. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 28 July 2020

ഇന്ത്യയും റാഫേലും

ഏഴോ എട്ടോ റാഫേൽ ജറ്റുകൾ വന്നു, ഇപ്പോൾ ചൈനയെ മറിച്ചിട്ടു കളയും എന്ന സംഘി നിലവിളികളും മാദ്ധ്യമ തള്ളലുകളും കണ്ടിട്ട് പറയുകയാണ്. റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല. പുരാണത്തിൽ പരമേശ്വരൻ ഭൂമിയോളം വളർന്ന് ആകാശത്ത് ചെന്ന് ബ്രഹ്മാസ്ത്രവും ആഗ്നേയാസ്ത്രവും പ്രയോഗിച്ച് ശത്രുക്കളെ നിഗ്രഹിച്ചിരുന്ന തരത്തിൽ, ചൈനയെ കരിച്ച് കളയാൻ കഴിയുന്ന ദിവ്യശക്തിയും അതിനുണ്ടന്ന മൂഡ സ്വർഗ്ഗത്തിൽ വീണുപോകയുമരുത്. അത്യാധുനികത പേറുന്ന ന്യൂജൻ വിഭാഗത്തിൽ പെടുന്ന ഫൈറ്റർ ജറ്റുകൾ മാത്രമാണവ. അതിനെ പ്രതിരോധിക്കാൻ കഴിവുള്ള നിരവധി അത്യാധുനിക ആയുധശേഖരങ്ങളുള്ള രാജ്യമാണ് ചൈന. അവരെ പ്രതിരോധിക്കാൻ വെറും വായ്ത്താരികളും, ഊക്കൻ തള്ളുകളും മാത്രം പോരാ.

രാജ്യത്തിൻ്റെ വിഭവശേഷിയെ കണ്ടെത്താനും, പ്രായോഗിക തലത്തിൽ അവയെ പ്രയോജനപ്പെടുത്താനും ഉള്ള ആർജ്ജവവും കർമ്മശേഷിയും ഭരിക്കുന്നവർക്ക് ഉണ്ടാവണം. അതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടേയും വിശ്വാസവും, പിന്തുണയും നേടിയെടുക്കാനുള്ള വിശാലമായ ഉൾക്കാഴ്ച കൂടി ഭരണകർത്താക്കൾക്ക് ഉണ്ടാവണം. രാജ്യം എന്നാൽ ജനാധിപത്യമാണ്, സമഭാവനയാണ്, സാഹോദര്യമാണ്, സഹവർത്തിത്വമാണ്. അത് സ്കൂൾ അസംബ്ലിയിൽ വായിച്ചു തള്ളേണ്ട, പാഠപുസ്തകങ്ങളിലെ ആമുഖത്താളുകളിലെ വെറും പ്രതിജ്ഞാ വാചകങ്ങൾ അല്ല, മറിച്ച് ഭരണകർത്താക്കൾ തങ്ങളുടെ ജനതയ്ക്ക് തങ്ങളുടെ പ്രവർത്തികളിലൂടെ പഠിപ്പിച്ച് കൊടുക്കേണ്ട ഇച്ഛാശക്തിയുള്ള നിലപാടുകളാണ്. കെട്ടുറപ്പുള്ള ഒരു രാജ്യത്തിന്, ജനപിന്തുണയുള്ള ഭരണകൂടമാണ് ആവശ്യം, അവിടെ ശത്രുരാജ്യത്തിനെ നേരിടാൻ ആയുധങ്ങൾ പോലും വേണ്ടി വരില്ല. ഇന്ത്യ, ഉള്ളെരിയുന്ന ഒരു അഗ്നിപർവ്വതമാണന്ന ചിന്തയാണ് ശത്രുരാജ്യങ്ങളുടെ കയ്യിലെ ഏറ്റവും പ്രതീക്ഷയുള്ള ആയുധം. അവിടെ റാഫേൽ ഒരു പ്രത്യക്രമണ ആയുധമേയല്ല. അവർക്ക് മുന്നിൽ നാം ഉയർത്തിപ്പിടിക്കേണ്ട പ്രധാന ആയുധം നമ്മുടെ കെട്ടുറപ്പാണ്. അത് കോടികൾ ചിലവഴlച്ചാൽ കിട്ടില്ല, മറിച്ച് നിലപാടുകളുടെ സമഗ്രമായ മാറ്റം മാത്രം മതിയാവും.

Tuesday 14 July 2020

ബി നിലവറയിലെ അത്യാധുനിക പുരോഗമന ചിന്തകള്‍!

ആദ്യമായിട്ടാണ് ഒരു വിഷയത്തെ കുറിച്ച് രണ്ടു തവണ എഴുതേണ്ടി വരുന്നത്. വിഷയം രാജഭരണം തന്നെയാണ്. ഇന്ന് സുപ്രീം കോടതിയിൽ നിന്ന് വന്ന ഒരു പ്രത്യേക ഉത്തരവ് പ്രകാരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ കവർന്ന് മാറ്റാനുള്ള ശ്രമം വിജയിക്കില്ല എന്ന് മനസ്സിലായ സോ കോൾഡ് പുരോഗമനവാദികൾ രാജാവിനേയും രാജകുടുംബത്തേയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിന്ന് നാടുകടത്തുകയാേ തൂക്കിലേറ്റുകയോ ചെയ്യേണ്ടതായിരുന്നു എന്ന മട്ടിൽ എഴുതുകയും പ്രചരിപ്പിക്കുകയും അതിന് നൂറുകണക്കിന് ആളുകളുടെ പിന്തുണ ലഭിക്കുന്നതും കണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, വോട്ടു ചെയ്യുകയും, ജനാധിപത്യ സർക്കാരിൻ്റെ പരമാധികാരത്തെ അംഗീകരിക്കുകയും ഉപ്പിനും കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് നികുതി കൊടുക്കുകയും, ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രകൃയയിൽ പങ്കെടുത്ത് വോട്ടു ചെയ്യുകയും, തങ്ങൾ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി അദ്ധ്വാനിച്ച്‌ അന്നം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏതൊരു സാധാരണ മനുഷ്യരേയും പോലെ ജീവിക്കുന്ന അവരെ, പഴയകാല രാജപരമ്പരയിൽ പെട്ടവർ ആയതു കൊണ്ടു മാത്രം തൂക്കിക്കൊല്ലണമെന്ന് വിധിക്കുന്നവർ ഇതേ രാജ്യത്തെ നികുതിദായകരായ പെരുമയാർന്ന ജനാധിപത്യവാദികളാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

