. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 8 May 2023

ന്യൂജന്‍ സിനിമ - പാചകവിധി

ഹോളിവുഡ്, കൊറിയ, ജപ്പാന്‍, ഇറ്റലി, ബ്രസ്സില്‍ ഇത്യാദി സിനിമാ മേഖലകള്‍ തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയകാല ഇന്ത്യന്‍ സിനിമകളുടെ കാതലായ ഭാഗം - കാല്‍ കപ്പ്‌

പലവിധ മിനിക്കഥകള്‍ കൂട്ടിക്കുഴച്ഛത് - കാല്‍ കപ്പ്.

നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ തൊണ്ണൂറുകളിലെ തുണ്ട് കഥകള്‍- മുക്കാല്‍ കപ്പ് (അത് കിട്ടിയില്ലെങ്കില്‍ മുത്തിച്ചിപ്പി - രണ്ടു കപ്പ്‌)

താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - രണ്ടു ടേബിള്‍‍ സ്പൂണ്‍ (താടി വളര്‍ത്തിയതാണങ്കില്‍ പേരിനു വിതറിയാല്‍ മതിയാകും).

"സ്വാമി" ഭക്തമൂത്ത ഉണക്കകമ്പന്‍ യുവ നടന്‍- 4 എണ്ണം. (ഭക്തരല്ലാത്തവ തിരഞ്ഞെടുത്താല്‍ മണവും ഗുണവും കുറവായിരിക്കും)

മസാല ഒട്ടും തേക്കാതെ വെയിലത്ത് വച്ചുണക്കിയ  പച്ച തെറിയത്തി  യുവ നടി - അര കപ്പ്‌.


മൂത്ത് മുഴുത്ത തെറിയന്‍ പടു കിഴവര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ ഡപ്പാംകൂത്ത് ചേര്‍ത്ത് അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

ചട്ടി അടുപ്പത്ത് വച്ച് ആദ്യത്തെ നാല് ചേരുവകകള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. 

പിന്നീട് "സ്വാമിയന്‍" നായകന്മാരെ' പാന്‍റും ഷര്‍ട്ടും ഊരി അതിലേക്ക് ഇട്ട് നന്നായി ഇളക്കുക. 

ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വെയിലത്ത് വച്ച് ഉണക്കിയയെടുത്ത യുവനടിയെ ചേര്‍ത്ത് നായകനുമായി നന്നായി ഇഴുകിചേര്‍ത്തു ഇളക്കുക. 

ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം.

ആദ്യം ചേര്‍ത്ത തുണ്ട് കഥയുടെ സുഗന്ധം ഇപ്പോള്‍ പരിസരത്തെല്ലാം പറന്നു തുടങ്ങിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഈ സമയത്ത് അല്‍പ്പം കൂടി ചേര്‍ത്ത് കൊടുക്കാം. കാരണം ഇതാണ് പിന്നീട് നിങ്ങളുടെ വിഭവത്തിന് സുഗന്ധം പരത്താന്‍ പോകുന്ന പ്രധാന ഘടകം.

ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി ഡപ്പാംകൂത്ത് ചേര്‍ത്ത് ഇളക്കി അപരാധിച്ച പഴയ ഗാനശകലങ്ങള്‍ തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. 

ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

നിങ്ങളുടെ വിഭവം വെന്തോ എന്ന് അറിയാനായി പരിസരത്ത് നില്‍ക്കുന്ന പൌരപ്രമുഖര്‍ക്ക് അല്‍പ്പം വിളമ്പി അഭിപ്രായം അറിയുക. അവരുടെ അഭിപ്രായത്തില്‍ വേവ് കുറവാണങ്കില്‍ വിഷമിക്കണ്ട, അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്നുകൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വച്ചാണ് വെന്തെടക്കുന്നതെങ്കില്‍ കിടിലന്‍ എന്നും ന്യൂജെന്‍ എന്നും ഉള്ള രണ്ട് കടുകട്ടി മസാല അടുത്തുള്ള സാംസ്കാരിക നായക കടയില്‍ നിന്നും വാങ്ങി വിതറി കൊടുക്കുക. ഇത് നിങ്ങളുടെ വിഭവത്തിന് രുചി കൂടാനുള്ള അജിനോമോട്ടോ ആണെന്ന് മറക്കരുത്.