. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 10 November 2020

കപ്പേള - സിനിമാ അവലോകനം

രാത്രിയുടെ മടുപ്പും, വിരസതയും ഏകാന്തതയും തീർത്ത ഉറക്കമില്ലായ്മയുടെ അവസാന ഘട്ടത്തിലാണ് ഒരു സിനിമ കണ്ടേക്കാം എന്ന തീരുമാനത്തിലെത്തിയത്. സൗദി അറേബ്യയിലെ സിനിമാ പ്രേമികൾക്ക് ആശ്രയിക്കാവുന്ന വഴികൾ ടൊറൻ്റ് അല്ലങ്കിൽ യുട്യൂബ് ആണന്ന് അറിയാമല്ലോ. സിദ്ദിഖ്ലാൽ കാലഘട്ടത്തിലെ ഒരു ചിരി സിനിമയായിരുന്നു ലക്ഷ്യം. പക്ഷേ സേർച്ചിൽ ആദ്യം പൊന്തി വന്നത് വ്യൂവർ ലിസ്റ്റിൽ ഹിറ്റുകൾ തീർത്തിട്ടിരിക്കുന്ന "കപ്പേള" ആയിരുന്നു. പേരിലെ കൗതുകമാണ് സിനിമ കാണുന്നതിന് മുമ്പ് അതിൻ്റെ പേരിനെ കുറിച്ച് ഒരു അറിവും, മുമ്പ് കണ്ട സിനിമാ പ്രേമികളുടെ വിലയിരുത്തലുകളും ആദ്യം ആവാം എന്ന് തീരുമാനിച്ചത്. കപ്പേള എന്നാൽ കുരിശുംതൊടി, അല്ലങ്കിൽ ചാപ്പൽ, ചെറിയ പ്രാർത്ഥനാലയം എന്നും, റിവ്യുകൾ വായിച്ചപ്പോൾ ആ വാക്കിനെ സംബന്ധിച്ച് ഒന്നും പറയാത്ത എന്നാൽ ആധുനിക കാലത്ത് ചർച്ച ചെയ്യേണ്ട ഒരു സിനിമ എന്ന വിലയിരുത്തലിലെ പാരസ്പര്യമില്ലായ്മ സിനിമ കാണാനുള്ള കൗതുകം കൂട്ടി.

സിനിമയിലെ കഥപറച്ചിലിനപ്പുറം അതിലെ വിഷ്വൽസ് ട്രീറ്റ്, കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കൽ, ലൊക്കേഷൻ തുടങ്ങി ക്യാമറയുടെ ചലനങ്ങൾ വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്ന, താരജാഡകൾ അവകാശപ്പെടാനില്ലാത്ത നൂറു ശതമാനം കയ്യടക്കമുള്ള സംവിധായകൻ്റെ മാത്രം കയ്യൊപ്പ് പതിപ്പിക്കുന്ന സിനിമ. ദേശീയ അവാർഡ് നേടിയതിലൂടെ താനൊരു മികച്ച നടനാണന്ന് തെളിയിച്ച മുഹമ്മദ് മുസ്തഫ, മലയാളത്തിലെ എണ്ണം പറഞ്ഞ കിടിലൻ സംവിധായകരുടെ ശ്രേണിയിലെ ഇരിപ്പിടത്തിനും കൂടി താൻ അർഹനാണന്ന് നിസംശയം തെളിയിച്ചിരിക്കുന്നു. സ്വാഭാവിക അഭിനയത്തികവിലൂടെയും ഇന്നത്തെ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയായ കൃത്രിമ മേക്കപ്പുകളുടെ അമിത ഭാരമില്ലാതെയും ശ്രീനാഥ് ഭാസിയും, ആനി ബെന്നും, റോഷൻ മാത്യുവും സിനിമയുടെ നട്ടെല്ലായപ്പോൾ ചെറിയ റോളുകളിൽ എത്തിയവർ പോലും അവരുടെ ഭാഗം ഭംഗിയാക്കി ചിത്രത്തെ മികവുറ്റതാക്കി.
വാർത്തകളിലൂടെ കേട്ടു തഴമ്പിച്ചു തേഞ്ഞ വിഷയത്തിൽ കൊണ്ടുവന്ന അപ്രതീക്ഷിത ട്വിസ്റ്റ് തന്നെയാണ് സിനിമയുടെ മാസ്മരികത. ആ ട്വിസ്റ്റ് പുതുതലമുറ അറിയേണ്ടതും കാണേണ്ടതും ആണന്നതാണ് ചിത്രത്തിൻ്റെ പ്രാധാന്യവും. നല്ലതിനെയും കെട്ടതിനേയും തിരിച്ചറിയാൻ പ്രത്യേക അളവുകോലുകൾ ഒന്നുമില്ല എന്ന് പറഞ്ഞു വച്ച് സിനിമ അവസാനിപ്പിക്കുമ്പോൾ എനിക്ക് ശാന്തമായ മനസ്സും എൻ്റെ നഷ്ടപ്പെട്ട ഉറക്കവും തിരിച്ച് കിട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Wednesday 28 October 2020

ചോര - സിനിമാ അവലോകനം

ചോല അല്ല ചോര... കൊറോണയ്ക്ക് മുൻപ് ഒരു വിമാനയാത്രക്കിടയിൽ കണ്ടിരുന്നു. പക്ഷേ വേണ്ട വിധത്തിൽ ശ്രദ്ധ കൊടുത്ത് കാണാൻ കഴിഞ്ഞില്ല, കാരണം ഹെഡ്ഫോൺ വച്ചിരുന്നു എങ്കിലും സിനിമയിലെ റിയലിസ്റ്റിക്ക് സീനുകൾ കണ്ട് തൊട്ടടുത്ത സീറ്റിലിരുന്ന് ഫോണിലേക്ക് എത്തി നോക്കി കൊണ്ടിരുന്ന സൗദി അവസാനം ഗതികെട്ട് എന്നോട് ചോദിച്ചു "നീ ഒരു സാഡിസ്റ്റാണോ എന്ന്". ഇത്രയും വയലൻസ് നിറഞ്ഞ ഏതോ റിയൽ സീനുകൾ ഒരുളുപ്പും കൂടാതെ കണ്ടിരിക്കാൻ സാഡിസ്റ്റുകൾക്കല്ലേ സാധിക്കു. എൻ്റെ മുറി അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി ഒരു വിധത്തിൽ അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയെങ്കിലും, വിമാനമിറങ്ങി ടെർമിനലിലേക്ക് നടക്കുമ്പോഴും അയാൾ എൻ്റെ പിറകെ കൂടി, നിങ്ങളുടെ നാട്ടിലെ സിനിമയ്ക്ക് വേണ്ടി പെൺകുട്ടികളെ ഉപദ്രവിക്കുമോ, ആളുകളെ കൊല്ലുമോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. കണ്ടത് സിനിമ ആണന്ന് വിശ്വസിച്ചാലും അതിലെ സീനുകൾ യഥാർത്ഥത്തിൽ ബലാൽസംഗം ചെയ്തും, കൊന്നും ചിത്രീകരിച്ചതല്ല എന്ന് വിശ്വസിക്കാൻ അവനു കഴിയുന്നില്ല എന്ന് ചുരുക്കം.

ഇന്നലെ മനസ്സിനെ പാകപ്പെടുത്തി വീണ്ടും ഒരു തവണ കൂടി കണ്ടു. സനല്‍ കുമാര്‍ ശശിധരന്‍, കെ വി മാണികണ്ടന്‍ ദേ പിടിക്ക് എൻ്റെ വക ഒരു സല്യൂട്ട്. അറബി എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം. ഇത്ര റിയലിസ്റ്റിക്കായി ഒരു സിനിമ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സനൽ മുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ആഖ്യാന രീതി. കഥാപാത്രമല്ലാതെ യഥാർത്ഥ വ്യക്തിയായി നിമിഷ സജയനെ ഒരിക്കൽ പോലും കാണാൻ കഴിഞ്ഞില്ല. ഒളിച്ചോടുന്ന ആദ്യ സീൻ മുതൽ, മാളിൽ കയറി ലിഫ്റ്റിൽ നിന്ന് ഇറങ്ങി നടക്കുന്ന കാൽവയ്പ്പ്, ആദ്യമായി ലോഡ്ജു കാണുന്ന, ആദ്യമായി തികച്ചും കാടനായ ഒരു പുരുഷനെ കാണുന്ന, അവസാനത്തെ കൊലപാതക സീനുകളിൽ ഉൾപ്പെടെ നിമിഷ സജയൻ സ്ക്രീനിൽ എവിടെയും ഉണ്ടായിരുന്നില്ല. ജോജോ പതിവ് പോലെ ഉജ്വല പ്രകടനം തന്നെ കാഴ്ചവച്ചു. അഖിൽ ഒരു വാഗ്ദാനമാണ്.

ക്ലൈമാക്സിൽ തീർച്ചയായും ഒരു സ്ത്രീ വിരുദ്ധത ഉണ്ടന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. ബലമായി ഭോഗിച്ച മനുഷ്യനെ ആരാധിക്കുന്ന സ്ത്രീ ഒരു ഉട്യോപ്യൻ സങ്കൽപ്പമായി പോയി എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. വെറും മൂന്ന് കഥാപാത്രങ്ങളെ വച്ച് മാന്ത്രികത സൃഷ്ടിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയു പ്രിയ സനൽ. വീണ്ടും ഒരു സല്യൂട്ട്

Monday 5 October 2020

നന്മ മരങ്ങള്‍ പൂത്തുലയട്ടെ.

ജോലിയും വരുമാനവുമില്ലാതെ അലയേണ്ടി വരുന്ന സന്ദർഭമുണ്ടായാൽ ഒരു നേരത്തെ പശി അടക്കാൻ, സ്വർണം അരച്ച കഞ്ഞിക്കൊപ്പം, പ്ലാറ്റിനം ചേർത്ത പയറും കഴിക്കാൻ ഒരു മാർഗ്ഗമെന്ന നിലയിൽ കാഷായം, ജ്യോതിഷം അല്ലങ്കിൽ അറ്റകൈക്ക് ഒരു സുവർണ ക്ഷേത്രം എന്നിവയൊക്കെ ആയിരുന്നു എൻ്റെ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ അത്രയും പോലും കഷ്ടപ്പാടില്ലാത്ത നന്മമരം ആവുന്നതാണ് കൂടുതൽ അഭികാമ്യം എന്ന ഉറച്ച തീരുമാനത്തിലെത്തി ഞാൻ. 5000 രൂപയുടെ മൊബൈലും, അലക്കി തേച്ച വെള്ളമുണ്ടും ഷർട്ടും, ചുറ്റിന് ഇടയ്ക്കിടെ തല കുലുക്കാൻ നാലു പേരും, അത്യാവശ്യം ദൈന്യത നിറഞ്ഞ ഒരു രോഗിയും ഉണ്ടങ്കിൽ ഒരു സുപ്രഭാതത്തിൽ നന്മമരമാകാൻ എളുപ്പമാണ്. മറ്റുള്ളവരുടെ നിസ്സഹായതയെ വിറ്റ് വേഗത്തിൽ ലക്ഷ്യത്തിൽ എത്താൻ കഴിയും.

ഈയടുത്ത കാലത്ത് വിവാദമായ നന്മമര സംബന്ധിയായ വിഷയങ്ങളെ അൽപ്പം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കുന്ന തരത്തിൽ വമ്പൻ ഉഡായിപ്പുകളുടെ കലവറ തന്നെയാണ് അവർ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ. ഈ കാണുന്ന നന്മ മരങ്ങൾ ആലംബരെ സഹായിക്കുന്നില്ല എന്ന ആരോപണമോ വിമർശനമോ എനിക്കില്ല, എന്നാൽ വാഴ നനയുമ്പോൾ അൽപ്പം ചീര കൂടി, എന്ന സാധാരണ പരിപോഷിപ്പിക്കൽ പ്രക്രിയ മാത്രമേ ഇതിൻ്റെ പിന്നിലുള്ളു എന്ന് ഓർമ്മിപ്പിക്കുന്നു എന്നു മാത്രം.

അഭിനവ നന്മ മരങ്ങൾ ഒരു ദൈന്യമുഖത്തെ മുന്നിൽ നിർത്തി അവരുടെ ബാങ്ക് അക്കൗണ്ടും മറ്റ് അനുബന്ധ വിവരങ്ങളും കൊടുത്ത് സഹായം തേടുമ്പോൾ, മണിക്കൂറുകൾക്കുള്ളിൽ ഇത്രയും ഭീമമായ തുകകൾ ആ അകൗണ്ടിൽ ചെന്നു വീഴുന്നതിൽ തന്നെ കൃത്യമായ ദുരൂഹത ഉണ്ടന്ന് നിശ്ചമായും ഉറപ്പുണ്ടെന്നിരിക്കെ അത് വേണ്ട രീതിയിൽ അന്വോഷണ വിധേയമാക്കാത്ത സർക്കാർ സംവിധാനങ്ങളുടെ പങ്കും അതിനോടൊപ്പം സംശയം ജനിപ്പിക്കുന്നതാണ്. കാരണം ഇന്നത്തെ നന്മ മരങ്ങൾക്ക് മുന്നെ അമൃതയും, ബിലീവേഴ്സും ഒക്കെ ഇവിടെ വളർന്ന് പന്തലിക്കാനും, എതിർക്കുന്നവരെ നിർദ്ദാക്ഷണ്യം കൊന്ന് കായലിൽ താഴ്ത്താനും, സർക്കാർ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കാനും അവരെ പ്രാപ്തരാക്കിയതും ഉണർന്ന് പ്രവർത്തിക്കേണ്ട സമയത്ത് ഷണ്ഠത്വം കാട്ടിയ സംവിധാനങ്ങൾ തന്നെയാണ്. അത്തരം മനപ്പൂർവ്വ നിസംഗത ഇന്നത്തെ നന്മ മരങ്ങളുടെ ചുവട്ടിലും ഉണ്ട് എന്നുള്ളത് സാധാരണക്കാരൻ്റെ തിരിച്ചറിവാകണം.

പണം വരുന്ന വഴിയിൽ സംശയമുള്ളതു പോലെ തന്നെ അത് വിതരണം ചെയ്യുന്ന രീതിയും മുഴനീള ഉഡായിപ്പുകൾ ഉണ്ടന്നത് വ്യക്തമാണ്. ബാങ്കിംഗ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഒരു വ്യക്തിയുമായി ഇക്കാര്യത്തിലെ ചില സംശയ ദുരീകരണത്തിനായി ഞാൻ സമീപിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഒരു രോഗിക്ക് വരുന്ന തുക എത്ര വേണമെന്ന് ബാങ്കിംഗ് സോഫ്റ്റ് വെയറിൽ സെറ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ 1 രൂപ കൂടുതൽ സ്വീകരിക്കാൻ പ്രസ്തുത അക്കൗണ്ടിന് സാധിക്കില്ല. കരൾ ശാസ്ത്രക്രിയക്ക് 20 ലക്ഷം വേണ്ട ഒരു വ്യക്തിയുടെ അക്കൗണ്ടിൽ ഒന്നരക്കോടി എത്തുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കേണ്ടതില്ല എന്നർത്ഥം. ഏതാണ്ട് 90 ശതമാനവും ഓൺലൈൻ ബാങ്കിംഗ് ട്രാൻസ്ഫർ ഉപയോഗപ്പെടുത്തുന്ന ഇക്കാലത്ത്, ചാരിറ്റി ചെയ്യാൻ ആഗ്രഹമുള്ള, നന്മ മരങ്ങളെ വിശ്വാസമുള്ളവർ പ്രസ്തുത തുക മൂന്നോ നാലോ ആവശ്യക്കാരുടെ അക്കൗണ്ടിലേക്ക് അയക്കില്ല എന്ന തീരുമാനത്തിലെത്താൻ സാധ്യത തുലോം കുറവാണ്. വീതം വയ്ക്കൽ പ്രകൃയക്കുള്ള വഴിതെളിക്കുക എന്നത് മാത്രമാണ് ഇതിൻ്റെ പിന്നിലെ ഉദ്ദേശം എന്നത് അതോടെ സുവ്യക്തമാകുകയാണ്.

ഒരു വശത്ത് കുഴപ്പണം വെളുപ്പിക്കുന്നതിലൂടെ കിട്ടുന്ന ഭീമമായ കമ്മീഷൻ, മറുവശത്ത് രോഗികളുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുകകൾ വീതം വയ്ക്കുന്നതിലൂടെ നേടുന്ന ഷെയർ. ഇതിനെല്ലാം പുറമെ സെലിബ്രറ്റി പരിവേഷത്തിലൂടെ നേടിയെടുക്കുന്ന സമ്മാനങ്ങൾ. ആഹാ സുന്ദരമായ ഈ ലാേകത്തേക്കാൾ ആർഭാടമായ മറ്റൊരു ജീവിതം എവിടെ കിട്ടാൻ. നന്മ മരങ്ങൾ പൂത്ത് തളിർക്കട്ടെ...

Wednesday 9 September 2020

പോരാളി ഷാജി

ആരാണ് പോരാളി ഷാജി....? 

രാഷ്ട്രീയ പാർട്ടികളിൽ..... അവ്യക്തയുടെ പുകമറയിൽ ഒളിച്ചിരുന്ന് അടിമത്വ ന്യായീകരണങ്ങൾ പടച്ചു വിടുന്ന ഒരു ഒരുവനെയോ, അല്ലെങ്കിൽ ഒരു ഓൺലൈൻ സംഘത്തെയോ വിശേഷിപ്പിക്കുന്ന നാമധേയമായി നാം അതിനെ കാണുന്നു എങ്കിൽ അത് വിഡ്ഡിത്തമാണ്. പോരാളി ഷാജി എന്നത് ആധുനിക രാഷ്ട്രീയത്തിൻ്റെ ആസ്ഥാന നിലപാടുകളായി വിശേഷിപ്പിക്കുകയാണ് അതിനേക്കാൾ യുക്തിഭദ്രം. അടിസ്ഥാനപരമായ പ്രത്യയശാസ്ത്രങ്ങളിൽ നിന്നാേ, വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ നിന്നാേ, നിയമാനുസൃതമായ പ്രവർത്തന മാർഗ്ഗങ്ങളിൽ നിന്നോ വ്യതിചലിക്കപ്പെട്ട  ചിന്താഗതികളെ ഇന്ന് രാഷ്ട്രീയ പാർട്ടികൾ കെട്ടിയിടപ്പെട്ടിരിക്കുന്നത് പോരാളി ഷാജിസത്തിലാണ്. സ്വയം അടിപതറപ്പെട്ട നിലയിൽ എത്തി, വിമർശകരെ നിലപാടുകൾ കൊണ്ടും, സുതാര്യതകൊണ്ടും നേരിടാൻ കഴിയാതെ വരുമ്പോൾ, പോരാളി ഷാജിസം സ്വീകരിക്കുക എന്ന പാപ്പരത്വത്തിലേക്ക് രാഷ്ട്രീയം കൂപ്പുകുത്തി എന്ന് വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. 

