. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 6 January 2015

ലജ്ജാവതി അഥവാ മുഖ് മാഫി.

സൗദി അറേബ്യയിലെ മരവിച്ചു കീറിയ സുപ്രഭാതത്തില്‍ തണുപ്പിനെ തെറി പറഞ്ഞുകൊണ്ടാണ് രാവിലെ എഴുന്നേല്‍റ്റത്....
ഭാര്യ പകര്‍ന്നു വച്ച ചൂട് ചായ ആരോടോ കലിപ്പ് തീര്‍ക്കാന്‍ എന്നപോലെ വായിലേക്ക് ഒഴിച്ചു കതകും വലിച്ചടച്ച് ഇറങ്ങി നടന്നു.....

വണ്ടിയുടെ കിലോമീറ്റര്‍ സൂചി പതിനായിരം കടന്നിട്ട് ദിവസം അഞ്ചായി......

കഴിഞ്ഞ ദിവസം എത്താന്‍ താമസിച്ചു അതിനാല്‍ ഇന്ന് സര്‍വ്വീസ് ചെയ്തു തരാന്‍ കഴിയില്ല എന്ന് പറഞ്ഞ ഫിലിപ്പീനിയെ മനസ്സില്‍ ധ്യാനിച്ച് വീണ്ടും സഹസ്രനാമതെറി ഉരുവിട്ടു.....
സര്‍വ്വീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമാധാനം.... മൂട്ടില്‍ വെയിലടിച്ചാല്‍ "എന്താ ചന്ദ്രന്‍ ഉദിച്ചോ" എന്ന് ചോദിക്കുന്ന സൗദി ജനത ഉണര്‍ന്ന് എഴുനെല്‍റ്റ് വരാന്‍ ഏതാണ്ട് ഉച്ച ഉച്ചര ഉച്ചെമുക്കാല്‍ ഒക്കെ ആകുമെന്നതിനാല്‍ സ്ഥലത്ത് ഫിലിപ്പീനിയും ഞാനും എന്‍റെയും അവന്‍റെയും സുപ്രഭാതത്തിലെ നീളന്‍ നിഴലും മാത്രം....
ഇന്ത ഹിയര്‍ ഇന്തസാര്‍...!!! (നീ അവിടെയെങ്ങാനും പോയിരുന്നോ)അടുത്തുള്ള കസേര ചൂണ്ടിക്കാട്ടി ഫിലിപ്പീനി സ്വതസിദ്ധമായ ശൈലിയില്‍ അറബിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി മൊഴിഞ്ഞു.....

റിസപ്ഷനിലെ കീറിയ കസേരയില്‍ നിന്ന് പുറത്തേക്ക് ചാടിയ സ്പോഞ്ച് നുള്ളി അപ്പൂപ്പന്താടി പറത്തി കളിക്കുന്നതിനിടെയാണ് പുറത്ത് നിന്ന് അസാധാരണമായ ഒരു ഗാനത്തിന്‍റെ ഈരടികള്‍ എന്‍റെ കാതുകളില്‍ ഇമ്പമഴകൊരിച്ചോരിയിച്ചത്......
ആരോ മധുര സ്വരത്തില്‍ പാടുകയാണ്..... ശബ്ദ സൌകുമാര്യം കൊണ്ടും താളലയം കൊണ്ടും അതീവഹൃദയം......

ലജ്ജാവതിയെ നിന്‍റെ കള്ളകടക്കണ്ണില്‍.......!!!

ഒരുലക്ഷം പ്രാവശ്യം കേട്ട പാട്ടായതുകൊണ്ട് വലിയ ശ്രദ്ധകൊടുത്തില്ല..... പക്ഷെ വരികള്‍ക്കിടയിലെ അക്ഷരസ്പുടതയില്‍ സംശയം തോന്നിയ ഞാന്‍ അതീവ ആകാംഷയില്‍ പാട്ടിന്‍റെ ഉറവിടത്തിലേക്ക് കണ്ണുകള്‍ പായിച്ച് കസേരയില്‍ അമര്‍ന്നിരുന്നു.....

ആ സ്വരം അടുത്ത് വന്നു.... കതക് തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടപ്പോള്‍ കയ്യിലിരിക്കുന്ന സ്പോഞ്ചിന്‍ കഷണങ്ങള്‍ വലിച്ചെറിഞ്ഞു ഞാന്‍ ചാടി എഴുന്നേല്‍റ്റു.....
ആറടി നീളത്തില്‍ വട്ടുസോഡാ കണ്ണടയും വച്ച് ഒരു കിടുക്കന്‍ സൗദി.....

എന്‍റെ രോമകൂപങ്ങള്‍ രോമാഞ്ചം കൊണ്ട് എഴുനെല്‍റ്റ് നിന്ന് ലജ്ജാവതിയെ പാടി ബ്രേക്ക് ഡാന്‍സ് കളിച്ചു കൊണ്ടിരിക്കവേ എന്നെ കണ്ട മധുരസ്വരന്‍ ഒരു ചോദ്യം....

