ങളിലേക്ക് കടന്നു. ഈ സമയം എന്റെ സുഹൃത്ത് മൊബൈൽ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുകയും പ്രസക്തമായ ഭാഗങ്ങൾ റെക്കോഡ് ചെയ്യുകയും ചെയ്തു. പിന്നീട് വഴക്കിന് ഒടുവിൽ ഒരു ദാക്ഷണ്യവും കാട്ടാതെ വഴിയിൽ ഇറക്കി വിടുമ്പോൾ കാറിന്‍റെയും ഡ്രൈവറുടേയും ഫോട്ടോയും, റജിസ്ട്രേഷൻ നമ്പറും സഹിതം ശേഖരിച്ചതിന് ശേഷം ഇറങ്ങിയിടത്ത് നിന്ന് തന്നെ പോലീസിനെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു.

പത്ത് മിനിറ്റിനുള്ളിൽ പോലീസ് എത്തി. സുഹൃത്ത് ഉണ്ടായ അനുഭവങ്ങൾ തെളിവുകൾ സഹിതം പോലീസുകാരന് മുന്നിൽ നിരത്തി. പോലീസുകാരൻ വയർലസിൽ കൂടി നിർദ്ദേശം കൊടുത്തു ഏതാനും മിനിറ്റുകൾക്കകം സുഹൃത്ത് യാത്ര ചെയ്ത ടാക്സി രണ്ട് പോലീസ് വണ്ടിയുടെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് കൊണ്ടുവന്നു. ഡ്രൈവറോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. അയാൾക്ക് താൻ ചെയ്തില്ല എന്ന് പറയാൻ കഴിയാത്ത രീതിയിൽ തെളിവുകൾ നൽകാൻ സുഹൃത്തിന് കഴിഞ്ഞു. പിന്നെ നടന്നത് അത്ഭുതകരമായ സംഭവങ്ങൾ ആയിരുന്നു. ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്ത സുഹൃത്തിന് നീതി കിട്ടി എന്ന് മാത്രമല്ല, ഒപ്പം ഒരു റിവാർഡും കിട്ടുകയുണ്ടായി. പാക്കിസ്ഥാനിക്ക് ജയിൽ ശിക്ഷയും, ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ചത്.

ഞാൻ ഈ സംഭവത്തെ ഇത്ര വിശദമായി ഇവിടെ വിവരിച്ചത് ജനാധിപത്യം ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ പൗരന്മാർ അനുഭവിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാട്ടാനാണ്. ശക്തമായ മുസ്ലീം ശരിയ നിയമത്തിൽ അധിഷ്ടിതമായ സൗദി അറേബ്യയിൽ പോലും അന്യമതസ്ഥനെ അവന്‍റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ ശിക്ഷ ഉറപ്പാണ്. അത്തരം അവസരത്തിലാണ് ജനാധിപത്യ ഇന്ത്യയിൽ മതവും ജാതിയും തിരിച്ച് ചുട്ടികുത്തിയുള്ള അനുഭവങ്ങൾ സ്വന്തം രാജ്യത്തെ പൗരന്മാർ സർക്കാർ തലങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത്. നമ്മൾ മുന്നോട്ടാണ് കുതിക്കുന്നത് എന്ന് അവകാശപ്പെടുമ്പോഴും വിവേചന ബുദ്ധി തീരെയില്ലാത്ത തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികളാൽ ലോക രാജ്യങ്ങൾക്ക് പിന്നിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് നാം.

Saturday 28 December 2019

വാസ്തുശാസ്ത്രത്തിന്‍റെ ചില കാണാപ്പുറങ്ങള്‍.

വാസ്തു ശാസ്ത്രത്തെ കുറിച്ച് അൽപ്പം സംസാരിക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്. അപ്പോൾ ഒരു ചോദ്യം വരാം "നിങ്ങൾ വാസ്തു ശാസ്ത്ര വിദഗ്ദനാണോ?" എന്ന്. തീർച്ചയായും ഞാൻ ഒരു വാസ്തു ശാസ്ത്ര വിദഗ്ദനല്ല, മറിച്ച് കഴിഞ്ഞ 25 വർഷമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സിവിൽ എൻജിനീയറാണ്, ഒപ്പം ഫാമിലി കൗൺസിലിംഗ് ടീമിനൊപ്പം പ്രവർത്തിച്ച പരിചയവും ഉണ്ട്. വാസ്തു ശാസ്ത്ര സംബന്ധമായ ധാരാളം ഗ്രന്ഥങ്ങൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഈ കുറിപ്പ് എഴുതാനുള്ള ഉപാേത്ബലകമായി സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്രവും, ആധുനിക എൻജിനീയറിംഗും, ഫാമിലി കൗൺസിലിംഗും തമ്മിൽ എന്ത് ബന്ധം എന്ന് പുരികം ചുളിക്കാൻ വരട്ടെ. തീർച്ചയായും നമ്മുടെ സാധാരണ മലയാളി കുടുംബ പശ്ചാത്തലത്തിലേക്ക് കുറച്ച് കാര്യക്ഷമതയോടെ ഒന്ന് ഊളിയിട്ടാൽ ഇവ തമ്മിൽ അഭേദ്യ ബന്ധം ഉണ്ടന്ന് മനസ്സിലാക്കാം.

ആമുഖമായി തന്നെ പറയട്ടെ, വാസ്തു ശാസ്ത്രം എന്നത് സമ്പൂർണ്ണമായും ഒരു ശാസ്ത്രം മാത്രമാണ്, അതിൽ അന്ധവിശ്വാസത്തിന്‍റെ കണിക പോലും ഇല്ല. ഇന്നത്തെ അത്യാധുനിക എൻജിനീയറിംഗിന്‍റെ ഒരു പഴയ പതിപ്പ് മാത്രമാണ് വാസ്തു ശാസ്ത്രം. പുണ്യപുരാണ ഗ്രന്ഥങ്ങളുടെ രചനാ കാലഘട്ടത്തിന്റെ പരിധിയിൽ നിന്ന് ചിന്തിച്ചാൽ അതിൽ അൽപ്പം ദൈവീകത മനപ്പൂർവ്വമോ അല്ലാതെയോ കടന്നു കൂടി എന്ന് മാത്രം. വാസ്തു ശാസ്ത്രം പ്രധാനമായും  നിഷ്കർഷിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിർമ്മാണ രീതിയാണ്. അതിൽ ഉപയോഗിക്കുന്ന വാക്കുകളിൽ അഗ്നി കോണും, ഈശാന കോണും, കന്നിമൂലയും ഗണപതിയും സരസ്വതിയും കടന്നു വന്നത് അത്  എഴുതപ്പെട്ട കാലഘട്ടത്തിന്റെ ഒരു സാധാരണ വിഷയമാണന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ വാസ്തു ശാസ്ത്രത്തെ അന്ധവിശ്വാസത്തിന്‍റെ പിന്നാം പുറത്തേക്ക് പുറം കാലുകൊണ്ട് തട്ടുന്നവരെ കൊണ്ടു പോലും മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും. 

വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഒരു വരി പോലും പണമുണ്ടാക്കാനുള്ള വഴികൾ പ്രതിപാദിക്കുന്നില്ല. പ്രധാന വാതിലിനു പുറകിൽ മണി കെട്ടിയാൽ, ബുദ്ധ പ്രതിമ വച്ചാൽ, ഗ്ലാസ് വച്ചാൽ ഒക്കെയും പണം ഒഴുകി വരും എന്ന്  വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും പറയുന്നില്ല. വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഐശ്വര്യം വരാനുള്ള വഴികൾ ഉപദേശിക്കുന്നില്ല. പൂജ ചെയ്ത തകിടുകൾ വീടിനു ചുറ്റും കുഴിച്ചിട്ടാൽ സാത്താൻ കയറാതിരിക്കും എന്ന് പറയുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങളെ എല്ലാം വാസ്തു ശാസ്ത്രത്തിലേക്ക് തിരികി കയറ്റിയത് ഈ കാലഘട്ടത്തെ മറ്റു പല രീതികളിൽ മലീസമാക്കി അതിൽ നിന്നും ചോരയൂറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അതേ ക്ഷുദ്രജീവികൾ തന്നെയാണ്.

ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു എന്ന് മുകളിൽ സൂചിപ്പിച്ചതിന്‍റെ പ്രസക്തിയെ കുറിച്ച് പറയാം. പല കുടുംബങ്ങളിലെയും സാധാരണവും അസാധാരണവുമായിട്ടുള്ള വിഷയങ്ങളെ ശ്രവിക്കേണ്ടി വരുന്ന ഒട്ടുമിക്ക  അവസരങ്ങളിലും പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന പലരിൽ നിന്നും, കലഹത്തിന്‍റെ മൂലകാരണമായി, പ്രധാന വില്ലനായി വാസ്തുവിനേയും, ജ്യോതിഷത്തേയും അവതരിപ്പിച്ച് കേൾക്കാനിടയായിട്ടുണ്ട്.  കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാകുന്ന സാധാരണ കലഹങ്ങളെ പോലും, നമ്മൾ മലയാളികൾ വീടിന്‍റെ നിർമ്മിതിയിലെ പ്രശ്നമായും, നക്ഷത്രത്തിന്റെ പ്രശ്നത്തിലേക്കും ചേർത്ത് കെട്ടി തങ്ങളുടെ ഈഗോയെ അതിവിദഗ്ദമായി മൂടിവയ്ക്കാൻ ശ്രമിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളെ, ജ്യോതിഷവും, വാസ്തുവിദ്യയും ശാസ്ത്രമാണന്ന് മറച്ച് വച്ച് അന്ധവിശ്വാസങ്ങൾക്ക് വേണ്ടി ബോർഡ് വച്ചിരിക്കുന്നവർക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമത്തിന് നമ്മെ പ്രേരിപ്പിക്കുകയും, അവർ അതിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി നേടാവുന്നതിന്‍റെ പരമാവധി നേടിയെടുക്കുകയും ചെയ്യും.  എവിടെയും എങ്ങനെയും വീട് പണിയാം, വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമയുണ്ടങ്കിൽ മാത്രം. ഒരു വീട്ടിലെ കലഹങ്ങൾക്ക് കാരണഹേതു ഒരിക്കലും ആ വീടിന്‍റെ സ്ഥാനമോ, കക്കൂസിന്റെ കന്നിമൂലയിലെ സാന്നിദ്ധ്യമോ അല്ല എന്നും,  മറിച്ച് കുടുംബാംഗങ്ങൾക്ക് ഇടയിലെ ഉള്ളിലെ പരസ്പര ധാരണയില്ലായ്മ മാത്രമാണന്ന് തിരിച്ചറിവ് ഉണ്ടാക്കുക മാത്രമാണ് പോംവഴി.  വീട്ടീലെ പണമില്ലായ്മക്കോ പട്ടിണിക്കോ കാരണം നിങ്ങളുടെ ജീവിതത്തിന്‍റെ പ്ലാനിംഗിലുള്ള ക്രമക്കേടോ, അല്ലങ്കിൽ നിങ്ങളുടെ കഴിവുകേടോ ആണന്ന തിരിച്ചറിവുണ്ടാകട്ടെ, അതിന് വീടിന്‍റെ ജനലോ കതകോ മാറ്റി വച്ചാൽ പരിഹാരമായി എന്ന വിഡ്ഢിത്തത്തിൽ വിശ്വസിക്കാതിരിക്കാനുള്ള പ്രബുദ്ധതയെങ്കിലും ഉണ്ടാവട്ടെ.

വാസ്തു സംബന്ധിയായ പലകാര്യങ്ങളിൽ ഏവരും ചോദിക്കുന്ന ഏറ്റവും രസകരമായ  ഒരു ചോദ്യത്തിന്റെ ഒരു വസ്തുത പറയാം. ഭാരതീയ വാസ്തു ശാസ്ത്രത്തിൽ വീടിനുള്ളിൽ കക്കൂസ് എന്ന സങ്കൽപ്പമേയില്ല, എന്തിന് കക്കൂസ് എന്ന സങ്കൽപ്പം തന്നെയില്ല. പിന്നെയെങ്ങനെ വാസ്തു ശാസ്ത്ര പ്രകാരം കക്കൂസിന്‍റെ സ്ഥാനം നിർണയിക്കാൻ കഴിയും എന്നത് ചിന്തനീയം. കാലാനുസൃതമായ കഴിവും കഴിവുകേടും മറ്റെല്ലാ പുണ്യപുരാണങ്ങളിലേത് എന്നത് പോലെ വാസ്തു ശാസ്ത്രത്തേയും ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ അമിതമായ അന്ധവിശ്വാസങ്ങളിലേക്ക് പോകാതിരിക്കാൻ കഴിയും. ഉത്തമയായ കലഹങ്ങളില്ലാത്ത ഒരു കുടുംബ ജീവിതം നയിക്കുന്നിടത്ത് കിടപ്പുമുറിയുടെ സ്ഥാനമോ, കക്കൂസിന്റെ സ്ഥാനമോ ഒരിക്കലും ഒരു പ്രശ്നമാകില്ല എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.

വാസ്തു സംസാരിക്കുന്നത് ഇത്രമാത്രം. വീട് പണിതാൽ അത് പ്രകൃതിയോട് ഇഴുകി ചേർന്നിട്ടുള്ള ഒരു നിർമ്മിതിയായിരിക്കണം. വാസ്തു നിങ്ങൾക്ക് ആരോഗ്യപരമായ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. തികച്ചും ആരോഗ്യ പരമായ ഒരു ജീവിത പരിസരം ഒരുവനിൽ സന്താേഷമുള്ള, ഊർജ്ജസ്വലമായ വളെരെ പോസിറ്റീവായ, ചിന്താശേഷിയുള്ള ക്രയവിക്രയങ്ങൾ മാത്രമേ ഉണ്ടാകു എന്ന് ആധുനിക ശാസ്ത്രം പറയുന്നു, അത് തന്നെയാണ് അൽപ്പം പിന്നിലേക്ക് നടന്നാൽ വാസ്തു ശാസ്ത്രവും പറഞ്ഞ് വച്ചിരിക്കുന്നത്. നമ്മുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, അതിന് വാസ്തു ശാസ്ത്രം നിങ്ങൾക്ക് വഴികാട്ടിയാവട്ടെ.  വീടിനുള്ളിൽ നിങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ സംഭവിക്കുന്ന മറ്റൊന്നിനും ഉത്തരവാദി വാസ്തു ശാസ്ത്രമല്ല.

