. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 28 June 2020

ഞാഞ്ഞൂലുകള്‍ക്ക് വിട

കേരള കോൺഗ്രസ്സ്, അതിൻ്റെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി, ഇവയൊക്കെ ചർച്ചയ്ക്കെടുക്കുന്നത് തന്നെ കേരള മോഡൽ മതജാതി ചേരിതിരിവ് രാഷ്ട്രീയത്തിൽ അപ്രസക്തമാണ് . രണ്ടു വ്യാഴവട്ടത്തിന് മുമ്പ് നിലനിന്നിരുന്ന മാടമ്പി രാഷ്ട്രീയ സംസ്കാരത്തിലെ ഉപഉൽപ്പന്നമായ പി ടി ചാക്കോയും മാണിയും ഒന്നും ഇന്നത്തെ മതജാതി രാഷ്ട്രീയത്തിൽ അപ്രസക്തമാണ്. അതെ.. കേരളകോൺഗ്രസ് തീർച്ചയായും ക്രിസ്ത്യൻ പ്രീണന രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണ്. എന്നാൽ അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഇന്നിന് കാതലായ ഒരു വ്യത്യാസമുണ്ട്. അന്ന് നിലവിലുള്ള മതേതര ജൽപ്പകരായ കേരളത്തിലെ ആൾക്കൂട്ട പാർട്ടികൾ, തങ്ങൾ മതേതരാണന്ന് ഊട്ടിയുറപ്പിക്കാനും എന്നാൽ തങ്ങൾക്ക് കിട്ടാതെ പോയേക്കാവുന്ന അധികാരം നിലനിർത്താനുമായി, ജാതിമത സൈക്കോസിസുകളെ കൂടി ആവശ്യമുണ്ടന്ന തിരിച്ചറിവിലും, കരുതിക്കൂട്ടി വളമിട്ട് കുരുപ്പിച്ചെടുത്ത കേരള കോൺഗ്രസ്, മുസ്ലീം ലീഗ് തുടങ്ങി ഈർക്കിൽ ചുള്ളികളായ മറ്റു ഹിന്ദുജാതി പാർട്ടികൾ എല്ലാം തന്നെ ഇന്ന് അപ്രസക്തമാണ് അല്ലങ്കിൽ വരുന്ന ഒരു വ്യാഴവട്ടത്തിനുള്ളിൽ കർട്ടന് പിന്നിലെ നിലവിളി ശബ്ദങ്ങളായി മാത്രം മാറാൻ വിധിക്കപ്പെട്ടവരാണ്. കാരണം അതേ ആൾക്കൂട്ട പാർട്ടികളുടെ ഇന്നത്തെ നേതാക്കന്മാർക്ക് മതജാതി ഭ്രാന്തുകളെ തണുപ്പിക്കാൻ മറ്റ് ഉപാധികളുടെ ആവശ്യമില്ലാത്തവരായി മാറിയിരിക്കുന്നു. നേരിട്ട് കിട്ടുന്ന കുളിർ കാറ്റിൻ്റെ അത്ര തണുപ്പും കുളിരും ഇത്തരം കൃത്രിമ കുളിരോപാധികൾക്ക് കിട്ടില്ല എന്ന സത്യം മതജാതി തലതൊട്ടപ്പന്മാർക്കും ബോധ്യമായിരിക്കുന്നു.