ആരാണ് പോരാളി ഷാജി...?

അണികളിൽ.... വ്യക്തമായ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിന് ചുവട്ടിൽ, സത്യത്തിൻ്റെ കണിക പോലും ഇല്ലാത്ത, വ്യക്തി കുടുംബ രാഷ്ട്രീയ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ഏതൊരുവനിലും ഷാജിയുണ്ട്. ആശയങ്ങൾക്ക് ആശയങ്ങളിലൂടെ മറുപടി പറയാനും, ആശയങ്ങളെ മറു പ്രത്യയശാസ്ത്ര മികവുകൊണ്ട് ജയിക്കാനും, തറപറ്റിക്കാനും, ആശയങ്ങളെ വ്യക്തമായി അവതരിപ്പിച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ജനമനസ്സുകൾ പിടിച്ചെടുക്കാനും കഴിയാത്ത കൊതിക്കുറവിൽ, മറുപക്ഷത്തെ ഒരുവന് ഉണ്ടാകുന്ന വാഹനാപകടമോ, മാരക അസുഖങ്ങളാേ പോലും അവൻ്റെ മരണത്തിൽ കലാശിക്കണേ എന്ന മുട്ടിപ്പ് പ്രാർത്ഥന നടത്തുന്നവനിലും, വീണു കടക്കുന്ന ഒരുവൻ്റെ കാൽച്ചുവട്ടിൽ ചെന്ന് കൈകൊട്ടി  ആഹ്ലാദനൃത്തം ചെയ്യുന്നവനിലും ഷാജിയുണ്ട്. രാഷ്ട്രീയം എന്തെന്നറിയാതെ, താൻ നിലകൊള്ളുന്ന പാർട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രം എന്തെന്നറിയാതെ വ്യക്തിപൂജ മാത്രം നടത്തുന്ന ഏതൊരുവനിലും ഒരു പോരാളി ഷാജി ഒളിഞ്ഞിരിക്കുന്നു.

ആരാണ് പോരാളി ഷാജി...?

നേതാക്കന്മാരിൽ.... ഏറ്റവും ചെറുപ്രായം മുതൽ ഈ നിമിഷം വരെ തൻ്റെ രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കാത്ത ശ്രീ രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വിമർശനങ്ങളെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിൽ ഊന്നിനിന്ന് മറുപടി പറയാൻ കഴിയാതിരുന്ന സി പി എമ്മിൻ്റെ സംസ്ഥാന സെക്രറട്ടറി രമേശിന് എതിരെ പ്രയോഗിച്ച സംഘിബന്ധം തികച്ചും പോരാളി ഷാജിസമാണ്. ജനങ്ങളിൽ ഉള്ള തങ്ങളുടെ പ്രവർത്തന മികവിൽ പ്രതിബദ്ധതയുടെ ജയം ഏറ്റുവാങ്ങുന്നതിന് പകരം എല്ലാ ദുരന്തവും ഭരണപക്ഷത്തിന് അനുകൂലമാകില്ല, ഞങ്ങൾക്കും ഒരു ദുരന്ത ഗുണം കിട്ടാനുണ്ടാവും എന്ന് പ്രസ്താവിച്ച തിരുവഞ്ചൂരും പോരാളി ഷാജിയാണ്. സ്വർണവേട്ട അന്വോഷിക്കുന്നത് താൻ കൂടി പ്രതിനിധീകരിക്കുന്ന കേന്ദ്ര സർക്കാർ ആണന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും, കേരള സർക്കാരിൻ്റെ നീതി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ നിരാഹാര പ്രഹസനം നടത്തിയ മുരളീധരനിലും പോരാളി ഷാജിയുണ്ട്. ഇത് കേവലം മൂന്ന് വ്യക്തികളിൽ ഒതുങ്ങുന്നില്ല, മറിച്ച് വ്യക്തികൾക്ക് അതീതമായി, ഇന്നിൻ്റെ നേതാക്കളിൽ ഏറിയ പങ്കും കൈക്കൊള്ളുന്ന ഓരോ രാഷ്ട്രീയ നിലപാടുകളിലും പോരാളി ഷാജിസം വ്യക്തമായി ഗ്രസിച്ചിരിക്കുന്നു.

ആരാണ് പോരാളി ഷാജി...?

ഈ നൂറ്റാണ്ടിൽ.... പോരാളി ഷാജി ഇന്നിൻ്റെ രാഷ്ട്രീയ മുഖമാണ്. ആധുനിക രാഷ്ട്രീയത്തിൻ്റെ തലനേതാക്കൾ മുതൽ വാൽഅണികൾ വരെ തുടർന്നു വരുന്ന നിലപാടില്ലായ്മകളുടെ, നിലവാരമില്ലായ്മയുടെ, ധാർഷ്ട്യത്തിൻ്റെ, മൂല്യച്യുതിയുടെ ആകെത്തുകയെ പോരാളി ഷാജി എന്ന് പേരിട്ട് വിളിക്കാം.....

ഭയപ്പെടരുത്.... ജാഗ്രത....

വിദേശത്തും, ഉത്തരേന്ത്യയിലും വ്യാപിക്കുകയും, നിരവധി ആളുകൾ മരിച്ച് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തും എത്തി എന്നത് അംഗീകരിക്കുക. എനിക്ക്, എൻ്റെ വീട്ടുകാർക്ക് ഇത് വരില്ല എന്ന അനാവശ്യ ആത്മവിശ്വാസത്തിൽ നിന്ന്, എനിക്കും വന്നേക്കാം വന്നാൽ ഞാൻ ധൈര്യമായി നേരിടും എന്ന അൽപ്പാശങ്ക കലർന്ന ശുഭാപ്തി വിശ്വാസത്തിലേക്ക് മനസ്സിനെ മാറ്റി സെറ്റ് ചെയ്യേണ്ട സമയമായിരിക്കുന്നു. കൊറോണയെ നേരിടാൻ എടുക്കേണ്ട ചില മുൻകരുതലുകൾ ഇതിന് മുമ്പ് എഴുതിയ ഒരു കറുപ്പിൽ ഞാൻ എഴുതിയിരുന്നു, തീർച്ചയായും വായിക്കും എന്ന് കരുതുന്നു. കേരളത്തിൻ്റെ കാര്യമെടുത്താൽ കൊറോണയുടെ ചരട് പതിയെ സർക്കാരിൻ്റെ കൈയ്യിൽ നിന്ന് വിട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. അതിന് സർക്കാരിനെ ഒരു വിധത്തിലും കുറ്റപ്പെടുത്താൻ നമ്മുക്ക് അവകാശമില്ല. കാരണം ലോകത്ത് കെടി കെട്ടിയ എല്ലാ ആധുനിക ആശുപത്രി സംവിധാനങ്ങളുമുള്ള അമേരിക്ക പോലും പരാജയപ്പെട്ടിടത്താണ്, ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഈ മഹാമാരിയെ കഴിഞ്ഞ അഞ്ച് മാസമായി ചെറിയ കേരളം പിടിച്ചു കെട്ടി നിർത്തിയത്. പക്ഷേ സർക്കാരുമായി പൂർണമായും സഹകരിക്കാത്ത ചില ഘടകങ്ങളും, ഒഴിച്ചു കൂടാൻ കഴിയാത്ത പ്രവാസി മടക്കവും സർക്കാരിൻ്റെ പരിധിക്ക് അപ്പുറത്തേക്ക് കൊറോണ വ്യാപനത്തെ എത്തിച്ചിരിക്കുന്നു.

സത്യത്തിൽ കൊറോണ ഭയപ്പെടേണ്ട ഒരു അസുഖമല്ല. വൈറസ് വ്യാപിച്ച 90% ആളുകൾക്കും ഒരു തുമ്മൽ ലക്ഷണം പോലും ഉണ്ടാക്കാത്ത സാധാരണ ഒരു വൈറൽ ഫീവറിനേക്കാൾ കുറഞ്ഞ മരകശേഷിയുള്ള വൈറസ്, പക്ഷേ അതിൻ്റെ വ്യാപന ശേഷി മറ്റേത് വൈറസിനേക്കാൾ കൂടുതലാണന്ന് മാത്രം. ഇന്ന് രോഗം ക്രമാതീതമായി വ്യാപിക്കുന്നതും അതിൻ്റെ വ്യാപനശേഷിയിയുടെ പ്രത്യേകത കൊണ്ടും ആണ്. ആശാ പ്രവർത്തകർ, പഞ്ചായത്തിലെ മെംബർന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിങ്ങനെ സർക്കാർ സംവിധാനങ്ങളുടെ അഹാേരാത്രമുള്ള കൃത്യവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കു പോലും ഇത്തരം ഒരു അവസ്ഥയെ തടയാൻ കഴിഞ്ഞില്ല എങ്കിൽ അത് രോഗത്തിൻ്റെ വ്യാപന സ്വഭാവത്തെ സൂചിപ്പിക്കുന്നു

കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ്  സർക്കാർ തലത്തിൽ എടുക്കേണ്ട സുപ്രധാന തീരുമാനങ്ങൾ ഉണ്ട്. സമ്പന്നരും അതിസമ്പന്നരും ധാരാളമുള്ള കേരള ജനതയ്ക്ക് മുന്നിൽ  സ്വകാര്യ ആതുരാലയങ്ങൾ തുറന്നു പ്രവർത്തിച്ച് കോവിഡ് ചികിൽസയ്ക്ക് അനുമതി കൊടുത്താൽ തന്നെ സർക്കാരിന് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഒരു പരിധി വരെ കരകയറാൻ കഴിയും, ഒപ്പം ലോക്ക്ഡൗൺ മുതൽ പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് അതൊരു ആശ്വാസവുമായേക്കാം. സമ്പന്നരായ രാജ്യങ്ങൾ പോലും ചെയ്യാത്ത തരത്തിൽ,  ലക്ഷണങ്ങൾ കാണിക്കാത്ത പോസിറ്റീവ് രോഗികളേയും സർക്കാർ ആശുപത്രികളിൽ കിടത്തി ചികിൽസിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിൽ ഉള്ളത്. അവർക്ക് ഒരിക്കലും കോവിഡ് ഒരു പ്രശ്നമായി മാറില്ല എന്നും, ആൻ്റിബോഡി സ്വയം ഉൽപ്പാദിപ്പിച്ച് നെഗറ്റീവ് ആയി മാറും എന്നും ഉത്ബോധിപ്പിച്ച്, വിദേശരാജ്യങ്ങളിലേത് എന്ന പോലെ ശക്തമായ ഹൗസ് കോറൻ്റയിൻ നിർദ്ദേശിക്കുന്നതാവും അഭികാമ്യം. ദിവസവും പാരസെറ്റാമോൾ എടുത്ത് കൊടുക്കുന്നതിന് സൗജന്യ സർക്കാർ സംവിധാനങ്ങൾ വേണം എന്ന വാശി പൊതു ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ഇനി മുതൽ സർക്കാർ സംവിധാനങ്ങൾ പ്രായമായവർക്കും, കുട്ടികൾക്കും സമൂഹത്തിൽ താഴെക്കിടയിൽ നിൽക്കുന്നവർക്കും മാത്രമാണ് എന്ന ഒരു പ്രഖ്യാപനം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായാൽ പോലും എതിർക്കാൻ പ്രതിപക്ഷം പോലും തയ്യാറാകും എന്ന് വിശ്വസിക്കുന്നില്ല. ഇറ്റലിയിൽ പ്രായോഗിക തലത്തിൽ കൊണ്ടുവന്ന ടെലി മെഡിസിൻ സംവിധാനം കേരളത്തിലെ സാഹചര്യങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള കുറച്ച് ആംബുലൻസ് സംവിധാനങ്ങൾ സഞ്ചരിക്കുന്ന ഫാർമസികൾ ആയി മാറ്റിയെടുത്താൽ ജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ ഒരു ഫോൺ കോളിൽ വീട്ടിൽ എത്തുന്നത് ആശ്വാസമാകും. വലത് ഇടത് എന്ന വേർതിരിവില്ലാതെ എല്ലാ രാഷ്ട്രീയ മത സാമൂഹിക സാംസ്കാരിക കായിക സംഘടനകളേയും പ്രവർത്തകരേയും ഏകോപിപ്പിച്ച് പഞ്ചായത്ത് വാർഡ് തലങ്ങളിൽ ഒരു കമ്മറ്റിയുണ്ടാക്കി അവരെ അവശ്യമരുന്ന് ഭക്ഷണ വിതരണം ഏൽപ്പിക്കുന്നതും ചിന്തിക്കാവുന്ന കാര്യമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, കോവിഡ് വ്യാപനം ഇത്തരത്തിൽ നീങ്ങുകയാണങ്കിൽ സാമ്പത്തിക പരാധീനതകൾ ഉളള ഒരു സർക്കാരിന് പിടിച്ചു നിൽക്കുക പ്രയാസമാകും. അവരുടെ തീരുമാനങ്ങൾ തികച്ചും പോസിറ്റീവായി ഉൾക്കൊണ്ട് അതിനോട് സഹകരിക്കാൻ നാം പൊതുജനം തയ്യാറാവേണ്ടി വരും.

ഭയമാണ് കോവിഡിൻ്റെ വിളഭൂമി. ഭയമുള്ളിടത്ത് അവന് അപാര ശക്തിയാണ്. ഭയപ്പെടരുത് എന്നാൽ കരുതലോടെ നമ്മുക്ക് ഈ മഹാമാരിയെ നേരിടാം.


Wednesday 12 August 2020

വെറുതെ ചില ചോദ്യങ്ങള്‍

പ്രധാന തലക്കെട്ടോടെ ദേശാഭിമാനിയിൽ വന്ന ഒരു വാർത്തയെ കുറിച്ച് ഇന്ന് നമ്മുക്ക് അൽപ്പം ചർച്ചയാവാം അല്ലേ. ചർച്ചക്ക് ഉപാേൽബലകമായി ദേശാഭിമാനിയിലെ പ്രസ്തുത വാർത്തയും ഇവിടെ ഫോട്ടോയായി പോസ്റ്റു ചെയ്യുന്നു. ഇത് പത്രത്തിൽ നിന്ന് നേരിട്ട് വായിക്കുന്ന ഇടത് ഇതര രാഷ്ട്രീയക്കാർ "ഓ ഇപ്പം ഉലത്തിക്കളയും" എന്ന ആത്മഗതം വിട്ട് അടുത്ത വാർത്തയിലേക്ക് പോകും, വായിക്കുന്ന ഇടതന്മാർ സർക്കാരിൻ്റെ ആർജ്ജവത്തെ മഹത്വവൽക്കരിച്ച് ഒരു പോസ്റ്റിട്ട് പിൻവലിയും. അത്ര നിസ്സാരമാണ് ഇരുകൂട്ടർക്കും ഈ വാർത്ത. എന്നാൽ സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുന്ന ഒരാൾക്ക് തീർച്ചയായും ഈ കേസിൻ്റെ മെറിറ്റിനെ കുറിച്ച് അൽപ്പം സംസാരിക്കാനുണ്ടാവും.

വി പി അൻവർ എം എൽ എ ക്ക് എതിരെ വധ ഗൂഡാലോചന നടത്തിയതിന് പ്രമുഖ നേതാവും ആര്യാടൻ മുഹമ്മദിൻ്റെ  മകനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ കേസെടുത്തിരിക്കുന്നു. വധഗൂഡാലോചന അത്ര നിസ്സാരമായ കുറ്റകൃത്യമല്ല, അത് വധശ്രമത്തിലേക്കോ, കൊലപാതകത്തിലേക്കാേ എത്തിപ്പെട്ടാൽ ഉണ്ടാകുന്ന ഭീകരാവസ്ഥയേയും നിസ്സാരമായി കാണാൻ കഴിയില്ല. അതു കൊണ്ട് തന്നെ, ഏത് തരത്തിൽ ചിന്തിച്ചാലും വധ ഗൂഡാലോചന അപലപനീയം തന്നെ. പക്ഷേ ഗൂഡാലോചനകൾ പലതും കേസിലേക്ക് എത്തിപ്പെടുന്നതും, കേസെടുക്കുന്നതും, ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിലാകുമ്പോൾ അതിലെ നിജസ്ഥിതി മനസ്സിലാക്കാൻ എടുക്കുന്ന കാലമത്രയും പ്രതിസ്ഥാനത്ത് തുടരേണ്ട ബാധ്യതയിലാണ് ഇപ്പോൾ ഷൗക്കത്തിനും, ഇതിന് മുമ്പ് രാഷ്ടീയ ഇരകളായ പലർക്കും ഉണ്ടായിട്ടുള്ളത്. എന്തായാലും ദേശാഭിമാനി പറയുന്നത് പ്രകാരമാണങ്കിൽ, അൻവർ എം എൽ എ യുടെ പരാതിയുടെ അടിസ്ഥാനത്തിൽ, വധഗൂഡാലോചന നടത്തിയതിന് ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുക്കുകയും, വിശദമായ അന്വേഷണത്തിൽ, ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് പിടികൂടുകയും ചെയ്തിരിക്കുന്നു. പക്ഷേ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മുൻപിൻ നോക്കാതെ എഫ് ഐ ആർ ഇടാനും, അന്വോഷിക്കാനും, പ്രതികളെ പിടിക്കാനും കാണിക്കുന്ന ആർജ്ജവം പലപ്പോഴും കാട്ടാത്ത സർക്കാരിൻ്റെ പോലീസ് ഇത്ര പെട്ടെന്ന് നടപടി ക്രമങ്ങളിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രണ്ട് ചോദ്യങ്ങൾ ഉണ്ട്. ഒന്ന്, സമാനസ്വഭാവമുള്ളതാേ, ഇതിലും പ്രമാദമായതോ ആയ എത്രയോ സംഭവങ്ങൾക്ക് നേരെ എന്തുകൊണ്ട് മൗനം? രണ്ട്, രാഷ്ട്രീയ പകപോക്കലുകൾക്ക് മാത്രം ഉപയോഗിക്കാനുള്ള ചട്ടുകങ്ങൾ മാത്രമായി  സിസ്റ്റത്തെ മാറ്റുന്ന രാഷ്ട്രീയ പാർട്ടികളുടെ തരംതാണ ഇത്തരം നടപടികൾ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

ഈ ചോദ്യങ്ങൾക്ക് നേരെ പുച്ഛമോ, മൗനമോ അല്ലങ്കിൽ എതിരഭിപ്രായമോ ആണങ്കിൽ അവിടെയും ചില ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. എങ്കിൽ സ്വർണവേട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്ര ഗുരുതരമായ ആരോപണം ഉണ്ടായിട്ടും പ്രതിപക്ഷത്തിൻ്റെ ആരോപണമേറ്റെടുത്ത് സംശുദ്ധി തെളിയിക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ എന്തുകൊണ്ട് നിർബാധം വിലസി നടക്കുന്നു. ടി പി ചന്ദ്രശേഖരൻ്റെ വധ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ട് കാര്യക്ഷമമായി നടക്കുന്നില്ല. ഇതേ വി പി അൻവറിൻ്റെ ഭൂമി കയ്യേറ്റത്തെക്കുറിച്ചും, നിയമ ലംഘനങ്ങളെ കുറിച്ചും ഉള്ള നിരവധി പരാതികൾ കോൾഡ് സ്റ്റോറേജിൽ ഇരിക്കുന്നു. എന്തിനേറെ പറയുന്നു പിന്നാമ്പുറ ധാരണയാണന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയിൽ സോളാർ കേസുകൾ പോലും ശരിയാം വണ്ണം അന്വേഷിക്കാനോ, തുടർ നടപടിയിലേക്ക് പോകാനോ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇനി എണ്ണിപ്പറയാൻ നിരവധിയുണ്ടങ്കിലും അത് ഈ കുറിപ്പിനെ ദീർഘിപ്പിക്കും എന്നതിനാൽ പറയുന്നില്ല. വധശ്രമത്തെയോ അതിൻ്റെ പിന്നിലെ ഗൂഡാലോചനയേയോ ന്യായീകരിക്കുന്നില്ല. പക്ഷേ പരാതിക്കാരൻ എഴുതിക്കൊടുത്ത പേരുകൾ മറ്റ് അന്വേഷണങ്ങൾ കൂടാതെ ചേർക്കപ്പെടുകയും, അതിന്മേലുള്ള തിടുക്കപ്പെട്ടുള്ള നടപടിക്രമങ്ങളും, സർക്കാരിന് വേണ്ടപ്പെട്ട മറ്റു കേസുകളിൽ ഉണ്ടാവുന്നില്ല എന്ന ആശങ്ക ഉയർത്താതിരിക്കാൻ കഴിയുന്നില്ല. വീണ്ടും പറയുന്നു ഷൗക്കത്തിനെ ഒരു വിധത്തിലും വെള്ളപൂശാൻ ശ്രമിക്കുന്നില്ല. അയാൾ കുറ്റം ചെയ്തിട്ടുണ്ടന്ന് അസന്നിഗ്ദമായി തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടെ.

