. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 1 April 2020

കഥയല്ലിത്, ജീവിതം.


ഉറക്കമുണർന്ന് വന്നതെ നീർവിളാകത്തിലെ ചില കൊറോണ വറുതികളെ കുറിച്ചുള്ള ഗ്രൂപ്പ് ചർച്ചകളാണ് ആദ്യം കണ്ടത്. ഞാൻ കൂടി ഭാഗമായ "കാരുണ്യം നീർവിളാകം" അതിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നൽകാനുദ്ദേശിക്കുന്ന ഭക്ഷ്യ കിറ്റുകളെ കുറിച്ചായിരുന്നു ചർച്ച. അവശ്യവും അനാവശ്യവും കണ്ടറിഞ്ഞ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെ കുറിച്ച് അംഗങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഈ വിഷയത്തിൽ ആവശ്യക്കാരെ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ച് ഞാനൊരു ആത്മപരിശോധനയ്ക്ക് തയ്യാറായത്. ആരൊക്കെയോ പകർന്നു നൽകിയ
ആഡ്യത്വത്തിൻ്റെ മേലങ്കിയണിഞ്ഞ എന്നാൽ കഷ്ടിച്ച് രണ്ടു നേരം ഭക്ഷണം കഴിക്കാത്ത നൂറു കണക്കിന് കുടുംബങ്ങൾ തീർച്ചയായും നമ്മുക്ക് ചുറ്റും ഉണ്ടന്ന് ഉറപ്പാണ്. വറുതിയുടെ നിർജ്ജീവ നിസ്വനങ്ങൾ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി അയൽപക്കം പോലും അറിയാതെ കഴിഞ്ഞ ചില നാളുകളിൽ കൂടി പലവട്ടം കടന്നു പോയിട്ടുള്ളതിനാൽ അത്തരം ആളുകൾ നമ്മുക്കിടയിൽ എപ്പോഴും ഉണ്ടാവും എന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയുക.

എൺപത്തിയേഴിൽ തുടങ്ങിയ ആദ്യ വറുതി അവസാനിച്ചത് ഏതാണ്ട് തൊണ്ണൂറ്റി മൂന്നു കളിലാണ്. തുടക്കത്തിൽ കണ്ണിൻ്റെ കോണുകളിലും ആമാശയത്തിൻ്റെ ആഴത്തിലും അമർത്തി ഒതുക്കാൻ ശ്രമിച്ചത്, ക്രമേണ പിടിവിട്ട് പുറത്തു ചാടും എന്ന അവസ്ഥയിൽ ഇരുചെവി അറിയാതെ രണ്ടു വ്യക്തികൾ നീട്ടിയ സ്നേഹ ഹസ്തങ്ങളിലൂടെ ആ വറുതിയെ മറികടക്കാൻ സാധിച്ചത് അതുവരെ സൂക്ഷിച്ച ആഡ്യത്വ മൂടുപടത്തിന് ഒരു ചെറിയ ഓട്ട പോലും വരാതെ സൂക്ഷിക്കാൻ ഞങ്ങളെ സഹായിച്ചു. എടുത്ത് പറയേണ്ട പ്രധാന വ്യക്തി നാട്ടിലെ എല്ലാവരും "പണിക്കരച്ഛൻ" എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഞാൻ പണിക്കരപ്പൂപ്പൻ എന്ന് വിളിച്ചിരുന്ന പെരുമാറ്റത്തിൽ കാർക്കശ്യക്കാരനായ കല്ലൂർക്കാട് പണിക്കർ എന്ന ഉള്ള് നിറയെ സ്നേഹക്കടൽ സൂക്ഷിച്ചിരുന്ന മനുഷ്യനാണ്. പണിക്കരപ്പൂപ്പൻ ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ വാങ്ങുന്ന സാധനങ്ങൾക്ക് തോന്നുമ്പോൾ പൈസ എന്ന നിലപാട് എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഞങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി തന്നെയാണന്ന് ഇന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എപ്പോഴെങ്കിലും കിട്ടുന്ന പൈസ കൊണ്ടു ക്കൊടുക്കുമ്പോൾ ലാഘവത്തോടെ എണ്ണി പെട്ടിയിൽ ഇടുമ്പോഴും ഉദ്ദേശം വിഷമിപ്പിക്കരുത് എന്ന് തന്നെയാണന്ന് വ്യക്തം.