അന്ന് സ്വാധീന രാഷ്ട്രീയമായിരുന്നങ്കിൽ ഇന്ന് പ്രീണന രാഷ്ട്രീയമാണ്. അവിടെ ചെറുപാർട്ടി ഇടനാഴി ചർച്ചകളുടെ ആവശ്യമില്ലാതെ നേരിട്ട് മതജാതി സ്വീകരണമുറികലും അവിടെ നിന്ന് അടുക്കളയിൽ വരെയും എത്താനുള്ള ഉളുപ്പില്ലായ്മ എല്ലാ ആൾക്കൂട്ട പാർട്ടികളിലും പ്രകടമായി കഴിഞ്ഞു. അതിനാൽ തന്നെ ഇത്തരം ചെറു പാർട്ടികൾക്ക് പ്രസക്തമായ ഒരു സ്ഥാനവും ഇന്നിൻ്റെ രാഷ്ട്രീയത്തിൽ ഇല്ല എന്ന് നിസംശയം പറയാം. പൊട്ടിത്തെറിച്ച് ചെറു കഷ്ണങ്ങളായി ഇനി വരുന്ന തിരഞ്ഞെടുപ്പ് ചൂടുകളിൽ ഉരുകി ഒലിച്ച് തേഞ്ഞു പോകാനുള്ളതാണ് ജോസും ജോസഫും ജോർജും തുടങ്ങി മറ്റെല്ലാ ഞാഞ്ഞൂലുകളും.

Saturday 20 June 2020

ബോയിക്കോട്ട് ചൈന

ടിക്ക്ടോക്കികളുടെ രോദനവും, വിരുദ്ധരുടെ ട്രോളും കൊണ്ട് പൊറുതിമുട്ടിയ നിലയിലാണ്. സർക്കാർ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക നിരോധനാഹ്വാനം വരും മുൻപ് തന്നെ അനൗദ്യോഗിക ബഹിഷ്കരണ ആഹ്വാനങ്ങൾ വാട്ട്സാപ്പിൽ പ്രദക്ഷിണം തുടങ്ങിയിരുന്നു. നാലഞ്ചു ദിവസം മുൻപ്, രാത്രി ഏറെ വൈകി ഉറക്കത്തെ വിളിച്ചിട്ടെങ്ങും വരാതെ, യുട്യൂബിൽ ഒരു കോമഡി സ്കിറ്റിന് പരതിക്കൊണ്ടിരിക്കുമ്പോഴാണ് വാട്ട്സാപ്പിൽ പ്രമുഖ സംഘി സുഹൃത്തിൻ്റെ സ്റ്റാറ്റസ് നോട്ടിഫിക്കേഷൻ വന്നത്. ഏതുവിധേനയും കുറച്ചു നേരത്തെ ചിരിയായിരുന്നല്ലോ എൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ, തീർച്ചയായും അതൊരു എമണ്ടൻ കോമഡിയായിരിക്കും എന്ന തിരിച്ചറിവിലാണ് സ്കിറ്റ് പരതൽ മാറ്റി വച്ച് നേരെ സ്റ്റാറ്റസിലേക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചത്. മുൻവിധിയെ സാധൂകരിച്ച സ്റ്റാറ്റസ്. ഒരു കോമഡി സ്കിറ്റ് കണ്ടാൽ ചിരി പ്രതലത്തെ ആശ്ലേഷിച്ച് കടന്നു പോകുമായിരുന്നു, പക്ഷേ ഇത് ചിരിക്കാനും പിന്നെയും ചിരിക്കാനും ചിന്തിച്ച് ചിരിക്കാനും, പറഞ്ഞു ചിരിക്കാനുമുള്ള വകനൽകി എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. സുഹൃത്തിന് നന്ദി പറയുന്നില്ല, കാരണം ഇതിന് മുമ്പ് കാക്കത്തൊള്ളായിരം നന്ദി വാക്കുകൾ അദ്ദേഹം എന്നിൽ നിന്ന് തന്നെ അനുഭവിച്ച് നിർവൃതി അടഞ്ഞവനാണ്.

