. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday 21 August 2009

സുരഭിലമല്ലാത്ത ചിന്തകള്‍

മാമാ ഫ്രൂട്ടി വാങ്ങിത്തരുമോ?

കന്നടച്ചുവയുള്ള മലയാളത്തില്‍ സുരഭി എന്നോട് ചോദിക്കുമ്പോള്‍ ഹരീഷിന്റെ മുഖത്ത് സഹതാപം നിറഞ്ഞു എങ്കിലും ഒരു പരിഹാസച്ചിരിയോടെ അവന്‍ പറഞ്ഞു...

‘വാങ്ങി കൊടുക്കടാ.... കയ്യില്‍ പൂത്ത കാശിരിക്കുവല്ലെ’

“കൊച്ചുകുട്ടിയല്ലേടാ.... നിന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടങ്കില്‍ തരൂ.... ഒരു ഫ്രൂട്ടിയല്ലെ അതു ചോദിച്ചുള്ളു!’ ഞാന്‍ ഹരീഷിനു മുന്നില്‍ കെഞ്ചി...

‘ശരി...ശരി എന്തെങ്കിലും ആവട്ടെ....’ പോക്കറ്റില്‍ കിടന്ന ചില്ലറകള്‍ വാരി എന്റെ കയ്യില്‍ വച്ചു തന്ന് ഹരീഷ് പ്രതികരിച്ചു.

സുരഭിയെ ഒരു പക്ഷെ നിങ്ങള്‍ അറിയുമായിരിക്കും.... അല്ലെങ്കില്‍ സുരഭിയെ പോലെ ഒരുവളെ....

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്.... ഞാന്‍ എന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസാര്‍ത്ഥം മംഗലാപുരത്താണ്....

ഇട്ടുമൂടാന്‍ കാശുമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ ഉള്ളതില്‍ കുറച്ചു ചിലവാക്കി സഹായിക്കാന്‍ വന്ന സമ്പന്ന ഗണത്തില്‍ പെട്ട ഒരു വിദ്യാര്‍ത്ഥി ആയിരുന്നില്ല ഞാന്‍...

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിമുട്ടി നില്‍ക്കുന്ന ഒരു സാധാരണ കുടുഃബത്തിലെ ഒരംഗത്തിന് സ്വപ്നത്തില്‍ പോലും എത്തിപ്പെടാന്‍ കഴിയാത്ത ഒരു ബാലികേറാമല... അതായിരുന്നു എനിക്ക് മാംഗ്ലൂര്‍.

പ്രതിമാസം വീട്ടില്‍ നിന്നു വരുന്ന തുശ്ചമായ തുക എന്റെ സാധാരണ നിത്യജീവിത ചിലവുകള്‍ക്ക് പോലും തികയില്ല എന്നിരിക്കെ എന്റെ സഹമുറിയന്മാര്‍ക്ക് എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ ചെയ്തു കൊടുത്ത് നിര്‍ദാക്ഷണ്യം അതിന്റെ പ്രതിഫലം ഇരന്നു വാ‍ങ്ങി നിത്യവൃത്തി നടത്തിയിരുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥി.

അതുമാത്രമല്ല മാസം തോറും വരുന്ന തുശ്ചമായ ആ തുക തന്നെ സ്വരൂപിച്ചെടുക്കാന്‍ എന്റെ മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എന്നുള്ള ഉത്തമ ബോധ്യവും എനിക്കുണ്ടായിരുന്നു.

ക്ലാസുകളില്‍ പോകാതെ അഥവാ പോയാല്‍ ബിയറിന്റെ കുപ്പി വായില്‍ കമഴ്ത്തി അതിന്റെ പുളിച്ച മണവുമായി ക്ലാസുകളില്‍ ശ്രദ്ധിക്കാതെയിരിക്കുന്നവര്‍ക്ക് ഒരു അപമാനമായിരുന്നു ഞാന്‍.