ഇതിന് താഴെ കഴിഞ്ഞ സർക്കാരുകളുടെ കാലത്ത് തിരസ്ക്കരിക്കപ്പെട്ടതും, പാർശ്വവൽക്കരിക്കപ്പെട്ടതുമായ കേസുകളുടെ ഭാണ്ഡം തുറക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ്. നിങ്ങൾ വന്നത് എല്ലാം ശരിയാക്കും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു, നിങ്ങളുടെ പക്ഷം ജനപക്ഷമാണന്ന വാദമുന്നയിച്ചായിരുന്നു. എവിടെ ആ ശരിയാക്കൽ?, എവിടെ ആ ജനപക്ഷം?

Saturday 1 August 2020

സാമൂഹിക അകലത്തിന്‍റെ പ്രസക്തി

കോവിഡ് വീണ്ടും ഒരു യുടേൺ എടുത്ത് അതിശക്തനായി നമ്മളിലേക്ക് ടോപ്പ് ഗിയറിൽ തിരിച്ചു വന്നിരിക്കുന്നു. രാഷ്ടീയവും, മതവും ജാതിയും കളിക്കുന്നതിനിടയിൽ സർക്കാരിനോ മറ്റു ജനാധിപത്യ സംഘടനകൾക്കോ ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല എന്ന മട്ടിലാണ് അവരുടെ ദിനേനയുള്ള പ്രവർത്തികൾ. പ്രബുദ്ധർ എന്ന് സ്വയം വിലയിരുത്തുന്ന ജനങ്ങളിൽ ഭൂരിഭാഗവും കൊറോണ ഒരു പ്രശ്നമേ അല്ല എന്ന ചിന്താഗതിയിൽ അൽപ്പമാത്ര നിയന്ത്രണങ്ങളെ പോലും കാറ്റിൽ പറത്തി നിർബാധം നടക്കുന്നു. ഇനി ഞാൻ പറയുന്നത് ഒരു കോവിഡ് വിദഗ്ദനോ, ഡോക്ടറോ അത്തരം സിസ്റ്റങ്ങളിൽ ഏതിലെങ്കിലുമോ പ്രവർത്തിക്കുന്ന ഒരാളോ ആയിട്ടല്ല, മറിച്ച് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഏതു തരം പകർച്ചവ്യാധി ആയാലും അതിനെ പരമാവധി പ്രതിരോധിക്കാൻ ലോജിക്കുള്ള ഏതൊരു മനുഷ്യനും ചിന്തിക്കുന്ന ചിന്തകൾ പങ്കു വയ്ക്കുന്നു എന്ന് മാത്രം.

1. പരമാവധി വെളിയിലേക്ക് ഇറങ്ങരുത്.

2. അടുത്ത ഏതാനും മാസത്തേക്ക് വീട്ടിൽ നിന്ന് എന്താവശ്യത്തിന് ഇറങ്ങിയാലും ഒരാൾ മാത്രം ഇറങ്ങുക.

3. യാത്ര ചെയ്യുന്നത് സ്വന്തം വാഹനത്തിൽ (സൈക്കിൾ ആണങ്കിൽ പോലും) ആണന്ന് ഉറപ്പു വരുത്തുക.

4. പൊതു ഗതാഗത സൗകര്യങ്ങൾ പരമാവധി ഒഴിവാക്കുക.

5. പുറത്ത് പോയാൽ പരമാവധി വേഗത്തിൽ തിരിച്ച് വീട്ടിലെത്താൻ ശ്രമിക്കുക.

6. സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ള മുഴുവൻ സാധനങ്ങളുടേയും ലിസ്റ്റ് ഉണ്ടന്ന് ഉറപ്പു വരുത്തുക.

7. ഒരുപാട് ഇടങ്ങളിൽ കയറാതെ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ ഒന്നായി വാങ്ങാൻ കഴിയുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ ഉണ്ടങ്കിൽ അവിടെ പോകുക.

8. ഏത് സ്ഥലത്തും സാമൂഹിക അകലം പാലിച്ചിരിക്കണം. സ്ഥാപനങ്ങളിൽ തിരക്കില്ലാത്ത സമയം തിരക്കെടുക്കുക.

9.  പുറത്തു കുശലം പറയാൻ, പ്രത്യേകിച്ച് പരിചയമില്ലാത്തവരോട്, ശ്രമിക്കരുത്. അഥവാ പറയണമെങ്കിൽ രണ്ടു മീറ്റർ എങ്കിലും അകലത്ത് നിന്ന് മാത്രം സംസാരിക്കുക.

10. ഹസ്തദാനം ചെയ്യാനോ, ഇടുങ്ങിയ ഇടങ്ങളിൽ പരസ്പരം ഉരയുന്ന തരത്തിൽ കടന്നു പോകാനോ പാടില്ല.

11. ചുമയോ തുമ്മലോ ഉള്ളവരെ ആരെയെങ്കിലും പൊതു ഇടങ്ങളിൽ കണ്ടാൽ, അത് എത്ര വേണ്ടപ്പെട്ടവർ ആയാലും, സാമൂഹിക പ്രതിബദ്ധത എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ അറിയിക്കാൻ മറക്കരുത്.

12. സാധനം വാങ്ങി വീട്ടിൽ വന്ന ശേഷം, ഏതെങ്കിലും ഒരു സാധനം വിട്ടു പോയി എന്ന് മനസ്സിലായാൽ, അത് ഒഴിവാക്കി ആ മാസം കടത്തി വിടാൻ ശ്രമിക്കുക.

13. പണത്തിൻ്റെ ലഭ്യത അനുസരിച്ച് പരമാവധി കാലത്തേക്കുള്ള സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ ശ്രമിക്കുക.

14. വേഗത്തിൽ ചീഞ്ഞു പോകാത്ത കിഴങ്ങ്, ഉള്ളി പോലുള്ള പച്ചക്കറികളും, ആട്ട അരി പോലുള്ള അവശ്യസാധനങ്ങളും, പയർ കടല പോലുള്ള ധാന്യങ്ങളും കൂടുതൽ വാങ്ങാൻ ശ്രമിക്കുക. വേഗത്തിൽ ചീഞ്ഞ് പോകുന്നവ അളവിൽ കുറച്ച് വാങ്ങുക.

15. പുറത്തു പോയി വരുന്നവർ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപെടുന്നത്, വൃത്തിയായി കുളിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ച ശേഷമാണന്ന് ഉറപ്പു വരുത്തണം.

16. വീട്ടിലാണങ്കിൽ കൂടി, അംഗങ്ങൾ തമ്മിൽ പരമാവധി അകലം പാലിക്കുകയും, കുട്ടികളെ താലോലിക്കുന്നതും അവർക്ക് മുഖത്തും ചുണ്ടിലും ഉമ്മ കൊടുക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക.

17. ഗേറ്റിൽ പോലും സ്പർശിക്കാതിരിക്കാൻ ശ്രമിക്കണം, കാരണം വഴിയാത്രക്കാരോ കച്ചവടക്കാരോ അതിൽ സ്പർശിച്ചിരിക്കാൻ സാധ്യതയുണ്ട്. അഥവാ പിടിച്ചാൽ തന്നെ, ഉടൻ കൈ കഴുകാൻ മറക്കാതിരിക്കുക.

18. വീടിന് വെളിയിൽ എവിടെയും പോയിട്ടില്ല എങ്കിലും ഓരോ മുപ്പത് മിനിറ്റിലും കൈ സോപ്പിട്ട് കഴുകിയ ശേഷം, മുഖവും സോപ്പിട്ട് കഴുകാൻ മറക്കരുത്.

19. പുറത്ത് പോകുമ്പോൾ സാനിട്ടെെസർ നിർബന്ധമായും കരുതുക.

20. സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങുമ്പോഴും, വണ്ടിയിൽ കയറുന്നതിന് മുമ്പും ഇറങ്ങിയ ശേഷവും സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി എന്ന് ഉറപ്പ് വരുത്തുക.

21. വില കൂടുതൽ ആണങ്കിലും N95 മാസ്ക്കുകൾ ആണ് ഫലപ്രദം എന്ന് വിദഗ്ദർ പറയുന്നു.

22. പുറത്തിറങ്ങുമ്പോൾ മാസ്കുകൾ നിർബന്ധമായും ധരിക്കുക. യാത്രയിൽ ഒരിടത്തും മാസ്ക്കൂകളിൽ സ്പർശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

23. മുഖമോ, കണ്ണുകളാേ, മൂക്കോ, ഗുഹ്യഭാഗങ്ങളിലോ തൊടുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി എന്ന് ഉറപ്പു വരുത്തുക. അതിന് സൗകര്യമില്ലാത്തിടത്ത് സാനിട്ടെെസർ ഉപയോഗിച്ച് എങ്കിലും കൈകൾ വൃത്തിയാക്കിയിരിക്കണം.

24. ഗ്ലൗസുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണന്ന് വിദഗ്ദർ പറയുന്നു. എന്നാൽ പുറത്ത് പോകുമ്പോൾ ഇടുന്ന ഗ്ലൗസ് സാധനം വാങ്ങി അത് വണ്ടിക്കുള്ളിൽ വച്ചശേഷം ഇട്ടത് മാറ്റി പുതിയത് ഉപയോഗിക്കണം. അതേപോലെ വീട്ടിൽ വന്ന ശേഷം ഗ്ലൗസ് ശരിയായ സ്ഥലത്ത് ഡിസ്പോസ് ചെയ്യണം.

25. ദീർഘയാത്ര പോകുന്നവർ ഒരു മണിക്കൂറിനിടയിൽ മസ്ക്കും ഗ്ലൗസും മാറ്റി പുതിയത് ഉപയോഗിക്കണം എന്ന് വിദഗ്ദർ പറയുന്നു.

26. പുറത്ത് പോയി സാധനം വാങ്ങി വരുന്നവർ എല്ലാ സാധനങ്ങളും പുറത്ത് പൈപ്പിൻ ചുവട്ടിൽ വച്ച് സോപ്പ് കൊണ്ട് നന്നായി കഴുകുക. 

27. പച്ചക്കറികളും, പഴവർഗ്ഗങ്ങളും സോപ്പിൻ്റെ അംശം പോകും വരെ പരമാവധി എട്ടോ പത്തോ തവണ കഴുകിയാലും കുഴപ്പമില്ല.

28. വെള്ളം അകത്ത് കയറില്ല എന്നുറപ്പുള്ള പാക്കറ്റ് ഫുഡുകൾ സോപ്പിൽ നന്നായി കഴുകി, വെയിൽ കൊള്ളിച്ച് ഉണക്കി സൂക്ഷിക്കുക.

29. വെള്ളം കയറാൻ സാധ്യതയുള്ളവയെ പൊട്ടിച്ച് കവർ കളഞ്ഞ് വെയിലത്ത് വച്ച ശേഷം കുപ്പികളിൽ അടച്ചു സൂക്ഷിക്കുക.

30. പുറത്ത് പോകുമ്പോൾ പരമാവധി പ്രോപ്പർട്ടികൾ കുറച്ച് ഉപയോഗിക്കാൻ ശ്രമിക്കുക.

31. വാച്ച്, മാല, കമ്മൽ, മോതിരം, പോലെയുള്ളവയിൽ ഒഴിവാക്കാൻ പറ്റിയത് എന്തും പോകുന്നതിന് മുമ്പ് വീട്ടിൽ ഊരി വച്ച ശേഷം പോകുക.

32. സോപ്പ് ഉപയോഗിച്ച് കഴുകാൻ കഴിയാത്ത മൊബൈൽ, പഴ്സ്, ആഭരണങ്ങൾ എന്നിവ സാനിട്ടെെസർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി അൽപ്പനേരം വെയിൽ കൊള്ളിച്ച് അകത്തേക്ക് എടുക്കുക.

33. പുറത്ത് പോയി വന്നവർ കൊണ്ടുവന്ന സാധനങ്ങൾ കഴുകി അകത്തേക്ക് എടുക്കും മുമ്പ് നേരെ ബാത്ത് റൂമിൽ കയറി കുളിക്കുക. വസ്ത്രങ്ങൾ ഡിറ്റർജൻ്റിൽ മുക്കിവയ്ക്കണം.

34. മാറിയിടാനുള്ള വസ്ത്രങ്ങളോ, തോർത്തോ പോലും കുളി കഴിഞ്ഞന്ന് ഉറപ്പു വരുത്തിയ ശേഷം കുടുംബാംഗങ്ങളോട് ആരെയെങ്കിലും കൊണ്ട് എടുപ്പിക്കുന്നതാണ് ഉത്തമം. അല്ലങ്കിൽ പുറത്ത് പോകുന്നതിന് മുമ്പ് മുൻകൂട്ടി ബാത്ത് റൂമിൽ എല്ലാം എടുത്ത് വച്ച ശേഷം പോകുകയും ആവാം.

35. അടുത്ത വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പാൽ പോലും അപ്പോൾ തന്നെ അടുപ്പിൽ വച്ച് തിളപ്പിച്ച് ആറ്റി സൂക്ഷിക്കുക.

36. അടുത്ത വീട്ടിൽ നിന്ന് കൊണ്ടു വരുന്ന സാധനങ്ങൾ അടങ്ങുന്ന പാത്രങ്ങൾ അപ്പോൾ തന്നെ സോപ്പിട്ട് കഴുകുക, ഒപ്പം നിങ്ങളുടെ കൈകളും കഴുകാൻ മറക്കരുത്

37. കുഞ്ഞുങ്ങളെയോ പ്രായമായവരെയോ, കൊറോണാ നമ്മുടെ ഏരിയായിൽ നിന്ന് പോയി എന്ന് ഉറപ്പു വരും വരെ ഗേറ്റിന് വെളിയിൽ പോകാൻ എത്ര നിർബന്ധം പിടിച്ചാലും അനുവദിക്കരുത്. 

38. മീൻ, പച്ചക്കറി എന്നിവ വീട്ടുമുറ്റത്ത് കൊണ്ടുവരുന്നവരിൽ നിന്ന് വാങ്ങാതിരിക്കുക. പലയിടങ്ങളിൽ ചുറ്റിക്കറങ്ങി വരുന്നവരാണ് അവർ. 

39. പത്രം തൽക്കാലം ഒഴിവാക്കാം. പേപ്പറിൽ ആണ് കൊറോണാ വൈറസിന് ആയുസ്സ് കൂടുതൽ എന്ന് വിദഗ്ദർ പറയുന്നു.

40. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവയിൽ അടുത്ത കുറച്ചു നാളത്തേക്ക് പങ്കെടുക്കുന്നില്ല എന്ന് ഉറപ്പിക്കുക.

41. ഭവന സന്ദർശനത്തിന് വരുന്ന ഏറ്റവും അടുത്ത ബന്ധുക്കളേ പോലും കാര്യം പറഞ്ഞ് സ്നേഹപൂർവ്വം പിന്തിരിപ്പിക്കുക

42. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. എപ്പോഴും അടുത്ത പെരുമാറുന്ന ഡോർ ലോക്കുകൾ, ഗ്രില്ലുകൾ, കിച്ചൻ ക്യാബിനറ്റുകൾ, ബാത്ത് റൂം ഫിറ്റിംഗുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങൾ  അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ മറക്കരുത്.

43. കഴുകി വച്ചു എന്ന് ഉറപ്പാണങ്കിലും ഭക്ഷണം പാകം ചെയ്യാൻ എടുക്കുന്നതിന് മുമ്പ് പാത്രങ്ങളും, പച്ചക്കറികളും വീണ്ടും നന്നായി കഴുകി ഉപയോഗിക്കണം. ഭക്ഷണം വിളമ്പുന്ന പാത്രം നന്നായി കഴുകി എന്ന് ഉറപ്പു വരുത്തണം. 

44. പകുതി വേവിച്ച ആഹാരസാധനങ്ങൾ തീർച്ചയായും ഡയറ്റിൽ നിന്ന് ഒഴിവാക്കണം.

45. തുളസിയോ, ജീരകമാേ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ പാകത്തിൽ ചൂടോടെ ഉപയോഗിക്കുക.