രണ്ടാമത്തെയാൾ വീട്ടിലെ അൽപ്പ മാത്രമായ തേങ്ങാ വിലയ്ക്കു വാങ്ങുന്ന "കൊപ്രാത്തട്ടി കൊച്ചാട്ടൻ" ആണ്. സാധാരണ ഗതിയിൽ നാളികേരക്കച്ചവടം കഴിഞ്ഞ് അടുത്ത രണ്ടു പ്രവശ്യം കഴിഞ്ഞാലും പൈസ ചോദിക്കാനോ വാങ്ങാനോ പോകാത്ത വീട്ടിൽ നിന്നും ആഴ്ച്ചയിൽ ഒരിക്കൽ തിരക്കി ചെല്ലുന്ന അവസ്ഥയിലേക്ക് മാറ്റമുണ്ടായത് ശ്രദ്ധിച്ചിട്ടാവാം അദ്ദേഹം ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കാശ് തന്നു തുടങ്ങിയത്. "കൂടുതൽ ഉണ്ടല്ലോ" എന്ന് ആശങ്കപ്പെടുമ്പോൾ "അച്ഛനോടു പറയണം അടുത്ത തവണ ഞാൻ ഇതിങ്ങ് എടുക്കുമെന്ന്" എന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ ആ കാശ് എൻ്റെ പോക്കറ്റിലേക്ക് ഒന്നുകൂടി അമർത്തി വച്ചു തരുമായിരുന്നു അദ്ദേഹം. അങ്ങനെ രണ്ട് വ്യക്തികളുടെ ആത്മാർപ്പണത്തിൽ വറുതിക്കാലം അല്ലലില്ലാതെ കടന്നു പോയി എന്ന് പറയുന്നതിൽ അഭിമാനം തോന്നുന്നു.

രണ്ടാമത്തെ വറുതി സൗദിയിൽ എത്തി ബിസിനസ്സ് തുടങ്ങിയതിന് ശേഷമാണ്. ബിസിനസ്സിൽ ആരെയും വിശ്വസിക്കരുത് എന്ന ആപ്തവാക്യം ഒരിടത്തും, മടിയന് ചേരുന്നതല്ല കച്ചവടം എന്ന അപ്തവാക്യം മറുവശത്തും നിലനിൽക്കുമ്പോഴാണ് ഇതിൻ്റെ എല്ലാം ആകെത്തുകയായ ഞാൻ ബിസിനസ്സ് ചെയ്യാൻ പടച്ചട്ടയും കെട്ടിയിറങ്ങിയത്. ഭലമാേ ധിം തരികിട തോം. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രസ്ഥാനം, അനുകമ്പയുടേയും വിശ്വസത്തിൻ്റേയും ലേബലൊട്ടിച്ച് കൂടെ നിർത്തിയ സുഹൃത്ത് സൗദിയുടെ കൂടെക്കൂടി പിടിച്ചെടുത്തു. കമ്പനിയുടെ അക്കൗണ്ടിൽ കിടന്ന പൈസയുമായി സൗദി പോയി, എല്ലാം മനസ്സിലാക്കി കൂടെ നിന്ന മറ്റാെരു ആത്മാർത്ഥ സുഹൃത്ത് ഒരു മുന്നറിയിപ്പും ഇല്ലാതെ ടിക്കറ്റും എടുത്ത് നാട്ടിലേക്കും വണ്ടി കയറി. രണ്ടു ചെറിയ കുട്ടികളുമായി കുടുംബം വറുതിയിലേക്ക് വീണു.