വൈകുന്നേരങ്ങളില്‍ കഴുത്തുമുട്ടെ കുടിച്ച് കൂത്താടി സുഖലോലുപരായി ഉറങ്ങുന്ന കൂട്ടുകാര്‍ക്കിടയില്‍ അപുര്‍വ്വതയുടെ അമരക്കാരനായി ഞാന്‍.

എന്തിന്... അവധി ദിവസങ്ങളില്‍ ചെറു പട്ടണത്തിലെ ബാറുകളില്‍ അഴകൊഴമ്പന്മാരായി ആടിപ്പാടി അവിടെ തന്നെ രതിനിര്‍വ്വേദം നടത്തിയുറങ്ങുന്നവര്‍ക്ക് ഇത് എന്റെ സുഹൃത്ത് എന്ന് കാട്ടിക്കൊടുക്കാന്‍ അറക്കുന്ന ഒരു വ്യക്തിത്വമായി തീര്‍ന്നു ഞാന്‍.

അതിനാല്‍ തന്നെ എന്റെ വിദ്യാഭ്യാസ കാലം അത്ര വര്‍ണാഭമായിരുന്നില്ല.

ഒരു സ്റ്റൌവ്വ് സംഘടിപ്പിച്ച് വൈകുന്നേരം കഞ്ഞിവച്ചും, ബക്കി വരുന്ന കഞ്ഞിയെ പിറ്റേന്ന് പഴങ്കഞ്ഞിയായും കഴിച്ചിരുന്നു അന്നു ഞാന്‍!

സമ്പന്നരായ എന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പലപ്പോഴും ഒരു പരിഹാസ കഥാപാത്രമായി, എന്നാല്‍ അഭിമാനത്തോടെ പഠിച്ചിരുന്ന എന്റെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായാണ് സുരഭി കടന്നു വന്നത്.

കൊച്ചരി പല്ലുകള്‍ കാട്ടി സുന്ദരമായി ചിരിക്കുന്ന ഒരു മാലാഖക്കുട്ടി.

അവളുടെ വെളുത്തു തുടുത്ത കവിളുകളിലെ നുണക്കുഴികള്‍ മാത്രം മതി ഏതു തിരക്കിനിടയിലും അവളെ തിരിച്ചറിയാന്‍.

ഞാന്‍ ഉള്‍പ്പെടെ അറുപതോളം അന്തേവാസികള്‍ ഉള്ള ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍.

വരുന്നത് അവളുടെ അമ്മയോടൊപ്പം... സുശീല എന്ന മനോഹരമായ പേരുള്ള അവളുടെ അമ്മയോടൊപ്പം....

മാന്യന്മാര്‍ പകല്‍ സമയങ്ങളില്‍ പുശ്ചത്തോടെ കാര്‍ക്കിച്ചു തുപ്പുകയും, ഇരുളു വീണാല്‍ പട്ടുപരവതാനി വിരിച്ച് ആനയിക്കുകയും ചെയ്യുന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരു വഹിക്കുന്നവള്‍!

‘വേശ്യ’

സുശീലക്ക് ഏതോ മാന്യന്‍ തന്റെ അനുകമ്പ ഒരിക്കല്‍ ‘സുരഭി’ എന്ന നാമത്തില്‍ സമ്മാനിച്ചതാണ്....

ഞാന്‍ കാണുമ്പോള്‍ സുരഭിക്ക് ഏഴ്, എട്ട് വയസ്സില്‍ ഏറെ ആയിട്ടുണ്ടാവില്ല....

അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും വളരെ യാദൃശ്ചികമായാണ്..... അതിനു മുന്‍പും അവളെ എനിക്ക് അറിയാമായിരുന്നു എങ്കിലും വേശ്യയുടെ മകള്‍ എന്ന അറക്കുന്ന കണ്ണുകളിലൂടെ ആയിരുന്നു എന്റേയും നോട്ടം...

ആഡംബരങ്ങള്‍ക്ക് ചിലവാക്കാന്‍ കീശയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ മാന്യനായി പോയതെന്ന് ഹരീഷ് ചിലപ്പോള്‍ പരിഹസിക്കാറുണ്ടെങ്കിലും അത്യാവശ്യം ചിലവാക്കാന്‍ പണമുണ്ടായിരുന്ന അവനും ഇത്തരം സാഹസങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു.

