. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 10 November 2020

കപ്പേള - സിനിമാ അവലോകനം

രാത്രിയുടെ മടുപ്പും, വിരസതയും ഏകാന്തതയും തീർത്ത ഉറക്കമില്ലായ്മയുടെ അവസാന ഘട്ടത്തിലാണ് ഒരു സിനിമ കണ്ടേക്കാം എന്ന തീരുമാനത്തിലെത്തിയത്. സൗദി അറേബ്യയിലെ സിനിമാ പ്രേമികൾക്ക് ആശ്രയിക്കാവുന്ന വഴികൾ ടൊറൻ്റ് അല്ലങ്കിൽ യുട്യൂബ് ആണന്ന് അറിയാമല്ലോ. സിദ്ദിഖ്ലാൽ കാലഘട്ടത്തിലെ ഒരു ചിരി സിനിമയായിരുന്നു ലക്ഷ്യം. പക്ഷേ സേർച്ചിൽ ആദ്യം പൊന്തി വന്നത് വ്യൂവർ ലിസ്റ്റിൽ ഹിറ്റുകൾ തീർത്തിട്ടിരിക്കുന്ന "കപ്പേള" ആയിരുന്നു. പേരിലെ കൗതുകമാണ് സിനിമ കാണുന്നതിന് മുമ്പ് അതിൻ്റെ പേരിനെ കുറിച്ച് ഒരു അറിവും, മുമ്പ് കണ്ട സിനിമാ പ്രേമികളുടെ വിലയിരുത്തലുകളും ആദ്യം ആവാം എന്ന് തീരുമാനിച്ചത്. കപ്പേള എന്നാൽ കുരിശുംതൊടി, അല്ലങ്കിൽ ചാപ്പൽ, ചെറിയ പ്രാർത്ഥനാലയം എന്നും, റിവ്യുകൾ വായിച്ചപ്പോൾ ആ വാക്കിനെ സംബന്ധിച്ച് ഒന്നും പറയാത്ത എന്നാൽ ആധുനിക കാലത്ത് ചർച്ച ചെയ്യേണ്ട ഒരു സിനിമ എന്ന വിലയിരുത്തലിലെ പാരസ്പര്യമില്ലായ്മ സിനിമ കാണാനുള്ള കൗതുകം കൂട്ടി.

സിനിമയിലെ കഥപറച്ചിലിനപ്പുറം അതിലെ വിഷ്വൽസ് ട്രീറ്റ്, കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കൽ, ലൊക്കേഷൻ തുടങ്ങി ക്യാമറയുടെ ചലനങ്ങൾ വരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്ന, താരജാഡകൾ അവകാശപ്പെടാനില്ലാത്ത നൂറു ശതമാനം കയ്യടക്കമുള്ള സംവിധായകൻ്റെ മാത്രം കയ്യൊപ്പ് പതിപ്പിക്കുന്ന സിനിമ. ദേശീയ അവാർഡ് നേടിയതിലൂടെ താനൊരു മികച്ച നടനാണന്ന് തെളിയിച്ച മുഹമ്മദ് മുസ്തഫ, മലയാളത്തിലെ എണ്ണം പറഞ്ഞ കിടിലൻ സംവിധായകരുടെ ശ്രേണിയിലെ ഇരിപ്പിടത്തിനും കൂടി താൻ അർഹനാണന്ന് നിസംശയം തെളിയിച്ചിരിക്കുന്നു. സ്വാഭാവിക അഭിനയത്തികവിലൂടെയും ഇന്നത്തെ സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയായ കൃത്രിമ മേക്കപ്പുകളുടെ അമിത ഭാരമില്ലാതെയും ശ്രീനാഥ് ഭാസിയും, ആനി ബെന്നും, റോഷൻ മാത്യുവും സിനിമയുടെ നട്ടെല്ലായപ്പോൾ ചെറിയ റോളുകളിൽ എത്തിയവർ പോലും അവരുടെ ഭാഗം ഭംഗിയാക്കി ചിത്രത്തെ മികവുറ്റതാക്കി.
വാർത്തകളിലൂടെ കേട്ടു തഴമ്പിച്ചു തേഞ്ഞ വിഷയത്തിൽ കൊണ്ടുവന്ന അപ്രതീക്ഷിത ട്വിസ്റ്റ് തന്നെയാണ് സിനിമയുടെ മാസ്മരികത. ആ ട്വിസ്റ്റ് പുതുതലമുറ അറിയേണ്ടതും കാണേണ്ടതും ആണന്നതാണ് ചിത്രത്തിൻ്റെ പ്രാധാന്യവും. നല്ലതിനെയും കെട്ടതിനേയും തിരിച്ചറിയാൻ പ്രത്യേക അളവുകോലുകൾ ഒന്നുമില്ല എന്ന് പറഞ്ഞു വച്ച് സിനിമ അവസാനിപ്പിക്കുമ്പോൾ എനിക്ക് ശാന്തമായ മനസ്സും എൻ്റെ നഷ്ടപ്പെട്ട ഉറക്കവും തിരിച്ച് കിട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.