. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday, 30 December 2019

ജിപ്സം - ചിന്തിക്കേണ്ട ചില വസ്തുതകള്‍.

ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്‍റെ ഇന്‍റീരിയറിന്‍റെ ഭംഗി കൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക.

പ്രകൃതിയിൽ നിന്ന് ഘനനം ചെയ്ത് എടുക്കുന്ന കാൽസ്യം സൾഫേറ്റ് ആണ് ജിപ്സം എന്ന പേരിൽ അറിയപ്പെടുന്നത്.  പ്ലാസ്റ്റർ ഓഫ് പാരീസ് ജിപ്സത്തിന്‍റെ ഒരു ബൈ പ്രോഡക്ട് ആണന്ന് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു. നമ്മൾ സീലിംഗിനും, ഡ്രൈവാൾ പാർട്ടീഷനു ഉപയോഗിക്കുന്ന ജിപ്സം ബോർഡുകൾ നിർമ്മിക്കുന്നതും പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ തന്നെയാണ്. 

ജിപ്സത്തിന് ചൂടിനെ ഒരു പരിധി വരെ ചെറുത്തു നിർത്താൻ കഴിയുമെങ്കിലും ജലവുമായി പൊരുതാൻ ഒട്ടും കഴിവില്ലാത്ത ഒരു മൂലകമാണ്. അതിനാൽ തന്നെ വീടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വൈദഗ്ദ്യമോ, ആത്മാർത്ഥതയോ കാണിക്കാത്തവർക്ക് അഭികാമ്യമായ പ്രോഡക്ടല്ല ജിപ്സം.  ജിപ്സം സീലിംഗുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ റൂഫ് ഒരിക്കലും ലീക്ക് ചെയ്യില്ല എന്ന് ഉറപ്പ് വരുത്തുക. ജിപ്സം ജലത്തെ വളരെയധികം ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്ട് ആണ്. ഒരു ചെറിയ ലീക്ക് പോലും സീലിംഗ് മുഴുവനായി വീണുപോകാൻ കാരണമായേക്കും. ഇനി അഥവാ വീണില്ല എങ്കിൽ തന്നെ ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കുതിർന്ന് പോകുകയും ഘനത്തിൽ വ്യത്യാസം ഉണ്ടാകുകയും, സീലിംഗ് മുഴച്ച് കാണപ്പെടുകയും ചെയ്യും. ജലാംശം ആഗിരണം ചെയ്ത അത്രയും ഭാഗം കളർ മാറുകയും പിന്നീട് എത്ര വട്ടം പെയിന്‍റ് ചെയ്താലും അത് മായ്ക്കാൻ കഴിയാതെ വരികയും ചെയ്യും.

പൂർണമായും തണുത്ത കാലാവസ്ഥയിൽ ഉപയോഗിച്ചിരുന്ന ജീൻസ് ഇന്ന് ഹ്യുമിഡിറ്റി കൂടുതൽ ഉള്ളിടങ്ങളിലേ പോലും ഫാഷൻ ട്രൻഡ് ആയത് പോലെയാണ് വർഷം മുഴുവൻ മഴ പെയ്യുന്നതും, ചോർച്ച ഒഴിവാക്കാൻ മല്ലയുദ്ധം നടത്തുകയും ചെയ്യുന്ന നമ്മൾ കേരളീയർ ജിപ്സം  ഉപയോഗിച്ചാലുള്ള അവസ്ഥ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ജിപ്സം പൂർണമായും ചൂടുകാലാവസ്ഥയുള്ള ഇടങ്ങളിൽ ഉപയോഗിക്കാൻ അഭികാമ്യമായ ഒരു വസ്തുവാണ്. 

ജിപ്സം ഉപയോഗത്തെ തടുത്ത് നിർത്താൻ കഴിയാത്ത രീതിയിൽ വ്യാപിച്ചിരിക്കുന്നു. അതിനാൽ തന്നെ അത് ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ചില ജാഗ്രതകളെ കുറിച്ച് പറയാം. അലർജിയോ, ആസ്മയോ, മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ളവർ ജിപ്സം പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാലക്രമേണ ജിപ്സത്തിന്‍റെ ബോണ്ടിംഗ് കുറയ്ക്കുകയും, വളരെ കൃത്യമായി മെയിന്റ്യിൻ ചെയ്യാത്ത കെട്ടിടങ്ങളിൽ അത് കാൽസ്യം സൾഫേറ്റിന്‍റെ ചെറിയ കണികകൾ സ്രിഷ്ടിക്കാൻ സാധ്യതയുണ്ട്. അത് മേൽപ്പറഞ്ഞ രോഗമുള്ളവർക്ക് അതിന്‍റെ ആക്കം കൂട്ടാൻ കാരണമായി മാറുകയും ചെയ്തേക്കാം. 

ജിപ്സം സീലിംഗിന്‍റെയും വീടിന്‍റെ മേൽക്കൂരയുടേയും ഭാഗങ്ങൾ കാറ്റാേ വെളിച്ചമോ കടക്കാത്ത രീതിയിൽ ടൈറ്റാക്കിയിട്ടുണ്ടന്ന് ഉറപ്പ് വരുത്തുക. ജിപ്സത്തിൽ ലൈറ്റിനോ മറ്റ് ഫീച്ചേഴ്സുകൾക്ക് വേണ്ടിയോ എടുക്കുന്ന ഹോളുകൾ പൂർണമായും സീൽഡാണന്ന് ഉറപ്പു വരുത്തുക. വെളിയിൽ നിന്ന് ഈ ഗ്യാപ്പിലേക്ക് ഒരു ഓപ്പണിംഗും ഇല്ല എന്ന് ഉറപ്പു വരുത്തുക. കാരണം നമ്മുടെ അശ്രദ്ധ ക്ഷുദ്രജീവികൾക്ക് നല്ലൊരു താവളമായി മാറാൻ സാധ്യതയുണ്ട്. എലി മുതൽ പാമ്പു വരെ എത്തിപ്പെടുകയും താവളമാക്കുകയും ചെയ്യാം. ഒപ്പം ഇത്തരം ഹോളുകളിൽ കൂടി പൊടിപടലങ്ങൾ ഉള്ളിൽ കടന്ന് കുമിഞ്ഞു കൂടി പിന്നീട് അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാൽ കഴിയില്ല.

ജിപ്സം ചെയ്യുന്നിടത്ത് റൂഫ് ടോപ്പിൽ നിന്ന് ചോർച്ച ഒട്ടും ഇല്ല എന്ന് ഉറപ്പ് വരുത്തണം. ഒരു തുള്ളി ജലാംശം പോലും ജിപ്സത്തെ സാരമായി ബാധിക്കും. റൂഫിന് മുകളിൽ വാട്ടർപ്രൂഫിംഗ് ചെയ്താൽ ഏറെ അഭികാമ്യം. അല്ലങ്കിൽ ഒരു മീറ്ററിന് മിനിമം ഒരു സെന്റിമീറ്റർ എന്ന നിലയിൽ എങ്കിലും ചരിവ് ഉറപ്പ് വരുത്തി റൂഫ് ഡ്രൈയിൻ ഹോളിലേക്ക് മഴവെള്ളം പൂർണമായും എത്തിക്കുന്ന രീതിയിൽ സിമിന്‍റ പ്ലാസ്റ്റർ ചെയ്ത് ലീക്ക് ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.