ഈത്തവണത്തെ വിഷയം ബോയിക്കോട്ട് ചൈന ആണ്. ഇതിനു മുമ്പും അറിഞ്ഞു കൊണ്ട് ചൈനയെ പിടലിക്ക് പിടിച്ച് പുറത്തിടാൻ ഞാൻ എന്നാൽ കഴിയുന്നത് ശ്രമിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ എന്നിലെ ദേശസ്നേഹി എത്ര ആഞ്ഞു വലിച്ചിട്ടും വീട്ടിൽ നിന്ന് പോകട്ടെ, ശരീരത്തിൽ നിന്ന് പോലും ആ പതിഞ്ഞ മൂക്കൻ്റെ പ്രേതം ഒഴിഞ്ഞു പോകുന്നില്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോഴാണ് പുതിയ ആഹ്വാനം. എന്തുകൊണ്ട് ചൈനയെ ബഹിഷ്ക്കരിക്കാൻ കഴിയില്ല എന്ന് പറയണമെങ്കിൽ എന്താണ് ചൈനയുടെ ഇന്ത്യൻ ബന്ധം എന്ന് വിശദമായി പഠിക്കണമല്ലോ, അതിനായിരുന്നു കഴിഞ്ഞ മൂന്നു നാല് ദിവസത്തെ എൻ്റെ മുഴുവൻ ശ്രമവും. ശരിയാണ്, ഏത് ബിസിനസ്സിനും പ്രത്യേകിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന ബിസിനസ്സ് സഹകരണ മേഖലയായ ട്രേഡിംഗിൽ, ജനസംഖ്യ ഒരു പ്രധാന ഘടകമാണ്. ലോക ജനസംഖ്യയുടെ ഏതാണ്ട് അഞ്ചിൽ ഒന്ന് കിടക്കുന്ന ഇന്ത്യ അവർക്ക് പൊന്നുരുക്കുന്ന സ്ഥലം തന്നെയാണ്. ഇന്ത്യയുടെ നിസ്സഹകരിച്ചാൽ ഒരിക്കലും ചൈന പോലെ ഒരു രാജ്യത്തിന് നിസ്സാരമായി കാണാൻ കഴിയില്ല, എങ്കിലും ചൈന വിരുദ്ധയുടെ അടിത്തറയിൽ നിന്നുള്ള ആഹ്വാനങ്ങളുടെ പുറത്ത്, ചെവിയിലെ രോമം വെട്ടിക്കളയും പോലെ നിസ്സാരമായി വെട്ടി വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കാൻ കഴിയുന്ന ഒന്നല്ല ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇന്ത്യൻ സാന്നിധ്യം. ചീനച്ചട്ടിയും ചീനവലയും മുതലുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ. എത്രയൊക്കെ അറുത്ത് മുറിച്ചാലും മുറികൂടുന്ന അപൂർവ്വ ബന്ധം.

