. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday 29 September 2018

ശബരിമലയിലെ പുനർവിചിന്തനങ്ങൾ.

ശബരിമലയിലെപെൺപ്രവേശനവുമായി ബന്ധപ്പെട്ട് മറ്റു ചിലതും കൂടി എനിക്ക് പറയാനുണ്ട്. നാൽപ്പത്തി ഒന്നു ദിവസത്തെ കഠിന വ്രതത്തെ സംബന്ധിച്ച് പറഞ്ഞാൽ,  നാൽപ്പത്തി ഒന്ന് എന്ന ആ മാന്ത്രിക വ്രത ദിവസങ്ങൾ  ഇപ്പാേൾ കടലാസിൽ മാത്രം ഒതുങ്ങുന്നു. ഏറിയപങ്കു ഭക്തരും, പ്രത്യേകിച്ച് മലയാളികളിൽ ബഹുഭൂരിപക്ഷവും ഏഴ് ദിവസവും, പതിനാല് ദിവസവും ഏറിയാൽ ഇരുപത്തി ഒന്ന് ദിവസമോ വ്രതമെടുത്താണ് ഇന്നത്തെ ശബരിമല ദർശനം. ഇത് അയ്യപ്പനോ കോടതിയോ പറഞ്ഞിട്ടല്ല, അവരോരുടെ സൗകര്യാർത്ഥം ഓരോരുത്തരും അങ്ങ് തീരുമാനിച്ചു എന്ന് പറയുന്നതാകും കൂടുതൽ ശരി. വ്രതശുദ്ധിയോടെ പശുവിനെ കറന്ന്, ആ പാൽ തൈരാക്കി, അതിൽ നിന്നും വെണ്ണയെടുത്ത് ഉരുക്കി നെയ്യാക്കി അതു വച്ച് നെയ്ത്തേങ്ങാ നിറയ്ക്കണം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് ഒരു കുപ്പി മിൽമ നെയ്യിൽ തീരുന്ന പത്ത് മിനിറ്റ് സംഗതിയാണ് നെയ്തേങ്ങാ നിറയ്ക്കൽ. ഇതൊക്കെ ശബരിമലയുടെ ആചാരാനുഷ്ടാനങ്ങളിൽ വന്ന കാതലായ മാറ്റങ്ങൾ ആണന്ന് ചൂണ്ടിക്കാട്ടി എന്ന് മാത്രം. എന്റെ ഓർമ്മയിലുള്ള, കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഉണ്ടായ ഇനിയും ധാരാളം മാറ്റങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും, പക്ഷേ അതിലേക്ക് കടക്കുന്നില്ല.

പണ്ട് മണ്ഡലകാലം 41 ദിവസം വ്രതവും അനുഷ്ടിച്ച്‌ അതിനു ശേഷം മകരവിളക്ക് സമയത്ത് മാത്രമാണ് ശബരിമലയിൽ പോയിരുന്നത്. മറ്റാെരു ക്ഷേത്ര ദർശനത്തിനും പോകുന്നതിന് വിപരീതമായി ശരണം വിളി എന്ന ചടങ്ങ് നടത്തി, മുതിർന്നവർക്ക് ദക്ഷിണയും കൊടുത്ത ശേഷമായിരുന്നു അക്കാലത്ത് ദർശനത്തിന് പോയിരുന്നത്. ദക്ഷിണ കൊടുക്കുന്നത് തന്നെ തിരിച്ചു വരാൻ കഴിയില്ല എന്ന ചിന്തയിലും ജീവിതത്തിന്റെ അവസാന യാത്ര എന്ന സങ്കൽപ്പത്തിലുമാണ്. ആനയും, പുലിയും, കടുവയും നിറഞ്ഞ ദുഷ്കരമായ കാനനപാത താണ്ടി പോകുന്നവരിൽ പ്രകൃതിയുടേയും അതിന്റെ വന്യതയേയും നേരിട്ട് തിരികെ എത്തുന്നത് അപൂർവ്വമായിരുന്നു. അതും പോക്കും പിന്നെ ഭാഗ്യത്തിന് തിരിച്ച് വന്നാൽ അതും ചേർത്ത് മാസങ്ങളുടെ യാത്ര ആയിരുന്നു. 