കാൽസ്യം ശരീരത്തിന് ഒഴിച്ച് കൂടാൻ കഴിയാത്ത  ഒന്നാണ്. ജിപ്സം അഥവാ കാൽസ്യം സൾഫേറ്റ്  പ്രകൃതി നൽകുന്ന ഒരു വരവും. എന്നാൽ കാൽസ്യം സൾഫേറ്റ് മനുഷ്യ ശരീരത്തിന് അത്ര അഭികാമ്യമല്ല എന്ന ചെറിയ ഓർമ്മ സൂക്ഷിച്ചോളുക.

Sunday, 29 December 2019

മുറിയുന്ന മനുഷ്യ ബന്ധങ്ങള്‍.

ഇത് എന്‍റെ ഒരു അടുത്ത സുഹൃത്ത് പറഞ്ഞ സംഭവമാണ്. സംഭവം നടക്കുന്നത് ദുബായ്. മതം എടുത്ത് പറയുന്ന ശീലം എനിക്കില്ല, എങ്കിലും ഇവിടെ അതിന് പ്രസക്തിയുണ്ടന്നതിനാൽ പറയാതിരിക്കാൻ കഴിയില്ല. ഒരു മുസ്ലീം മതാഷ്ടിത രാജ്യത്ത് ജോലിയന്വേഷിച്ച് പോയ ഹിന്ദുവിന് ഉണ്ടായ അനുഭവമായി ഈ സംഭവത്തെ വിലയിരുത്തുമ്പോൾ തന്നെയാണ് സമകാലീന രാഷ്ട്രീയത്തിൽ അതിന് പ്രസക്തിയുണ്ടാകുക. അതുകൊണ്ട് മതം പറയേണ്ടി വരുന്നു, ക്ഷമിക്കുക.

തന്‍റെ കാർ സ്റ്റാർട്ടിംഗ് ട്രബിളിനാൽ ഉപയോഗിക്കാൻ കഴിയാതിരുന്നതിനാലാണ് അദ്ദേഹത്തിന് പതിവ് പോലെ സ്വന്തം വണ്ടിയിൽ അന്ന് യാത്ര ചെയ്യാൻ കഴിയാതിരുന്നത്. പാക്കിസ്ഥാനി ഡ്രൈവർ ഓടിക്കുന്ന വണ്ടിയിൽ കയറിയിരുന്ന് യാത്ര തുടങ്ങുമ്പോൾ ഓഫീസിൽ സമയത്തിന് എത്താൻ കഴിയുമോ എന്ന ആശങ്ക മാത്രമായിരുന്നു മുന്നിൽ. ഇടയ്ക്ക് എപ്പഴോ ഡ്രൈവർ അദ്ദേഹത്തിന്റെ പേരും രാജ്യവും ഒക്കെ ചോദിച്ചു, അലസമായി അതിന് മറുപടി പറയുകയും ചെയ്തു. പിന്നെ കുറെ കഴിഞ്ഞാണ് അവൻ "ആപ് മുസൽമാൻ ഹൈ" എന്ന ചോദ്യം ഉന്നയിച്ചത്. വലിയ താത്പര്യമില്ലാത്ത മട്ടിൽ "അല്ല ഹിന്ദു ആണ്" എന്ന് പറഞ്ഞ് പുറംകാഴ്ചകൾ നോക്കിയിരുന്നു. 

അൽപ്പസമയത്തിന് ശേഷം ആണ് ഡ്രൈവർ അസാധാരണമായ രീതിയിൽ സംസാരിച്ച് തുടങ്ങിയത്. പാക്കിസ്ഥാനി ഡ്രൈവർ, എന്‍റെ സുഹൃത്തിനെ മതവും, ജാതിയും വംശവും പറഞ്ഞ് അധിക്ഷേപിച്ച് തുടങ്ങിയിരുന്നു. അറിയാവുന്ന ഉറുദുവിൽ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു എങ്കിലും അധിക്ഷേപം അതിന്‍റെ എല്ലാ സീമകളും ലംഘിച്ച് വളരെ മോശം പദപ്രയോഗങ്ങളിലേക്ക് കടന്നു. ഈ സമയം എന്റെ സുഹൃത്ത് മൊബൈൽ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്യാൻ തീരുമാനിക്കുകയും പ്രസക്തമായ ഭാഗങ്ങൾ റെക്കോഡ് ചെയ്യുകയും ചെയ്തു. പിന്നീട് വഴക്കിന് ഒടുവിൽ ഒരു ദാക്ഷണ്യവും കാട്ടാതെ വഴിയിൽ ഇറക്കി വിടുമ്പോൾ കാറിന്‍റെയും ഡ്രൈവറുടേയും ഫോട്ടോയും, റജിസ്ട്രേഷൻ നമ്പറും സഹിതം ശേഖരിച്ചതിന് ശേഷം ഇറങ്ങിയിടത്ത് നിന്ന് തന്നെ പോലീസിനെ വിളിച്ച് പരാതിപ്പെടുകയും ചെയ്തു.

പത്ത് മിനിറ്റിനുള്ളിൽ പോലീസ് എത്തി. സുഹൃത്ത് ഉണ്ടായ അനുഭവങ്ങൾ തെളിവുകൾ സഹിതം പോലീസുകാരന് മുന്നിൽ നിരത്തി. പോലീസുകാരൻ വയർലസിൽ കൂടി നിർദ്ദേശം കൊടുത്തു ഏതാനും മിനിറ്റുകൾക്കകം സുഹൃത്ത് യാത്ര ചെയ്ത ടാക്സി രണ്ട് പോലീസ് വണ്ടിയുടെ സാന്നിധ്യത്തിൽ സംഭവസ്ഥലത്ത് കൊണ്ടുവന്നു. ഡ്രൈവറോട് കാര്യങ്ങൾ വിശദമായി ചോദിച്ചു. അയാൾക്ക് താൻ ചെയ്തില്ല എന്ന് പറയാൻ കഴിയാത്ത രീതിയിൽ തെളിവുകൾ നൽകാൻ സുഹൃത്തിന് കഴിഞ്ഞു. പിന്നെ നടന്നത് അത്ഭുതകരമായ സംഭവങ്ങൾ ആയിരുന്നു. ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്ത സുഹൃത്തിന് നീതി കിട്ടി എന്ന് മാത്രമല്ല, ഒപ്പം ഒരു റിവാർഡും കിട്ടുകയുണ്ടായി. പാക്കിസ്ഥാനിക്ക് ജയിൽ ശിക്ഷയും, ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ചത്.