എന്നാൽ മറുവശത്ത് ഇതേ ജനാധിപത്യവാദികളുടെ സംഗീതാത്മക വാഴ്ത്തിപ്പാടലുകൾക്ക് പാത്രമാകുന്നവർ ആരാണന്ന് പരിശോധിക്കാം. മത രാഷ്ട്രീയ ലേബലുകൾ ഒട്ടിച്ച് താൻപോരിമയിൽ ഏകാധിപത്യഭരണം നടത്തുന്നവർ. അവരുടെ ആരാധനാ പട്ടികയിലുള്ളത് അല്ലങ്കിൽ അവർ രോധിക്കുന്നത് തെറിക്കുത്തരം പിടക്കുന്ന തലയെന്ന് തീർപ്പുകൽപ്പിക്കുന്ന സദ്ദാം ഹുസൈനും, ഗദ്ദാഫിക്കും, കിം ജോങ്ങ് ഉന്നും, സി ജിൻ പിങ്ങിനും ഒക്കെ വേണ്ടിയാണ്. മനുഷ്യാവകാശമോ, സ്ത്രീസ്വാതന്ത്ര്യമോ, പുരോഗമന ചിന്തയോ, ജനാധിപത്യ സംസ്കാരമോ തൊട്ടു തീണ്ടാത്ത ഒന്നും കുടുംബ വാഴ്ചകളാണ് ഇവയെന്നും, ആധുനിക ലോകം നിരന്തരം ചോദ്യമുന്നയിക്കുന്ന ഇത്തരം രാജക്കന്മാരുടെ ഉട്ടാേപ്യൻ പ്രാകൃത ക്രൂര നിയമങ്ങളെ ഒരു ഉളുപ്പും കൂടാതെ വാഴ്ത്തുന്നവരാണ്, രാജഭരണമെങ്കിലും ജനങ്ങളുടെ മനസ്സിൻ്റെ ഇടയിൽ അന്നും ഇന്നും സ്ഥാനമുള്ള, ഒരു നൂറ്റാണ്ടിനപ്പുറം ജനകീയരായ രാജാക്കന്മാരാൽ സമ്പുഷ്ടമായിരുന്ന രാജകുടുംബത്തിനെ തൂക്കിലേറ്റാൻ മൽസരിക്കുന്നത്. കുറ്റമോ ശതകോടികൾ വരുന്ന സ്വത്തുക്കൾ ധൂർത്തടിക്കാതെ സൂക്ഷിച്ചു എന്നതും. മറുനാടൻ ഏകാധിപതികൾക്ക് ജയ് വിളിക്കുന്ന പുരോഗമന വാദികൾക്ക് ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്തെ സാധാരണ സമ്മദിദായകരായി നികുതി ഒടുക്കി, രാഷ്ട്രീയത്തിനതീതമായി, ജനാധിപത്യ രാജ്യത്തെ നിയമത്തെ ഉൾക്കൊണ്ട് കഴിഞ്ഞു കൂടുന്ന തിരുവിതാംകൂർ രാജവംശത്തിലെ പിൻതലമുറകളെ തൂക്കിക്കൊല്ലാൻ പാകത്തിൽ വിദ്വേഷം സൂക്ഷിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെണ്ടേ വസ്തുത.

ചുരുക്കി വായനയിൽ ഈ വിദ്വേഷത്തെ ജനാധിപത്യമെന്നും, രാജഭരണം എന്നും തട്ടിൽ നിർത്തി കാണണ്ട കാര്യമില്ല, ഇത് വെറും കൊതിക്കുറവ് മാത്രം. കൈയ്യിട്ട് വാരാൻ കിട്ടിയേക്കാമായിരുന്ന ഒരവസരം ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷേധിച്ചതിൻ്റെ നിരാശ. അതിൻ്റെ പേരിലുള്ള കൊലവിളികൾ തന്നെ ആ വിധിയെ സാധൂകരിക്കുന്നു എന്ന് നിസംശയം പറയാം. തിരുവിതാംകൂറിൻ്റെ പഴയകാല ചരിത്രം വായിച്ചറിഞ്ഞ അനുഭവമേ ഇന്നത്തെ തലമുറയിലെ രാജകുടുംബാംഗങ്ങൾക്ക് പോലും ഉള്ളു. ആനക്കാരൻ്റെ തഴമ്പ് മകൻ്റെ ചന്തിയിൽ അന്വോഷിക്കുന്നത്ര വിവരമില്ലായ്മയാണ് ഈ പിൻതലമുറയുടെ നേരെയുള്ള ആക്രോശങ്ങൾ. സുപ്രീം കോടതിയിൽ പോലും അവർ സൂക്ഷിച്ച സ്വത്തുക്കൾ തിരികെ തരണം എന്ന് വാദിച്ചില്ല എന്നും, അന്യാധീനപ്പെട്ടു പോകുന്ന രീതിയിൽ പുറത്തെടുത്ത് ഇട്ടു കൊടുക്കരുതെന്നും ആയിരുന്നു അവരുടെ അപേക്ഷ എന്നും അറിയാൻ കഴിഞ്ഞു. അതു കൊണ്ടു തന്നെ, ശത കോടികൾ ഇനി എന്നെങ്കിലും വരുന്ന ജനതയ്ക്ക് എങ്കിലും ഉപകാരപ്പെടുമെന്ന കാഴ്ചപ്പാടിൽ പുരോഗമന വാദികൾ അവരെ വെറുതെ വിടും എന്ന് പ്രതീക്ഷിക്കാം.

Monday 13 July 2020

പത്മനാഭാ നിനക്ക് നീ തന്നെ തുണ!