Thursday 26 December 2019

ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി.

വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ  കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു. പരിഹാരമായി ജില്ലതോറും  വേശ്യാലയങ്ങൾ തുറക്കുന്നതിനെപറ്റി വരെ പലരും വാചാലരാകുന്നതും കണ്ടു. പീഡനങ്ങൾക്ക്  ലൈംഗികതയുടെ അലഭ്യത ചിലരിലെങ്കിലും കാരണമായേക്കാം എന്ന സാധ്യതയല്ലാതെ അത് മാത്രമാണ് കാരണം എന്ന ആണിയടിക്കലുകളോട് വിയോജിക്കേണ്ടി വരും.

ലൈംഗികത എന്നത് ജനിതകമായ ഒരു ആവശ്യമെന്നിരിക്കെ അതിനെ ഏത് സാമൂഹിക സാഹചര്യത്തിന്റെ പേര് പറഞ്ഞ് അണക്കെട്ടി നിർത്താൻ ശ്രമിച്ചാലും ചിലവഴികളിലൂടെ അത്  ഉറവപൊട്ടിയൊഴുകും എന്നത് പരമാർത്ഥമാണ്. സ്ത്രീപുരുഷ സ്രിഷ്ടികളെ ശാസ്ത്രീയമായോ ഇനി അതല്ല ദൈവീകമായി അപഗ്രഥിച്ചാലും കായബലത്തിൽ സ്ത്രീയെക്കാൾ ഒരുപടി മുന്നിലാണ് പുരുഷൻ എന്ന സത്യം അംഗീകരിക്കുകയല്ലാതെ തരമില്ല. സ്ത്രീപുരുഷ സമത്വം എന്നത് ഒരു മാനസിക ഐക്യപ്പെടലിന് അപ്പുറം അതിന് ശാരീരിക തലത്തിൽ ഒരു പ്രസക്തിയും ഇല്ല എന്നത് സ്ത്രീപക്ഷ വാദികളാൽ അംഗീകരിക്കപ്പെടില്ല എങ്കിൽ പോലും പറയാതിരിക്കാൻ നിർവ്വാഹമില്ല. മൃഗം എന്ന രണ്ടക്ഷരത്തിൽ മനുഷ്യനേയും ശാസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും വികലമല്ലാത്ത മറ്റൊരു സത്യമാണ്. അതുകൊണ്ട് തന്നെ ഏതൊരു മൃഗത്തിലും പുരുഷനിൽ  ജനിതകമായി അവരോധിക്കപ്പെട്ടിട്ടുള്ള കീഴടക്കൽ ലൈംഗികത  മനുഷ്യനിൽ മാത്രം വെറും ലൈംഗിക അലഭ്യതയിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാം. ആത്യന്തികമായി സ്ത്രീയെ വെറും ഭോഗവസ്തുവായി കാണുന്ന ഒരു മൃഗം തന്നെയാണ് ഏതൊരു പുരുഷനും. പുരുഷമൃഗത്തിന് തന്‍റെ മുന്നിൽ നിൽക്കുന്ന അതേ ജനുസ്സിൽപെട്ട ഏതൊരു സ്ത്രീയും അവന്‍റെ ലൈംഗിക തീഷ്ണയുടെ അവസാന ആശ്രയം മാത്രമാണ്. അതിൽ പ്രായമോ ബന്ധമോ സൗഹൃദമോ സാമൂഹിക പരിസരങ്ങളോ ഒരു ഘടകമേയല്ല എന്നും നമ്മൾക്ക് തീർച്ചയായും അറിയാം. പറഞ്ഞു വന്നത് മനുഷ്യനിലെ പ്രത്യേകിച്ച് പുരുഷനിലെ  മൃഗീയത അവനിൽ ജനിതകമായി തന്നെ രൂഡമൂലമായിരിക്കുന്ന  ഒരു മാനസികാവസ്ഥ തന്നെയാണ് എന്നാണ്. ശാസ്ത്രലോകത്തിന് പോലും പ്രതിവിധി നിർദേശിക്കാൻ കഴിയാത്ത അതിനെ അലഭ്യത എന്ന മനോഹരമായ വാക്ക് കൊണ്ട് എത്ര വെള്ളപൂശാൻ ശ്രമിച്ചാലും ഉള്ളിലെ കറുപ്പ് പുറത്ത് കാണും എന്ന് സുവ്യക്തം.

എന്തുകൊണ്ട് ഈ ക്രൂരത എല്ലാവരിലും കാണപ്പെടുന്നില്ല, എന്തുകൊണ്ട് ചിലരിൽ മാത്രം കാണപ്പെടുന്നു  എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കപ്പെടാം. പുരുഷന്‍റെ  വീക്ഷണകോണിൽ  നിന്ന് എനിക്ക് അതിന് കുറെ ഉത്തരങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേത് സാമൂഹിക പരിസരം തന്നെയാണ്. തന്‍റെ ചുറ്റുപാടുകൾ അത് നിഷ്കർഷിക്കുന്ന ചില കെട്ടുപാടുകൾ അവൻ അറിയാതെ അവനെ നിയന്ത്രിക്കുന്നുണ്ട്. രണ്ടാമത്തേത് സാംസ്കാരിക തലമാണ്. വിദ്യാഭ്യാസം ലോക പരിചയം അതിലൂടെയുണ്ടാകുന്ന സമഭാവനാ മനോഭാവം എന്നിവ ഈ വിഭാഗത്തെ ക്രൂരതയിൽ നിന്ന് ഒഴിച്ച് നിർത്തും. മൂന്നാമത്തേത് ദൈവീകമാണ്. താൻ ചെയ്യുന്ന പാപങ്ങളെ ചോദ്യം ചെയ്യാൻ ഒരു ശക്തിയുണ്ട് എന്ന ചിന്തയാണ് ഈ വിഭാഗക്കാരെ മനുഷ്യത്വപരമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.  നാലാമത്തേത് നിയമ വാഴ്ച്ചയോടുള്ള ഭയമാണ്. തന്‍റെ പ്രവർത്തിയിൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയും അതിലൂടെ തനിക്കും തന്റെ ആശ്രിതർക്കും ഉണ്ടാകുന്ന മാനഹാനി ഇവരെ മാറ്റിനിർത്തപ്പെടുന്നു.  ഇനി അഞ്ചാമത്ത് ഒരു വിഭാഗമുള്ളത് അവസരങ്ങളുടെ അഭാവമുള്ളവർ ആണ്. ഈ അഞ്ചാം തരക്കാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും ഭയപ്പെടേണ്ടതും. ഇവരെ തിരിച്ചറിയാൻ ഒരു ഘടകവുമില്ല എന്നതാണ് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇത്തരക്കാർ മേൽപ്പറഞ്ഞ സാമൂഹിക സാംസ്കാരിക ദൈവീക നിയമഭയ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നായി അഭിനയിച്ച് ഒരിക്കലും തിരിച്ചറിയപ്പെടാത്തവരായി നമ്മുക്ക് ചുറ്റും ഉണ്ടാവും. മൃഗീയതയെ ഒരു വേശ്യാത്തെരുവിലൂടെ ഒതുക്കി നിർത്താൻ കഴിയില്ല എന്നതിന് ഇതിൽ കൂടുതൽ വിവരണം ആവശ്യമുണ്ടന്ന് തോന്നുന്നില്ല.

ജനിതക മൃഗീയതയ്ക്ക് പരിഹാരം വേശ്യാത്തെരുവുകൾ അല്ലങ്കിൽ പിന്നെ എന്ത് എന്ന ചോദ്യത്തിനാണ് പരിഹാരമായി ലൈംഗിക വിദ്യാഭ്യാസത്തെ നിർദ്ദേശിക്കപ്പെടുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യസത്തിന്റെ അഭാവം എത്രമാത്രം പ്രസക്തമാണന്ന് ഒരു അനുഭവത്തിലൂടെ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു. നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എന്‍റെ കമ്പനിക്ക്  ഒരിക്കൽ റിയാദിലെ അമേരിക്കൻ ഇന്‍റെര്‍നാഷണല്‍ സ്കൂളിൽ ഒരു പ്രോജക്ട് കിട്ടുകയുണ്ടായി. അവിടുത്തെ ഓഡിറ്റോറിയം നിർമ്മാണത്തിനൊപ്പം ക്ലാസ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ലാബിൽ ഗ്യാസ് കണക്ഷനുകൾ കൊടുക്കുക എന്നതും പ്രോജക്ടിന്‍റെ ഭാഗമായിരുന്നു. അതിനാൽ തന്നെ പ്രോജക്ട് ഹെഡായ എനിക്ക് ക്ലാസ് മുറികൾ സന്ദർശിക്കാനുള്ള ഒരു അവസരവും ഉണ്ടായി.

നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു പാട് ഘടകങ്ങൾ അടങ്ങിയ ക്ലാസ് മുറികൾ. നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അനുഭവങ്ങളുടെ ഒരു ശേഖരം. അതിൽ ഓരോ ക്ലാസ് മുറിയിലും അതാത് വിഭാഗത്തിന് അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസത്തിനുള്ള സജ്ജീകരണങ്ങൾ കണ്ടാൽ ഏറ്റവും ആധുനികമായി ചിന്തിക്കുന്ന മലയാളി പോലും ഒന്ന് നെറ്റി ചുളിക്കും. ആൺപെൺ ഭേദമില്ലാതെ പരസ്പരം സഹവർത്തിത്തത്തോടെ ഇടകലർന്ന് ക്ലാസെടുക്കുന്ന ടീച്ചറുടെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കിയിരിക്കുന്ന കുട്ടികൾ തന്നെയാണ് ആ സമൂഹം നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും നല്ല തെളിവുകൾ. അത്തരം ഇടകലർന്ന ആൺപെൺ ക്ലാസ് മുറികൾ നമ്മുടെ നാട്ടിൽ ഉണ്ടായാൽ അതിന്‍റെ അവസ്ഥ എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

എങ്ങനെയാണ് ഈ ക്ലാസ് മുറികൾ ലൈംഗിക വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കാം. പ്രൊജക്ടറുകൾ, വിവിധതരം സി ഡി കൾ, പുസ്തകങ്ങൾ, ക്രിത്രിമ ലൈംഗിക അവയവങ്ങൾ, സ്ത്രീ പുരുഷ ശരീരങ്ങളുടെ ചിത്രങ്ങളും സിലിക്കോണിൽ  തീർത്ത പൂർണകായ രൂപങ്ങളും മാത്രമല്ല, പരിമിതികൾ ഇല്ലാതെ ലൈംഗികതയും അതിന്റെ ഗുണദോഷങ്ങളും പഠിപ്പിക്കാൻ വേണ്ട എല്ലാ ഘടകങ്ങളും ഓരോ ക്ലാസ് മുറികളിലും സജ്ജമായിരുന്നു. പ്രായത്തിന്റെ പരിമിതിയിൽ നിർത്തി ഓരോ ക്ലാസിലും വേണ്ട ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് പ്രായപൂർത്തിയാകുമ്പോൾ അത്യാവശ്യമെങ്കിൽ ഒരിണയെ തിരഞ്ഞെടുക്കാനുള്ള പൂർണ സ്വതന്ത്രം സ്ത്രീയ്ക്കും പുരുഷനും നൽകുന്നു എന്നതാണ് പ്രത്യേകത. 

ഭലം നിസ്സാരമല്ല, മൂടിവയ്പ്പില്ലാത്ത ലൈംഗിക വിദ്യാഭ്യാസം മൂലം തന്‍റെ ഇണയോട്  സ്നേഹവും ലൈംഗികതയും മറയില്ലാതെ ആവശ്യപ്പെടാനുള്ള സമത്വം നൽകപ്പെടുന്നു. എന്ത് വേഷം ധരിച്ചാലും അത് അവരുടെ സ്വാതന്ത്രമാണന്ന തിരിച്ചറിവുണ്ടാകുന്നു. തന്‍റെ ഇണയുടെ ശരീരം അവരുടെ താത്പര്യത്തോടെ മാത്രം സ്പർശിക്കാനുള്ള സംസ്കാരം ഉണ്ടാക്കപ്പെടുന്നു. തന്‍റെ ഇണയല്ലാത്ത ഒന്നും തനിക്ക് തൊട്ടു പോലും ലൈംഗികാസ്വാദനം നടത്താനുള്ള ഉപഭോഗവസ്തു അല്ല എന്ന ബോധം സ്രിഷ്ടിക്കപ്പെടുന്നു. ബലാൽസംഗം എത്ര കഠിനമാണന്നും അതിലൂടെ ഒരു സ്ത്രീക്ക് ശാരീരികമായുണ്ടാകുന്ന മുറിവുകൾക്കുപരി അവളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ഉത്ബോധിപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ അവളുടെ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദന പരസ്യമായി കാണിക്കുന്ന വഴി തന്‍റെ അമ്മ തനിക്ക് ജന്മം തന്നപ്പോൾ ഉണ്ടായ വേദന മനസ്സിലാക്കാനും അവരെപ്പോലെ തന്‍റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളെയും പരിചരിക്കാനുമുള്ള അവബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ ഘടനയും രൂപവും തിരിച്ചറിയുകയും ലൈംഗികത എങ്ങനെയെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന വഴി ശരിയായ ലൈംഗിക വേഴ്ചയെക്കുറിച്ച് സംശയ ദൂരീകരണവും നൽകപ്പെടുന്നു.