ഞാൻ ഈ സംഭവത്തെ ഇത്ര വിശദമായി ഇവിടെ വിവരിച്ചത് ജനാധിപത്യം ഉത്ഘോഷിക്കുന്ന നമ്മുടെ നാട്ടിൽ പൗരന്മാർ അനുഭവിക്കുന്ന വിവേചനത്തെ ചൂണ്ടിക്കാട്ടാനാണ്. ശക്തമായ മുസ്ലീം ശരിയ നിയമത്തിൽ അധിഷ്ടിതമായ സൗദി അറേബ്യയിൽ പോലും അന്യമതസ്ഥനെ അവന്‍റെ മതം പറഞ്ഞ് അധിക്ഷേപിച്ചാൽ ശിക്ഷ ഉറപ്പാണ്. അത്തരം അവസരത്തിലാണ് ജനാധിപത്യ ഇന്ത്യയിൽ മതവും ജാതിയും തിരിച്ച് ചുട്ടികുത്തിയുള്ള അനുഭവങ്ങൾ സ്വന്തം രാജ്യത്തെ പൗരന്മാർ സർക്കാർ തലങ്ങളിൽ നിന്ന് പോലും നേരിടേണ്ടി വരുന്നത്. നമ്മൾ മുന്നോട്ടാണ് കുതിക്കുന്നത് എന്ന് അവകാശപ്പെടുമ്പോഴും വിവേചന ബുദ്ധി തീരെയില്ലാത്ത തീരുമാനങ്ങൾ എടുക്കുന്ന ഭരണാധികാരികളാൽ ലോക രാജ്യങ്ങൾക്ക് പിന്നിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ് നാം.

Saturday, 28 December 2019

വാസ്തുശാസ്ത്രത്തിന്‍റെ ചില കാണാപ്പുറങ്ങള്‍.

വാസ്തു ശാസ്ത്രത്തെ കുറിച്ച് അൽപ്പം സംസാരിക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്. അപ്പോൾ ഒരു ചോദ്യം വരാം "നിങ്ങൾ വാസ്തു ശാസ്ത്ര വിദഗ്ദനാണോ?" എന്ന്. തീർച്ചയായും ഞാൻ ഒരു വാസ്തു ശാസ്ത്ര വിദഗ്ദനല്ല, മറിച്ച് കഴിഞ്ഞ 25 വർഷമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സിവിൽ എൻജിനീയറാണ്, ഒപ്പം ഫാമിലി കൗൺസിലിംഗ് ടീമിനൊപ്പം പ്രവർത്തിച്ച പരിചയവും ഉണ്ട്. വാസ്തു ശാസ്ത്ര സംബന്ധമായ ധാരാളം ഗ്രന്ഥങ്ങൾ വായിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഈ കുറിപ്പ് എഴുതാനുള്ള ഉപാേത്ബലകമായി സൂചിപ്പിക്കുന്നു. വാസ്തു ശാസ്ത്രവും, ആധുനിക എൻജിനീയറിംഗും, ഫാമിലി കൗൺസിലിംഗും തമ്മിൽ എന്ത് ബന്ധം എന്ന് പുരികം ചുളിക്കാൻ വരട്ടെ. തീർച്ചയായും നമ്മുടെ സാധാരണ മലയാളി കുടുംബ പശ്ചാത്തലത്തിലേക്ക് കുറച്ച് കാര്യക്ഷമതയോടെ ഒന്ന് ഊളിയിട്ടാൽ ഇവ തമ്മിൽ അഭേദ്യ ബന്ധം ഉണ്ടന്ന് മനസ്സിലാക്കാം.

ആമുഖമായി തന്നെ പറയട്ടെ, വാസ്തു ശാസ്ത്രം എന്നത് സമ്പൂർണ്ണമായും ഒരു ശാസ്ത്രം മാത്രമാണ്, അതിൽ അന്ധവിശ്വാസത്തിന്‍റെ കണിക പോലും ഇല്ല. ഇന്നത്തെ അത്യാധുനിക എൻജിനീയറിംഗിന്‍റെ ഒരു പഴയ പതിപ്പ് മാത്രമാണ് വാസ്തു ശാസ്ത്രം. പുണ്യപുരാണ ഗ്രന്ഥങ്ങളുടെ രചനാ കാലഘട്ടത്തിന്റെ പരിധിയിൽ നിന്ന് ചിന്തിച്ചാൽ അതിൽ അൽപ്പം ദൈവീകത മനപ്പൂർവ്വമോ അല്ലാതെയോ കടന്നു കൂടി എന്ന് മാത്രം. വാസ്തു ശാസ്ത്രം പ്രധാനമായും  നിഷ്കർഷിക്കുന്നത് പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന നിർമ്മാണ രീതിയാണ്. അതിൽ ഉപയോഗിക്കുന്ന വാക്കുകളിൽ അഗ്നി കോണും, ഈശാന കോണും, കന്നിമൂലയും ഗണപതിയും സരസ്വതിയും കടന്നു വന്നത് അത്  എഴുതപ്പെട്ട കാലഘട്ടത്തിന്റെ ഒരു സാധാരണ വിഷയമാണന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ വാസ്തു ശാസ്ത്രത്തെ അന്ധവിശ്വാസത്തിന്‍റെ പിന്നാം പുറത്തേക്ക് പുറം കാലുകൊണ്ട് തട്ടുന്നവരെ കൊണ്ടു പോലും മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും. 

വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഒരു വരി പോലും പണമുണ്ടാക്കാനുള്ള വഴികൾ പ്രതിപാദിക്കുന്നില്ല. പ്രധാന വാതിലിനു പുറകിൽ മണി കെട്ടിയാൽ, ബുദ്ധ പ്രതിമ വച്ചാൽ, ഗ്ലാസ് വച്ചാൽ ഒക്കെയും പണം ഒഴുകി വരും എന്ന്  വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും പറയുന്നില്ല. വാസ്തു ശാസ്ത്രത്തിൽ ഒരിടത്തും ഐശ്വര്യം വരാനുള്ള വഴികൾ ഉപദേശിക്കുന്നില്ല. പൂജ ചെയ്ത തകിടുകൾ വീടിനു ചുറ്റും കുഴിച്ചിട്ടാൽ സാത്താൻ കയറാതിരിക്കും എന്ന് പറയുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങളെ എല്ലാം വാസ്തു ശാസ്ത്രത്തിലേക്ക് തിരികി കയറ്റിയത് ഈ കാലഘട്ടത്തെ മറ്റു പല രീതികളിൽ മലീസമാക്കി അതിൽ നിന്നും ചോരയൂറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അതേ ക്ഷുദ്രജീവികൾ തന്നെയാണ്.