ഇന്നത്തെ വിവാദ വിഷയം ശ്രീപത്മനാഭൻ്റെ ശതകോടി കണക്കിനുള്ള സ്വത്തിനെ കുറിച്ചാണ്. സുപ്രീം കോടതിയുടെ വിധിക്കെതിരെയും അനുകൂലിച്ചും ഓരിയിടുന്ന ധാരാളം പ്രൊഫൈലുകൾ എഫ് ബി യിൽ കണ്ടു. അതല്ലങ്കിലും അങ്ങനെയാണല്ലോ. നമ്മുടെ മനസ്സിൽ നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള ഒരു വിധി സെറ്റ് ചെയ്ത് വച്ചിട്ടുണ്ടാവും. പാറശാലയിലുള്ള പരമുവാശാൻ്റെ മനസ്സിൽ രാജകുടുംബത്തോട് വിദ്വേഷമുണ്ടങ്കിൽ സുപ്രീം കോടതി ജഡ്ജിനും അതുണ്ടാവണം, അല്ലങ്കിൽ പരമുവാശാൻ തെറി തുടങ്ങും. ഇനി മറിച്ച് കാസർഗോഡുള്ള മലീമാക്ഷൻ പിള്ളയ്ക്ക് ഇന്ന് ഭരിക്കപ്പെടുന്ന ജനകീയ മന്ത്രിസഭയോട് വിധേയത്വമില്ലങ്കിൽ സുപ്രീം കോടതി വിധിയെ തേങ്ങാ ഉടച്ച് സ്വീകരിക്കും. ഇത്തരം ഒരു ലൈൻ, സ്വന്തം മൂക്ക് ചീറ്റുന്നതിൽ മുതൽ കിടപ്പറ വിഷയത്തിൽ വരെ, ഞാനും കൂടി ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് ഉള്ളതിനാൽ, ഇവ്വിധമുള്ള നിലപാടുകൾ സ്വീകരിക്കുതിൽ അത്ഭുതമില്ല.

മുലക്കരം പോലും പിരിച്ചിരുന്ന അക്കാലത്തെ രാജവംശ നിലപാടുകളാൽ സ്വരൂപിക്കപ്പെട്ടതാണ് ഈ ഭാരിച്ച സ്വത്ത് എന്നവകാശപ്പെടുന്നവർ കേവലം മുലക്കരം (ഉണ്ടായിരുന്നു എന്നതിന് ചരിത്രകാരന്മാരിൽ പോലും വ്യത്യസ്ഥ നിലപാടുകൾ ആണ് ) ഒഴിച്ചു നിർത്തിയാൽ ഇന്നത്തെ ബീവറേജിൽ മദ്യത്തിന് പിരിക്കുന്ന കരത്തെക്കുറിച്ചും അത് പോകുന്ന വഴികളെ കുറിച്ചും ഒന്ന് ആലോചിക്കാത്തതോ അതോ ഇന്നത്തെ മന്ത്രിരാജാക്കന്മാരുടെ അടിമകളായി പോയതുകൊണ്ടോ. മുപ്പത് രൂപയുടെ പെട്രോളിന് അറുപത് രൂപ കരം അടയ്ക്കുകയും, അത് ഒഴിക്കുന്ന വാഹനത്തിനും ഓടിക്കുന്ന റോഡിനും, വണ്ടി ആക്സിഡൻ്റായാൽ കിട്ടുന്ന ഇൻഷുറൻസിന് പോലും ഭീമമായ നികുതി പിരിക്കുന്ന ഇന്നത്തെ സോ കോൾഡ് ജനകീയ സർക്കാരുകൾ അത് ഉപയോഗിച്ച്‌ വളർത്തുന്നത് സ്വപ്ന, സരിതമാരേയും, അവരുടെ മച്ചമ്പിമാരേയും ആണന്ന് നമ്മൾ മനപ്പൂർവ്വം വിസ്മരിക്കുന്നു. ക്ഷേത്രത്തിലെ ഭാരിച്ച സ്വത്തുക്കൾ പുറത്തേക്ക് കിട്ടിയാൽ നാട്ടിൽ പാലും തേനും ഒഴുക്കും എന്ന് അലമുറയിടുന്നവർ, കോടിക്കണക്കിന് വരുമാനമുള്ള ശബരിമലയുടെ താഴെ സീസൺ സമയത്ത് കാണുന്ന ഒരിക്കലും ഉണങ്ങാത്ത തീട്ടക്കൂനകൾ അവിടുത്തെ പ്രാഥമിക സൗകര്യങ്ങൾക്കു പോലും ഉള്ള കുറവുകൾ കൊണ്ടാണന്ന് മറന്നു പോകുന്നു. മുലക്ക് കരം അടച്ചിരുന്നു എന്ന് തെളിവില്ലാത്ത വിടുവായത്വം പറയുന്നവർ ബ്രേസിയറിനും, പാൻ്റീസിനും, ഗർഭനിരോധന ഉറയ്ക്കും, സിസേറിയനും, അണ്ടർവെയറിനും, അണ്ടർ ഷേവറിനും വരെ നികുതി അടയ്ക്കുന്ന കാര്യം അറിയുന്നു പോലും ഇല്ല. നാലു കോടി വരുന്ന ജനങ്ങളിൽ നിന്ന് പിരിച്ച് പന്ത്രണ്ട് ശതമാനം വരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുകയും ബാക്കിയുള്ള തുക സ്വസ് ബാങ്കിലും സ്വന്തം വീട്ടിലെ ബി നിലവറയ്ക്കുള്ളിലും ഇനിയും അധികം വരുന്നത് മുള്ളിത്തെറിച്ച ബന്ധുമിത്രാദികൾക്കും വരെ വീതം വയ്ക്കുന്ന രാഷ്ട്രീയ ഹിജഡ പെരുമ കേട്ട നാട്ടിൽ നിന്നു കൊണ്ടാണ് രാജ വംശത്തെ ചൂണ്ടി കൊഞ്ഞനം കുത്തുന്നത് എന്നതാണ് വിരോധാഭാസം.

