. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 3 April 2020

കൊറോണ കാലത്തെ ഒഫീഷ്യല്‍ പിച്ചചട്ടികള്‍.

കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്. പോക്കറ്റിൽ വീഴാൻ പോകുന്ന പുത്തൻ മണമുള്ള നോട്ടുകളെ ഓർത്ത് ജനം അതിരാവിലെ നെടുവീർപ്പിടാൻ തുടങ്ങിയ ഏതാണ്ട് ഉച്ചര ഉച്ചേമുക്കാൽ ആയപ്പോൾ മുഖ്യമന്ത്രി നാട്ടുകാരുടെ നേരെ പിച്ചപ്പാത്രം എടുത്ത് നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി ലോക രാജ്യങ്ങൾക്ക് നേരെ അമ്മ തായേ കാപ്പാത്തുങ്കോ വിളി തുടങ്ങി. ചുരുക്കം പറഞ്ഞാൽ കൊറാണാ കൊണ്ട് ജനങ്ങൾക്ക് ദുരിതവും ഭരിക്കുന്നവർക്ക് ആശ്വാസവും എന്നതായി കഥ.

കേരള ഖജനാവിലെ പുട്ടടിയുടെ കഥ അങ്ങാടിപ്പാട്ടാണങ്കിലും വെറുതെ രസത്തിന് ഒന്ന് അവലോകിച്ച് പോകുന്നത് നല്ലതാണ്. തൊഴിലാളി വർഗ്ഗം ഭരണത്തിലേറിയ ശേഷം മുണ്ടു മുറുക്കിയുടുത്ത് ജനസേവനം നടത്തുന്നതിന് നൂറ് ഉദാഹരണങ്ങൾ നിരത്തി വച്ചാലും പിന്നെയും പാണന്മാർക്ക് പാടി നടക്കാൻ എമ്പാടും ബാക്കി ഉണ്ടാവും. അൻപത്താറ് ഇഞ്ച്, മൂന്നു ചങ്ക് തള്ളലുകളിൽ തളർന്നിരിക്കുന്നവർക്ക് ആശ്വാസമേകാൻ ചില സംസ്ഥാന നേരംപോക്കുകൾ ആദ്യം അവതരിപ്പിക്കാം.

ചങ്ക് മൂന്നുണ്ടെങ്കിലും പിഞ്ചു കുഞ്ഞിനെ കുളിപ്പിക്കാനും തോർത്താനും ഭക്ഷണം ഊട്ടാനും മുള്ളിപ്പിക്കാനും മുഖം മിനുപ്പിക്കാനും ഭൃത്യരുടെ ഒരു നിര ചുറ്റിനും ഉണ്ട്. ആറു പേരാണ് പിടിച്ച് നിർത്തി ഉപദേശിക്കാനും വേണമെങ്കിൽ ചന്തിക്ക് രണ്ടെണ്ണം കൊടുത്ത് നേർവഴിക്ക് നടത്താനും.

രമൺ ശ്രീവാസ്തവ (ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ്), സി എസ് രഞ്ജിത്ത് (വികസന ഉപദേഷ്ടാവ്), എ കെ ജയകുമാർ (നിയമോപദേഷ്ടാവ്), എം ചന്ദ്രദത്തൻ: (ശാസ്ത്ര ഉപദേഷ്ടാവ്), ജോൺ ബ്രിട്ടാസ്: (മാധ്യമ ഉപദേഷ്ടാവ്), പ്രഭാവർമ്മ (പ്രസ് അഡ്വൈസർ), ആർ മോഹൻ (പ്രൈവറ്റ് സെക്രട്ടറി), പി എം മനോജ് (മാധ്യമ ചുമതലയുള്ള അഡി: പ്രൈവറ്റ് സെക്രട്ടറി), പുത്തലത്ത് ദിനേശൻ (പൊളിറ്റിക്കൽ സെക്രട്ടറി), ഇതിനും പുറമേ ഐ എ എസ് കാരനായ ഒരു പ്രൈവറ്റ് സെക്രട്ടറിയും 30 ഓളം പേരടങ്ങുന്ന പഴ്സണൽ സ്റ്റാഫ് വേറെയും.

തീരുന്നില്ല, ഐ ടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കാൻ, രാജ്യത്തിനകത്തും പുറത്തുമുള്ള മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ ഒന്നിലധികം മാനേജ്മെന്റ് വിദഗ്ദ്ധരെ ലക്ഷങ്ങൾ ശമ്പളം നൽകി "സി എംസ് ഫെല്ലോ" എന്ന തസ്തികയിൽ നിയമിക്കുകയും ചെയ്തിരിക്കുന്നു.

ഇനി രസകരമായ കമ്മീഷനുകളിലൂടെ ഒരു ജൈത്രയാത്ര നടത്താം. വി എസിനെ ഉറക്കി കിടത്താൻ സൃഷ്ടിച്ച ഭരണപരിഷ്കാര കമ്മീഷൻ, ചെറിയാൻ്റെ ചൊറിച്ചിലിന് മരുന്നായി മിഷൻ കോഡിനേറ്റർ, തീപ്പൊരി ചിന്തകൾക്ക് മേൽ തണുത്ത വെള്ളം കോരിയ ജുവജന കമ്മീഷൻ, മൊത്തത്തിൽ ഉണങ്ങിയെങ്കിലും പണം കോരി ഹരിതാഭമാക്കാൻ ടി എൻ സീമ. ഇരുമ്പിൻ്റെ അസുഖം ഭേദമാക്കാൻ മാത്രമായി ബാലകൃഷ് പിള്ളയ്‌ക്ക് മുന്നോക്ക കമ്മീഷൻ. ഡൽഹിയിൽ നിന്ന് പാത്രം നിറച്ച് തരുന്ന സമ്പത്ത് മുഴുവൻ കേരളത്തിലേക്ക് ചുമന്ന് കൊണ്ടു വരാൻ പ്രതിമാസം അൻപത് ലക്ഷം ചിലവുള്ള എം പി അല്ലാത്ത എ സമ്പത്ത്. യു ഡി എഫിനെ പുച്ഛിച്ച് മതിയാകും മുന്നെ നിയമിച്ച ചീഫ് വിപ്പ് കെ രാജൻ. ഇവയെല്ലാം ക്യാബിനറ്റ് പദവികൾ എന്നു മാത്രമല്ല, പാർട്ടി പ്രവർത്തകരെ കുത്തി നിറച്ച കുറെ സ്റ്റാഫുകൾ ഇവർക്ക് പാദസേവകരായി വേറെ. ഇതെല്ലാം കഴിഞ്ഞാണ് മരുന്ന് വാങ്ങിക്കാൻ രണ്ടു കോടി മാസവാടകയിൽ ഹെലിക്കോപ്റ്ററിൽ പറന്ന് നടക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരിമറികളിലേക്കും, അഴിമതിയിലേക്കും കടന്നാൽ ഇരുനൂറ് പേജിൻ്റെ ബുക്ക് മതിയാകില്ല. ഈ വിഷയത്തിലെ ചെറിയ ഒരു ഓലപ്പടക്കം എന്ന നിലയിൽ പ്രളയ ഫണ്ട് മാത്രം ഒരു രസത്തിന് പറഞ്ഞ് നിർത്താം. കൊറോണാ സാലറി ചലഞ്ചുമായി സർക്കാർ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും.