. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 6 May 2022

ദുര്‍ഗന്ധം പരത്തുന്നവര്‍

ചില ഉത്തരാധുനിക കവികള്‍ക്ക് ഒരു ചിന്തയുണ്ട്, ആരും ശത്രുക്കളോട് പോലും പറയാന്‍ അറയ്ക്കുന്ന നാല് തെറിയും, ഒരു നൂറ്റാണ്ടിനും മുനെയുള്ള മദ്യപാനികളായ ചില ബസ്റ്റാന്റ്, നാൽക്കവല പൂവാലന്മാര്‍ സ്ത്രീകള്‍ക്ക് നേരെ പ്രയോഗിക്കുന്ന അവയവ പ്രയോഗവും വിസര്‍ജ്ജിച്ചാല് അവര്‍ ഇന്‍റെലക്ച്വല്‍ ആകുമെന്ന്.

ഇത്തരം ഒരു എഴുത്തിനെ ചോദ്യം ചെയ്തപ്പോൾ എന്റെ പ്രിയപ്പെട്ട ഒരു ഉത്തരാധുനികന്‍ എന്നെ ഒന്നു ഇകഴ്ത്തി താഴ്ത്തിക്കളയാം എന്ന ചിന്തയിൽ മറുപടി പറഞ്ഞത് ഇങ്ങനെ. "നിങ്ങള്‍ ഷക്കീല പടങ്ങളെ തള്ളി പറയുകയും രാത്രി കാലങ്ങളില്‍ അതുകണ്ട് ആസ്വദിക്കുകയും ചെയ്യുന്നവനും ആണെന്ന്". ഷക്കീല ചേച്ചിയെ ഞാൻ ഇന്നുവരെ തള്ളിപ്പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ചേച്ചിയുടെ പുഷ്ക്കല കാലത്തെ പടങ്ങള്‍ നന്നായി കണ്ടു ആസ്വദിച്ചിട്ടും ഉണ്ട്. അത് രാത്രി അല്ലങ്കിൽ അമ്മയും പെങ്ങന്മാരും മക്കളും മറ്റ് വീട്ടുകാരും ചുറ്റുമില്ല എന്ന് ഉറപ്പിച്ചിട്ടു തന്നെയാണ് കാണുന്നതും. കാരണം അവയൊന്നും എനിക്ക് കുടുംബവുമായി ഒത്തിരുന്നു കാണാന്‍ കഴിയില്ല എന്ന് ഉറപ്പുള്ളവ തന്നെയാണ്. പക്ഷെ യുവകവിയുമായുള്ള എന്‍റെ സംസാരത്തിൽ എന്നെ ഏറെ രസിപ്പിച്ചത് അദ്ദേഹം അറിയാതെ തന്നെ സ്വയം അദ്ദേഹത്തിന്‍റെ കൃതികളെ ഷക്കീല പടങ്ങളോട് ചേര്‍ത്ത് വയ്ക്കുകയായിരുന്നു എന്നതാണ്. പ്രിയ കവേ.... തീര്‍ച്ചയായും താങ്കളുടെ രചനകള്‍ അര്‍ദ്ധരാത്രി വായനയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം എന്ന്‍ ഉറപ്പു തരുന്നു.. താങ്കളുടെ കവിതകൾ പകൽ വെളിച്ചത്തിൽ വായിക്കണമെങ്കിൽ അത് സത്യജിത്ത് റായ് ശ്രേണിയിൽ ഒന്നും വേണമെന്നില്ല, മിനിമം പ്രിയദർശനെങ്കിലും...?

വിമര്‍ശനം ആശയങ്ങളോട് ആകുമ്പോള്‍ തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം. അല്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന നിലയില്‍ ആവരുത് എന്ന് പ്രിയ കവികളോട് ഓർമ്മിപ്പിക്കുന്നു. മറ്റൊരു അത്യാധുനിക ബുദ്ധിജീവിയുമായി ഈ വിഷയത്തിൽ ആശയപരമായ സംവേദനത്തിന് മുതിർന്നപ്പോൾ ഒരു വാക്കും അതിന് മറുപടി പറയാതെ എന്‍റെ വിഷയാധിഷ്ഠ വിമർശനത്തിന് മറുപടിയായി അദ്ദേഹത്തിന് പരാമർശിക്കാനുണ്ടായിരുന്നത് എന്‍റെ മുൻകാല എഴുത്തുകളെ ചൂണ്ടിക്കാട്ടിയായിരുന്നു. "ഇയാള്‍ കുടുംബത്തിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത് ലൈക്ക് വാങ്ങിക്കൊണ്ടിരുന്ന ആളല്ലേ. പണ്ട് ഇയാളെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിന്ന് പുറത്താക്കിയതിന് പ്രശ്നമുണ്ടാക്കിയവൻ അല്ലേ, നിങ്ങളിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു" എന്നൊക്കെയാണ്.

മറ്റു ചില അത്യാധുനിക കവികളോട് ചോദിക്കുമ്പോള്‍ മറു ചോദ്യം ചോദിച്ച് ഉത്തരം മുട്ടിക്കാൻ ശ്രമിക്കും "സാധാരണക്കാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രയാസം" എന്നാണ് തിരികെയുള്ള ചോദ്യം. മുഴുക്കുടിയന്മാർ അല്ലാതെ, പെണ്ണുങ്ങളുടെ അവയവങ്ങളെ പച്ചക്ക് ഇങ്ങനെ വഴിവക്കിലോ വീട്ടിലോ ഒരു സാധാരണക്കാരനും പറയുന്നത് ഞാള്‍ കേട്ടിട്ടില്ല. ഇനി ഇത്തരം ഗവികള്‍ സാധാരണ ഭാഷയായി അത്തരം വാക്കുകള്‍ ആണോ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ, ഇത്തരക്കാര്‍ക്ക് സ്ത്രീകളുടെ അവയവങ്ങളോടാണ് കൂടുതല്‍ പ്രതിപത്തിയും. അതിനെ പറ്റി ചോദിച്ചാല്‍ ഉടന്‍ മറുപടി വരും "നിങ്ങള്‍ എന്ന കപട സദാചാര വാദിയുടെ കണ്ണുകള്‍ക്കാണ് കുഴപ്പം, ഞങ്ങളുടെ എഴുത്ത് തികച്ചും പ്രതീകാത്മാകമാണ്, നിങ്ങള്‍ ജപിക്കുന്ന സന്ധ്യാനാമത്തില്‍ വരെ അശ്ലീലമാണ്, അത് വരേണ്യ വര്‍ഗ്ഗത്തിന്‍റെ സംസ്കൃതം ആയതുകൊണ്ടാണോ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നത്" അങ്ങനെ ചോദിക്കുന്നവരെ ചാടില്‍ കയറ്റുന്ന ഉത്തരങ്ങള്‍.
അവര്‍ കരുതുന്നത് അവരുടെ ഈ അധോവായുവിനു മുല്ലപ്പൂഗന്ധം ആണെന്ന്. പക്ഷെ പരിസരത്ത് നില്ക്കുന്നവര്‍ക്ക് അറിയാം അതിന്‍റെ യഥാര്‍ത്ഥ ഗന്ധം.

Friday 15 April 2022

അത്യാധുനിക കാലത്തെ ധര്‍മ്മപുരാണം.

കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ ദൈവന്ജര്‍ എന്ന് കേട്ടിട്ടുണ്ട്. ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ഒരു സാമ്യവുമില്ലാത്ത കൃതി.

ഒ വി വിജയന്‍റെ ധർമ്മപുരാണത്തിൽ ഇങ്ങനെ പറയുന്നു.

പ്രജാപതിയ്ക്ക് തൂറാൻ മുട്ടി. രാജകീയ ദർബാറിനിടയിൽ സിംഹാസനത്തെ വിറകൊള്ളിച്ച് കൊണ്ട് കീഴ്ശ്വാസം അനർഘ നിർഗ്ഗളം ബഹിർഗമിച്ചു. പുറത്തേക്ക് വമിച്ച ദുർഗ്ഗന്ധത്താൽ ദർബാറിലിരുന്ന പൗരപ്രമുഖരുടെയും സചിവോത്തമൻമാരുടെയും സേനാനായകന്‍റെയും മനം പുരട്ടി.

പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജ കീഴ്ശ്വാസമാണ്. നെറ്റി ചുളിക്കാനും മുഖം കറുക്കാനും നിർവാഹമില്ല. ധനസചിവൻ ജയഭേരി മുഴക്കി ആദ്യം ആർത്ത് വിളിച്ചു. പ്രജാപതിയുടെ കീഴ്ശ്വാസം അതിഗംഭീരം. സംഗീതാത്മകം. ഈരേഴ് പതിനാല് ലോകത്തിലെ സുഗന്ധലേപനങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മഹത്തായ ഗന്ധം. പ്രജാപതിയുടെ മുഖം തെളിഞ്ഞു.

കൊട്ടാരം ദർബാറിന് പുറത്തുള്ള വിദൂഷകൻ അമിട്ട് മുഴങ്ങുന്ന ശബ്ദത്തിൽ പ്രജാരാജ്യത്തെ ജനങ്ങളെ വിളംബരം കൊട്ടി അറിയിച്ചു. പ്രജാപതി കീഴ്ശ്വാസം വിട്ടു. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം.അതിനെ കുറ്റപ്പെടുത്തുന്നവർ ദേശദ്രോഹികൾ.

നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തർ ദുർഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി.ദുർഗന്ധം തിരിച്ചറിഞ്ഞ ജനങ്ങൾ അസ്വസ്ഥരായി.

സ്തുതിപാഠകരുടെ മുഖസ്തുതിയിൽ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു. ദിവസം ചെല്ലുംതോറും നാറ്റത്തിന്റെ തീക്ഷ്ണത കൂടി കൂടി വന്നു.

പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തുന്നവരെ രാജ്യദ്രോഹികൾ ആക്കി മുദ്രകുത്തി ചിത്രവധം ചെയ്തു. എതിർക്കുന്നവരെ കണ്ടെത്താൻ ഭാഗവതർ സൈന്യത്തെ പ്രച്ഛന്ന വേഷം കെട്ടിച്ച് രാജ്യമെമ്പാടും അയച്ചു. ഗ്രാമസഭകളിൽ നഗരവീഥികളിൽ ജനപഥങ്ങളിൽ പ്രജാപതിയുടെ കീഴ്ശ്വാസ ദുർഗന്ധത്തെ കുറ്റപ്പെടുത്തിയവരെ അവർ ഭേദ്യം ചെയ്തു. സ്തുതി പാഠകരുടെ മുഖസ്തുതിയിൽ മണ്ടൻ പ്രജാപതി നിരന്തരം കീഴ്ശ്വാസം വിട്ടു കൊണ്ടേയിരുന്നു. രാജ്യം ദുർഗന്ധത്താൽ വീർപ്പുമുട്ടി. പുഴുത്ത് നാറി.

അപ്പോഴും രാജ കിങ്കരൻമാരും രാജഭക്തൻമാരും സ്തുതിഗീതം പാടി നടന്നു. നാറ്റമറിയാത്ത പ്രജാപതി ഭക്തർ അയൽനാടുകളിൽ ഇരുന്ന് പ്രജാപതിയ്ക്ക് ജയഭേരി മുഴക്കി....

ആർപ്പ് വിളിച്ചു. പ്രജാപതി നീണാൾ വാഴട്ടെ...