തമാശ എന്തെന്നാൽ, അറുപത്തിരണ്ടിലെ അധിനിവേശത്തിന് ശേഷം, ചൈന ചതിയൻമാരെ വലിയ പ്രോൽസാഹനം ഒന്നും കൊടുക്കാതെ പടിക്ക് പുറത്തു നിർത്തിയിരിക്കുകയായിരുന്നു മുൻ സർക്കാരുകൾ. ഇന്ത്യയുടെ ലോക്കൽ മാർക്കറ്റുകളിൽ പ്ലാസ്റ്റിക്ക് ചവറുകളും, കളിമൺ സിറാമിക്ക് ഉൽപ്പന്നങ്ങളും വിറ്റുകിട്ടുന്ന നിസ്സാരമായ വരുമാനത്തിൽ ഒതുക്കിയിട്ടിരുന്നടത്തു നിന്നാണ്, പഴകി ദ്രവിച്ച ഭായി ഭായി മുദ്രാവാക്യവുമായി നരേന്ദ്ര മോഡി സർക്കാർ വീണ്ടും അവരെ നന്നായി പ്രോൽസാഹിപ്പിച്ച്, നമ്മുടെ മാർക്കറ്റ് വലിയ ഉപാധികളൊന്നും വയ്ക്കാതെ അവർക്ക് മുന്നിൽ തുറന്നിട്ടു കൊടുത്തത്. അത്തരത്തിൽ ഉണ്ടാക്കിയ വർഷങ്ങളുടെ നിയമ പ്രാബല്യമുള്ള അന്താരാഷ്ട്ര കരാറുകൾക്ക് മേൽ കുറച്ചു മാസങ്ങളിലേക്ക് മൊറിട്ടോറിയം പ്രഖ്യാപിക്കാൻ കഴിഞ്ഞേക്കും എന്നതല്ലാതെ അത്തരം കരാറുകൾ എന്നന്നേക്കുമായി റദ്ദാക്കുകുവാൻ കഴിയും എന്നത് മലർപ്പൊടിക്കാരൻ്റെ ദിവാസ്പനമായി അവശേഷിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കായ ബാങ്ക് ഓഫ് ചൈനക്ക് ഇന്ത്യൻ മണ്ണിൽ പ്രവർത്തനനുമതി കൊടുത്തതാണ് ഈ ശ്രേണിയിലെ കൗതുകകരവും ശ്രദ്ധേയവുമായ ഒരു കാൽവയ്പ്പ്. രണ്ടായിരത്തി പതിനെട്ടിലെ മോഡി ജിൻപിങ്‌ ചർച്ചയിലെ ധാരണ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് സർവീസുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതു കൂടാതെ, ചൈനയിലെ വമ്പൻ വാഹന നിർമ്മാതാക്കളിൽ ഒന്നായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന് ഇന്ത്യയിൽ 7600 കോടി മുടക്കി ഉൽപ്പാദന കേന്ദ്രം ഉണ്ടാക്കാൻ കരാർ ചെയ്തത് ഈ വർഷം ജനുവരിയിലാണ്. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഓപ്പോ ഇന്ത്യയിൽ ഏതാനും വർഷങ്ങൾക്കിടയിൽ മുതൽ മുടക്കിയത് 250 മില്യൺ ഡോളറാണ്. വിവോ മുതൽ മുടക്കിയത് ഒന്നര ബില്യൺ ഡോളർ. ചൈനീസ് ഫർമസ്യൂട്ടിക്കൽ കമ്പനി ഫോസൺ ഒരു ബില്യനു മേൽ ഡോളർ. മിഡിയാ, സൈക്, ഹയർ തുടങ്ങി ചെറുതും വലുതുമായ നിരവധി ചൈനീസ് കമ്പനികളും മോഡിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മുതൽമുടക്കിയിരിക്കുന്നത് ട്രില്യൺ കണക്കിന് ഡോളറാണ്. അതായത് രാജ്യസ്നേനേഹത്തിൻ്റെ ഉൽപ്പന്ന ബഹിഷ്കരണ സിദ്ധാന്തം "മെയ്ഡ് ഇൻ ചൈന" സ്റ്റിക്കറിൽ കേന്ദ്രീകരിച്ചാൽ പോലും "മെയ്ഡ് ഇൻ ഇന്ത്യ" എന്ന് ലേബലിൽ തന്നെ ഉൽപ്പന്നം ഇറക്കി പണം ചൈനയിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ മിടുക്കിന് തടയിടാൻ തൽക്കാലം ഉപാധികളൊന്നും ഇല്ല എന്നർത്ഥം.

ടിക്ക്ടോക്ക് നിരോധിച്ചത് എനിക്ക് വ്യക്തിപരമായി സന്തോഷം തരുന്ന കാര്യമാണ്. പക്വതയില്ലാത്ത സന്തോഷ് പണ്ഡിറ്റുകളുടെ പേക്കൂത്തുകൾ കാണേണ്ടല്ലോ എന്ന സമാധാനത്തിൽ നിന്ന് ഉണ്ടായ ചെറിയ സന്തോഷം. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ചൈനീസ് ഉൽപ്പന്ന ബഹിഷ്കരണ വിഷയത്തിലോ, അതിർത്തിയിൽ ഇന്ന് അവരെ കൈകാര്യം ചെയ്യുന്ന വിഷയത്തിലോ മോദിയും ഗ്യാങ്ങും എത്ര നന്നായി അഭിനയിച്ചാലും യഥാർത്ഥ്യത്തിൻ്റെ വികൃതമുഖത്തെ മറയ്ക്കാൻ അതൊന്നും പര്യാപ്തമാകില്ല എന്നുറപ്പാണ്.

പട്ടേൽ പ്രതിമയിലേക്ക് നോക്കി നമ്മുക്ക് നെടുവീർപ്പിടാം "ബോയിക്കോട്ട് ചൈന"

Wednesday 10 June 2020

സ്ത്രീ ശരീരവും സദാചാരവും

"എങ്ങനെയാണ് ഒരാൾ നന്മയും തിന്മയും സ്വായത്തമാക്കുന്നത്...?"

