. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 10 May 2021

പാചക വാതകം കൈകാര്യം ചെയ്യുമ്പോള്‍

കുക്കിംഗ് ഗ്യാസ് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ധാരാളം നമ്മൾ വായിച്ചിട്ടുണ്ട്. എത്രകണ്ട് അവബോധമുണ്ടങ്കിലും, അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു വിഷയമാണ് ഗ്യാസുമായി ഇടപഴകുമ്പോൾ സാധാരണയായി ഉണ്ടാകുന്നത്. കുക്കിംഗ് ഗ്യാസ് എന്നാൽ എന്താണന്നും അതിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെയാണന്നും വിശദീകരിക്കാൻ കഴിയുന്ന തരത്തിൽ വിദഗ്ദനല്ലാലാത്തതിനാലും, ഗൂഗിളിൽ പോയി അത് സേർച്ച് ചെയ്ത് ഇവിടെ ഒട്ടിക്കുന്നതിൽ പ്രസക്തി ഇല്ലാത്തതിനാലും അതിന് മുതിരുന്നില്ല. ഗ്യാസിനോടുള്ള നിരുത്തരവാദപരമായ സമീപനം അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും, മരണകാരണമാകും എന്നും നമ്മുക്കുകുള്ള സാധാരണ അറിവിൽ നിന്നാണ് ഞാൻ വിശദീകരിക്കാൻ ശ്രമിക്കുന്നത്. സൗദിയിൽ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ, എൻ്റെ വിഷയമല്ല എങ്കിൽ പോലും കുക്കിംഗ് ഗ്യാസ് സുരക്ഷിതമായി ഒരു സ്ഥലത്ത് ഉറപ്പിക്കുന്നതിൽ ഭാഗഭാക്കാകേണ്ടി വന്നതിലെ അനുഭവജ്ഞാനമാണ് ഈ കുറിപ്പിന് ആധാരം.
പ്രാഥമിക അറിവ് എന്ന നിലയിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ പറയാം. മറ്റ് അടുപ്പുകൾ ഉപയോഗിക്കുന്ന പോലെ തന്നെ കുക്കിംഗ് സ്റ്റൗവും ഒരു ചിമ്മിനി സിസ്റ്റത്തിന് ചുവട്ടിൽ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇക്കാലത്ത് ഉപയോഗിക്കുന്ന "ഹുഡ്" സിസ്റ്റത്തിൽ എക്സോസ്റ്റ് ഫാൻ കൂടി ഉള്ളതിനാൽ പുകയും കരിയും വലിച്ചെടുത്ത് കളയും പോലെ തന്നെ ഗ്യാസ് ലീക്കായാൽ അത് വലിച്ച് പുറന്തള്ളാനും സഹായിക്കും. ഹുഡ് ഉപയോഗിക്കാത്തവർ സ്റ്റൗവിനോട് ചേർന്ന് ഒരു എക്സോസ്റ്റ് ഫാൻ തീർച്ചയായും പിടിപ്പിച്ചിരിക്കണം എന്നു മാത്രമല്ല എക്സോസോസ്റ്റായാലും ഹുഡ് ആയാലും ഇരുപത്തിനാലു മണിക്കൂറും ഓണാണന്ന് ഉറപ്പ് വരുത്തണം. രാത്രി കിടക്കുന്നതിന് മുമ്പ് ഗ്യാസ് സ്റ്റൗവും സിലിണ്ടറും വച്ചിരിക്കുന്ന ഭാഗങ്ങളും വീട്ടിലെ മറ്റു മുറികളുമായുള്ള എല്ലാ വാതിലുകളും ജനലുകളും മുറുക്കി അടക്കാൻ മറക്കരുത്. കിച്ചൻ ക്യാബിനറ്റിനുള്ളിലാണ് ഗ്യാസ് സിലിണ്ടർ വയ്ക്കുന്നതെങ്കിൽ രാത്രി അതിൻ്റെ ഡോർ തുറന്നിടാനും മറക്കാതിരിക്കുക. ഗ്യാസ് സിലിണ്ടറിൽ ലിക്വിഡ് രൂപത്തിലാണ് അത് നിറച്ചിരിക്കുന്നത് എന്നതിനാൽ കിടത്തി ഇടാതെ നിവൃത്തി വച്ച് വേണം സിലിണ്ടർ ഉപയോഗിക്കാൻ. സിലിണ്ടറിൻ്റെ വാഷർ, റെഗുലേറ്റർ, അതിലേക്ക് വരുന്ന ഹോസ് എന്നിവയുടെ കാലപ്പഴക്കം ഇവയൊക്കെ അപകടത്തിന് കാരണമാകുമെന്നതിനാൽ സമയാസമയങ്ങളിൽ അവയൊക്കെ പുതുക്കാൻ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