46. ചുക്കുകാപ്പി, നാരങ്ങയും മഞ്ഞളും കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച വെള്ളം, തേൻ നെല്ലിക്ക, എന്നിങ്ങനെ പരമ്പരാഗതമായി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുപയോഗിക്കുന്ന മറ്റു സൈഡ് എഫക്ടുകൾ ഇല്ലാത്ത നാടൻ പൊടികൈകൾ ജീവിതചര്യയാക്കുക. 

47. കുരുമുളക്, ചുക്ക്, ഏലക്ക, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്.

48. വൈറ്റമിൻ ഡി ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുമെന്നത് കൊണ്ടും, കോവിഡ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലും രാവിലെ 11 മണിക്ക് ശേഷമുള്ള വെയിൽ ദിവസവും അരമണിക്കൂർ ഏൽക്കുന്നത് രോഗ കാഠിന്യം കുറയ്ക്കാൻ നല്ലതാണന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

49. വൈറ്റമിൻ സി അടങ്ങിയതും, ഫൈബർ അടങ്ങിയതുമായ ഭക്ഷണ വസ്തുക്കൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

50. ഡയബറ്റിക്സ്, പ്രഷർ, കൊളസ്ട്രോൾ, ഹൃദയം, വൃക്ക, കരൾ സംബന്ധിയായ രോഗങ്ങളും ഉള്ളവർ ക്രിത്യമായി മരുന്ന് കഴിച്ച് അത്തരം രോഗങ്ങളെ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്. കോവിഡ് ഒരു മരണകാരണമാകുന്നത് പ്രധാനമായും മേൽപ്പറഞ്ഞ രോഗങ്ങൾ ഉള്ളവരിൽ ആണന്നാണ് വിദഗ്ദാഭിപ്രായം.  

51. ശരിയായ ഉറക്കം, പോഷക സമുദ്ധമായ ഭക്ഷണം, നല്ല വ്യായാമം, ആവശ്യത്തിന് വിശ്രമം എന്നിവ നല്ല പ്രതിരോധ ശേഷിക്ക് ഏറ്റവും അത്യാവശ്യ ഘടകങ്ങൾ ആണ്. ഇതൊക്കെ ക്രിത്യമായി പാലിക്കാൻ സമ്മർദ്ദമില്ലാത്ത ജീവിതം അതിലേറെ ആവശ്യം. ഏറ്റവും പരമപ്രധാനം സമ്മർദ്ദത്തിന് അടിമപ്പെടാത്ത ഒരു മനസ്സ് സൂക്ഷിക്കുക എന്നത് തന്നെ.

മുകളിൽ പറഞ്ഞ 51 പോയിൻ്റുകൾ എവിടെ നിന്നും കോപ്പിയടിച്ചതോ, ഏതെങ്കിലും വിദഗ്ദർ എന്നോട് നേരിട്ട് നിർദ്ദേശിച്ചതോ അല്ല. എൻ്റെ സാധാരണ ലോജിക്കും, സോഷ്യൽ മീഡിയാ, പത്ര, ചാനൽ വാർത്തകളിൽ നിന്ന് മനസ്സിലാക്കിയതും ചേർത്ത് എൻ്റേതായ വീക്ഷണത്തിൽ എഴുതിയതാണ്. ഇത് എല്ലാം ശരിയാണ് എന്ന് അഭിപ്രായമില്ല എങ്കിലും തെറ്റ് പറഞ്ഞ് മിസ് ലീഡ് ചെയ്യാൻ പാകത്തിലുള്ളത് ഒന്നും ഈ ലിസ്റ്റിൽ ഉണ്ടാവില്ല എന്ന് ഉറപ്പ് തരുന്നു. കോവിഡ് വരില്ല എന്ന് ഉറപ്പിച്ച് ജീവിക്കാം, അഥവാ കോവിഡ് ബാധിച്ചാൽ ഭയപ്പെടാതിരിക്കുക. സാധാരണ ഒരു വൈറൽ ഫീവറിന് അപ്പുറത്തേക്ക് അതിനെ കൊണ്ടു പോകുന്നത് ഭയവും, അതുമൂലമുണ്ടാകുന്ന സമ്മർദ്ദവുമാണ്. വളരെ ചെറിയ രോഗലക്ഷണങ്ങളുമായി സാധാരണ രീതിയിൽ കടന്നു പോകുന്ന ഒരു ജലദോഷപ്പനി മാത്രമാണ് കോവിഡും.

Tuesday 28 July 2020

ഇന്ത്യയും റാഫേലും

ഏഴോ എട്ടോ റാഫേൽ ജറ്റുകൾ വന്നു, ഇപ്പോൾ ചൈനയെ മറിച്ചിട്ടു കളയും എന്ന സംഘി നിലവിളികളും മാദ്ധ്യമ തള്ളലുകളും കണ്ടിട്ട് പറയുകയാണ്. റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല. പുരാണത്തിൽ പരമേശ്വരൻ ഭൂമിയോളം വളർന്ന് ആകാശത്ത് ചെന്ന് ബ്രഹ്മാസ്ത്രവും ആഗ്നേയാസ്ത്രവും പ്രയോഗിച്ച് ശത്രുക്കളെ നിഗ്രഹിച്ചിരുന്ന തരത്തിൽ, ചൈനയെ കരിച്ച് കളയാൻ കഴിയുന്ന ദിവ്യശക്തിയും അതിനുണ്ടന്ന മൂഡ സ്വർഗ്ഗത്തിൽ വീണുപോകയുമരുത്. അത്യാധുനികത പേറുന്ന ന്യൂജൻ വിഭാഗത്തിൽ പെടുന്ന ഫൈറ്റർ ജറ്റുകൾ മാത്രമാണവ. അതിനെ പ്രതിരോധിക്കാൻ കഴിവുള്ള നിരവധി അത്യാധുനിക ആയുധശേഖരങ്ങളുള്ള രാജ്യമാണ് ചൈന. അവരെ പ്രതിരോധിക്കാൻ വെറും വായ്ത്താരികളും, ഊക്കൻ തള്ളുകളും മാത്രം പോരാ.

രാജ്യത്തിൻ്റെ വിഭവശേഷിയെ കണ്ടെത്താനും, പ്രായോഗിക തലത്തിൽ അവയെ പ്രയോജനപ്പെടുത്താനും ഉള്ള ആർജ്ജവവും കർമ്മശേഷിയും ഭരിക്കുന്നവർക്ക് ഉണ്ടാവണം. അതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസവും, പിന്തുണയും നേടിയെടുക്കാനുള്ള വിശാലമായ ഉൾക്കാഴ്ച കൂടി ഭരണകർത്താക്കൾക്ക് ഉണ്ടാവണം. രാജ്യം എന്നാൽ ജനാധിപത്യമാണ്, സമഭാവനയാണ്, സാഹോദര്യമാണ്, സഹവർത്തിത്വമാണ്. അത് സ്കൂൾ അസംബ്ലിയിൽ വായിച്ചു തള്ളേണ്ട, പാഠപുസ്തകങ്ങളിലെ ആമുഖത്താളുകളിലെ വെറും പ്രതിജ്ഞാ വാചകങ്ങൾ അല്ല, മറിച്ച് ഭരണകർത്താക്കൾ തങ്ങളുടെ ജനതയ്ക്ക് തങ്ങളുടെ പ്രവർത്തികളിലൂടെ പഠിപ്പിച്ച് കൊടുക്കേണ്ട ഇച്ഛാശക്തിയുള്ള നിലപാടുകളാണ്. കെട്ടുറപ്പുള്ള ഒരു രാജ്യത്തിന്, ജനപിന്തുണയുള്ള ഭരണകൂടമാണ് ആവശ്യം, അവിടെ ശത്രുരാജ്യത്തിനെ നേരിടാൻ ആയുധങ്ങൾ പോലും വേണ്ടി വരില്ല. ഇന്ത്യ, ഉള്ളെരിയുന്ന ഒരു അഗ്നിപർവ്വതമാണന്ന ചിന്തയാണ് ശത്രുരാജ്യങ്ങളുടെ കയ്യിലെ ഏറ്റവും പ്രതീക്ഷയുള്ള ആയുധം. അവിടെ റാഫേൽ ഒരു പ്രത്യക്രമണ ആയുധമേയല്ല. അവർക്ക് മുന്നിൽ നാം ഉയർത്തിപ്പിടിക്കേണ്ട പ്രധാന ആയുധം നമ്മുടെ കെട്ടുറപ്പാണ്. അത് കോടികൾ ചിലവഴlച്ചാൽ കിട്ടില്ല, മറിച്ച് നിലപാടുകളുടെ സമഗ്രമായ മാറ്റം മാത്രം മതിയാവും.

Tuesday 14 July 2020

ബി നിലവറയിലെ അത്യാധുനിക പുരോഗമന ചിന്തകള്‍!

ആദ്യമായിട്ടാണ് ഒരു വിഷയത്തെ കുറിച്ച് രണ്ടു തവണ എഴുതേണ്ടി വരുന്നത്. വിഷയം രാജഭരണം തന്നെയാണ്. ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്ന ഒരു പ്രത്യേക ഉത്തരവ് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ കവർന്ന് മാറ്റാനുള്ള ശ്രമം വിജയിക്കില്ല എന്ന് മനസ്സിലായ സോ കോൾഡ് പുരോഗമനവാദികൾ രാജാവിനേയും രാജകുടുംബത്തേയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് നാടുകടത്തുകയാേ തൂക്കിലേറ്റുകയോ ചെയ്യേണ്ടതായിരുന്നു എന്ന മട്ടിൽ എഴുതുകയും പ്രചരിപ്പിക്കുകയും അതിന് നൂറുകണക്കിന് ആളുകളുടെ പിന്തുണ ലഭിക്കുന്നതും കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വോട്ടു ചെയ്യുകയും, ജനാധിപത്യ സർക്കാരിൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ഉപ്പിനും കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് നികുതി കൊടുക്കുകയും, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രകൃയയിൽ പങ്കെടുത്ത് വോട്ടു ചെയ്യുകയും, തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി അദ്ധ്വാനിച്ച്‌ അന്നം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏതൊരു സാധാരണ മനുഷ്യരേയും പോലെ ജീവിക്കുന്ന അവരെ, പഴയകാല രാജപരമ്പരയിൽ പെട്ടവർ ആയതു കൊണ്ടു മാത്രം തൂക്കിക്കൊല്ലണമെന്ന് വിധിക്കുന്നവർ ഇതേ രാജ്യത്തെ നികുതിദായകരായ പെരുമയാർന്ന ജനാധിപത്യവാദികളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

എന്നാൽ മറുവശത്ത് ഇതേ ജനാധിപത്യവാദികളുടെ സംഗീതാത്മക വാഴ്ത്തിപ്പാടലുകൾക്ക് പാത്രമാകുന്നവർ ആരാണന്ന് പരിശോധിക്കാം. മത രാഷ്ട്രീയ ലേബലുകൾ ഒട്ടിച്ച് താൻപോരിമയിൽ ഏകാധിപത്യഭരണം നടത്തുന്നവർ. അവരുടെ ആരാധനാ പട്ടികയിലുള്ളത് അല്ലങ്കിൽ അവർ രോധിക്കുന്നത് തെറിക്കുത്തരം പിടക്കുന്ന തലയെന്ന് തീർപ്പുകൽപ്പിക്കുന്ന സദ്ദാം ഹുസൈനും, ഗദ്ദാഫിക്കും, കിം ജോങ്ങ് ഉന്നും, സി ജിൻ പിങ്ങിനും ഒക്കെ വേണ്ടിയാണ്. മനുഷ്യാവകാശമോ, സ്ത്രീസ്വാതന്ത്ര്യമോ, പുരോഗമന ചിന്തയോ, ജനാധിപത്യ സംസ്കാരമോ തൊട്ടു തീണ്ടാത്ത ഒന്നും കുടുംബ വാഴ്ചകളാണ് ഇവയെന്നും, ആധുനിക ലോകം നിരന്തരം ചോദ്യമുന്നയിക്കുന്ന ഇത്തരം രാജക്കന്മാരുടെ ഉട്ടാേപ്യൻ പ്രാകൃത ക്രൂര നിയമങ്ങളെ ഒരു ഉളുപ്പും കൂടാതെ വാഴ്ത്തുന്നവരാണ്, രാജഭരണമെങ്കിലും ജനങ്ങളുടെ മനസ്സിൻ്റെ ഇടയിൽ അന്നും ഇന്നും സ്ഥാനമുള്ള, ഒരു നൂറ്റാണ്ടിനപ്പുറം ജനകീയരായ രാജാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന രാജകുടുംബത്തിനെ തൂക്കിലേറ്റാൻ മൽസരിക്കുന്നത്. കുറ്റമോ ശതകോടികൾ വരുന്ന സ്വത്തുക്കൾ ധൂർത്തടിക്കാതെ സൂക്ഷിച്ചു എന്നതും. മറുനാടൻ ഏകാധിപതികൾക്ക് ജയ് വിളിക്കുന്ന പുരോഗമന വാദികൾക്ക് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്തെ സാധാരണ സമ്മദിദായകരായി നികുതി ഒടുക്കി, രാഷ്ട്രീയത്തിനതീതമായി, ജനാധിപത്യ രാജ്യത്തെ നിയമത്തെ ഉൾക്കൊണ്ട് കഴിഞ്ഞു കൂടുന്ന തിരുവിതാംകൂർ രാജവംശത്തിലെ പിൻതലമുറകളെ തൂക്കിക്കൊല്ലാൻ പാകത്തിൽ വിദ്വേഷം സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെണ്ടേ വസ്തുത.

ചുരുക്കി വായനയിൽ ഈ വിദ്വേഷത്തെ ജനാധിപത്യമെന്നും, രാജഭരണം എന്നും തട്ടിൽ നിർത്തി കാണണ്ട കാര്യമില്ല, ഇത് വെറും കൊതിക്കുറവ് മാത്രം. കൈയ്യിട്ട് വാരാൻ കിട്ടിയേക്കാമായിരുന്ന ഒരവസരം ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷേധിച്ചതിൻ്റെ നിരാശ. അതിൻ്റെ പേരിലുള്ള കൊലവിളികൾ തന്നെ ആ വിധിയെ സാധൂകരിക്കുന്നു എന്ന് നിസംശയം പറയാം. തിരുവിതാംകൂറിൻ്റെ പഴയകാല ചരിത്രം വായിച്ചറിഞ്ഞ അനുഭവമേ ഇന്നത്തെ തലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് പോലും ഉള്ളു. ആനക്കാരൻ്റെ തഴമ്പ് മകൻ്റെ ചന്തിയിൽ അന്വോഷിക്കുന്നത്ര വിവരമില്ലായ്മയാണ് ഈ പിൻതലമുറയുടെ നേരെയുള്ള ആക്രോശങ്ങൾ. സുപ്രീം കോടതിയിൽ പോലും അവർ സൂക്ഷിച്ച സ്വത്തുക്കൾ തിരികെ തരണം എന്ന് വാദിച്ചില്ല എന്നും, അന്യാധീനപ്പെട്ടു പോകുന്ന രീതിയിൽ പുറത്തെടുത്ത് ഇട്ടു കൊടുക്കരുതെന്നും ആയിരുന്നു അവരുടെ അപേക്ഷ എന്നും അറിയാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ, ശത കോടികൾ ഇനി എന്നെങ്കിലും വരുന്ന ജനതയ്ക്ക് എങ്കിലും ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടിൽ പുരോഗമന വാദികൾ അവരെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.

Monday 13 July 2020

പത്മനാഭാ നിനക്ക് നീ തന്നെ തുണ!

ഇന്നത്തെ വിവാദ വിഷയം ശ്രീപത്മനാഭൻ്റെ ശതകോടി കണക്കിനുള്ള സ്വത്തിനെ കുറിച്ചാണ്. സുപ്രീം കോടതിയുടെ വിധിക്കെതിരെയും അനുകൂലിച്ചും ഓരിയിടുന്ന ധാരാളം പ്രൊഫൈലുകൾ എഫ് ബി യിൽ കണ്ടു. അതല്ലങ്കിലും അങ്ങനെയാണല്ലോ. നമ്മുടെ മനസ്സിൽ നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള ഒരു വിധി സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാവും. പാറശാലയിലുള്ള പരമുവാശാൻ്റെ മനസ്സിൽ രാജകുടുംബത്തോട് വിദ്വേഷമുണ്ടങ്കിൽ സുപ്രീം കോടതി ജഡ്ജിനും അതുണ്ടാവണം, അല്ലങ്കിൽ പരമുവാശാൻ തെറി തുടങ്ങും. ഇനി മറിച്ച് കാസർഗോഡുള്ള മലീമാക്ഷൻ പിള്ളയ്ക്ക് ഇന്ന് ഭരിക്കപ്പെടുന്ന ജനകീയ മന്ത്രിസഭയോട് വിധേയത്വമില്ലങ്കിൽ സുപ്രീം കോടതി വിധിയെ തേങ്ങാ ഉടച്ച് സ്വീകരിക്കും. ഇത്തരം ഒരു ലൈൻ, സ്വന്തം മൂക്ക് ചീറ്റുന്നതിൽ മുതൽ കിടപ്പറ വിഷയത്തിൽ വരെ, ഞാനും കൂടി ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് ഉള്ളതിനാൽ, ഇവ്വിധമുള്ള നിലപാടുകൾ സ്വീകരിക്കുതിൽ അത്ഭുതമില്ല.