രഹ്ന ഫാത്തിമയുടെ പതിമൂന്ന് വയസ്സുകാരൻ മകനും, അവൻ്റെ അമ്മയുടെ ശരീരത്തിലെ കലാപ്രകടനവും, രഹ്ന തന്നെ സ്രിഷ്ടിച്ച വെറും പബ്ലിസിറ്റി പൊറോട്ടു നാടകത്തിൻ്റെ ഭാഗമാണങ്കിലും, തൻ്റെ മകൻ അമ്മയുടെ ശരീരം കണ്ട് വളരുന്നതിലൂടെ മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കാൻ പഠിക്കും എന്ന അവരുടെ ന്യായീകരണത്തിൽ നിന്നാണ് ഈ ചോദ്യം എന്നിൽ ഉയർന്നത്. നന്മയ്ക്കും തിന്മയ്ക്കും ഒരുവൻ വളർന്നു വരുന്ന വീടും മാതാപിതാക്കളുമായി എന്തെങ്കിലും ബന്ധമുണ്ടോ അല്ലങ്കിൽ അത് മാത്രമാണോ അവൻ്റെ സ്വാധീനശക്തി എന്ന് ചോദിച്ചാൽ, "ഒരു പരിധി വരെ" എന്നേ അതിന് ഉത്തരം നൽകാൻ ആവൂ.

സ്ഥിരമായി കലഹമുണ്ടാക്കുകുന്ന ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ വളരുന്ന ഒരു കുട്ടി വളർന്നു അവരുടെ കുടുംബ ബന്ധങ്ങളിലേക്ക് കടക്കുമ്പോൾ ചിലർ അതീവ കലഹപ്രിയരും മറ്റു ചിലർ അതീവ ശാന്തശീലരും ആയി മാറുന്നത് കാണാറുണ്ട്. മദ്യപന്മാരുടെ കുട്ടികളിൽ ചിലർ പിൽക്കാലത്ത് മദ്യപരും, ചിലർ മദ്യത്തെ പടിക്കൽ പോലും കയറ്റാത്തവരുമായി കണ്ടിട്ടുണ്ട്. സ്ഥിരമായി മറ്റുള്ളവരോട് കള്ളം പറയുന്ന മാതാപിക്കളുടെ മക്കൾ ചിലരൊക്കെ പിൽക്കാലത്ത് കളവിൻ്റെ ഉസ്താദുമാരായും, വേറെ ചിലർ സത്യസന്ധതയിൽ ഹരിഛന്ദ്രന് പോലും ഭീഷണിയായി മാറിയവരും ഉണ്ട്. ചെറുപ്രായത്തിൽ ലൈംഗിക പീഡനമേൽക്കുന്ന കുട്ടികളിൽ ചിലർ പിൽക്കാലത്ത് അമിത ലൈംഗികാസക്തി ഉള്ളവരും മറ്റു ചിലർ ലൈംഗികതയോട് തീരാത്ത വെറുപ്പുള്ളവരായും മാറിയിട്ടുണ്ട്. എന്താണ് മേൽപ്പറഞ്ഞവയ്ക്ക് കാരണം എന്ന് ചോദിച്ചാൽ ഒറ്റനോട്ടത്തിൽ അതിന് ഒരുത്തരം ഇല്ല. എന്നാൽ ശാസ്ത്രിയമായി പറഞ്ഞാൽ മുതിർന്ന ഒരു വ്യക്തിയെ പോലെ കുട്ടികൾക്കും അവൻ്റെ ചെറിയ തലച്ചോറിൽ സമൂഹത്തോടുള്ള, അതിൻ്റെ ചെറു ചലനങ്ങളോടു പോലും ഉള്ള പ്രതികരണ ശേഷി പ്രകടമാണന്നും, അത് ഒരു കുട്ടിയിൽ നിന്നും മറ്റൊരു കുട്ടിയിൽ എത്തുമ്പോൾ വ്യത്യസ്ഥമാണന്നും മനസ്സിലാക്കാം.