മേൽപ്പറഞ്ഞവ കേരളത്തിൻ്റെ തനത് സാഹചര്യങ്ങളിൽ കുക്കിംഗ് ഗ്യാസ് ഉപയോഗിക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളാണ്. അത് സാധാരണ എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ എൻ്റെ പ്രവർത്തനമേഖലയായ സൗദി പോലെയുള്ള രാജ്യങ്ങളിൽ ഗ്യാസ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തുലോം കുറവാണ്. കാരണം ഗ്യാസ് കൈകാര്യം ചെയ്യുമ്പാേൾ അവർ എടുക്കുന്ന മുൻകരുതലുകൾ തന്നെ. ഇവിടെ വീടിനു വെളിയിൽ ഒരു പ്രത്യേക ചേമ്പറിൽ ആണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നത്. വീട് നിർമ്മിതിയോടൊപ്പം തന്നെ അതിനുള്ള പ്രത്യേക സ്ഥലവും കൂടി നിർമ്മിച്ചിരിക്കും. ഗ്യാസ് എപ്പാേഴും വീടിന് വെളിയിൽ സുരക്ഷിതമായി വച്ച് അകത്തേക്ക് എടുക്കുക തന്നെയാണ് അപകടം കുറയ്ക്കാനുള്ള പ്രധാന മാർഗ്ഗം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് വയ്ക്കാതിരിക്കുക. ഞാൻ നാട്ടിലേക്ക് വേണ്ടി ഡിസൈൻ ചെയ്ത രണ്ടു വീടുകൾക്ക് അപ്രകാരം ഒരു സ്പേസ് ഉണ്ടാക്കിക്കൊടുത്തിരുന്നു. വെളിയിൽ നിന്ന് ഒരാൾക്ക് വന്ന് കുറ്റി മോഷിടിക്കാനോ മനപ്പൂർവ്വമായി തുറന്നു വിടാനോ കഴിയാത്ത രീതിയിൽ സ്ഥലം കണ്ടെത്തണം. ഗ്യാസ് സിലിണ്ടറുകൾ ഇപ്രകാരം കാറ്റും വെളിച്ചവും കയറുന്ന ഒരിടത്തേക്ക് മാറ്റിയാൽ തന്നെ അപകടത്തിൻ്റെ 90% ഒഴിവാക്കാം. ട്യൂബിലും ഗ്യാസ് സ്റ്റൗവിലും മാത്രം പിന്നിട് ശ്രദ്ധിച്ചാൽ മതിയാകും.

സ്റ്റൗ വയ്ക്കാൻ ഉദ്ദേശിക്കുന്നതിന് എത്ര അകലത്തിൽ ഗ്യാസ് ചേമ്പർ നിർമ്മിച്ചാലും കുഴപ്പമില്ല. സിലിണ്ടറിൽ നിന്നും സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന കോപ്പർ പൈപ്പ് പരമാവധി ഭൂമിക്കടിയിൽ കൂടി കൊണ്ടു വരാൻ ശ്രമിക്കുക. രണ്ട് ഇഞ്ച് വലിപ്പമുള്ള ഷെഡ്യൂൾ 40 പിവിസി പൈപ്പുകൾ നന്നായി കണക്ട് ചെയ്ത ശേഷം അതിനുള്ളിൽ കൂടി കോപ്പർ പൈപ്പ് കണക്ഷൻ കൊണ്ടു വരുന്നതും നല്ലതാണ്. ചേമ്പർ നിർമ്മിച്ച ശേഷം ഇവിടെ ആർക്കും കൈ കടത്താൻ കഴിയാത്ത രീതിയിൽ ഇഴകൾ അടുപ്പിച്ച് ഇരുമ്പിൻ്റെ നല്ല ഒരു ഗ്രിൽ ഇടുക. അത് താഴും താക്കോലുമല്ലാതെ സാധാരണ ഡോറുകൾക്ക് വയ്ക്കുന്ന ലോക്ക് സിസ്റ്റം ഉപയോഗിച്ച് പൂട്ടി വയ്ക്കുക.

ഗ്യാസ് സിലിണ്ടർ തുടങ്ങുന്ന ഭാഗം മുതൽ ഗ്യാസ് സ്റ്റൗ ഇരിക്കുന്ന ഭാഗം വരെയാണ് കോപ്പർ പ്പൈപ്പ് ഉപയോഗിച്ച് ലൈൻ വലിക്കുക. അതിനായി കോപ്പർ വെൽഡിംഗ് അറിയാവുന്ന ഒരു വിദഗ്ദനെ തന്നെ കണ്ടത്തണം. രണ്ടറ്റത്തും റഡ്യൂർ ഉപയോഗിച്ച് കോപ്പർ പൈപ്പുകളിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ആംഗിൾ വാൽവുകൾ ഫിറ്റ് ചെയ്യുക. ശേഷം വാൽവ് മുതൽ സിലിണ്ടർ വരെയും, മറുഭാഗത്തുള്ള വാൽവിൽ നിന്നും സ്റ്റൗ വരെയും മാത്രം ഫ്ലക്സിബിൾ ഹോസ് ഉപയോഗിക്കുക. ഇപ്രകാരം ചെയ്താൽ സ്റ്റൗ ഭാഗത്തുള്ള ടാപ്പ് ക്ലാേസ് ചെയ്താൽ സുരക്ഷിതമായിരിക്കും.

കുക്കിംഗ് ഗ്യാസ് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കുന്ന ഈ രീതിയിൽ ഒന്നിലധികം സിലണ്ടറുകൾ ഒരേ സമയത്ത് ഉപയോഗിക്കാനും സാധിക്കും. ഈ സുരക്ഷിത രീതിക്ക് വലിയ ചിലവൊന്നും വരില്ല. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.