. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 17 August 2018

ദുരന്തമുണ്ടാകുമ്പോഴെങ്കിലും.ഒരൊറ്റ മതം - ഹിന്ദുവില്ല, മുസൽമാനില്ല, ക്രിസ്ത്യാനിയില്ല, പാഴ്സിയില്ല....

ഒരൊറ്റ ജാതി - ബ്രാഹ്മണനില്ല, പുലയനില്ല, സുന്നിയില്ല, യാക്കോബയില്ല.....

ഒരൊറ്റ ദൈവം - അള്ളാഹുവില്ല, ക്രിസ്തുവില്ല, ബുദ്ധനില്ല, ശിവനില്ല....

ഒരൊറ്റ ആരാധനാലയം - അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല, സേവാഭവനമില്ല...

ഒരൊറ്റ പുരോഹിതൻ - പൂജാരിയില്ല, ഉസ്താദില്ല,  പള്ളീലച്ചനില്ല, ആൾദൈവങ്ങളില്ല....

ഒരൊറ്റ സങ്കീർത്തനം - നിസ്കാരമില്ല, ഭജനയില്ല, കുർബാനയില്ല, കുമ്പസാരമില്ല.....

ഒരൊറ്റ നാമം - മത്തായി ഇല്ല, മുഹമ്മദില്ല, മുകുന്ദനില്ല, മുജീബില്ല....

ഒരൊറ്റ പ്രായം - ശൈശവമില്ല, കൗമാരമില്ല, യൗവ്വനമില്ല, വാർദ്ധക്യമില്ല....

ഒരൊറ്റ നിറം - കറുപ്പില്ല, വെളുപ്പില്ല, തവിട്ടില്ല, ചുവപ്പില്ല.....

ഒരൊറ്റ ലിംഗം - സ്ത്രീയില്ല, പുരുഷനില്ല, മൂന്നാം ലിംഗമില്ല, നാലാം ലിംഗമില്ല....

ഒരൊറ്റ വർഗ്ഗം - കുബേരനില്ല, കുചേലനില്ല, പണ്ഠിതനില്ല, പാമരനില്ല...

ഒരൊറ്റ ദേശം - ആലുവയില്ല, ആറന്മുളയില്ല, ആലപ്പുഴയില്ല, അംഗമാലിയില്ല....

ഒരൊറ്റ വാസസ്ഥലം - ഒറ്റ നിലയില്ല, ഇരട്ട നിലയില്ല, വൻ സൗധമില്ല, വള്ളിക്കുടിലില്ല.....

ഒരൊറ്റ രാഷ്ട്രീയം - കമ്യൂണിസ്റ്റ് ഇല്ല, ബി ജെ പി ഇല്ല, കോൺഗ്രസ്സില്ല, ലീഗില്ല....

ഒരൊറ്റ പക്ഷം - ഇടത് പക്ഷമില്ല, വലതു പക്ഷമില്ല, ന്യൂനപക്ഷമില്ല, ഭൂരിപക്ഷമില്ല....

ഒരൊറ്റ വാദം - തീവ്രവാദമില്ല, ദേശീയവാദമില്ല, അസ്ഥിത്വ വാദമില്ല, പുരോഗമന വാദമില്ല....

ഒരൊറ്റ നീതി - പീഡനമില്ല, പ്രീണനമില്ല, സ്വജാതിയില്ല, വിജാതിയില്ല...

ഒരൊറ്റ മനുഷ്യൻ - അച്ഛൻ ഇല്ല, അമ്മയില്ല, സഹോദരിയില്ല, സഹാേദരനില്ല....

അതെ..... പ്രകൃതി, പ്രകൃതി, പ്രകൃതി, പിന്നെയും പ്രകൃതി മാത്രം...

Sunday, 10 June 2018

ഇനിയൊരു ജന്മമുണ്ടങ്കിൽ.....


അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണായി ജനിക്കണം...