അതിനാല്‍ തന്നെ മാംഗ്ലൂരില്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തും അവന്‍ തന്നെ ആയിരുന്നു.

അന്ന് ഒരു ഞായറാഴ്ച്ച.... ഹരീഷ് വേഗത്തില്‍ ഓടി വന്ന് എന്നോട് പറഞ്ഞു...”നീ ഒന്നിങ്ങു വന്നെ.... ദേ ഒരു കഴ്വറട മോന്‍ കാണിക്കുന്നതു കണ്ടില്ലെ?”

കാര്യം മനസിലായില്ലെങ്കിലും ഞാനും ഹരീഷിനൊപ്പം അവിടെക്ക് ചെന്നു.

സുരഭി പരിഭ്രമിച്ച് കരയുന്നതായിരുന്നു ഞാന്‍ കണ്ടത്.... നുണക്കുഴിയുള്ള മനോഹരമായ കവിളുകളില്‍ നഖക്ഷതങ്ങള്‍....മുടി പാറിപ്പറന്ന് കിടക്കുന്നു.....

“എടാ ആ രാകേഷ് മൈ....ന്‍ ഈ കൊച്ചിനെ ഉപദ്രവിക്കുകയായിരുന്നു... എന്നെ കണ്ടതും കളഞ്ഞിട്ടു പോയി” ഹരീഷ് അതു പറഞ്ഞപ്പോള്‍ മറ്റെന്തോ പ്രതീക്ഷിച്ചു വന്ന ഞാന്‍ ഞെട്ടലോടും, അതുഭുതത്തോടും അവളുടെ മുഖത്തേക്ക് നോക്കി.

ഇത്ര നിഷ്കളങ്കമായ ഈ മുഖത്തു നോക്കി.... ഇത്രയും ചെറിയ ഒരു കുട്ടിയെ...ദൈവമെ?

എനിക്ക് രാകേഷിനോടുള്ളതിനേക്കാള്‍ ഈ കൊച്ചു കുഞ്ഞിനെ വെളിയില്‍ കാവലിരുത്തി അകത്ത് രമിക്കുന്ന അവളുടെ അമ്മയോടുള്ള ദേഷ്യം അണപൊട്ടി.

പ്രതിഷേധിക്കാന്‍ ഒരുങ്ങിയ എന്നെ ഹരീഷ് തടഞ്ഞു.... “വേണ്ട അല്ലെങ്കില്‍ തന്നെ ഇവന്മാര്‍ക്കിടയില്‍ നമ്മള്‍ അലവലാതികളാണ്...പൊല്ലാപ്പിനൊന്നും പോകെണ്ട പൊന്നെ”

“അല്ലടാ അവളില്ലെ... ഈ പാവം കുട്ടിയെ വെളിയിലിരുത്തി അകത്ത് സുഖിക്കുന്നവള്‍ അവളോടാണ് എനിക്ക് ചോദിക്കാനുള്ളത്“.... എന്റെ കോപം തണുത്തില്ല.

ഹരീഷ് ചിരിച്ചു...”നീയെന്തറിയുന്നു? അവര്‍ സുഖിക്കുകയാണെന്നോ കഷ്ടം... ഒരാളുടെ കാമവെറി തീരുമ്പോള്‍ കിട്ടുന്നത് രണ്ട് രൂപാ... കുറച്ചു കൂടി മനസലിവുള്ളവര്‍ അഞ്ചു രൂപാ കൊടുക്കും... അതുകൊണ്ട് വേണം അവര്‍ക്ക് ഇന്നത്തെ അന്നം കണ്ടെത്താന്‍”....