ധർമ്മ പുരാണം ; ഭാരതഖണ്ഡം

Tuesday 5 April 2022

കമ്യൂണിസം അഥവാ ഫാസിസം.

എന്താണ് ഫാസിസം. ആരാണ് ഫാസിസ്റ്റ്. ഹിറ്റ്ലർ മുതൽ മോഡി വരെയും, IS മുതൽ RSS വരെയും ആ പരമോന്നത ബഹുമതിയിൽ വിലസുമ്പോൾ നമ്മൾ അടിവരയിടുന്നു "അതെ... ഫാസിസം എന്ന ചുവന്ന കളളിയിൽ പെടേണ്ടവർ തന്നെയാണ് ഇവർ" എന്ന്. പക്ഷേ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു വിഷയമായി നിലനിൽക്കുന്നത് എന്തുകൊണ്ട് ജന്മം കൊണ്ട് ഫാസിസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും കർമ്മം കൊണ്ട് അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസത്തെ ഇന്ത്യയിൽ, വിശിഷ്ട്യാ കേരളത്തിൽ ഫാസിസത്തോട് ചേർത്ത് നിർത്തുന്നില്ല എന്നതാണ്. പാർട്ടി ജന്മമെടുത്ത അന്നു മുതൽ ഈ കാലയളവിനുള്ളിൽ, ഇന്ത്യയിൽ ആകമാനം അവരുടെ ഇരുതല മൂർച്ചയുള്ള ഫാസിസ്റ്റ് കത്തിക്ക് ഇരയാവർ ഒരു പക്ഷേ ഒരു നിയോജക മണ്ഡലത്തിലെ ജനസംഖ്യയുടെ അത്രയുമെങ്കിലും ഉണ്ടാവും എന്ന് സുനിശ്ചയം.

ഗുണമേന്മയിലോ രൂപത്തിലാേ ഭാവത്തിലോ ലോകത്തിലെ ഏത് കാറുകളുടേയും പിന്നാമ്പുറത്തേക്ക് തള്ളപ്പെടാൻ സാധ്യതയുള്ള അംബാസിഡർ കാറുകളോട് കേരളത്തിലെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്ര താൽപ്പര്യം എന്ന് പഠിക്കാൻ ഒരു കാലത്ത് ബ്രിട്ടനിലെ പ്രമുഖ യൂണിവേഴ്സിറ്റി റിസേർച്ച് സബ്ജക്ട് തന്നെ ഉണ്ടാക്കി എന്ന് വായിച്ചിട്ടുണ്ട്. ഇതേ ജനുസ്സിൽ പഠനവിഷയമാക്കണ്ട മറ്റൊരു വിഷയമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് അവയോടുള്ള കേരള ജനതയുടെ വിധേയത്വവും. വടക്കുനിന്ന് പാഞ്ഞു വരുന്ന ഹിന്ദുത്വ ഫാസിസത്തെ നേരിടാനുള്ള പ്രതിരോധ കവചമായി കേരളത്തിലെ "ഭൂരിപക്ഷ" ന്യൂനപക്ഷങ്ങൾ ഈ പ്രസ്ഥാനത്തെ നിലനിർത്തുന്നതാവാം ഒരു കാരണം അല്ലങ്കിൽ, എതിർപ്പിൽ ഉണ്ടായേക്കാവുന്ന കയ്യൂക്ക് ഫാസിസത്തിൻ്റെ തിക്തത അനുഭവിക്കേണ്ടി വരുമെന്ന അകാരണമായ ഭയവുമാവാം. എന്ത് തന്നെ ആയാലും ജോസഫ് സാറിൻ്റെ കൈയ്യുടെ അത്ര പോലും വില ടി പി യുടെ തലയ്ക്ക് ഇടാത്തതിലെ ആശ്ചര്യം പ്രകടിപ്പിക്കാതിരിക്കാൻ കഴിയുന്നില്ല. ക്രൂരമായി കൊന്നുതള്ളിയ ശേഷം പോലും ഷുക്കൂറിൻ്റെയും, ടി പിയുടേയും അതുപോലെ കമ്യൂണിസ്റ്റ് ഫാസിസത്തിന് ഇരയായ ആയിരക്കണക്കിന് കുടുംബങ്ങളോട് വീണ്ടും അവര്‍ നടത്തുന്ന കൊലവിളികളെ പറ്റി, കാര്യമാത്ര പ്രസക്തമായ ചർച്ചകൾ പോലും ചെയ്യുന്നില്ല എന്ന അത്ഭുതത്തോട് സമരസപ്പെടാൻ കഴിയുന്നില്ല.

Tuesday 8 March 2022

ഞാന്‍ പേര്‍ഷ്യക്കാരനായ കഥ

ഗ്രാമത്തില് ഒരു സുമുഖന്‍ വന്നു ചേര്‍ന്നു. ഉറ്റ ചങ്ങാതി ഓമനക്കുട്ടന്‍ അമ്മയുടെ ചികിത്സാര്‍ത്ഥം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ വരാന്തയില്‍ വച്ചു പരിചയപ്പെട്ടതാണത്രേ ടീയാനെ. ആല്‍ത്തറയിലെ കൌമാര സഭയുലെ ഓമനക്കുട്ടന്‍ വക പൊടിപ്പും തൊങ്ങലിലും, പലരില്‍ ഒരാളായി ഞാനും പ്രസ്തുത സുമുഖനെ കാണാന്‍ പോയി.

ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാലിന്മേല്‍ കാല്‍കയറ്റി ഉപവിഷ്ടനായ സുമുഖനെ അന്വേഷണ കുതുകികളായ ഞങ്ങള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ ഓമനക്കുട്ടന്‍ ഉപചാരപൂര്‍വ്വം പരിചയപ്പെടുത്തി.

ഇത് പ്രഭാകരേട്ടന്‍. വര്‍ക്കല സ്വദേശിയാണ്. ഇവിടെ നമ്മള്‍ നാട്ടുകാര്‍ക്ക് ഒരു വലിയ കാര്യം ചെയ്തു തരാനും, നമ്മുടെ ഗ്രാമത്തെ ആകെ രക്ഷപെടുത്താനും ആണ് ഇദ്ദേഹം വന്നിട്ടുള്ളത്. സ്വാഗത പ്രസംഗകന്‍റെ ഭാവത്തില്‍ ഓമനക്കുട്ടന്‍ എല്ലാവരെയും ഒന്നു ഇരുത്തി നോക്കി.

പ്രഭാകരന്‍ അവറുകള്‍ ചെറു പ്രഭാഷണത്തിനു തുടക്കമിടുന്ന സമയം, എന്‍റെ ശ്രദ്ധ ഓമനക്കുട്ടന്‍റെ അടുക്കളയിലെ ചില്ല് ഭരണിയില്‍ വിരാചിക്കുന്ന ഉണ്ണിയപ്പത്തില്‍ ഉടക്കി അവിടേക്ക് ആകര്‍ഷിച്ചു പോയി. കര്‍മ്മം തീര്‍ത്ത് തിരികെ എത്തുമ്പോള്‍ പ്രഭാഷണവും കഴിഞ്ഞു പൂരപ്പറമ്പ് ഒഴിഞ്ഞു കഴിഞ്ഞിരുന്നു.

ഞാന്‍ സുമുഖനെ നോക്കി വളരെ വിനിയാന്വീതനായി പാല്‍പുഞ്ചിരി പൊഴിച്ചു. എന്‍റെ മുഖത്തേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞുകൊണ്ട് പ്രഭാകരന്‍ അവറുകള്‍ ഓമനക്കുട്ടനോട് ഒരു അസ്ത്രം എയ്തു. "ഞാന്‍ മുന്നേ പറഞ്ഞ കാര്യത്തിന് ഇയാള് പറ്റില്ല കേട്ടോ". ഞാന്‍ കാര്യം അറിയാതെ പ്രഭാകരന്‍ അവറുകളേയും ഓമനക്കുട്ടനേയും അങ്കലാപ്പോടെ മാറി മാറി നോക്കി.

ഓമനക്കുട്ടന്‍ കാര്യം വിശദീകരിച്ചു. "പ്രഭാകരേട്ടന് പട്ടാള ക്യാമ്പുമായി നല്ല പിടിയാ. നമ്മുടെ നാട്ടില്‍ നിന്നു കുറേപ്പേരെ പട്ടാളത്തില്‍ കെറ്റാമെന്ന് പുള്ളി സമ്മതിച്ചിട്ടുണ്ട്. ഗ്രാമത്തിനു തന്നിലൂടെ വരുന്ന സൌഭാഗ്യവും അതിലൂടെ തനിക്കു കിട്ടുന്ന പ്രശസ്തിയും ഓര്‍ത്താവണം, ഓമനക്കുട്ടന്‍ ഒന്നു വിബ്രിമ്ചിതനായി. ബാലയിലെ രാജാപ്പാര്‍ട്ടിനെ പോലെ പ്രഭാകരന്‍ അവറുകള്‍ ഒന്നു മുരണ്ടു തന്‍റെ ഗര്‍വ്വ്‌ അറിയിച്ചു.

ഇരുപതിന്‍റെ നെറുകയില്‍ ഒരു ജോലി സ്വപ്നം കണ്ട് തുടങ്ങിയ ഞാന്‍ പെട്ടെന്ന് നിരാശനായി

"അതെന്നാ എന്നെ എടുത്താല്‍"

പട്ടാളത്തിലേക്ക് ആളെ എടുക്കും, പക്ഷെ നിങ്ങളെ എടുക്കൂല്ല. പ്രഭാകരന്‍ അവറുകള്‍ ചെറു പുഞ്ചിരിയോടെ ആവര്‍ത്തിച്ചു.

"അതെന്നാ പ്രഭാകരേട്ടാ..." ചങ്ങായിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ഷര്‍ട്ടിന്‍റെ കോളര്‍ വലിച്ചിട്ട് സുമുഖന്‍ പറഞ്ഞു..

"ഇയാള്‍ക്ക് മുന്നില്‍ ഒരു പല്ലില്ല" ചിറിയും കടന്ന്‍ വെളിയില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കോന്ത്രപ്പല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന പാതി ഒടിഞ്ഞ കറുത്ത പല്ലിനേ ചൂണ്ടി സുമുഖന്‍.

ഉള്ളിലേക്ക് അടിച്ചു കയറിയ നിരാശയെ മറയ്ക്കാന്‍, ഉള്ളം കൈകൊണ്ടു വായ പൊത്തി കോന്ത്രപല്ലിനു മുന്നില്‍ ഒരു വിരല്‍ വേലി തീര്‍ത്ത്‌ ഞാന്‍, അഞ്ചാം ക്ലാസിലെ കള്ളനും പോലീസും കളിക്കിടെ കുതികാല് വച്ചു വീഴ്ത്തി എന്‍റെ പല്ല് ഇളക്കിയ ജോസിനെ, ആ നിമിഷത്തില്‍ തികട്ടി വന്ന നാടന്‍ തെറികള്‍ മതിയാവോളം വിളിച്ച് വീട്ടിലേക്ക് നടന്നു.

ഞാന്‍ ഒഴികെ ഗ്രാമത്തിലെ പതിനെട്ടു തികഞ്ഞ എല്ലാവരെയും പട്ടാളക്കാരന്‍ ആക്കാം എന്ന തീരുമാനത്തില്‍ ചങ്ങാതിയും സുമുഖനും വീട് വീടാന്തരം കയറി ഇറങ്ങി ക്യാന്വാസിംഗ് ആരംഭിച്ചു. ഇടവഴിയില്‍ കാണുമ്പോഴെല്ലാം എനിക്കുണ്ടായ ദൌര്‍ഭാഗ്യത്തില്‍ ഓമനക്കുട്ടനും പ്രഭാകരന്‍ അവറുകളും നിരാശ അറിയിച്ചുകൊണ്ടെയിരുന്നു.