ഫാമിലി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു എന്ന് മുകളിൽ സൂചിപ്പിച്ചതിന്‍റെ പ്രസക്തിയെ കുറിച്ച് പറയാം. പല കുടുംബങ്ങളിലെയും സാധാരണവും അസാധാരണവുമായിട്ടുള്ള വിഷയങ്ങളെ ശ്രവിക്കേണ്ടി വരുന്ന ഒട്ടുമിക്ക  അവസരങ്ങളിലും പ്രബുദ്ധർ എന്ന് സ്വയം അവകാശപ്പെടുന്ന പലരിൽ നിന്നും, കലഹത്തിന്‍റെ മൂലകാരണമായി, പ്രധാന വില്ലനായി വാസ്തുവിനേയും, ജ്യോതിഷത്തേയും അവതരിപ്പിച്ച് കേൾക്കാനിടയായിട്ടുണ്ട്.  കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാകുന്ന സാധാരണ കലഹങ്ങളെ പോലും, നമ്മൾ മലയാളികൾ വീടിന്‍റെ നിർമ്മിതിയിലെ പ്രശ്നമായും, നക്ഷത്രത്തിന്റെ പ്രശ്നത്തിലേക്കും ചേർത്ത് കെട്ടി തങ്ങളുടെ ഈഗോയെ അതിവിദഗ്ദമായി മൂടിവയ്ക്കാൻ ശ്രമിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളെ, ജ്യോതിഷവും, വാസ്തുവിദ്യയും ശാസ്ത്രമാണന്ന് മറച്ച് വച്ച് അന്ധവിശ്വാസങ്ങൾക്ക് വേണ്ടി ബോർഡ് വച്ചിരിക്കുന്നവർക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമത്തിന് നമ്മെ പ്രേരിപ്പിക്കുകയും, അവർ അതിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി നേടാവുന്നതിന്‍റെ പരമാവധി നേടിയെടുക്കുകയും ചെയ്യും.  എവിടെയും എങ്ങനെയും വീട് പണിയാം, വീട്ടിൽ താമസിക്കുന്നവർക്ക് ഒരുമയുണ്ടങ്കിൽ മാത്രം. ഒരു വീട്ടിലെ കലഹങ്ങൾക്ക് കാരണഹേതു ഒരിക്കലും ആ വീടിന്‍റെ സ്ഥാനമോ, കക്കൂസിന്റെ കന്നിമൂലയിലെ സാന്നിദ്ധ്യമോ അല്ല എന്നും,  മറിച്ച് കുടുംബാംഗങ്ങൾക്ക് ഇടയിലെ ഉള്ളിലെ പരസ്പര ധാരണയില്ലായ്മ മാത്രമാണന്ന് തിരിച്ചറിവ് ഉണ്ടാക്കുക മാത്രമാണ് പോംവഴി.  വീട്ടീലെ പണമില്ലായ്മക്കോ പട്ടിണിക്കോ കാരണം നിങ്ങളുടെ ജീവിതത്തിന്‍റെ പ്ലാനിംഗിലുള്ള ക്രമക്കേടോ, അല്ലങ്കിൽ നിങ്ങളുടെ കഴിവുകേടോ ആണന്ന തിരിച്ചറിവുണ്ടാകട്ടെ, അതിന് വീടിന്‍റെ ജനലോ കതകോ മാറ്റി വച്ചാൽ പരിഹാരമായി എന്ന വിഡ്ഢിത്തത്തിൽ വിശ്വസിക്കാതിരിക്കാനുള്ള പ്രബുദ്ധതയെങ്കിലും ഉണ്ടാവട്ടെ.

വാസ്തു സംബന്ധിയായ പലകാര്യങ്ങളിൽ ഏവരും ചോദിക്കുന്ന ഏറ്റവും രസകരമായ  ഒരു ചോദ്യത്തിന്റെ ഒരു വസ്തുത പറയാം. ഭാരതീയ വാസ്തു ശാസ്ത്രത്തിൽ വീടിനുള്ളിൽ കക്കൂസ് എന്ന സങ്കൽപ്പമേയില്ല, എന്തിന് കക്കൂസ് എന്ന സങ്കൽപ്പം തന്നെയില്ല. പിന്നെയെങ്ങനെ വാസ്തു ശാസ്ത്ര പ്രകാരം കക്കൂസിന്‍റെ സ്ഥാനം നിർണയിക്കാൻ കഴിയും എന്നത് ചിന്തനീയം. കാലാനുസൃതമായ കഴിവും കഴിവുകേടും മറ്റെല്ലാ പുണ്യപുരാണങ്ങളിലേത് എന്നത് പോലെ വാസ്തു ശാസ്ത്രത്തേയും ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ അമിതമായ അന്ധവിശ്വാസങ്ങളിലേക്ക് പോകാതിരിക്കാൻ കഴിയും. ഉത്തമയായ കലഹങ്ങളില്ലാത്ത ഒരു കുടുംബ ജീവിതം നയിക്കുന്നിടത്ത് കിടപ്പുമുറിയുടെ സ്ഥാനമോ, കക്കൂസിന്റെ സ്ഥാനമോ ഒരിക്കലും ഒരു പ്രശ്നമാകില്ല എന്നതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.

വാസ്തു സംസാരിക്കുന്നത് ഇത്രമാത്രം. വീട് പണിതാൽ അത് പ്രകൃതിയോട് ഇഴുകി ചേർന്നിട്ടുള്ള ഒരു നിർമ്മിതിയായിരിക്കണം. വാസ്തു നിങ്ങൾക്ക് ആരോഗ്യപരമായ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. തികച്ചും ആരോഗ്യ പരമായ ഒരു ജീവിത പരിസരം ഒരുവനിൽ സന്താേഷമുള്ള, ഊർജ്ജസ്വലമായ വളെരെ പോസിറ്റീവായ, ചിന്താശേഷിയുള്ള ക്രയവിക്രയങ്ങൾ മാത്രമേ ഉണ്ടാകു എന്ന് ആധുനിക ശാസ്ത്രം പറയുന്നു, അത് തന്നെയാണ് അൽപ്പം പിന്നിലേക്ക് നടന്നാൽ വാസ്തു ശാസ്ത്രവും പറഞ്ഞ് വച്ചിരിക്കുന്നത്. നമ്മുക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാം, അതിന് വാസ്തു ശാസ്ത്രം നിങ്ങൾക്ക് വഴികാട്ടിയാവട്ടെ.  വീടിനുള്ളിൽ നിങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ സംഭവിക്കുന്ന മറ്റൊന്നിനും ഉത്തരവാദി വാസ്തു ശാസ്ത്രമല്ല.

Thursday, 26 December 2019

ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി.

വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ  കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു. പരിഹാരമായി ജില്ലതോറും  വേശ്യാലയങ്ങൾ തുറക്കുന്നതിനെപറ്റി വരെ പലരും വാചാലരാകുന്നതും കണ്ടു. പീഡനങ്ങൾക്ക്  ലൈംഗികതയുടെ അലഭ്യത ചിലരിലെങ്കിലും കാരണമായേക്കാം എന്ന സാധ്യതയല്ലാതെ അത് മാത്രമാണ് കാരണം എന്ന ആണിയടിക്കലുകളോട് വിയോജിക്കേണ്ടി വരും.

