. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 17 January 2022

ദാമ്പത്യം - ശരിയും തെറ്റും.

കുട്ടികൾ പൊതുവെ കുസൃതികളാണ്. അവരെ അനുസരിപ്പിക്കാനും അനുനയിപ്പിക്കാനും സംയമനത്തിൻ്റെ ഭാഷയോളം മറ്റൊന്ന് ഉണ്ടാവില്ല. പക്ഷേ നമ്മൾ മാതാപിതാക്കൾ പൊതുവെ സ്വീകരിക്കുന്നതോ? "ഓടിയാൽ വീഴും" എന്ന പലവുരു ഓർമ്മപ്പെടുത്തിയ മുന്നറിയിപ്പ് വകവയ്ക്കാത്ത കുസൃതി കുടുക്ക, അവൻ്റെ വീഴ്ച്ചയിൽ സ്വാന്തനം നൽക്കുന്ന അച്ഛനെ ആവും പ്രതീക്ഷിക്കുക. അതുവരെ നൽകിയ മുന്നറിയിപ്പിനെ കുറിച്ചാവില്ല അവൻ്റെ ചിന്ത, മറിച്ച് വീണ് മുറിവേറ്റ കാൽമുട്ടിനെ കുറിച്ച് മാത്രമാവും. പക്ഷേ അച്ഛൻ സ്വതവേ ചെയ്യുന്നത് മറ്റൊന്നാണ്. സാമാന്യം നല്ല മുഴുത്ത വടിയെടുത്ത് നെറുകയും കുറുകയും അടിക്കും, എന്നിട്ട് ഒരു രോഷപ്രകടനവും നടത്തും "നിന്നോട് ഞാൻ പറഞ്ഞില്ലേടാ ഓടരുതെന്ന്, അനുഭവിച്ചോ". തൻ്റെ സംരക്ഷകർ എന്ന് കരുതുന്ന മാതാപിതാക്കളുടെ അവശ്യസമയത്തെ ഇത്തരം പ്രവർത്തികൾ അവനെ പിന്തിരിപ്പൻ ആക്കും എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? മറിച്ച് അനുഭാവപൂർവ്വം കുട്ടിയെ വീണിടത്ത് നിന്ന് ചേർത്ത് പിടിച്ച് മുറിവ് ഊതികൊടുത്ത്, മരുന്ന് പുരട്ടിക്കൊടുത്ത് മുടിയിഴകളിൽ ഉള്ള സ്നേഹത്തലോടലിന് ഇടയിൽ അച്ഛൻ ചൊല്ലിയ ഉപദേശം അനുസരിക്കാത്തതിലെ ഭവിഷ്യത്ത് പറഞ്ഞു മനസ്സിലാക്കിയാൽ കുട്ടിക്ക് ഉണ്ടാകുന്ന കുറ്റബോധം അതുവഴി അവൻ അടുത്ത നിമിഷം മുതൽ  എടുക്കുന്ന മാതാപിതാക്കളെ അനുസരിക്കണം എന്ന വലിയ തീരുമാനം, അവൻ്റെ ജീവിതത്തിന് തന്നെ ഒരു മുതൽക്കൂട്ടായേക്കാവുന്നതാവും. 

ഞാൻ ഇത് പറയുന്നത് കേവലം മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തിൽ മാത്രം പുലർത്തേണ്ട ഒന്നല്ല. ദാമ്പത്യ ബന്ധങ്ങളിലും ഈ സംയമനത്തിൻ്റെതായ ഭാഷയുടെ ആവശ്യകത തീർച്ചയായും ഉണ്ട്. രണ്ടു സാഹചര്യങ്ങളിൽ, രണ്ടു സംസ്കാരത്തിൽ, രണ്ടു നിലപാടുകളിൽ, വളർന്നു വരുന്ന  വ്യക്തികളുടെ സമാഗമത്തിൽ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, ചിന്താ തലം, പ്രവർത്തന ശൈലി എന്നിവയൊക്കെ ഒന്നാവണം എന്ന് ശഠിക്കുന്നിടത്തോളം വങ്കത്തരം വേറെ ഒന്നും ഇല്ല. അവിടെയാണ് വിവേകപൂർവ്വമായ ചുവടുവയ്പ്പുകളിലൂടെ ദാമ്പത്യത്തെ മനാേഹരമാക്കാൻ കഴിയുക. ദാമ്പത്യത്തെ കുസൃതി നിറഞ്ഞ ഒരു കുട്ടിയായി കാണാനും, അതിൻ്റെ ചാപല്യങ്ങളെ പോസിറ്റീവ് സെൻസിൽ വിലയിരുത്താനും, അതിൻ്റെ അനുസരണയില്ലായ്മകളെ അല്ലങ്കിൽ കുറവുകളെ അനുനയനത്തിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യാനും കഴിയുന്നതിൻ്റെ ആകെത്തുകയെ വേണമെങ്കിൽ സുഖദാമ്പത്യം എന്ന് വിളിക്കാം. ചിലവേള പങ്കാളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന, മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത, ചെറിയ വീഴ്ചകളെ വിട്ടുവീഴ്ച ഭാഷയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നല്ലപാതി ദാമ്പത്യത്തിൻ്റെ ഭാഗ്യമാണ്.