എന്‍റെ നിരാശ അനുദിനം വര്‍ദ്ധിച്ച്, അത് ഒടുവില്‍ ഊണുമുറിയും, കിടപ്പുമുറിയും അതിനിടയിലുള്ള ഇടനാഴിയിലേക്കും ചുരുങ്ങി തീര്‍ന്നു. സത്യത്തില്‍ റിക്രൂട്ട്മെന്റിന് തയ്യാറായി നില്‍ക്കുന്ന അഭിനവ പട്ടാളക്കാരെ അഭിമുഖീകരിക്കാന്‍ എനിക്ക് കരുത്തുണ്ടായിരുന്നില്ല.

'നാപ്ടോള്‍ പരസ്യം പോലെ ആകെ മൊത്തം ടോട്ടല്‍ മുപ്പതിനായിരം രൂപാ രൊക്കം കൊടുത്താല്‍ ഒരു പട്ടാളക്കാരനാകാം. എന്തെങ്കിലും കാരണത്താല്‍ പട്ടാളക്കാരനായില്ല എങ്കിലോ, അടുത്ത സെക്കന്‍റില്‍ കൊടുത്ത പണം തിരികെ ലഭിക്കും.

ഗ്രാമം ഒന്നാകെ പരിശീലനക്കളരിയായി മാറി. എന്‍റെ അഭാവം ചര്‍ച്ച ചെയ്യപ്പെട്ടു. പലരും പദം പറഞ്ഞു,. രണ്ടാം ക്ലാസ്സില്‍ വച്ച് നാരങ്ങാ മിഠായി കൊടുക്കാത്തതിന്‍റെ കൊതിക്കെറുവുള്ള സാബു മോന്‍ "ദൈവശിക്ഷ" എന്ന് വിധിയെഴുതി. ഗ്രാമത്തിലെ BBC ദേവകിയമ്മ "എന്നാലും ആ കൊച്ചനു മാത്രം ഇതൊന്നും വിധിച്ചിട്ടില്ലല്ലോ" എന്ന് പരിതപിച്ചു.

ഏക്‌ ദോ ഏക്‌ ശബ്ദ വീചികളില്‍ ഗ്രാമ വീഥികള്‍ വിറകൊണ്ടു. എന്‍റെ വീട് കടന്നു പോകുമ്പോള്‍ ചില പോങ്ങന്മാര്‍ പരമാവധി ഉച്ചത്തില്‍ മാര്‍ച്ച് ചെയ്ത് എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.

ദേവകിയമ്മ വളരെ രഹസ്യമായി എന്‍റെ അമ്മയോട് പറയുന്നത് കേട്ടു. "എന്‍റെ രായമ്മേ നീ അറിഞ്ഞോ. ആ അദ്ദ്യെത്തിന്‍റെ ഇളെമ്മടെ മോടെ കെട്ടിയോന്റെ അളിയനാണ് പോലും നമ്മുടെ വല്യ പട്ടാളത്തിന്‍റെ മാനേശര്‍" നമ്മടെ അജിക്ക്പ പല്ലില്ലാത്തതൊന്നും കാര്യമാക്കാതെ, നീയൊന്നു പോയി പറ, അവനെക്കൂടി പട്ടാളത്തിലെടുക്കാന്‍..."

"ഗേറ്റില് ചെന്ന് നിന്നാല് മതീന്ന പറയുന്നത്. പ്രഭാകരദ്ടെഹത്തിന്‍റെ അളിയന്‍ മാനേശര് വലിച്ച് പട്ടാളത്തിലിടും പോലും, പിള്ളേര്‍ക്ക് പേടി പോകാന്‍ വേണ്ടീട്ട് മാത്രമാണ് പോലും ഈ ഏക്‌ ദോ തീന്‍ കളിപ്പിക്കുന്നേ."

അമ്മ താടിക്കു കൈ വച്ചു അത്ഭുതത്തോടെ പറഞ്ഞു... "എങ്കിലും എന്‍റെ ദേവകിച്ചേയി, ഈ പ്രഭാകരദ്ദ്യേം വല്ലാത്തൊരു മനുഷ്യന്‍ തന്നെ"

എന്തായാലും ദേവകിയമ്മയുടെ വാക്ക് കേട്ട്, പഞ്ചായത്ത് മെമ്പര്‍ മാമന്‍ വഴി വളരെ രഹസ്യമായി അമ്മ എനിക്ക് വേണ്ടി ഒന്നു ശ്രമിച്ചു എങ്കിലും "പല്ലില്ലാത്തവനെ പട്ടാളത്തിലെടുക്കാന്‍ വകുപ്പില്ല" എന്ന് നിഷ്കരുണം പറഞ്ഞ് മാമനെ ഒഴിവാക്കി വിട്ടു എന്ന് കൊണ്ടത്തോട്ടിലെ വേലു പറഞ്ഞു ഞാന്‍ അറിഞ്ഞിരുന്നു.

അമ്മ അങ്ങനെ ശ്രമിച്ചു എന്നതിന് നേരിട്ട് തെളിവുകള്‍ ഒന്നും ഇല്ല എങ്കിലും "നീ ആ ഓമനക്കുട്ടന്‍റെ അടുക്കളയും നിരങ്ങി നടന്നോടാ" എന്ന അസമയത്തെ രോഷപ്രകടനത്തിന് പിന്നില്‍ പരാജയപ്പെട്ട രായമ്മയുടെ ധാര്‍മ്മികരോഷം അണപോട്ടിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

തിരുവനന്തപുരത്തെ പങ്ങോട്ടെ റിക്രൂട്ട്മെന്റ് കേന്ദ്രത്തിലെക്ക് പോകാന്‍, ചെങ്ങന്നൂരെ സെഞ്ച്വറി ട്രാവല്‍സിന്റെ രണ്ടു വീഡിയോ കോച്ചുകള്‍ സ്പെഷ്യല്‍ റേറ്റില്‍ ബുക്ക് ചെയ്തത്, അതിന്റെ മുതലാളിയുടെ ഉറ്റ സ്നേഹിതനും കരയോഗം പ്രസിഡണ്ടുമായ ചാവക്കാട്ടെ അനിരുദ്ധന്‍ ചേട്ടനാണന്നു പറഞ്ഞതും വേലു തന്നെ ആയിരുന്നു.. "സിനിമ കണ്ടു തിരുവനതപുരം വരെ പോകാന്‍ നിനക്ക് യോഗമില്ലാതായി പോയല്ലോടാ ചെക്കാ" എന്ന് കൂട്ടത്തില്‍ വേലു കളിയാക്കുകയും ചെയ്തു.

എന്‍റെ നെഞ്ചില്‍ തീ കോരിയിട്ടു, ഗ്രാമത്തില്‍ എങ്ങും ഉത്സവപ്രതീതി തീര്‍ത്ത് അങ്ങനെ ആ ദിവസം വന്നെത്തി. റിക്രൂട്ട്മെന്റിന് ചെറുപ്പക്കാര്‍ ഒന്നടങ്കം അതിരാവിലെ തന്നെ തയ്യാറായി. വെളിച്ചം കടക്കാത്ത മുറിയിലേക്കുള്ള രണ്ടു വാതിലുകളും കൊട്ടിയടച്ച് ഇരുളിന്‍റെ ഏകാന്തയില്‍ ഞാന്‍ ആശ്വാസം കണ്ടെത്തി.

ഉറ്റ സ്നേഹിതരായ കൊറ്റാനത്തെ അജുവും, വലിയകോലായിലെ അനിയും ഓമനക്കുട്ടനും എല്ലാം ഒന്നിച്ചിരുന്ന് വന്ദനം സിനിമ കണ്ട് മോഹന്‍ലാലിനൊപ്പം പാട്ടും പാടി തിരുവനന്തപുരത്തേക്കുള്ള യാത്ര. ഒന്‍പതാം ക്ലാസ്സിലെ എസ്കര്‍ഷന് പോയപ്പോള്‍ വീഡിയോ കോച്ചിലെ പതുപതുത്ത സീറ്റില്‍ ഇരുന്ന് ഒരു വടക്കന്‍ വീരഗാഥ കണ്ടതിന്‍റെ സുഖമുള്ള ഓര്‍മ്മകള്‍, പാങ്ങോട്ടെ പട്ടാള ക്യാമ്പില്‍ അജുവും അനിയും ഒമനക്കുട്ടനും, പീച്ചേ മുട്ട്, ബായെ മുട്ട് താളത്തില്‍ വിളിച്ചു കാലുകള്‍ ഉയര്‍ത്തി ചവിട്ടുന്നതിന്റെ അലയൊലികള്‍. നെഞ്ചളവ് കുറവെങ്കിലും "പ്രഭാകരണ്ണന്‍റെ ആളല്ലിയോ കടത്തി വിട്ടില്ലങ്കില്‍ നമ്മുടെ തൊപ്പി തെറിക്കും" എന്ന് പേടിയോടെ പിറുപിറുക്കുന്ന മേജര്‍ ജനറല്‍ റാംസിംഗിന്‍റെ കപ്പടാ മീശക്കുള്ളിലെ ദൈന്യത നിറഞ്ഞ മുഖം. ആദ്യ ശമ്പളം വാങ്ങി സന്തോഷ ലെടുവുമായി കാണാന്‍ വരുന്ന അനിയുടെ "നിന്‍റെ പല്ലില്ലാത്തിടത്ത് ലടു ഉടക്കുമോടെ" എന്ന പരിഹാസം. ആദ്യകാല ടെലിവിഷന്‍ സംപ്രേഷണം പോലെ കാഴ്ചകളും അവ മങ്ങുമ്പോള്‍ നെടുവീര്‍പ്പുകളുമായി തെളിഞ്ഞും മങ്ങിയും എന്‍റെ ചിന്തകള്‍ കാടു കയറി.

"എന്‍റെ ദേവകിച്ചേയി... അവന് പല്ലുണ്ടാരുന്നേല്‍ ഞാന്‍ വിടുമോ?" അല്ലേലും എന്‍റെ മോനെ പട്ടാളത്തില്‍ വിട്ടു ചൈനക്കാരുടെ വെടികൊണ്ടു ചാവാന്‍ ഞാന്‍ സമ്മതിക്കൂല്ല. അവനെ ഞങ്ങള് പേര്‍ഷ്യക്ക് വിടും. അല്ലേലും എനിക്കറിയാമാരുന്നു ആ പ്രവാകരന്‍ അലവലാതിയാനെന്നു... തെണ്ടി, ചതിയന്‍... ഭൂ....

അമ്മയുടെ ശബ്ദത്തിലെ സന്തോഷ ശല്ക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ കതക് തുറന്ന് പുറത്തു ചാടി. ശോകമാണ് ദേവകിയമ്മ, അമ്മയാവട്ടെ കടുത്ത സന്തോഷവതിയും. എന്നെ കണ്ടതെ അമ്മ ഒരു ഉള്‍പ്പുളകത്തോടെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു പ്രഖ്യാപനം. "പട്ടാളം പ്രവാകാരന്‍ മുങ്ങിയെടാ" അപ്പോഴും ദേവകിയമ്മയില്‍ നിസംഗതയായിരുന്നു ഭാവം.

