. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 29 December 2019

മുറിയുന്ന മനുഷ്യ ബന്ധങ്ങള്‍.

ഇത് എന്‍റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞ സംഭവമാണ്. സംഭവം നടക്കുന്നത് ദുബായ്. മതം എടുത്ത് പറയുന്ന ശീലം എനിക്കില്ല, എങ്കിലും ഇവിടെ അതിന് പ്രസക്തിയുണ്ടന്നതിനാൽ പറയാതിരിക്കാൻ കഴിയില്ല. ഒരു മുസ്ലീം മതാഷ്ടിത രാജ്യത്ത് ജോലിയന്വേഷിച്ച് പോയ ഹിന്ദുവിന് ഉണ്ടായ അനുഭവമായി ഈ സംഭവത്തെ വിലയിരുത്തുമ്പോൾ തന്നെയാണ് സമകാലീന രാഷ്ട്രീയത്തിൽ അതിന് പ്രസക്തിയുണ്ടാകുക. അതുകൊണ്ട് മതം പറയേണ്ടി വരുന്നു, ക്ഷമിക്കുക.

തന്‍റെ കാർ സ്റ്റാർട്ടിംഗ് ട്രബിളിനാൽ ഉപയോഗിക്കാൻ കഴിയാതിരുന്നതിനാലാണ് അദ്ദേഹത്തിന് പതിവ് പോലെ സ്വന്തം വണ്ടിയിൽ അന്ന് യാത്ര ചെയ്യാൻ കഴിയാതിരുന്നത്. പാക്കിസ്ഥാനി ഡ്രൈവർ ഓടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് യാത്ര തുടങ്ങുമ്പോൾ ഓഫീസിൽ സമയത്തിന് എത്താൻ കഴിയുമോ എന്ന ആശങ്ക മാത്രമായിരുന്നു മുന്നിൽ. ഇടയ്ക്ക് എപ്പഴോ ഡ്രൈവർ അദ്ദേഹത്തിന്റെ പേരും രാജ്യവും ഒക്കെ ചോദിച്ചു, അലസമായി അതിന് മറുപടി പറയുകയും ചെയ്തു. പിന്നെ കുറെ കഴിഞ്ഞാണ് അവൻ "ആപ് മുസൽമാൻ ഹൈ" എന്ന ചോദ്യം ഉന്നയിച്ചത്. വലിയ താത്പര്യമില്ലാത്ത മട്ടിൽ "അല്ല ഹിന്ദു ആണ്" എന്ന് പറഞ്ഞ് പുറംകാഴ്ചകൾ നോക്കിയിരുന്നു. 

അൽപ്പസമയത്തിന് ശേഷം ആണ് ഡ്രൈവർ അസാധാരണമായ രീതിയിൽ സംസാരിച്ച് തുടങ്ങിയത്. പാക്കിസ്ഥാനി ഡ്രൈവർ, എന്‍റെ സുഹൃത്തിനെ മതവും, ജാതിയും വംശവും പറഞ്ഞ് അധിക്ഷേപിച്ച് തുടങ്ങിയിരുന്നു. അറിയാവുന്ന ഉറുദുവിൽ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും അധിക്ഷേപം അതിന്‍റെ എല്ലാ സീമകളും ലംഘിച്ച് വളരെ മോശം പദപ്രയോഗങ്ങളിലേക്ക് കടന്നു. ഈ സമയം എന്റെ സുഹൃത്ത് മൊബൈൽ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുകയും പ്രസക്തമായ ഭാഗങ്ങൾ റെക്കോഡ് ചെയ്യുകയും ചെയ്തു. പിന്നീട് വഴക്കിന് ഒടുവിൽ ഒരു ദാക്ഷണ്യവും കാട്ടാതെ വഴിയിൽ ഇറക്കി വിടുമ്പോൾ കാറിന്‍റെയും ഡ്രൈവറുടേയും ഫോട്ടോയും, റജിസ്ട്രേഷൻ നമ്പറും സഹിതം ശേഖരിച്ചതിന് ശേഷം ഇറങ്ങിയിടത്ത് നിന്ന് തന്നെ പോലീസിനെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു.

പത്ത് മിനിറ്റിനുള്ളിൽ പോലീസ് എത്തി. സുഹൃത്ത് ഉണ്ടായ അനുഭവങ്ങൾ തെളിവുകൾ സഹിതം പോലീസുകാരന് മുന്നിൽ നിരത്തി. പോലീസുകാരൻ വയർലസിൽ കൂടി നിർദ്ദേശം കൊടുത്തു ഏതാനും മിനിറ്റുകൾക്കകം സുഹൃത്ത് യാത്ര ചെയ്ത ടാക്സി രണ്ട് പോലീസ് വണ്ടിയുടെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് കൊണ്ടുവന്നു. ഡ്രൈവറോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. അയാൾക്ക് താൻ ചെയ്തില്ല എന്ന് പറയാൻ കഴിയാത്ത രീതിയിൽ തെളിവുകൾ നൽകാൻ സുഹൃത്തിന് കഴിഞ്ഞു. പിന്നെ നടന്നത് അത്ഭുതകരമായ സംഭവങ്ങൾ ആയിരുന്നു. ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്ത സുഹൃത്തിന് നീതി കിട്ടി എന്ന് മാത്രമല്ല, ഒപ്പം ഒരു റിവാർഡും കിട്ടുകയുണ്ടായി. പാക്കിസ്ഥാനിക്ക് ജയിൽ ശിക്ഷയും, ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ചത്.

ഞാൻ ഈ സംഭവത്തെ ഇത്ര വിശദമായി ഇവിടെ വിവരിച്ചത് ജനാധിപത്യം ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ പൗരന്മാർ അനുഭവിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാട്ടാനാണ്. ശക്തമായ മുസ്ലീം ശരിയ നിയമത്തിൽ അധിഷ്ടിതമായ സൗദി അറേബ്യയിൽ പോലും അന്യമതസ്ഥനെ അവന്‍റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ ശിക്ഷ ഉറപ്പാണ്. അത്തരം അവസരത്തിലാണ് ജനാധിപത്യ ഇന്ത്യയിൽ മതവും ജാതിയും തിരിച്ച് ചുട്ടികുത്തിയുള്ള അനുഭവങ്ങൾ സ്വന്തം രാജ്യത്തെ പൗരന്മാർ സർക്കാർ തലങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത്. നമ്മൾ മുന്നോട്ടാണ് കുതിക്കുന്നത് എന്ന് അവകാശപ്പെടുമ്പോഴും വിവേചന ബുദ്ധി തീരെയില്ലാത്ത തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികളാൽ ലോക രാജ്യങ്ങൾക്ക് പിന്നിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് നാം.