എൻ്റെ കുട്ടിക്കാലത്ത് രണ്ടു വ്യക്തികൾ തമ്മിലുണ്ടായ ഒരു സംഘർഷം കാണേണ്ടി വന്ന ഒരേ പ്രായമുള്ള ഞാനും എൻ്റെ കൂട്ടുകാരനും പ്രതികരിച്ചത് രണ്ടു രീതിയിലാണ്. അവൻ തിരിഞ്ഞോടിയപ്പോൾ ഞാൻ അത് കൗതുകത്തോടെ കണ്ടു നിന്നു. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയാൽ ഞാനും അവനും ഏതാണ്ട് ഒരേ സാഹചര്യത്തിൽ വളർന്നവരും. അമ്മയുടെ വഴിവിട്ട ലൈംഗിക ലീലകൾ കണ്ടു വളർന്ന് അത് ഞങ്ങളോട് വിവരിക്കാറുള്ള ഒരു കൂട്ടുകാരൻ ഞങ്ങൾക്ക് ഉണ്ടായിരുന്നു. സമൂഹത്തിൽ വളരെ മാന്യമായ ഒരു സ്ഥാനം ഇന്നവൻ വഹിക്കുമ്പോൾ അവൻ്റെ അതേ സാഹചര്യത്തിൽ വളർന്ന അനുജൻ ഒരു പബ്ലിക്ക് ന്യൂയിസൻസായി മാറിയ വിവരമാണ് പിന്നീട് കിട്ടിയത്.

കുട്ടികളായും മുതിർന്നവരായാലും അവൻ്റെ ബുദ്ധി അവൻ കാണുന്ന സംഭവത്തെ ഏത് ആംഗിളിലൂടെയാണ് കാണുന്നത് എന്നത് തന്നെയാണ് പ്രധാനം. ദിവസവും മദ്യപിച്ച് അമ്മയെ അടിക്കുന്നത് കാണുന്ന ഒരു കുട്ടിയുടെ ശ്രദ്ധ, അവൻ്റെ അമ്മയുടെ പ്രയാസത്തിലേക്കാണോ, അതോ അച്ഛൻ്റെ അറുമ്മാദത്തിലേക്കാണോ എന്നതിനെ ആശ്രയിച്ചിരിക്കും അവൻ്റെ ഭാവി. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ അവരുടെ സൗഹൃദവും സ്വാധീന ഘടകമായി വരുന്നു. ചുരുക്കി പറഞ്ഞാൽ ചിത്രരചന രഹ്നയുടെ മകനെ പോസിറ്റീവായി സ്വാധീനിക്കും എന്നും, നാളെ ഏത് സ്ത്രീയെയും അവൻ ബഹുമാനത്തോടെ മാത്രമേ കാണു എന്നതും ഒരു ദിവാസ്വപ്നമായി അവശേഷിച്ചേക്കും. കുട്ടികളെ സ്വാധീനിക്കാൻ ഇത്തരത്തിൽ ഉള്ള പബ്ലിസിറ്റി ഗിമ്മിക്കുകളേക്കാൾ അഭികാമ്യം മനശാസ്ത്രപരമായ മറ്റു സമീപനങ്ങളാണ്. അല്ലങ്കിൽ നാളെ അവൻ ഒരു സ്ത്രീ ശരീരത്തിലേക്ക് ഒളിഞ്ഞു നോക്കിയാൽ "അവന് സ്ത്രീ ശരീരം അത്ര ലൈംഗിക പ്രചോദനമാകാറില്ല അതുകൊണ്ട് സ്ത്രീയായാലും പുരുഷനായാലും അവൻ ഒളിഞ്ഞു നോക്കും" എന്ന മട്ടിൽ ന്യായീകരണ തള്ളലിൽ എത്തേണ്ടി വരും ശരീരചിത്രരചനാ ഉപഭോക്താക്കൾ...