തീര്‍ത്തും വിജനമായ മണ്‍പാതയിലൂടെ ഓരം ചേര്‍ന്നു ഞാന്‍ നടക്കുകയാണ്. അല്പം അകലെ അമ്പല ജംഗ്ഷനില്‍ രണ്ടു വീഡിയോ കോച്ച് ബസ്സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.

എതിര്‍ ദിശയില്‍ വന്ന വേലു ഒരു നിമിഷം എന്നെ കണ്ട് ഒന്നു പരുങ്ങി. "അല്ലെങ്കിലും നീ പേര്‍ഷ്യെ പോകാന്‍ ഇരിക്കുവല്ലേ, നിനക്ക് എന്തിനാ ഈ പട്ടാളം". അത്രയും പറഞ്ഞ വേലുവിനെ പിന്നെ അവിടെയെങ്ങും കണ്ടില്ല.

ഓമനക്കുട്ടന്‍ ബോംബയില്‍ പോയതാണ് പോലും, അജു അമ്മാവന്‍റെ വീട്ടില്‍ വിരുന്നിനു പോയി. അനിയാവട്ടെ ഇലക്ട്രീഷ്യന്‍ പഠിക്കാന്‍ മാഗ്ലൂരും പോയി. അനിരുദ്ദന്‍ ചേട്ടന് വീഡിയോ കൊച്ചിന്റെ വാടക ഇമ്മിണി ചിലവായതായി പറഞ്ഞു കേള്‍ക്കുന്നു.

"എന്നെ കുതികാല്‍ വച്ചു വീഴ്ത്താന്‍ മനോബലം ആര്‍ജ്ജിച്ച ജോസിനും, ജോസിന്‍റെ മനോനിലക്ക് അനുസരിച്ച് ശരിയാം വണ്ണം പ്രവര്‍ത്തിച്ച പെരും കാലിനും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് ഉപചാരപൂര്‍വ്വം പേര്‍ഷ്യക്കാരന്‍ അജി ...

Friday 4 March 2022

കുറ്റകൃത്യങ്ങളുടെ വ്യാപാരികള്‍

സൗദി അറേബ്യയിൽ വന്ന് മൂന്നു നാല് വർഷത്തിന് ശേഷമാണ് ഇനി പറയുന്ന സംഭവം നടക്കുന്നത്. അന്ന് വർക്ക് ചെയ്തിരുന്ന കമ്പനിയുടെ റിയാദിലെ മലാസിലുള്ള ഓഫീൽ നിന്ന് സ്റ്റാഫ് അക്കോമഡേഷൻ സ്ഥിതി ചെയ്യുന്ന ഷുമൈസിയിലേക്ക് പോകുകയായിരുന്നു ഞാൻ. ഷുമൈസിയോട് അടുക്കുന്ന വേളയിൽ, സൗദി അറേബ്യൻ തെരുവുകളിൽ സാധാരണ കാണാത്ത ഒരു ആൾക്കൂട്ടം എന്നിലെ മലയാളി കൗതുകത്തെ ഉണർത്തി. ശ്രദ്ധിച്ചപ്പാേൾ ഏറിയ പങ്കും മലയാളികളാണ് കൂട്ടത്തിലുണ്ടായിരുന്നത്, അപൂർവ്വമായി പാക്കിസ്ഥാനികളും, ബംഗാളികളും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് വാഹനത്തിൽ നിന്ന് ഇടയ്ക്കിടെ അനൗൺസ്മെൻറ് വരുന്നുണ്ടായിരുന്നു. കുറച്ചു അകലെ വണ്ടി പാർക്ക് ചെയ്ത് ഞാനും ഡ്രൈവറും അവിടേക്ക് ചെന്നു.

ഒരു കൊലപാതകമാണ്, അതും മലയാളി കുടുംബം. ഭർത്താവ് തലയ്ക്ക് അടിയേറ്റും, ഭാര്യ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടും, രണ്ടു വയസ്സുള്ള കുട്ടി കസേരയിൽ കെട്ടിവച്ച് വായിൽ തുണി തിരുകി വയ്ക്കപ്പെട്ടും, അതിനീചമായ കൊലപാതകം. മൂന്നാം ദിവസം തൊട്ടയൽവക്കത്തെ പാക്കിസ്ഥാനി ഫ്ലാറ്റിൽ നിന്നും അതികഠിനമായ ദുർഗന്ധം ഉണ്ടാവുന്നു എന്ന് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പുറംലോകം അത്തരം ഒരു അത്യാഹിതം അറിയുന്നത് തന്നെ. സൗദി അറേബ്യൻ സാഹചര്യത്തിൽ അത്തരം ഒരു സ്ഥലത്ത് അധികനേരം നിന്നാൽ സംഭവിക്കുന്ന നിയമപരമായ പ്രശ്നങ്ങളെ ഓർത്ത് ഞാനും ഡ്രൈവറും അൽപ്പ സമയത്തിനുള്ളിൽ പിൻവാങ്ങി. പക്ഷേ അതിക്രൂരമായ കൊലപാതകം എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അതിനാൽ തന്നെ പ്രസ്തുത കൊലപാതകത്തെ സംബന്ധിച്ചും അതിൻ്റെ തുടർ നടപടികളെ സംബന്ധിച്ചും എൻ്റെ ദിനേനയുള്ള ഓഫീസ് യാത്രകളിൽ അന്വോഷിച്ചു കൊണ്ടിരുന്നു.

എന്തായാലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൊലപാതകിയെ പോലീസ് പിടികൂടി, അത് തൊട്ടടുത്ത ഫ്ലാറ്റിലെ, പോലീസിനെ ഫ്ലാറ്റിലെ ദുർഗന്ധത്തെ കുറിച്ച് അറിയിച്ച അതേ പാക്കിസ്ഥാനി തന്നെ ആയിരുന്നു. ഒരു കൊലപാതകത്തെ കുറിച്ച് വിവരം സദുദ്ദേശത്തോടെ പുറംലോകത്തെ അറിയിക്കുകയും, ആത്മവിശ്വാസത്തോടെ അന്വോഷണ സംഘത്തോട് പരമാവധി സഹകരിക്കുകയും ചെയ്യുക വഴി, അയാളിലേക്കുള്ള സംശയമുനയെ കുറച്ചു ദിവസത്തേക്കെങ്കിലും വഴിതിരിച്ചു വിടാൻ അയാൾക്ക് കഴിഞ്ഞു. അതിസമർത്ഥനായ ഒരു കുറ്റവാളികൾക്ക് മാത്രം കഴിയുന്ന ഒന്ന്.

ആ കുടംബത്തോട് ഏറ്റവും അടുത്തു പെരുമാറുന്ന കൊലയാളി, അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയിരുന്നു. അന്നേ ദിവസം ഭർത്താവ് ജോലിക്ക് പോയപ്പോൾ കതക് മുട്ടുന്നത് ഭയ്യ ആയത് കൊണ്ട് തുറക്കാൻ വീട്ടമ്മയ്ക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. പ്രണയാഭ്യർത്ഥന തമാശയായി എടുത്ത് പിന്നീട് ശബ്ദം മാറിയപ്പോൾ പുറത്ത് പോകാൻ പറഞ്ഞു എങ്കിലും ഭയ്യ കതക് പൂട്ടുകയാണ് ചെയ്തത്. അമ്മയെ ആക്രമിക്കുന്നത് കണ്ട കുട്ടി നിലവിളിച്ച് കരയാൻ തുടങ്ങിയപ്പോൾ പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിവച്ച് വായിൽ തുണി കുത്തിത്തിരുകി, ശേഷം വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത്
കൊന്നു കളഞ്ഞു. പിന്നെ ഭർത്താവ് വരാനായി റൂമിൽ തന്നെ കാത്തിരുന്നു. ഭർത്താവ് വന്നപ്പോൾ അയാളെയും കൊന്നു. ഭീകരമായ അവസ്ഥ എന്തെന്നാൽ ജീവനോടെ ഒരു രണ്ടു വയസ്സുകാരൻ ഇതെല്ലാം ദൃസാക്ഷിയാകുകയായിരുന്നു. ആ കുഞ്ഞ് മരിച്ചത് പിന്നെയും രണ്ടു ദിവസത്തിന് ശേഷം നിർജ്ജലീകരണം മൂലമായിരുന്നു എന്നതാണ് ഹൃദയം നിന്ന് പോകുന്ന സത്യം. വളരെ അടുത്ത് ഇടപെടുന്ന സ്ത്രീയോട് തോന്നിയ ലൈംഗികാസക്തി ഉണ്ടാക്കിയ അവിശ്വസിനീയമായ സംഭവങ്ങളാണ് ഞാൻ മുകളിൽ വിവരിച്ചത്.

എന്തിനോടും ഉള്ള അമിതാസക്തി ഇത്തരം സാഹചര്യങ്ങളിലേക്ക് ഏത് മനുഷ്യരേയും നയിക്കാം എന്നതാണ് ഈ സംഭവത്തിലെ കാതലായ സന്ദേശമായി ഞാൻ പറയാൻ ആഗ്രഹിച്ചത്. പണത്തോട്, അധികാരത്തോട്, മദ്യത്തോട്, ലൈംഗികതയോട് എന്തിനേറെ സമൂഹം നല്ലത് കെട്ടത് എന്ന് വിലയിരുത്തുന്ന എന്തിനോടുമുള്ള അമിതമായ ആസക്തി ജീവിതത്തെ നേർരേഖയിൽ നിന്ന് വഴിതിരിച്ചു വിടും എന്നതിന് ഇതേ പോലെ നൂറ് ഉദാഹരണങ്ങൾ നമ്മുക്ക് മുന്നിലുണ്ട്.

ഇന്ന് നാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്ന രാഷ്ട്രീയ മത വ്യക്തിപരമായ ഏറിയ പങ്ക് കേസുകളും പണത്തോടും അധികാരത്തോടുമുള്ള ആസക്തിയിലേക്ക് ചേർത്ത് വയ്ക്കാനാണ് എനിക്ക് തോന്നുന്നത്. അല്ലങ്കിൽ അധികാരത്തിൽ ഇരിക്കുന്നവർ, സമൂഹത്തിൽ വിലയും നിലയുമുള്ളവർ, സാമാന്യത്തിൽ കൂടുതൽ ശമ്പളവും വരുമാനവുമുള്ളവർ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നതിനെ എന്തിനോട് ചേർത്ത് വയ്ക്കും. കൊലപാതകമായാലും. മോഷണമായാലും, അവയില്‍ എല്ലാം മേൽപ്പറഞ്ഞ പാക്കിസ്ഥാനി മുഖങ്ങൾ കാണാൻ കഴിയുന്നുണ്ട്. എല്ലാ രാഷ്ട്രീയ മത പാർട്ടികളുടേയും അതിലെ നേതാക്കന്മാരുടേയും കാര്യത്തില്‍ പ്രത്യേകിച്ചും.

Thursday 24 February 2022

ആകാശത്തിലെ പാമ്പുകള്‍

രണ്ടായിരത്തിലെ ഒരു വിമാനയാത്രയെ കുറിച്ചാണ് പറയുന്നത്. ഇന്ന് ഒരു പക്ഷേ ഇത്തരം ഒരു സംഭവം നടന്നേക്കില്ല.  ദമാമില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. എയര്‍ ഇന്ത്യ പതിവുപോലെ ഒരു മണിക്കൂര്‍ ലേറ്റ്‌. വിമാനം എടുത്തപ്പോള്‍ മുതല്‍ അതിഭയങ്കരമായ കുടുക്കം. കേരളത്തിലെ പഴയകാല റോഡുകളില്‍ കൂടി പോകും പോലെ. ഉയര്‍ന്നു പൊങ്ങിയും താഴേക്ക് പതിച്ചും!