ഇത്ര ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഒരു പക്ഷേ ഒരു നൂറ്റാണ്ട് കൂടി പിന്നിട്ടാലും നമ്മുക്ക് അപ്രാപ്യമായിരിക്കും. പക്ഷേ മുഖംമൂടി അണിഞ്ഞ് നമ്മുക്ക് ചുറ്റും വിലസുന്ന മൃഗതീഷ്ണതയുള്ള മനുഷ്യരുടെ എണ്ണം അടുത്ത തലമുറയിലെങ്കിലും കുറഞ്ഞു കാണണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ ആഡ്യത്വത്തിന്റെ അട്ടിപ്പേറായ സാംസ്കാരിക മൂല്യച്യുതി എന്ന ഗീർവാണം അവസാനിപ്പിച്ച് ലൈംഗിക വിദ്യാഭ്യാസം ഇന്നേ നിർബന്ധിതമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലങ്കിൽ അലഭ്യതയെ പഴി പറഞ്ഞ്, വേശ്യാത്തെരുവുകൾ പണിയുന്ന സ്വപ്നവും പേറി, നമ്മുക്ക് അർമ്മാദിച്ച്  ആഘോഷിക്കാൻ ഇനിയും ഇനിയും വാളയാറുകൾ പിറക്കാനായി  കാത്തിരിക്കാം.

Tuesday 24 December 2019

മാംസ നിബദ്ധമാണ് രാഗം.


മാംസ നിബദ്ധമല്ല രാഗം. പ്രണയത്തെക്കുറിച്ച് പറയുന്ന പല സ്റ്റാറ്റസുകൾക്കും ചുവട്ടിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കമന്‍റാണ് ഇത്, അല്ലങ്കിൽ ഇതിന് സമാനമായ മറ്റു ചില കമന്‍റ്കൾ. യഥാർത്ഥത്തിൽ പ്രണയം മാംസനിബദ്ധമല്ലേ. ഈ ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട്. എന്‍റെ ഈ പ്രായത്തിൽ പോലും എനിക്ക് ഒരു പ്രണയമുണ്ടായാൽ അത് മാംസനിബദ്ധമായിരിക്കില്ലേ? നാനാ വഴികളിലൂടെ ചിന്തകൾ പോയിട്ടും "അതെ" എന്ന് തന്നെയാണ് എനിക്ക് ഉത്തരം കിട്ടിയത്.

മുൻ തലമുറയിൽ നിന്ന് വ്യത്യസ്ഥമായി പരിധിയില്ലാത്ത ആൺപെൺ സൗഹൃദങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇക്കാലത്ത്, ഈ ലോകത്തുള്ള എന്ത് സ്വകാര്യതയും ആണിനും പെണ്ണിനും സൗഹൃദത്തിനുള്ളിൽ നിന്ന് തുറന്നു പറയാൻ സാഹചര്യമുള്ള ഇക്കാലത്ത്, ഞങ്ങൾ പ്രണയത്തിലാണ് എന്ന് ഒരു ആണും പെണ്ണും തീരുമാനിക്കണമെങ്കിൽ തങ്ങളുടെ  കറതീർന്ന സ്നേഹ സൗഹൃദത്തിനിടയിലേക്ക് ലൈംഗികത കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്ന വ്യത്യാസം മാത്രമേ കാണേണ്ടതുള്ളു. അതു കൊണ്ട് തന്നെ പ്രണയിനികൾക്കിടയിലെ ലൈംഗികതയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് നിസംശയം പറയാം. 

രണ്ടു വ്യാഴവട്ടക്കാലം മുന്നേ വരെയുള്ള പ്രണയം ഇങ്ങനെയായിരുന്നില്ല, അതിന് ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു, വല്ലപ്പോഴും ഒന്നു കണ്ടാലായി, പ്രണയ ലേഖനങ്ങളുടെ പെരുമഴക്കാലം ഇങ്ങനെ നിരവധി രസകരമായ സ്റ്റേറ്റുമെന്റുകൾ പ്രേമിച്ച് കെട്ടിയ എന്‍റെ സതീർത്ഥ്യൻമാരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. അവരാണ് മാംസ നിബദ്ധമല്ല രാഗത്തിന്‍റെ പ്രധാന പ്രയോക്താക്കൾ. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ, കൂട്ടുകുടുംബ വ്യവസ്ഥയിൽ, ജാതി മത സ്വാധീനങ്ങളിൽ,  ടെക്ക്നോളജിയുടെ അഭാവത്തിൽ, പ്രണയങ്ങളെ മാംസ നിബദ്ധമല്ലാതെ കൊണ്ടു പോകേണ്ട ഗതികേടിലായിപ്പോയി പ്രണയിതാക്കൾ. അതുകൊണ്ട് അതിനെ വലിയ രീതിയിൽ മഹത്വവൽക്കരിക്കേണ്ടതില്ല എന്ന് സാരം.

ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്നിച്ച് നിർത്താൻ ലൈംഗികതയോളം പ്രധാന്യമുള്ള പല ഘടകങ്ങളും ഉണ്ടാവാം, എന്നാൽ ലൈംഗിക തീഷ്ണയും, ലൈംഗിക അഭിവാജ്ജയും ഇല്ലാതെ പ്രണയിനികൾക്കിടയിൽ മറ്റ് എന്ത് ഘടകമാണ് അവരെ ചേർത്ത് നിർത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളിൽ ഏറിയ പങ്കും പങ്കാളിയിലെ ലൈംഗിക വീഴ്ചകളെ എടുത്ത് കാട്ടിയാണന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടി വരും. 

മേൽപ്പറഞ്ഞ ഘടകങ്ങൾ എന്നോടൊപ്പം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നടപ്പാക്കും എന്ന് ഉറപ്പ് വരുത്തണം. അതിന് നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ, ഇപ്പോൾ പ്രണയിതാവാണോ, ഇനി ഒരിക്കലും പ്രണയിക്കാൻ സാധ്യതയില്ല, ഇങ്ങനെയുള്ള വിഷയങ്ങൾ ഒന്നും ബാധകമേയല്ല. പ്രണയത്തിൽ കാമമുണ്ടന്നും, ലൈംഗികതയുണ്ടന്നും, പരസ്പരം ശരീരങ്ങളെ അറിയാനും, പ്രചോദിപ്പിക്കാനും, ലൈംഗികതയിൽ അഭിരമിക്കാനും അടങ്ങാത്ത ആഗ്രഹം  അവർക്കിടയിൽ ഉണ്ടാകുമെന്നും തിരിച്ചറിയണം. പലപ്പോഴും നേരിട്ട് അത്തരം അഭിലാഷ സാധ്യതകൾക്ക് സാഹചര്യമില്ലാതാകുമ്പോൾ, ഈ അത്യാധുനിക കാലത്ത് ചിലപ്പോൾ സോഷ്യൽ മീഡിയകളുടെ സാഹചര്യങ്ങളെ (ദുഃരു)ഉപയോഗിച്ച് ചിത്രങ്ങളായോ, വീഡിയോകളായോ, വീഡിയോ കോളുകളായോ അവർ തങ്ങളുടെ ലൈംഗിക സഫലീകരണം നടത്തുന്നത് തെറ്റ് എന്ന് പറയാൻ കഴിയില്ല. അത് അവർക്കിടയിലെ തികച്ചും സ്വകാര്യമായ ഒന്നായി തീരേണ്ടത് മാത്രമാണ്. സോഷ്യൽ മീഡിയയെ ഉപയോഗിച്ചുള്ള ഇത്തരം ലൈംഗിക പ്രയോഗങ്ങൾ പ്രണയിനികളിൽ മാത്രമല്ല, ദമ്പതികളിൽ പോലും നിലവിലുണ്ട് എന്നത് അംഗീകരിക്കപ്പെടേണ്ട ഒരു സത്യമാണ്.

ഈ ഒഴിവാക്കപ്പെടാനാവാത്ത  സാഹചര്യത്തിൽ നിന്നാണ് പ്രണയ ബന്ധങ്ങളിലൂടെ വഞ്ചിതരാകുന്ന സ്ത്രീകളെ/പെൺകുട്ടികളെ (വളരെ ചെറിയ അളവിൽ ആണുങ്ങളും) കുറിച്ച് നാം ചിന്തിക്കേണ്ടത്. ചില നരാധമന്മാർ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് വയ്ക്കുന്ന ഒളിക്യാമറകൾ ഒഴിച്ചാൽ  വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളിൽ 99.99% വും പ്രണയ വഞ്ചനകളുടെ കഥ പറയുന്നവയാണ്. പ്രണയിതാവിനെ വിശ്വസിച്ച് അവൾ തന്നെ ക്യാമറ തന്റെ നഗ്നതയിലേക്ക് തിരിച്ച് വയ്ക്കുമ്പോൾ അവൾ ചിന്തിക്കുക നാളെ വരാനിരിക്കുന്ന വഞ്ചനയെ കുറിച്ചായിരിക്കില്ല, മറിച്ച് ദൂരെയിരുന്നു തന്‍റെ പ്രാണന് താൻ കൊടുക്കുന്ന സന്തോഷത്തെ കുറിച്ചായിരിക്കും, അത് വഴി അവൾ സ്വയം അനുഭവിക്കുന്ന ഉന്മാദത്തെ കുറിച്ച് മാത്രമായിരിക്കും. എത്ര ഉപദേശിച്ചാലും ഇനി വരാനിരിക്കുന്ന എല്ലാ പ്രണയിതാക്കളിൽ എവിടെയെങ്കിലുമൊക്കെ ഇത്തരം വഞ്ചകന്മാർ ഒളിച്ചിരിപ്പുണ്ടാവാം. ഒരു പെൺകുട്ടിക്ക് എത്ര അടുത്തറിഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത കടുത്ത വഞ്ചകന്മാർ.

സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു ബാധ്യതയുണ്ടന്ന് വിശ്വസിക്കുന്നു. മനസാക്ഷിയുള്ളവർ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങളുടെ ആത്മാർത്ഥ  സുഹൃത്തുക്കൾ ആരെങ്കിലും ഇത്തരം വീഡിയോകൾ അയച്ചു തരുമ്പോൾ അവരോട് തുറന്നു പറയുക, അവരെ ഉപദേശിക്കുക. എനിക്ക് അയക്കരുതെന്നും, ദയവ് ചെയ്ത് മറ്റൊരാൾക്കും ഫോർവേർഡ് ചെയ്യരുത് എന്നും. നിങ്ങളുടെ മൊബൈലിൽ അത്തരം ഒരു വഞ്ചനാ വീഡിയോ എത്തിയാൽ നിങ്ങൾ ഒരിക്കലും അത് ഫോർവേർഡ് ചെയ്യില്ല എന്ന് പ്രതിജ്ഞ ചെയ്യുക. ഒപ്പം ഇത്തരം ഒരു വഞ്ചനാ വീഡിയോ നിങ്ങളിൽ എത്തിയെങ്കിൽ അവൾ കാണിച്ചിട്ടല്ലേ, അനുഭവിക്കട്ടെ എന്ന മനോഭാവത്തിൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക. കാരണം നിങ്ങൾക്ക് ഒരു പ്രണയമുണ്ടങ്കിൽ, ഇനി ഉണ്ടാകുമെങ്കിൽ, കാണുന്ന വീഡിയോയിലെ പോലെ നാളെ നിങ്ങളും ഒരു കഥാപാത്രമായി സോഷ്യൽ മീഡിയകളെ പ്രകമ്പനം കൊള്ളിക്കും എന്നതും മറക്കാതിരിക്കുക.

കാമുകീകാമുകന്മാരോട്. മുകളിൽ എഴുതിയവയെ ഞാൻ തന്നെ ഖണ്ഡിക്കുന്നു എന്ന് തോന്നാമെങ്കിലും ചില കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ശരീരം പരസ്പരം അറിയാനുള്ള നിങ്ങളുടെ അഭിലാഷത്തെ ചോദ്യം ചെയ്യുന്നില്ല. പെൺകുട്ടികൾ പ്രത്യേകിച്ച്, അകലെയിരിക്കുന്ന കാമുകന് വേണ്ടി വിവസ്ത്രയായി നിന്ന് അത് ചിത്രീകരിക്കാതിരിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിച്ചു എന്ന് പറയാം. നിങ്ങൾ ചിത്രീകരിച്ചത്, സെന്‍റ ബട്ടണിൽ അമർത്തുന്ന ആ നിമിഷം നിങ്ങളുടെ സ്വകാര്യത മറ്റൊരാളുടെ മാനസികനിലക്കനുസരിച്ച് ഏത് രീതിയിലും തിരിഞ്ഞു കൊത്താവുന്ന ഒരു ബൂമറാങ്ങ് ആയി മാറി എന്ന സത്യം ഓർത്ത് വയ്ക്കുക. പ്രണയിതാക്കൾക്കിടയില ലൈംഗിക ബന്ധങ്ങളിൽ ഞാൻ തെറ്റു പറയില്ല, പക്ഷേ അത് ചിത്രീകരിക്കുന്നത് എന്തിനാണന്ന് മാത്രം ഇന്നേവരെ എനിക്ക് മനസ്സിലായിട്ടില്ല. ചിത്രീകരിക്കുന്നതിന് എന്ത് കാരണം പറഞ്ഞാലും അതിന് പിന്നിൽ ഒരു ചതി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നത് ഉറപ്പാണ് എന്ന് മനസ്സിലാക്കി, അതിന് ഒരിക്കലും നിന്നു കൊടുക്കാതിരിക്കുക. കമിതാക്കൾ പ്രണയം മൊട്ടിടുമ്പോൾ തന്നെ സ്വയം ഒരു പ്രതിജ്ഞ ചെയ്യുന്നത് നല്ലതായിരിക്കും. ബന്ധം എത്ര മോശമായി മാറിയാലും, പിരിയേണ്ടി വന്നാലും തങ്ങളുടെ മുൻകാല സ്വകാര്യതകൾ ഒന്നിന്‍റെയും പേരിൽ വഞ്ചനക്കുള്ള മാധ്യമമാക്കില്ല എന്ന് തീരുമാനിച്ചുറപ്പിക്കുക. യഥാർത്ഥത്തിൽ സ്നേഹം ഉള്ള ഒരാൾക്കും തന്‍റെ ഇണയെ ഏത് സാഹചര്യത്തിലും ഒന്നിന്‍റെ പേരിലും വഞ്ചിക്കാനാവില്ല എന്ന പരമസത്യം എന്നും ഉള്ളിൽ ഉണ്ടാവണം. 

