. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 2 May 2021

ഞാനും അല്‍പ്പം ചരിത്രം എഴുതട്ടെ.

ചരിത്രം എന്നും അതിൻ്റെ പിൻതലമുറയുടെ സാമൂഹികവും, സാംസ്കാരിക പരവുമായ നിലനിൽപ്പിനാധാരമായി വളച്ചൊടിക്കപ്പെടാൻ വിധിക്കപ്പെട്ട കെട്ടുകഥകളുടെ കൂമ്പാരമാണ്. അതിൽ പലപ്പോഴും ഭീരുക്കൾ മഹത്വവൽക്കരിക്കപ്പെടുകയും ധീരന്മാർ ചവറ്റുകുട്ടകളിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യപ്പെടാറുണ്ട്. കൊടും കൊലയാളികളും മോഷ്ടാക്കളും ജനനന്മയുടെ അപ്പലോപ്സന്മാരായും, നാട്ടുനന്മയുടെ പ്രതീകങ്ങൾ പിൽക്കാലത്ത് സ്ത്രീ/ദളിത് പീഡകരായും മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ലോകചരിത്രം മുതൽ നാട്ടുചരിത്രം വരെ അപ്രകാരം പൊന്നെഴുത്തുകളിലൂടെ തിരുത്തിയെഴുതിപ്പെട്ട എത്രയോ ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. അയാദ്ധ്യയിലെ രാമക്ഷേത്രത്തിൽ തുടങ്ങി ടിപ്പു സുൽത്താൻ വരെയും, മുലഛേദ നായിക നങ്ങേലി മുതൽ മാപ്പിള ലഹളയുടെ വിവാദ നായകനായ വാരിയം കുന്നൻ വരെയും പിൽക്കാല തൂലിക തുമ്പുകളുടെ പ്രീണന/പീഡന തിരുത്തലുകൾക്ക് പലവുരു വിധേയമായിട്ടുണ്ട്.

ഇതിന് ഉപോത്ബലകമായി എൻ്റെ ഒരനുഭവം ഇവിടെ കുറിക്കാനാഗ്രഹിക്കുകയാണ്. നാട്ടിൽ നിന്നുള്ള വെക്കേഷൻ പിറ്റേന്ന് ഒരു സൈറ്റ് വിസിറ്റിനായി ഞാൻ തിടുക്കപ്പെട്ട് പോയതാണ്. ഇസ്തിരിയിട്ട ഷർട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ തലേന്ന് നാട്ടിൽ നിന്നും കൊണ്ടുവന്ന ഷർട്ട് തന്നെയിട്ട് വേഗം സെറ്റിലെത്തി. പ്രധാന സബ്കോൺട്രാക്ടർ ചെറുപ്പക്കാരനായ പാക്കിസ്ഥാനി ആയിരുന്നു. അദ്ദേഹവുമായുള്ള സംസാരത്തിനിടയിൽ വളരെ യാദൃശ്ചികമായി പോക്കറ്റിൽ തിരഞ്ഞപ്പോളാണ് തലേന്ന് നാട്ടിൽ നിന്ന് വന്നപ്പോൾ സൂക്ഷിച്ച 500 രൂപയുടെ നോട്ട് കയ്യിൽ തടഞ്ഞത്. ഞാൻ പുറത്തെടുത്ത ഉടൻ ഇന്ത്യൻ നോട്ട് കണ്ടതിൻ്റെ കൗതുകത്തിൽ പാക്കിസ്ഥാനി അത് കയ്യിൽ വാങ്ങി. അതിലെ ഗാന്ധിയുടെ ചിത്രത്തിലേക്ക് ചൂണ്ടി എന്നോട് ചോദിച്ചു "ആരാണ് ഈ വൃദ്ധൻ". നമ്മൾ ഇന്ത്യക്കാർ എന്നും സോ കോൾഡ് രാജ്യസ്നേഹികൾ ആണല്ലോ. എന്നെ കളിയാക്കുകയാണന്ന് കരുതി ഞാൻ വളരെ ക്രോധത്തോടെ പറഞ്ഞു "നിനക്കും എനിക്കും ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മനുഷ്യൻ". കേട്ടതേ അവൻ പൊട്ടിച്ചിരിച്ചു. "പാക്കിസ്ഥാന് സ്വാതന്ത്ര്യം നേടിത്തന്നത് ഈ വൃദ്ധനാണന്നോ, നല്ല തമാശയായി" എൻ്റെ ദേഷ്യം കൂടിയതേയുള്ളു. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൻ പൊട്ടിച്ചിരിക്കുകയായിരുന്നു.

അവൻ്റെ ചിരിക്കൊടുവിലാണ് ആ ചരിത്ര സത്യം ഞാനറിഞ്ഞത് ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾക്ക് ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത് മുഹമ്മദാലി ജിന്ന ആണന്ന ആ പരമസത്യം. അതായത് പാക്കിസ്ഥാൻ ചരിത്രത്താളുകളിൽ നമ്മുടെ രാഷ്ട്ര പിതാവിനുള്ള സ്ഥാനം. ഇന്ത്യയിൽ എഴുതപ്പെട്ട സ്വാതന്ത്ര്യ ചരിത്രത്തിൽ മുഹമ്മദലി ജിന്നക്ക് എത്രമാത്രം പ്രാധാന്യമുണ്ടോ, അതിൻ്റെ നാലിലൊന്നു പോലും പ്രാധാന്യമില്ലാത്ത സാധാരണ ഒരു സ്വാതന്ത്ര്യ സമര സേനാനി ആണന്നർത്ഥം. അവനുള്ളിൽ ലിഖിതമായ ചരിത്ര സത്യത്തിന് മുകളിൽ നിന്ന് നമ്മുടെ ചരിത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലുള്ള ഊർജ്ജ നഷ്ടം തിരിച്ചറിഞ്ഞ ഞാൻ അവൻ്റെ പരിഹാസ പൊട്ടിച്ചിരിക്കിടയിലും നോട്ട് തിരിച്ച് വാങ്ങി രാഷ്ട്രപിതാവിനെ ആരാധനയോടും അഭിമാനത്തോടും നോക്കി ഭാരത് മാതാ കീ ജയ് മനസ്സിൽ വിളിച്ച് പിൻവാങ്ങി.