ജനിച്ചു വീഴുമ്പോൾ ചുറ്റുമുള്ളവരിൽ ഉണ്ടാകുന്ന നിസംഗത നേരിട്ടറിയണം..

'ദൈവം സഹായിച്ചാൽ അടുത്തത് ഒരു ആണായിരിക്കുമെടീ' എന്ന് അയൽവക്കത്തെ പൊങ്ങച്ച ചേച്ചിമാർ അമ്മയെ അശ്വസിപ്പിക്കുന്നത്  കേൾക്കണം.

'നീ പെണ്ണാണ് കാലടുപ്പിച്ചിരിക്കടീ' എന്ന ശാസന അറ്റം കൂർത്ത നഖം കയറിയ നീറ്റലായി വലത്തേ തോളിൽ അണമുറിയാതെ പേറണം...

"നീ വല്യ കുട്ടിയായി ഇനി ആൺകുട്ട്യോളുടെ കൂടെയൊന്നും കൂട്ടുകൂടാൻ പാടില്ല" എന്ന മുത്തശ്ശി മൊഴി നിസംഗതയോടെ കേട്ടിരിക്കണം..

അച്ഛന്റെ വിയർപ്പ് മണവും, സ്നേഹമുത്തങ്ങളും ഒരു തീണ്ടാപ്പാട് അകലെയാകുന്നത് സന്തോഷത്തോടെ മനസ്സിലാക്കണം...

തീണ്ടാരിയായി വീടിന്റെ വടക്കേ മൂലയിലെ മുറിയിൽ ഒരു കീറപ്പായയിൽ ക്ഷുദ്രജീവികളോട് മല്ലടിച്ച് ഉറങ്ങുന്നതിന്റെ സുഖമൊന്ന് അനുഭവിക്കണം...

നിതംബവും മാറും അളക്കുന്ന കണ്ണുകളിലെ കാമവും വെറിയും നേരിട്ട് അനുഭവിച്ച് പ്രതികരിക്കാത്ത തല കുമ്പിട്ട് നടക്കുന്ന ഉത്തമ വനിതയാവണം....

ബസ്സിലെ, ബീച്ചിലെ, സിനിമാ കൊട്ടകയിലെ കാമകണ്ണുകളുടെ ആർത്തി പൂണ്ട തോണ്ടലുകളെ നിസംഗതയാടെ ഉൾക്കൊണ്ട് പരാതിയും പരിഭവും ഇല്ലാത്ത ഒരു നല്ല പെണ്ണ് സർട്ടിഫിക്കറ്റിന്റെ ഉടമയാവണം..

പൊതു ഇടങ്ങളിൽ വെറും പെണ്ണെന്ന് ചാപ്പ കുത്തി മാറ്റി നിർത്തലിന്റെ സുഖവും സന്തോഷവും  അനുഭവിച്ചറിയണം...

"അവൻ പഠിച്ചോട്ടെ, നീ വല്ലയിടത്തും കയറി ചെല്ലേണ്ടവളല്ലേ നിനക്ക് ഇത്രയും പഠിത്തം മതി" എന്ന പക്ഷം തിരിക്കൽ ശിരസ്സാ വഹിച്ച് ഒരു അടുക്കളപ്പുഴുവായി ജീവിച്ച് കാട്ടണം...

മനസ്സിൽ മൊട്ടിട്ട പ്രണയം പറഞ്ഞാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മാനനഷ്ടമോർത്ത് മുറി അടച്ചിരുന്ന് തല തുടയ്ക്കുള്ളിൽ അമർത്തി വിതുമ്പി കരയണം....

സ്ത്രീതന്നെ ധനമെന്ന പൊതുഇട ഘോര പ്രാസംഗികന്റെ പെണ്ണുകാണൽ ചടങ്ങിലെ ആർത്തി ചോദ്യങ്ങളോട് ആരാധനയോടെ പ്രതികരിക്കുന്ന ബന്ധുക്കളുടെ കൂടെ നിന്ന് കൈയ്യടിക്കണം..