വായനയുടെ അവസാനം ''ഓ ഇവൻ ഒരു ഹരിഛന്ദ്രൻ" എന്ന ചുളിഞ്ഞ മുഖം ചിലരിലെങ്കിലും ഉണ്ടാകും എന്നുറപ്പാണ്. എന്‍റെ സ്വകാര്യ ജീവിതത്തിൽ ഞാൻ എങ്ങനെയൊക്കെയാണോ അതാണ് എന്‍റെ എഴുത്തുകളും. ഞാൻ പോൺ മൂവീസ് ധാരാളം കണ്ടിട്ടുണ്ട്, ഇന്നും കാണാറുണ്ട്. എന്നോട് അത്തരത്തിൽ സ്വാതന്ത്ര്യമുള്ള സുഹൃത്തുക്കൾ അയച്ചു തരാറുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുള്ള ഒറ്റക്കാര്യം മാത്രം "വഞ്ചനാ വീഡിയോകൾ അയക്കരുത്, എനിക്ക് കാണാൻ തീരെ താത്പര്യമില്ല ഒപ്പം നിങ്ങൾ പ്രചരിപ്പിക്കരുത്" എന്ന് തന്നെയാണ്. 

ഇതൊരു സന്ദേശമായി ഉൾക്കൊണ്ട് പരമാവധി ഷെയർ ചെയ്യാൻ അപേക്ഷ. ഒരാളിൽ എങ്കിലും മാറ്റമുണ്ടായാൽ നല്ലതല്ലേ...?

Friday 20 December 2019

ന്യൂജെന്‍ വിദ്യാഭ്യാസം

എ പി ജെ അബ്ദുള്‍കലാം...

കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരുന്ന എന്‍റെ അടുത്തേക്ക്‌ മൂന്നാം ക്ലാസ്സ്കാരി മകള്‍ വന്നത് അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോയും കൊണ്ടായിരുന്നു.

അച്ഛാ എ പി ജെ അബ്ദുള്‍കലാമിനെ കുറിച്ച് കുറച്ച് സെന്‍റെന്‍സ് വേണം. പ്രോജക്ടില്‍ എഴുതാനാ.

പ്രോജക്ടില്‍ എന്താണ് അദ്ദേഹത്തെ കുറിച്ച് എഴുതാന്‍....?

അതിനു മറുപടി പറയാതെ അവള്‍ തുടര്‍ന്നു. "കൊറെ കൊറെ കൊറെ ഫോട്ടോസും വേണം".

വിക്കിപീഡിയ എടുത്തു കുറെ സെന്‍റെന്‍സ് തിരഞ്ഞെടുത്തു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു കുറെ ഫോട്ടോസ് എടുത്തു. പ്രിന്‍റ് ചെയ്യാന്‍ നോക്കുമ്പോള്‍ പ്രിന്‍റര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

കമ്പ്യൂട്ടറില്‍ നോക്കി അവള്‍ വാചകങ്ങള്‍ പ്രോജക്റ്റ് ബുക്കിലേക്ക് പകര്‍ത്തി. സമയം പത്ത്‌ മണി. പിറ്റേന്ന് രാവിലെ ആറുമണിക്ക് സ്കൂളില്‍ പോകേണ്ടത്‌ കൊണ്ട് മകളെ കിടക്കാന്‍ വിട്ടു.

രാത്രി രണ്ടുമണി വരെ കുത്തിയിരുന്ന് പ്രിന്‍റര്‍ ശരിയാക്കി ഫോട്ടോ പ്രിന്‍റ് ചെയ്തു. എല്ലാം ബുക്കില്‍ ഒട്ടിച്ച് കൊടുത്തു!!!

രാവിലെ ഉണര്‍ന്നു സന്തോഷവതിയായി അവള്‍ ബുക്കും എടുത്ത്‌ പോയി.

എന്താ ചെയ്തതെന്നോ, എന്താണ് എഴുതിയതെന്നോ അറിയാതെ ടീച്ചര്‍ കൊടുക്കുന്ന മാര്‍ക്കില്‍ മാത്രം സന്തോഷവതിയായി അവള്‍ തിരിച്ച് വരും. 

പുസ്തകം പോലും കൃത്യമായി വായിക്കാതെ ബുക്കില്‍ എഴുതിയിരിക്കുന്ന ചോദ്യോത്തരങ്ങള്‍ മാത്രം കാണാതെ പഠിച്ച്  ഉത്തരപേപ്പറില്‍ എഴുതി മാര്‍ക്ക്‌ നേടുന്ന വിദ്യാഭ്യാസ സമ്പ്രദായം. ലോകം എന്തെന്ന് അറിയാതെ വളരുന്ന കുട്ടികള്‍. നീളത്തില്‍ കുറെ ഇംഗ്ലീഷ്‌ പറയുന്നതോഴിച്ചാല്‍ വെറും വട്ടപ്പൂജ്യം!!!

Sunday 13 October 2019

ആധാർ അല്ലേ ആധാരം അല്ലല്ലോ.

ആധാറിനെ എതിർത്തും, അതിനെതിരെ വന്ന ചില കോടതി വിധികളേ അനുകൂലിച്ച് ആഹ്ലാദിക്കുന്നതുമായ, സ്വയം ബുദ്ധിജീവി ചമയുന്നവർക്ക് ഈ എഴുത്ത് ഒരു ചലനവും ഉണ്ടാക്കില്ല എന്ന മുൻ ധാരണ വച്ച് തന്നെ പറയട്ടെ. ഇതിൽ സൗദിയുടെ ചില ഗുണഗണങ്ങളെ  പ്രതിപാദിച്ച് പറയേണ്ടി വരുന്നതിനാൽ, സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ രാജഭരണം, ജനാധിപത്യ ധ്വംസനം എന്നീ ഖോ ഖോ വിളി പ്രതീക്ഷിച്ചും പറയട്ടെ. സൗദിയുടെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും എല്ലാ നന്മകളും പോരായ്മകളും ആത്മാർത്ഥമായി അംഗീകരിച്ചു കൊണ്ട് പറയട്ടെ. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിപ്ലവകരമായ തീരുമാനമാണ് ഏതൊരു രാജ്യവും അതിന്‍റെ ജനതയെ ഒരു കോമൺ ഐഡന്റിറ്റിയിലേക്ക് കൊണ്ടുവരിക എന്നത് വഴി ചെയ്യുന്നത്. 

ഇവിടെ സൗദിയിൽ ഇക്കാമ (ആധാർ പോലെയുളള ഐഡന്റിറ്റി) ഉള്ളത് കൊണ്ട് എനിക്കുണ്ടായ ഒരനുഭവം പറയാം. ഇവിടെ എനിക്ക് മൂന്ന് കമ്പനികളുടെ മൊബൈൽ കണക്ഷൻ ഉണ്ട്. എല്ലാം 10 മുതൽ 18 വർഷം വരെ പഴക്കമുള്ള കണക്ഷനുകൾ. ഒരിക്കൽ വളരെ യാദൃശ്ചികമായി എന്‍റെ കൂട്ടുകാരന് വേണ്ടി ഒരു കണക്ഷൻ എടുക്കാൻ പോയപ്പോൾ ആ മൊബൈൽ പ്രൊവൈഡറിൽ എന്‍റെ പേരിൽ എന്‍റെ കണക്ഷൻ കൂടാതെ 22 കണക്ഷൻ. ശരിക്കും ഞാൻ ഞെട്ടി. അവ ക്യാൻസൽ ചെയ്യാൻ 100 നൂലാമാലകൾ. ഉടൻ തന്നെ ഞാൻ അടുത്ത പ്രൊവൈഡറുടെ അടുക്കൽ എത്തി. അവിടെയും 20 ൽ എറെ. ചുരുക്കത്തിൽ എന്‍റെ പേരിൽ ഏതാണ്ട് 70 ൽ അധികം കണക്ഷനുകൾ. ആരാണ് ഇവ ഉപയോഗിക്കുന്നത്. എന്താണ് ഇവരുടെ ആക്ടിവിറ്റി. എന്‍റെ ഭാഗ്യത്തിന് ഈ ഉപഭോക്താക്കളിൽ ആരും ഒരു ഇല്ലീഗൽ ആക്ടിവിറ്റീസും ഇല്ലാത്തവരായിരുന്നു, അല്ലങ്കിൽ എന്‍റെ അവസ്ഥ എന്താകുമായിരുന്നു. ഇപ്പോൾ മൊബൈൽ നമ്പറുകൾ ഇക്കാമയുമായി ലിങ്കായി. ഒരാൾക്ക് 2 കണക്ഷൻ എന്ന് നിജപ്പെടുത്തി. എന്‍റെ എല്ലാ അൺഅതോറൈസ്ഡ് കണക്ഷനുകളും ഓട്ടോമാറ്റിക്കായി ഡിലീറ്റായി പോയി. ഞാൻ സേഫാണ്. അധാറു പോലത്തെ സിസ്റ്റം കൊണ്ടുള്ള ഒറ്റവും ചെറിയ ഒരു ഗുണം ആണ് ഞാനിവിടെ ചൂണ്ടിക്കാട്ടിയത്. 

ഇവിടെ ഫോൺ, ഇലക്ട്രിക്ക് കണക്ഷൻ, ബാങ്ക്, ലൈസൻസ്, വസ്തുവകകൾ, വാഹനങ്ങൾ എന്നിങ്ങനെ എന്തും ഏതും ഇക്കാമയുമായി ബന്ധിച്ചിരിക്കുന്നു. ഒരു ട്രാഫിക്ക് ഫൈൻ, ഏതെങ്കിലും രീതിയിലുള്ള ലോണുകൾ, ക്രിമിനൽ ആക്റ്റിവിറ്റീസ്, വസ്തു കൈമാറ്റങ്ങൾ, രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര ഇത്യാദി എന്ത് കാര്യങ്ങളും ഒരു ഇക്കാമ നമ്പർ വച്ച് അധികൃതർക്ക് കണ്ടുപിടിക്കാവുന്നതാണ്. 

ഇവയെ എതിർക്കുന്നവർ ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരെ എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടങ്കിലും, പ്രധാനമായും രണ്ടാം നമ്പർ പണിയിൽ ഏർപ്പെട്ടിരിക്കുന്നവരായ, ആധാർ സമസ്ത മേഖലകളിലും നിർബന്ധമാക്കിയാൽ തീർച്ചയായും തങ്ങളുടെ വിയർപ്പൊഴുക്കാതെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ജീവിത മാർഗ്ഗം തടസ്സപ്പെടും എന്ന് ചിന്തിക്കുന്നവരാണന്ന് വ്യക്തമാണ്. 

ലോകത്തിലെ ഒട്ടുമിക്ക വികസിത, വികസ്വര രാജ്യങ്ങളും ഏറെക്കുറെ മിക്ക അവിഹിസിത രാജ്യങ്ങളും കോമൺ ഐഡന്റിറ്റി എന്ന മനോഹര ആശയം ഒരു പ്രശ്നവും ഇല്ലാതെ വളരെ നാൾ മുൻപ് മുതലേ പിൻതുടരുമ്പോഴാണ് 2018 ൽ എത്തി നിൽക്കുന്ന ഇന്ത്യയുടെ അത്യധുനിക ജനത എന്ന് അവകാശപ്പെടുന്ന ജനവിഭാഗം വെറും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ആധാറിനെ എതിർക്കുന്നത്.

ജനങ്ങൾ അസന്തുഷ്ടരാകുമത്രേ. 130 കോടി ജനങ്ങളുടെ അസന്തുഷ്ടി അളക്കുന്ന യന്ത്രം ഇവിടുത്തെ ബുദ്ധിജീവി സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കയ്യിൽ ആണന്ന് അറിഞ്ഞിരുന്നില്ല.  ആധാർ ഇല്ലാത്ത ഇന്ത്യയിലെ ജനങ്ങൾ അത്യധികം സന്തുഷ്ടരും, കോമൺ ഐഡന്റിറ്റി പേറുന്ന യൂറോപ്പ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ അതീവ അസന്തുഷ്ടരുമാണന്ന കണ്ടെത്തൽ ശരി വച്ചാൽ തന്നെ, ഇന്ത്യാ മഹാരാജ്യത്തെ അസന്തുഷ്ടരായ ജനങ്ങളെ സന്താഷിപ്പിക്കാനുള്ള എളുപ്പവഴി നിർദ്ദേശിക്കാനുള്ള ബാധ്യത കൂടി ബുദ്ധിജീവികൾ ഏറ്റെടുക്കണം എന്നൊരപേക്ഷ കൂടി ഇതിനോടൊപ്പം വയ്ക്കുന്നു.  

ഏത് വിധത്തിലുള്ള അസന്തുഷ്ടിയാണ് ആധാർ മൂലം  ഉണ്ടാകാൻ പോകുന്നത് എന്ന് പേർത്ത് ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു രാജ്യം നിഷ്കർഷിക്കുന്ന നിയമാനുശാസനയോടെ ജീവിക്കണം എന്ന അസംതൃപ്തി ഒഴിച്ചാൽ മറ്റൊരു അസംതൃപ്തിയും എന്റെ ചെറിയ ബുദ്ധിയിൽ തെളിയുന്നില്ല. രാജഭരണം പോലെയുള്ള  കാടൻ നിയമങ്ങൾ എന്നൊക്കെ വിലപിക്കുന്നവർ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന നമ്മുടെ മഹാരാജ്യത്തേക്കാൾ ഭേദമാണ് ഇത്തരം രാജ്യങ്ങൾ എന്ന് കൂടി പറഞ്ഞു തരാൻ ഈ അവസരത്തെ ഞാൻ വിനിയോഗിക്കുകയാണ്. ജനാധിപത്യം പറയുന്ന ഉൽകൃഷ്ട ഇന്ത്യയേക്കാൾ അത് ജനകീയമായി നടപ്പാക്കുന്ന  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എല്ലാം കോമൺ ഐഡന്റിറ്റി ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് നാല് വ്യാഴവട്ടമെങ്കിലും ആയന്നും മറക്കാതിരിക്കുക. 