മുലക്കരം പോലും പിരിച്ചിരുന്ന അക്കാലത്തെ രാജവംശ നിലപാടുകളാൽ സ്വരൂപിക്കപ്പെട്ടതാണ് ഈ ഭാരിച്ച സ്വത്ത് എന്നവകാശപ്പെടുന്നവർ കേവലം മുലക്കരം (ഉണ്ടായിരുന്നു എന്നതിന് ചരിത്രകാരന്മാരിൽ പോലും വ്യത്യസ്ഥ നിലപാടുകൾ ആണ് ) ഒഴിച്ചു നിർത്തിയാൽ ഇന്നത്തെ ബീവറേജിൽ മദ്യത്തിന് പിരിക്കുന്ന കരത്തെക്കുറിച്ചും അത് പോകുന്ന വഴികളെ കുറിച്ചും ഒന്ന് ആലോചിക്കാത്തതോ അതോ ഇന്നത്തെ മന്ത്രിരാജാക്കന്മാരുടെ അടിമകളായി പോയതുകൊണ്ടോ. മുപ്പത് രൂപയുടെ പെട്രോളിന് അറുപത് രൂപ കരം അടയ്ക്കുകയും, അത് ഒഴിക്കുന്ന വാഹനത്തിനും ഓടിക്കുന്ന റോഡിനും, വണ്ടി ആക്സിഡൻ്റായാൽ കിട്ടുന്ന ഇൻഷുറൻസിന് പോലും ഭീമമായ നികുതി പിരിക്കുന്ന ഇന്നത്തെ സോ കോൾഡ് ജനകീയ സർക്കാരുകൾ അത് ഉപയോഗിച്ച്‌ വളർത്തുന്നത് സ്വപ്ന, സരിതമാരേയും, അവരുടെ മച്ചമ്പിമാരേയും ആണന്ന് നമ്മൾ മനപ്പൂർവ്വം വിസ്മരിക്കുന്നു. ക്ഷേത്രത്തിലെ ഭാരിച്ച സ്വത്തുക്കൾ പുറത്തേക്ക് കിട്ടിയാൽ നാട്ടിൽ പാലും തേനും ഒഴുക്കും എന്ന് അലമുറയിടുന്നവർ, കോടിക്കണക്കിന് വരുമാനമുള്ള ശബരിമലയുടെ താഴെ സീസൺ സമയത്ത് കാണുന്ന ഒരിക്കലും ഉണങ്ങാത്ത തീട്ടക്കൂനകൾ അവിടുത്തെ പ്രാഥമിക സൗകര്യങ്ങൾക്കു പോലും ഉള്ള കുറവുകൾ കൊണ്ടാണന്ന് മറന്നു പോകുന്നു. മുലക്ക് കരം അടച്ചിരുന്നു എന്ന് തെളിവില്ലാത്ത വിടുവായത്വം പറയുന്നവർ ബ്രേസിയറിനും, പാൻ്റീസിനും, ഗർഭനിരോധന ഉറയ്ക്കും, സിസേറിയനും, അണ്ടർവെയറിനും, അണ്ടർ ഷേവറിനും വരെ നികുതി അടയ്ക്കുന്ന കാര്യം അറിയുന്നു പോലും ഇല്ല. നാലു കോടി വരുന്ന ജനങ്ങളിൽ നിന്ന് പിരിച്ച് പന്ത്രണ്ട് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുകയും ബാക്കിയുള്ള തുക സ്വസ് ബാങ്കിലും സ്വന്തം വീട്ടിലെ ബി നിലവറയ്ക്കുള്ളിലും ഇനിയും അധികം വരുന്നത് മുള്ളിത്തെറിച്ച ബന്ധുമിത്രാദികൾക്കും വരെ വീതം വയ്ക്കുന്ന രാഷ്ട്രീയ ഹിജഡ പെരുമ കേട്ട നാട്ടിൽ നിന്നു കൊണ്ടാണ് രാജ വംശത്തെ ചൂണ്ടി കൊഞ്ഞനം കുത്തുന്നത് എന്നതാണ് വിരോധാഭാസം.

മുകളിലത്തെ ഖണ്ഡിക വരെ വായിച്ചവർ "രാജവംശത്തിൻ്റെ എച്ചിൽ പട്ടി" എന്ന ലേബൽ എനിക്ക് വിധിച്ചിട്ടുണ്ടാവും എന്ന് ഉറപ്പാണ്. അല്ല എന്നും ആണ് എന്നും വാദിക്കുന്നില്ല. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് അവസാനിപ്പിക്കപ്പെട്ട തിരുവനന്തപുരത്തെ രാജഭരണത്തിന് ശേഷം ആ നാട്ടിൽ ഉണ്ടായ വികസനത്തെ പറ്റി, പുതുതായുണ്ടായ നിർമ്മിതിയെ പറ്റി, അടിസ്ഥാന സൗകര്യങ്ങളെ പറ്റി, ജനസംഖ്യാ പെരുപ്പത്തിന് അനുസൃതമായി കൊണ്ടുവന്ന പരിഷ്കാരങ്ങളെ പറ്റി ചെറുതായൊന്ന് അവലോകനം നടത്തിയാൽ, ജനപ്പെരുപ്പം ആയിരം മടങ്ങ് ആയപ്പോഴും, അതിനനുസരിച്ച് ശ്രദ്ധിക്കപ്പെടാവുന്ന രീതിയിൽ വന്ന മാറ്റം, ഒരു നൂറ്റാണ്ടിന് മുമ്പ് വന്നതിൽ നിന്ന് പത്തോ പതിനഞ്ചോ ശതമാനം മാത്രമാണന്ന് മനസ്സിലാക്കാം. തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റോഡുകൾ മുതൽ എന്തിനേറെ പ്രസിദ്ധമായ മ്യൂസിയം പോലും അവകാശപ്പെടാൻ കഴിയാതെ നിരവധി ജനകീയ സർക്കാരുകൾ നോക്കു കുത്തികളായി കടന്നു പോയി. ശരിയാണ് ഇതെല്ലാം രാജഭരണത്തിലെ നികുതിപ്പണം തന്നെയാണ്. ആ ഭരണം കടന്നു പോയപ്പോൾ അവർ ബാക്കി വച്ചു പോയ ശതകോടികൾക്ക് അവകാശമുന്നയിച്ച് നടക്കുന്നവർ ഓർക്കേണ്ട ഒന്നുണ്ട്, രാജവംശം തുടർന്നു വന്ന അതേ നികുതി പിരിച്ച് ഭരണഘോഷം നടത്തുന്ന ജനകീയ സർക്കാരുകളുടെ അവസാന പരമ്പരയായ ജനകീയ പിണറായി മഹാരാജൻ പടിയിറങ്ങുമ്പോൾ, രാജ വംശത്തിൻ്റെ ഉച്ചനീചത്വങ്ങൾക്ക് എതിരെ അലമുറയിടുന്നവൻ്റേയും പോക്കറ്റ് കീറാൻ വേൾഡ് ബാങ്ക് കാവൽ നിൽപ്പുണ്ടന്ന്.

മനസ്സിലായില്ലേ ഈ വായിക്കുന്ന ഓരോ ആളുടെ കയ്യിൽ നിന്ന് തുമ്മുന്നതിനും തൂറുന്നതിനും ദിനേന വാങ്ങുന്ന നികുതിപ്പണം വാങ്ങി ഭരിച്ചു മുടിച്ച സന്തോഷത്തിന് നമ്മളിൽ ഓരോരുത്തരുടേയും ആളോഹരി കടം എൺപതിനായിരം രൂപയോളം വരും എന്നു സാരം. അപ്പോഴും ഇക്കണ്ട വികസനങ്ങൾക്ക് എല്ലാം ശേഷവും കേരളം വിലയ്ക്ക് വാങ്ങാനുള്ള ശതകോടികൾ ക്ഷേത്രത്തിൽ സുരക്ഷിതമാണ്.

നബി: രാജവംശ കാലത്തെ ഓച്ഛാനിപ്പിനെ കുറിച്ചാണ് ആക്ഷേപം. പിണറായി രാജാവിൻ്റെ, കരുണാകരൻ രാജാവിൻ്റെ മുന്നിൽ ഒച്ഛാനിക്കാതെ നിന്നാലുള്ള സാധാരണക്കാരൻ്റെ അവസ്ഥ ചിന്തനീയം.

Sunday 5 July 2020

ഗോ കൊറോണ... ഗോ ഗോ കൊറോണ

കൊറോണ ഒരു കുരുത്തം കെട്ട റസ്ലിംഗ് ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടില്ലന്നും, പ്രകോപനമില്ലാതെ കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ ആണ് പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ പല്ലുപോയ സിംഹമായി, പേരിന് പോലും മുഖം വെളിയിൽ കാട്ടാതെ ഞാൻ ഉള്ളിൽ ചുരുണ്ടു കൂടിയത്. അത്തരം ഒരു ആശങ്ക കാരണമില്ലാതെ സന്നിവേശിക്കപ്പെട്ടപ്പോൾ ജിദ്ദയിലെ ആകെ കോവിഡ് രോഗികൾ 200ൽ താഴെയായിരുന്നു, മരണ സംഖ്യ ശൂന്യവും. നാലു മാസങ്ങൾക്ക് ഇപ്പുറം ജിദ്ദയിൽ സ്ഥിരീകരിക്കപ്പെട്ട രോഗികൾ ഒരു ലക്ഷത്തിനടുത്തു വരും. ഭീതിയുടെ മുൾമുനയിലേക്ക് ലോകം അമർന്നപ്പോഴാണ് ലോക്ക് ഡൗൺ തടവിന് ജിദ്ദയും വിധിക്കപ്പെട്ടത്. അങ്ങനെ മാർച്ച് പതിനാലു മുതൽ ഞാനും തടങ്കലിൻ്റെ ഭാഗമായി. എന്നിലെ ചെറു നളൻ ശക്തി പ്രാപിച്ച് കുപ്പൂസും കിഴങ്ങു കറിയുമായും, ഇടയ്ക്ക് കഞ്ഞിയും മുളകരച്ചതും ഒക്കെയായി വിലസി. 80 ൽ പരിലസിച്ച് നിന്നിരുന്ന എൻ്റെ വയറൻ ശരീരം 73 ലേക്ക് കൂപ്പുകുത്തി. കൊറോണ എന്ന ഭീതിക്കൊപ്പം ഭാവി ജീവിതം എന്ന കരിം ഭൂതത്തെക്കൂടി മനസ്സിലേക്ക് കുടിയേറിയപ്പോൾ ശരീരത്തിൽ നിന്ന് പോയ ഭാരം മനസ്സിലേക്ക് കുടിയേറുകയും ചെയ്തു.

അങ്ങനെ സ്വച്ഛസുന്ദരമായി ബാലൻസിംഗ് ശാരീരിക മാനസിക ക്രമങ്ങളുമായി അദ്ധ്വാനമേതുമില്ലാതെ ജീവിച്ചു വരുമ്പോഴാണ് സൗദി സർക്കാരിന് വീണ്ടുവിചാരം ഉണ്ടായത്. ഇങ്ങനെ പോയാൽ കോവിഡ്ബാധാ മരണങ്ങളേക്കാൾ വലിയ തോതിൽ പട്ടിണി മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ്. അതോടെ ലോക്ക് മാറ്റി എല്ലാ പടിപ്പുരകളും തുറന്ന് പഴയപടിയാക്കി. ഇന്ന് ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊറോണാ രോഗികൾ 5000നു മേൽ മരിക്കുന്നവർ 50 നു മേൽ. ആശങ്കയില്ലാതെ ആളുകൾ ഒഴുകി നടക്കുന്നു. കൊറോണാ അതിനിടയിൽ കൂടി മനസ്സമാധാനമില്ലാതെ ഊളിയിടുന്നു. കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്ന നിലയിൽ എത്തി രാജ്യവും ജനങ്ങളും. ഇതൊക്കെ ആണങ്കിലും ഞാനെന്ന അതിലോല മനസ്സിനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. മനസ്സിനെ പാകപ്പെടുത്താൻ സ്വയം സംസാരിച്ചു, സതീർത്ഥ്യരോട് പ്രശ്നങ്ങൾ പറഞ്ഞു, അറിയാവുന്ന ഡോക്ടറന്മാരോട് ആവലാതി പറഞ്ഞു, പക്ഷേ അതൊന്നും കൊണ്ടും മനസ്സ് ശാന്തമായില്ല.

മിനിഞ്ഞാന്നാണ് എൻ്റെ പഴയ സ്റ്റാഫ് ചങ്ങനാശ്ശേരിക്കാരൻ ബിജുവുമായി അൽപ്പം സംസാരിക്കാൻ സാഹചര്യമുണ്ടായി. റിയാദിലേക്ക് ഒരു മീറ്റിംഗിനായി യാത്ര ചെയ്യുന്നതിന് മുന്നോടിയായി റിയാദിലെ സാഹചര്യങ്ങൾ അറിയാനായി വിളിച്ചതാണ് ബിജുവിനെ. സംസാരത്തിനിടയിൽ "ബിജു എനിക്ക് നല്ല ഭീതിയുണ്ട്" എന്ന് പറഞ്ഞതേ ഒർമ്മയുള്ളു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു "ഗോ കൊറോണ, ഗോ ഗോ കൊറോണ എന്ന മന്ത്രം അറിയില്ലേ, അതും ജപിച്ച് ഇങ്ങു പോരു, ഒന്നും സംഭവിക്കില്ല" എന്ന്. "അജിത്തേട്ടാ എനിക്കും വന്നിരുന്നു, അൽപ്പം തൊണ്ട വേദന, ചെറിയ പനി, ചുമ തുടങ്ങി സാധാരണ ഒരു വൈറൽ ഫീവർ. ഞാൻ മൈൻഡ് പോലും ചെയ്തില്ല. അവൻ വന്നു പോയി. രൂക്ഷമാകുന്നതിന് പ്രധാന കാരണം ഇത് എന്തോ ആണന്ന ചിന്തയിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, അതുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, അതിനെ തുടർന്നുണ്ടാകുന്ന ഭക്ഷണത്തോടുള്ള വിരക്തി ഇതെല്ലാം മൂലമുണ്ടാകുന്ന രോഗപ്രതിരോധ സംവിധാനത്തിൻ്റെ തകർച്ച ഇവയാണ്. അതുകൊണ്ട് ധൈര്യത്തോടെ കൊറോണയെ നേരിടുക". കൊറോണാ ഫയൽവാൻ ഒന്നും അല്ല ഒരു സാധാരണക്കാരൻ, എന്താടാ എന്ന് ഉറച്ച് ചോദിച്ചാൽ തിരിഞ്ഞോടുന്നവൻ, ധൈര്യമായിരിക്കു. ബിജുവിൻ്റെ അരമണിക്കൂർ ഫോണിംഗ് ക്ലാസ്റൂം എന്നിൽ നിറച്ച ആത്മവിശ്വാസം ചെറുതല്ല. എൻ്റെ പഴയ ആത്മവീര്യവും പൊരുതൽ ശേഷിയും വീണ്ടെടുത്ത് ആശങ്കകൾക്ക് അവധി പറഞ്ഞ് ഞാൻ സജീവമായിത്തുടങ്ങി.

ഇത് ഞാൻ എഴുതാൻ കാരണം ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചാണ്. കോവിഡ് രോഗികളുടെ എണ്ണം രണ്ടിൽ നിന്ന് ഇരുപതിലേക്കും, ഇന്ന് ഇരുന്നൂറിലേക്കും എത്തി നിൽക്കുന്നു. ദിവസവും നാനൂറിലേക്കും നാലായിരത്തിലേക്കും ഉള്ള ദൂരം കുറഞ്ഞു വരികയാണ്. റൂട്ട് മാപ്പും, റോഡ് ബ്ലോക്കിംഗും, റെഡ് സോൺ പ്രഖ്യാപനവുമൊക്കെ ഇനി ചരിത്ര പുസ്തകത്തിലേക്ക് മാറ്റാം. കൊറോണയെ കൂടെ നടത്തി പട്ടിണിക്കിട്ട് കൊല്ലുക മാത്രമേ നിവൃത്തിയുള്ളു. അവൻ തൊട്ടടുത്ത് നമ്മളോട് ചേർന്ന് നമുക്കിടയിൽ ഉണ്ട്. ഭീതി വേണ്ട എന്നാൽ ജാഗ്രത അത്യാവശ്യമാണ്. മരണ സംഖ്യ കൂടിയേക്കാം, പക്ഷേ ഇതുവരെ കൂടെ നിന്ന സർക്കാരിനെ അതിൻ്റെ പേരിൽ കുറ്റപ്പെടുത്തണ്ട, കാരണം ഇനി മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്. ഇതുവരെ സർക്കാരിന് കഴിയുന്ന വിധത്തിൽ പടരാതിരിക്കാനുള്ള എല്ലാ ജാഗ്രതകളും പാലിച്ചിരുന്നു, ഇനി അതിനെ തടയാൻ നമ്മുക്ക് മാത്രമേ കഴിയു എന്ന തിരിച്ചറിവുണ്ടാകേണ്ട സമയമായിരിക്കുന്നു. മാസ്ക്ക് ഗ്ലൗസ് എന്നിവ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, സോപ്പിട്ടുള്ള തുടരെ തുടരെ കൈ കഴുകുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ കുളിക്കുക, വസ്ത്രങ്ങൾ രണ്ടു തവണയെങ്കിലും മാറുക ഇത്തരം ജാഗ്രതാ നടപടികൾ സ്വയം സ്വീകരിക്കാൻ കഴിഞ്ഞാൽ കൊറോണ സ്വയം ഒഴിഞ്ഞ് പോകുക തന്നെ ചെയ്യും.

Saturday 4 July 2020

കൊമ്പുള്ള ഇറ്റാലിയന്‍ മറൈന്‍

രാഷ്ട്രീയത്തിന് ഒരു സ്വാർത്ഥതയുണ്ട് എന്ന് എവിടെയും ഞാൻ പറയാറുണ്ട് എന്നാൽ രാഷ്ട്രത്തിന് ആ സ്വാർത്ഥത പാടില്ല. എന്താണ് രാഷ്ട്രീയത്തിലെ സ്വാർത്ഥത? കക്ഷി രാഷ്ട്രീയ ഭേദമന്യേ വൻകിട നേതാക്കൾ മുതൽ ചെറുതരി നേതാക്കൾ വരെ പലതട്ടിൽ വച്ച് ആരാധിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവർക്ക് വേണ്ടി പാർട്ടി വളർത്താനും തല്ലു കൊള്ളാനും പോരാടാനും നിൽക്കുന്ന സാധാരണ അണികൾ, പലവിധ സ്വാർത്ഥതയുടെ പേരിൽ അവഗണിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നു. എതിർകക്ഷിയിലെ വലിയ തൊപ്പി വച്ച നേതാവിൻ്റെയും, അല്ലങ്കിൽ കോർപ്പറേറ്റ് രാജാക്കന്മാരുടെയും മുന്നിൽ ഓച്ഛാനിക്കുന്നവർ, സ്വന്തം കക്ഷിയിലെ സാധാരണക്കാരെ അതിൻ്റെ തീണ്ടാപ്പാടകലേക്ക് മാറ്റിനിർത്തി അയിത്തം കൽപ്പിക്കാറുണ്ട്. അവർ തങ്ങളുടെ സ്വാർത്ഥതയ്ക്ക് അപ്പുറത്തേക്ക് ഏത് സഹതാപത്തിൻ്റെ പേരിലും ഒരു ചുവട് പോലും വയ്ക്കാൻ തയ്യാറാകില്ല എന്ന് ചുരുക്കം. എന്നാൽ രാഷ്ട്രം അതിൻ്റെ ജനതയെ അതിസംബോധന ചെയ്യേണ്ടത് പലതട്ടിൽ വച്ചായിരിക്കരുത് എന്നത് അതിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രം പൊതുധാരയിൽ രാഷ്ട്രീയ സ്വാർത്ഥതയിലേക്ക് കൂപ്പുകുത്തിയാൽ, അത് മതാഷ്ടിതമോ, സംസ്ഥാനാതിഷ്ടിതമോ, കക്ഷിരാഷ്ട്രീയ അതിഷ്ടിതമോ, ധനാതിഷ്ടിതമോ ആയാൽ അതിലെ ജനങ്ങൾ രണ്ടു തട്ടിലാകും എന്ന് സംശയമില്ല.

