. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 21 May 2013

എന്നില്‍ നിന്നും നിന്നിലേക്ക്‌.



പ്രിയേ.. ഞാന്‍ വിടപറഞ്ഞ
ഈ വേളയില്‍ പോലും-
എന്‍റെ ഓര്‍മ്മകള്‍ നിനക്ക്
ദുഃഖസാഗരമാകരുത്.
നശ്വരമായ മനുഷ്യായുസിനെ
ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത്-
നീ സന്തോഷവതിയാകുക.
ആ സുന്ദര ഓര്‍മ്മകള്‍ നിന്‍റെ-
പന്ഥാവിന്‍ തണലായി തീരട്ടെ.
നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും-
ഇനി നിന്‍റെതാവട്ടെ.
എന്നില്‍ നിന്ന് നീ കവര്‍ന്ന-
പ്രണയാര്‍ദ്ര നിമിഷങ്ങള്‍
നിന്‍റെ ഭാവിയിലെ  ഉണര്‍വ്വായി മാറട്ടെ.

പ്രിയേ.... ഞാന്‍ നിന്നില്‍ നിന്നും-
എങ്ങനെ വിടപറയും...?
ഇന്നലെ എങ്ങനെ ആയിരുന്നോ-
അതിലും വളരെ അടുത്ത്
 പ്രഭാതത്തില്‍ വിരിഞ്ഞു-
പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നു-
യരുന്ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന-
കിളികളുടെ കളകളമായി,
ചക്രവാളത്തിന്‍റെ മദിപ്പിക്കുന്ന-
അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും-
വെള്ളി വെളിച്ചമായി,
നിന്‍റെ അതിലോല വസ്ത്രങ്ങളെ-
തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന-
സ്വപ്ന നക്ഷത്രമായി,
മഴ മേഘങ്ങളില്‍ വിരിയുന്ന-
സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും-
മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും -
ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും-
വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ-
വാത്സല്യ ചുഃബനങ്ങളായി,
നിന്‍റെ തൊട്ടടുത്ത്, ഒരു-
നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്‍റെ-
കുറഞ്ഞ അകലത്തില്‍.
നിനക്കൊപ്പം എന്നും
ഞാനുണ്ടാവും... മരണമില്ലാതെ!

Monday 20 May 2013

സ്ത്രീ - മറ്റൊരു മുഖം


നാരികള്‍ - നാരദര്‍, നരലോകത്തിന്നു-
നാശം വിതയ്ക്കുന്ന ഏഷണി യന്ത്രങ്ങള്‍!
കണ്ണീര്‍കണങ്ങള്‍ക്ക് പിന്നിലായ് രൌദ്രമാം-
കാളീമുഖങ്ങള്‍ ഒളിപ്പിച്ച ഭദ്രകള്‍!
മധുരമന്ദസ്മേര വദന വിഷം ചേര്‍ത്തു-
മധുകണമരചന്നു വിളമ്പുന്ന കുടിലകള്‍!
അന്യസമ്പത്തിങ്കല്‍ ആഗ്രഹം പൂണ്ടതിന്ന -
ല്ലലുണ്ടാക്കുന്ന പൊങ്ങച്ച സഞ്ചികള്‍!
ചാരെ ശയിക്കുന്ന പതിയേതുമറിയാതെ -
ചാരിത്ര്യം അന്യര്‍ക്കു കപ്പം കൊടുക്കുന്നോള്‍!
ഇരുളിന്‍റെ മറവിലായ് ഇലയനങ്ങാതെ കാത്തി-
രകളെ തേടുന്ന കാമപ്പിശാചുകള്‍!
ഭരണയന്ത്രത്തിന്‍റെ ഭാഗഥേയത്തിനായ്
ഭഗവാനു പോലും വില പറയുന്നവള്‍!
കാര്യ സാദ്ധ്യത്തിനായ് കടക്കണെറിഞ്ഞിട്ടു
കാരണമില്ലാതെ പഴി പറയുന്നവള്‍!
നാരികള്‍ - നാരദര്‍ നരലോകത്തിന്നു -
നാശം വിതക്കുന്ന ഭീകര രൂപികള്‍!

 വാല്‍ക്കഷണം:- മുന്‍പ് എഴുതിയ ഈ കവിതയ്ക്ക് സമകാലീന സംഭവങ്ങള്‍ ഈടും പാവും കുറിക്കുന്നു.... എന്‍റെ അമ്മയും, പെങ്ങളും, ഭാര്യയും മകളും അടങ്ങുന്ന സ്ത്രീ സമൂഹമേ എന്നോട് ക്ഷമിച്ചാലും.