. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 5 July 2020

ഗോ കൊറോണ... ഗോ ഗോ കൊറോണ

കൊറോണ ഒരു കുരുത്തം കെട്ട റസ്ലിംഗ് ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടില്ലന്നും, പ്രകോപനമില്ലാതെ കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ ആണ് പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ പല്ലുപോയ സിംഹമായി, പേരിന് പോലും മുഖം വെളിയിൽ കാട്ടാതെ ഞാൻ ഉള്ളിൽ ചുരുണ്ടു കൂടിയത്. അത്തരം ഒരു ആശങ്ക കാരണമില്ലാതെ സന്നിവേശിക്കപ്പെട്ടപ്പോൾ ജിദ്ദയിലെ ആകെ കോവിഡ് രോഗികൾ 200ൽ താഴെയായിരുന്നു, മരണ സംഖ്യ ശൂന്യവും. നാലു മാസങ്ങൾക്ക് ഇപ്പുറം ജിദ്ദയിൽ സ്ഥിരീകരിക്കപ്പെട്ട രോഗികൾ ഒരു ലക്ഷത്തിനടുത്തു വരും. ഭീതിയുടെ മുൾമുനയിലേക്ക് ലോകം അമർന്നപ്പോഴാണ് ലോക്ക് ഡൗൺ തടവിന് ജിദ്ദയും വിധിക്കപ്പെട്ടത്. അങ്ങനെ മാർച്ച് പതിനാലു മുതൽ ഞാനും തടങ്കലിൻ്റെ ഭാഗമായി. എന്നിലെ ചെറു നളൻ ശക്തി പ്രാപിച്ച് കുപ്പൂസും കിഴങ്ങു കറിയുമായും, ഇടയ്ക്ക് കഞ്ഞിയും മുളകരച്ചതും ഒക്കെയായി വിലസി. 80 ൽ പരിലസിച്ച് നിന്നിരുന്ന എൻ്റെ വയറൻ ശരീരം 73 ലേക്ക് കൂപ്പുകുത്തി. കൊറോണ എന്ന ഭീതിക്കൊപ്പം ഭാവി ജീവിതം എന്ന കരിം ഭൂതത്തെക്കൂടി മനസ്സിലേക്ക് കുടിയേറിയപ്പോൾ ശരീരത്തിൽ നിന്ന് പോയ ഭാരം മനസ്സിലേക്ക് കുടിയേറുകയും ചെയ്തു.

അങ്ങനെ സ്വച്ഛസുന്ദരമായി ബാലൻസിംഗ് ശാരീരിക മാനസിക ക്രമങ്ങളുമായി അദ്ധ്വാനമേതുമില്ലാതെ ജീവിച്ചു വരുമ്പോഴാണ് സൗദി സർക്കാരിന് വീണ്ടുവിചാരം ഉണ്ടായത്. ഇങ്ങനെ പോയാൽ കോവിഡ്ബാധാ മരണങ്ങളേക്കാൾ വലിയ തോതിൽ പട്ടിണി മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ്. അതോടെ ലോക്ക് മാറ്റി എല്ലാ പടിപ്പുരകളും തുറന്ന് പഴയപടിയാക്കി. ഇന്ന് ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊറോണാ രോഗികൾ 5000നു മേൽ മരിക്കുന്നവർ 50 നു മേൽ. ആശങ്കയില്ലാതെ ആളുകൾ ഒഴുകി നടക്കുന്നു. കൊറോണാ അതിനിടയിൽ കൂടി മനസ്സമാധാനമില്ലാതെ ഊളിയിടുന്നു. കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്ന നിലയിൽ എത്തി രാജ്യവും ജനങ്ങളും. ഇതൊക്കെ ആണങ്കിലും ഞാനെന്ന അതിലോല മനസ്സിനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. മനസ്സിനെ പാകപ്പെടുത്താൻ സ്വയം സംസാരിച്ചു, സതീർത്ഥ്യരോട് പ്രശ്നങ്ങൾ പറഞ്ഞു, അറിയാവുന്ന ഡോക്ടറന്മാരോട് ആവലാതി പറഞ്ഞു, പക്ഷേ അതൊന്നും കൊണ്ടും മനസ്സ് ശാന്തമായില്ല.

