. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 23 March 2015

തലാഖ്


അവന്‍ ഒരു കുറ്റവാളിയെ പോലെ എന്റെ മുന്നില്‍ നിന്നു..... 

“എന്താ മുസ്തഫാ.....? ഇതുവരെ വന്നത് എന്തിനാണെന്ന്‍ പറഞ്ഞില്ല...!” അവന്‍ മുഖമുയര്‍ത്തി എന്തെങ്കിലും സംസാരിക്കും എന്ന ധാരണ അസ്ഥാനത്തായപ്പോള്‍ ഞാന്‍ തുടക്കമിട്ടു.....

തുടച്ച് മാറ്റാന്‍ ശ്രമിച്ച അവന്റെ കൈകളെ കബളിപ്പിച്ച് കൊണ്ട് രണ്ടു തുള്ളി കണ്ണീര്‍ തറയില്‍ വീണുടഞ്ഞു.....

“എന്താ നിന്റെ പ്രശ്നം.....? പറഞ്ഞാല്‍ അല്ലെ മനസ്സിലാകൂ....!” എഴുന്നെല്‍റ്റ് ചെന്ന് അവനെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് അടുത്തുള്ള കസേരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി.....

“സാര്‍ ഇച്ചു നാട്ടുക്ക് പോണം....” ചെറിയ കുട്ടികള്‍ എങ്ങലടിക്കുമ്പോള്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടും പോലെ അത് പറയുമ്പോള്‍ അവന്റെ ശബ്ദം ഇടറിയിരുന്നു.....

“നീ പോയിവന്നിട്ട് ആറുമാസം പോലും ആയില്ലല്ലോ...... ഇതെന്താ ഇത്ര പെട്ടെന്ന് വീണ്ടും പോകണം എന്നൊരു തോന്നല്‍......? എനിക്ക് ആ അപേക്ഷ അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല.......

“അന്ന് പോയത് പെണ്ണെട്ടാനാണ് സാറേ....” അവന്‍ ശബ്ദത്തിലെ ഇടര്‍ച്ചമാറ്റി പറഞ്ഞു.....
“ഓഹ്..... ഇപ്പോള്‍ മനസ്സിലായി..... ഭാര്യയെ പിരിഞ്ഞതിന്റെ വിഷമം അല്ലെ.....?” ചെറുചിരിയുടെ മേമ്പൊടി ചേര്‍ത്ത് ഞാന്‍ അവനെ ഒളികണ്ണിട്ടു.....

“അല്ല സാര്‍...... മൊയിചൊല്ലാന്‍......” അവന്‍ തല ഉയര്‍ത്തി എന്റെ മുഖത്തേക്ക് നിസംഗതയോടെ നോക്കി പറഞ്ഞു......

“മൊഴി ചൊല്ലാനോ.....? നിനക്ക് പറയാന്‍ നാണം ആകുന്നില്ലേ മുസ്തഫാ.....” എന്റെ ശബ്ദം ഞാന്‍ അറിയാതെ കനത്ത് പോയിരുന്നു......

അവന്‍ ഞാടുക്കത്തോടെ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പിന്നിലേക്ക് വലിഞ്ഞു..... “ വേറെ ഒരു വജ്ജും ഇല്ല സാര്‍.... അബടെ പ്പേം മ്മേം സമ്മയിച്ചൂല്ല......”

“അവര്‍ സമ്മതിക്കേണ്ട...... നീ ഒരു ആണല്ലേ...... നിന്റെ ഭാര്യക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി ആയവള്‍ അല്ലെ...... നിങ്ങള്‍ക്ക് രണ്ടാള്‍ക്കും സമ്മതമാണെങ്കില്‍ ഉമ്മാനും ഉപ്പാനും എന്തിനാ....?” എനിക്ക് രോഷം അടക്കാന്‍ കഴിഞ്ഞില്ല.....

മുസ്തഫയുടെ മറുപടിക്ക് വേണ്ടി ഞാന്‍ കാത്തു..... അത് കിട്ടുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും അവനോടു ചോദിച്ചു..... “നിന്റെ ഭാര്യ എന്ത് ചെയ്യുന്നു.....?”

“ഇസ്കൂളിലാ.....” അവന്‍ മടിച്ച് മടിച്ച് മറുപടി പറഞ്ഞു....

“ഒരു സ്കൂള്‍ ടീച്ചര്‍ക്ക് സ്വന്തം കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നോ....?” എന്റെ ആശ്ചര്യം ഉച്ചാവസ്ഥയില്‍ എത്തി.....

“ടീച്ചറല്ല സാര്‍.... അബള്‍ പഠിച്ചാ..... പത്താം ക്ലാസ്സില്.....” അവന്‍ അപ്പോഴും മുഖം ഉയര്‍ത്തിയിരുന്നില്ല......

എന്റെ രോഷത്തിനു മേല്‍ വീണ മൌനം പെറ്റുപെരുകി......

Thursday 12 March 2015

സംശയം


"അച്ചന്റെ പഴയ ആ സ്വീറ്റ് മണം ഇപ്പോള്‍ ഇല്ല..... അതെന്താ അച്ഛാ....!!!?" മകള്‍ എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് ചോദിച്ചു..

"മോള്‍ വളര്‍ന്നു വരുവല്ലേ.... അച്ഛന്റെ മാധുര്യവും മണവും എല്ലാം കുറഞ്ഞ് വരുന്നതായി തോന്നും.."

എന്ന് വച്ചാല്‍.....?" അവള്‍ക്ക് സംശയം മാറിയില്ല..

എന്ന് വച്ചാല്‍ അച്ഛനു അപ്പൂപ്പന്റെ മണം ഇതേപോലെ കുറഞ്ഞ് കുറഞ്ഞ് വന്നു പിന്നീട് എപ്പോഴോ അത് ദുര്‍ഗന്ധം ആയി മാറി..... മോള്‍ക്കും പിന്നീട് അച്ഛനെ നാറുന്നതായി തോന്നും..... കാലചക്രം അങ്ങനെ തിരിയുകയല്ലേ....!!!!

"മനസ്സിലായില്ല......" അവളുടെ സംശയം....!!!

മനസ്സിലാകണമെങ്കില്‍ അച്ഛന്‍ മരിച്ച് മണ്ണടിയണം..... അപ്പോള്‍ നിനക്ക് അച്ഛന്റെ സുഗന്ധത്തെ ഓര്‍ത്ത് ഒരു കവിത എഴുതാം.....

"ഈ അച്ഛന്‍ എന്തൊക്കെയാ അമ്മെ ഈ പറയുന്നത്...." അവള്‍ അമ്മയുടെ അടുത്തേക്ക് നീങ്ങി അടുത്ത സംശയവുമായി.......