എല്ലാവരുടേയും മുഖത്ത് ഭീതി നിഴലിച്ചിരുന്നു. എന്താേ സംഭവിക്കാൻ പോകുന്ന ഒരു മുൻവിധിയിൽ കുട്ടികളും, സ്ത്രീകളും പരമാവധി പരസ്പരം ഇഴുകിയിരുന്ന് പതംപറച്ചിലുകൾ. ഇടയ്ക്കിടെ പൈലറ്റിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുന്ന അനൌണ്‍സ്മെന്റുകള്‍. ഏതാണ്ട് ഗൾഫ് മേഖല പിന്നിട്ടപ്പാേൾ  അന്തരീക്ഷം ഒന്ന് ശാന്തമായി എന്ന വിലയിരുത്തലിൽ എയര്‍ഹോസ്റ്റസ് ഭക്ഷണം വിളമ്പി. യാത്രക്കാരിൽ പലരും അത്  കഴിച്ചെന്നു വരുത്തി വീണ്ടും പ്രാര്‍ഥനയില്‍.

അങ്ങനെ വിമാനം ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നു ഗോവന്‍ തീരത്തേക്ക് പ്രവേശിച്ചു. വിമാനത്തിന്റെ കുലുക്കത്തിന് വലിയ ശമനം വന്നു. എങ്കിലും ഒരാള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന തരത്തില്‍ ശാന്തമായിരുന്നില്ല. അപ്പോഴാണ് പിറകില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. അതു പിന്നെ പലരിലേക്ക് പടരുകയും ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ ആണു അതിന്റെ യഥാര്‍ത്ഥ കാരണം എനിക്ക്‌ മനസ്സിലായത്‌. സാധാരണയായി വിളമ്പാറുള്ള മദ്യം വിമാനത്തിലെ പ്രത്യേക സാഹചര്യം കാരണം വിളമ്പാന്‍ കഴിഞ്ഞിട്ടില്ല. അതിനു എതിരെയുള്ള പ്രതിഷേധം ആയിരുന്നു അത്. 

രസകരം എന്തെന്നാൽ, വിഷയം മദ്യമായത് കൊണ്ട്, നമ്മുടെ ബീവറേജിലെ ക്യൂവിലെ സമത്വവും സാഹോദര്യത്തേയും സോഷ്യലിസത്തേയും ഓർമ്മിപ്പിച്ച് കൊണ്ട്,  പ്രതിഷേധ നിരയില്‍ ഗൾഥിലെ ജോസ് പ്രകാശ് പൈപ്പ് ജാഡക്കാർ മുതൽ സാധാരണക്കാരൻ വരെ കട്ടയ്ക്ക് കൂടെ നിന്നു എന്നതാണ്. പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയും അതിന്റെ ശബ്ദം ഉച്ചാവസ്ഥയില്‍ ആകുകയും ചെയ്തപ്പോള്‍ എയര്‍ഹോസ്റ്റസ്‌ അമ്മച്ചിമാര്‍ ബേഞ്ചൂത്ത്,  മദര്‍ച്ചൂത്ത്‌ എന്നിങ്ങനെയുള്ള മനോഹര പദങ്ങള്‍ പരസ്യമായി ഉരുവിട്ടുകൊണ്ടു ആ കുടുക്കത്തിലും മദ്യം വിളമ്പി. നമ്മുടെ സോഷ്യലിസ്റ്റുകൾ അമ്മക്കും പെങ്ങള്‍ക്കും വിളികേട്ടു ഒരു ഉളുപ്പും ഇല്ലാതെ അതു സേവിച്ച്‌ ഏമ്പക്കവും വിട്ടു.

അന്ന് ആദ്യമായി നമ്മുടെ സമൂഹത്തെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മദ്യത്തിനു മുന്നില്‍ കുടുംബത്തെ മറക്കുന്ന എന്നു പലരും ആരോപിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ അതാണ്‌ മലയാളി എന്ന് തെളിയിച്ച് കൊടുത്ത സംഭവം.

പിന്നീടൊരിക്കൽ സുഹൃത്തിനൊപ്പം ഒമാൻ എയറിൽ നാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ ഉണ്ടായത് മറ്റൊരു അനുഭവമാണ്. മദ്യം വിളമ്പാൻ തുടങ്ങിയപ്പോൾ, കുടിക്കാത്ത എന്നെ നിർബന്ധിച്ച് എനിക്കുള്ള ഷെയർ കൂടി വാങ്ങി അദ്ദേഹം സേവിച്ചു, പിന്നീട് അടുത്ത രണ്ടു പെഗ്ഗ് റിക്വസ്റ്റ് ചെയ്ത് വാങ്ങി, അതിന് ശേഷം രണ്ടു ഗ്ലാസുമായി എഴുന്നേറ്റ് പോയി ഇരന്ന് വാങ്ങിയും കുടിച്ചു. ഇതെല്ലാം കഴിഞ്ഞ് പൂരപ്പാട്ട് എനിക്ക് നേരെ തിരിഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വരികയും സൗഹൃദം തന്നെ ഏതാണ്ട് അവസാനിപ്പിക്കേണ്ടിയും വന്നു. 

കുടിച്ച് ബോധം നഷ്ടപ്പെട്ട ഒരുവനെ വീൽ ചെയറിൽ കൊണ്ടുവന്ന് ബന്ധുക്കളെ തേടുന്ന കാഴ്ച ഒരിക്കൽ തിരുവനന്തപുരം എയർപോർട്ടിൽ കാണുകയുണ്ടായി.

Wednesday 9 February 2022

താനാരാണന്ന് തനിക്കറിയാന്മേലങ്കില്‍........

ചിലർ പറയാറുണ്ട്... തന്നെക്കുറിച്ച് മോശം പറയുന്നു എന്നും, തന്നോട് ചോദിക്കേണ്ട പല കാര്യങ്ങളും തന്‍റെ സുഹൃത്തുക്കളോട് ചോദിച്ച് മനസ്സിലാക്കുന്നു എന്നും, തന്‍റെ തെറ്റുകളും കുറവുകളും മറ്റാരേക്കാളും നന്നായി തനിക്കറിയാവുന്നത് കൊണ്ട് എന്തേലും ചോദിക്കാനുണ്ടേൽ അത് തന്നോട് നേരിട്ട് ചോദിക്കുന്നതല്ലേ ഉത്തമം എന്നും.

ഒരു വ്യക്തിക്ക് ആ വ്യക്തിയിൽ തന്നെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ കഴിയുക എന്നത് സാങ്കേതികമായി അസാധ്യമായി ഒരു കാര്യമാണന്ന് എനിക്ക് തോന്നുന്നു. ഇനി അറിയാമെങ്കിൽ തന്നെ അത് തുറന്ന മനസ്സോടെ മറ്റൊരാൾക്ക് മുന്നിൽ ഏറ്റുപറയാൻ തയ്യാറാകുന്നവർ തുലോം കുറവാണ് താനും. തന്നിലെ തന്നെ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നതിൽ മനുഷ്യരിൽ ഏറിയ പങ്കും അമ്പേ പരാജിരാണ്, എന്നാൽ ഇല്ലാത്ത തന്‍റെ നന്മകൾ പോലും സ്വയം പ്രചരിപ്പിക്കുന്നതിൽ ആവനോളം മിടുക്കൻ വേറെ ഇല്ലതാനും. 

എന്റെ അഭിപ്രായത്തിൽ ഒരുവനിലെ നന്മതിന്മകൾ അവനു തന്നെയും, അവൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനും വ്യക്തമായി അറിയണമെങ്കിൽ, വിമർശനാത്മക സ്നേഹം കാംക്ഷിക്കുകയും കൊടുക്കാൻ തയ്യാറാകുകയും ചെയ്യുന്ന സൗഹൃദങ്ങൾ അവന് ഉണ്ടാകുമ്പോൾ മാത്രമാണ്. പരസ്പരം നിഷ്കാമമായി സംസാരിക്കുകയും തിരുത്തപ്പെടുക്കുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന സൗഹൃദബന്ധങ്ങൾ ഒരുവന് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റേത് ബന്ധങ്ങളെക്കാൾ ഒരു യഥാർത്ഥ സുഹൃത്തിന് മാത്രം സാധിക്കുന്ന ഒന്നാണ് വിമർശനാത്മക സൗഹൃദം. തന്നിലെ തന്നെ, താനായി വളർത്തിയെടുക്കുന്നതിനോടൊപ്പം, അതിനെ അതേ ഗൗരവത്തിൽ അംഗീകരിക്കാൻ തയ്യാറാകുന്ന സൗഹൃദങ്ങൾ കൂടി ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ജീവിതം ഒരു പരിധി വരെ വിജയകരമായിരിക്കും.. 

നിങ്ങളുടെ സൗഹൃദങ്ങൾ നിങ്ങളെ കുറിച്ച് സംസാരിക്കട്ടെ...

Monday 17 January 2022

ദാമ്പത്യം - ശരിയും തെറ്റും.

കുട്ടികൾ പൊതുവെ കുസൃതികളാണ്. അവരെ അനുസരിപ്പിക്കാനും അനുനയിപ്പിക്കാനും സംയമനത്തിൻ്റെ ഭാഷയോളം മറ്റൊന്ന് ഉണ്ടാവില്ല. പക്ഷേ നമ്മൾ മാതാപിതാക്കൾ പൊതുവെ സ്വീകരിക്കുന്നതോ? "ഓടിയാൽ വീഴും" എന്ന പലവുരു ഓർമ്മപ്പെടുത്തിയ മുന്നറിയിപ്പ് വകവയ്ക്കാത്ത കുസൃതി കുടുക്ക, അവൻ്റെ വീഴ്ച്ചയിൽ സ്വാന്തനം നൽക്കുന്ന അച്ഛനെ ആവും പ്രതീക്ഷിക്കുക. അതുവരെ നൽകിയ മുന്നറിയിപ്പിനെ കുറിച്ചാവില്ല അവൻ്റെ ചിന്ത, മറിച്ച് വീണ് മുറിവേറ്റ കാൽമുട്ടിനെ കുറിച്ച് മാത്രമാവും. പക്ഷേ അച്ഛൻ സ്വതവേ ചെയ്യുന്നത് മറ്റൊന്നാണ്. സാമാന്യം നല്ല മുഴുത്ത വടിയെടുത്ത് നെറുകയും കുറുകയും അടിക്കും, എന്നിട്ട് ഒരു രോഷപ്രകടനവും നടത്തും "നിന്നോട് ഞാൻ പറഞ്ഞില്ലേടാ ഓടരുതെന്ന്, അനുഭവിച്ചോ". തൻ്റെ സംരക്ഷകർ എന്ന് കരുതുന്ന മാതാപിതാക്കളുടെ അവശ്യസമയത്തെ ഇത്തരം പ്രവർത്തികൾ അവനെ പിന്തിരിപ്പൻ ആക്കും എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? മറിച്ച് അനുഭാവപൂർവ്വം കുട്ടിയെ വീണിടത്ത് നിന്ന് ചേർത്ത് പിടിച്ച് മുറിവ് ഊതികൊടുത്ത്, മരുന്ന് പുരട്ടിക്കൊടുത്ത് മുടിയിഴകളിൽ ഉള്ള സ്നേഹത്തലോടലിന് ഇടയിൽ അച്ഛൻ ചൊല്ലിയ ഉപദേശം അനുസരിക്കാത്തതിലെ ഭവിഷ്യത്ത് പറഞ്ഞു മനസ്സിലാക്കിയാൽ കുട്ടിക്ക് ഉണ്ടാകുന്ന കുറ്റബോധം അതുവഴി അവൻ അടുത്ത നിമിഷം മുതൽ  എടുക്കുന്ന മാതാപിതാക്കളെ അനുസരിക്കണം എന്ന വലിയ തീരുമാനം, അവൻ്റെ ജീവിതത്തിന് തന്നെ ഒരു മുതൽക്കൂട്ടായേക്കാവുന്നതാവും. 