അൻപത് പൈസയ്ക്ക് പോലും വിലയുണ്ടന്ന് തിരിച്ചറിഞ്ഞ കാലത്ത് നാട്ടിലെ പണിക്കരപ്പൂപ്പനും കൊപ്രാത്തട്ടി കൊച്ചാട്ടനും ഇവിടെയും പുനർജനിച്ചു എന്ന് പറയുന്നതാവും ശരി. പതിവായി അൽപ്പം ആർഭാടമായി സാധനങ്ങൾ വാങ്ങുന്ന ഞാൻ പതിവിന് വിപരീതമായി കുപ്പൂസിലേക്കും ഉള്ളിയിലേക്കും കിഴങ്ങിലേക്കും മാത്രം താണുപോകുന്നത് ശ്രദ്ധിച്ചിട്ടാവും സൂപ്പർ മാർക്കറ്റിലെ മലപ്പുറത്തുകാരൻ സലിം കാര്യം അന്വേഷിച്ചത്. അഭിമാനം അവസ്ഥയെ വിവരിക്കാൻ സമ്മതിച്ചില്ല എങ്കിലും, അദ്ദേഹത്തിന് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായി. "സാർ ഇവിടുന്ന് പഴയത് പോലെ സാധനങ്ങൾ എടുത്തോളുക, എന്ന് പൈസ കിട്ടുമോ അന്ന് തന്നാൽ മതി, അത് എത്ര നാൾ കഴിഞ്ഞാലും". അവിടെ ഒരാൾ കൂടി എനിക്ക് ആത്മവിശ്വാസം പകരാനും കൂടെ നിൽക്കാനും ഉണ്ടായി. എൻ്റെ എക്കാലത്തേയും പ്രിയ സുഹൃത്ത് സുൾഫിക്കറും വാമഭാഗം ജൂബിയും. ആത്മവിശ്വാസം പകരുന്ന ഈ രണ്ടു വ്യക്തികളും കൂടിയായപ്പോൾ എനിക്ക് വീണ്ടും പുനർജന്മമുണ്ടായി എന്ന് പറയുന്നതിലും അഭിമാനം തന്നെ.

എഴുതിയത് ഒരു കഥയല്ല, ജീവിതം തന്നെയാണ്. വറുതിയുടെ കാലത്ത് കൂടെ നിൽക്കുമ്പോൾ, അത് അനുഭവിക്കുന്നവർക്ക് അഭിമാന ക്ഷതം തട്ടാതെ കൂടെ നിൽക്കുന്നിടത്തോളം മറ്റൊരു ആത്മവിശ്വാസം പകർന്നു കൊടുക്കാനില്ല. അഞ്ഞൂറ് രൂപയുടെ ഒരു കിറ്റ് കൊടുത്തിട്ട് അതിൻ്റെ ഫോട്ടോ പ്രദർശിപ്പിക്കുമ്പോൾ നമ്മെ കാരുണ്യ പ്രവർത്തകൻ എന്ന രീതിയിൽ പ്രകീർത്തിക്കാൻ കുറെയധികം ആളുകൾ ഉണ്ടാവും എന്നാൽ പ്രദർശനം ഒഴിവാക്കിയാൽ ഒരു കുടുംബത്തിന് കിട്ടുന്ന ആത്മാഭിമാനത്തിന് ചിലപ്പോൾ ലക്ഷങ്ങൾ വിലയിട്ടാലും മതിയാവില്ല. അതേപോലെ തന്നെ പുണ്യമാണ്, വയറു വിശക്കുന്നു എന്ന് യാചിക്കാൻ ഒരാൾക്ക് അവസരം കൊടുക്കാതിരിക്കുന്നതും. അപരിചിതൻ്റെ അവസ്ഥയെ മനസ്സിലാക്കാൻ ഒരു പക്ഷേ കഴിഞ്ഞു എന്ന് വരില്ല, പക്ഷേ തൊട്ടടുത്ത് നിൽക്കുന്ന, അറിയുന്ന ഒരാളെ മനസ്സിലാക്കാൻ പറ്റിയ പണിക്കരപ്പൂപ്പനോ, കൊപ്രാത്തട്ടി കൊച്ചാട്ടനോ, മലപ്പുറത്തുകാരൻ സലീമോ, സുൾഫിയോ ആവാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും. ശ്രമിക്കൂ.