Tuesday 2 June 2020

ഞങ്ങളും മലയാളികളാണ്

പ്രിയ കേരള മാധ്യമങ്ങളേ.... നിങ്ങളോട് ഒരപേക്ഷ... ഞങ്ങളെ ഇങ്ങനെ നിർദ്ദാക്ഷണ്യം മലയാളികൾ എന്ന് വിളിച്ച് മലയാളത്തിൻ്റെ മഹിമ കുറയ്ക്കരുതേ, കേരളം എന്ന മഹത്തായ നാടിൻ്റെ കീർത്തിക്കും സൽപ്പേരിനും അതുവഴി നിങ്ങൾ കളങ്കം ചാർത്തരുതേ...

ഞങ്ങൾ വെറും പ്രവാസികൾ ആണ്. ഞങ്ങൾക്ക് മലയാള നാടുമായി നേരിട്ടോ, വളഞ്ഞമ്മാവൻ വഴിയോ, ചിറ്റപ്പൻ്റെ കൊച്ചപ്പൻ വഴിയോ ഒരു ബന്ധവുമില്ലന്ന് സവിനയം അറിയിക്കുന്നു. നിർഭാഗ്യവശാൽ ഇന്ത്യയുടെ തെക്കേയറ്റത്ത് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന, രാഷ്ട്രീയത്തിൻ്റെ ത്രികണ്ണുകളിലൂടെ മാത്രം വേദനയേയും മരണത്തേയും കാണുന്ന, രാഷ്ട്രീയ ഹിജഡ കൂട്ടങ്ങളുടെ നാട്ടിലെ, ഭാഷ എങ്ങനെയോ വശമാക്കുകയും ഒരു ഉളുപ്പുമില്ലാതെ ആ ഭാഷ സംസാരിച്ചും നടക്കുന്ന വെറും ഏഴാംകൂലികളായ പ്രവാസികൾ ആണ് ഞങ്ങൾ. അല്ലങ്കിൽ തന്നെ ഊരും പേരും ഇല്ലാത്ത ഞങ്ങളെ കേരളത്തിൻ്റെ ശ്രേഷ്ട ഭാഷയായ മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ "കരള കരള" എന്ന് വിളിച്ചു കളിയാക്കുന്നതിൻ്റെ അതി കഠിനമായ അഭിമാനക്ഷതത്തിനിടയിലും, അതുവഴി കരളുറപ്പിൻ്റെ കേരളത്തിന് കിട്ടുന്ന അപമാനമാേർത്ത് ഗദ്ഗദരായാണ് ഞങ്ങൾ ഇവിടെ കഴിയുന്നത് തന്നെ. അതിനിടയിൽ മലയാളി എന്ന് വിളിച്ച് ഞങ്ങളെ പൊക്കി, ഏമാന്മാർ വാഴുന്ന സെക്രറട്ടറിയേറ്റിൻ്റെ മുകളിൽ ഇരുത്തി, ആ മഹത് ദേശത്തെ വീണ്ടും നാറ്റിക്കരുത്.

നിങ്ങൾ കേരളീയർ അവിടെ സസുഖം അറുമാദിക്കുന്നു എന്ന് നിങ്ങളുടെ ലൈവ് ഷോകളിലൂടെയും, പ്രൈം ടൈം ഡ്രാമകളിലൂടെയും തമ്മിലടി വാർത്താ വായ്ത്താരികളിലൂടെയും അറിയുന്നുണ്ട്, വളരെ സന്തോഷം. നിങ്ങളുടെ നാട്ടിലെ നായകൻ്റെ അഞ്ചു മണിക്കത്തെ വായ്ത്താരിയിലും, പ്രതിനായകൻ്റെ രാജാവിനേയും രാജ്ഞിയേയും കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിനിടയിലും 254 എന്ന ഈ വളരെ വലിയ അക്കം കടന്നു വരുന്നില്ല എന്നത് ഞങ്ങൾക്ക് വലിയ അതിശയോക്തിയല്ല. കാരണം ഞങ്ങൾ ഏതാേ രാജ്യത്തിൻ്റെ കൊറോണ ബാഡ്ബുക്കിൽ ഒതുങ്ങി ഒടുങ്ങാനുള്ളവരാണ്. അമ്പതിന് മുകളിൽ ഊഷ്മാവുള്ള ഏതോ മരുഭൂമിയുടെ പന്ത്രണ്ടടി കൊറോണാ കുഴിയിൽ അഴുകി ചേരാനുള്ളവരാണ്. അറബികൾ ചുറ്റും കൂടി ചിരിച്ച് നിൽക്കുന്ന ആശുപത്രി കിടക്കയിൽ കിടന്ന്, കഷ്ടപ്പെട്ടു പഠിച്ച മലയാളത്തിൽ നിലവിളിച്ചാലും നിങ്ങളിൽ ഒരു വിധത്തിലും എത്തില്ല എന്നും നിങ്ങൾക്ക് നിശ്ചയമുണ്ട്.

