. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 29 September 2019

നവോത്ഥാനം സോഷ്യൽ മീഡിയയിൽ





സ്ത്രീയും പുരുഷനുമായുള്ള പ്രധാന വ്യത്യാസമായി ഏവരും പറയുന്നതും, സോഷ്യൽ മീഡിയാ രംഗത്ത് വന്ന ശേഷം കുറച്ചു കൂടി കൂടുതൽ അറിഞ്ഞതും മനസ്സിലാക്കിയതുമായ ഒരു നഗ്ന സത്യമാണ് ഈ ചിത്രത്തിലൂടെ പങ്കു വയ്ക്കാൻ ശ്രമിക്കുന്നത്. സ്ത്രീ തന്റെ മനസ്സു പകരുന്നതിൽ മുൻഗണന കൊടുക്കുമ്പോൾ, പുരുഷൻ അവളുമായുള്ള ശരീരിക വേഴ്ചക്ക് പ്രാധാന്യം കൊടുക്കുന്നു. ഒരു പക്ഷേ തിരുത്തി പറയാൻ കഴിയുന്ന ചുരുക്കം ചില സംഭവങ്ങൾ സമൂഹത്തിൽ കാണാൻ കഴിഞ്ഞേക്കാം, എങ്കിലും ഭൂരിപക്ഷവും അങ്ങനെയാണന്ന് വിലയിരുത്തേണ്ടി വരുന്നു.

പുരോഗമനം എന്നാൽ ലൈംഗികത തുറന്നു പറയാനും, സ്ത്രീയോട് ലൈംഗിക ബന്ധത്തിന് യാചിച്ച് പുറകെ നടക്കലും ആണന്ന് ഉറച്ച് വിശ്വസിക്കുന്ന നിരവധി പുരുഷ കേസരികളാൽ സമ്പന്നമാണ് സോഷ്യൽ മീഡിയ. അവർക്ക് മറ്റൊന്നും സംസാരിക്കാനില്ല എന്നത് അത്ഭുതവും ചില സമയങ്ങളിൽ അറപ്പും ഉളവാക്കുന്നു. ആദ്യമായി പരിചയപ്പെടുന്ന സ്ത്രീയോടു പോലും ലൈംഗിംക ചുവയാേടെ സംസാരിക്കാനും, തന്റെ ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കാനും ഈ കൂട്ടർക്ക് മടിയില്ല. സോഷ്യൽ മീഡിയ എന്ന മതിലിന് പുറത്ത് തികച്ചും യഥാസ്തികമായ ചർച്ചകളിൽ, വാചക കസർത്തുകളിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇതിൽ ഏറെയും എന്നതാണ് രസകരമായ മറ്റൊരു വശം. സ്വന്തം വീട്ടിലെ പെൺകുട്ടികളെ/സ്ത്രീകളെ മാത്രം ഹൃദയവിശാലതയോടെ കാണുകയും, മറ്റുള്ള എന്തിനേയും വെറും പെണ്ണ് എന്ന കള്ളിയിൽ ഒതുക്കി നിർത്തുകയും ചെയ്യുന്നു ഇത്തരക്കാർ.

സോഷ്യൽ മീഡിയ പുരുഷ കേസരികളോട് ഒരു ചെറിയ അപേക്ഷ. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചുവന്ന സ്നേഹ ചിഹ്നം ലിംഗത്തിൽ നിന്ന് ഹൃദയത്തിന്റെ ഭാഗത്തേക്ക് എടുത്തുയർത്താൻ കഴിയുമ്പോഴാണ് നിങ്ങൾ ഹൃദയവിശാലതയുള്ളവർ ആകുക. ഒപ്പം തരുണീമണികൾ ആ സ്നേഹ ചിഹ്നം തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് കൊണ്ടു വരികയും വേണം. പരസ്പരമുള്ള സഹവർത്തിത്തവും, ആരോഗ്യപരമായ സംവാദങ്ങളുമാണ് ആവശ്യം. മറയില്ലാത്ത ഇടപെടീലുകളും ലിംഗ വ്യത്യാസമില്ലാത്ത ആശ്ലേഷങ്ങളുമാണ് ആവശ്യം. അത്തരം ഹൃദയബന്ധങ്ങൾക്കിടയിൽ ലൈംഗികതയുണ്ടാവട്ടെ, സാഹോദര്യമുണ്ടാമട്ടെ, മാതൃപിതൃ സ്നേഹങ്ങൾ ഉണ്ടാവട്ടെ. അങ്ങനെ മാറണം ആധുനിക യുഗത്തിൽ ജീവിക്കുന്ന നമ്മുടെ ഓരോരുത്തരുടേയും ചിന്താഗതികൾ. ലൈംഗികതയ്ക്കായി നിൽക്കുന്ന ആൺ വർഗ്ഗവും, അതിൽ നിന്ന് ഓടി രക്ഷപെടാൻ നിൽക്കുന്ന പെൺവർഗ്ഗവും അടങ്ങിയ സമൂഹത്തിൽ പുരോഗമനത്തിന്റെയും നവോത്ഥാനത്തിന്റേയും കിനാശ്ശേരി ആരെങ്കിലും സ്വപ്നം കാണുന്നുണ്ടങ്കിൽ അത് മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കും എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല.