ഇന്ത ഹിന്ദി..? (എടൊ കൂവേ താന്‍ ഇന്ത്യക്കാരന്‍ ആണോ)

ഞാന്‍ രോമത്തെ കൂടുതല്‍ ഉച്ചാവസ്ഥയില്‍ നൃത്തം കളിപ്പിച്ചു കൊണ്ട് ഉത്തരം കൊടുത്തു...

ഐവ...! (അതെ അളിയാ)

അപ്പോള്‍ സന്തോഷവാനായ അളിയന്‍ എന്‍റെ തോളില്‍ കൈയ്യിട്ടു കൊണ്ട് അടുത്ത ചോദ്യം....

ഇന്ത കേരള ....? (അളിയാ അപ്പോള്‍ നീ കേരളീളീളീളീയന്‍ ആണോ)

ഇപ്പോള്‍ ഞാന്‍ അഭിമാനപൂരിതപുളകിതനായി അല്‍പ്പം ഉച്ചത്തില്‍ പറഞ്ഞു.....

ഐവ ഐവ ഐവ....!!!! (അക്കായി നിര്‍ത്തിയത് ഭാഗ്യം....)

ദേ കിടക്കുന്നു അളിയന്‍റെ അടുത്ത ചോദ്യം.....

ഇന്ത അറഫ് യേശുദാസ്..... (പയലേ നിനക്ക് യേശുദാസിനെ അറിയുമോ)

എന്‍റെ നൃത്തമാടി നിന്ന രോമങ്ങള്‍ സലാം പറഞ്ഞു നൃത്തം നിര്‍ത്തി എന്‍റെ നേരെ രൂക്ഷമായ ഒരു നോട്ടം.....

അതെ നോട്ടം ഞാന്‍ സൗദി പയലിന്‍റെ നേരെയും എറിഞ്ഞു....!

അവന്‍ കാര്യം അറിയാതെ വീണ്ടും ചോദിച്ചു....

ഇന്ത അറഫ് യേശുദാസ്....?

എനിക്ക് സത്യത്തില്‍ അപ്പോള്‍ അവനോടല്ല കലിപ്പ് തോന്നിയത്.... അവനെ ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ച് വിട്ട ആ മലയാളി മഹാനോടാണ്....

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ജനിച്ച് വീഴുന്ന കുഞ്ഞ് മുതല്‍ കുഴീലേക്ക് കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍ വരെ കേള്‍ക്കുകയും കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹാസത്യത്തെ അറിയുമോ എന്ന വികലമായ ചോദ്യം ചോദിപ്പിക്കാതെ, ഈ സൌദിയെ കൊണ്ട് യേശുദാസിന്‍റെ പാട്ടിനെകുറിച്ച്, അദ്ദേഹത്തിന്‍റെ ജീവിത രീതിയെകുറിച്ച് ഒക്കെ മറ്റുള്ളവരോട് സംസാരിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു വിവരണം അവനെ ഇത്രയും കാര്യങ്ങള്‍ പഠിപ്പിച്ച ആ മലയാളിക്ക് കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോയി.....

എന്‍റെ തുറിച്ച് നോട്ടത്തിനിടയില്‍ അവന്‍ വീണ്ടും ചോദിച്ചു.....

സദീക്ക് ഇന്ത അറഫ് അല്ല മാ അറഫ്...? (എടെ നിനക്ക് അറിയുമോ ഇല്ലെന്നു പറഞ്ഞിട്ട് സ്ഥലം കാലിയാക്കെടെ)

ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.....

ല...ല.... ല... സദീക്ക് .... (അല്ല... അല്ല...അല്ല...............)

പറയാന്‍ ശ്രമിച്ചത് യേശുദാസ് ആനയാണ് കുതിരയാണ് എന്നൊക്കെയാണ്.... പക്ഷെ അതിനു പറയാന്‍ എനിക്ക് അറബി അറിഞ്ഞിട്ടു വേണ്ടേ...!!!!

മുഖ് മാഫി!!!!.... ഇന്ത മാഫി മാലും യേശുദാസ്... സാ...? (നിനക്ക് യേശുദാസിനെ അറിയില്ല അല്ലേടാ പൊട്ടാ....) എന്‍റെ ലാ...ലാ....ലാ ക്ക് അത്രയും പ്രയോജനം ഉണ്ടായി.....

ലജ്ജാവതി അങ്ങനെ എന്നെ വിട്ടു അകന്നു സമീപത്തുള്ള മൂത്രപ്പുരയില്‍ അഭയം പ്രാപിച്ചു.......!!! അവിടെ "ഒന്നിനോപ്പം" ലജ്ജാവതി വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു.....