ആധാറിനെ നഖശിഖാന്തം എതിർക്കുന്നവർ ഇത്തരം കോമൺ ഐഡന്റിറ്റി സിസ്റ്റം ഉള്ള ഏതെങ്കിലും രാജ്യങ്ങളിൽ പോയി രണ്ട് മാസം താമസിച്ച് അതിന്റെ ഗുണവും ദോഷവും വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രതികരിച്ചിരുന്നു എങ്കിൽ അതിന് ഒരു അനുകൂലത കിട്ടുമായിരുന്നു. അല്ലങ്കിലും രാജ്യത്ത് നടപ്പാക്കുന്ന എല്ലാ നിയമങ്ങളേയും ചോദ്യം ചെയ്യുകയും എതിർക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുകയാണല്ലോ സാംസ്കാരിക ബുദ്ധിജീവി സാമൂഹിക പ്രവർത്തകൻ എന്ന ലേബൽ കിട്ടാനുള്ള എളുപ്പവഴി.

Wednesday 9 October 2019

നന്മ എന്ന ദൈവം

ദൈവീകത എന്ന് നാം ചിലപ്പോഴൊക്കെ പറയാറില്ലേ.... കടുത്ത നിരീശ്വരവാദികള്‍ പോലും മനസ്സില്‍ എങ്കിലും ദൈവമേ എന്ന് വിളിച്ച് പോകുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്....

നാം ചിലപ്പോഴൊക്കെയും അറിഞ്ഞോ അറിയാതയോ അന്യരെ സഹായിക്കാറുണ്ട്... ചിലപ്പോള്‍ നമ്മുക്ക് അതൊരു വലിയ സഹായം ചെയ്യുന്നു എന്ന തോന്നല്‍ ഉണ്ടാവില്ല പക്ഷെ സ്വീകരിക്കുന്നവന് അത് ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒന്നാവാം.... ചിലപ്പോള്‍ നമ്മള്‍ എന്തോ വലുത് ചെയ്യുന്നു എന്ന ധാരണയില്‍ ചെയ്യുന്നവ സ്വീകരിക്കുന്നവന്‍റെ മനോഭാവത്തിന്‍റെ ഫലമായി നിസ്സാരവല്‍ക്കരിക്കപ്പെട്ടെക്കാം... ചില അവസരങ്ങളില്‍ ദൈവം നേരിട്ട് നമ്മുക്ക് മുന്നില്‍ അവതരിച്ചതോ എന്ന് തോന്നല്‍ ഉളവാക്കുന്ന നിമിഷങ്ങളും നമ്മുക്ക് അനുഭവപ്പെട്ടേക്കാം.... അത്തരം ഒരു അനുഭവം പറയാം... 

ഒരിക്കല്‍ ജോലിയുടെ ആവിശ്യാര്‍ത്ഥം ഒരു യാത്ര ചെയ്യേണ്ടി വന്നു... സൌദിയിലെ പുതിയ റെയില്‍ പ്രോജക്ടിന്‍റെ ഭാഗമായി സൈറ്റ് സന്ദര്‍ശിക്കാന്‍ യാത്ര ചെയ്യേണ്ടി വന്നത് മരുഭൂമിക്ക് നടുവില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഒരു ദുര്‍ഘടമായ പാതയിലൂടെ ആയിരുന്നു... യാത്ര തുടങ്ങുമ്പോള്‍ പോകേണ്ടത് ഇത്ര ദൂരമാണന്നോ, പാത ഇത്ര ദുര്‍ഘടം ആണന്നോ ഒരു സൂചന പോലും ഉണ്ടായിരുന്നും ഇല്ല....നിരന്തരം വാഹനങ്ങള്‍ ഓടി മണ്പാതയിലെ കല്ലുകള്‍ ഇളകി അതിസാഹസികമായി വണ്ടി ഓടിക്കുന്നതിനിടയില്‍ എന്‍റെ വണ്ടിയുടെ ഒരു ടയര്‍ പൊട്ടിത്തകര്‍ന്നു... പുറത്ത് മാര്‍ച്ച് മാസത്തിലെ കൊടും ചൂട്, വിജനമായ പാത ഒപ്പം കുറെ വര്‍ഷങ്ങളായി അധികം ദേഹമിളകി പണി ചെയ്യാത്ത എനിക്ക് സ്വയം ടയര്‍ മാറാന്‍ കഴിയുമോ എന്ന ആശങ്ക, എല്ലാം കൂടി ചിന്തിച്ച് വിഷണ്ണനായി ഡോര്‍ തുറന്ന് വെളിയില്‍ ഇറങ്ങുമ്പോള്‍ എവിടെ നിന്നോ വന്നപോലെ ഒരു വണ്ടി എന്‍റെ തൊട്ട് പുറകില്‍ മണ്ണും പറപ്പിച്ച് ബ്രേക്ക് ചവിട്ടി.... ഞാന്‍ നോക്കുമ്പോള്‍ വളരെ കുലീനമായ വസ്ത്രധാരണം ചെയ്ത അജാനുബാഹുവായ ഒരു സൗദി തന്‍റെ ബി എം ഡബ്ല്യൂ കാറില്‍ നിന്ന് പുറത്തിറങ്ങുകയാണ്.... മനുഷ്യവാസം ഇല്ലാത്ത വിജനമായ സ്ഥലത്ത് എന്നെക്കാള്‍ തടിമിടുക്കുള്ള ഒരാള്‍ എന്‍റെ നേരെ നടന്നടുത്തപ്പോള്‍ സ്വാഭാവികമായും ഭയവിഹ്വലമായി എന്‍റെ മനസ്സ്...

അത് മനസ്സിലാക്കിയ അയാള്‍ പറഞ്ഞു "പേടിക്കേണ്ട"... പിന്നെ എന്‍റെ വണ്ടിയുടെ ഡിക്കിയില്‍ പിടിച്ച് കൊണ്ട് " ഡിക്കി തുറക്കൂ" എന്ന് ആവിശ്യപ്പെട്ടു...

ഡിക്കി തുറന്നതും വണ്ടിയില്‍ നിന്നും ജാക്കിയും ലിവറും, സ്പാനറും വളരെ വേഗം അയാള്‍ തന്നെ എടുത്തു... പിന്നെ സ്റ്റെപ്പിനി ടയറും... കൂടെ അതില്‍ പിടിക്കാന്‍ ചെന്ന എന്‍റെ കൈ നിര്‍ദ്ദാക്ഷ്ണ്യം അയാള്‍ തട്ടി മാറ്റി... എന്നിട്ട് എന്നോട് അല്‍പ്പം കടുത്ത സ്വരത്തില്‍ "നീ അവിടെ മാറി നിന്നോ" എന്നൊരു താക്കീതും....

ഞാന്‍ നോക്കി നില്‍ക്കെ തന്‍റെ തൂവെള്ള വസ്ത്രത്തില്‍ ചെളി പുരളും എന്ന ആശങ്ക തെല്ലും ഇല്ലാതെ നടു റോഡില്‍ കുത്തി ഇരുന്ന് നിമിഷ നേരം കൊണ്ട് എന്‍റെ ടയര്‍ മാറി പൊട്ടിയ ടയറും മറ്റ് ഉപകരണങ്ങളും യദാസ്ഥാനത്ത് വച്ച്, ഡിക്കി ഭദ്രമായി അടച്ചശേഷം സ്തബ്ദനായി നിന്ന എന്‍റെ കൈ പിടിച്ച് ഞാന്‍ പറയേണ്ട നന്ദി തിരിച്ച് എന്നോട് പറഞ്ഞു നിമിഷത്തിനുള്ളില്‍ തന്‍റെ വണ്ടിയില്‍ കടന്നിരുന്നു പൊടിയും പാറിച്ച് കടന്നുപോയി.... 

സത്യത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന സ്ഥകാലബോധം തിരിച്ച് കിട്ടാന്‍ തന്നെ സമയം എടുത്തു.... അപ്പോളാണ് ഒരു നന്ദി പോലും പറയാന്‍ കഴിഞ്ഞില്ലല്ലോ എന്ന ബോധം എനിക്ക് ഉണ്ടായത്.... ഞാന്‍ വേഗം വണ്ടിയില്‍ കടന്നിരുന്നു എന്‍റെ കഴിവിന്‍റെ പരമാവധി വേഗതയില്‍ വണ്ടി അയാള്‍ പോയ വഴിയെ കുറെ ഓടിച്ചു നോക്കി, പക്ഷെ അയാളെ എന്നല്ല വണ്ടി പോയ പൊടി പോലും എനിക്ക് കണ്ടെത്താന്‍ ആയില്ല..... ഇന്നും ആ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് കൊരിത്തരിപ്പാണ്... ഞാന്‍ ദൈവത്തെ നേരിട്ട് കണ്ട ആ ദിവസം..... ജീവിതത്തില്‍ എന്‍റെ ഓര്‍മ്മ നശിക്കും വരെ ഓര്‍ത്തിരിക്കുന്ന ഒരു ദിവസം......

നാം സഹായിക്കുന്നവരില്‍ നിന്നായിരിക്കില്ല നമ്മുക്ക് തിരിച്ച് സഹായം ലഭിക്കുക, അതിനാല്‍ തന്നെ നാം വേണ്ട സമയത്ത് സഹായിച്ചവര്‍ നമ്മുടെ ആപല്‍ഘട്ടങ്ങളില്‍ കൂടെ നിന്നില്ലല്ലോ എന്ന ആശങ്കയോ സങ്കടത്തിണോ അടിസ്ഥാനമില്ല.... നന്മ ചെയ്തുകൊണ്ടേയിരിക്കൂ, നന്മ മാത്രമേ തിരികെ ലഭിക്കൂ...

Saturday 5 October 2019

വീടുപണിയും ഉടമ്പടി തയ്യാറാക്കലും.

വീട് പണിയുമ്പോൾ കോൺട്രാക്ടിനുള്ള പ്രസക്തിയെ കുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഞാനും ഒരു കോൺട്രാക്ടർ ആണ്. പക്ഷേ പ്രവർത്തന മേഖല ഗൾഫിൽ ആണന്ന് മാത്രം. "എന്തിരടേ ഉള്ള കഞ്ഞിയിൽ സ്വയം മണ്ണുവാരിയിടുന്നത്" എന്ന് ഇത് വായിക്കുന്ന നാട്ടിലെ കോൺട്രാക്ടിംഗ് മേഖലയിൽ ഉള്ള എൻ്റെ സുഹൃത്തുക്കൾ മനസ്സിലെങ്കിലും ചിന്തിച്ചേക്കും. ഗൾഫ് മേഖലയിലെ പ്രവർത്തന രീതി വച്ച് ഇവിടെ എന്നും "ക്ലയൻറ് ഈസ് ദ കിംഗ്" എന്ന കൺസെപ്റ്റിൽ നിന്നാണ് ഓരോ കോൺട്രാക്ടറും പണിയെടുക്കുന്നത്. ഒരു വർക്കിന് കൊട്ടേഷൻ കൊടുത്ത് അതിൻ്റെ പലവിധ മീറ്റിംഗുകളിൽ പങ്കെടുത്ത് ഉപയോഗിക്കുന്ന മെറ്റീരിയലിനെ കുറിച്ച് ധാരണയുണ്ടാക്കി, അതിൻ്റെ കാറ്റലോഗുകളും, സ്പെസിഫിക്കേഷനും, വർക്ക് ഷെഡ്യൂളുകളും, ലേബർ സ്ട്രെഗ്തും ഒക്കെ സബ്മിറ്റ് ചെയ്ത് വലിയ പ്രോസസ്സിലൂടെ കടന്ന് പോയ ശേഷം ക്ലയൻ്റെമായി ധാരണയിലെത്തിയ എല്ലാ കാര്യങ്ങളും ഒരു എഗ്രിമെന്റിൽ ആക്കി രണ്ടു സാക്ഷികളും ഉൾപ്പെടെ രണ്ടു കോപ്പിയിൽ (ഒന്ന് ക്ലയന്റിനും ഒന്ന് കോൺട്രാക്ടർക്കും) ഒർജിനൽ സൈൻ ചെയ്ത ശേഷമാണ് വർക്ക് ഓർഡർ കിട്ടുക. വർക്ക് കിട്ടിയാലോ...? പിന്നെ ഓരോ ദിവസവും അതിൻ്റെ ക്വാളിറ്റിയിലും ചെയ്തു തീർത്ത ക്വാണ്ടിറ്റിയിലും എന്താണോ എഗ്രിമെന്റിൽ എഴുതിയിരിക്കുന്നത് അത് ഫോളോ ചെയ്തില്ലങ്കിൽ ആ നിമിഷം റിജക്ട് ചെയ്യും. പിന്നെ പുതുക്കി ചെയ്യുക മാത്രമേ നിവൃത്തിയുള്ളു. 5 ലെയർ 20mm കമ്പി എല്ലാ വശങ്ങളിലേക്കും 10 cm സ്‌പേസിംഗിൽ ചെയ്ത ശേഷം കോൺക്രീറ്റിൻ്റെ സ്ട്രെഗ്ത് പരാജയപ്പെട്ടതിൻ്റെ പേരിൽ പൊളിച്ചു കളയേണ്ട അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതു പൊളിക്കാൻ മാത്രം 20 ലേബർ 5 ദിവസം പണിപ്പെട്ടു എന്നു പറയുമ്പോൾ ഒരു കോൺട്രാക്ടർ എന്ന നിലയിൽ ഗൾഫിൽ ഞങ്ങൾ അനുഭവിക്കുന്ന വെല്ലുവിളി മനസ്സിലാകുമല്ലോ.