നിങ്ങൾ, വിദേശ രാജ്യങ്ങളിൽ നിങ്ങളുടെ നായകൻ്റെ പേരും പ്രശസ്തിയും ഉയർത്താനുള്ള ഓട്ടപ്പാച്ചിലിൽ ആണന്നറിയാം. നിങ്ങളുടെ കൊറോണ ഗുഡ്ബുക്കിലേക്ക് ഗൾഫ് പ്രവാസത്തിൻ്റെ 254 ഉം ലോക പ്രവാസത്തിൻ്റെ 350 ഉം കണക്കുകൾ കടന്നു കൂടിയാലുള്ള ഭവിഷ്യത്തും മനസ്സിലാക്കുന്നു. അതിനാൽ വെറും മലയാളം സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഞങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്.

നിങ്ങൾ കേരള ദേശക്കാർ ഞങ്ങൾ പ്രാവാസികളെ വഞ്ചിച്ചത് ഒറ്റത്തീരുമാനത്തിലാണ്. എങ്ങനെയെന്നോ, മലയാളം സംസാരിച്ചു പോയി എന്ന കാരണത്താൽ നാട്ടിൽ നിന്ന് പെണ്ണുകെട്ടാൻ സമ്മതിച്ചതിലൂടെ നിങ്ങൾ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. അതു കൊണ്ടല്ലേ പ്രവാസി അവൻ്റെ കുടുംബം നന്നാക്കാനാണോ നാടു നന്നാക്കാനാണോ മരുഭൂമിയിൽ അട്ടിപ്പേറെടുക്കുന്നത് എന്ന ചർച്ച പ്രൈം ടൈം സ്കിറ്റായി നിങ്ങൾക്ക് അവതരിപ്പിക്കേണ്ടി വന്നത്. പ്രവാസി അവരുടെ കേരളത്തിലെ കുടുംബങ്ങൾക്കായി വലിയ വീടുകൾ വച്ചത് കൊണ്ട് നിങ്ങളുടെ നാടിൻ്റെ പ്രകൃതിയും അതുവഴി നാടു നശിപ്പിച്ചതിൻ്റേയും കനേഷുമാരി കണക്കെടുപ്പ് നടത്തേണ്ടി വരുന്നത്. മലയാളം പറയുന്നു എന്ന ഒറ്റക്കാരണത്താൽ വെറും പ്രവാസികളായ ഞങ്ങളോട് അനുകമ്പയൊന്നും അറിയാതെ പോലും കാട്ടരുതേ. അടുത്ത സ്ഥാനാർത്ഥി ലിസ്റ്റ് നേരത്തെ തന്നാൽ കുഴിയിലേക്ക് പോകും മുമ്പു തന്നെ, നാട്ടിൽ കിടക്കുന്ന കുടുംബാംഗങ്ങളോട് വോട്ട് ചെയ്യുന്ന കാര്യം മുൻകൂട്ടി പറഞ്ഞു വച്ചേക്കാം. ആ ഉത്സവമാണല്ലോ ഇതിലെല്ലാം പരമപ്രധാനം.

ജയ് വന്ദേ ഭാരത് മിഷൻ

ജയ് ചാർട്ടേഡ് ഫ്ലൈറ്റ് മിഷൻ