ലൈംഗികത എന്നത് ജനിതകമായ ഒരു ആവശ്യമെന്നിരിക്കെ അതിനെ ഏത് സാമൂഹിക സാഹചര്യത്തിന്റെ പേര് പറഞ്ഞ് അണക്കെട്ടി നിർത്താൻ ശ്രമിച്ചാലും ചിലവഴികളിലൂടെ അത്  ഉറവപൊട്ടിയൊഴുകും എന്നത് പരമാർത്ഥമാണ്. സ്ത്രീപുരുഷ സ്രിഷ്ടികളെ ശാസ്ത്രീയമായോ ഇനി അതല്ല ദൈവീകമായി അപഗ്രഥിച്ചാലും കായബലത്തിൽ സ്ത്രീയെക്കാൾ ഒരുപടി മുന്നിലാണ് പുരുഷൻ എന്ന സത്യം അംഗീകരിക്കുകയല്ലാതെ തരമില്ല. സ്ത്രീപുരുഷ സമത്വം എന്നത് ഒരു മാനസിക ഐക്യപ്പെടലിന് അപ്പുറം അതിന് ശാരീരിക തലത്തിൽ ഒരു പ്രസക്തിയും ഇല്ല എന്നത് സ്ത്രീപക്ഷ വാദികളാൽ അംഗീകരിക്കപ്പെടില്ല എങ്കിൽ പോലും പറയാതിരിക്കാൻ നിർവ്വാഹമില്ല. മൃഗം എന്ന രണ്ടക്ഷരത്തിൽ മനുഷ്യനേയും ശാസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും വികലമല്ലാത്ത മറ്റൊരു സത്യമാണ്. അതുകൊണ്ട് തന്നെ ഏതൊരു മൃഗത്തിലും പുരുഷനിൽ  ജനിതകമായി അവരോധിക്കപ്പെട്ടിട്ടുള്ള കീഴടക്കൽ ലൈംഗികത  മനുഷ്യനിൽ മാത്രം വെറും ലൈംഗിക അലഭ്യതയിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാം. ആത്യന്തികമായി സ്ത്രീയെ വെറും ഭോഗവസ്തുവായി കാണുന്ന ഒരു മൃഗം തന്നെയാണ് ഏതൊരു പുരുഷനും. പുരുഷമൃഗത്തിന് തന്‍റെ മുന്നിൽ നിൽക്കുന്ന അതേ ജനുസ്സിൽപെട്ട ഏതൊരു സ്ത്രീയും അവന്‍റെ ലൈംഗിക തീഷ്ണയുടെ അവസാന ആശ്രയം മാത്രമാണ്. അതിൽ പ്രായമോ ബന്ധമോ സൗഹൃദമോ സാമൂഹിക പരിസരങ്ങളോ ഒരു ഘടകമേയല്ല എന്നും നമ്മൾക്ക് തീർച്ചയായും അറിയാം. പറഞ്ഞു വന്നത് മനുഷ്യനിലെ പ്രത്യേകിച്ച് പുരുഷനിലെ  മൃഗീയത അവനിൽ ജനിതകമായി തന്നെ രൂഡമൂലമായിരിക്കുന്ന  ഒരു മാനസികാവസ്ഥ തന്നെയാണ് എന്നാണ്. ശാസ്ത്രലോകത്തിന് പോലും പ്രതിവിധി നിർദേശിക്കാൻ കഴിയാത്ത അതിനെ അലഭ്യത എന്ന മനോഹരമായ വാക്ക് കൊണ്ട് എത്ര വെള്ളപൂശാൻ ശ്രമിച്ചാലും ഉള്ളിലെ കറുപ്പ് പുറത്ത് കാണും എന്ന് സുവ്യക്തം.

എന്തുകൊണ്ട് ഈ ക്രൂരത എല്ലാവരിലും കാണപ്പെടുന്നില്ല, എന്തുകൊണ്ട് ചിലരിൽ മാത്രം കാണപ്പെടുന്നു  എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കപ്പെടാം. പുരുഷന്‍റെ  വീക്ഷണകോണിൽ  നിന്ന് എനിക്ക് അതിന് കുറെ ഉത്തരങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേത് സാമൂഹിക പരിസരം തന്നെയാണ്. തന്‍റെ ചുറ്റുപാടുകൾ അത് നിഷ്കർഷിക്കുന്ന ചില കെട്ടുപാടുകൾ അവൻ അറിയാതെ അവനെ നിയന്ത്രിക്കുന്നുണ്ട്. രണ്ടാമത്തേത് സാംസ്കാരിക തലമാണ്. വിദ്യാഭ്യാസം ലോക പരിചയം അതിലൂടെയുണ്ടാകുന്ന സമഭാവനാ മനോഭാവം എന്നിവ ഈ വിഭാഗത്തെ ക്രൂരതയിൽ നിന്ന് ഒഴിച്ച് നിർത്തും. മൂന്നാമത്തേത് ദൈവീകമാണ്. താൻ ചെയ്യുന്ന പാപങ്ങളെ ചോദ്യം ചെയ്യാൻ ഒരു ശക്തിയുണ്ട് എന്ന ചിന്തയാണ് ഈ വിഭാഗക്കാരെ മനുഷ്യത്വപരമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.  നാലാമത്തേത് നിയമ വാഴ്ച്ചയോടുള്ള ഭയമാണ്. തന്‍റെ പ്രവർത്തിയിൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയും അതിലൂടെ തനിക്കും തന്റെ ആശ്രിതർക്കും ഉണ്ടാകുന്ന മാനഹാനി ഇവരെ മാറ്റിനിർത്തപ്പെടുന്നു.  ഇനി അഞ്ചാമത്ത് ഒരു വിഭാഗമുള്ളത് അവസരങ്ങളുടെ അഭാവമുള്ളവർ ആണ്. ഈ അഞ്ചാം തരക്കാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും ഭയപ്പെടേണ്ടതും. ഇവരെ തിരിച്ചറിയാൻ ഒരു ഘടകവുമില്ല എന്നതാണ് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇത്തരക്കാർ മേൽപ്പറഞ്ഞ സാമൂഹിക സാംസ്കാരിക ദൈവീക നിയമഭയ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നായി അഭിനയിച്ച് ഒരിക്കലും തിരിച്ചറിയപ്പെടാത്തവരായി നമ്മുക്ക് ചുറ്റും ഉണ്ടാവും. മൃഗീയതയെ ഒരു വേശ്യാത്തെരുവിലൂടെ ഒതുക്കി നിർത്താൻ കഴിയില്ല എന്നതിന് ഇതിൽ കൂടുതൽ വിവരണം ആവശ്യമുണ്ടന്ന് തോന്നുന്നില്ല.

ജനിതക മൃഗീയതയ്ക്ക് പരിഹാരം വേശ്യാത്തെരുവുകൾ അല്ലങ്കിൽ പിന്നെ എന്ത് എന്ന ചോദ്യത്തിനാണ് പരിഹാരമായി ലൈംഗിക വിദ്യാഭ്യാസത്തെ നിർദ്ദേശിക്കപ്പെടുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യസത്തിന്റെ അഭാവം എത്രമാത്രം പ്രസക്തമാണന്ന് ഒരു അനുഭവത്തിലൂടെ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു. നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എന്‍റെ കമ്പനിക്ക്  ഒരിക്കൽ റിയാദിലെ അമേരിക്കൻ ഇന്‍റെര്‍നാഷണല്‍ സ്കൂളിൽ ഒരു പ്രോജക്ട് കിട്ടുകയുണ്ടായി. അവിടുത്തെ ഓഡിറ്റോറിയം നിർമ്മാണത്തിനൊപ്പം ക്ലാസ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ലാബിൽ ഗ്യാസ് കണക്ഷനുകൾ കൊടുക്കുക എന്നതും പ്രോജക്ടിന്‍റെ ഭാഗമായിരുന്നു. അതിനാൽ തന്നെ പ്രോജക്ട് ഹെഡായ എനിക്ക് ക്ലാസ് മുറികൾ സന്ദർശിക്കാനുള്ള ഒരു അവസരവും ഉണ്ടായി.

നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു പാട് ഘടകങ്ങൾ അടങ്ങിയ ക്ലാസ് മുറികൾ. നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അനുഭവങ്ങളുടെ ഒരു ശേഖരം. അതിൽ ഓരോ ക്ലാസ് മുറിയിലും അതാത് വിഭാഗത്തിന് അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസത്തിനുള്ള സജ്ജീകരണങ്ങൾ കണ്ടാൽ ഏറ്റവും ആധുനികമായി ചിന്തിക്കുന്ന മലയാളി പോലും ഒന്ന് നെറ്റി ചുളിക്കും. ആൺപെൺ ഭേദമില്ലാതെ പരസ്പരം സഹവർത്തിത്തത്തോടെ ഇടകലർന്ന് ക്ലാസെടുക്കുന്ന ടീച്ചറുടെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കിയിരിക്കുന്ന കുട്ടികൾ തന്നെയാണ് ആ സമൂഹം നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും നല്ല തെളിവുകൾ. അത്തരം ഇടകലർന്ന ആൺപെൺ ക്ലാസ് മുറികൾ നമ്മുടെ നാട്ടിൽ ഉണ്ടായാൽ അതിന്‍റെ അവസ്ഥ എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

എങ്ങനെയാണ് ഈ ക്ലാസ് മുറികൾ ലൈംഗിക വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കാം. പ്രൊജക്ടറുകൾ, വിവിധതരം സി ഡി കൾ, പുസ്തകങ്ങൾ, ക്രിത്രിമ ലൈംഗിക അവയവങ്ങൾ, സ്ത്രീ പുരുഷ ശരീരങ്ങളുടെ ചിത്രങ്ങളും സിലിക്കോണിൽ  തീർത്ത പൂർണകായ രൂപങ്ങളും മാത്രമല്ല, പരിമിതികൾ ഇല്ലാതെ ലൈംഗികതയും അതിന്റെ ഗുണദോഷങ്ങളും പഠിപ്പിക്കാൻ വേണ്ട എല്ലാ ഘടകങ്ങളും ഓരോ ക്ലാസ് മുറികളിലും സജ്ജമായിരുന്നു. പ്രായത്തിന്റെ പരിമിതിയിൽ നിർത്തി ഓരോ ക്ലാസിലും വേണ്ട ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് പ്രായപൂർത്തിയാകുമ്പോൾ അത്യാവശ്യമെങ്കിൽ ഒരിണയെ തിരഞ്ഞെടുക്കാനുള്ള പൂർണ സ്വതന്ത്രം സ്ത്രീയ്ക്കും പുരുഷനും നൽകുന്നു എന്നതാണ് പ്രത്യേകത. 

ഭലം നിസ്സാരമല്ല, മൂടിവയ്പ്പില്ലാത്ത ലൈംഗിക വിദ്യാഭ്യാസം മൂലം തന്‍റെ ഇണയോട്  സ്നേഹവും ലൈംഗികതയും മറയില്ലാതെ ആവശ്യപ്പെടാനുള്ള സമത്വം നൽകപ്പെടുന്നു. എന്ത് വേഷം ധരിച്ചാലും അത് അവരുടെ സ്വാതന്ത്രമാണന്ന തിരിച്ചറിവുണ്ടാകുന്നു. തന്‍റെ ഇണയുടെ ശരീരം അവരുടെ താത്പര്യത്തോടെ മാത്രം സ്പർശിക്കാനുള്ള സംസ്കാരം ഉണ്ടാക്കപ്പെടുന്നു. തന്‍റെ ഇണയല്ലാത്ത ഒന്നും തനിക്ക് തൊട്ടു പോലും ലൈംഗികാസ്വാദനം നടത്താനുള്ള ഉപഭോഗവസ്തു അല്ല എന്ന ബോധം സ്രിഷ്ടിക്കപ്പെടുന്നു. ബലാൽസംഗം എത്ര കഠിനമാണന്നും അതിലൂടെ ഒരു സ്ത്രീക്ക് ശാരീരികമായുണ്ടാകുന്ന മുറിവുകൾക്കുപരി അവളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ഉത്ബോധിപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ അവളുടെ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദന പരസ്യമായി കാണിക്കുന്ന വഴി തന്‍റെ അമ്മ തനിക്ക് ജന്മം തന്നപ്പോൾ ഉണ്ടായ വേദന മനസ്സിലാക്കാനും അവരെപ്പോലെ തന്‍റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളെയും പരിചരിക്കാനുമുള്ള അവബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ ഘടനയും രൂപവും തിരിച്ചറിയുകയും ലൈംഗികത എങ്ങനെയെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന വഴി ശരിയായ ലൈംഗിക വേഴ്ചയെക്കുറിച്ച് സംശയ ദൂരീകരണവും നൽകപ്പെടുന്നു.

ഇത്ര ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഒരു പക്ഷേ ഒരു നൂറ്റാണ്ട് കൂടി പിന്നിട്ടാലും നമ്മുക്ക് അപ്രാപ്യമായിരിക്കും. പക്ഷേ മുഖംമൂടി അണിഞ്ഞ് നമ്മുക്ക് ചുറ്റും വിലസുന്ന മൃഗതീഷ്ണതയുള്ള മനുഷ്യരുടെ എണ്ണം അടുത്ത തലമുറയിലെങ്കിലും കുറഞ്ഞു കാണണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ ആഡ്യത്വത്തിന്റെ അട്ടിപ്പേറായ സാംസ്കാരിക മൂല്യച്യുതി എന്ന ഗീർവാണം അവസാനിപ്പിച്ച് ലൈംഗിക വിദ്യാഭ്യാസം ഇന്നേ നിർബന്ധിതമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലങ്കിൽ അലഭ്യതയെ പഴി പറഞ്ഞ്, വേശ്യാത്തെരുവുകൾ പണിയുന്ന സ്വപ്നവും പേറി, നമ്മുക്ക് അർമ്മാദിച്ച്  ആഘോഷിക്കാൻ ഇനിയും ഇനിയും വാളയാറുകൾ പിറക്കാനായി  കാത്തിരിക്കാം.

Tuesday, 24 December 2019

മാംസ നിബദ്ധമാണ് രാഗം.


മാംസ നിബദ്ധമല്ല രാഗം. പ്രണയത്തെക്കുറിച്ച് പറയുന്ന പല സ്റ്റാറ്റസുകൾക്കും ചുവട്ടിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കമന്‍റാണ് ഇത്, അല്ലങ്കിൽ ഇതിന് സമാനമായ മറ്റു ചില കമന്‍റ്കൾ. യഥാർത്ഥത്തിൽ പ്രണയം മാംസനിബദ്ധമല്ലേ. ഈ ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട്. എന്‍റെ ഈ പ്രായത്തിൽ പോലും എനിക്ക് ഒരു പ്രണയമുണ്ടായാൽ അത് മാംസനിബദ്ധമായിരിക്കില്ലേ? നാനാ വഴികളിലൂടെ ചിന്തകൾ പോയിട്ടും "അതെ" എന്ന് തന്നെയാണ് എനിക്ക് ഉത്തരം കിട്ടിയത്.

