. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 26 December 2019

ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി.

വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ  കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു. പരിഹാരമായി ജില്ലതോറും  വേശ്യാലയങ്ങൾ തുറക്കുന്നതിനെപറ്റി വരെ പലരും വാചാലരാകുന്നതും കണ്ടു. പീഡനങ്ങൾക്ക്  ലൈംഗികതയുടെ അലഭ്യത ചിലരിലെങ്കിലും കാരണമായേക്കാം എന്ന സാധ്യതയല്ലാതെ അത് മാത്രമാണ് കാരണം എന്ന ആണിയടിക്കലുകളോട് വിയോജിക്കേണ്ടി വരും.

ലൈംഗികത എന്നത് ജനിതകമായ ഒരു ആവശ്യമെന്നിരിക്കെ അതിനെ ഏത് സാമൂഹിക സാഹചര്യത്തിന്റെ പേര് പറഞ്ഞ് അണക്കെട്ടി നിർത്താൻ ശ്രമിച്ചാലും ചിലവഴികളിലൂടെ അത്  ഉറവപൊട്ടിയൊഴുകും എന്നത് പരമാർത്ഥമാണ്. സ്ത്രീപുരുഷ സ്രിഷ്ടികളെ ശാസ്ത്രീയമായോ ഇനി അതല്ല ദൈവീകമായി അപഗ്രഥിച്ചാലും കായബലത്തിൽ സ്ത്രീയെക്കാൾ ഒരുപടി മുന്നിലാണ് പുരുഷൻ എന്ന സത്യം അംഗീകരിക്കുകയല്ലാതെ തരമില്ല. സ്ത്രീപുരുഷ സമത്വം എന്നത് ഒരു മാനസിക ഐക്യപ്പെടലിന് അപ്പുറം അതിന് ശാരീരിക തലത്തിൽ ഒരു പ്രസക്തിയും ഇല്ല എന്നത് സ്ത്രീപക്ഷ വാദികളാൽ അംഗീകരിക്കപ്പെടില്ല എങ്കിൽ പോലും പറയാതിരിക്കാൻ നിർവ്വാഹമില്ല. മൃഗം എന്ന രണ്ടക്ഷരത്തിൽ മനുഷ്യനേയും ശാസ്ത്രം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും വികലമല്ലാത്ത മറ്റൊരു സത്യമാണ്. അതുകൊണ്ട് തന്നെ ഏതൊരു മൃഗത്തിലും പുരുഷനിൽ  ജനിതകമായി അവരോധിക്കപ്പെട്ടിട്ടുള്ള കീഴടക്കൽ ലൈംഗികത  മനുഷ്യനിൽ മാത്രം വെറും ലൈംഗിക അലഭ്യതയിലേക്ക് ചേർത്ത് വയ്ക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാം. ആത്യന്തികമായി സ്ത്രീയെ വെറും ഭോഗവസ്തുവായി കാണുന്ന ഒരു മൃഗം തന്നെയാണ് ഏതൊരു പുരുഷനും. പുരുഷമൃഗത്തിന് തന്‍റെ മുന്നിൽ നിൽക്കുന്ന അതേ ജനുസ്സിൽപെട്ട ഏതൊരു സ്ത്രീയും അവന്‍റെ ലൈംഗിക തീഷ്ണയുടെ അവസാന ആശ്രയം മാത്രമാണ്. അതിൽ പ്രായമോ ബന്ധമോ സൗഹൃദമോ സാമൂഹിക പരിസരങ്ങളോ ഒരു ഘടകമേയല്ല എന്നും നമ്മൾക്ക് തീർച്ചയായും അറിയാം. പറഞ്ഞു വന്നത് മനുഷ്യനിലെ പ്രത്യേകിച്ച് പുരുഷനിലെ  മൃഗീയത അവനിൽ ജനിതകമായി തന്നെ രൂഡമൂലമായിരിക്കുന്ന  ഒരു മാനസികാവസ്ഥ തന്നെയാണ് എന്നാണ്. ശാസ്ത്രലോകത്തിന് പോലും പ്രതിവിധി നിർദേശിക്കാൻ കഴിയാത്ത അതിനെ അലഭ്യത എന്ന മനോഹരമായ വാക്ക് കൊണ്ട് എത്ര വെള്ളപൂശാൻ ശ്രമിച്ചാലും ഉള്ളിലെ കറുപ്പ് പുറത്ത് കാണും എന്ന് സുവ്യക്തം.