മുകളിലത്തെ ഖണ്ഡിക വരെ വായിച്ചവർ "രാജവംശത്തിൻ്റെ എച്ചിൽ പട്ടി" എന്ന ലേബൽ എനിക്ക് വിധിച്ചിട്ടുണ്ടാവും എന്ന് ഉറപ്പാണ്. അല്ല എന്നും ആണ് എന്നും വാദിക്കുന്നില്ല. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് അവസാനിപ്പിക്കപ്പെട്ട തിരുവനന്തപുരത്തെ രാജഭരണത്തിന് ശേഷം ആ നാട്ടിൽ ഉണ്ടായ വികസനത്തെ പറ്റി, പുതുതായുണ്ടായ നിർമ്മിതിയെ പറ്റി, അടിസ്ഥാന സൗകര്യങ്ങളെ പറ്റി, ജനസംഖ്യാ പെരുപ്പത്തിന് അനുസൃതമായി കൊണ്ടുവന്ന പരിഷ്കാരങ്ങളെ പറ്റി ചെറുതായൊന്ന് അവലോകനം നടത്തിയാൽ, ജനപ്പെരുപ്പം ആയിരം മടങ്ങ് ആയപ്പോഴും, അതിനനുസരിച്ച് ശ്രദ്ധിക്കപ്പെടാവുന്ന രീതിയിൽ വന്ന മാറ്റം, ഒരു നൂറ്റാണ്ടിന് മുമ്പ് വന്നതിൽ നിന്ന് പത്തോ പതിനഞ്ചോ ശതമാനം മാത്രമാണന്ന് മനസ്സിലാക്കാം. തിരുവനന്തപുരത്തെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റോഡുകൾ മുതൽ എന്തിനേറെ പ്രസിദ്ധമായ മ്യൂസിയം പോലും അവകാശപ്പെടാൻ കഴിയാതെ നിരവധി ജനകീയ സർക്കാരുകൾ നോക്കു കുത്തികളായി കടന്നു പോയി. ശരിയാണ് ഇതെല്ലാം രാജഭരണത്തിലെ നികുതിപ്പണം തന്നെയാണ്. ആ ഭരണം കടന്നു പോയപ്പോൾ അവർ ബാക്കി വച്ചു പോയ ശതകോടികൾക്ക് അവകാശമുന്നയിച്ച് നടക്കുന്നവർ ഓർക്കേണ്ട ഒന്നുണ്ട്, രാജവംശം തുടർന്നു വന്ന അതേ നികുതി പിരിച്ച് ഭരണഘോഷം നടത്തുന്ന ജനകീയ സർക്കാരുകളുടെ അവസാന പരമ്പരയായ ജനകീയ പിണറായി മഹാരാജൻ പടിയിറങ്ങുമ്പോൾ, രാജ വംശത്തിൻ്റെ ഉച്ചനീചത്വങ്ങൾക്ക് എതിരെ അലമുറയിടുന്നവൻ്റേയും പോക്കറ്റ് കീറാൻ വേൾഡ് ബാങ്ക് കാവൽ നിൽപ്പുണ്ടന്ന്.

മനസ്സിലായില്ലേ ഈ വായിക്കുന്ന ഓരോ ആളുടെ കയ്യിൽ നിന്ന് തുമ്മുന്നതിനും തൂറുന്നതിനും ദിനേന വാങ്ങുന്ന നികുതിപ്പണം വാങ്ങി ഭരിച്ചു മുടിച്ച സന്തോഷത്തിന് നമ്മളിൽ ഓരോരുത്തരുടേയും ആളോഹരി കടം എൺപതിനായിരം രൂപയോളം വരും എന്നു സാരം. അപ്പോഴും ഇക്കണ്ട വികസനങ്ങൾക്ക് എല്ലാം ശേഷവും കേരളം വിലയ്ക്ക് വാങ്ങാനുള്ള ശതകോടികൾ ക്ഷേത്രത്തിൽ സുരക്ഷിതമാണ്.

നബി: രാജവംശ കാലത്തെ ഓച്ഛാനിപ്പിനെ കുറിച്ചാണ് ആക്ഷേപം. പിണറായി രാജാവിൻ്റെ, കരുണാകരൻ രാജാവിൻ്റെ മുന്നിൽ ഒച്ഛാനിക്കാതെ നിന്നാലുള്ള സാധാരണക്കാരൻ്റെ അവസ്ഥ ചിന്തനീയം.

Sunday 5 July 2020

ഗോ കൊറോണ... ഗോ ഗോ കൊറോണ

കൊറോണ ഒരു കുരുത്തം കെട്ട റസ്ലിംഗ് ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടില്ലന്നും, പ്രകോപനമില്ലാതെ കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ ആണ് പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ പല്ലുപോയ സിംഹമായി, പേരിന് പോലും മുഖം വെളിയിൽ കാട്ടാതെ ഞാൻ ഉള്ളിൽ ചുരുണ്ടു കൂടിയത്. അത്തരം ഒരു ആശങ്ക കാരണമില്ലാതെ സന്നിവേശിക്കപ്പെട്ടപ്പോൾ ജിദ്ദയിലെ ആകെ കോവിഡ് രോഗികൾ 200ൽ താഴെയായിരുന്നു, മരണ സംഖ്യ ശൂന്യവും. നാലു മാസങ്ങൾക്ക് ഇപ്പുറം ജിദ്ദയിൽ സ്ഥിരീകരിക്കപ്പെട്ട രോഗികൾ ഒരു ലക്ഷത്തിനടുത്തു വരും. ഭീതിയുടെ മുൾമുനയിലേക്ക് ലോകം അമർന്നപ്പോഴാണ് ലോക്ക് ഡൗൺ തടവിന് ജിദ്ദയും വിധിക്കപ്പെട്ടത്. അങ്ങനെ മാർച്ച് പതിനാലു മുതൽ ഞാനും തടങ്കലിൻ്റെ ഭാഗമായി. എന്നിലെ ചെറു നളൻ ശക്തി പ്രാപിച്ച് കുപ്പൂസും കിഴങ്ങു കറിയുമായും, ഇടയ്ക്ക് കഞ്ഞിയും മുളകരച്ചതും ഒക്കെയായി വിലസി. 80 ൽ പരിലസിച്ച് നിന്നിരുന്ന എൻ്റെ വയറൻ ശരീരം 73 ലേക്ക് കൂപ്പുകുത്തി. കൊറോണ എന്ന ഭീതിക്കൊപ്പം ഭാവി ജീവിതം എന്ന കരിം ഭൂതത്തെക്കൂടി മനസ്സിലേക്ക് കുടിയേറിയപ്പോൾ ശരീരത്തിൽ നിന്ന് പോയ ഭാരം മനസ്സിലേക്ക് കുടിയേറുകയും ചെയ്തു.