മനസ്സിൽ വച്ചാരാധിച്ച വിഗ്രഹത്തെ ഉടച്ച്, ഉറ്റവർ ചൂണ്ടിക്കാട്ടിയ കളിമൺ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് അവരുടെ മാനം കാത്ത്  നീതിമതി ആവണം..

ആ രാത്രിയിൽ പുരുഷ വന്യതയ്ക്ക് ചുവട്ടിൽ ആദ്യ വേദനയുടെ ഒരു ഭാവവും കാട്ടാതെ അവന്റെ സങ്കൽപ്പ നായികയായി അഭിനയിച്ച് തകർക്കണം....

കിടക്കയിലും പുറത്തും അവനാണ് നായകൻ എന്ന് തിരിച്ചറിഞ്ഞ് അവൻ പറയുന്ന എന്തും അനുസരിച്ചും അംഗീകരിച്ചും ഒരു ആഫ്രിക്കൻ അടിമ അനുഭവിക്കുന്ന സന്തോഷം അനുഭവിച്ചറിയണം....

ഉപ്പു കുറഞ്ഞതും, മുളകു കൂടിയതും പറഞ്ഞുള്ള അവന്റെ കൈക്കരുത്തിനെ, സ്നേഹത്തലോടുകളായി ഏറ്റെടുത്ത് അടുക്കള മൂലയിലയിലെ കൂറകൾക്ക് സന്തോഷത്തോടെ കൂട്ടാകണം....

വയറ്റിനുള്ളിൽ  ഗർഭചുമട് കൊണ്ടു നടക്കുമ്പോഴും, അവന്റെ കഷ്ടപ്പാടുകളെ, ജോലിയിലെ ആത്മാർത്ഥതയെ കുറിച്ചുള്ള വാചാലതകൾ കൗതുകത്തോടെ കേട്ടിരിക്കണം...

"നിനക്ക് ഈ വീട്ടിൽ എന്താണ് ഇത്ര പണി" എന്ന ഗർവ്വേറിയ ചോദ്യശരങ്ങൾ, മുഖത്തെ വിയർപ്പു കണങ്ങളെ എന്നപോല്‍ സാരിത്തുമ്പാൽ അമർത്തി തൂത്ത് കളഞ്ഞ് "എനിക്കിവിടെ പരമസുഖം" എന്ന് പറയാൻ പഠിക്കണം....

തുടയെല്ലുകൾ തകർക്കുന്ന വേദന തീർത്ത് മകൻ പുറത്തു വരുമ്പോൾ എന്നിലെ വേദനയേക്കാൾ അവന്റെ കീറ്റലിൽ ആശങ്കപ്പെട്ട് മാറോട് ചേർത്ത് സ്നേഹപ്പാൽ ചുരത്തണം....

മകന്റെ ഗുണങ്ങളെ എല്ലാം അച്ഛന്റെ കഴിവുകളായും, ദോഷങ്ങളെ എല്ലാം അമ്മയുടെ കഴിവുകേടുകളായും ചിത്രീകരിക്കുമ്പോള്‍ അത് കേട്ട് തലകുലുക്കി ഒരു പരാതിയും പറയാത്ത ഉത്തമ കുടുംബിനി ആവണം....

മകന്റെയും മരുമകളുടെയും കുത്തുവാക്കുകള്‍ സന്തോഷത്തോടെ നഞ്ചിലേറ്റി അവരുടെ താളത്തിനു ഒത്തു നൃത്തം ചവിട്ടുന്ന നന്ദിയുള്ള ഒരു നാടന്‍ പട്ടിയാവണം....

പിന്നെ സുഗന്ധം പേറുന്ന വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തില്‍ പറയാന്‍ മറന്നു പോയ എല്ലാ തമാശകളും സഹമുറിയരോട്‌ പകര്‍ന്ന്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കണം.....

ഒടുവില്‍ ആരോ തീര്‍ത്ത ചാണക വറളിയുടെ പട്ടടയില്‍ ചൂടറിയാതെ നീറി നീറി വെന്തു തീരണം....