ദൈവമെ.... അപ്പോള്‍ ഈ ഹോസ്റ്റലിലുള്ള അന്‍പതില്‍ പരം ആള്‍ക്കാര്‍ കയറിയിറങ്ങുമ്പോള്‍?... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

അതേടാ... ഹരീഷ തുടര്‍ന്നു.... അവര്‍ക്ക് കിട്ടുന്നത് തുശ്ചമായ നൂറോ, നൂറ്റമ്പതോ രൂപാ.... അതു കൊണ്ടു ചെന്നിട്ടു വേണം തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കും, പ്രായാധിക്യത്താല്‍ ശയ്യാവശനായ അച്ഛനും, പിന്നെ ആരോ കനിഞ്ഞു ഉദരത്തില്‍ നിക്ഷേപിച്ചു കൊടുത്ത ഈ പാവം കുഞ്ഞിനും വിശപ്പടക്കാന്‍!

ഇതൊക്കെ നീയെങ്ങനെ മനസിലാക്കി.... ഞാന്‍ ഹരീഷിനെ സംശയത്തില്‍ നോക്കി....

നീ നോക്കെണ്ട.... വീട്ടിലെ കാര്യങ്ങള്‍ ഞാന്‍ ഈ കുഞ്ഞിനോട് ചോദിച്ച് മനസിലാക്കിയതാ.... ഇവടെ അമ്മയ്ക്ക് കിട്ടുന്ന തുക ഞാന്‍ നമ്മുടെ വമ്പന്മാരോട് ചോദിച്ചു മനസിലാക്കിയതും!

“എടാ കൊട്ണാപ്പാ.... നീ വരുന്നോ....“ രാകേഷ് ഒരു തോര്‍ത്തു മുണ്ടില്‍ നാണം മറച്ച് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഇനി ഇവടെ അമ്മേടെ കൂടെ കുളിച്ചുകൊണ്ട് ഒരു ക‌‌--..... കാണാനെങ്കിലും വാടാ മൈ---!! സുരഭിയെ ചൂണ്ടിക്കൊണ്ട് രാകേഷിന്റെ കമന്റ്....

നിലത്തുറക്കാത്ത കാലുകളും പരിഹാസഭാവമുള്ള കണ്ണുകളുമായി ആര്‍ത്തിയോടെ അവന്‍ നടന്നകന്നപ്പോള്‍ സഹതാപം മാത്രമായിരുന്നു എന്റെയും, ഹരീഷിന്റെയും മനസില്‍....

ഞാന്‍ സുരഭിയെ അടുത്തു വിളിച്ചു.... അവള്‍ പൂര്‍ണ സുരക്ഷിത ബോധത്തോടെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.

എന്താ മോടെ പേര്?

അവള്‍ ഉറക്കാത്ത ശബ്ദത്തില്‍ കന്നടകലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.... ‘സുരഭി’... അവളുടെ ചിരിയും ചിരിക്കുള്ളിലെ മനോഹരമായ നുണക്കുഴികളും കണ്ടപ്പോള്‍ സൌരഭ്യം നിറച്ച് ഒരു കുളിര്‍ക്കാറ്റ് തഴുകി പ്പോയ ഒരു അനുഭൂതി....

മോള്‍ക്ക് വിശക്കുന്നുണ്ട്?

ഇല്ല... പക്ഷെ ദാഹിക്കുന്നു മാമാ.... എനിക്കു കുറച്ചു വെള്ളം തരുമോ?" അന്നു മുതല്‍ അവള്‍ എന്നെ മാമാ എന്നു വിളിച്ചു തുടങ്ങി...... എന്റെ ചങ്ങാതിമാര്‍ മറ്റൊരു അര്‍ത്ഥത്തില്‍ “മാമാമാമാ” എന്നു നീട്ടി വിളിച്ച് കളിയാക്കാനും!

പിന്നെ പിന്നെ അവള്‍ എന്റെയും ഹരീഷിന്റെയും നല്ല ചങ്ങാതിയായി മാറി....

വീട്ടിലെ ചെറിയ ചെറിയ സംഭവങ്ങള്‍, കൂട്ടുകാരുമൊത്തുള്ള കുസൃതികള്‍ അങ്ങനെ എല്ലാം എന്നോട് പങ്കു വെക്കാന്‍ അവള്‍ മറന്നിരുന്നില്ല....