അങ്ങനെ സ്വച്ഛസുന്ദരമായി ബാലൻസിംഗ് ശാരീരിക മാനസിക ക്രമങ്ങളുമായി അദ്ധ്വാനമേതുമില്ലാതെ ജീവിച്ചു വരുമ്പോഴാണ് സൗദി സർക്കാരിന് വീണ്ടുവിചാരം ഉണ്ടായത്. ഇങ്ങനെ പോയാൽ കോവിഡ്ബാധാ മരണങ്ങളേക്കാൾ വലിയ തോതിൽ പട്ടിണി മരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവ്. അതോടെ ലോക്ക് മാറ്റി എല്ലാ പടിപ്പുരകളും തുറന്ന് പഴയപടിയാക്കി. ഇന്ന് ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊറോണാ രോഗികൾ 5000നു മേൽ മരിക്കുന്നവർ 50 നു മേൽ. ആശങ്കയില്ലാതെ ആളുകൾ ഒഴുകി നടക്കുന്നു. കൊറോണാ അതിനിടയിൽ കൂടി മനസ്സമാധാനമില്ലാതെ ഊളിയിടുന്നു. കിട്ടിയാൽ കിട്ടി, പോയാൽ പോയി എന്ന നിലയിൽ എത്തി രാജ്യവും ജനങ്ങളും. ഇതൊക്കെ ആണങ്കിലും ഞാനെന്ന അതിലോല മനസ്സിനെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. മനസ്സിനെ പാകപ്പെടുത്താൻ സ്വയം സംസാരിച്ചു, സതീർത്ഥ്യരോട് പ്രശ്നങ്ങൾ പറഞ്ഞു, അറിയാവുന്ന ഡോക്ടറന്മാരോട് ആവലാതി പറഞ്ഞു, പക്ഷേ അതൊന്നും കൊണ്ടും മനസ്സ് ശാന്തമായില്ല.

മിനിഞ്ഞാന്നാണ് എൻ്റെ പഴയ സ്റ്റാഫ് ചങ്ങനാശ്ശേരിക്കാരൻ ബിജുവുമായി അൽപ്പം സംസാരിക്കാൻ സാഹചര്യമുണ്ടായി. റിയാദിലേക്ക് ഒരു മീറ്റിംഗിനായി യാത്ര ചെയ്യുന്നതിന് മുന്നോടിയായി റിയാദിലെ സാഹചര്യങ്ങൾ അറിയാനായി വിളിച്ചതാണ് ബിജുവിനെ. സംസാരത്തിനിടയിൽ "ബിജു എനിക്ക് നല്ല ഭീതിയുണ്ട്" എന്ന് പറഞ്ഞതേ ഒർമ്മയുള്ളു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു "ഗോ കൊറോണ, ഗോ ഗോ കൊറോണ എന്ന മന്ത്രം അറിയില്ലേ, അതും ജപിച്ച് ഇങ്ങു പോരു, ഒന്നും സംഭവിക്കില്ല" എന്ന്. "അജിത്തേട്ടാ എനിക്കും വന്നിരുന്നു, അൽപ്പം തൊണ്ട വേദന, ചെറിയ പനി, ചുമ തുടങ്ങി സാധാരണ ഒരു വൈറൽ ഫീവർ. ഞാൻ മൈൻഡ് പോലും ചെയ്തില്ല. അവൻ വന്നു പോയി. രൂക്ഷമാകുന്നതിന് പ്രധാന കാരണം ഇത് എന്തോ ആണന്ന ചിന്തയിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, അതുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ, അതിനെ തുടർന്നുണ്ടാകുന്ന ഭക്ഷണത്തോടുള്ള വിരക്തി ഇതെല്ലാം മൂലമുണ്ടാകുന്ന രോഗപ്രതിരോധ സംവിധാനത്തിൻ്റെ തകർച്ച ഇവയാണ്. അതുകൊണ്ട് ധൈര്യത്തോടെ കൊറോണയെ നേരിടുക". കൊറോണാ ഫയൽവാൻ ഒന്നും അല്ല ഒരു സാധാരണക്കാരൻ, എന്താടാ എന്ന് ഉറച്ച് ചോദിച്ചാൽ തിരിഞ്ഞോടുന്നവൻ, ധൈര്യമായിരിക്കു. ബിജുവിൻ്റെ അരമണിക്കൂർ ഫോണിംഗ് ക്ലാസ്റൂം എന്നിൽ നിറച്ച ആത്മവിശ്വാസം ചെറുതല്ല. എൻ്റെ പഴയ ആത്മവീര്യവും പൊരുതൽ ശേഷിയും വീണ്ടെടുത്ത് ആശങ്കകൾക്ക് അവധി പറഞ്ഞ് ഞാൻ സജീവമായിത്തുടങ്ങി.