എന്നാൽ നാട്ടിലോ...? എന്താണ് അവസ്ഥ...? നാട്ടിൽ ഞാൻ അറിയുന്ന കോൺട്രാക്ടേഴ്സ് ആരും തന്നെ ക്ലയന്റ് ഒരു കിംഗാണുന്ന ധാരണ പുലർത്തുന്നില്ല. "കിംഗ് ഒന്നും ആക്കണ്ട മിനിമം ഒരു ഫടനെങ്കിലും ആക്കിക്കൂടേഡേ'' എന്ന് ചോദിക്കാൻ തോന്നിപ്പിക്കുന്ന ആറ്റിറ്റ്യൂഡാണ് ഓരോരുത്തരുടേയും. ഒരു വർക്ക് കിട്ടാൻ വേണ്ടി എടുക്കുന്ന എഫേർട്ടിന്റെ 100 ൽ ഒന്ന് ആത്മാർത്ഥത അത് എക്സിക്യൂട്ട് ചെയ്യാൻ പല കോൺട്രാക്ടേഴ്സും കാട്ടാറില്ല എന്ന് പറഞ്ഞാൽ എന്നെ ആരും തല്ലരുത്, കാരണം അക്ഷരങ്ങൾക്കും, നാക്കിനുമേ ആരോഗ്യമുള്ളു, ശരീരത്തിന് അത് തുലോം കുറവാണ്. ഒരു തല്ലാെക്കെ കൊണ്ടാൽ നാലായി ഒടിഞ്ഞു വീഴാൻ സാധ്യതയുണ്ട്, ജാഗ്രതൈ. 

വീട് പണിയുന്നതിന് മുന്നോടിയായി കോൺട്രാക്ട് എഴുതുന്നതിലെ പ്രാധാന്യം തിരിച്ചറിയുക. ഒരു കോൺട്രാക്ടർ പണി വഴിയിൽ ഉപേക്ഷിച്ചു പോകുന്ന സാഹചര്യം പലയിടങ്ങളിലും കണ്ടതിൻ്റെ വെളിച്ചത്തിലാണ് ഇതെഴുതുന്നത്. ഒരു ടേൺ കീ കോൺട്രാക്ടർക്കാണ് നിങ്ങൾ വർക്ക് കൊടുക്കുന്നതെങ്കിൽ പണിയാൻ പോകുന്നത് നിങ്ങളുടെ സ്വപ്നഭവനമാണന്ന ധാരണ മുന്നിൽ വച്ച് കോൺട്രാക്ടറുമായി ചർച്ച ചെയ്യുക. ഒരു ഫ്രീ മൈൻഡുമായി ഒന്നാേ രണ്ടോ പത്താേ തവണ ഇരുന്നാലും നഷ്ടമാകില്ല എന്ന് ഞാൻ പറയും. ചർച്ചയിൽ ഏറ്റവും ചെറിയ കാര്യങ്ങൾ എന്ന് കരുതി ഒന്നും അവഗണിച്ച് കളയരുത്. ഉപയോഗിക്കുന്ന ഓരോ മെറ്റീരിയലിനെ കുറിച്ചും വ്യക്തമായ ധാരണയിൽ സംസാരിക്കണം. ഇന്ന് ഏതൊരു സാധാരണക്കാരനും സ്വായത്തമാക്കാവുന്ന രീതിയിൽ അറിവുകൾ ഗൂഗിൾ അമ്മച്ചിയോ അതുമല്ലങ്കിൽ വിദഗ്ദരായ ആളുകളുമായി FB പോലെയുള്ള ഇടങ്ങളിലോ, അല്ലങ്കിൽ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി സംസാരിച്ച് ധാരണയായ ശേഷം കോൺട്രാക്ടറുമായി ഇരിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം.

മേൽ പറഞ്ഞതുപോലെ ചർച്ചയിൽ ഓരോ ചെറിയ ഘടകങ്ങളും ഉൾപ്പെടണം. "ചെറുത്" എന്ന് കരുതി നാം ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങളിലേക്കായിരിക്കും പിന്നീട് പ്രശ്നങ്ങൾ എത്തിച്ചേരുക. ഫൗണ്ടേഷനു വേണ്ടി എടുക്കുന്ന വാനത്തിൻ്റെ സൈസ് മുതൽ കതകിന് പുറകിൽ വയ്ക്കുന്ന ടവർ ബോൾട്ടിനെ കുറിച്ച് വരെ ധാരണ ഉണ്ടാക്കണം. കോൺട്രാക്ടർ നിങ്ങളുടെ സുഹൃത്തോ ബന്ധുവോ ആണങ്കിൽ പോലും ഇതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകരുത്. കാരണം വീട് പണി എന്നത് ക്യാഷ് കടം കൊടുത്ത് പണി കിട്ടുന്ന അതേ കാറ്റഗറിയിൽ പെട്ട ഒന്നാണ്. ശരിയായ കോൺട്രാക്ട് എഴുതാതെ സുഹൃത്തിനെയോ ബന്ധുവിനേയോ പണി ഏൽപ്പിച്ചാൽ സൗഹൃദവും ബന്ധുത്വവും വഴിയിൽ വീഴുമെന്ന് മാത്രമല്ല പണി പാതിവഴിയിൽ നിർത്തേണ്ട ഗതികേടും ഉണ്ടാവും.  എന്നാൽ കോൺട്രാക്ട് എഴുതുന്ന സമയത്ത് "ഇത്രയും ചെറിയ കാര്യങ്ങളും എഴുതി വയ്ക്കുന്ന ഇവൻ ഒരു ഭീകരൻ ആണല്ലോ" എന്ന ചിന്ത അൽപ്പം നീരസത്തിൽ അവസാനിച്ചു കൊള്ളും.

ചർച്ച കഴിഞ്ഞ് എല്ലാത്തിനും ഒരു ധാരണ ആയാൽ കോൺട്രാക്ട് എഴുതുന്ന പ്രോസസിലേക്ക് കടക്കാം. 100 രൂപാ പത്രത്തിൽ കോൺട്രാക്ടർ അണ്ണൻ എഴുതി കൊണ്ടുവരുന്ന കോൺട്രാക്ടിലേക്ക് 2 സെക്കന്റിൽ ഒന്ന് നോക്കി "ഞാൻ പറഞ്ഞത് എല്ലാം എഴുതിയിട്ടുണ്ടല്ലോ ല്ലേ'' എന്ന് ജാഡയിൽ ചോദിച്ച് ചുവട്ടിൽ ഒരു "ശൂ" വരച്ച് വിടുന്ന രീതിയാണ് നിലവിലെ കോൺട്രാക്ട് സൈനിംഗ്. എപ്പം പണി കിട്ടിയെന്ന് ചെറുകെ പറയണോ. എട്ടിൻ്റെയോ പതിനാറിൻ്റെയോ പണികൾ നിങ്ങൾ ടിക്കറ്റെടുത്ത് വിളിച്ചു വരുത്തുകയാണ് ഇവിടെ. നിങ്ങൾ ആണ് ക്ലയന്റ് എന്ന് ബോധ്യത്തിൽ, ഈ ക്യാഷ് മുഴുവൻ ഞാൻ വിയർത്തുണ്ടാക്കിയതാണന്ന തിരിച്ചറിവിൽ കോൺട്രാക്ട് പൂർണമായും നിങ്ങൾ തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക. അതിനും വൈദഗ്ദ്യമുള്ളവരുടെ സഹായം ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കാം. കോൺട്രാക്ടിൽ പേജുകൾ കൂടിപ്പോയി എന്ന് കരുതി നാണകേടൊന്നും തോന്നണ്ട (ഞങ്ങൾ ഇവിടെ 100 ൽ പരം പേജുകളെ ഫെയ്സ് ചെയ്യുന്നവരാണ്, ഉണ്ടാക്കി തരുന്നവന്മാർക്കോ കാണുന്ന ഞങ്ങൾക്കോ ഒരു ചമ്മലും ഇല്ല). ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഓരോ പോയിന്റും അക്കമിട്ട് കോൺട്രാക്ടിൽ എഴുതാൻ മറക്കരുത്. 

ഉദാഹരണത്തിന് ഓരോ ഇടത്തും ഉപയോഗിക്കുന്ന കോൺക്രീറ്റ് എടുത്താൽ അതിന്റെ കോൺക്രീറ്റിൻ്റെ റേഷ്യോ (ഒരു കുട്ട ചല്ലിക്ക് എത്ര കുട്ട മണൽ എത്ര കവർ സിമന്റ് എന്നിങ്ങനെയുള്ള കണക്കുകൾ) പിന്നെ ഉപയോഗിക്കുന്ന കമ്പികളുടെ അളവുകൾ, ഏത് കമ്പനിയുടേത്, അതിൻ്റെ സ്പെസിഫിക്കേഷൻ, അതിൻ്റെ ലാപ് ലെംഗത് (രണ്ടു കമ്പികൾ കൂട്ടി ഇടുമ്പോൾ ഒരു കമ്പിയുടെ പുറത്തേക്ക് മറ്റേ കമ്പി എത്ര കയറി കിടക്കണം എന്ന അളവ്), ഉപയോഗിക്കുന്ന കെട്ടുകമ്പിയെ കുറിച്ച്, അങ്ങനെ ഒരു ചെറിയ പോയിന്റും വിട്ടു പോകാതെ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതേ രീതി തന്നെ ബ്ലോക്ക് വർക്ക്,  പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, തടിപ്പണികൾ, ഇലക്ട്രിക്കൽ ഇങ്ങനെ ഓരോ ആക്ടിവിറ്റിക്കും സ്വീകരിക്കുക.

എഗ്രിമെന്റ് എഴുതുന്ന പത്രത്തിനും ഒരു വാല്യു ഉണ്ട്. നമ്മൾ സാധാരണയായി ഒരു 100 രൂപ പത്രം വാങ്ങി അതിൽ എഴുതി വിടുകയാണ് പതിവ്. എന്നാൽ ഒരു കേസ് റജിസ്റ്റർ ചെയ്യേണ്ട അവസരം വന്നാൽ നിങ്ങൾ കുടുങ്ങുന്നത് അതിലായിരിക്കാം. എത്ര വാല്യുവിനുള്ള എഗ്രിമെന്റാണോ അതിന് തത്തുല്യമായി നിയമം അനുശാസിക്കുന്ന പത്രത്തിൽ തന്നെ എഗ്രിമെന്റ് എഴുതി എന്ന് ഉറപ്പു വരുത്തുക.

ഇനി ഞാൻ പറയുന്നത് വീട് പണിഞ്ഞിട്ടുള്ള ഏവരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണന്ന് ഞാൻ നിസംശയം പറയും. ഒരു എഗ്രിമെന്റിൽ RS 1500/sqft എന്ന് എഴുതി വച്ചിട്ടുണ്ടാവും എന്നാൽ രണ്ട് മാസം കഴിയുമ്പോൾ കോൺട്രാക്ടർ പതിയെ മുറുമുറുക്കാൻ തുടങ്ങും. മാർക്കറ്റിൽ സിമിന്റിന് വില കൂടി, കമ്പിക്ക് വില കൂടി അതിനാൽ ഞങ്ങളുടെ സ്ക്വയർ ഫീറ്റ് എമൗണ്ട് ഇന്നു മുതൽ 1600 ആയിരിക്കും, അത് തന്നില്ല എങ്കിൽ പണി നിർത്താൻ പോകുകയാണ് എന്ന്. നമ്മൾ തർക്കിക്കാൻ ചെന്നാൽ കോൺട്രാക്ട് എടുത്ത് കാണിച്ചു തരും. അതിൽ എഴുതിയിട്ടുണ്ടായിരിക്കും "മാർക്കറ്റിലെ വിലക്ക് അനുസൃതമായി കോൺട്രാക്ട് വാല്യു പുതുക്കി നിശ്ചയിക്കുന്നതായിരിക്കും" എന്ന്. നിങ്ങൾ തർക്കിക്കാൻ ശ്രമിച്ചാൽ പാടാ ദുരിതങ്ങളുടെ കെട്ടഴിച്ച് നിരത്തും. 5 രൂപ സിമിന്റിന് കൂടിയതിനാൽ ഇനി എൻ്റെ കൈയ്യിൽ നിന്ന് ക്യാഷിട്ട് നിങ്ങൾക്ക് വീട് പണിഞ്ഞു തരേണ്ടി വരും, 1 കോടിയുടെ ഈ വീട് പണിഞ്ഞാൽ 1 ലക്ഷം രൂപയാണ് എല്ലാം കഴിയുമ്പോൾ എനിക്ക് കിട്ടുന്നത് എന്നൊക്കെയുള്ള മാസ്റ്റർ തള്ളുകളും കൂടി മേമ്പൊടിക്ക് ചേർത്താൽ പിന്നെ അത് അംഗീകരിക്കുകയേ നിങ്ങൾക്കും നിവൃത്തിയുള്ളു, കാരണം സ്വപ്നഭവനം സമയബന്ധിതമായി തീർക്കണമല്ലോ....

ഈ സ്ഥിതിക്ക് പരിഹാരം കണാൻ രണ്ട് വഴികളുണ്ട്. ഒന്ന് നിങ്ങൾ വീട്ടിൽ സദാ ഉള്ള ആളാണങ്കിൽ ലേബർ കോൺട്രാക്ട് ഏൽപ്പിച്ച് മെറ്റീരിയൽ സ്വന്തമായി വാങ്ങിക്കൊടുക്കുക. ഇനി ഫുൾ കോൺട്രാക്ടാണ് കൊടുക്കുന്നതെങ്കിൽ മാർക്കറ്റിലെ ഉയർച്ച താഴ്ചകളുടെ പേർസെന്റേജിന് അനുസരിച്ച് കോൺട്രാക്ടിലും പേർസെന്റേജ് നിശ്ചയിക്കുക. ഉദാഹരണത്തിന് (ക്രിത്യമല്ല) മാർക്കറ്റിൽ സിമിന്റിന് 5% കൂടിയിട്ടുണ്ടങ്കിൽ കോൺട്രാക്ടിൽ അതിന് അനുശ്രിതമായി പേർസെന്റേജ് കൂട്ടുന്ന രീതി. ഈ രീതി അവലംബിച്ചാൽ കുറഞ്ഞാലും അത് പ്രാവർത്തികമാക്കാം, അതിനുള്ള ക്ലോസ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാൽ മതിയാകും. സിമിന്റ് ഒരു കെട്ടിടം പണിയുടെ അടി മുതൽ മുടി വരെ ഉപയോഗിക്കുന്ന വസ്തു ആയതിനാൽ അതിന്റെ വില കൂടുന്നത് കോൺട്രാക്ടിനെ ബാധിക്കുമെന്നത് ഒരു പരമാർത്ഥമാണ്. അതിനാൽ തന്നെ സിമിന്റിന്റെ വില കൂടിയാലും കുറഞ്ഞാലും അത് വാല്യുവിനെ ബാധിക്കുന്ന തരത്തിൽ വേണം കോൺട്രാക് എഴുതാൻ. മാർക്കറ്റിലെ വേരിയേഷൻ അനുസരിച്ച് ഇഷ്ടമുള്ള കോൺട്രാക്ട് വാല്യു നിശ്ചയിക്കാനുള്ള അവസരം ഇപ്രകാരം കോൺട്രാക്ടർക്ക് കൊടുക്കാതിരിക്കാം.