ഇത് പാക്കിസ്ഥാൻ ചരിത്രമാണങ്കിൽ ഇന്ത്യ കുറിച്ച് വച്ച ചരിത്രം ഉത്തുംഗമാണന്ന ധാരണയും ശരിയാണന്ന അഭിപ്രായം എനിക്കില്ല. അത് അധികാര കോൺഗ്രസ് കുറിച്ചു വച്ച ചരിത്രമാണ്. സ്വാതന്ത്ര്യ ശേഷം ഒരുവേള സംഘപരിവാർ സംഘടനകളോ അല്ലങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയോ ആയിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിൽ ഒരു പക്ഷേ സവർക്കറോ, അതുമല്ലങ്കിൽ AKGയോ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഗാന്ധിജിക്ക് മേൽ വെള്ളിക്കൊടി വീശി പരിലസിക്കുമായിരുന്നു. ഗാന്ധിജിയുടെ ഘാതകനെ ഇന്ന് നിഗൂഡതയിൽ പൂജിക്കുന്നതിന് പകരം അതിനെ ചരിത്രത്തിൻ്റെ താളിൽ എഴുതിച്ചേർത്ത് ഒക്ടോബർ രണ്ട് പോലെ ഒരു ആഘോഷ ദിനമായി മാറ്റിയെടുത്തേനേം.

പറഞ്ഞു വരുന്നത് ചരിത്രം എന്നാൽ എന്നോ ജീവിച്ചിരുന്ന ഒരുവൻ്റെ അല്ലങ്കിൽ ഒരു ഭൂപ്രകൃതിയുടെ മേൽ പിൽക്കാല എഴുത്തുകാരൻ്റെ ചേർച്ചയില്ലാ ഭാവനാ നിറക്കൂട്ടുകളും കൂടിയാണ്. പിൻതലമുറയുടെ ആഖ്യാന മികവിൻ്റെ ബാക്കിപത്രങ്ങൾ മാത്രം. ഒരു നോവൽ എഴുതുന്ന ലാഘവത്തോടെ എഴുത്തുകാരൻ്റെ പേനാ തുമ്പിലെ വെറും മഷിത്തെളിച്ചങ്ങൾ. അവിടെ ചതിയൻ ചന്തു മഹത്വവൽക്കരിക്കപ്പെട്ടേക്കാം. ഉണ്ണിയാർച്ച വേശ്യയായേക്കാം. പഴശ്ശിരാജ ഒരു മുഴം കയറിൽ ജീവനൊടുക്കിയേക്കാം. നാളത്തെ ചരിത്രകാരന്മാർ മോഡിക്കും, പിണറായിക്കും പ്രതിഷ്ഠകൾ പണിതേക്കാം. നന്നായി വറുത്ത കടലയും കൊറിച്ച്, ഒരു കടുപ്പൻ കട്ടൻ കാപ്പിയും കുടിച്ച്, വായിച്ച് തീരുമ്പോൾ നീട്ടിയൊരു കോട്ടുവായും വിട്ട് തിരിഞ്ഞ് കിടന്നുറങ്ങുന്ന ലാഘവത്വം വേണം നമ്മുടെ ചരിത്ര വായനക്ക്. ഇനി ചരിത്ര സിനിമയാണ് മാധ്യമമെങ്കിൽ, പൊരിയും തിന്ന്, എല്ലാം കണ്ട് നീട്ടിക്കൂവി ഇൻ്റർവെല്ലിനിടയിൽ ടൊയിലറ്റിലെ ചോക്കിൻ വര നഗ്നതയിലേക്ക് നീട്ടിമുള്ളി, ഇറങ്ങുമ്പോൾ ഒക്കുമെങ്കിൽ തൊട്ടടുത്ത ബാറിൽ കയറി ഒരു നിപ്പനടിച്ച് അഭ്രപാളിയിൽ കണ്ട ചരിത്രത്തോട് സമരസപ്പെടണം.

ചരിത്രമായാലും സമകാലികമായാലും അതിനെ കച്ചവടവൽക്കരിക്കുന്നവർക്ക് അധികാരമാണ്, പണമാണ്, പ്രശസ്തിയാണ് ലക്ഷ്യം. അതിലേക്ക് വീഴുന്ന ഈയാംപാറ്റകൾ അവർ ആഗ്രഹിക്കുന്ന അഗ്നിയുടെ ജ്വാല കൂട്ടുകയേ ഉള്ളു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും അവരുടെ തന്ത്രത്തിലേക്ക് ചാഞ്ഞു കിടക്കുന്ന, ആർക്കും ഓടിക്കയറാവുന്ന പുഴക്കരയിലെ വെറും മണ്ടപോയ തെങ്ങുകൾ മാത്രമാണ്. ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം. വാരിയൻ കുന്നൻ വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങിയാലും പ്രിഷ്ടത്തിൽ വാങ്ങിയാലും അത് എഴുതുന്നവനും അഭിനയിക്കുന്നവനും ബാങ്ക് ബാലൻസ് കൂട്ടി കൊണ്ടിരിക്കും. പണത്തിനും അധികാരത്തിനും പ്രശസ്തിക്കും, മതവും രാഷ്ട്രീയവും ഒന്നുമില്ലടോ മാഷേ....