ഞാൻ ഇത് പറയുന്നത് കേവലം മാതാപിതാക്കളും കുട്ടികളും തമ്മിലുളള ബന്ധത്തിൽ മാത്രം പുലർത്തേണ്ട ഒന്നല്ല. ദാമ്പത്യ ബന്ധങ്ങളിലും ഈ സംയമനത്തിൻ്റെതായ ഭാഷയുടെ ആവശ്യകത തീർച്ചയായും ഉണ്ട്. രണ്ടു സാഹചര്യങ്ങളിൽ, രണ്ടു സംസ്കാരത്തിൽ, രണ്ടു നിലപാടുകളിൽ, വളർന്നു വരുന്ന  വ്യക്തികളുടെ സമാഗമത്തിൽ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, ചിന്താ തലം, പ്രവർത്തന ശൈലി എന്നിവയൊക്കെ ഒന്നാവണം എന്ന് ശഠിക്കുന്നിടത്തോളം വങ്കത്തരം വേറെ ഒന്നും ഇല്ല. അവിടെയാണ് വിവേകപൂർവ്വമായ ചുവടുവയ്പ്പുകളിലൂടെ ദാമ്പത്യത്തെ മനാേഹരമാക്കാൻ കഴിയുക. ദാമ്പത്യത്തെ കുസൃതി നിറഞ്ഞ ഒരു കുട്ടിയായി കാണാനും, അതിൻ്റെ ചാപല്യങ്ങളെ പോസിറ്റീവ് സെൻസിൽ വിലയിരുത്താനും, അതിൻ്റെ അനുസരണയില്ലായ്മകളെ അല്ലങ്കിൽ കുറവുകളെ അനുനയനത്തിൻ്റെ ഭാഷയിൽ കൈകാര്യം ചെയ്യാനും കഴിയുന്നതിൻ്റെ ആകെത്തുകയെ വേണമെങ്കിൽ സുഖദാമ്പത്യം എന്ന് വിളിക്കാം. ചിലവേള പങ്കാളിയിൽ നിന്ന് ഉണ്ടായേക്കാവുന്ന, മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത, ചെറിയ വീഴ്ചകളെ വിട്ടുവീഴ്ച ഭാഷയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നല്ലപാതി ദാമ്പത്യത്തിൻ്റെ ഭാഗ്യമാണ്.

ദാമ്പത്യത്തിൻ്റെ വിവിധ ഘട്ടങ്ങളെ  ഭൗതീകമായി വിശകലനം ചെയ്യുമ്പോൾ ശൈശവം, യൗവ്വനം, വാർദ്ധക്യം എന്നാെക്കെ വിശേഷിപ്പിക്കുമെങ്കിലും, പ്രായോഗിക തലത്തിൽ ജനനം മുതൽ മരണം വരെ അതിനെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത ശിശുവിനോട് മാത്രമേ ഉപമയുള്ളു. അതിനാൽ തന്നെ ഫാമിലി കൗൺസിലിംഗിൽ വൈദഗ്ദ്യമുള്ളവർ ദാമ്പത്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്, ഒരു ശിശുരോഗ വിദഗ്ദനോളം സൂക്ഷമതയോടെ ആയിരിക്കും. മുൻപ് ഫാമിലി കൗൺസിലിംഗിൻ്റെ ഭാഗമായി പ്രവർത്തിച്ച അനുഭവജ്ഞാനത്തിൽ, ഒരു കെട്ടുറപ്പുള്ള കുടുംബത്തിന് അനുവർത്തിക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ വിഷയത്തിൽ എന്നിൽ നിന്ന് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ളവർ തീർച്ചയായും ഉണ്ടാവാം. അവരിൽ നിന്നുള്ള പ്രതികരണം ഈ കുറിപ്പിന് കൂടുതൽ നിറം പകരും എന്നും ഉറച്ച് വിശ്വസിക്കുന്നു.

ദാമ്പത്യം എന്നത് രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ (സ്ത്രീ പുരുഷനല്ല) കൂടിച്ചേരൽ ആണന്നും, അവിടെ ഇരുവർക്കും അവരവരുടേതായ വ്യക്തിസ്വാതന്ത്ര്യത്തിന് അവകാശമുണ്ടന്നും, ദമ്പതികൾക്ക് തിരിച്ചറിവുണ്ടാകണം. വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിൽ പ്രശ്നമില്ല, എന്നാൽ അത് പങ്കാളിയുടെ പൂർണ സമ്മതത്തോടെ ആവണം എന്നു മാത്രം. സമൂഹത്തിലേക്ക് എന്ന പോലെ അയൽപക്കങ്ങളിലേക്ക് എന്ന പോലെ, അന്യ വ്യക്തികളിലേക്ക് എന്ന പോലെ അകലം നിഷ്കർഷിക്കാൻ കഴിയുന്ന ഒരു ബന്ധം അല്ല ദാമ്പത്യം എന്ന തിരിച്ചറിവിലും, വിവേകപൂർവ്വമായ വ്യക്തിസ്വാതന്ത്ര്യത്തിന് അർഹരായിരിക്കണം പങ്കാളി. ഇന്ന്  പ്രധാനമായും പങ്കാളിയുടെ സൗഹൃദങ്ങളെ കൈകാര്യം ചെയ്യുന്നതിലെ ശരിതെറ്റുകളിൽ ആടിയുലഞ്ഞാണ് ദാമ്പത്യത്തിൻ്റെ ജയപരാജയങ്ങൾ കണക്കാക്കപ്പെടുക. സൗഹൃദങ്ങളുടെ കാര്യത്തിൽ, അത്തരം ശരിയും തെറ്റും, ചതിയും വഞ്ചനയും തീർത്തും ആപേക്ഷികമാണന്ന വിലയിരുത്തി മറ്റെല്ലാ വിഷയങ്ങളിലും എന്നപോലെ  നല്ലപാതിയെ പൂർണ വിശ്വാസത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നവർക്കേ ദാമ്പത്യത്തിൽ പൂർണ വിജയം ഉണ്ടാകുകയുള്ളു എന്ന് ഉറപ്പാണ്. ഏത് വിഷയത്തിലുമുള്ള സംശയമുനകളും വ്യക്തി ബന്ധങ്ങളിൽ കരിനിഴൽ വീഴ്ത്താനെ ഉപകരിക്കു, ദാമ്പത്യത്തിൽ പ്രത്യേകിച്ചും. ഓൺലൈൻ സൗഹൃദങ്ങളുടെ സജീവ സാന്നിദ്ധ്യമുള്ള ഇക്കാലത്ത് സൗഹൃദങ്ങളുടെ നേരെയുള്ള സംശയമുനകളാണ് കുടംബ ബന്ധങ്ങളിലെ പ്രധാന വില്ലൻ. സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനും, അതിന് അതിർവരമ്പുകൾ നിർവ്വചിക്കാനും വിവേകമുണ്ടാകുന്നത്ര പ്രാധാന്യമുള്ളതാണ് ഇണയുടെ സൗഹൃദങ്ങളിലേക്കുള്ള സംശയദൃഷ്ടിയും കടന്നു കയറ്റവും നിയന്ത്രിക്കേണ്ടതും.

പങ്കാളിയുടെ കുടംബബന്ധങ്ങളിലേക്കുള്ള കടന്നു കയറ്റമോ, ബന്ധങ്ങൾക്കുള്ള ലക്ഷമണ രേഖ നിർവ്വചനമോ ആണ് മറ്റൊരു പ്രധാന ദാമ്പത്യ പ്രശ്നമായി കണ്ടുവരുന്നത്. ദമ്പതികളേക്കാൾ ഈ വിഷയത്തിൽ സംയമനമോ സഹിഷ്ണുതയോ പാലിക്കേണ്ടത് കുടുംബാംഗങ്ങൾ ആണന്ന കാര്യത്തിൽ സംശയമില്ല. മക്കൾ എന്ന നിലയിൽ അതുവരെയുണ്ടായിരുന്ന അധികാര മേഖലയിലേക്ക് മൂന്നാമതൊരാൾ കടന്നു വരുന്നതിനെ സർവ്വാത്മനാ അംഗീകരിച്ച് നിരുപാധികം പിന്മാറണം എന്നല്ല പറഞ്ഞതിൻ്റെ പൊരുൾ. മക്കളുടെ സൗന്ദര്യ പിണക്കങ്ങളിലേക്ക് അനാവശ്യമായി കടന്നു കയറാതെ എന്നാൽ നിർണായകമായ പ്രശ്നങ്ങളിൽ ആരോഗ്യപരവും, നിഷ്പക്ഷവുമായ ഇടപെടീലുകൾ മാത്രം നടത്തിയും ഒരു സമദൂരത പാലിക്കേണ്ടത് ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്. മറിച്ചുള്ള ഏത് നീക്കവും മക്കളുടെ ദാമ്പത്യ ബന്ധത്തെ കാരണമില്ലാതെ തകർക്കാൻ മാത്രമേ ഉപകരിക്കു എന്നോർക്കുക. ഇതേ വിഷയത്തിൽ ദമ്പതികൾക്കും ചില കടമകൾ നിർവ്വഹിക്കേണ്ടതുണ്ട്, വിവാഹാനന്തരം പ്രധമ പരിഗണന തനിക്ക് മാത്രമായിരിക്കണം എന്ന ഇടുങ്ങിയ ചിന്താഗതി സൂക്ഷിക്കുന്നവർ പ്രത്യേകിച്ചും. നിങ്ങളെ വിവാഹം കഴിച്ചു എന്ന പേരിൽ, ഒരുപാട് സ്നേഹവും വാത്സല്യവും ഉണ്ട് വളർന്ന സാഹചര്യങ്ങളെ ഒഴിവാക്കണം എന്ന് പറയുന്നതിലും കാരുണ്യമില്ലായ്മ മറ്റൊന്നില്ല. ഒപ്പം നിങ്ങൾ ഏറെ പ്രണയിക്കുന്നു എന്ന് അവകാശപ്പെടുന്ന നല്ല പാതിയെ നിങ്ങൾക്ക് സമ്മാനിച്ച അവരുടെ മാതാപിതാക്കളെ, സാഹചര്യങ്ങളെ, സംസ്കാരത്തെ ഉൾക്കൊള്ളാനും ബഹുമാനിക്കാനും നിങ്ങൾക്ക് കഴിയട്ടെ.

