. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 18 February 2009

അമ്മ വിലപിക്കുന്നു.


ചിത്തം ഉരുകിയൊലികുന്നു ജ്വാലയായ്
ചിത്തഭ്രമം പൂണ്ടോരെന്‍ മക്കള്‍ തന്‍ ചെയ്തിയാല്‍
ദീന ഭയാനക ദ്യശ്യങ്ങള്‍ കണ്ടെന്റെ
നേത്രപടങ്ങള്‍ തിമിര സമാനമായ്
കര്‍ണ്ണങ്ങള്‍ വെട്ടിപ്പിളര്‍ക്കുന്നു കാഹള-
ഭേരി മുഴക്കുന്ന ആഹ്ലാദ ജാഥകള്‍
അക്ഷരക്ഷീരം ചുരത്തിയെന്‍ മാറിടം
സംസ്കാര ശൂന്യര്‍ തന്‍ വേദിയായ് മാറുന്നു!!!
എന്‍ മകന്‍ ബാപ്പുജി താണ്ടിയ വീഥികള്‍
കല്ലറയാക്കിയീ കോമാളി രാഷ്ട്രീയം
ഞാന്‍ പിച്ച വയ്കാന്‍ പഠിപ്പിച്ച പാദങ്ങള്‍
വെട്ടിയെടുത്തെനിക്കന്നം വിളമ്പുന്നു!!!
എന്‍ പാനപാത്രങ്ങള്‍ ആരുമറിയാതെ
വിഷപങ്കിലമാക്കി എനിക്കു നീട്ടീടുന്നു
പീഡനമാമാങ്കം ആടി തിമിര്‍ക്കുന്നു
സോദരി തന്‍ ദീന രോദനം കേള്‍ക്കാതെ
ഗുരുവിനെ തെരുവില്‍ വലിച്ചു കീറീടുന്നു
ഗുരുവചനങ്ങള്‍ തെരുവിലൊഴുക്കുന്നു
എന്തിനെന്‍ മക്കളെ ഈ ഹീനവ്യത്തികള്‍
എന്തിനെന്‍ അന്തസ്സു കാറ്റില്‍ പറത്തുന്നു!!!
പിന്തിരിഞ്ഞീടുക എന്‍ പൊന്നു മക്കളെ
അമ്മതന്‍ ഈ ദീന രോദനം കേള്‍ക്കുക!!!