ഇന്ന് പതിനെട്ടാം പടിയുടെ താഴെ വരെ എത്താൻ ഏതാനും മണിക്കൂറുകൾ മതി. പമ്പ വരെ അത്യാധുനിക സൗകര്യമുള്ള വാഹനങ്ങൾ, പമ്പ മുതൽ കാനനപാത കോൺക്രീറ്റ് ചെയ്ത് കിടുക്കനാക്കിയിരിക്കുന്നു. സമീപ ഭാവിയിൽ തന്നെ വാഹനങ്ങൾ ശബരിമലയിൽ എത്തും എന്ന് ഉറപ്പ് (ഇപ്പോൾ തന്നെ ശബരിമലയിലേക്കുള്ള സാധനങ്ങൾ സ്വാമി അയ്യപ്പൻ റോഡ് എന്ന ഒരു പുതിയ റോഡ് വെട്ടി അതിലൂടെ ട്രക്കിലാണ് കൊണ്ടു പോകുന്നത് ). ഇപ്പാേൾ തന്നെ പാത ചവിട്ടിക്കയറാൻ വയ്യാത്തവർക്ക് മനുഷ്യൻ ചുമക്കുന്ന ട്രോളി സൗകര്യം ലഭ്യമാണ്, പ്രായമായവരെക്കാൾ ചെറുപ്പക്കാരാണ് ആ വളരെയധികം ക്യാഷ് ചിലവാകുന്ന ആ സൗകര്യം ഉപയോഗിക്കുന്നത്. ഇപ്പോൾ ശബരിമലയിൽ പോകുന്ന സാധാരണ ആണുങ്ങൾ തന്നെ തിരക്ക് ഒന്നും ഇല്ലങ്കിൽ പമ്പയിൽ നിന്ന് നാല് മണിക്കൂർ കൊണ്ട് ശബരിമലയിൽ പോയി തിരികെ എത്തും. പിന്നെ തിരിച്ച് വണ്ടിയിൽ വരുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറിയാണ് പ്രാധമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നത്. ഇന്ന് സ്ത്രീകൾ ഒരു സാധാരണ യാത്രയിൽ പോലും പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് എന്നിരിക്കെ ഈ അത്യാധുനിക ഘട്ടത്തിൽ ശബരിമലയിലേക്ക് മാത്രം സ്ത്രീ എന്തിന് നിഷേധിക്കപ്പെടണം.   

ശബരിമലയുടെ ഭൂമി ശാസ്ത്രപരവും ഘടനാപരവുമായ പ്രത്യേകതയാണ് പഴമക്കാർ അവിടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കാൻ കാരണം എന്നാണ് എന്റെ കാഴ്ചപ്പാട്, അല്ലാതെ അതിന് അതിന്റെ ആചാരങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് തോന്നുന്നില്ല. അല്ലങ്കിൽ തന്നെ അൻപത്തിയഞ്ച് വയസ്സുള്ള മാസമുറയുള്ള സ്ത്രീയും അറുപത് വയസ്സുള്ള മാസമുറയില്ലാത്ത സ്ത്രീയും തമ്മിൽ ജീവ ശാസ്ത്രപരമായി എന്ത് വ്യത്യാസമാണ് ഉള്ളത്. 12 വയസ്സുള്ള ഒരു കുട്ടിയും 15 വയസ്സുള്ള ഒരു കുട്ടിയും തമ്മിൽ മനശാസ്ത്രപരമായി എന്ത് വ്യത്യാസമാണുള്ളത്. ആയിരക്കണക്കിന് ബ്രഹ്മചാരികളായ സന്യാസിമാർ സാധാരണ ജനങ്ങളുമായി അടുത്തിടപഴകി ജീവിക്കുന്ന നാട്ടിൽ അയ്യപ്പന് മാത്രം സ്ത്രീയിൽ നിന്ന് സംരക്ഷണം എന്തിനാണ്. ഇത്തരം അനാവശ്യമായ കടുംപിടുത്തങ്ങളും നിഷ്കർഷകളും കൊണ്ട് ഗുണമൊന്നും ഉണ്ടായതായി എവിടെയും കാണുന്നില്ല.