Monday, 12 June 2017

മാട്രിമോണിയല്‍


ഹൈവേയിലെ ബീവറേജിന് താഴു വീണത് കൊണ്ട് മൂന്നു കിലോമീറ്റര്‍ താണ്ടേണ്ടി വന്നു തൊട്ടടുത്ത ഓട്ട്ലറ്റ് വരെ പോകാന്‍....

വരിനില്‍പ്പ് തൊഴിലാളിക്ക് 300 രൂപാ കൊടുത്താല്‍ എന്ത്, വീശിനുള്ള ഇഷ്ട സാധനം റെഡി. ഇനി സഹമുറിയന്മാര്‍ കൂടി വന്നാല്‍ ആഘോഷം പൊടിപൂരം..

അല്ലെങ്കില്‍ തന്നെ ഇവന്മാര്‍ക്ക് ഒരു ക്രിത്യനിഷ്ടതയില്ല.. ഷെയറിന്റെ ആവേശം എങ്കിലും കാണിക്കണ്ടേ...

അവന്മാര്‍ വരുമ്പോള്‍ വരട്ടെ...

അല്‍പ്പം മദ്യം പകര്‍ന്ന് അതിലേക്ക് ഐസ്ക്യൂബുകള്‍ ഒന്നൊന്നായി ഇട്ടുകൊണ്ടിരിക്കുമ്പോള്‍ ആണ് ഫോണ്‍ റിംഗ് ചെയ്തത്....

"അമ്മെ... ഞാന്‍ രണ്ടു ദിവസം കഴിഞ്ഞ് എത്തില്ലേ.... അപ്പോള്‍ ചെയ്യാമല്ലോ.... അല്ലേല്‍ വേണ്ട ഇപ്പോള്‍ തന്നെ ചെയ്തേക്കാം..." അല്‍പ്പം നീരസത്തില്‍ മൊബൈല്‍ കിടക്കയിലേക്ക് എറിഞ്ഞു.... ഒഴിച്ചു വച്ചിരുന്ന മദ്യം ആവേശത്തില്‍ അകത്താക്കി...

ഈ അമ്മയുടെ ഒരു കാര്യം.... ദേഷ്യത്തില്‍ പിറുപിറുത്തു കൊണ്ട് ലാപ്പ്ടോപ്പ് കയ്യില്‍ എടുത്ത് മാട്രിമോണിയല്‍ സൈറ്റിലെ ഒഴിഞ്ഞു കിടക്കുന്ന സൈന്‍ അപ്പ് കോളങ്ങളില്‍ തന്റെ വിവരങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി....

പേര് - ശ്യാം

വയസ്സ് - 32

ഡ്രിങ്ങ്കിംഗ് ഹാബിറ്റ്‌ - ഇല്ല

സ്മോക്കിംഗ് ഹാബിറ്റ്‌ - ഇല്ല
.....................................................................

Wednesday, 1 July 2015

പ്രണയ പ്രതീക്ഷകള്‍


 

അദൃശ്യമായൊരു കരാംഗുലിയെന്നുടെ
മാനസകിന്നരം തൊട്ടുണര്‍ത്തി.
മൂകരാഗങ്ങളുതിര്‍ത്തൊരാ വീണയില്‍
അനുരാഗഗീതങ്ങള്‍ പിറവികൊണ്ടു.
ആരിവളെന്നുടെ പാഴ്മരക്കൊമ്പില്‍
നല്ലൂഞ്ഞാലുകെട്ടിയിന്നുല്ലസിപ്പൂ.
ആളൊഴിഞ്ഞെന്നുടെ പൂരപ്പറമ്പിലിന്നാ-
യിരം പൂത്തിരിയായ് നിറഞ്ഞൂ.