ഞാന്‍ ഇടക്ക് നാട്ടില്‍ പോയി വരുമ്പോള്‍ അവള്‍ക്ക് നല്‍കാനായി പലഹാരങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു....

അങ്ങനെ സുരഭി എനിക്ക് കുഞ്ഞനുജത്തിയായി..... അവളുടെ എല്ലാ കുസൃതികള്‍ക്കും കൂട്ടു നില്‍ക്കുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നും അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്ന ഏട്ടനായി ഞാന്‍!

പക്ഷെ യാത്ര പറച്ചില്‍ അനിവാര്യമായിരുന്നു..... അവള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു...” മാമാ പോകല്ലെ... അല്ലെങ്കില്‍ എന്നെ കൂടി കൊണ്ടു പോകൂ”

ഒരു ഇരുപത്തിരണ്ട് വയസുകാരന് സാധിച്ചുകൊടുക്കാന്‍ കഴിയാത്ത ആവിശ്യം.... അതിനാല്‍ തന്നെ അത്യന്തം വിഷമത്തോടെ സുരഭിയോട് യാത്ര പറഞ്ഞു.

പിന്നെ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ചെന്ന ദിവസം അവളെ കണ്ടു.... അവളുടെ കുസൃതികള്‍ ആസ്വദിച്ചു.... പരിഭവങ്ങള്‍ കേട്ടു.... എപ്പോഴും വരണെ എന്ന ആവിശ്യം സാധിച്ചു കൊടുക്കാന്‍ സാധിക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെ സമ്മത ഭാവത്തില്‍ തലയാട്ടി.... പിന്നെ സങ്കടത്തോടെ വിട പറഞ്ഞു....

സുരഭി ഒരു അണയാത്ത ഓര്‍മ്മയായി എന്റെ മനസിന്റെ കോണില്‍ കത്തി നിന്നിരുന്നു.....

അതിനാല്‍ തന്നെ കല്യാണശേഷമുള്ള ഹണിമൂണ്‍ യാത്രയില്‍ മംഗലാപുരവും ഉള്‍പ്പെടുത്താന്‍ ഞാന്‍ മനപ്പൂര്‍വ്വം തീരുമാനിച്ചത്.. ഭാര്യയോട് സുരഭിയെ കുറിച്ച് അതിനു മുന്നെ തന്നെ വിവരിച്ചിരുന്നതിനാല്‍ അവള്‍ക്കും സുരഭിയെ കാണണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു....

ഉച്ചയോടെ മംഗലാപുരത്തെത്തി..... ആദ്യം സുരഭിയെ കണ്ടു പിടിക്കല്‍ തന്നെയായിരുന്നു ലക്ഷ്യം....

അവളുടെ വീടിരുന്നിടത്ത് ഒരു മണിമാളിക..... വിട്ടുകാരോട് ചോദിച്ചപ്പോള്‍ സുരഭിയോ, സുശീലയോ അവരുടെ ഓര്‍മ്മകളില്‍ പോലും ഇല്ല എന്നു മനസിലായി....

പലയിടത്തും തിരഞ്ഞു നിരാശയോടെ തിരികെ പോരാന്‍ തുനിങ്ങപ്പോള്‍ വാമഭാഗം ഓര്‍മ്മിപ്പിച്ചു “രാത്രിയില്‍ യാത്ര വേണ്ട... നമ്മുക്ക് ഇന്ന് ഇവിടെ തങ്ങാം” അങ്ങനെ ഒരു ഹോട്ടലില്‍ മുറിയെടുത്തു....

ചിന്താഭാരത്തിലിരിക്കുന്ന എന്നെ ആശ്വസിപ്പിച്ച് ഭാര്യ പറഞ്ഞു.... അത് അങ്ങനെയൊക്കെയാ.... നമ്മുടെ ആരുമല്ലല്ലോ.... ഇനി അതോര്‍ത്ത് വിഷമിക്കെണ്ട”

സുരഭി എനിക്കാരുമായിരുന്നില്ല എന്ന് മനസാക്ഷിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിഫലമായി.... അവളുടെ കുഞരിപ്പല്ലുകളും, നുണക്കുഴികളും എന്റെ കണ്മുന്നില്‍ കൂടുതല്‍ തിളക്കത്തോടെ വന്നു നൃത്ത വച്ചു...