മുൻ തലമുറയിൽ നിന്ന് വ്യത്യസ്ഥമായി പരിധിയില്ലാത്ത ആൺപെൺ സൗഹൃദങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇക്കാലത്ത്, ഈ ലോകത്തുള്ള എന്ത് സ്വകാര്യതയും ആണിനും പെണ്ണിനും സൗഹൃദത്തിനുള്ളിൽ നിന്ന് തുറന്നു പറയാൻ സാഹചര്യമുള്ള ഇക്കാലത്ത്, ഞങ്ങൾ പ്രണയത്തിലാണ് എന്ന് ഒരു ആണും പെണ്ണും തീരുമാനിക്കണമെങ്കിൽ തങ്ങളുടെ  കറതീർന്ന സ്നേഹ സൗഹൃദത്തിനിടയിലേക്ക് ലൈംഗികത കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്ന വ്യത്യാസം മാത്രമേ കാണേണ്ടതുള്ളു. അതു കൊണ്ട് തന്നെ പ്രണയിനികൾക്കിടയിലെ ലൈംഗികതയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് നിസംശയം പറയാം. 

രണ്ടു വ്യാഴവട്ടക്കാലം മുന്നേ വരെയുള്ള പ്രണയം ഇങ്ങനെയായിരുന്നില്ല, അതിന് ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു, വല്ലപ്പോഴും ഒന്നു കണ്ടാലായി, പ്രണയ ലേഖനങ്ങളുടെ പെരുമഴക്കാലം ഇങ്ങനെ നിരവധി രസകരമായ സ്റ്റേറ്റുമെന്റുകൾ പ്രേമിച്ച് കെട്ടിയ എന്‍റെ സതീർത്ഥ്യൻമാരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്. അവരാണ് മാംസ നിബദ്ധമല്ല രാഗത്തിന്‍റെ പ്രധാന പ്രയോക്താക്കൾ. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ, കൂട്ടുകുടുംബ വ്യവസ്ഥയിൽ, ജാതി മത സ്വാധീനങ്ങളിൽ,  ടെക്ക്നോളജിയുടെ അഭാവത്തിൽ, പ്രണയങ്ങളെ മാംസ നിബദ്ധമല്ലാതെ കൊണ്ടു പോകേണ്ട ഗതികേടിലായിപ്പോയി പ്രണയിതാക്കൾ. അതുകൊണ്ട് അതിനെ വലിയ രീതിയിൽ മഹത്വവൽക്കരിക്കേണ്ടതില്ല എന്ന് സാരം.

ഒരു ദാമ്പത്യ ബന്ധത്തിൽ സ്ത്രീയെയും പുരുഷനേയും ഒന്നിച്ച് നിർത്താൻ ലൈംഗികതയോളം പ്രധാന്യമുള്ള പല ഘടകങ്ങളും ഉണ്ടാവാം, എന്നാൽ ലൈംഗിക തീഷ്ണയും, ലൈംഗിക അഭിവാജ്ജയും ഇല്ലാതെ പ്രണയിനികൾക്കിടയിൽ മറ്റ് എന്ത് ഘടകമാണ് അവരെ ചേർത്ത് നിർത്തുന്നത്. ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങളിൽ ഏറിയ പങ്കും പങ്കാളിയിലെ ലൈംഗിക വീഴ്ചകളെ എടുത്ത് കാട്ടിയാണന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടി വരും. 

മേൽപ്പറഞ്ഞ ഘടകങ്ങൾ എന്നോടൊപ്പം നിങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ നടപ്പാക്കും എന്ന് ഉറപ്പ് വരുത്തണം. അതിന് നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ, ഇപ്പോൾ പ്രണയിതാവാണോ, ഇനി ഒരിക്കലും പ്രണയിക്കാൻ സാധ്യതയില്ല, ഇങ്ങനെയുള്ള വിഷയങ്ങൾ ഒന്നും ബാധകമേയല്ല. പ്രണയത്തിൽ കാമമുണ്ടന്നും, ലൈംഗികതയുണ്ടന്നും, പരസ്പരം ശരീരങ്ങളെ അറിയാനും, പ്രചോദിപ്പിക്കാനും, ലൈംഗികതയിൽ അഭിരമിക്കാനും അടങ്ങാത്ത ആഗ്രഹം  അവർക്കിടയിൽ ഉണ്ടാകുമെന്നും തിരിച്ചറിയണം. പലപ്പോഴും നേരിട്ട് അത്തരം അഭിലാഷ സാധ്യതകൾക്ക് സാഹചര്യമില്ലാതാകുമ്പോൾ, ഈ അത്യാധുനിക കാലത്ത് ചിലപ്പോൾ സോഷ്യൽ മീഡിയകളുടെ സാഹചര്യങ്ങളെ (ദുഃരു)ഉപയോഗിച്ച് ചിത്രങ്ങളായോ, വീഡിയോകളായോ, വീഡിയോ കോളുകളായോ അവർ തങ്ങളുടെ ലൈംഗിക സഫലീകരണം നടത്തുന്നത് തെറ്റ് എന്ന് പറയാൻ കഴിയില്ല. അത് അവർക്കിടയിലെ തികച്ചും സ്വകാര്യമായ ഒന്നായി തീരേണ്ടത് മാത്രമാണ്. സോഷ്യൽ മീഡിയയെ ഉപയോഗിച്ചുള്ള ഇത്തരം ലൈംഗിക പ്രയോഗങ്ങൾ പ്രണയിനികളിൽ മാത്രമല്ല, ദമ്പതികളിൽ പോലും നിലവിലുണ്ട് എന്നത് അംഗീകരിക്കപ്പെടേണ്ട ഒരു സത്യമാണ്.

ഈ ഒഴിവാക്കപ്പെടാനാവാത്ത  സാഹചര്യത്തിൽ നിന്നാണ് പ്രണയ ബന്ധങ്ങളിലൂടെ വഞ്ചിതരാകുന്ന സ്ത്രീകളെ/പെൺകുട്ടികളെ (വളരെ ചെറിയ അളവിൽ ആണുങ്ങളും) കുറിച്ച് നാം ചിന്തിക്കേണ്ടത്. ചില നരാധമന്മാർ സ്ത്രീകളുടെ സ്വകാര്യതയിലേക്ക് വയ്ക്കുന്ന ഒളിക്യാമറകൾ ഒഴിച്ചാൽ  വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന വീഡിയോകളിൽ 99.99% വും പ്രണയ വഞ്ചനകളുടെ കഥ പറയുന്നവയാണ്. പ്രണയിതാവിനെ വിശ്വസിച്ച് അവൾ തന്നെ ക്യാമറ തന്റെ നഗ്നതയിലേക്ക് തിരിച്ച് വയ്ക്കുമ്പോൾ അവൾ ചിന്തിക്കുക നാളെ വരാനിരിക്കുന്ന വഞ്ചനയെ കുറിച്ചായിരിക്കില്ല, മറിച്ച് ദൂരെയിരുന്നു തന്‍റെ പ്രാണന് താൻ കൊടുക്കുന്ന സന്തോഷത്തെ കുറിച്ചായിരിക്കും, അത് വഴി അവൾ സ്വയം അനുഭവിക്കുന്ന ഉന്മാദത്തെ കുറിച്ച് മാത്രമായിരിക്കും. എത്ര ഉപദേശിച്ചാലും ഇനി വരാനിരിക്കുന്ന എല്ലാ പ്രണയിതാക്കളിൽ എവിടെയെങ്കിലുമൊക്കെ ഇത്തരം വഞ്ചകന്മാർ ഒളിച്ചിരിപ്പുണ്ടാവാം. ഒരു പെൺകുട്ടിക്ക് എത്ര അടുത്തറിഞ്ഞാലും മനസ്സിലാക്കാൻ കഴിയാത്ത കടുത്ത വഞ്ചകന്മാർ.