മിക്ക ആളുകളും നേരിടുന്ന ഒരു വിഷയമാണ് കയറി താമസത്തിന് ശേഷമുള്ള മെയിന്റനൻസ്. ഒരു വീട് പണി കഴിഞ്ഞ് കീ ഏൽപ്പിച്ച് കഴിഞ്ഞാൽ പിന്നെ പല കോൺട്രാക്ടേഴ്സും തിരിഞ്ഞ് നോക്കില്ല. അവരുടെ ശ്രദ്ധക്കുറവുകൊണ്ടുണ്ടായ ടൊയിലറ്റിലെ ഒരു ലീക്ക്, അല്ലങ്കിൽ കിച്ചൻ ക്യാബിനറ്റിന്റെ ഹിൻജസിന് ഉണ്ടാകുന്ന ഒരു കുടുക്കം, ഇതിനെയൊന്നും കോൺട്രാക്ടേഴ്സ് അറ്റൻഡ് ചെയ്യില്ല. അതിനും ഒരു പരിഹാരം കോൺട്രാക്ടിൽ ഉൾപ്പെടുത്താവുന്നതാണ്. അതാണ് "റിടെൻഷൻ എമൗണ്ട്''. എഗ്രിമെന്റ് പ്രകാരം കാശ് കൊടുക്കുന്ന ഘട്ടങ്ങൾ നിശ്ചയിക്കുമ്പോൾ, പണി തീർന്ന് താക്കോൽ തരുന്ന സമയത്ത്  ടോട്ടൽ കോൺട്രാക്ട് വാല്യുവിൻ്റെ 90% വരെയേ കോൺട്രാക്ടർക്ക് കൊടുത്തിട്ടുള്ളു എന്ന് ഉറപ്പു വരുത്തുക. ബാക്കി 10% റിടെൻഷൻ എമൗണ്ടാണ് അഥവാ ഗ്യാരണ്ടി. അത് കീ കൈമാറി 1 വർഷത്തിന് ശേഷം എന്ന ക്ലോസ് ഉൾപ്പെടുത്തണം. ആ ഒരു വർഷത്തിനുള്ളിൽ കെട്ടിടത്തിന് വരുന്ന മെയിന്റനൻസുകൾ ഭംഗിയായി ചെയ്തു എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ റിടെൻഷൻ എമൗണ്ട് അവകാശപ്പെടാൻ കോൺട്രാക്‌ടർക്ക് അവകാശമുള്ളു.

നിങ്ങൾ ഓരോ വർക്കും സപ്പറേറ്റ് ആളുകൾക്കാണ് കൊടുക്കുന്നതെങ്കിൽ, ഓരോരുത്തരുടെ കയ്യിൽ നിന്നും ആ വർക്കിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു കോൺട്രാക്ട് തയ്യാറാക്കുന്നതും നല്ലതാണ്.

കുറിപ്പ് നീണ്ടു പാേയി എന്ന് മനസ്സിലാക്കുന്നു, എന്നാലും ഇത്രയും കാര്യങ്ങൾ കോൺട്രാക്ടിൽ ഉൾപ്പെടുത്തിയാൽ ആവശ്യം വേണ്ട സമയത്ത് ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. പല കോൺട്രാക്ടേഴ്സും ഉരുക്കുമുഷ്ടി ബന്ധങ്ങളുമായി ഇതിനെ മറികടക്കാൻ വന്നേക്കും, അതിന് നിങ്ങൾ ജിമ്മിൽ പോയി ആരോഗ്യം വർദ്ധിപ്പിക്കുകയേ നിവൃത്തിയുള്ളു, എൻ്റെ കയ്യിൽ അതിന് സൊലൂഷൻ ഇല്ല..

Sunday 29 September 2019

നവോത്ഥാനം സോഷ്യൽ മീഡിയയിൽ





സ്ത്രീയും പുരുഷനുമായുള്ള പ്രധാന വ്യത്യാസമായി ഏവരും പറയുന്നതും, സോഷ്യൽ മീഡിയാ രംഗത്ത് വന്ന ശേഷം കുറച്ചു കൂടി കൂടുതൽ അറിഞ്ഞതും മനസ്സിലാക്കിയതുമായ ഒരു നഗ്ന സത്യമാണ് ഈ ചിത്രത്തിലൂടെ പങ്കു വയ്ക്കാൻ ശ്രമിക്കുന്നത്. സ്ത്രീ തന്റെ മനസ്സു പകരുന്നതിൽ മുൻഗണന കൊടുക്കുമ്പോൾ, പുരുഷൻ അവളുമായുള്ള ശരീരിക വേഴ്ചക്ക് പ്രാധാന്യം കൊടുക്കുന്നു. ഒരു പക്ഷേ തിരുത്തി പറയാൻ കഴിയുന്ന ചുരുക്കം ചില സംഭവങ്ങൾ സമൂഹത്തിൽ കാണാൻ കഴിഞ്ഞേക്കാം, എങ്കിലും ഭൂരിപക്ഷവും അങ്ങനെയാണന്ന് വിലയിരുത്തേണ്ടി വരുന്നു.

പുരോഗമനം എന്നാൽ ലൈംഗികത തുറന്നു പറയാനും, സ്ത്രീയോട് ലൈംഗിക ബന്ധത്തിന് യാചിച്ച് പുറകെ നടക്കലും ആണന്ന് ഉറച്ച് വിശ്വസിക്കുന്ന നിരവധി പുരുഷ കേസരികളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. അവർക്ക് മറ്റൊന്നും സംസാരിക്കാനില്ല എന്നത് അത്ഭുതവും ചില സമയങ്ങളിൽ അറപ്പും ഉളവാക്കുന്നു. ആദ്യമായി പരിചയപ്പെടുന്ന സ്ത്രീയോടു പോലും ലൈംഗിംക ചുവയാേടെ സംസാരിക്കാനും, തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കാനും ഈ കൂട്ടർക്ക് മടിയില്ല. സോഷ്യൽ മീഡിയ എന്ന മതിലിന് പുറത്ത് തികച്ചും യഥാസ്തികമായ ചർച്ചകളിൽ, വാചക കസർത്തുകളിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇതിൽ ഏറെയും എന്നതാണ് രസകരമായ മറ്റൊരു വശം. സ്വന്തം വീട്ടിലെ പെൺകുട്ടികളെ/സ്ത്രീകളെ മാത്രം ഹൃദയവിശാലതയോടെ കാണുകയും, മറ്റുള്ള എന്തിനേയും വെറും പെണ്ണ് എന്ന കള്ളിയിൽ ഒതുക്കി നിർത്തുകയും ചെയ്യുന്നു ഇത്തരക്കാർ.

സോഷ്യൽ മീഡിയ പുരുഷ കേസരികളോട് ഒരു ചെറിയ അപേക്ഷ. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചുവന്ന സ്നേഹ ചിഹ്നം ലിംഗത്തിൽ നിന്ന് ഹൃദയത്തിന്റെ ഭാഗത്തേക്ക് എടുത്തുയർത്താൻ കഴിയുമ്പോഴാണ് നിങ്ങൾ ഹൃദയവിശാലതയുള്ളവർ ആകുക. ഒപ്പം തരുണീമണികൾ ആ സ്നേഹ ചിഹ്നം തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് കൊണ്ടു വരികയും വേണം. പരസ്പരമുള്ള സഹവർത്തിത്തവും, ആരോഗ്യപരമായ സംവാദങ്ങളുമാണ് ആവശ്യം. മറയില്ലാത്ത ഇടപെടീലുകളും ലിംഗ വ്യത്യാസമില്ലാത്ത ആശ്ലേഷങ്ങളുമാണ് ആവശ്യം. അത്തരം ഹൃദയബന്ധങ്ങൾക്കിടയിൽ ലൈംഗികതയുണ്ടാവട്ടെ, സാഹോദര്യമുണ്ടാമട്ടെ, മാതൃപിതൃ സ്നേഹങ്ങൾ ഉണ്ടാവട്ടെ. അങ്ങനെ മാറണം ആധുനിക യുഗത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും ചിന്താഗതികൾ. ലൈംഗികതയ്ക്കായി നിൽക്കുന്ന ആൺ വർഗ്ഗവും, അതിൽ നിന്ന് ഓടി രക്ഷപെടാൻ നിൽക്കുന്ന പെൺവർഗ്ഗവും അടങ്ങിയ സമൂഹത്തിൽ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റേയും കിനാശ്ശേരി ആരെങ്കിലും സ്വപ്നം കാണുന്നുണ്ടങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കും എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല.

Sunday 22 September 2019

ഹിന്ദുത്വവും ജ്യോതിഷവും



ആമുഖമായി പറയട്ടെ, ഇത് എഴുതുന്നത് ആരുടെയും അരിയിൽ മണ്ണുവാരിയിടുക എന്ന ഉദ്ദേശത്തിലല്ല. എന്നാൽ പണിയെടുക്കാതെ പാവങ്ങളെ പറ്റിച്ച് വാങ്ങിക്കുന്ന അരിയിൽ അൽപ്പം മണ്ണു വീണാലും അതൊരു പാപമായി കരുതുന്നുമില്ല. ജ്യോതിഷം എന്ന ഈ ഉലകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ശാസ്ത്രം എന്ന രീതിയിൽ അതിനെ ഭാഗികമായി അംഗീകരിക്കുമ്പോഴും ഹിന്ദുത്വത്തിന്റെ അടിസ്ഥാന ശിലയുമായി പുലബന്ധവും ഇല്ലാത്ത അന്ധവിശ്വാസങ്ങളുടെ ചരടിൽ കോർത്ത് അരയിലും, കൈത്തണ്ടിലും കെട്ടിയിട്ടിട്ടും മതിവരാതെ സമൂഹം അതിനെ സാധാരണക്കാരുടെ ദൈവഭയത്തെ മുതലെടുത്ത് പൂജാ ഹോമാതി കർമ്മങ്ങൾ അടിച്ചേൽപ്പിക്കുന്ന ലക്ഷങ്ങൾ കവരുന്ന വൻ ബിസിനസ്സായി മാറ്റിയെടുത്തിരിക്കുന്നു.

ജ്യോതിഷത്തിന്റെ ശാസ്ത്ര സാങ്കേതിക വശങ്ങളിലേക്കൊന്നും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഹിന്ദുത്വത്തിന്റെ അടിത്തറയിൽ നിന്ന് തന്നെ അതിന്റെ കഥയില്ലായ്മയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദുത്വം അടിസ്ഥാനമായി വിശ്വസിക്കുന്നത് വിധി അല്ലങ്കിൽ തലേവരയിൽ ആണന്ന് തിരിച്ചറിയാൻ അതിന്റെ ആഴങ്ങളിലേക്കൊന്നും പോകേണ്ടതില്ല. ഹിന്ദുത്വത്തിന്റെ ആസ്ഥാന കൃതികളായി വിലയിരുത്തപ്പെടുന്ന മഹാഭാഗവതം, ഭാരതം, രാമായണം ഇത്യാദി മഹാകാവ്യങ്ങളിലെ നാലോ അഞ്ചോ പേജുകൾ കടക്കുമ്പോൾ തന്നെ അത് മനസ്സിലാകും.

ഏവർക്കും പരിചിതമായ പരീക്ഷിത്തിന്റെ കഥ തന്നെ എടുക്കാം. തക്ഷകൻ എന്ന സർപ്പദംശനത്താൽ മരണം സംഭവിക്കും എന്ന വിധി ഉണ്ടായ പരീക്ഷിത്ത് അതിൽ നിന്ന് രക്ഷപെടാനായി ഒരുക്കിയ സംരക്ഷണ വലയങ്ങൾ മുഴുവൻ ഭേദിച്ച് ഭഗവത് വിധി നടപ്പാക്കുക തന്നെയുണ്ടായി എന്ന് അവിടെ അസന്നിഗ്ദമായി പറഞ്ഞു വയ്ക്കുന്നു. മറ്റൊരിടത്ത് ഭഗവാൻ ശ്രീകൃഷ്ണൻ പോലും വേടന്റെ അമ്പിനാൽ മരണപ്പെടും എന്ന വിധിയിൽ നിന്ന് രക്ഷപെടാനാവാതെ കീഴടങ്ങുന്നതും വ്യക്തമായി പ്രതിപാദിച്ചു വച്ചിരിക്കുന്നു. അങ്ങനെ പുണ്യപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അനവധി നിരവധി സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് വിധി എന്നത് ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസം എന്നാണ്.