എന്തുകൊണ്ട് ഈ ക്രൂരത എല്ലാവരിലും കാണപ്പെടുന്നില്ല, എന്തുകൊണ്ട് ചിലരിൽ മാത്രം കാണപ്പെടുന്നു  എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കപ്പെടാം. പുരുഷന്‍റെ  വീക്ഷണകോണിൽ  നിന്ന് എനിക്ക് അതിന് കുറെ ഉത്തരങ്ങൾ ഉണ്ട്. അതിൽ ഒന്നാമത്തേത് സാമൂഹിക പരിസരം തന്നെയാണ്. തന്‍റെ ചുറ്റുപാടുകൾ അത് നിഷ്കർഷിക്കുന്ന ചില കെട്ടുപാടുകൾ അവൻ അറിയാതെ അവനെ നിയന്ത്രിക്കുന്നുണ്ട്. രണ്ടാമത്തേത് സാംസ്കാരിക തലമാണ്. വിദ്യാഭ്യാസം ലോക പരിചയം അതിലൂടെയുണ്ടാകുന്ന സമഭാവനാ മനോഭാവം എന്നിവ ഈ വിഭാഗത്തെ ക്രൂരതയിൽ നിന്ന് ഒഴിച്ച് നിർത്തും. മൂന്നാമത്തേത് ദൈവീകമാണ്. താൻ ചെയ്യുന്ന പാപങ്ങളെ ചോദ്യം ചെയ്യാൻ ഒരു ശക്തിയുണ്ട് എന്ന ചിന്തയാണ് ഈ വിഭാഗക്കാരെ മനുഷ്യത്വപരമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.  നാലാമത്തേത് നിയമ വാഴ്ച്ചയോടുള്ള ഭയമാണ്. തന്‍റെ പ്രവർത്തിയിൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷയും അതിലൂടെ തനിക്കും തന്റെ ആശ്രിതർക്കും ഉണ്ടാകുന്ന മാനഹാനി ഇവരെ മാറ്റിനിർത്തപ്പെടുന്നു.  ഇനി അഞ്ചാമത്ത് ഒരു വിഭാഗമുള്ളത് അവസരങ്ങളുടെ അഭാവമുള്ളവർ ആണ്. ഈ അഞ്ചാം തരക്കാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും ഭയപ്പെടേണ്ടതും. ഇവരെ തിരിച്ചറിയാൻ ഒരു ഘടകവുമില്ല എന്നതാണ് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഇത്തരക്കാർ മേൽപ്പറഞ്ഞ സാമൂഹിക സാംസ്കാരിക ദൈവീക നിയമഭയ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നായി അഭിനയിച്ച് ഒരിക്കലും തിരിച്ചറിയപ്പെടാത്തവരായി നമ്മുക്ക് ചുറ്റും ഉണ്ടാവും. മൃഗീയതയെ ഒരു വേശ്യാത്തെരുവിലൂടെ ഒതുക്കി നിർത്താൻ കഴിയില്ല എന്നതിന് ഇതിൽ കൂടുതൽ വിവരണം ആവശ്യമുണ്ടന്ന് തോന്നുന്നില്ല.