ദാമ്പത്യത്തിൻ്റെ വിവിധ ഘട്ടങ്ങളെ  ഭൗതീകമായി വിശകലനം ചെയ്യുമ്പോൾ ശൈശവം, യൗവ്വനം, വാർദ്ധക്യം എന്നാെക്കെ വിശേഷിപ്പിക്കുമെങ്കിലും, പ്രായോഗിക തലത്തിൽ ജനനം മുതൽ മരണം വരെ അതിനെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത ശിശുവിനോട് മാത്രമേ ഉപമയുള്ളു. അതിനാൽ തന്നെ ഫാമിലി കൗൺസിലിംഗിൽ വൈദഗ്ദ്യമുള്ളവർ ദാമ്പത്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്, ഒരു ശിശുരോഗ വിദഗ്ദനോളം സൂക്ഷമതയോടെ ആയിരിക്കും. മുൻപ് ഫാമിലി കൗൺസിലിംഗിൻ്റെ ഭാഗമായി പ്രവർത്തിച്ച അനുഭവജ്ഞാനത്തിൽ, ഒരു കെട്ടുറപ്പുള്ള കുടുംബത്തിന് അനുവർത്തിക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ വിഷയത്തിൽ എന്നിൽ നിന്ന് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ളവർ തീർച്ചയായും ഉണ്ടാവാം. അവരിൽ നിന്നുള്ള പ്രതികരണം ഈ കുറിപ്പിന് കൂടുതൽ നിറം പകരും എന്നും ഉറച്ച് വിശ്വസിക്കുന്നു.

ദാമ്പത്യം എന്നത് രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ (സ്ത്രീ പുരുഷനല്ല) കൂടിച്ചേരൽ ആണന്നും, അവിടെ ഇരുവർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യത്തിന് അവകാശമുണ്ടന്നും, ദമ്പതികൾക്ക് തിരിച്ചറിവുണ്ടാകണം. വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ പ്രശ്നമില്ല, എന്നാൽ അത് പങ്കാളിയുടെ പൂർണ സമ്മതത്തോടെ ആവണം എന്നു മാത്രം. സമൂഹത്തിലേക്ക് എന്ന പോലെ അയൽപക്കങ്ങളിലേക്ക് എന്ന പോലെ, അന്യ വ്യക്തികളിലേക്ക് എന്ന പോലെ അകലം നിഷ്കർഷിക്കാൻ കഴിയുന്ന ഒരു ബന്ധം അല്ല ദാമ്പത്യം എന്ന തിരിച്ചറിവിലും, വിവേകപൂർവ്വമായ വ്യക്തിസ്വാതന്ത്ര്യത്തിന് അർഹരായിരിക്കണം പങ്കാളി. ഇന്ന്  പ്രധാനമായും പങ്കാളിയുടെ സൗഹൃദങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശരിതെറ്റുകളിൽ ആടിയുലഞ്ഞാണ് ദാമ്പത്യത്തിൻ്റെ ജയപരാജയങ്ങൾ കണക്കാക്കപ്പെടുക. സൗഹൃദങ്ങളുടെ കാര്യത്തിൽ, അത്തരം ശരിയും തെറ്റും, ചതിയും വഞ്ചനയും തീർത്തും ആപേക്ഷികമാണന്ന വിലയിരുത്തി മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ  നല്ലപാതിയെ പൂർണ വിശ്വാസത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവർക്കേ ദാമ്പത്യത്തിൽ പൂർണ വിജയം ഉണ്ടാകുകയുള്ളു എന്ന് ഉറപ്പാണ്. ഏത് വിഷയത്തിലുമുള്ള സംശയമുനകളും വ്യക്തി ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്താനെ ഉപകരിക്കു, ദാമ്പത്യത്തിൽ പ്രത്യേകിച്ചും. ഓൺലൈൻ സൗഹൃദങ്ങളുടെ സജീവ സാന്നിദ്ധ്യമുള്ള ഇക്കാലത്ത് സൗഹൃദങ്ങളുടെ നേരെയുള്ള സംശയമുനകളാണ് കുടംബ ബന്ധങ്ങളിലെ പ്രധാന വില്ലൻ. സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനും, അതിന് അതിർവരമ്പുകൾ നിർവ്വചിക്കാനും വിവേകമുണ്ടാകുന്നത്ര പ്രാധാന്യമുള്ളതാണ് ഇണയുടെ സൗഹൃദങ്ങളിലേക്കുള്ള സംശയദൃഷ്ടിയും കടന്നു കയറ്റവും നിയന്ത്രിക്കേണ്ടതും.