ഏട്ടാ...ഹോട്ടലിലെ ഈ സ്റ്റാര്‍ ഫുഡ് എനിക്കു കഴിച്ചു മടുത്തു..... പുറത്തു നിന്ന് എന്തെങ്കിലും വാങ്ങി വരുമോ.....വാമഭാഗത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇറങ്ങുമ്പോഴും മനസ്സ് അസ്വസ്തമായിരുന്നു...

അടുത്തുള്ള ഒരു സാധാരണ ഹോട്ടലില്‍ നിന്നും ഭര്യക്ക് ഏറ്റവും ഇഷ്ടമുള്ള മസാലദോശ പൊതിഞ്ഞുവാങ്ങി വെളിയില്‍ ഇറങ്ങുമ്പോള്‍ നഗരത്തിന്റെ ഇരുണ്ട മൂലകളില്‍ നിന്നും തിളങ്ങുന്ന കണ്ണുകളിലെ വെളിച്ചം എന്റെ ശരീരത്തില്‍ വീണു പ്രതിഫലിച്ചു.

പലമുഖങ്ങള്‍.... അവയില്‍ ഒന്ന് എന്റെ അടുത്തേക്ക് നീങ്ങി നിന്ന് വശ്യമായി പുഞ്ചിരിച്ചു..... ചുണ്ടുകളില്‍ ചായം പുരട്ടിയ, മുടിയില്‍ നിറയെ മുല്ലപ്പൂവാല്‍ അലങ്കരിച്ച, നെറ്റിയല്‍ അസ്വഭാവികതയുടെ ചുവന്ന സിന്ദൂരം ചൂടിയ ഒരു പെണ്‍കുട്ടി.

പക്ഷെ അവളുടെ ചിരിയിലെ നുണക്കുഴികള്‍ എന്നെ ഒരു നിമിഷം സ്തബ്ദനാക്കി!

സുരഭി?

അവളുടെ മുഖം വിവര്‍ണമായോ? അവളുടെ നുണക്കുഴികള്‍ പൊടുന്നനവെ ശോകത്തിന് വഴിമാറിയോ? അവള്‍ എന്നെ മാമാ എന്നു നീട്ടിവിളിക്കാന്‍ ശ്രമിച്ചുവോ? അവളുടെ കണ്ണുകള്‍ നിറഞ്ഞുവോ?

ഒന്നുമറിയില്ല.... പക്ഷെ വശ്യമായി പുഞ്ചിരിച്ച് എന്റെ നേരെ നടന്നടുത്ത അവള്‍ എന്തിനാണ് പൊടുന്നനവെ പിന്തിരിഞ്ഞു നടന്നത്?

എന്തുകൊണ്ടാണ് എന്റെ കയ്യിലിരുന്ന മസാല ദോശയുടെ പൊതി, നിലത്ത് വീണ് ചിന്നിച്ചിതറിയത്?

തിരികെ റൂമിലെത്തി പെട്ടെന്ന് എല്ലാം വാരി വലിച്ച് പെട്ടിയില്‍ നിറക്കുന്ന എനികു നേരെ അത്ഭുതത്തിന്റെ ചോദ്യം എറിഞ്ഞു വാമഭാഗം....

എവിടെ പോകുന്നു ഈ രാത്രിയില്‍?

നമ്മള്‍ ഇപ്പോള്‍ തന്നെ മംഗലാപുരം വിടുന്നു... ഈ നിമിഷത്തില്‍!!!! ഇനി ഒരിക്കലും ഈ നഗരത്തിലേക്ക് വരാന്‍ തോന്നരുതെ എന്ന പ്രാര്‍ത്ഥനയുമായി!!!

ഒന്നും മനസ്സിലാകാത്തമുഖഭാവവുമായി അവള്‍ എന്നെ പിന്തുടര്‍ന്നു.....