സമത്വവും സ്വാതന്ത്ര്യവും ഉത്ഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ പോലും, സ്ത്രീയെ ഉട്ടോപ്യൻ കാലഘട്ടത്തിലെ അടിമകളായി കണക്കാക്കുന്ന പുരുഷന്മാരും, പുരുഷന്മാരെ സർവ്വരക്ഷാ പരിത്യാഗികളായി അംഗീകരിച്ച് അടിമകളായി ജീവിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അതേ പോലെ തന്നെ ആധുനികതയുടെയും, സ്ത്രീപക്ഷ വാദത്തിൻ്റേയും ഗർവ്വിൽ പുരുഷനെ അടിമകളായി കാണുന്ന സ്ത്രീകളും, അടിമത്വം അംഗീകരിച്ച് അവരിലേക്ക് ഒതുങ്ങി ഇണങ്ങുന്ന പുരുഷന്മാരേയും കാണാം. ദാമ്പത്യം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് ഒതുങ്ങി ഒടുങ്ങുകയാേ, വിജയം വരിക്കുകയോ ചെയ്യേണ്ട ഒരു കളിക്കളം അല്ല. അവിടെ സ്ത്രീയ്ക്കും പുരുഷനും പരമപ്രധാനമായ റോളുകൾ ഉണ്ട്. അത് സർവ്വാന്മനാ പരസ്പരം അംഗീകരിച്ച്‌ മുന്നോട്ട് പോകുന്നവരിൽ നല്ല ദാമ്പത്യം കാണാനാകും. പങ്കാളിയുടെ ഏത് ചെറിയ പ്രവർത്തികളേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. എന്തും തുറന്നു പറയാനുള്ള സൗഹൃദവും, തുറന്ന മനസ്സോടെ അത് കേൾക്കാനുള്ള സഹിഷ്ണുതയും ഉണ്ടാവണം. കുറ്റപ്പെടുത്തലുകളുടെ ഭാഷയുടെ സ്ഥാനത്ത് സ്നേഹപൂർണമായ ചൂണ്ടിക്കാട്ടലുകളും, തെറ്റുകളെ തിരുത്താൻ കാര്യമാത്ര പ്രസക്തമായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടാവണം. മനുഷ്യ സഹജമായ തെറ്റുകളെ തൃണവൽക്കരിക്കാനും, പിന്നീട് ഒരിക്കലും, അവയെ മറ്റു സൗന്ദര്യ പിണക്ക വിഷയങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കനൽ ജ്വലിപ്പിച്ച് വഷളാക്കാതിരിക്കാനുമുള്ള വിവേകവും, കാരുണ്യവും ഉണ്ടാവണം. നല്ലതോ കെട്ടതോ ആയ എന്ത് വിഷയവും തികച്ചും രാഷ്ട്രീയ സംവാദം എന്നപോലെ വിഷയാധിഷ്ടിതമാവണം എന്നതും പരമപ്രധാനമാണ്. 

ദാമ്പത്യത്തെ ശൈശവാവസ്ഥയിലുള്ള ഒരു മനുഷ്യ ജന്മത്തോട് ഉപമിച്ചത് വെറുതെയല്ല. വിവാഹ പന്തലിൽ നിന്ന് ഇറങ്ങി അടുത്ത നിമിഷം മുതൽ പൗത്രരെ താലോലിച്ച് നവമി ആഘോഷിച്ചവർ വരെ ബന്ധം വേർപെടുത്തിയ കഥകൾ ദിനേന കേൾക്കാറുണ്ട്. ചിലർ വേർപിരിയുമ്പോൾ അതിൻ്റെ കാരണം അന്വേഷിച്ച് അത്ഭുതത്തോടെ നമ്മൾ അടക്കം പറയാറുണ്ട്. ചിലരുടെ കെട്ടുറപ്പുള്ള ദാമ്പത്യം കണ്ട് നാം വാഴ്ത്താറുണ്ട്. വിവാഹ മോചനങ്ങൾക്ക് കാരണമായി നിരത്തുന്നത് ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ അതീവ ഗൗരവതരവുമായ വിഷയങ്ങൾ ആണ്. കറിക്ക് ഉപ്പു കുറഞ്ഞത്, അവിഹിത സംശയങ്ങൾ, കിടപ്പറയിലെ വീഴ്ചകൾ,  സ്വകാര്യതയിലേക്ക് കൈകടത്തൽ, അമ്മ അമ്മായിയമ്മ നാത്തൂൻ ഇടപെടീലുകൾ, എന്നിങ്ങനെ എന്ത് വിഷയത്തിനും അർത്ഥവത്തായ പരിഹാരമുണ്ടങ്കിലും ഈഗോ എന്ന കുട്ടിക്കുരങ്ങൻ എന്നും വിലങ്ങുതടിയായി മുന്നിൽ നിലയുറപ്പിക്കുകയും പരിഹാരമില്ലായ്മയുടെ കോടതി മുറികളിൽ ജീവിതത്തിന് വിരാമമിടുകയും ചെയ്യുന്നു. വീണ്ടും പറയുന്നു, ദാമ്പത്യം ഒരു കുറുമ്പൻ കുട്ടിയാണ്. അവിടെ ഏത് സാഹചര്യത്തിലും വേണ്ടത് തലോടലുകളും, സ്നേഹവും സഹവർത്തിത്വവും മാത്രമാണ്, കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ദാമ്പത്യത്തെ അവസാനിപ്പിക്കണം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ മാത്രമേ ഉതകു.

കുറിപ്പ് : ചതിയും വഞ്ചനയും, ശാരീരിക മാനസിക പീഡനങ്ങളും സഹിച്ച് ഒതുങ്ങണം എന്ന ഏകപക്ഷീയമായ ഒരു കാഴ്ചപ്പാടും ഈ കുറിപ്പ് മുന്നോട്ട് വയ്ക്കുന്നില്ല. ചില അവസരങ്ങളിൽ അസ്വാരസ്യങ്ങളുടെ കടിച്ചുതൂങ്ങലുകളേക്കാൾ അഭികാമ്യം സംഘർഷ രഹിതമായ ഒരു വേർപിരിയൽ തന്നെയാണ്.

Sunday 2 January 2022

ജീവിതശൈലിയും ആരോഗ്യവും

ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ജനത യൂറോപ്പിലെ ഇക്വേറിയ ദ്വീപു നിവാസികളാണ് പോലും. ഹൃദ്രോഗം, ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളൊന്നും ആ രാജ്യത്ത് എത്തി നോക്കിയിട്ടില്ല പോലും. ഗോതമ്പ്,  ബ്രഡ്, ഒലീവ് ഓയിൽ, അവിടെ തന്നെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, ബീഫ്, റെഡ് വൈൻ ഇവയൊക്കെയാണ് അവരുടെ ഭക്ഷണക്രമങ്ങൾ. കേരളത്തിലും ഈ ഭക്ഷണക്രമം കൊണ്ടു വന്നാൽ മലയാളികൾ നേരിടുന്ന മാരക അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കില്ലേ എന്ന വളരെ ലളിതമായ ഒരു ചോദ്യം ഒരു സുഹൃത്ത് ഒരു പൊതു ഇടത്തിൽ ചോദിച്ചിരിക്കുന്നത് കണ്ടു.

ഇവിടെ ഒരു താരതമ്യ പഠനത്തിന് ഒരു സാധുതയും ഇല്ലാത്ത രണ്ടു സംസ്കാരങ്ങളെ തമ്മിൽ ചേർത്തു വയ്ക്കുന്നതിലെ ശരിയില്ലായ്മ നിലനിൽക്കുമ്പോൾ തന്നെ, ആരോഗ്യരംഗത്ത് ഒരു വൈദിഗ്ദ്യം അവകാശപ്പെടാൻ ഇല്ലങ്കിൽ പോലും, ആഹാരമല്ല പ്രധാനമായും ഒരു മനുഷ്യനെ അസുഖക്കാരനാക്കുന്നത് എന്ന കാഴ്ചപ്പാടാണ് , ഈ വിഷയത്തിൽ എനിക്കുള്ളത്. അരിയാേ, ഗോതമ്പോ മറ്റ് ഭക്ഷ്യവസ്തുക്കളോ അസുഖങ്ങൾക്ക് കാരണമാകും എന്ന കാഴ്ചപ്പാടു തന്നെ തെറ്റാണ്. അതുകൊണ്ടു തന്നെ, നമ്മുടെ ആരോഗ്യസ്ഥിതിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഉണ്ടായ അപചയത്തെക്കുറിച്ച് എൻ്റെ പരിമിതമായ അറിവിൽ നിന്ന് പറയാൻ ശ്രമിക്കുകയാണ്.

നാം പ്രധാനമായും കാർഷിക സംസ്കാരമുള്ള ഒരു ജനതയായിരുന്നു എന്ന് മറന്നു പോകരുത്. നമ്മുക്ക് ഒരു ദിവസം വേണ്ടിയിരുന്നത് കർഷകർക്ക് ഏറ്റവും അത്യാവശ്യം വേണ്ട ശാരീരിക അദ്ധ്വാനത്തിന് ഉതകുന്ന ഊർജ്ജദായകങ്ങളായ ഭക്ഷ്യവസ്തുക്കളായിരുന്നു എന്നും ഓർക്കുക. ഊർജ്ജദായകം എന്ന് പറയുമ്പോൾ ആദ്യം കാർബോഹൈഡ്രേറ്റ്സ്, പിന്നെ പ്രോട്ടീൻ. അതിനാൽ തന്നെ, അന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ നിർലോഭമായി അരിയും പയറുവർഗ്ഗങ്ങളും പാലും മുട്ടയും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. തൊണ്ണൂറു ശതമാനം ജനതയും അതികഠിനമായ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നതിനാൽ, നമ്മുടെ മുൻതലമുറക്ക് നന്നായി ഭക്ഷണം കഴിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അന്ന് അദ്ധ്വാനിക്കാത്ത വരേണ്യ വർഗ്ഗത്തിൻ്റെ അസുഖങ്ങളായി നമ്മൾ പൊതുവെ പറഞ്ഞു വച്ചിരിരുന്നത്, ഇന്ന് സാർവ്വർത്രികമായി കാണുന്ന പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ, ഹാർട്ട് മുതലായ അസുഖങ്ങൾ ആയിരുന്നു എന്നും ഓർമ്മിപ്പിക്കുന്നു. അതിനാൽ തന്നെ ഇന്നലെ അസുഖങ്ങളുടെ ഉറവിടം ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളു

എൺപതുകളുടെ അവസാനത്തോടെയാണ് നമ്മളിൽ സാംസ്കാരികവും സാമൂഹികവുമായ ഒരു വലിയ മാറ്റത്തിന് തുടക്കമായത്. സാംസ്കാരിക മൂല്യച്യുതി എന്ന് മറുഭാഷയിൽ വിളിക്കപ്പെടാവുന്ന പ്രവാസി സംസ്കാരമായിരുന്നു അത്. ഗൾഫ് നാടുകളിലേക്ക് മലയാളികൾ ചേക്കേറിത്തുടങ്ങിയപ്പോൾ ഇവിടെ അവശേഷിക്കുന്ന കുടുംബാംഗങ്ങൾ ഗൾഫിൽ നിന്നുള്ള പണത്തെ മാത്രം ആശ്രയിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും, ക്രമണ കൃഷികൾ അപ്രത്യക്ഷമായി കാർഷിക സംസ്കാരത്തിന് പകരമായി ഒരു ഉപഭോക്തൃ സംസ്കാരം രൂപപ്പെടുകയും ചെയ്തു. തൊണ്ണൂറുകളുടെ മധ്യത്തിൽ നമ്മുടെ പുറം ചൊറിഞ്ഞു തരാൻ വരെ  ഉത്തരേന്ത്യൻ തൊഴിലാളി സംസ്കാരത്തെ ആശ്രയിച്ച്, അദ്ധ്വാനം ഒട്ടുമേ വേണ്ട എന്ന നിരുത്തരവാദപരമായ നിലപാടിലേക്ക് കേരള ജനത കൂപ്പുകുത്തുകയും ചെയ്തു. ഇതായിരുന്നു നമ്മുടെ ആരാേഗ്യ അപചയത്തിൻ്റെ തുടക്കം.