പങ്കാളിയുടെ കുടംബബന്ധങ്ങളിലേക്കുള്ള കടന്നു കയറ്റമോ, ബന്ധങ്ങൾക്കുള്ള ലക്ഷമണ രേഖ നിർവ്വചനമോ ആണ് മറ്റൊരു പ്രധാന ദാമ്പത്യ പ്രശ്നമായി കണ്ടുവരുന്നത്. ദമ്പതികളേക്കാൾ ഈ വിഷയത്തിൽ സംയമനമോ സഹിഷ്ണുതയോ പാലിക്കേണ്ടത് കുടുംബാംഗങ്ങൾ ആണന്ന കാര്യത്തിൽ സംശയമില്ല. മക്കൾ എന്ന നിലയിൽ അതുവരെയുണ്ടായിരുന്ന അധികാര മേഖലയിലേക്ക് മൂന്നാമതൊരാൾ കടന്നു വരുന്നതിനെ സർവ്വാത്മനാ അംഗീകരിച്ച് നിരുപാധികം പിന്മാറണം എന്നല്ല പറഞ്ഞതിൻ്റെ പൊരുൾ. മക്കളുടെ സൗന്ദര്യ പിണക്കങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറാതെ എന്നാൽ നിർണായകമായ പ്രശ്നങ്ങളിൽ ആരോഗ്യപരവും, നിഷ്പക്ഷവുമായ ഇടപെടീലുകൾ മാത്രം നടത്തിയും ഒരു സമദൂരത പാലിക്കേണ്ടത് ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്. മറിച്ചുള്ള ഏത് നീക്കവും മക്കളുടെ ദാമ്പത്യ ബന്ധത്തെ കാരണമില്ലാതെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്നോർക്കുക. ഇതേ വിഷയത്തിൽ ദമ്പതികൾക്കും ചില കടമകൾ നിർവ്വഹിക്കേണ്ടതുണ്ട്, വിവാഹാനന്തരം പ്രധമ പരിഗണന തനിക്ക് മാത്രമായിരിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി സൂക്ഷിക്കുന്നവർ പ്രത്യേകിച്ചും. നിങ്ങളെ വിവാഹം കഴിച്ചു എന്ന പേരിൽ, ഒരുപാട് സ്നേഹവും വാത്സല്യവും ഉണ്ട് വളർന്ന സാഹചര്യങ്ങളെ ഒഴിവാക്കണം എന്ന് പറയുന്നതിലും കാരുണ്യമില്ലായ്മ മറ്റൊന്നില്ല. ഒപ്പം നിങ്ങൾ ഏറെ പ്രണയിക്കുന്നു എന്ന് അവകാശപ്പെടുന്ന നല്ല പാതിയെ നിങ്ങൾക്ക് സമ്മാനിച്ച അവരുടെ മാതാപിതാക്കളെ, സാഹചര്യങ്ങളെ, സംസ്കാരത്തെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും നിങ്ങൾക്ക് കഴിയട്ടെ.