സമൂഹത്തിന് ഇക്കാര്യത്തിൽ ഒരു ബാധ്യതയുണ്ടന്ന് വിശ്വസിക്കുന്നു. മനസാക്ഷിയുള്ളവർ ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. നിങ്ങളുടെ ആത്മാർത്ഥ  സുഹൃത്തുക്കൾ ആരെങ്കിലും ഇത്തരം വീഡിയോകൾ അയച്ചു തരുമ്പോൾ അവരോട് തുറന്നു പറയുക, അവരെ ഉപദേശിക്കുക. എനിക്ക് അയക്കരുതെന്നും, ദയവ് ചെയ്ത് മറ്റൊരാൾക്കും ഫോർവേർഡ് ചെയ്യരുത് എന്നും. നിങ്ങളുടെ മൊബൈലിൽ അത്തരം ഒരു വഞ്ചനാ വീഡിയോ എത്തിയാൽ നിങ്ങൾ ഒരിക്കലും അത് ഫോർവേർഡ് ചെയ്യില്ല എന്ന് പ്രതിജ്ഞ ചെയ്യുക. ഒപ്പം ഇത്തരം ഒരു വഞ്ചനാ വീഡിയോ നിങ്ങളിൽ എത്തിയെങ്കിൽ അവൾ കാണിച്ചിട്ടല്ലേ, അനുഭവിക്കട്ടെ എന്ന മനോഭാവത്തിൽ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക. കാരണം നിങ്ങൾക്ക് ഒരു പ്രണയമുണ്ടങ്കിൽ, ഇനി ഉണ്ടാകുമെങ്കിൽ, കാണുന്ന വീഡിയോയിലെ പോലെ നാളെ നിങ്ങളും ഒരു കഥാപാത്രമായി സോഷ്യൽ മീഡിയകളെ പ്രകമ്പനം കൊള്ളിക്കും എന്നതും മറക്കാതിരിക്കുക.

കാമുകീകാമുകന്മാരോട്. മുകളിൽ എഴുതിയവയെ ഞാൻ തന്നെ ഖണ്ഡിക്കുന്നു എന്ന് തോന്നാമെങ്കിലും ചില കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ശരീരം പരസ്പരം അറിയാനുള്ള നിങ്ങളുടെ അഭിലാഷത്തെ ചോദ്യം ചെയ്യുന്നില്ല. പെൺകുട്ടികൾ പ്രത്യേകിച്ച്, അകലെയിരിക്കുന്ന കാമുകന് വേണ്ടി വിവസ്ത്രയായി നിന്ന് അത് ചിത്രീകരിക്കാതിരിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിച്ചു എന്ന് പറയാം. നിങ്ങൾ ചിത്രീകരിച്ചത്, സെന്‍റ ബട്ടണിൽ അമർത്തുന്ന ആ നിമിഷം നിങ്ങളുടെ സ്വകാര്യത മറ്റൊരാളുടെ മാനസികനിലക്കനുസരിച്ച് ഏത് രീതിയിലും തിരിഞ്ഞു കൊത്താവുന്ന ഒരു ബൂമറാങ്ങ് ആയി മാറി എന്ന സത്യം ഓർത്ത് വയ്ക്കുക. പ്രണയിതാക്കൾക്കിടയില ലൈംഗിക ബന്ധങ്ങളിൽ ഞാൻ തെറ്റു പറയില്ല, പക്ഷേ അത് ചിത്രീകരിക്കുന്നത് എന്തിനാണന്ന് മാത്രം ഇന്നേവരെ എനിക്ക് മനസ്സിലായിട്ടില്ല. ചിത്രീകരിക്കുന്നതിന് എന്ത് കാരണം പറഞ്ഞാലും അതിന് പിന്നിൽ ഒരു ചതി ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്നത് ഉറപ്പാണ് എന്ന് മനസ്സിലാക്കി, അതിന് ഒരിക്കലും നിന്നു കൊടുക്കാതിരിക്കുക. കമിതാക്കൾ പ്രണയം മൊട്ടിടുമ്പോൾ തന്നെ സ്വയം ഒരു പ്രതിജ്ഞ ചെയ്യുന്നത് നല്ലതായിരിക്കും. ബന്ധം എത്ര മോശമായി മാറിയാലും, പിരിയേണ്ടി വന്നാലും തങ്ങളുടെ മുൻകാല സ്വകാര്യതകൾ ഒന്നിന്‍റെയും പേരിൽ വഞ്ചനക്കുള്ള മാധ്യമമാക്കില്ല എന്ന് തീരുമാനിച്ചുറപ്പിക്കുക. യഥാർത്ഥത്തിൽ സ്നേഹം ഉള്ള ഒരാൾക്കും തന്‍റെ ഇണയെ ഏത് സാഹചര്യത്തിലും ഒന്നിന്‍റെ പേരിലും വഞ്ചിക്കാനാവില്ല എന്ന പരമസത്യം എന്നും ഉള്ളിൽ ഉണ്ടാവണം. 

വായനയുടെ അവസാനം ''ഓ ഇവൻ ഒരു ഹരിഛന്ദ്രൻ" എന്ന ചുളിഞ്ഞ മുഖം ചിലരിലെങ്കിലും ഉണ്ടാകും എന്നുറപ്പാണ്. എന്‍റെ സ്വകാര്യ ജീവിതത്തിൽ ഞാൻ എങ്ങനെയൊക്കെയാണോ അതാണ് എന്‍റെ എഴുത്തുകളും. ഞാൻ പോൺ മൂവീസ് ധാരാളം കണ്ടിട്ടുണ്ട്, ഇന്നും കാണാറുണ്ട്. എന്നോട് അത്തരത്തിൽ സ്വാതന്ത്ര്യമുള്ള സുഹൃത്തുക്കൾ അയച്ചു തരാറുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ അവരോടൊക്കെ ഞാൻ പറഞ്ഞിട്ടുള്ള ഒറ്റക്കാര്യം മാത്രം "വഞ്ചനാ വീഡിയോകൾ അയക്കരുത്, എനിക്ക് കാണാൻ തീരെ താത്പര്യമില്ല ഒപ്പം നിങ്ങൾ പ്രചരിപ്പിക്കരുത്" എന്ന് തന്നെയാണ്. 

ഇതൊരു സന്ദേശമായി ഉൾക്കൊണ്ട് പരമാവധി ഷെയർ ചെയ്യാൻ അപേക്ഷ. ഒരാളിൽ എങ്കിലും മാറ്റമുണ്ടായാൽ നല്ലതല്ലേ...?