ജനിതക മൃഗീയതയ്ക്ക് പരിഹാരം വേശ്യാത്തെരുവുകൾ അല്ലങ്കിൽ പിന്നെ എന്ത് എന്ന ചോദ്യത്തിനാണ് പരിഹാരമായി ലൈംഗിക വിദ്യാഭ്യാസത്തെ നിർദ്ദേശിക്കപ്പെടുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യസത്തിന്റെ അഭാവം എത്രമാത്രം പ്രസക്തമാണന്ന് ഒരു അനുഭവത്തിലൂടെ പറഞ്ഞു തരാൻ ആഗ്രഹിക്കുന്നു. നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന എന്‍റെ കമ്പനിക്ക്  ഒരിക്കൽ റിയാദിലെ അമേരിക്കൻ ഇന്‍റെര്‍നാഷണല്‍ സ്കൂളിൽ ഒരു പ്രോജക്ട് കിട്ടുകയുണ്ടായി. അവിടുത്തെ ഓഡിറ്റോറിയം നിർമ്മാണത്തിനൊപ്പം ക്ലാസ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ലാബിൽ ഗ്യാസ് കണക്ഷനുകൾ കൊടുക്കുക എന്നതും പ്രോജക്ടിന്‍റെ ഭാഗമായിരുന്നു. അതിനാൽ തന്നെ പ്രോജക്ട് ഹെഡായ എനിക്ക് ക്ലാസ് മുറികൾ സന്ദർശിക്കാനുള്ള ഒരു അവസരവും ഉണ്ടായി.

നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു പാട് ഘടകങ്ങൾ അടങ്ങിയ ക്ലാസ് മുറികൾ. നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അനുഭവങ്ങളുടെ ഒരു ശേഖരം. അതിൽ ഓരോ ക്ലാസ് മുറിയിലും അതാത് വിഭാഗത്തിന് അനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസത്തിനുള്ള സജ്ജീകരണങ്ങൾ കണ്ടാൽ ഏറ്റവും ആധുനികമായി ചിന്തിക്കുന്ന മലയാളി പോലും ഒന്ന് നെറ്റി ചുളിക്കും. ആൺപെൺ ഭേദമില്ലാതെ പരസ്പരം സഹവർത്തിത്തത്തോടെ ഇടകലർന്ന് ക്ലാസെടുക്കുന്ന ടീച്ചറുടെ മുഖത്തേക്ക് ശ്രദ്ധയോടെ നോക്കിയിരിക്കുന്ന കുട്ടികൾ തന്നെയാണ് ആ സമൂഹം നൽകുന്ന ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും നല്ല തെളിവുകൾ. അത്തരം ഇടകലർന്ന ആൺപെൺ ക്ലാസ് മുറികൾ നമ്മുടെ നാട്ടിൽ ഉണ്ടായാൽ അതിന്‍റെ അവസ്ഥ എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

എങ്ങനെയാണ് ഈ ക്ലാസ് മുറികൾ ലൈംഗിക വിദ്യാഭ്യാസത്തെ കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിക്കാം. പ്രൊജക്ടറുകൾ, വിവിധതരം സി ഡി കൾ, പുസ്തകങ്ങൾ, ക്രിത്രിമ ലൈംഗിക അവയവങ്ങൾ, സ്ത്രീ പുരുഷ ശരീരങ്ങളുടെ ചിത്രങ്ങളും സിലിക്കോണിൽ  തീർത്ത പൂർണകായ രൂപങ്ങളും മാത്രമല്ല, പരിമിതികൾ ഇല്ലാതെ ലൈംഗികതയും അതിന്റെ ഗുണദോഷങ്ങളും പഠിപ്പിക്കാൻ വേണ്ട എല്ലാ ഘടകങ്ങളും ഓരോ ക്ലാസ് മുറികളിലും സജ്ജമായിരുന്നു. പ്രായത്തിന്റെ പരിമിതിയിൽ നിർത്തി ഓരോ ക്ലാസിലും വേണ്ട ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് പ്രായപൂർത്തിയാകുമ്പോൾ അത്യാവശ്യമെങ്കിൽ ഒരിണയെ തിരഞ്ഞെടുക്കാനുള്ള പൂർണ സ്വതന്ത്രം സ്ത്രീയ്ക്കും പുരുഷനും നൽകുന്നു എന്നതാണ് പ്രത്യേകത. 