സമത്വവും സ്വാതന്ത്ര്യവും ഉത്ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ പോലും, സ്ത്രീയെ ഉട്ടോപ്യൻ കാലഘട്ടത്തിലെ അടിമകളായി കണക്കാക്കുന്ന പുരുഷന്മാരും, പുരുഷന്മാരെ സർവ്വരക്ഷാ പരിത്യാഗികളായി അംഗീകരിച്ച് അടിമകളായി ജീവിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അതേ പോലെ തന്നെ ആധുനികതയുടെയും, സ്ത്രീപക്ഷ വാദത്തിൻ്റേയും ഗർവ്വിൽ പുരുഷനെ അടിമകളായി കാണുന്ന സ്ത്രീകളും, അടിമത്വം അംഗീകരിച്ച് അവരിലേക്ക് ഒതുങ്ങി ഇണങ്ങുന്ന പുരുഷന്മാരേയും കാണാം. ദാമ്പത്യം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് ഒതുങ്ങി ഒടുങ്ങുകയാേ, വിജയം വരിക്കുകയോ ചെയ്യേണ്ട ഒരു കളിക്കളം അല്ല. അവിടെ സ്ത്രീയ്ക്കും പുരുഷനും പരമപ്രധാനമായ റോളുകൾ ഉണ്ട്. അത് സർവ്വാന്മനാ പരസ്പരം അംഗീകരിച്ച്‌ മുന്നോട്ട് പോകുന്നവരിൽ നല്ല ദാമ്പത്യം കാണാനാകും. പങ്കാളിയുടെ ഏത് ചെറിയ പ്രവർത്തികളേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. എന്തും തുറന്നു പറയാനുള്ള സൗഹൃദവും, തുറന്ന മനസ്സോടെ അത് കേൾക്കാനുള്ള സഹിഷ്ണുതയും ഉണ്ടാവണം. കുറ്റപ്പെടുത്തലുകളുടെ ഭാഷയുടെ സ്ഥാനത്ത് സ്നേഹപൂർണമായ ചൂണ്ടിക്കാട്ടലുകളും, തെറ്റുകളെ തിരുത്താൻ കാര്യമാത്ര പ്രസക്തമായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടാവണം. മനുഷ്യ സഹജമായ തെറ്റുകളെ തൃണവൽക്കരിക്കാനും, പിന്നീട് ഒരിക്കലും, അവയെ മറ്റു സൗന്ദര്യ പിണക്ക വിഷയങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കനൽ ജ്വലിപ്പിച്ച് വഷളാക്കാതിരിക്കാനുമുള്ള വിവേകവും, കാരുണ്യവും ഉണ്ടാവണം. നല്ലതോ കെട്ടതോ ആയ എന്ത് വിഷയവും തികച്ചും രാഷ്ട്രീയ സംവാദം എന്നപോലെ വിഷയാധിഷ്ടിതമാവണം എന്നതും പരമപ്രധാനമാണ്. 

ദാമ്പത്യത്തെ ശൈശവാവസ്ഥയിലുള്ള ഒരു മനുഷ്യ ജന്മത്തോട് ഉപമിച്ചത് വെറുതെയല്ല. വിവാഹ പന്തലിൽ നിന്ന് ഇറങ്ങി അടുത്ത നിമിഷം മുതൽ പൗത്രരെ താലോലിച്ച് നവമി ആഘോഷിച്ചവർ വരെ ബന്ധം വേർപെടുത്തിയ കഥകൾ ദിനേന കേൾക്കാറുണ്ട്. ചിലർ വേർപിരിയുമ്പോൾ അതിൻ്റെ കാരണം അന്വേഷിച്ച് അത്ഭുതത്തോടെ നമ്മൾ അടക്കം പറയാറുണ്ട്. ചിലരുടെ കെട്ടുറപ്പുള്ള ദാമ്പത്യം കണ്ട് നാം വാഴ്ത്താറുണ്ട്. വിവാഹ മോചനങ്ങൾക്ക് കാരണമായി നിരത്തുന്നത് ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ അതീവ ഗൗരവതരവുമായ വിഷയങ്ങൾ ആണ്. കറിക്ക് ഉപ്പു കുറഞ്ഞത്, അവിഹിത സംശയങ്ങൾ, കിടപ്പറയിലെ വീഴ്ചകൾ,  സ്വകാര്യതയിലേക്ക് കൈകടത്തൽ, അമ്മ അമ്മായിയമ്മ നാത്തൂൻ ഇടപെടീലുകൾ, എന്നിങ്ങനെ എന്ത് വിഷയത്തിനും അർത്ഥവത്തായ പരിഹാരമുണ്ടങ്കിലും ഈഗോ എന്ന കുട്ടിക്കുരങ്ങൻ എന്നും വിലങ്ങുതടിയായി മുന്നിൽ നിലയുറപ്പിക്കുകയും പരിഹാരമില്ലായ്മയുടെ കോടതി മുറികളിൽ ജീവിതത്തിന് വിരാമമിടുകയും ചെയ്യുന്നു. വീണ്ടും പറയുന്നു, ദാമ്പത്യം ഒരു കുറുമ്പൻ കുട്ടിയാണ്. അവിടെ ഏത് സാഹചര്യത്തിലും വേണ്ടത് തലോടലുകളും, സ്നേഹവും സഹവർത്തിത്വവും മാത്രമാണ്, കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ദാമ്പത്യത്തെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ മാത്രമേ ഉതകു.

കുറിപ്പ് : ചതിയും വഞ്ചനയും, ശാരീരിക മാനസിക പീഡനങ്ങളും സഹിച്ച് ഒതുങ്ങണം എന്ന ഏകപക്ഷീയമായ ഒരു കാഴ്ചപ്പാടും ഈ കുറിപ്പ് മുന്നോട്ട് വയ്ക്കുന്നില്ല. ചില അവസരങ്ങളിൽ അസ്വാരസ്യങ്ങളുടെ കടിച്ചുതൂങ്ങലുകളേക്കാൾ അഭികാമ്യം സംഘർഷ രഹിതമായ ഒരു വേർപിരിയൽ തന്നെയാണ്.