. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 21 July 2021

ബഹിഷ്കരണം അഥവാ ഓടിതള്ളല്‍


സി പി എം ൻ്റെ ഏഷ്യാനെറ്റ് ബഹിഷ്കരണം ആണ് പോരാളി ഷാജിമാരുടെ ഏറ്റവും പുതിയ ആഘോഷ ട്രോളുകളുടെ ആധാരം. സി പി എം രാഷ്ട്രീയ നേതൃത്വം ജപിക്കുന്ന "നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല" എന്ന ശ്ലാേകത്തിൻ്റെ യഥാർത്ഥ രൂപം "നിങ്ങൾ ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയരുത്" എന്നാണന്ന് പോരാളി ഷാജിമാരെ കൂടി പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, മൂലമന്ത്രത്തിൻ്റെ യഥാർത്ഥ അന്തഃസത്ത തിരിച്ചറിയാത്ത ഷാജിമാർ, ഇത്തരം വിഷയങ്ങളെ ആഘോഷട്രോളുകൾ ആക്കുകയും, യഥാർത്ഥ കാരണം അറിയാവുന്ന നേതൃനിരയ്ക്ക് തലയിൽ മുണ്ടിട്ട് വീണ്ടും ഉൾവലിയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യും. കപടതയുടെ മൂടുപടം വലിച്ചു കീറി സത്യങ്ങൾ തെളിഞ്ഞു തുടങ്ങുമ്പോൾ തിരിഞ്ഞോടുക എന്നതിനെ "ബഹിഷ്കരണം" എന്ന ഗ്ലോറിഫൈഡ് വാക്കിലേക്ക് ഒതുക്കി ചുരുക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാകുമെങ്കിലും, അടിമ ഷാജിമാർക്ക് മനസ്സിലാക്കാത്തത് മേൽപ്പറഞ്ഞ തെറ്റിദ്ധാരണ മൂലമാണ്, അവർ നിങ്ങളുടെ അന്തം വിശ്വാസികൾ ആയതുകൊണ്ടാണ്.

ഈ യുഗത്തിലെ രാഷ്ട്രീയം എത്രമാത്രം മലീമസമായോ അതിലേറെ പുഴുക്കുത്തുകൾ വീണതാണ് ഇന്നിൻ്റെ പത്രപ്രവർത്തവും എന്ന് തിരിച്ചറിയാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ. പരിപ്പു വടയും, കട്ടൻ ചായയിൽ നിന്നും ബർഗറും പെപ്സിയിലേക്ക് കയറിയ പാർട്ടിയുടെ യുവ അഭിനവ സോഷ്യലിസ്റ്റ് സിംഹങ്ങൾക്ക് അതറിയില്ല എന്ന് കരുതുക പ്രയാസം. അതുകൊണ്ടു തന്നെ അത്തരം ഒരു വേദിയിൽ നിന്നുള്ള പിന്മാറ്റം തീർച്ചയായും മാറ്റുരപ്പിലെ പരാജയമോ അതുമല്ലങ്കിൽ ന്യായീകരണ ഗിമ്മിക്കുകളുടെ അലഭ്യതയോ ആണന്നത് ഷാജിമാരല്ലാത്ത സാധാരണക്കാർക്ക് മനസ്സിലാക്കാൻ ഒരു പ്രയാസമില്ല. നിങ്ങളുടെ ആശയത്തിന് വ്യക്തതയുണ്ടങ്കിൽ, നിങ്ങൾക്ക് വിഷയങ്ങളിൽ പൂർണ അവഗാഹമുണ്ടങ്കിൽ, നിങ്ങൾക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലങ്കിൽ എത്ര കഠിനമായ സാഹചര്യങ്ങളേയും മറികടന്ന് വിജയിക്കാൻ കഴിയും എന്നത് ഉറപ്പല്ലേ. അത്തരം ആത്മവിശ്വാസമില്ലാത്ത എം ബി രാജേഷുന്മാർക്ക്, ചോദ്യങ്ങൾ ചോദിക്കാൻ ആളില്ലാത്ത സ്വന്തം ഓഫീസ് റൂമിൽ സെൽഫി ക്യാമറയുടെ മുന്നിലിരുന്ന് സ്വയം സത്യവാർത്തകൾ ചമയ്ക്കേണ്ട ഗതികേടിലേക്ക് തരംതാഴേണ്ടി വന്നേക്കാം.

തങ്ങളുടെ ആശയസമരത്തിനെന്ന പേരിൽ ചാനൽ ഡസ്ക്കുകളിൽ എത്തുന്ന എല്ലാ പാർട്ടികളിലും പെടുന്ന ഭൂരിപക്ഷം രാഷ്ട്രീയ പോരാളികൾക്കും അവർ ആശയ വ്യക്തതക്കാണോ അതോ യുദ്ധത്തിനാണോ എത്തുന്നത് എന്ന് പോലും അറിയില്ല എന്ന മട്ടിൽ സംശയം ജനിപ്പിക്കുന്ന പ്രകടന ഘോഷങ്ങളാണ് പതിവ്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നത് മാത്രമല്ല പ്രശ്നം, തങ്ങളുടെ സിരാ കേന്ദ്രങ്ങളിൾ കൈക്കൊള്ളുന്ന നിലപാടുകളെ കുറിച്ചോ അഥവാ അൽപ്പം അറിയാമെങ്കിൽ കൂടി വിഷയത്തിൻ്റെ കാലിക പ്രസക്തിയെ കുറിച്ചോ പൂർണമായ ധാരണ പോലും അവർക്കില്ല. ആശയ സംവാദത്തിൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാകുമ്പോൾ പരാജയം നിശ്ചയമല്ലേ. അവിടെ പിടിച്ച് നിൽക്കാനാകാതെ എതിരാളികളുടെ വാക് വെടികൾക്ക് മുന്നിൽ ചോര വാർന്ന് മരിച്ച് വീഴുമ്പോൾ, അവയെ വീരചരമം പ്രാപിച്ചു എന്ന മട്ടിൽ ആഘോഷിക്കാനുള്ള അന്തം ഷാജിമാരുടെ അടിമത്വ മാനസികാവസ്ഥ എത്ര ദയനീയമാണ്.