ഭലം നിസ്സാരമല്ല, മൂടിവയ്പ്പില്ലാത്ത ലൈംഗിക വിദ്യാഭ്യാസം മൂലം തന്‍റെ ഇണയോട്  സ്നേഹവും ലൈംഗികതയും മറയില്ലാതെ ആവശ്യപ്പെടാനുള്ള സമത്വം നൽകപ്പെടുന്നു. എന്ത് വേഷം ധരിച്ചാലും അത് അവരുടെ സ്വാതന്ത്രമാണന്ന തിരിച്ചറിവുണ്ടാകുന്നു. തന്‍റെ ഇണയുടെ ശരീരം അവരുടെ താത്പര്യത്തോടെ മാത്രം സ്പർശിക്കാനുള്ള സംസ്കാരം ഉണ്ടാക്കപ്പെടുന്നു. തന്‍റെ ഇണയല്ലാത്ത ഒന്നും തനിക്ക് തൊട്ടു പോലും ലൈംഗികാസ്വാദനം നടത്താനുള്ള ഉപഭോഗവസ്തു അല്ല എന്ന ബോധം സ്രിഷ്ടിക്കപ്പെടുന്നു. ബലാൽസംഗം എത്ര കഠിനമാണന്നും അതിലൂടെ ഒരു സ്ത്രീക്ക് ശാരീരികമായുണ്ടാകുന്ന മുറിവുകൾക്കുപരി അവളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് ഉത്ബോധിപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ അവളുടെ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദന പരസ്യമായി കാണിക്കുന്ന വഴി തന്‍റെ അമ്മ തനിക്ക് ജന്മം തന്നപ്പോൾ ഉണ്ടായ വേദന മനസ്സിലാക്കാനും അവരെപ്പോലെ തന്‍റെ ചുറ്റുമുള്ള എല്ലാ സ്ത്രീകളെയും പരിചരിക്കാനുമുള്ള അവബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു. സ്ത്രീ പുരുഷ ലൈംഗികാവയങ്ങളുടെ ഘടനയും രൂപവും തിരിച്ചറിയുകയും ലൈംഗികത എങ്ങനെയെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന വഴി ശരിയായ ലൈംഗിക വേഴ്ചയെക്കുറിച്ച് സംശയ ദൂരീകരണവും നൽകപ്പെടുന്നു.

ഇത്ര ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഒരു പക്ഷേ ഒരു നൂറ്റാണ്ട് കൂടി പിന്നിട്ടാലും നമ്മുക്ക് അപ്രാപ്യമായിരിക്കും. പക്ഷേ മുഖംമൂടി അണിഞ്ഞ് നമ്മുക്ക് ചുറ്റും വിലസുന്ന മൃഗതീഷ്ണതയുള്ള മനുഷ്യരുടെ എണ്ണം അടുത്ത തലമുറയിലെങ്കിലും കുറഞ്ഞു കാണണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എങ്കിൽ ആഡ്യത്വത്തിന്റെ അട്ടിപ്പേറായ സാംസ്കാരിക മൂല്യച്യുതി എന്ന ഗീർവാണം അവസാനിപ്പിച്ച് ലൈംഗിക വിദ്യാഭ്യാസം ഇന്നേ നിർബന്ധിതമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലങ്കിൽ അലഭ്യതയെ പഴി പറഞ്ഞ്, വേശ്യാത്തെരുവുകൾ പണിയുന്ന സ്വപ്നവും പേറി, നമ്മുക്ക് അർമ്മാദിച്ച്  ആഘോഷിക്കാൻ ഇനിയും ഇനിയും വാളയാറുകൾ പിറക്കാനായി  കാത്തിരിക്കാം.