ഇത് ഞാൻ എഴുതാൻ കാരണം ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചാണ്. കോവിഡ് രോഗികളുടെ എണ്ണം രണ്ടിൽ നിന്ന് ഇരുപതിലേക്കും, ഇന്ന് ഇരുന്നൂറിലേക്കും എത്തി നിൽക്കുന്നു. ദിവസവും നാനൂറിലേക്കും നാലായിരത്തിലേക്കും ഉള്ള ദൂരം കുറഞ്ഞു വരികയാണ്. റൂട്ട് മാപ്പും, റോഡ് ബ്ലോക്കിംഗും, റെഡ് സോൺ പ്രഖ്യാപനവുമൊക്കെ ഇനി ചരിത്ര പുസ്തകത്തിലേക്ക് മാറ്റാം. കൊറോണയെ കൂടെ നടത്തി പട്ടിണിക്കിട്ട് കൊല്ലുക മാത്രമേ നിവൃത്തിയുള്ളു. അവൻ തൊട്ടടുത്ത് നമ്മളോട് ചേർന്ന് നമുക്കിടയിൽ ഉണ്ട്. ഭീതി വേണ്ട എന്നാൽ ജാഗ്രത അത്യാവശ്യമാണ്. മരണ സംഖ്യ കൂടിയേക്കാം, പക്ഷേ ഇതുവരെ കൂടെ നിന്ന സർക്കാരിനെ അതിൻ്റെ പേരിൽ കുറ്റപ്പെടുത്തണ്ട, കാരണം ഇനി മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്. ഇതുവരെ സർക്കാരിന് കഴിയുന്ന വിധത്തിൽ പടരാതിരിക്കാനുള്ള എല്ലാ ജാഗ്രതകളും പാലിച്ചിരുന്നു, ഇനി അതിനെ തടയാൻ നമ്മുക്ക് മാത്രമേ കഴിയു എന്ന തിരിച്ചറിവുണ്ടാകേണ്ട സമയമായിരിക്കുന്നു. മാസ്ക്ക് ഗ്ലൗസ് എന്നിവ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, സോപ്പിട്ടുള്ള തുടരെ തുടരെ കൈ കഴുകുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, കൃത്യമായ ഇടവേളകളിൽ കുളിക്കുക, വസ്ത്രങ്ങൾ രണ്ടു തവണയെങ്കിലും മാറുക ഇത്തരം ജാഗ്രതാ നടപടികൾ സ്വയം സ്വീകരിക്കാൻ കഴിഞ്ഞാൽ കൊറോണ സ്വയം ഒഴിഞ്ഞ് പോകുക തന്നെ ചെയ്യും.

Saturday 4 July 2020

കൊമ്പുള്ള ഇറ്റാലിയന്‍ മറൈന്‍

രാഷ്ട്രീയത്തിന് ഒരു സ്വാർത്ഥതയുണ്ട് എന്ന് എവിടെയും ഞാൻ പറയാറുണ്ട് എന്നാൽ രാഷ്ട്രത്തിന് ആ സ്വാർത്ഥത പാടില്ല. എന്താണ് രാഷ്ട്രീയത്തിലെ സ്വാർത്ഥത? കക്ഷി രാഷ്ട്രീയ ഭേദമന്യേ വൻകിട നേതാക്കൾ മുതൽ ചെറുതരി നേതാക്കൾ വരെ പലതട്ടിൽ വച്ച് ആരാധിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവർക്ക് വേണ്ടി പാർട്ടി വളർത്താനും തല്ലു കൊള്ളാനും പോരാടാനും നിൽക്കുന്ന സാധാരണ അണികൾ, പലവിധ സ്വാർത്ഥതയുടെ പേരിൽ അവഗണിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുക പോലും ചെയ്യുന്നു. എതിർകക്ഷിയിലെ വലിയ തൊപ്പി വച്ച നേതാവിൻ്റെയും, അല്ലങ്കിൽ കോർപ്പറേറ്റ് രാജാക്കന്മാരുടെയും മുന്നിൽ ഓച്ഛാനിക്കുന്നവർ, സ്വന്തം കക്ഷിയിലെ സാധാരണക്കാരെ അതിൻ്റെ തീണ്ടാപ്പാടകലേക്ക് മാറ്റിനിർത്തി അയിത്തം കൽപ്പിക്കാറുണ്ട്. അവർ തങ്ങളുടെ സ്വാർത്ഥതയ്ക്ക് അപ്പുറത്തേക്ക് ഏത് സഹതാപത്തിൻ്റെ പേരിലും ഒരു ചുവട് പോലും വയ്ക്കാൻ തയ്യാറാകില്ല എന്ന് ചുരുക്കം. എന്നാൽ രാഷ്ട്രം അതിൻ്റെ ജനതയെ അതിസംബോധന ചെയ്യേണ്ടത് പലതട്ടിൽ വച്ചായിരിക്കരുത് എന്നത് അതിൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രം പൊതുധാരയിൽ രാഷ്ട്രീയ സ്വാർത്ഥതയിലേക്ക് കൂപ്പുകുത്തിയാൽ, അത് മതാഷ്ടിതമോ, സംസ്ഥാനാതിഷ്ടിതമോ, കക്ഷിരാഷ്ട്രീയ അതിഷ്ടിതമോ, ധനാതിഷ്ടിതമോ ആയാൽ അതിലെ ജനങ്ങൾ രണ്ടു തട്ടിലാകും എന്ന് സംശയമില്ല.

ഞാൻ പറഞ്ഞു വന്നത്, ഇറ്റാലിയൻ മറൈനുകളാൽ വെടികൊണ്ട് വധിക്കപ്പെട്ട കേസ് അന്താരാഷ്ട്രക്കോടതിയിൽ ഒരു നഷ്ടപരിഹാരത്തിന് പോലും വകനൽകാതെ ഉപേക്ഷിക്കപ്പെട്ടതിനെ കുറിച്ചാണ്. രാഷ്ട്രത്തിൻ്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ക്രിയാത്മകമായ സമീപനം ഇക്കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വരേണ്യതയുടെ ഉത്തരേന്ത്യൻ ആര്യന്മാരിൽ നിന്ന് കറുപ്പിൻ്റെ ദക്ഷിണേന്ത്യൻ ദ്രാവിഡതയെ മാറ്റി നിർത്തുന്ന പതിവ് രാഷ്ട്രീയവും, സാധാരണക്കാരനെ ഒഴിവാക്കി നിർത്തുന്ന ധനരാഷ്ട്രീയവും, സംസ്ഥാനത്തെ എതിർകക്ഷി രാഷ്ട്രീയവും ഈ കേസിനെ തുടക്കം മുതൽ സ്വാധീച്ചു എന്ന് വ്യക്തമാണ്. പേരിന് കോടതിയിൽ ഒരു ജയം അവകാശപ്പെടാമെങ്കിലും, കേന്ദ്ര സർക്കാർ ഒരു ഉപാധിയും നിർദ്ദേശിക്കാതെ പിന്മാറിയതായി മാത്രമേ കരുതാൻ കഴിയു. കാരണം നഷ്ടപരിഹാരം കിട്ടാൻ അവകാശമുണ്ടങ്കിലും അത് നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പോലുമുള്ള അവകാശം ഇറ്റലിക്ക് തീറെഴുതി കൊടുക്കേണ്ടി വന്നു. ഈ കാര്യത്തിൽ നിലവിലെ മോഡി സർക്കാരും, തൊട്ടു മുൻപ് അധികാരം വിട്ടിറങ്ങിയ മൻമോഹൻ സിംഗ് സർക്കാരും, മറ്റെല്ലാ വിഷയങ്ങളിലേയും പോലെ ഒരേ തൂവൽപക്ഷികളാണന്ന് വീണ്ടും തെളിയിക്കുന്നു. നിരപരാധികളായ ഗ്രഹനാഥന്മാർ വധിക്കപ്പെട്ടതിലൂടെ അനാധരായി, നീതി പ്രതീക്ഷിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ അവസാന തരിയും നഷ്ടപ്പെട്ടു എന്നു ചുരുക്കം.

