. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 10 September 2021

പൊളിട്രിക്സ്

ജ്യോതിബസു ആള് ശരിയല്ല.... ഇത്രയും പറഞ്ഞാൽ മതി അച്ഛന് കലിയിളകുമായിരുന്നു. മുപ്പത്തിയഞ്ച് വർഷത്തോളം ബംഗാളിൻ്റെ വ്യവസായ നഗരമായ ദുർഗ്ഗാപ്പൂരിലെ സ്റ്റീൽ പ്ലാൻ്റിൽ സേവനമനുഷ്ടിച്ച ശേഷം 1992 ൽ വിരമിക്കുമ്പോൾ വരെയും അതിന് ശേഷം മരണം വരെയും അച്ഛന് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടങ്കിൽ, നേതാവെന്ന് അംഗീകരിച്ചിട്ടുണ്ടങ്കിൽ അത് ജ്യോതി ബസുവിനെ മാത്രമാണ്. അതിനാൽ തന്നെ വേറെ ആരെ തൊട്ടാലും ജ്യോതി ബസുവിനെ തൊട്ടാൽ അക്കളി തീക്കളി ആകും എന്ന് ഉറപ്പാണ്. പാർട്ടികളോട് പ്രതിബദ്ധത കാട്ടിയിരുന്നില്ല എങ്കിലും എൻ്റെ അനുമാനത്തിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എങ്കിലും അച്ഛൻ കമ്യൂണിസ്റ്റുകാരനായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള ആശയപരമായ അടുപ്പത്തേക്കാൾ ബസുവിനോടുള്ള ആരാധനയായിരുന്നു അതിന് പിന്നിൽ എന്ന് നിസംശയം പറയാം. 

അമ്മയാവട്ടെ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ അംഗമായതുകൊണ്ട് വോട്ടു ചെയ്യുമെങ്കിൽ അത് കോൺഗ്രസ്സിന് മാത്രമേ ചെയ്യു എന്ന് വാശിയുള്ള ആളാണ്. വോട്ടു ചെയ്യുക മാത്രമല്ല, ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിക്കും ശേഷം രാഹുലിനോടും പ്രിയങ്കയോടും ഇന്നുള്ളത് മക്കൾ എന്ന പോലത്തെ കടുത്ത സ്നേഹം. അമ്മയുടെ പാതയിൽ തന്നെയാണ് ചേച്ചിയും. 1984 ൽ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിൻ്റെ പിറ്റേന്ന് കടുത്ത വിഷമത്തിലായിരുന്ന അമ്മ ഞങ്ങളെ ഭക്ഷണം പോലും തരാതെ കടുത്ത പ്രതിസന്ധിയിലാക്കി കളഞ്ഞു. 1992 രാജീവ് ഗാന്ധി ശ്രീപെരുംപത്തൂരിൽ കൊല്ലപ്പെട്ട ദിവസം ഞാൻ ഉണർന്നു വന്നത് വലിയ നിലവിളി കേട്ടുകൊണ്ടായിരുന്നു. റേഡിയോയിലെ പ്രഭാതഭേരിയിൽ വന്ന രാജീവ് ഗാന്ധിയുടെ മരണ വാർത്തയെ അമ്മയും ചേച്ചിയും നേരിട്ടത് കുടുംബത്തിലാരോ മരണപ്പെട്ട രീതിയിൽ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടായിരുന്നു. രണ്ടായിരത്തി അഞ്ചിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ദിനം എവിടെയോ ദൂരെ യാത്ര പോയിരുന്ന  ചേച്ചി തിരിച്ച് വന്നത് ഏതാണ്ട് നാലു മണിയോടെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഒരു വോട്ടിൻ്റെ വില അറിയാവുന്ന ബി ജെ പി പ്രവർത്തകർ പാഞ്ഞു വന്ന് ഒരു ഓട്ടോയിൽ കയറ്റി വോട്ടിംഗ് സെൻ്ററിൽ എത്തിച്ചു, വോട്ടിംഗ് കഴിഞ്ഞ് തിരികെ വന്നപ്പോൾ ഞാൻ ചോദിച്ചു "ആർക്കാണ് കുത്തിയത്..?" ഒട്ടും അമാന്തിക്കാതെ ഉത്തരം കിട്ടി "കൈപ്പത്തിക്ക്".