 കാതങ്ങളെത്രയോ അകലെനിന്നവളുടെ
കിളിമൊഴിയാദ്യമായ്‌ കാതിലെത്തി.
നിറമേഘപാളിയില്‍ തട്ടിപ്രതിധ്വനി
ച്ചൊരുകുഞ്ഞുതെന്നലായ്‌ മെല്ലെമെല്ലെ.
“കാത്തിരിക്കുന്നു നിന്‍ പ്രാണനാം പ്രേയസി
കാണുവാന്‍ മിഴികള്‍ തുളുമ്പിനില്‍പ്പൂ.
നീയാകും വണ്ടിനായ്‌, വിരിയുവാനെന്മനം
ഒരു കുഞ്ഞുമുകുളമായ്‌ കാത്തിരിപ്പൂ”.
ഹൃദയമാമാഭേരി ശ്രുതിമീട്ടിമൂളവേ
സങ്കല്‍പ്പമാം തേരിലെറിഞാനും
സപ്താശ്വബന്ധിതമായൊരാ തേരിലായ്‌
എന്‍സഖി വാമാഭാഗേയിരുന്നു.
സൂര്യനെ വെല്ലുന്ന തേജസ്സ്പെയ്യും നിന്‍
മോഹനഭംഗി ഞാന്‍ നോക്കി നില്‍ക്കെ.
തെന്നല്‍ കടംകൊണ്ട മാസ്മരഗന്ധമെന്‍
സിരകളെ ഉര്‍വിഷ്ടലഹരിയാക്കി.ഹാ പ്രിയ പ്രേയസി നീയതിമോഹനം
ശതകോടി മഴവില്ലുദിച്ചു നില്‍പ്പൂ.
കനിവിന്‍റെ നൂറുനൂറുറവകള്‍ പെയ്യുന്ന
കരിനീലമിഴിയില്‍ ഞാന്‍ പ്രതിബിംബിച്ചു.
പുലര്‍കാല സരസ്സിലെ മിഴികൂമ്പുമാമ്പലായ്‌
നാസിക സ്വേദമുതിര്‍ത്തുനിന്നു.
അരുണിമ തീര്‍ത്തു നിന്‍ ചൊടിയിണ-
യെന്നിലേക്കലിവോടെ മധുപാത്രമിറ്റിവച്ചു. സൌരഭ്യമൂറുന്ന കാര്‍ക്കൂന്തല്‍ കെട്ടിലേ-
ക്കെന്നുടെ ആനനമാഴ്ത്തിവെക്കേ
മണിനാദമൂറുന്ന ചിരിതൂകി നീയെന്‍റെ
ഹൃദയത്തിന്‍ താളത്തെ ത്വരിതമാക്കി.
പരിരംഭണത്തിന്‍റെ മാസ്മരവേളയില്‍
ഞാന്‍ സ്വയം എല്ലാം മറന്നു നില്‍ക്കെ
കാതരയായവള്‍ എന്‍ കാതില്‍ മന്ത്രിച്ചു
“കാത്തിരിക്കുന്നു ഞാന്‍ വരിക വേഗം”.


സങ്കല്‍പ്പമായിരുന്നെല്ലാമെന്നാകിലും
എന്‍മനം ഉര്‍വ്വോടെ കാത്തിരിപ്പൂ
ആഴിയിലലിയുവാന്‍ വെമ്പുന്നൊരരുവി
പോല - ലിയുവാനെന്മനം കാത്തിരിപ്പൂMonday, 23 March 2015

തലാഖ്


അവന്‍ ഒരു കുറ്റവാളിയെ പോലെ എന്റെ മുന്നില്‍ നിന്നു..... 

“എന്താ മുസ്തഫാ.....? ഇതുവരെ വന്നത് എന്തിനാണെന്ന്‍ പറഞ്ഞില്ല...!” അവന്‍ മുഖമുയര്‍ത്തി എന്തെങ്കിലും സംസാരിക്കും എന്ന ധാരണ അസ്ഥാനത്തായപ്പോള്‍ ഞാന്‍ തുടക്കമിട്ടു.....

തുടച്ച് മാറ്റാന്‍ ശ്രമിച്ച അവന്റെ കൈകളെ കബളിപ്പിച്ച് കൊണ്ട് രണ്ടു തുള്ളി കണ്ണീര്‍ തറയില്‍ വീണുടഞ്ഞു.....

