. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 17 May 2009

നിന്നിലേക്ക്!

കരിംതിരി വിളക്കിന്റെ
ദുഃസ്സഹമായ ജ്വാലകള്‍ക്കരികെ ‍.....
പുരുഷാരങ്ങളുടെ
കൂര്‍ത്ത ദൃഷ്ടികള്‍ക്ക് നടുവില്‍‍....
നിന്റെ ശയനം
എന്നില്‍ അത്ഭുതമുണര്‍ത്തുന്നു!?

കുസൃതി നിറഞ്ഞ,
കഥ പറയുന്ന നിന്റെ കണ്ണുകള്‍...
ഇങ്ങനെ ഇറുക്കി അടക്കാന്‍ മാത്രം
ഭീരുവോ നീ?

സദാ സ്വേദമുറ്റുന്ന
നിന്റെ നാസികാഗ്രങ്ങളിലെ....
ശോണിമയകലാന്‍ മാത്രം
കലുഷിതമോ നിന്‍ മനം?

പ്രേമം ചുരത്തിയിരുന്ന,
നിന്റെ വിടര്‍ന്ന അധരങ്ങള്‍,
വിഷലിപ്ത നീലിമയാക്കി
സ്വയം ക്രൂരയാകുന്നുവോ നീ?

നിശയുടെ അന്ത്യയാമങ്ങളില്‍
എനിക്ക് താരാട്ടിനായി....
ഉച്ചത്തില്‍ മിടിച്ചിരുന്ന
ഹൃത്താളം നിഷേധിച്ച് എന്നെ
പരിഹസിക്കുന്നുവോ നീ?

എന്റെ മുടിയിഴകളില്‍,കവിളുകളില്‍,
പ്രേമകവിത രചിച്ച കരങ്ങള്‍
നാഭിയില്‍ ചേര്‍ത്തു കെട്ടി
നീ ഒരു നിഷേധിയായി മാറുന്നുവോ?

നീ ബാക്കി വച്ച അത്ഭുതം, ഭീരുത്വം
ക്രൂരത, പരിഹാസം, നിഷേധം
എല്ലാം എന്നിലേക്കാവാഹിക്കാന്‍
വീണ്ടും നിന്നോടൊപ്പം ചേരാന്‍
അതി മോഹം, ആകാംഷ
ഞാനും നിശ്ചലന്‍ ആവട്ടെ!