ജേഷ്ടൻ അന്നും ഇന്നും കടുത്ത സംഘപരിവാർ പ്രവർത്തകനാണ്. തൻ്റെ പതിനഞ്ചാം വയസ്സു മുതൽ എ ബി വി പി യും, പിന്നെ ആർ എസ് എസും, അതിന് ശേഷം ബി ജെ പിയും ഒക്കെയായി ഒരുകാലത്ത് പരിവാർ സംഘടനയുടെ അതിശക്തനായ നേതാവും ഇന്ന് അതിൻ്റെ പ്രവർത്തകനുമാണ് ജേഷ്ടൻ. രാഷ്ട്രീയത്തിലെ കടലും കാറ്റും ഇടിയും മിന്നലും എന്താണന്ന് അറിഞ്ഞത് ജേഷ്ടൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ്. രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകൾ ഒരു കുടുംബത്തെ എങ്ങനെ ബാധിക്കും എന്നതിന് ഉദാഹരണവും കൂടിയാണ് എൻ്റെ ജേഷ്ടനിലൂടെ ഞങ്ങൾ അനുഭവിച്ചറിഞ്ഞതും പിന്നീട് വളരെക്കാലം അതിൻ്റെ അലയൊലികളായി നിലനിന്നതും. 

പറഞ്ഞു വന്നത് രാഷ്ട്രീയം അതിൻ്റെ നിശബ്ദത കൊണ്ടും, വൈകാരികത കൊണ്ടും, തീവ്രത കൊണ്ടും, ഓർമ്മ വച്ച നാൾ മുതൽ അനുഭവിച്ചറിഞ്ഞു വരുന്ന എനിക്ക് അതിനോട് തികഞ്ഞ അവജ്ഞ തോന്നുന്നതിൻ്റെ കാരണമാണ്. അത് ഒരു കുടുംബത്തിൻ്റെ ആണിക്കല്ലിളക്കുന്ന മഹാമാരിയാണന്ന തിരിച്ചറിവുള്ള എന്നെ സംബന്ധിച്ച് അതിൻ്റെ പിറകെ കൂടി സ്വാർത്ഥമതികളായ നേതാക്കന്മാരെ വിശ്വസിച്ച് അവർക്ക് ഗോ ഗോ വിളിക്കുന്നവൻ ഓരോരുത്തനും വെറും അടിമകൾ തന്നെയാണ്. രാഷ്ട്രീയം എത്രമാത്രം രൂക്ഷമാണന്നും മനുഷ്യത്വ രഹിതമാണന്നും നേരിട്ട് കണ്ടു വളർന്ന എന്നോട് അതിൻ്റെ മഹിമ വിളമ്പാൻ വരുന്നവരേയും, ഞാൻ എഴുതുന്ന രാഷ്ട്രീയ വിമർശനങ്ങളുടെ പേരിൽ എന്നെ ചില കള്ളികളിലേക്കും, നിറങ്ങളിലേക്കും മുക്കിയിടാൻ ശ്രമിക്കുന്നവരോടും അതിനാൽ തന്നെ വെറും പുച്ഛം മാത്രം. 

രണ്ടാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിയുടെ മരണം. അതിന് തൊട്ടടുത്ത ആഴ്ച അതേ ദിവസം ഞാൻ പഠിച്ച ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ഒരു ബോളിവുഡ് നടനോടു തോന്നുന്ന ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ അതിന് ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. കരുണാകരൻ്റെ ഭരണ കൗശലതയോടും, ഇ കെ നായനാരുടെ നിഷ്കളങ്ക നർമ്മത്തോടും, വാജ്പേയുടെ സൗമ്യ സാമിപ്യത്തോടും ഇഷ്ടം തോന്നിയിട്ടിണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ എന്നിൽ രണ്ടു തുള്ളി കണ്ണീർ പൊടിഞ്ഞിട്ടുണ്ടെങ്കിൽ അത് നായനാരും, രാജീവ് ഗാന്ധിയും മരിച്ചപ്പോൾ മാത്രമാണ്. സുഷമാ സ്വരാജ് മരിച്ചപ്പോൾ, ഒരു പ്രവാസി എന്ന നിലയിൽ കടുത്ത നിരാശയും തോന്നിയിരുന്നു.  കരുണാകരനിൽ അഴിമതി ഉണ്ടായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അദ്ദേഹത്തിനും, നായനാർക്കും ശേഷം കേരളത്തിൻ്റെ വികസനലക്ഷ്യത്തിൽ എപ്പോഴും വെള്ളം ചേർത്തിട്ടുണ്ട് എന്ന് തന്നെയാണ് എൻ്റെ ഉറച്ച കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ, ഇന്നിലെ ഏത്  രാഷ്ട്രീയവും, രാഷ്ട്രീയ നേതൃത്വത്തവും, എന്തിനേറെ അടിമ അണികളും വരെ, എന്നെ സംബന്ധിച്ച് ദേശത്തിന് ഉപകാരമില്ലാത്ത സ്വാർത്ഥമതികളായ ആൾക്കൂട്ടങ്ങൾ മാത്രം.