ഞാൻ പറഞ്ഞു വന്നത്, ഇറ്റാലിയൻ മറൈനുകളാൽ വെടികൊണ്ട് വധിക്കപ്പെട്ട കേസ് അന്താരാഷ്ട്രക്കോടതിയിൽ ഒരു നഷ്ടപരിഹാരത്തിന് പോലും വകനൽകാതെ ഉപേക്ഷിക്കപ്പെട്ടതിനെ കുറിച്ചാണ്. രാഷ്ട്രത്തിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ക്രിയാത്മകമായ സമീപനം ഇക്കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരേണ്യതയുടെ ഉത്തരേന്ത്യൻ ആര്യന്മാരിൽ നിന്ന് കറുപ്പിൻ്റെ ദക്ഷിണേന്ത്യൻ ദ്രാവിഡതയെ മാറ്റി നിർത്തുന്ന പതിവ് രാഷ്ട്രീയവും, സാധാരണക്കാരനെ ഒഴിവാക്കി നിർത്തുന്ന ധനരാഷ്ട്രീയവും, സംസ്ഥാനത്തെ എതിർകക്ഷി രാഷ്ട്രീയവും ഈ കേസിനെ തുടക്കം മുതൽ സ്വാധീച്ചു എന്ന് വ്യക്തമാണ്. പേരിന് കോടതിയിൽ ഒരു ജയം അവകാശപ്പെടാമെങ്കിലും, കേന്ദ്ര സർക്കാർ ഒരു ഉപാധിയും നിർദ്ദേശിക്കാതെ പിന്മാറിയതായി മാത്രമേ കരുതാൻ കഴിയു. കാരണം നഷ്ടപരിഹാരം കിട്ടാൻ അവകാശമുണ്ടങ്കിലും അത് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലുമുള്ള അവകാശം ഇറ്റലിക്ക് തീറെഴുതി കൊടുക്കേണ്ടി വന്നു. ഈ കാര്യത്തിൽ നിലവിലെ മോഡി സർക്കാരും, തൊട്ടു മുൻപ് അധികാരം വിട്ടിറങ്ങിയ മൻമോഹൻ സിംഗ് സർക്കാരും, മറ്റെല്ലാ വിഷയങ്ങളിലേയും പോലെ ഒരേ തൂവൽപക്ഷികളാണന്ന് വീണ്ടും തെളിയിക്കുന്നു. നിരപരാധികളായ ഗ്രഹനാഥന്മാർ വധിക്കപ്പെട്ടതിലൂടെ അനാധരായി, നീതി പ്രതീക്ഷിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ അവസാന തരിയും നഷ്ടപ്പെട്ടു എന്നു ചുരുക്കം.

പ്രകോപനം ഒട്ടും ഇല്ലാതെ വെടിയുണ്ട പായിക്കുകയും കൊലപാതകം നടത്തുകയും ചെയ്ത ഇറ്റാലിയൻ പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ദില്ലിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റുകയും. ക്രിസ്മസ് ആഘോഷിക്കാൻ പരോളു നൽകുകയും, പിന്നീട് അവരിൽ ഒരു പ്രതിക്ക് 2014 സെപ്തംബറിൽ മൻമോഹൻ സിംഗ് സർക്കാരിൽ നിന്ന്, ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി. അന്ന് അതിനെ നിശിതമായി വിമർശിക്കുകയും, സോണിയാ ഗാന്ധിയെ അതിൻ്റെ പേരിൽ പരസ്യമായി അവഹേളിക്കുകയും ചെയ്ത നരേന്ദ്ര മോഡി അധികാരത്തിൽ വന്ന് രണ്ടു വർഷം തികയുന്നതിന് മുമ്പ്, രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരിൽ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കാമെന്ന നിലപാടെടുത്തു. അങ്ങനെ ദേശസ്നേഹികൾ ഇറ്റലി എന്ന ദേശത്തെ നന്നായി സ്നേഹിക്കുന്നതിന് നാം മൂകസാക്ഷികളായി. സിംഗും, മോദിയും അധികാരത്തിൻ്റെ ഇരുമ്പുലക്കകൾ ഉപയോഗിച്ച് രണ്ടു പ്രതികളെയും അതീവ സുരക്ഷിതരായി അവരുടെ ദേശത്ത് എത്തിച്ചു കൊടുത്തു. കരുതലിൻ്റെ വിവിധ മുഖങ്ങൾ.

ഒടുവിൽ എല്ലാം കഴിഞ്ഞ് ഏക പിടിവള്ളിയായ അന്താരാഷ്ട്ര കോടതി നടപടികളിൽ കൊടും വീഴ്ച വരുത്തി നിരുപാധികം ആ കേസ് ഇറ്റലിക്ക് മുന്നിൽ തീറെഴുതി ഏമാൻ തങ്ങളുടെ കൂറും വിധേയത്വവും ഊട്ടിയുറപ്പിച്ചിരിക്കുന്നു. ദരിദ്രത്തിൻ്റ വിയർപ്പിന്, ചോരക്ക് സമ്പന്നതയുടെ തീൻമേശയിലെ ആട്ടിൻ സൂപ്പിൻ്റെ വില പോലും ഇല്ലന്ന്, രാജ്യസ്നേഹത്തിൻ്റെ വീമ്പു പറച്ചിലുകാർ ഉറപ്പിക്കുന്നു. ഈ വിഷയത്തിൽ മോദിയെ വിമർശിക്കാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരമെങ്കിലും നേടിക്കൊടുക്കാനും കേരളത്തിൻ്റെ ഉത്തരേന്ത്യൻ എം പിആയ രാഹുൽ ഗാന്ധി പാലിക്കുന്ന മൗനവും, നമ്മൾ സാധാരണ ജനങ്ങളുടെ ശ്രദ്ധേയിൽ വരേണ്ടതുണ്ട്.

Thursday 2 July 2020

പെട്രോളിയം ഭീകരന്‍

കോവിഡ് പേടി എന്നെ ഒരുപരിധി വരെ ജയിൽവാസിയാക്കിയിരുന്നു. ഒരു ഭീതിയായി അത് മനസ്സിൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ നാലു മാസത്തിൽ ആകെ പുറത്തറങ്ങിയത് നാലാേ അഞ്ചാേ തവണ മാത്രമാണ്. അതും നൂറു മീറ്റർ അപ്പുറത്തുള്ള ഗ്രോസറി ഷോപ്പുവരെ പോയി വരാൻ മാത്രം. ഇന്നലെ ജൂലൈ ഒന്നിനാണ് മനസ്സിൽ ധൈര്യം സംഭരിച്ച് ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയത്. ഇരുന്നാൽ അരി വാങ്ങാൻ കഴിയില്ല എന്ന തിരിച്ചറിവും അതിന് കാരണമായി. പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രശസ്തമായ ശിവശങ്കർ തിയറി ഓഫ് വില വർദ്ധനവ് മനസ്സിൽ പൊന്തിവന്നത്. അദ്ദേഹത്തിൻ്റെ തിയറി അനുസരിച്ച് നിലവിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി എണ്ണവിലകൾ കുറച്ച സൗദി സർക്കാർ എത്ര പേരുടെ കഞ്ഞികുടി മുട്ടിച്ചുണ്ടാവും. സൗദി രാജാവിനോട് അടങ്ങാത്ത പകയും പ്രിയപ്പെട്ട മോഡിയോട് പതിവിൽ കവിഞ്ഞ സ്നേഹവുമായിട്ടായിരുന്നു എൻ്റെ തുടർയാത്ര.

0.63 SR/ലിറ്റർ (₹ 12.30) (ജൂലൈ ഒന്നുമുതൽ വർദ്ധിപ്പിച്ച 15% മൂല്യവർദ്ധിത നികുതി ഉൾപ്പെടെ) ആണ് സൗദിയിൽ ഇന്നത്തെ പെട്രോൾ വില. ലാേക്ക്ഡൗണിന് മുൻപ് അത് ഏതാണ്ട് SR 1.15/ലിറ്റർ (₹ 22.45) (അന്ന് 5% മൂല്യവർദ്ധിത നികുതി മാത്രം) റിയാലിന് മുകളിലായിരുന്നു. അതായത് കോവിഡ് ലോക്ക് ഡൗണിന് മുൻപ് ഉള്ളതിനേക്കാൾ ഏതാണ്ട് പകുതിയാേളം വ്യത്യാസമാണ് വിലയിൽ ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഈ സമയത്ത് ഇത്തരം ഒരു തീരുമാനം എടുത്തില്ല എങ്കിൽ പോലും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കാകാത്ത ഒരു രാജ്യത്ത് അത് ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന സത്യം കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടി വരും.

ക്രൂഡോയിൽ സംസ്കരണത്തിൻ്റെ തിയറിയിലേക്കോ, നികുതിയുടെ ആധികാരികതയിലേക്കോ ഒന്നും കടക്കാതെ എന്നെപ്പോലെ സാധാരണക്കാരൻ്റെ അൽപ്പബുദ്ധി വച്ച് ചിന്തിച്ചാൽ തന്നെ, ഭാരത സർക്കാർ പെട്രോൾ വിലവഴി സാധാരണക്കാരിൽ അനിയന്ത്രിതമായി നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ബോധ്യമാകും. സംസ്ക്കരണവും കഴിഞ്ഞ് 15% മൂല്യ വർദ്ധിത നികുതിയും പമ്പുടമയുടെ ലാഭവും ചേർത്ത് നമ്മുടെ വണ്ടിയിൽ അടിച്ചു തരുന്ന ₹ 12.30 വിലയുള്ള പെട്രോൾ നമ്മുക്ക് ഇന്ന് ഇന്ത്യയിൽ കിട്ടുന്നത് 81 രൂപയ്ക്കാണ് (വ്യത്യാസം ₹ 68.70). അനിവാര്യമായ ഇറക്കുമതി ചുങ്കം ഇതിലേക്ക് ചേർക്കുമ്പോൾ തന്നെ ഇന്ത്യയിലെ പെട്രോളിൻ്റെ അടിസ്ഥാന നികുതി, സൗദിയിലെ മൂല്യവർദ്ധിത നികുതിയക്കാൾ കുറവാണന്ന് മനസ്സിലാക്കാം. അതായത് സംസ്ക്കരിച്ച് പെട്രോൾ പമ്പുകളിൽ എത്തുന്ന ഒരു ലിറ്റർ പെട്രോളിന് മേൽ അതിൻ്റെ ക്രൂഡോ ഉത്പാദകർക്ക് നൽകേണ്ട ലാഭവും ഇറക്കുമതി ചെയ്യാനുള്ള ചിലവും ഒഴികെ ബാക്കി തുക എല്ലാംതന്നെ മറ്റു പലവിധത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട നികുതികൾ തന്നെയാണന്ന് പറയാം. സൗദിയുമായി തട്ടിച്ചു നോക്കുമ്പോൾ ചരക്കുകൂലി, തൊഴിലാളികളുടെ ശമ്പളം എന്നിവയൊക്കെ നേർപകുതി ആണന്നതും ഓർക്കുക. ചുരുക്കത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള ഈ ₹ 68.70 എന്ന ഭീമമായ വ്യത്യാസം മുഴുവനായും നികുതിയിനത്തിൽ ജനങ്ങളിൽ നിന്ന് പിഴിയുന്നതാണന്ന് പറയേണ്ടി വരും. നാട്ടിൽ കൃഷി ചെയ്യുന്ന 30 രൂപയുടെ മരച്ചീനി, നീ സൗദിയിൽ 300 രൂപ കൊടുത്ത് വാങ്ങുന്നില്ലേ എന്ന മറു ചോദ്യങ്ങൾക്ക് സുസ്വാഗതം.

ഇതിനെ കുറിച്ച് വളരെ ആധികാരികമായ ഒരു ഡാറ്റയുമായി വിശദമായ ഒരു കുറിപ്പ് എഴുതണമെന്ന വിചാരത്തോടെയായിരുന്നു ഞാൻ തുടക്കമിട്ടത്. പക്ഷേ ഇന്ത്യയുടെ കണാമറയത്തെ നികുതിയിനങ്ങളുടെ കുറെക്കണക്കുകൾ നിരത്തി ജനങ്ങളെ പിഴിയുന്നു എന്ന് പറഞ്ഞു വയ്ക്കുന്നതിൽ വലിയ കാര്യമില്ല എന്ന ചിന്തയിൽ നിന്നാണ് ക്രൂഡോയിൽ ഉൽപ്പാദനവും വിപണനവും നടത്തുന്ന സൗദിയുമായി ഒന്ന് താരതമ്യ പഠനം നടത്താതാനും സർക്കാരിൻ്റെ കൊള്ളയടിയെ പറ്റി ഒരു അവബോധം ഉണ്ടാക്കാനുമുള്ള ഒരു ശ്രമമാണ് നടത്തിയത്. അതിനാൽ തന്നെ ഇത് ആധികാരികമായിരിക്കില്ല, മറുവാദമുന്നയിക്കാനും, വിഡ്ഡി എന്ന് വിളിക്കാനുമുള്ള ഏരിയ ധാരാളമായി ഒഴിച്ചിട്ടുണ്ട് എന്നും അറിയിക്കുന്നു.

Sunday 28 June 2020

ഞാഞ്ഞൂലുകള്‍ക്ക് വിട

കേരള കോൺഗ്രസ്സ്, അതിൻ്റെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി, ഇവയൊക്കെ ചർച്ചയ്ക്കെടുക്കുന്നത് തന്നെ കേരള മോഡൽ മതജാതി ചേരിതിരിവ് രാഷ്ട്രീയത്തിൽ അപ്രസക്തമാണ് . രണ്ടു വ്യാഴവട്ടത്തിന് മുമ്പ് നിലനിന്നിരുന്ന മാടമ്പി രാഷ്ട്രീയ സംസ്കാരത്തിലെ ഉപഉൽപ്പന്നമായ പി ടി ചാക്കോയും മാണിയും ഒന്നും ഇന്നത്തെ മതജാതി രാഷ്ട്രീയത്തിൽ അപ്രസക്തമാണ്. അതെ.. കേരളകോൺഗ്രസ് തീർച്ചയായും ക്രിസ്ത്യൻ പ്രീണന രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണ്. എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഇന്നിന് കാതലായ ഒരു വ്യത്യാസമുണ്ട്. അന്ന് നിലവിലുള്ള മതേതര ജൽപ്പകരായ കേരളത്തിലെ ആൾക്കൂട്ട പാർട്ടികൾ, തങ്ങൾ മതേതരാണന്ന് ഊട്ടിയുറപ്പിക്കാനും എന്നാൽ തങ്ങൾക്ക് കിട്ടാതെ പോയേക്കാവുന്ന അധികാരം നിലനിർത്താനുമായി, ജാതിമത സൈക്കോസിസുകളെ കൂടി ആവശ്യമുണ്ടന്ന തിരിച്ചറിവിലും, കരുതിക്കൂട്ടി വളമിട്ട് കുരുപ്പിച്ചെടുത്ത കേരള കോൺഗ്രസ്, മുസ്ലീം ലീഗ് തുടങ്ങി ഈർക്കിൽ ചുള്ളികളായ മറ്റു ഹിന്ദുജാതി പാർട്ടികൾ എല്ലാം തന്നെ ഇന്ന് അപ്രസക്തമാണ് അല്ലങ്കിൽ വരുന്ന ഒരു വ്യാഴവട്ടത്തിനുള്ളിൽ കർട്ടന് പിന്നിലെ നിലവിളി ശബ്ദങ്ങളായി മാത്രം മാറാൻ വിധിക്കപ്പെട്ടവരാണ്. കാരണം അതേ ആൾക്കൂട്ട പാർട്ടികളുടെ ഇന്നത്തെ നേതാക്കന്മാർക്ക് മതജാതി ഭ്രാന്തുകളെ തണുപ്പിക്കാൻ മറ്റ് ഉപാധികളുടെ ആവശ്യമില്ലാത്തവരായി മാറിയിരിക്കുന്നു. നേരിട്ട് കിട്ടുന്ന കുളിർ കാറ്റിൻ്റെ അത്ര തണുപ്പും കുളിരും ഇത്തരം കൃത്രിമ കുളിരോപാധികൾക്ക് കിട്ടില്ല എന്ന സത്യം മതജാതി തലതൊട്ടപ്പന്മാർക്കും ബോധ്യമായിരിക്കുന്നു.

അന്ന് സ്വാധീന രാഷ്ട്രീയമായിരുന്നങ്കിൽ ഇന്ന് പ്രീണന രാഷ്ട്രീയമാണ്. അവിടെ ചെറുപാർട്ടി ഇടനാഴി ചർച്ചകളുടെ ആവശ്യമില്ലാതെ നേരിട്ട് മതജാതി സ്വീകരണമുറികലും അവിടെ നിന്ന് അടുക്കളയിൽ വരെയും എത്താനുള്ള ഉളുപ്പില്ലായ്മ എല്ലാ ആൾക്കൂട്ട പാർട്ടികളിലും പ്രകടമായി കഴിഞ്ഞു. അതിനാൽ തന്നെ ഇത്തരം ചെറു പാർട്ടികൾക്ക് പ്രസക്തമായ ഒരു സ്ഥാനവും ഇന്നിൻ്റെ രാഷ്ട്രീയത്തിൽ ഇല്ല എന്ന് നിസംശയം പറയാം. പൊട്ടിത്തെറിച്ച് ചെറു കഷ്ണങ്ങളായി ഇനി വരുന്ന തിരഞ്ഞെടുപ്പ് ചൂടുകളിൽ ഉരുകി ഒലിച്ച് തേഞ്ഞു പോകാനുള്ളതാണ് ജോസും ജോസഫും ജോർജും തുടങ്ങി മറ്റെല്ലാ ഞാഞ്ഞൂലുകളും.