Sunday 22 September 2019

ഹിന്ദുത്വവും ജ്യോതിഷവും



ആമുഖമായി പറയട്ടെ, ഇത് എഴുതുന്നത് ആരുടെയും അരിയിൽ മണ്ണുവാരിയിടുക എന്ന ഉദ്ദേശത്തിലല്ല. എന്നാൽ പണിയെടുക്കാതെ പാവങ്ങളെ പറ്റിച്ച് വാങ്ങിക്കുന്ന അരിയിൽ അൽപ്പം മണ്ണു വീണാലും അതൊരു പാപമായി കരുതുന്നുമില്ല. ജ്യോതിഷം എന്ന ഈ ഉലകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ശാസ്ത്രം എന്ന രീതിയിൽ അതിനെ ഭാഗികമായി അംഗീകരിക്കുമ്പോഴും ഹിന്ദുത്വത്തിന്റെ അടിസ്ഥാന ശിലയുമായി പുലബന്ധവും ഇല്ലാത്ത അന്ധവിശ്വാസങ്ങളുടെ ചരടിൽ കോർത്ത് അരയിലും, കൈത്തണ്ടിലും കെട്ടിയിട്ടിട്ടും മതിവരാതെ സമൂഹം അതിനെ സാധാരണക്കാരുടെ ദൈവഭയത്തെ മുതലെടുത്ത് പൂജാ ഹോമാതി കർമ്മങ്ങൾ അടിച്ചേൽപ്പിക്കുന്ന ലക്ഷങ്ങൾ കവരുന്ന വൻ ബിസിനസ്സായി മാറ്റിയെടുത്തിരിക്കുന്നു.

ജ്യോതിഷത്തിന്റെ ശാസ്ത്ര സാങ്കേതിക വശങ്ങളിലേക്കൊന്നും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഹിന്ദുത്വത്തിന്റെ അടിത്തറയിൽ നിന്ന് തന്നെ അതിന്റെ കഥയില്ലായ്മയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നത്. ഹിന്ദുത്വം അടിസ്ഥാനമായി വിശ്വസിക്കുന്നത് വിധി അല്ലങ്കിൽ തലേവരയിൽ ആണന്ന് തിരിച്ചറിയാൻ അതിന്റെ ആഴങ്ങളിലേക്കൊന്നും പോകേണ്ടതില്ല. ഹിന്ദുത്വത്തിന്റെ ആസ്ഥാന കൃതികളായി വിലയിരുത്തപ്പെടുന്ന മഹാഭാഗവതം, ഭാരതം, രാമായണം ഇത്യാദി മഹാകാവ്യങ്ങളിലെ നാലോ അഞ്ചോ പേജുകൾ കടക്കുമ്പോൾ തന്നെ അത് മനസ്സിലാകും.

ഏവർക്കും പരിചിതമായ പരീക്ഷിത്തിന്റെ കഥ തന്നെ എടുക്കാം. തക്ഷകൻ എന്ന സർപ്പദംശനത്താൽ മരണം സംഭവിക്കും എന്ന വിധി ഉണ്ടായ പരീക്ഷിത്ത് അതിൽ നിന്ന് രക്ഷപെടാനായി ഒരുക്കിയ സംരക്ഷണ വലയങ്ങൾ മുഴുവൻ ഭേദിച്ച് ഭഗവത് വിധി നടപ്പാക്കുക തന്നെയുണ്ടായി എന്ന് അവിടെ അസന്നിഗ്ദമായി പറഞ്ഞു വയ്ക്കുന്നു. മറ്റൊരിടത്ത് ഭഗവാൻ ശ്രീകൃഷ്ണൻ പോലും വേടന്റെ അമ്പിനാൽ മരണപ്പെടും എന്ന വിധിയിൽ നിന്ന് രക്ഷപെടാനാവാതെ കീഴടങ്ങുന്നതും വ്യക്തമായി പ്രതിപാദിച്ചു വച്ചിരിക്കുന്നു. അങ്ങനെ പുണ്യപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അനവധി നിരവധി സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് വിധി എന്നത് ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസം എന്നാണ്.