നമ്മൾ കേരള ജനത, സ്വാശ്രയത്തിൽ നിന്നും പരാശ്രയത്തിലേക്ക് പരിവർത്തിച്ചപ്പോഴും, ശരീരത്തിൻ്റെ അദ്ധ്വാനശേഷിക്ക് അവസാനമിട്ടപ്പോഴും, ഭക്ഷണക്രമത്തിൽ തെല്ലും മാറ്റം വരുത്താൻ തയ്യാറായില്ല എന്ന് മാത്രമല്ല, പണക്കൊഴുപ്പിൽ നീരാടി അതിൻ്റെ അളവ് കൂട്ടുകയാണ് ചെയ്തത്. സർക്കാർ ഉൾപ്പെടെയുള്ള  ഉത്ബോദന സംവിധാനങ്ങളും ഗർഫ് പണത്തിൽ കണ്ണ് മഞ്ഞളിച്ച് നമ്മുക്കും കിട്ടണം പണം എന്ന കാഴ്ചപ്പാടിലേക്ക് മൂക്കുകുത്തി വീഴുകയും ചെയ്തു. നാമമാത്രമായതും ഒറ്റപ്പെട്ടതുമായ  ചില ഉത്ബോധനങ്ങളെയോ അതിൻ്റെ ശരി വശങ്ങളെയോ ഉൾക്കൊള്ളാൻ നാം തയ്യാറായതുമില്ല, ചിലവ ഉച്ചത്തിൽ ആയപ്പോൾ മർക്കടമുഷ്ടിയാൽ തല്ലിയൊതുക്കപ്പെട്ടു. ഇതേ കാലയളവിൽ തന്നെ മറുവശത്ത്, പ്രവാസ പണക്കൊഴുപ്പിൻ്റെ ഉറവയൂറ്റിക്കുടിച്ച്,  മദിപ്പിക്കുന്ന ഗന്ധം വമിപ്പിക്കുന്ന ഒരു ഹോട്ടൽ സംസ്കാരം ഉയർന്ന് വരികയും, അതിനോടകം അലസതയുടെ പിടിയിലമർന്നു കഴിഞ്ഞ പുതുതലമുറ അതിന് പതിയെ അടിമകൾ ആകുകയും ചെയ്തു. ഒരുവശത്ത് കൃഷി അപ്രത്യക്ഷമായപ്പോൾ പിൻവാതിൽ കടലാസുകളുടെ പിൻബലത്തിൽ കൃഷിയിടങ്ങൾ ഗൾഫുപണം ഫ്ലാറ്റുകളായി പരിണാമം പ്രാപിച്ചു കൊണ്ടിരുന്നു. അതിലെ പതിനഞ്ചാം നിലയിലും ഇരുപത്തിയഞ്ചാം  നിലയിലും, ഹോട്ടൽ പൊറോട്ടയിലും ബീഫ് ഉലത്തിയതിലും മുഖമിട്ടുരച്ച്, ഏമ്പക്കവും വിട്ട് ആട്ടുകട്ടിലുകളിലേക്ക് പുതുതലമുറ പൂർണമായും ഒതുക്കപ്പെട്ടു. ഭക്ഷണത്തിനായി പ്രധാനമായും പച്ചക്കറികളെ ആശ്രയിച്ചിചിരുന്ന, മാംസാഹാരം മാസത്തിൽ ഒന്ന് എന്ന് നിജപ്പെടുത്തിയിരുന്ന നാം, ദിവസം മൂന്നുനേര ക്രമത്തിലേക്ക് മാംസോപഭോഗം മാറ്റുകയും ചെയ്തതോടെ അതുവരെ കേരളം കണ്ടിട്ടില്ലാത്ത കുടവയറുകളും, പൊണ്ണത്തടികളും ജനിക്കപ്പെട്ടു. അസുഖങ്ങൾ പരിധിവിട്ട് നമ്മളിലേക്ക് ആക്രമണമഴിച്ച് വിട്ടത് ഈ ഘട്ടത്തിലാണ്.

രണ്ടായിരത്തിതിൻ്റെ ആദ്യഘട്ടത്തിൽ, ഏതാണ്ട് പൂർണമായും കൃഷി ഉപേക്ഷിച്ച നാം, ഭക്ഷ്യവസ്തുക്കൾക്കായി അന്യനാടുകളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കൂപ്പുകുത്തി. അപ്പോഴും പണത്തിൻ്റെ കുത്തൊഴുക്കിൽ, ഉപഭോഗത്തിന് നാം ഒരു കുറവും വരുത്തിയില്ല. ആവശ്യക്കാർ കൂടിയപ്പോൾ, ഭക്ഷ്യഷ്യവസ്തുക്കൾക്ക് വേണ്ടി നമ്മൾ ആശ്രയിക്കുന്നവർക്ക് ഉത്പാദനം കൂട്ടാനും, ഉൽപ്പാദിച്ചവയെ കേട് കൂടാതെ സൂക്ഷിക്കാനുമുള്ള വഴിവിട്ട മാർഗ്ഗങ്ങളിലേക്ക് കടക്കേണ്ടി വന്നു. പച്ചക്കറികളിൽ, പാലിൽ, മാംസത്തിൽ, കടൽ വിഭവങ്ങളിൽ, മസാലക്കൂട്ടുകളിൽ എന്തിനേറെ അവ പൊതിയുന്ന വർണ്ണക്കടലാസുകളിൽ പോലും മായം പ്രധാന ഘടകമായി മാറി. നമ്മിലേക്ക് മഹാമാരികൾ കൂടുതൽ ആക്രമോൽസുകത കാണിച്ചത് ഈ ഘട്ടത്തിലാണ്.

ഗ്ലോബലൈസേഷൻ എന്ന ഭൂതം നേരത്തെ തന്നെ നമ്മെ ആക്രമിച്ച് തുടങ്ങിയിരുന്നു എങ്കിലും അത് നമ്മുടെ ആരോഗ്യത്തെ ഗ്രസിച്ച് തുടങ്ങിയത് അൽപ്പം പതിയെ ആയിരുന്നു എന്ന് പറയേണ്ടി വരും. ആദ്യഘട്ടത്തിൽ ജീവിതോപാധി എന്ന നിലയിൽ പ്രവാസത്തെ കണ്ടിരുന്നവ പ്രവാസികൾ, ഗ്ലോബലൈസേഷൻ്റേയും സ്വദേശിവൽക്കരണത്തിൻ്റെയും ഭൂതം തങ്ങളെ ആക്രമിക്കാൻ വരുന്ന തിരിച്ചറിവിൽ വളരെ പെട്ടെന്ന് തന്നെ നാട്ടിൽ ആനുപാതികമായ ഒരു വരുമാന ശ്രോതസിനെ കുറിച്ച് ആലോചിക്കുകയും അങ്ങനെ സ്വതവേ അദ്ധ്വാനശേഷി നഷ്ടപ്പെട്ട  മലയാളികളുടെ മുന്നിൽ അന്താരാഷ്ട്ര രുചികളായ പിസ്സ, കബ്സ പോലുള്ള അതിതീവ്രമായ കൊഴുപ്പും കാർബോ ഹൈഡ്രേറ്റ്സും അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന ന്യൂജൻ ഹോട്ടലുകളുടെ പിറവിയും ഉണ്ടായി.

ഇന്ന് പ്രവാസം ഏതാണ്ട് അസ്തമിച്ച മട്ടാണ്, അല്ലെങ്കിൽ ഉടൻ തന്നെ അസ്തമിച്ചേക്കാവുന്ന ഒന്നാണ് അത്. ജീവിതം എന്ന ആശങ്കയിൽ നിൽക്കുന്ന ചെറിയ ഒരു ശതമാനം മലയാളികൾ എങ്കിലും ഇപ്പാേൾ ഇവിടെ ഒരു തിരിച്ച് പോക്കിനായി ആഗ്രഹിക്കുന്നു എന്നത് ആശ്വാസവും സന്തോഷവും നൽകുന്ന ഘടകങ്ങൾ ആണ്. അടിസ്ഥാനപരമായി ഒരു മനുഷ്യൻ്റെ ആവശ്യം നല്ല ഭക്ഷണം മാത്രമാണന്ന തിരിച്ചറിവിൽ പഴമയ്ക്കായി മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. പക്ഷേ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരിച്ചു പോക്ക് ഇന്ന് അസാദ്ധ്യമാണ്. കാരണം കേരളം മാറ്റപ്പെട്ടത് അത്തരമൊരു തിരിച്ചു പോക്ക് അസാദ്ധ്യമാക്കി കൊണ്ടാണ്. അസുഖങ്ങൾ ഒഴിഞ്ഞ് നിൽക്കുന്ന ഒരു ജീവിത സാഹചര്യങ്ങൾക്കായി നാം സമരസപ്പെടേണ്ടതുണ്ട്. അതിന് യൂറോപ്യൻ ഭക്ഷണ രീതി അനുകരിച്ചത് കൊണ്ട് ഒരു നേട്ടവും ഉണ്ടാവില്ല എന്നുറപ്പ്.

സാധിക്കില്ല എന്ന് അറിയുമെങ്കിലും പറഞ്ഞ് അവസാനിപ്പിക്കുന്നു. വിശാലമായ വസ്തു വകകൾ ഉള്ളവർ, സ്വന്തം പറമ്പിൽ രാവിലെയും വൈകിട്ടും കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും അദ്ധ്വാനിച്ച് വിളകൾ കൃഷി ചെയ്ത് ഭക്ഷണത്തിന് വക കണ്ടെത്തുക. അത്തരം സാഹചര്യങ്ങൾ ഇല്ലാത്തവർ, വ്യായാമം കൃത്യമായി ചെയ്യാൻ മറക്കാതിരിക്കുന്നതിനോടൊപ്പം, കൃഷിക്കാരിൽ നിന്ന് നേരിട്ട് ഭക്ഷ്യവിളകൾ വാങ്ങി ഉപയോഗിക്കണം. ശരീരത്തിൻ്റെ അദ്ധ്വാനത്തിന് ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുക, പുറത്തു നിന്നുള്ള ഏത് ഭക്ഷ്യവസ്തുക്കളും പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിനും ഉണരുന്നതിനും സമയക്രമം നിശ്ചയിക്കുക. ഇതിലൊക്കെ ഉപരി, സർക്കാർ സ്പോൺസർ ചെയ്യുന്ന വിഷമദ്യവും, മൊബൈലിൻ്റെ തീവ്ര ഉപയോഗവും ആരോഗ്യത്തെ നശിപ്പിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. ഇത്രയൊക്കെ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധി വരെ അസുഖങ്ങൾ ഒഴിഞ്ഞു നിൽക്കും. എല്ലാവർക്കും ആരോഗ്യം നിറഞ്ഞ നല്ല നാളെകൾ ആശംസിക്കുന്നു