Saturday 20 June 2020

ബോയിക്കോട്ട് ചൈന

ടിക്ക്ടോക്കികളുടെ രോദനവും, വിരുദ്ധരുടെ ട്രോളും കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ്. സർക്കാർ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക നിരോധനാഹ്വാനം വരും മുൻപ് തന്നെ അനൗദ്യോഗിക ബഹിഷ്കരണ ആഹ്വാനങ്ങൾ വാട്ട്സാപ്പിൽ പ്രദക്ഷിണം തുടങ്ങിയിരുന്നു. നാലഞ്ചു ദിവസം മുൻപ്, രാത്രി ഏറെ വൈകി ഉറക്കത്തെ വിളിച്ചിട്ടെങ്ങും വരാതെ, യുട്യൂബിൽ ഒരു കോമഡി സ്കിറ്റിന് പരതിക്കൊണ്ടിരിക്കുമ്പോഴാണ് വാട്ട്സാപ്പിൽ പ്രമുഖ സംഘി സുഹൃത്തിൻ്റെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ വന്നത്. ഏതുവിധേനയും കുറച്ചു നേരത്തെ ചിരിയായിരുന്നല്ലോ എൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ, തീർച്ചയായും അതൊരു എമണ്ടൻ കോമഡിയായിരിക്കും എന്ന തിരിച്ചറിവിലാണ് സ്കിറ്റ് പരതൽ മാറ്റി വച്ച് നേരെ സ്റ്റാറ്റസിലേക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചത്. മുൻവിധിയെ സാധൂകരിച്ച സ്റ്റാറ്റസ്. ഒരു കോമഡി സ്കിറ്റ് കണ്ടാൽ ചിരി പ്രതലത്തെ ആശ്ലേഷിച്ച് കടന്നു പോകുമായിരുന്നു, പക്ഷേ ഇത് ചിരിക്കാനും പിന്നെയും ചിരിക്കാനും ചിന്തിച്ച് ചിരിക്കാനും, പറഞ്ഞു ചിരിക്കാനുമുള്ള വകനൽകി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. സുഹൃത്തിന് നന്ദി പറയുന്നില്ല, കാരണം ഇതിന് മുമ്പ് കാക്കത്തൊള്ളായിരം നന്ദി വാക്കുകൾ അദ്ദേഹം എന്നിൽ നിന്ന് തന്നെ അനുഭവിച്ച് നിർവൃതി അടഞ്ഞവനാണ്.

ഈത്തവണത്തെ വിഷയം ബോയിക്കോട്ട് ചൈന ആണ്. ഇതിനു മുമ്പും അറിഞ്ഞു കൊണ്ട് ചൈനയെ പിടലിക്ക് പിടിച്ച് പുറത്തിടാൻ ഞാൻ എന്നാൽ കഴിയുന്നത് ശ്രമിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എന്നിലെ ദേശസ്നേഹി എത്ര ആഞ്ഞു വലിച്ചിട്ടും വീട്ടിൽ നിന്ന് പോകട്ടെ, ശരീരത്തിൽ നിന്ന് പോലും ആ പതിഞ്ഞ മൂക്കൻ്റെ പ്രേതം ഒഴിഞ്ഞു പോകുന്നില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് പുതിയ ആഹ്വാനം. എന്തുകൊണ്ട് ചൈനയെ ബഹിഷ്ക്കരിക്കാൻ കഴിയില്ല എന്ന് പറയണമെങ്കിൽ എന്താണ് ചൈനയുടെ ഇന്ത്യൻ ബന്ധം എന്ന് വിശദമായി പഠിക്കണമല്ലോ, അതിനായിരുന്നു കഴിഞ്ഞ മൂന്നു നാല് ദിവസത്തെ എൻ്റെ മുഴുവൻ ശ്രമവും. ശരിയാണ്, ഏത് ബിസിനസ്സിനും പ്രത്യേകിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന ബിസിനസ്സ് സഹകരണ മേഖലയായ ട്രേഡിംഗിൽ, ജനസംഖ്യ ഒരു പ്രധാന ഘടകമാണ്. ലോക ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിൽ ഒന്ന് കിടക്കുന്ന ഇന്ത്യ അവർക്ക് പൊന്നുരുക്കുന്ന സ്ഥലം തന്നെയാണ്. ഇന്ത്യയുടെ നിസ്സഹകരിച്ചാൽ ഒരിക്കലും ചൈന പോലെ ഒരു രാജ്യത്തിന് നിസ്സാരമായി കാണാൻ കഴിയില്ല, എങ്കിലും ചൈന വിരുദ്ധയുടെ അടിത്തറയിൽ നിന്നുള്ള ആഹ്വാനങ്ങളുടെ പുറത്ത്, ചെവിയിലെ രോമം വെട്ടിക്കളയും പോലെ നിസ്സാരമായി വെട്ടി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒന്നല്ല ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ സാന്നിധ്യം. ചീനച്ചട്ടിയും ചീനവലയും മുതലുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ. എത്രയൊക്കെ അറുത്ത് മുറിച്ചാലും മുറികൂടുന്ന അപൂർവ്വ ബന്ധം.

തമാശ എന്തെന്നാൽ, അറുപത്തിരണ്ടിലെ അധിനിവേശത്തിന് ശേഷം, ചൈന ചതിയൻമാരെ വലിയ പ്രോൽസാഹനം ഒന്നും കൊടുക്കാതെ പടിക്ക് പുറത്തു നിർത്തിയിരിക്കുകയായിരുന്നു മുൻ സർക്കാരുകൾ. ഇന്ത്യയുടെ ലോക്കൽ മാർക്കറ്റുകളിൽ പ്ലാസ്റ്റിക്ക് ചവറുകളും, കളിമൺ സിറാമിക്ക് ഉൽപ്പന്നങ്ങളും വിറ്റുകിട്ടുന്ന നിസ്സാരമായ വരുമാനത്തിൽ ഒതുക്കിയിട്ടിരുന്നടത്തു നിന്നാണ്, പഴകി ദ്രവിച്ച ഭായി ഭായി മുദ്രാവാക്യവുമായി നരേന്ദ്ര മോഡി സർക്കാർ വീണ്ടും അവരെ നന്നായി പ്രോൽസാഹിപ്പിച്ച്, നമ്മുടെ മാർക്കറ്റ് വലിയ ഉപാധികളൊന്നും വയ്ക്കാതെ അവർക്ക് മുന്നിൽ തുറന്നിട്ടു കൊടുത്തത്. അത്തരത്തിൽ ഉണ്ടാക്കിയ വർഷങ്ങളുടെ നിയമ പ്രാബല്യമുള്ള അന്താരാഷ്ട്ര കരാറുകൾക്ക് മേൽ കുറച്ചു മാസങ്ങളിലേക്ക് മൊറിട്ടോറിയം പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കും എന്നതല്ലാതെ അത്തരം കരാറുകൾ എന്നന്നേക്കുമായി റദ്ദാക്കുകുവാൻ കഴിയും എന്നത് മലർപ്പൊടിക്കാരൻ്റെ ദിവാസ്പനമായി അവശേഷിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കായ ബാങ്ക് ഓഫ് ചൈനക്ക് ഇന്ത്യൻ മണ്ണിൽ പ്രവർത്തനനുമതി കൊടുത്തതാണ് ഈ ശ്രേണിയിലെ കൗതുകകരവും ശ്രദ്ധേയവുമായ ഒരു കാൽവയ്പ്പ്. രണ്ടായിരത്തി പതിനെട്ടിലെ മോഡി ജിൻപിങ്‌ ചർച്ചയിലെ ധാരണ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് സർവീസുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതു കൂടാതെ, ചൈനയിലെ വമ്പൻ വാഹന നിർമ്മാതാക്കളിൽ ഒന്നായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന് ഇന്ത്യയിൽ 7600 കോടി മുടക്കി ഉൽപ്പാദന കേന്ദ്രം ഉണ്ടാക്കാൻ കരാർ ചെയ്തത് ഈ വർഷം ജനുവരിയിലാണ്. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഓപ്പോ ഇന്ത്യയിൽ ഏതാനും വർഷങ്ങൾക്കിടയിൽ മുതൽ മുടക്കിയത് 250 മില്യൺ ഡോളറാണ്. വിവോ മുതൽ മുടക്കിയത് ഒന്നര ബില്യൺ ഡോളർ. ചൈനീസ് ഫർമസ്യൂട്ടിക്കൽ കമ്പനി ഫോസൺ ഒരു ബില്യനു മേൽ ഡോളർ. മിഡിയാ, സൈക്, ഹയർ തുടങ്ങി ചെറുതും വലുതുമായ നിരവധി ചൈനീസ് കമ്പനികളും മോഡിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മുതൽമുടക്കിയിരിക്കുന്നത് ട്രില്യൺ കണക്കിന് ഡോളറാണ്. അതായത് രാജ്യസ്നേനേഹത്തിൻ്റെ ഉൽപ്പന്ന ബഹിഷ്കരണ സിദ്ധാന്തം "മെയ്ഡ് ഇൻ ചൈന" സ്റ്റിക്കറിൽ കേന്ദ്രീകരിച്ചാൽ പോലും "മെയ്ഡ് ഇൻ ഇന്ത്യ" എന്ന് ലേബലിൽ തന്നെ ഉൽപ്പന്നം ഇറക്കി പണം ചൈനയിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ മിടുക്കിന് തടയിടാൻ തൽക്കാലം ഉപാധികളൊന്നും ഇല്ല എന്നർത്ഥം.

ടിക്ക്ടോക്ക് നിരോധിച്ചത് എനിക്ക് വ്യക്തിപരമായി സന്തോഷം തരുന്ന കാര്യമാണ്. പക്വതയില്ലാത്ത സന്തോഷ് പണ്ഡിറ്റുകളുടെ പേക്കൂത്തുകൾ കാണേണ്ടല്ലോ എന്ന സമാധാനത്തിൽ നിന്ന് ഉണ്ടായ ചെറിയ സന്തോഷം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ വിഷയത്തിലോ, അതിർത്തിയിൽ ഇന്ന് അവരെ കൈകാര്യം ചെയ്യുന്ന വിഷയത്തിലോ മോദിയും ഗ്യാങ്ങും എത്ര നന്നായി അഭിനയിച്ചാലും യഥാർത്ഥ്യത്തിൻ്റെ വികൃതമുഖത്തെ മറയ്ക്കാൻ അതൊന്നും പര്യാപ്തമാകില്ല എന്നുറപ്പാണ്.

പട്ടേൽ പ്രതിമയിലേക്ക് നോക്കി നമ്മുക്ക് നെടുവീർപ്പിടാം "ബോയിക്കോട്ട് ചൈന"

Wednesday 10 June 2020

സ്ത്രീ ശരീരവും സദാചാരവും

"എങ്ങനെയാണ് ഒരാൾ നന്മയും തിന്മയും സ്വായത്തമാക്കുന്നത്...?"

രഹ്ന ഫാത്തിമയുടെ പതിമൂന്ന് വയസ്സുകാരൻ മകനും, അവൻ്റെ അമ്മയുടെ ശരീരത്തിലെ കലാപ്രകടനവും, രഹ്ന തന്നെ സ്രിഷ്ടിച്ച വെറും പബ്ലിസിറ്റി പൊറോട്ടു നാടകത്തിൻ്റെ ഭാഗമാണങ്കിലും, തൻ്റെ മകൻ അമ്മയുടെ ശരീരം കണ്ട് വളരുന്നതിലൂടെ മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കും എന്ന അവരുടെ ന്യായീകരണത്തിൽ നിന്നാണ് ഈ ചോദ്യം എന്നിൽ ഉയർന്നത്. നന്മയ്ക്കും തിന്മയ്ക്കും ഒരുവൻ വളർന്നു വരുന്ന വീടും മാതാപിതാക്കളുമായി എന്തെങ്കിലും ബന്ധമുണ്ടോ അല്ലങ്കിൽ അത് മാത്രമാണോ അവൻ്റെ സ്വാധീനശക്തി എന്ന് ചോദിച്ചാൽ, "ഒരു പരിധി വരെ" എന്നേ അതിന് ഉത്തരം നൽകാൻ ആവൂ.

സ്ഥിരമായി കലഹമുണ്ടാക്കുകുന്ന ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ വളരുന്ന ഒരു കുട്ടി വളർന്നു അവരുടെ കുടുംബ ബന്ധങ്ങളിലേക്ക് കടക്കുമ്പോൾ ചിലർ അതീവ കലഹപ്രിയരും മറ്റു ചിലർ അതീവ ശാന്തശീലരും ആയി മാറുന്നത് കാണാറുണ്ട്. മദ്യപന്മാരുടെ കുട്ടികളിൽ ചിലർ പിൽക്കാലത്ത് മദ്യപരും, ചിലർ മദ്യത്തെ പടിക്കൽ പോലും കയറ്റാത്തവരുമായി കണ്ടിട്ടുണ്ട്. സ്ഥിരമായി മറ്റുള്ളവരോട് കള്ളം പറയുന്ന മാതാപിക്കളുടെ മക്കൾ ചിലരൊക്കെ പിൽക്കാലത്ത് കളവിൻ്റെ ഉസ്താദുമാരായും, വേറെ ചിലർ സത്യസന്ധതയിൽ ഹരിഛന്ദ്രന് പോലും ഭീഷണിയായി മാറിയവരും ഉണ്ട്. ചെറുപ്രായത്തിൽ ലൈംഗിക പീഡനമേൽക്കുന്ന കുട്ടികളിൽ ചിലർ പിൽക്കാലത്ത് അമിത ലൈംഗികാസക്തി ഉള്ളവരും മറ്റു ചിലർ ലൈംഗികതയോട് തീരാത്ത വെറുപ്പുള്ളവരായും മാറിയിട്ടുണ്ട്. എന്താണ് മേൽപ്പറഞ്ഞവയ്ക്ക് കാരണം എന്ന് ചോദിച്ചാൽ ഒറ്റനോട്ടത്തിൽ അതിന് ഒരുത്തരം ഇല്ല. എന്നാൽ ശാസ്ത്രിയമായി പറഞ്ഞാൽ മുതിർന്ന ഒരു വ്യക്തിയെ പോലെ കുട്ടികൾക്കും അവൻ്റെ ചെറിയ തലച്ചോറിൽ സമൂഹത്തോടുള്ള, അതിൻ്റെ ചെറു ചലനങ്ങളോടു പോലും ഉള്ള പ്രതികരണ ശേഷി പ്രകടമാണന്നും, അത് ഒരു കുട്ടിയിൽ നിന്നും മറ്റൊരു കുട്ടിയിൽ എത്തുമ്പോൾ വ്യത്യസ്ഥമാണന്നും മനസ്സിലാക്കാം.

എൻ്റെ കുട്ടിക്കാലത്ത് രണ്ടു വ്യക്തികൾ തമ്മിലുണ്ടായ ഒരു സംഘർഷം കാണേണ്ടി വന്ന ഒരേ പ്രായമുള്ള ഞാനും എൻ്റെ കൂട്ടുകാരനും പ്രതികരിച്ചത് രണ്ടു രീതിയിലാണ്. അവൻ തിരിഞ്ഞോടിയപ്പോൾ ഞാൻ അത് കൗതുകത്തോടെ കണ്ടു നിന്നു. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഞാനും അവനും ഏതാണ്ട് ഒരേ സാഹചര്യത്തിൽ വളർന്നവരും. അമ്മയുടെ വഴിവിട്ട ലൈംഗിക ലീലകൾ കണ്ടു വളർന്ന് അത് ഞങ്ങളോട് വിവരിക്കാറുള്ള ഒരു കൂട്ടുകാരൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. സമൂഹത്തിൽ വളരെ മാന്യമായ ഒരു സ്ഥാനം ഇന്നവൻ വഹിക്കുമ്പോൾ അവൻ്റെ അതേ സാഹചര്യത്തിൽ വളർന്ന അനുജൻ ഒരു പബ്ലിക്ക് ന്യൂയിസൻസായി മാറിയ വിവരമാണ് പിന്നീട് കിട്ടിയത്.

കുട്ടികളായും മുതിർന്നവരായാലും അവൻ്റെ ബുദ്ധി അവൻ കാണുന്ന സംഭവത്തെ ഏത് ആംഗിളിലൂടെയാണ് കാണുന്നത് എന്നത് തന്നെയാണ് പ്രധാനം. ദിവസവും മദ്യപിച്ച് അമ്മയെ അടിക്കുന്നത് കാണുന്ന ഒരു കുട്ടിയുടെ ശ്രദ്ധ, അവൻ്റെ അമ്മയുടെ പ്രയാസത്തിലേക്കാണോ, അതോ അച്ഛൻ്റെ അറുമ്മാദത്തിലേക്കാണോ എന്നതിനെ ആശ്രയിച്ചിരിക്കും അവൻ്റെ ഭാവി. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ അവരുടെ സൗഹൃദവും സ്വാധീന ഘടകമായി വരുന്നു. ചുരുക്കി പറഞ്ഞാൽ ചിത്രരചന രഹ്നയുടെ മകനെ പോസിറ്റീവായി സ്വാധീനിക്കും എന്നും, നാളെ ഏത് സ്ത്രീയെയും അവൻ ബഹുമാനത്തോടെ മാത്രമേ കാണു എന്നതും ഒരു ദിവാസ്വപ്നമായി അവശേഷിച്ചേക്കും. കുട്ടികളെ സ്വാധീനിക്കാൻ ഇത്തരത്തിൽ ഉള്ള പബ്ലിസിറ്റി ഗിമ്മിക്കുകളേക്കാൾ അഭികാമ്യം മനശാസ്ത്രപരമായ മറ്റു സമീപനങ്ങളാണ്. അല്ലങ്കിൽ നാളെ അവൻ ഒരു സ്ത്രീ ശരീരത്തിലേക്ക് ഒളിഞ്ഞു നോക്കിയാൽ "അവന് സ്ത്രീ ശരീരം അത്ര ലൈംഗിക പ്രചോദനമാകാറില്ല അതുകൊണ്ട് സ്ത്രീയായാലും പുരുഷനായാലും അവൻ ഒളിഞ്ഞു നോക്കും" എന്ന മട്ടിൽ ന്യായീകരണ തള്ളലിൽ എത്തേണ്ടി വരും ശരീരചിത്രരചനാ ഉപഭോക്താക്കൾ...

Tuesday 2 June 2020

ഞങ്ങളും മലയാളികളാണ്

പ്രിയ കേരള മാധ്യമങ്ങളേ.... നിങ്ങളോട് ഒരപേക്ഷ... ഞങ്ങളെ ഇങ്ങനെ നിർദ്ദാക്ഷണ്യം മലയാളികൾ എന്ന് വിളിച്ച് മലയാളത്തിൻ്റെ മഹിമ കുറയ്ക്കരുതേ, കേരളം എന്ന മഹത്തായ നാടിൻ്റെ കീർത്തിക്കും സൽപ്പേരിനും അതുവഴി നിങ്ങൾ കളങ്കം ചാർത്തരുതേ...