“എന്താ നിന്റെ പ്രശ്നം.....? പറഞ്ഞാല്‍ അല്ലെ മനസ്സിലാകൂ....!” എഴുന്നെല്‍റ്റ് ചെന്ന് അവനെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് അടുത്തുള്ള കസേരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി.....

“സാര്‍ ഇച്ചു നാട്ടുക്ക് പോണം....” ചെറിയ കുട്ടികള്‍ എങ്ങലടിക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടും പോലെ അത് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറിയിരുന്നു.....

“നീ പോയിവന്നിട്ട് ആറുമാസം പോലും ആയില്ലല്ലോ...... ഇതെന്താ ഇത്ര പെട്ടെന്ന് വീണ്ടും പോകണം എന്നൊരു തോന്നല്‍......? എനിക്ക് ആ അപേക്ഷ അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.......

“അന്ന് പോയത് പെണ്ണെട്ടാനാണ് സാറേ....” അവന്‍ ശബ്ദത്തിലെ ഇടര്‍ച്ചമാറ്റി പറഞ്ഞു.....
“ഓഹ്..... ഇപ്പോള്‍ മനസ്സിലായി..... ഭാര്യയെ പിരിഞ്ഞതിന്റെ വിഷമം അല്ലെ.....?” ചെറുചിരിയുടെ മേമ്പൊടി ചേര്‍ത്ത് ഞാന്‍ അവനെ ഒളികണ്ണിട്ടു.....

“അല്ല സാര്‍...... മൊയിചൊല്ലാന്‍......” അവന്‍ തല ഉയര്‍ത്തി എന്റെ മുഖത്തേക്ക് നിസംഗതയോടെ നോക്കി പറഞ്ഞു......

“മൊഴി ചൊല്ലാനോ.....? നിനക്ക് പറയാന്‍ നാണം ആകുന്നില്ലേ മുസ്തഫാ.....” എന്റെ ശബ്ദം ഞാന്‍ അറിയാതെ കനത്ത് പോയിരുന്നു......

അവന്‍ ഞാടുക്കത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പിന്നിലേക്ക് വലിഞ്ഞു..... “ വേറെ ഒരു വജ്ജും ഇല്ല സാര്‍.... അബടെ പ്പേം മ്മേം സമ്മയിച്ചൂല്ല......”

“അവര്‍ സമ്മതിക്കേണ്ട...... നീ ഒരു ആണല്ലേ...... നിന്റെ ഭാര്യക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ആയവള്‍ അല്ലെ...... നിങ്ങള്‍ക്ക് രണ്ടാള്‍ക്കും സമ്മതമാണെങ്കില്‍ ഉമ്മാനും ഉപ്പാനും എന്തിനാ....?” എനിക്ക് രോഷം അടക്കാന്‍ കഴിഞ്ഞില്ല.....

മുസ്തഫയുടെ മറുപടിക്ക് വേണ്ടി ഞാന്‍ കാത്തു..... അത് കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും അവനോടു ചോദിച്ചു..... “നിന്റെ ഭാര്യ എന്ത് ചെയ്യുന്നു.....?”

“ഇസ്കൂളിലാ.....” അവന്‍ മടിച്ച് മടിച്ച് മറുപടി പറഞ്ഞു....

“ഒരു സ്കൂള്‍ ടീച്ചര്‍ക്ക് സ്വന്തം കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നോ....?” എന്റെ ആശ്ചര്യം ഉച്ചാവസ്ഥയില്‍ എത്തി.....

“ടീച്ചറല്ല സാര്‍.... അബള്‍ പഠിച്ചാ..... പത്താം ക്ലാസ്സില്.....” അവന്‍ അപ്പോഴും മുഖം ഉയര്‍ത്തിയിരുന്നില്ല......

എന്റെ രോഷത്തിനു മേല്‍ വീണ മൌനം പെറ്റുപെരുകി......