പ്രകോപനം ഒട്ടും ഇല്ലാതെ വെടിയുണ്ട പായിക്കുകയും കൊലപാതകം നടത്തുകയും ചെയ്ത ഇറ്റാലിയൻ പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ദില്ലിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റുകയും. ക്രിസ്മസ് ആഘോഷിക്കാൻ പരോളു നൽകുകയും, പിന്നീട് അവരിൽ ഒരു പ്രതിക്ക് 2014 സെപ്തംബറിൽ മൻമോഹൻ സിംഗ് സർക്കാരിൽ നിന്ന്, ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി. അന്ന് അതിനെ നിശിതമായി വിമർശിക്കുകയും, സോണിയാ ഗാന്ധിയെ അതിൻ്റെ പേരിൽ പരസ്യമായി അവഹേളിക്കുകയും ചെയ്ത നരേന്ദ്ര മോഡി അധികാരത്തിൽ വന്ന് രണ്ടു വർഷം തികയുന്നതിന് മുമ്പ്, രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരിൽ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കാമെന്ന നിലപാടെടുത്തു. അങ്ങനെ ദേശസ്നേഹികൾ ഇറ്റലി എന്ന ദേശത്തെ നന്നായി സ്നേഹിക്കുന്നതിന് നാം മൂകസാക്ഷികളായി. സിംഗും, മോദിയും അധികാരത്തിൻ്റെ ഇരുമ്പുലക്കകൾ ഉപയോഗിച്ച് രണ്ടു പ്രതികളെയും അതീവ സുരക്ഷിതരായി അവരുടെ ദേശത്ത് എത്തിച്ചു കൊടുത്തു. കരുതലിൻ്റെ വിവിധ മുഖങ്ങൾ.

ഒടുവിൽ എല്ലാം കഴിഞ്ഞ് ഏക പിടിവള്ളിയായ അന്താരാഷ്ട്ര കോടതി നടപടികളിൽ കൊടും വീഴ്ച വരുത്തി നിരുപാധികം ആ കേസ് ഇറ്റലിക്ക് മുന്നിൽ തീറെഴുതി ഏമാൻ തങ്ങളുടെ കൂറും വിധേയത്വവും ഊട്ടിയുറപ്പിച്ചിരിക്കുന്നു. ദരിദ്രത്തിൻ്റ വിയർപ്പിന്, ചോരക്ക് സമ്പന്നതയുടെ തീൻമേശയിലെ ആട്ടിൻ സൂപ്പിൻ്റെ വില പോലും ഇല്ലന്ന്, രാജ്യസ്നേഹത്തിൻ്റെ വീമ്പു പറച്ചിലുകാർ ഉറപ്പിക്കുന്നു. ഈ വിഷയത്തിൽ മോദിയെ വിമർശിക്കാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരമെങ്കിലും നേടിക്കൊടുക്കാനും കേരളത്തിൻ്റെ ഉത്തരേന്ത്യൻ എം പിആയ രാഹുൽ ഗാന്ധി പാലിക്കുന്ന മൗനവും, നമ്മൾ സാധാരണ ജനങ്ങളുടെ ശ്രദ്ധേയിൽ വരേണ്ടതുണ്ട്.

Thursday 2 July 2020

പെട്രോളിയം ഭീകരന്‍

കോവിഡ് പേടി എന്നെ ഒരുപരിധി വരെ ജയിൽവാസിയാക്കിയിരുന്നു. ഒരു ഭീതിയായി അത് മനസ്സിൽ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ നാലു മാസത്തിൽ ആകെ പുറത്തറങ്ങിയത് നാലാേ അഞ്ചാേ തവണ മാത്രമാണ്. അതും നൂറു മീറ്റർ അപ്പുറത്തുള്ള ഗ്രോസറി ഷോപ്പുവരെ പോയി വരാൻ മാത്രം. ഇന്നലെ ജൂലൈ ഒന്നിനാണ് മനസ്സിൽ ധൈര്യം സംഭരിച്ച് ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയത്. ഇരുന്നാൽ അരി വാങ്ങാൻ കഴിയില്ല എന്ന തിരിച്ചറിവും അതിന് കാരണമായി. പെട്രോൾ പമ്പിൽ കയറി പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രശസ്തമായ ശിവശങ്കർ തിയറി ഓഫ് വില വർദ്ധനവ് മനസ്സിൽ പൊന്തിവന്നത്. അദ്ദേഹത്തിൻ്റെ തിയറി അനുസരിച്ച് നിലവിലെ ക്രൂഡോയിൽ വിലയ്ക്ക് ആനുപാതികമായി എണ്ണവിലകൾ കുറച്ച സൗദി സർക്കാർ എത്ര പേരുടെ കഞ്ഞികുടി മുട്ടിച്ചുണ്ടാവും. സൗദി രാജാവിനോട് അടങ്ങാത്ത പകയും പ്രിയപ്പെട്ട മോഡിയോട് പതിവിൽ കവിഞ്ഞ സ്നേഹവുമായിട്ടായിരുന്നു എൻ്റെ തുടർയാത്ര.