ഞങ്ങൾ വെറും പ്രവാസികൾ ആണ്. ഞങ്ങൾക്ക് മലയാള നാടുമായി നേരിട്ടോ, വളഞ്ഞമ്മാവൻ വഴിയോ, ചിറ്റപ്പൻ്റെ കൊച്ചപ്പൻ വഴിയോ ഒരു ബന്ധവുമില്ലന്ന് സവിനയം അറിയിക്കുന്നു. നിർഭാഗ്യവശാൽ ഇന്ത്യയുടെ തെക്കേയറ്റത്ത് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയത്തിൻ്റെ ത്രികണ്ണുകളിലൂടെ മാത്രം വേദനയേയും മരണത്തേയും കാണുന്ന, രാഷ്ട്രീയ ഹിജഡ കൂട്ടങ്ങളുടെ നാട്ടിലെ, ഭാഷ എങ്ങനെയോ വശമാക്കുകയും ഒരു ഉളുപ്പുമില്ലാതെ ആ ഭാഷ സംസാരിച്ചും നടക്കുന്ന വെറും ഏഴാംകൂലികളായ പ്രവാസികൾ ആണ് ഞങ്ങൾ. അല്ലങ്കിൽ തന്നെ ഊരും പേരും ഇല്ലാത്ത ഞങ്ങളെ കേരളത്തിൻ്റെ ശ്രേഷ്ട ഭാഷയായ മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ "കരള കരള" എന്ന് വിളിച്ചു കളിയാക്കുന്നതിൻ്റെ അതി കഠിനമായ അഭിമാനക്ഷതത്തിനിടയിലും, അതുവഴി കരളുറപ്പിൻ്റെ കേരളത്തിന് കിട്ടുന്ന അപമാനമാേർത്ത് ഗദ്ഗദരായാണ് ഞങ്ങൾ ഇവിടെ കഴിയുന്നത് തന്നെ. അതിനിടയിൽ മലയാളി എന്ന് വിളിച്ച് ഞങ്ങളെ പൊക്കി, ഏമാന്മാർ വാഴുന്ന സെക്രറട്ടറിയേറ്റിൻ്റെ മുകളിൽ ഇരുത്തി, ആ മഹത് ദേശത്തെ വീണ്ടും നാറ്റിക്കരുത്.

നിങ്ങൾ കേരളീയർ അവിടെ സസുഖം അറുമാദിക്കുന്നു എന്ന് നിങ്ങളുടെ ലൈവ് ഷോകളിലൂടെയും, പ്രൈം ടൈം ഡ്രാമകളിലൂടെയും തമ്മിലടി വാർത്താ വായ്ത്താരികളിലൂടെയും അറിയുന്നുണ്ട്, വളരെ സന്തോഷം. നിങ്ങളുടെ നാട്ടിലെ നായകൻ്റെ അഞ്ചു മണിക്കത്തെ വായ്ത്താരിയിലും, പ്രതിനായകൻ്റെ രാജാവിനേയും രാജ്ഞിയേയും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയിലും 254 എന്ന ഈ വളരെ വലിയ അക്കം കടന്നു വരുന്നില്ല എന്നത് ഞങ്ങൾക്ക് വലിയ അതിശയോക്തിയല്ല. കാരണം ഞങ്ങൾ ഏതാേ രാജ്യത്തിൻ്റെ കൊറോണ ബാഡ്ബുക്കിൽ ഒതുങ്ങി ഒടുങ്ങാനുള്ളവരാണ്. അമ്പതിന് മുകളിൽ ഊഷ്മാവുള്ള ഏതോ മരുഭൂമിയുടെ പന്ത്രണ്ടടി കൊറോണാ കുഴിയിൽ അഴുകി ചേരാനുള്ളവരാണ്. അറബികൾ ചുറ്റും കൂടി ചിരിച്ച് നിൽക്കുന്ന ആശുപത്രി കിടക്കയിൽ കിടന്ന്, കഷ്ടപ്പെട്ടു പഠിച്ച മലയാളത്തിൽ നിലവിളിച്ചാലും നിങ്ങളിൽ ഒരു വിധത്തിലും എത്തില്ല എന്നും നിങ്ങൾക്ക് നിശ്ചയമുണ്ട്.

നിങ്ങൾ, വിദേശ രാജ്യങ്ങളിൽ നിങ്ങളുടെ നായകൻ്റെ പേരും പ്രശസ്തിയും ഉയർത്താനുള്ള ഓട്ടപ്പാച്ചിലിൽ ആണന്നറിയാം. നിങ്ങളുടെ കൊറോണ ഗുഡ്ബുക്കിലേക്ക് ഗൾഫ് പ്രവാസത്തിൻ്റെ 254 ഉം ലോക പ്രവാസത്തിൻ്റെ 350 ഉം കണക്കുകൾ കടന്നു കൂടിയാലുള്ള ഭവിഷ്യത്തും മനസ്സിലാക്കുന്നു. അതിനാൽ വെറും മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഞങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.

നിങ്ങൾ കേരള ദേശക്കാർ ഞങ്ങൾ പ്രാവാസികളെ വഞ്ചിച്ചത് ഒറ്റത്തീരുമാനത്തിലാണ്. എങ്ങനെയെന്നോ, മലയാളം സംസാരിച്ചു പോയി എന്ന കാരണത്താൽ നാട്ടിൽ നിന്ന് പെണ്ണുകെട്ടാൻ സമ്മതിച്ചതിലൂടെ നിങ്ങൾ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. അതു കൊണ്ടല്ലേ പ്രവാസി അവൻ്റെ കുടുംബം നന്നാക്കാനാണോ നാടു നന്നാക്കാനാണോ മരുഭൂമിയിൽ അട്ടിപ്പേറെടുക്കുന്നത് എന്ന ചർച്ച പ്രൈം ടൈം സ്കിറ്റായി നിങ്ങൾക്ക് അവതരിപ്പിക്കേണ്ടി വന്നത്. പ്രവാസി അവരുടെ കേരളത്തിലെ കുടുംബങ്ങൾക്കായി വലിയ വീടുകൾ വച്ചത് കൊണ്ട് നിങ്ങളുടെ നാടിൻ്റെ പ്രകൃതിയും അതുവഴി നാടു നശിപ്പിച്ചതിൻ്റേയും കനേഷുമാരി കണക്കെടുപ്പ് നടത്തേണ്ടി വരുന്നത്. മലയാളം പറയുന്നു എന്ന ഒറ്റക്കാരണത്താൽ വെറും പ്രവാസികളായ ഞങ്ങളോട് അനുകമ്പയൊന്നും അറിയാതെ പോലും കാട്ടരുതേ. അടുത്ത സ്ഥാനാർത്ഥി ലിസ്റ്റ് നേരത്തെ തന്നാൽ കുഴിയിലേക്ക് പോകും മുമ്പു തന്നെ, നാട്ടിൽ കിടക്കുന്ന കുടുംബാംഗങ്ങളോട് വോട്ട് ചെയ്യുന്ന കാര്യം മുൻകൂട്ടി പറഞ്ഞു വച്ചേക്കാം. ആ ഉത്സവമാണല്ലോ ഇതിലെല്ലാം പരമപ്രധാനം.

ജയ് വന്ദേ ഭാരത് മിഷൻ

ജയ് ചാർട്ടേഡ് ഫ്ലൈറ്റ് മിഷൻ

Monday 25 May 2020

തിരിച്ചറിവുകളുടെ കൊറോണ

കൊറോണാ അതിജീവനത്തിന്റെയും തിരിച്ചറിവുകളുടെയും കാലം കൂടിയാണ്. അൻപത് ദിവസം പിന്നിട്ട ഏകാന്ത വാസത്തില് തിരിച്ചറിവുകളുടെ ഒരു വലിയ പാഠം കൂടി സമ്മാനിച്ചു മഹാനായ കൊറോണ. സ്വജീവിതത്തില് പലപ്പോഴും ചിന്തിക്കാതെയും ചർച്ച ചെയ്യാതെയും എടുത്ത തീരുമാനങ്ങള് ഒക്കെയും തെറ്റായിരുന്നു എന്ന തിരിച്ചറിവിനും കൂടി ഈ കൊറോണക്കാലം വഴികാട്ടിയായി. അല്ലെങ്കിൽ തന്നെ, കാലത്തിന്റെ പ്രധാന ഏടുകളില് കൂടി യാത്ര ചെയ്തു എന്റെ ജീവിതത്തെ സമഗ്രമായി അപഗ്രഥിക്കുമ്പോള് അത് ഏറിയ പങ്കും ഒരു പരാജയമായി വിലയിരുത്തപ്പെടേണ്ടി വരും. അതിനു കാരണം ജീവിതത്തില് സ്വയമേവ എന്തെങ്കിലും മോശമായ കാര്യങ്ങളളുടെ ഭാഗമാകേണ്ടി വന്നതു കൊണ്ടോ, ചെയ്ത കാര്യങ്ങളില് എന്തെങ്കിലും പിഴവുകള് സംഭവിച്ചത് കൊണ്ടോ ആയിരുന്നില്ല. സ്നേഹബന്ധങ്ങളുടെ പേരില്, കരുതലുകളുടെ പേരില് ചെയ്ത വിട്ടുവീഴ്ചകള് പിന്നീട് ഇരുതലകളുള്ള വാളുകളായി, ആഗ്നയാസ്ത്രങ്ങളായി തിരിച്ചു വരുമ്പോള്, പലപ്പോഴും നമ്മള് കരുതലുകള് കൊടുത്തവര് അത് പോലും കണക്കിലെടുക്കാതെ പെരുമാറുമ്പോഴാണ് ജീവിതം ഒരു പരാജയം ആണെന്ന് തോന്നല് ഉണ്ടാകുന്നത്. തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും നികത്താന് കഴിയാത്ത നഷ്ടങ്ങള് തീർത്ത് ജീവിതത്തിനു തന്നെ ഒരു ബാധ്യതയായി വിവിധങ്ങളായ പ്രശ്നങ്ങളില് എത്തിപ്പെട്ടിട്ടുണ്ടാവും.

അത്തരം വിഷയങ്ങളെ, മുന്നും പിന്നും നോക്കാതെ മുന്നില് നിൽക്കുന്ന ആളുടെ പ്രയാസങ്ങളെ മാത്രം ശ്രദ്ധിച്ച് സ്വയം എടുത്ത് അണിയുന്നതായതിനാല് മറ്റൊരാളെയും ഈ വിഷയത്തില് കുറ്റപ്പെടുത്താനും കഴിയില്ല. എന്തിലും വഴികാട്ടിയായ അച്ഛന് എന്നെ ഉപദേശിച്ചിരുന്ന ഒരു പ്രധാന കാര്യം ഉണ്ടായിരുന്നു. ശരിയായ സമയത്ത് “അതെ” എന്ന് പറയാന് കഴിഞ്ഞില്ല എങ്കിലും, ശരിയായ സമയത്ത് “അല്ല അല്ലെങ്കില് ഇല്ല” എന്ന് പറയുന്നവനാണ് ജീവിത വിജയി എന്ന്. പക്ഷെ അത്തരം മഹത്തരമായ ഒരു ചിന്ത ജീവിതത്തില് പകർത്തി തരാന് വഴികാട്ടിയായി ഒരാള് ഉണ്ടായിട്ടും മനുഷ്യത്വത്തിന്റെ കള്ളികളില് കൂടി മാത്രം കാര്യങ്ങളെ നോക്കി കാണുകയും ഒരിക്കല് പോലും അല്ല എന്നോ ഇല്ല അന്നോ പറയാന് കഴിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, കഷ്ടപ്പാടുകളെ ഒരു വശത്തേക്ക് മാറ്റി വച്ച് അതെ എന്ന് പറയുകയും അത് ഏത് വഴിക്കും നിവൃത്തിച്ച് കൊടുക്കുകയും ചെയ്തു എന്നതാണ് പരാജയം. ജീവിതം ഒരു പരാജയം ഉറപ്പിച്ച് പറയാന് കാരണം, അത്തരം സ്വയം തിരിച്ചറിയപ്പെട്ട അനഭിമതങ്ങളായ സംഭവങ്ങളുടെ ഒരു തുടർച്ച ജീവിതത്തില് സംഭവിക്കുക കൂടി ചെയ്യുമ്പോഴാണ്. ഒരു തവണയോ, രണ്ടാം തവണയോ ഒരേ ജനുസ്സില് പേട്ട സംഭവങ്ങള് ഉണ്ടായാല് അതിനെ അബദ്ധം എന്ന് പറയാം. എന്നാല് തുടര് പരമ്പരകള് ആകുമ്പോള് അത് തീർത്തും പരാജയം തന്നെയാണ്.

എനിക്ക് ആരെയും കുറ്റപ്പെടുത്താന് അവകാശമില്ല എന്നത് എന്റെ പരാജയത്തിന്റെ ആഴവും പരപ്പും കൂട്ടുന്നു. കാരണം ഈ ബൂമറാങ്ങുകളില് ഒന്നു പോലും എന്റെ അരികില് നിന്ന് മറ്റാരും എറിഞ്ഞത് പോലുമല്ല എന്നത് തന്നെ കാരണം. ഞാന് തേടി പിടിച്ച് പോയി വാങ്ങി കൂട്ടിയവയാണ്. സാധാരണ സ്വാർത്ഥര് കാണിക്കും പോലെ പ്രയാസങ്ങളുടെ നടുവില് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില് പിന്തിരിഞ്ഞു നടക്കാന് കഴിയാത്തതാണ് എന്റെ പരാജയം. അഥവാ വാവിട്ടു ചോദിച്ചാല് പോലും ഇല്ല എന്ന് നിഷ്കരുണം പറയുന്നിടത്താണ് അങ്ങോട്ട്‌ ചെന്ന് ഞാന് കൂടെയുണ്ടേ എന്ന് വാഗ്ദാനം ചെയ്യുന്നതും കൂടെ കൂട്ടുന്നതും. എന്നാല് പിന്നീട് നിനക്ക് എന്ത് സംഭവിച്ചു എന്നത് എന്റെ വിഷയമല്ല, എന്ത് ത്യാഗം സഹിച്ചും എന്നെ സംരക്ഷിക്കാന് താന് ബാധ്യസ്ഥന് ആണെന്ന നിലപാടിലേക്ക് അവര് എത്തുമ്പോഴാണ് അതുവരെ സ്നേഹം വിളമ്പിയവരുടെ തനിനിറം തിരിച്ചറിയുക. ഈ മനുഷ്യന് ഞങ്ങളുടെ പ്രയാസ കാലത്ത് കൂടെ നിന്നവന് ആണെന്ന ചിന്തപോലും ഇല്ലാതെ പ്രവർത്തികളും, വാക്കുകകളും സോഷ്യല് മീഡിയ സ്റ്റാറ്റസുകളും ഒക്കെയായി അതിങ്ങനെ നെഞ്ചിലേക്ക് എയ്തുകൊണ്ടിരിക്കും. വീട്ടിലെ വളർത്തു നായയുടെ ഫോട്ടോ ഇട്ടാല് പോലും ഉയിരിന്റുയിരെ കമന്റും ലവ് സ്മൈലികളും ഇട്ടിരുന്നവര് പ്രൊഫൈല് ഫോട്ടോകളിലെക്കോ, സ്റ്റാട്ടസുകളിലെക്കോ തിരിഞ്ഞു നോക്കാതെയാകും. അതിനൊക്കെ അപ്പുറം ജീവിതത്തിന്റെ ഒരു ഭാഗത്തും ഒരു സൈഡിലും നിൽക്കാരത്തവർക്ക് പോലും നെടുനീളന് മറുപടികളും, സ്മൈലികളും വാരിവിതറുകയും ചെയ്യും. ഇത് വായിക്കുന്നവര് ഒരുപക്ഷെ തെറ്റിദ്ധരിച്ചേക്കാം ഏതോ വ്യക്തികളെ ലക്‌ഷ്യം വച്ച് ആണ് ഞാനിതൊക്കെ എഴുതുന്നത് എന്ന്. ഇത് ഒരിക്കലും ഒരു വ്യക്തിയെ സംബന്ധിച്ഛല്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നു. ഈ പറയുന്നവര് എല്ലാം ഒന്നുകില് എന്റെ ആത്മാർത്ഥ സൌഹൃദങ്ങളായി ഞാന് കണ്ടവര്, അല്ലങ്കില് സ്വന്തം ചോരയില് പിറന്നവരുടെ സ്ഥാനത്തിനു ഒപ്പമൊ അല്ലെങ്കില് അതിനു മേലായോ സ്ഥാനം കൊടുത്തവരാണ്. എന്റെ ജീവിതം തികഞ്ഞ പരാജയം ആകുന്നത് അവരെ അവരുടെ മോശം കാലഘട്ടങ്ങളില് എന്നെയും എന്റെ പരിസരങ്ങളെയും മറന്നു കൂടെ നിന്നതുകൊണ്ട് മാത്രമല്ല. എനിക്ക് ഒരു മോശം സമയം ഉണ്ടാവുമ്പോള് അതിനെ കേൾക്കാന് പോലും തയ്യാറാവാത്തത് കൊണ്ടും അല്ല. ആപൽഘട്ടങ്ങളില് പോലും അതിനപ്പുറം തികഞ്ഞ അവഗണനയുടെ പിന്നാമ്പുറങ്ങളിലെക്ക് തള്ളിയിടുന്ന അവരിടെ മനസാന്നിദ്ധ്യത്തിനു മുന്നിലാണ്.

ജീവിതം ഒരു പാഠപുസ്തകമാണ്. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്ത പാഠങ്ങളില് പലതും നിരന്തര സാഥനയിലൂടെ പഠിച്ചു വരുന്നു. ഇനി ഒരബദ്ധം കൂടി ജീവിതത്തില് സംഭവിക്കരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു. ഈ കൊറോണ കാലത്ത് എനിക്ക് അത്രയും ഒക്കെ പഠിക്കാന് സഹായിച്ച എന്റെി “ആത്മാർത്ഥ” സൌഹൃദങ്ങളോട്, സ്വന്തം “ചോര” കളോട് തീർത്താല് തീരാത്ത കടപ്പാടുകള് ഉണ്ട്. നാൽപ്പത്തിയേഴാം വർഷത്തിലെ ഈ തിരിച്ചറിവിന്റെ ആദ്യപടിയായി സോഷ്യല് മീഡിയയില് നിന്നു പൂർണമായും പിന്മാറുന്നു, ഒരുപക്ഷെ ഇനി തിരിച്ചു വരില്ല എന്ന തീരുമാനത്തോടെ തന്നെ. ഇതുവരെ കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും ഹൃദയത്തിന്റെ ഭാഷയില് നന്ദി.

നബി: പഠിച്ച് വന്നപ്പോഴേക്കും ഞാന് ചെങ്കോലും കിരീടവും നഷ്ടപ്പെട്ട് എല്ലാ അർത്ഥത്തിലും ഒരു യാചകന് ആയിരിക്കുന്നു. കൊറോണ കാലം കഴിഞ്ഞു ഒരു നല്ല നാളെ ഉണ്ടാകുമെങ്കില് ആ ദിവസങ്ങള് കാലഘട്ടത്തിനു ആവിശ്യമായ സ്വാർത്ഥനായ പുതിയൊരു മനുഷ്യന് പിറവി എടുത്തിരിക്കും എന്ന് ഉറപ്പിച്ചിരിക്കുന്നു.