ഇനി ചരിത്രത്തിലേക്ക് കടന്നാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീമായ ചേരമാൻ പെരുമാൾ മഹാരാജാവ് മുസ്ലീം മതം സ്വീകരിക്കാനുള്ള നിലപാട് എടുക്കേണ്ടി കാരണം പോലും ഹിന്ദു മതത്തിലെ വിധി എന്ന അടിസ്ഥാന വിശ്വാസത്തെ മറികടക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല എന്ന ഉപദേശം സ്വീകരിച്ചാണ്. തന്റെ മന്ത്രിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടന്ന തെറ്റിദ്ധാരണയിൽ മന്ത്രിയെ കൊലപ്പെടുത്തിയ ചേരമാൻ പെരുമാൾ പിന്നീട് മന്ത്രിയുടെ നിരപരാധിത്യം തിരിച്ചറിഞ്ഞ് മതപണ്ഠിതരോട് പ്രായശ്ചിത്തത്തിനുള്ള വഴികൾ ആരായുകയുണ്ടായി. എന്നാൽ പാപം ചെയ്തവന് പ്രായശ്ചിത്തത്തിന് വഴികൾ ഇല്ല എന്നും, വിധി എന്താണോ അത് സ്വീകരിക്കുകയേ മാർഗ്ഗമുള്ളു എന്നും അവർ അഭിപ്രായം പറഞ്ഞു. ആ സമയം യാത്രികനായി വന്ന ഒരു അറബ് വംശജനോട് പരിഹാരം ആരാഞ്ഞപ്പോൾ മുസ്ലീമിന് വിധി എന്ന അടിസ്ഥാന ശില ഇല്ല എന്നും പാപപരിഹാരത്തിന് വഴികൾ ഉണ്ടന്നും ഉള്ള ഉപദേശത്തെ തുടർന്ന് ചേരമാൻ പെരുമാൾ മതം മാറി മക്കയിലേക്ക് യാത്രയായി എന്ന് ചരിത്രം പറയുന്നു.

പൗരാണികവും, ചരിത്രപരവുമായുള്ള ഈ കഥകൾ എല്ലാം വിരൽ ചൂണ്ടുന്നത് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം നിലനിൽക്കുന്നത് തന്നെ "വിധി" എന്ന രണ്ടക്ഷരത്തിലാണ് എന്നാണ്. എങ്കിൽ പിന്നെ അവിടെ ജ്യോതിഷത്തിന് എന്ത് പ്രസക്തി എന്ന് ചോദ്യം ഉന്നയിക്കേണ്ടി വരുന്നത് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ്. ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ അവന്റെ മരണം പോലും വിധിക്കപ്പെട്ടിട്ടുള്ള ഒരു വിശ്വാസ സംഹിതയിൽ ജ്യോതിഷത്തിന് പിന്നെ എന്ത് ചെയ്യാൻ കഴിയും. കവടി നിരത്തി പുതിയതായി എന്ത് കണ്ടത്താൻ കഴിയും? അവർ വിധിക്കുന്ന പൂജാഹോമാദികളിലൂടെ ഒരുവനിൽ എന്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും? അവർ ഓതി തരുന്ന മരതകല്ലു വച്ച 2 പവൻ മോതിരം വിരലിൽ അണിഞ്ഞാൽ എന്ത് സൗഭാഗ്യം വരുത്താൻ കഴിയും. ഏറ്റവും ലളിതമായി പറഞ്ഞാൽ നിങ്ങളുടെ സാധാരണ ജീവിതത്തിൽ ഒരു കഴഞ്ച് മാറ്റം പോലും ഉണ്ടാക്കാൻ ഇവയ്ക്കൊന്നും കഴിയില്ല.

അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ജ്യോതിഷത്തിനെ എതിർക്കേണ്ടത് വിശ്വാസി സമൂഹം തന്നെയാണ്. ഹിന്ദുത്വവുമായി ഒരു ബന്ധവും ഇല്ലാത്ത തട്ടിപ്പുകളിൽ കൂടിയാണ് ജ്യോതിഷികൾ നിങ്ങളെ കൊണ്ടുപോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ഞാനും ഒരു ദൈവ വിശ്വാസിയാണ്. ഹോമങ്ങൾക്കും, പൂജകൾക്കും എതിരല്ല താനും. നിങ്ങളുടെ മാനസികബലം കൂട്ടാൻ അത്തരം ഭഗവത് കാര്യങ്ങൾ ചെയ്യുന്നതിനോട് മുഖം തിരിക്കുന്നുമില്ല. പക്ഷേ ജ്യോതിഷി വാഗ്ദാനം ചെയ്യും പോലെ രണ്ടു ലക്ഷം രൂപയുടെ ഹോമം നടത്തി കഴിയുമ്പോൾ സൗഭാഗ്യം വരും എന്ന് ചിന്തിക്കാൻ കഴിയും വിധം മൗഡ്യത ഇല്ല എന്ന് മാത്രം.

Tuesday 27 August 2019

വിമർശനം സാഹിത്യമാവണം


വിമർശനം ഒരു കലയാണ്. വിമർശന സാഹിത്യകാരന്മാരിൽ പ്രമുഖനായിരുന്ന ശ്രീ സുകുമാർ അഴീക്കോടിനെ ഓർക്കുക. അദ്ദേഹത്തിന്റെ വാക്കുകളെ ഒരിക്കൽ എങ്കിലും ശ്രവിക്കുക. എന്തിനെയാണോ വിമർശന വിധേയമാക്കാൻ ഉദ്ദേശിക്കുന്നത്, അതിനെ കുറിച്ച് വ്യക്തമായ പഠനം ആവശ്യമായി വരും. വിഷയത്തിലേക്ക് ഇറങ്ങി അതിനെ അപഗ്രഥിക്കുമ്പോളാവും, അതിന്റെ ആഴങ്ങളിലേക്ക് എത്തുമ്പോഴാകും, ഇതുവരെ ഞാൻ ചിന്തിച്ച് വച്ചിരുന്നത് തെറ്റായിരുന്നു എന്നാേ, ഞാൻ ചിന്തിച്ചതിനേക്കാൾ അപകടകാരിയാണ് പ്രസ്തുത വിഷയമെന്നോ തിരിച്ചറിയാൻ കഴിയൂ. അത്തരത്തിൽ സ്വായത്തമാക്കുന്ന അറിവുകളിലൂടെ സ്വയം തിരുത്തലുകൾ സാധിക്കും, കൂടുതൽ അർത്ഥവത്തായ വിമർശനങ്ങളും സാധിക്കും.

പരിഹാസത്തെ വിമർശനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയില്ല. വിഷയത്തിൽ അറിവുള്ളവൻ എതിരാളിയെ പരിഹസിക്കില്ല, മറിച്ച് എതിരാളി പറഞ്ഞതിനെ ക്ഷമയോട് ശ്രവിച്ച് തന്റെ അറിവിനെ മുന്നിൽ നിർത്തി എതിരാളി പറഞ്ഞതിനെ ഖണ്ഡിക്കാൻ ശ്രമിക്കുക മാത്രമേ ചെയ്യുകയുള്ളു. എതിരാളി അറിവില്ലായ്മയുടെ പുകപടലങ്ങൾക്കിടയിൽ മാത്രം പറക്കാൻ ആഗ്രഹിക്കുന്നവനും, പരിഹസിച്ചും, മോശം വാക്കുകൾ പ്രയോഗിച്ചും വിഷയത്തെ നേരിടാൻ ശ്രമിക്കുന്നവനും ആണന്ന് തിരിച്ചറിയുന്ന ആ നിമിഷം അത്തരം സംവാദങ്ങളിൽ നിന്ന് പിന്മാറുക എന്നതാണ് ഉദാത്തം. കാരണം അത്തരക്കാർ പരാജയത്തിന്റെ ദുർഗന്ധം മണക്കുന്ന സമയം വീട്ടുകാരെയും ബന്ധുക്കളെയും തുമ്മിപ്പിക്കാൻ തുടങ്ങും. നിങ്ങൾ കാരണം അവർ തുമ്മരുത് എന്ന് അതിയായ ആഗ്രഹമുണ്ടങ്കിൽ അവിടെ ഒരു ഫുൾസ്റ്റാേപ്പ് ഇട്ട് നമ്മൾ അറിവില്ലായ്മയുടെ ഗാർബേജാണന്ന് വിനയപൂർവ്വം സമ്മതിച്ച് പിന്മാറിയേക്കുക.

വായനലൂടെ നേടാൻ കഴിയാത്തതായ ഒരറിവും ഈ ലോകത്തില്ല. അറിവു നേടുന്നവനിൽ ഞാൻ എന്ന ഊറ്റം കൊള്ളൽ ഉണ്ടാവില്ല. ഒരു മനുഷ്യനെ വിനയാന്വീതനാക്കും. ഒരുവനെ സ്വതന്ത്ര ചിന്തകനാക്കും. ഈ ലോകത്ത് ഞാൻ മാത്രമല്ല ബോധം ഉണ്ടാക്കും. സ്വയം വിശ്വാസ പ്രമാണങ്ങളിൽ ഊന്നി നിൽക്കുമ്പോഴും അന്യന്റെ വിശ്വസങ്ങളെ ബഹുമാനിക്കാൻ പഠിക്കും. ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യത്വം സ്വായത്തമാകും. എന്തിനേറെ അറിവിലൂടെ ഒരുവൻ കലാകാരനാവും, കാരുണ്യമയനാകും.

എന്തിനേയും എതിരിടുന്നതിന് മുമ്പ് അതിൽ കഴിയുന്നത്ര അറിവ് ആർജ്ജിക്കുക എന്നത് നിങ്ങളെ ശ്രവിക്കുക, വായിക്കുന്ന സമൂഹത്തോടുള്ള കടപ്പാടും കടമയും കൂടിയാണ്. നിങ്ങൾ എഴുതുന്നതും പറയുന്നതുമായ കാര്യങ്ങൾ സമൂഹത്തിൽ ഒരാളുടെ എങ്കിലും മനം മാറ്റുന്നു എങ്കിൽ അതിൽ പൂർണ ഉത്തരവാദി നിങ്ങൾ തന്നെ ആയിരിക്കും. അത് അൽപ്പ ജ്ഞാനമാണങ്കിൽ അപകടവും, പൂർണ്ണ ജ്ഞാനമാണങ്കിൽ സമൂഹ നന്മയും ആണന്ന തിരിച്ചറിവുണ്ടാകുമെങ്കിൽ വിഷയത്തെ കുറിച്ച് പഠിക്കാൻ നിങ്ങൾ മടിക്കില്ല. ദൈവത്തെ പരിഹസിച്ച എത്രയോ നിരീശ്വരവാദികൾ നിരന്തരമായ വായനയുടെ ഫലമായി ദൈവഭക്തരായിരിക്കുന്നു. മറ്റു മതത്തെക്കുറിച്ച് കിട്ടുന്ന വ്യക്തമായ അറിവുകൾ ഒരാളെ മതം മാറാൻ പ്രേരിപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇതെല്ലാം അറിവുകളുടെ അനന്തര ഫലങ്ങൾ ആണ്.

ഇനി വായനയിലുമുണ്ട് ചില നിബന്ധനകൾ. ഒരു വിഷയത്തെയും മുൻവിധിയോടെ സമീപിക്കരുത് എന്നത് വായനയുടേയും അറിവിന്റേയും മാത്രം കാര്യത്തിൽ അല്ല പ്രാവർത്തികമാക്കേണ്ടത്, മറിച്ച് ജീവിതത്തിൽ നാം നേരിടുന്ന ഓരോ ചെറിയ സംഭവങ്ങളേയും മുൻവിധികളോടെ നേരിടാതിരിക്കുക എന്നതാണ് ആ വിഷയത്തിൽ വളരെ സന്തോഷകരമായ ഒരു ക്ലൈമാക്സ് ഉണ്ടാവാൻ ഏറ്റവും അഭികാമ്യം. വായനയുടെ കാര്യം എടുക്കുകയാണങ്കിൽ ഭഗവത്ഗീഥ വായിക്കാൻ എടുക്കുന്ന ഒരുവൻ അത് ഒരു അന്യ മതസ്ഥന്റെ പുസ്തകമാണ്, അല്ലങ്കിൽ ഇല്ലാത്ത ദൈവത്തെ കുറിച്ച് എഴുതി വച്ചിരിക്കുന്ന ഒന്നാണന്ന മുൻവിധിയിൽ വായിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് വേണ്ട
നെഗറ്റീവുകൾ മാത്രമേ അതിൽ കണ്ടെത്താൻ കഴിയു എന്ന് ചുരുക്കം. എന്നാൽ ഭഗവത്ഗീഥയെ ഒരു സാഹിത്യസ്രിഷ്ടി എന്ന നിലയിൽ, ജീവിതത്തിൽ ചില നന്മകൾ പറഞ്ഞു തരാൻ ഉതകുന്ന സ്രിഷ്ടി എന്ന നിലയിൽ സമീപിച്ചാൽ നിങ്ങൾ ചിന്തിച്ച് കൂട്ടിയിരിക്കുന്ന നെഗറ്റീവുകൾക്ക് അപ്പുറം കുറെയധികം പോസിറ്റീവുകളും അതിൽ നിന്ന് കണ്ടെത്താൻ കഴിയും. പറഞ്ഞു വന്നത് നിങ്ങളുടെ ഓരോ ചിന്തകളും ചുവടു വയ്പ്പുകളും, വായനയും അറിവു നേടലും എല്ലാം ഒരു പോസിറ്റീവ് ചിന്തയുടെ അടിത്തറയിൽ നിന്നാവട്ടെ. ഈ ഉലകത്തിൽ തിന്മ പ്രദാനം ചെയ്യുന്ന ഒന്നുമില്ല എന്നും അതിനെ നമ്മൾ സമീപിക്കുന്ന രീതിയിലുള്ള വ്യത്യാസം കൊണ്ടും ആണന്ന് ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടാവട്ടെ.

വിമർശിക്കൂ അനുകൂലിക്കൂ, പക്ഷേ പഠിച്ചിട്ട് മാത്രം. വായുവിൽ നിന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചത്തിൽ പരിഹസിക്കുന്നവർ മനുഷ്യത്വമില്ലാത്തവരാണ് അതെ പോലെ വിഷയത്തിന്റെ സ്വഭാവം അറിയാതെ വെറും പുറം ചൊറിയൽ കർമ്മമായി അനുകൂലിക്കുന്നവരും അതേ വിഭാഗത്തിൽ പെടും. എന്തിലും ഏതിലും നന്മ ഉണ്ടന്ന തിരിച്ചറിവുണ്ടാവട്ടെ, ചിന്തകളെ പോസിറ്റീവാക്കി വയ്ക്കാൻ മനസ്സിന് ദൃഡതയുണ്ടാവട്ടെ.