മിനിഞ്ഞാന്നാണ് എൻ്റെ പഴയ സ്റ്റാഫ് ചങ്ങനാശ്ശേരിക്കാരൻ ബിജുവുമായി അൽപ്പം സംസാരിക്കാൻ സാഹചര്യമുണ്ടായി. റിയാദിലേക്ക് ഒരു മീറ്റിംഗിനായി യാത്ര ചെയ്യുന്നതിന് മുന്നോടിയായി റിയാദിലെ സാഹചര്യങ്ങൾ അറിയാനായി വിളിച്ചതാണ് ബിജുവിനെ. സംസാരത്തിനിടയിൽ "ബിജു എനിക്ക് നല്ല ഭീതിയുണ്ട്" എന്ന് പറഞ്ഞതേ ഒർമ്മയുള്ളു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു "ഗോ കൊറോണ, ഗോ ഗോ കൊറോണ എന്ന മന്ത്രം അറിയില്ലേ, അതും ജപിച്ച് ഇങ്ങു പോരു, ഒന്നും സംഭവിക്കില്ല" എന്ന്. "അജിത്തേട്ടാ എനിക്കും വന്നിരുന്നു, അൽപ്പം തൊണ്ട വേദന, ചെറിയ പനി, ചുമ തുടങ്ങി സാധാരണ ഒരു വൈറൽ ഫീവർ. ഞാൻ മൈൻഡ് പോലും ചെയ്തില്ല. അവൻ വന്നു പോയി. രൂക്ഷമാകുന്നതിന് പ്രധാന കാരണം ഇത് എന്തോ ആണന്ന ചിന്തയിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, അതുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, അതിനെ തുടർന്നുണ്ടാകുന്ന ഭക്ഷണത്തോടുള്ള വിരക്തി ഇതെല്ലാം മൂലമുണ്ടാകുന്ന രോഗപ്രതിരോധ സംവിധാനത്തിൻ്റെ തകർച്ച ഇവയാണ്. അതുകൊണ്ട് ധൈര്യത്തോടെ കൊറോണയെ നേരിടുക". കൊറോണാ ഫയൽവാൻ ഒന്നും അല്ല ഒരു സാധാരണക്കാരൻ, എന്താടാ എന്ന് ഉറച്ച് ചോദിച്ചാൽ തിരിഞ്ഞോടുന്നവൻ, ധൈര്യമായിരിക്കു. ബിജുവിൻ്റെ അരമണിക്കൂർ ഫോണിംഗ് ക്ലാസ്റൂം എന്നിൽ നിറച്ച ആത്മവിശ്വാസം ചെറുതല്ല. എൻ്റെ പഴയ ആത്മവീര്യവും പൊരുതൽ ശേഷിയും വീണ്ടെടുത്ത് ആശങ്കകൾക്ക് അവധി പറഞ്ഞ് ഞാൻ സജീവമായിത്തുടങ്ങി.

ഇത് ഞാൻ എഴുതാൻ കാരണം ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചാണ്. കോവിഡ് രോഗികളുടെ എണ്ണം രണ്ടിൽ നിന്ന് ഇരുപതിലേക്കും, ഇന്ന് ഇരുന്നൂറിലേക്കും എത്തി നിൽക്കുന്നു. ദിവസവും നാനൂറിലേക്കും നാലായിരത്തിലേക്കും ഉള്ള ദൂരം കുറഞ്ഞു വരികയാണ്. റൂട്ട് മാപ്പും, റോഡ് ബ്ലോക്കിംഗും, റെഡ് സോൺ പ്രഖ്യാപനവുമൊക്കെ ഇനി ചരിത്ര പുസ്തകത്തിലേക്ക് മാറ്റാം. കൊറോണയെ കൂടെ നടത്തി പട്ടിണിക്കിട്ട് കൊല്ലുക മാത്രമേ നിവൃത്തിയുള്ളു. അവൻ തൊട്ടടുത്ത് നമ്മളോട് ചേർന്ന് നമുക്കിടയിൽ ഉണ്ട്. ഭീതി വേണ്ട എന്നാൽ ജാഗ്രത അത്യാവശ്യമാണ്. മരണ സംഖ്യ കൂടിയേക്കാം, പക്ഷേ ഇതുവരെ കൂടെ നിന്ന സർക്കാരിനെ അതിൻ്റെ പേരിൽ കുറ്റപ്പെടുത്തണ്ട, കാരണം ഇനി മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്. ഇതുവരെ സർക്കാരിന് കഴിയുന്ന വിധത്തിൽ പടരാതിരിക്കാനുള്ള എല്ലാ ജാഗ്രതകളും പാലിച്ചിരുന്നു, ഇനി അതിനെ തടയാൻ നമ്മുക്ക് മാത്രമേ കഴിയു എന്ന തിരിച്ചറിവുണ്ടാകേണ്ട സമയമായിരിക്കുന്നു. മാസ്ക്ക് ഗ്ലൗസ് എന്നിവ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, സോപ്പിട്ടുള്ള തുടരെ തുടരെ കൈ കഴുകുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ കുളിക്കുക, വസ്ത്രങ്ങൾ രണ്ടു തവണയെങ്കിലും മാറുക ഇത്തരം ജാഗ്രതാ നടപടികൾ സ്വയം സ്വീകരിക്കാൻ കഴിഞ്ഞാൽ കൊറോണ സ്വയം ഒഴിഞ്ഞ് പോകുക തന്നെ ചെയ്യും.