ഇനി ചരിത്രത്തിലേക്ക് കടന്നാൽ ഇന്ത്യയിലെ ആദ്യത്തെ മുസ്ലീമായ ചേരമാൻ പെരുമാൾ മഹാരാജാവ് മുസ്ലീം മതം സ്വീകരിക്കാനുള്ള നിലപാട് എടുക്കേണ്ടി കാരണം പോലും ഹിന്ദു മതത്തിലെ വിധി എന്ന അടിസ്ഥാന വിശ്വാസത്തെ മറികടക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല എന്ന ഉപദേശം സ്വീകരിച്ചാണ്. തന്റെ മന്ത്രിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടന്ന തെറ്റിദ്ധാരണയിൽ മന്ത്രിയെ കൊലപ്പെടുത്തിയ ചേരമാൻ പെരുമാൾ പിന്നീട് മന്ത്രിയുടെ നിരപരാധിത്യം തിരിച്ചറിഞ്ഞ് മതപണ്ഠിതരോട് പ്രായശ്ചിത്തത്തിനുള്ള വഴികൾ ആരായുകയുണ്ടായി. എന്നാൽ പാപം ചെയ്തവന് പ്രായശ്ചിത്തത്തിന് വഴികൾ ഇല്ല എന്നും, വിധി എന്താണോ അത് സ്വീകരിക്കുകയേ മാർഗ്ഗമുള്ളു എന്നും അവർ അഭിപ്രായം പറഞ്ഞു. ആ സമയം യാത്രികനായി വന്ന ഒരു അറബ് വംശജനോട് പരിഹാരം ആരാഞ്ഞപ്പോൾ മുസ്ലീമിന് വിധി എന്ന അടിസ്ഥാന ശില ഇല്ല എന്നും പാപപരിഹാരത്തിന് വഴികൾ ഉണ്ടന്നും ഉള്ള ഉപദേശത്തെ തുടർന്ന് ചേരമാൻ പെരുമാൾ മതം മാറി മക്കയിലേക്ക് യാത്രയായി എന്ന് ചരിത്രം പറയുന്നു.

പൗരാണികവും, ചരിത്രപരവുമായുള്ള ഈ കഥകൾ എല്ലാം വിരൽ ചൂണ്ടുന്നത് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം നിലനിൽക്കുന്നത് തന്നെ "വിധി" എന്ന രണ്ടക്ഷരത്തിലാണ് എന്നാണ്. എങ്കിൽ പിന്നെ അവിടെ ജ്യോതിഷത്തിന് എന്ത് പ്രസക്തി എന്ന് ചോദ്യം ഉന്നയിക്കേണ്ടി വരുന്നത് ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ്. ഒരു വ്യക്തി ജനിക്കുമ്പോൾ തന്നെ അവന്റെ മരണം പോലും വിധിക്കപ്പെട്ടിട്ടുള്ള ഒരു വിശ്വാസ സംഹിതയിൽ ജ്യോതിഷത്തിന് പിന്നെ എന്ത് ചെയ്യാൻ കഴിയും. കവടി നിരത്തി പുതിയതായി എന്ത് കണ്ടത്താൻ കഴിയും? അവർ വിധിക്കുന്ന പൂജാഹോമാദികളിലൂടെ ഒരുവനിൽ എന്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും? അവർ ഓതി തരുന്ന മരതകല്ലു വച്ച 2 പവൻ മോതിരം വിരലിൽ അണിഞ്ഞാൽ എന്ത് സൗഭാഗ്യം വരുത്താൻ കഴിയും. ഏറ്റവും ലളിതമായി പറഞ്ഞാൽ നിങ്ങളുടെ സാധാരണ ജീവിതത്തിൽ ഒരു കഴഞ്ച് മാറ്റം പോലും ഉണ്ടാക്കാൻ ഇവയ്ക്കൊന്നും കഴിയില്ല.

അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ ജ്യോതിഷത്തിനെ എതിർക്കേണ്ടത് വിശ്വാസി സമൂഹം തന്നെയാണ്. ഹിന്ദുത്വവുമായി ഒരു ബന്ധവും ഇല്ലാത്ത തട്ടിപ്പുകളിൽ കൂടിയാണ് ജ്യോതിഷികൾ നിങ്ങളെ കൊണ്ടുപോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ഞാനും ഒരു ദൈവ വിശ്വാസിയാണ്. ഹോമങ്ങൾക്കും, പൂജകൾക്കും എതിരല്ല താനും. നിങ്ങളുടെ മാനസികബലം കൂട്ടാൻ അത്തരം ഭഗവത് കാര്യങ്ങൾ ചെയ്യുന്നതിനോട് മുഖം തിരിക്കുന്നുമില്ല. പക്ഷേ ജ്യോതിഷി വാഗ്ദാനം ചെയ്യും പോലെ രണ്ടു ലക്ഷം രൂപയുടെ ഹോമം നടത്തി കഴിയുമ്പോൾ സൗഭാഗ്യം വരും എന്ന് ചിന്തിക്കാൻ കഴിയും വിധം മൗഡ്യത ഇല്ല എന്ന് മാത്രം.