0.63 SR/ലിറ്റർ (₹ 12.30) (ജൂലൈ ഒന്നുമുതൽ വർദ്ധിപ്പിച്ച 15% മൂല്യവർദ്ധിത നികുതി ഉൾപ്പെടെ) ആണ് സൗദിയിൽ ഇന്നത്തെ പെട്രോൾ വില. ലാേക്ക്ഡൗണിന് മുൻപ് അത് ഏതാണ്ട് SR 1.15/ലിറ്റർ (₹ 22.45) (അന്ന് 5% മൂല്യവർദ്ധിത നികുതി മാത്രം) റിയാലിന് മുകളിലായിരുന്നു. അതായത് കോവിഡ് ലോക്ക് ഡൗണിന് മുൻപ് ഉള്ളതിനേക്കാൾ ഏതാണ്ട് പകുതിയാേളം വ്യത്യാസമാണ് വിലയിൽ ഉണ്ടായത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഈ സമയത്ത് ഇത്തരം ഒരു തീരുമാനം എടുത്തില്ല എങ്കിൽ പോലും ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കാകാത്ത ഒരു രാജ്യത്ത് അത് ആരും ചോദ്യം ചെയ്യാൻ വരില്ല എന്ന സത്യം കൂടി ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടി വരും.

ക്രൂഡോയിൽ സംസ്കരണത്തിൻ്റെ തിയറിയിലേക്കോ, നികുതിയുടെ ആധികാരികതയിലേക്കോ ഒന്നും കടക്കാതെ എന്നെപ്പോലെ സാധാരണക്കാരൻ്റെ അൽപ്പബുദ്ധി വച്ച് ചിന്തിച്ചാൽ തന്നെ, ഭാരത സർക്കാർ പെട്രോൾ വിലവഴി സാധാരണക്കാരിൽ അനിയന്ത്രിതമായി നടത്തുന്ന കടന്നുകയറ്റത്തെ കുറിച്ച് ബോധ്യമാകും. സംസ്ക്കരണവും കഴിഞ്ഞ് 15% മൂല്യ വർദ്ധിത നികുതിയും പമ്പുടമയുടെ ലാഭവും ചേർത്ത് നമ്മുടെ വണ്ടിയിൽ അടിച്ചു തരുന്ന ₹ 12.30 വിലയുള്ള പെട്രോൾ നമ്മുക്ക് ഇന്ന് ഇന്ത്യയിൽ കിട്ടുന്നത് 81 രൂപയ്ക്കാണ് (വ്യത്യാസം ₹ 68.70). അനിവാര്യമായ ഇറക്കുമതി ചുങ്കം ഇതിലേക്ക് ചേർക്കുമ്പോൾ തന്നെ ഇന്ത്യയിലെ പെട്രോളിൻ്റെ അടിസ്ഥാന നികുതി, സൗദിയിലെ മൂല്യവർദ്ധിത നികുതിയക്കാൾ കുറവാണന്ന് മനസ്സിലാക്കാം. അതായത് സംസ്ക്കരിച്ച് പെട്രോൾ പമ്പുകളിൽ എത്തുന്ന ഒരു ലിറ്റർ പെട്രോളിന് മേൽ അതിൻ്റെ ക്രൂഡോ ഉത്പാദകർക്ക് നൽകേണ്ട ലാഭവും ഇറക്കുമതി ചെയ്യാനുള്ള ചിലവും ഒഴികെ ബാക്കി തുക എല്ലാംതന്നെ മറ്റു പലവിധത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട നികുതികൾ തന്നെയാണന്ന് പറയാം. സൗദിയുമായി തട്ടിച്ചു നോക്കുമ്പോൾ ചരക്കുകൂലി, തൊഴിലാളികളുടെ ശമ്പളം എന്നിവയൊക്കെ നേർപകുതി ആണന്നതും ഓർക്കുക. ചുരുക്കത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള ഈ ₹ 68.70 എന്ന ഭീമമായ വ്യത്യാസം മുഴുവനായും നികുതിയിനത്തിൽ ജനങ്ങളിൽ നിന്ന് പിഴിയുന്നതാണന്ന് പറയേണ്ടി വരും. നാട്ടിൽ കൃഷി ചെയ്യുന്ന 30 രൂപയുടെ മരച്ചീനി, നീ സൗദിയിൽ 300 രൂപ കൊടുത്ത് വാങ്ങുന്നില്ലേ എന്ന മറു ചോദ്യങ്ങൾക്ക് സുസ്വാഗതം.

ഇതിനെ കുറിച്ച് വളരെ ആധികാരികമായ ഒരു ഡാറ്റയുമായി വിശദമായ ഒരു കുറിപ്പ് എഴുതണമെന്ന വിചാരത്തോടെയായിരുന്നു ഞാൻ തുടക്കമിട്ടത്. പക്ഷേ ഇന്ത്യയുടെ കണാമറയത്തെ നികുതിയിനങ്ങളുടെ കുറെക്കണക്കുകൾ നിരത്തി ജനങ്ങളെ പിഴിയുന്നു എന്ന് പറഞ്ഞു വയ്ക്കുന്നതിൽ വലിയ കാര്യമില്ല എന്ന ചിന്തയിൽ നിന്നാണ് ക്രൂഡോയിൽ ഉൽപ്പാദനവും വിപണനവും നടത്തുന്ന സൗദിയുമായി ഒന്ന് താരതമ്യ പഠനം നടത്താതാനും സർക്കാരിൻ്റെ കൊള്ളയടിയെ പറ്റി ഒരു അവബോധം ഉണ്ടാക്കാനുമുള്ള ഒരു ശ്രമമാണ് നടത്തിയത്. അതിനാൽ തന്നെ ഇത് ആധികാരികമായിരിക്കില്ല, മറുവാദമുന്നയിക്കാനും, വിഡ്ഡി എന്ന് വിളിക്കാനുമുള്ള ഏരിയ ധാരാളമായി ഒഴിച്ചിട്ടുണ്ട് എന്നും അറിയിക്കുന്നു.