. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 15 February 2009

വനിത എന്ന ഫെമിനിസ്റ്റ്!

വനിതയെ ഞാന്‍ ആദ്യമായി കാണുന്നത് പ്രിന്‍സിപ്പാളിന്റെ വിശാലമായ മുറിയില്‍ വച്ചായിരുന്നു.

വനിത നായര്‍ .... സുരഭി, ത്രിക്കൊടിത്താനം പി ഓ, ചങ്ങനാശേരി.

അവളുടെ അച്ഛന്‍ പറഞ്ഞുകൊടുത്ത അഡ്രസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടെഴുതിയ പിയൂണ്‍ തന്റെ നിറം മങ്ങിയ കണ്ണടക്കുള്ളിലൂടെ നോക്കി അവളുടെ അച്ഛനെ നോക്കി ചോദിച്ചു.

“ഫോണ്‍ നമ്പര്‍ “??

അവളാണ് അതിനു മറുപടി കൊടുത്തത്.... പത്തക്ക ഫോണ്‍ നംബര്‍ വയസ്സായ പിയൂണിനു കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരുന്നു അവള്‍ പറഞ്ഞത്.

“ഏതാണ് തിരഞ്ഞെടുക്കാന്‍ പോകുന്ന സബ്ജക്ട്??”

“സിവില്‍ എഞ്ചിനീറിങ്ങ്” അവളും അച്ഛനും ഒരേ സ്വരത്തില്‍ പറഞ്ഞു.

എന്റെ പേരിനു താഴെ അവളുടെ പേരും സ്ഥാനം പിടിച്ചു.

“ഇവരോടൊപ്പം കൌണ്ടറില്‍ പോയി പൈസ അടച്ചു വന്നോളൂ” ഞങ്ങളെ ( എന്നേയും ,അച്ഛനേയും) ചൂണ്ടിക്കാട്ടി പിയൂണ്‍ പറഞ്ഞു.

ഇതൊന്നും എന്റെ വിഷയമെ അല്ല എന്ന ഭാവത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ പ്രൌഡഗംഭീരമായ കസേരയില്‍ ചാരി ഇംഗ്ലീഷ് പത്രത്തില്‍ മുഖം പൂഴ്ത്തിയിരികുന്നുണ്ടായിരുന്നു.

ശ്രദ്ധിക്കുന്നില്ല എങ്കിലും ഞങ്ങള്‍ അദ്ധേഹത്തെ തൊഴുതു പുറത്തിറങ്ങി.

ക്യാഷ് കൌണ്ടറിലേകു നടക്കുന്നതിനിടയില്‍ എന്റെ അച്ഛന്‍ പറഞ്ഞു.

“ഇവനും സിവില്‍ എഞ്ചിനീറിങിനാണ്”

അതുവരെ ശ്രദ്ധിക്കാതിരുന്ന വനിത എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“അതേയോ.... അപ്പോള്‍ മോള്‍ക്ക് ഒരു ചങ്ങാതിയെ കിട്ടിയല്ലോ”

അപ്പോഴും വനിത പുഞ്ചിരിക്കുക മാത്രം ചെയ്തു!

റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോള്‍ അവര്‍ ഗേള്‍സ് ഹോസ്റ്റലിലേക്കും ഞങ്ങള്‍ അതിനു തൊട്ടടുത്തുള്ള ബോയിസ് ഹോസ്റ്റലിലേക്കും നടന്നു.

പിന്നീട് എപ്പോഴോ ഞാനും വനിതയും നല്ല ചെങ്ങാതിമാരായി മാറി.

വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍ , അച്ഛനമ്മമാരുടെ ഓമന.. അങ്ങനെയാണ് അവള്‍ അവളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നത്.

കൂടുതല്‍ അടുത്തപ്പോളാണ് വനിതയിലെ ഫെമിനിസ്റ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്...

അതൊരു തരം ഭ്രാന്തമായ ഫെമിനിസ്റ്റ് ചിന്താഗതിയാണന്നു തിരിച്ചറിവ് അവളോട് ഒരകലം സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു!

അവളുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന ഒരു സംഘത്തിനേയും എന്നും അവളോടൊപ്പം കാണാമായിരുന്നു.

നാട്ടിലേക്കുള്ള യാത്രകളില്‍ പട്ടുപാവാടയും ബ്ലുസും ധരിക്കാന്‍ ശ്രദ്ധിക്കാറുള്ള വനിത ജീന്‍സിലും ടോപ്പിലും, ഷോര്‍ട്ട് മിഡിയിലും കോളേജ് കാമ്പസ്സിനെ ഞെട്ടിച്ചു.

അവളുമായി കുറച്ചെങ്കിലും അടുപ്പമുള്ള എന്നെ പോലെയുള്ളവരോട് അതിന്റെ കാരണവും പറയും.

“വായി നോക്കികള്‍ക്ക് ക്ഷമ നശിക്കട്ടെ”

പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ക്ക് ക്രമേണ അതിലുള്ള താല്പര്യവും നഷ്ടപ്പെട്ടു തുടങ്ങി.

പഠിപ്പികുന്ന പുരുഷ അദ്ധ്യാപകരെ പോലും അവള്‍ ഫെമിനിസത്തിന്റെ കണ്ണില്‍ കൂടി നോക്കിത്തുടങ്ങിയപ്പോളാണ് പഠനത്തില്‍ താളപ്പിഴയുണ്ടായത്.

ബോയിസ് ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുളകുപൊടി കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം വനിതയിലും കൂട്ടരിലും അവസാനിച്ചപ്പോള്‍ അവള്‍ മാനേജുമെന്റിന്റെ കണ്ണിലെ കരടായി.

കുറ്റസമ്മതം നടത്തിയ അവളെ സസ്പന്റ് ചെയ്തപ്പോള്‍ കൂസലില്ലാത്ത അവളുടെ മുഖത്തു നോക്കി കണ്ണീരൊഴുക്കുന്ന ആ പാവം അച്ഛന്റെ മുഖം!!!

രണ്ടാം വര്‍ഷം കഴിഞ്ഞപ്പോഴേക്കും വനിത ഒരുപാട് വിഷയങ്ങളില്‍ തോറ്റ് “ബാക്ക്” ( നിശ്ചിത വിഷയങ്ങളില്‍ കൂടുതല്‍ പാസ്സാകാതിരുന്നാല്‍ പഠിച്ച അതെ വര്‍ഷം വീണ്ടും പഠിക്കേണ്ടി വരുന്ന അവസ്ഥ) ആയി എന്റെ ജൂനിയര്‍ ആയി.

പിന്നീട് ഞങ്ങള്‍ അങ്ങനെ കാണാതെ ആയി! ഇടക്കിടെ കാണുമ്പോള്‍ ഒരു ഹായ് മാത്രം.

അവളുടെ ശക്തമായ ഫെമിനിസത്തിനു ഞാന്‍ ഇരയല്ലാതിരുന്നതു യാദൃശ്ചികമാവാം...

പിന്നീട് റാഗിങ്ങിന്റെ ഭാഗമായി ജൂനിയര്‍ പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് ടെറസ്സില്‍ പ്രദര്‍ശനത്തിനു നിര്‍ത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ടപ്പോള്‍ അവളുടെ മറുപടി ഇതായിരുന്നു.

“ഒരുത്തന്റെയും മുന്നില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ല എന്ന് അവരെ പഠിപ്പിക്കാനുള്ള എന്റെ എളിയ ശ്രമം മാത്രം”

അന്നും സസ്പെന്‍ഷന്‍ !!!

ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു

“നീ നോക്കിക്കൊ നീ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ നിന്റെ ബോസ്സായി ഞാനുണ്ടാവും”

ഞാന്‍ ചിരിച്ചതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല!!

“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ സുഹൃത്തെ” മനസ്സില്‍ പറഞ്ഞു പിന്‍ വലിഞ്ഞു.

ബോയിസ് ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും, ആകാംഷാപൂര്‍വ്വം നോക്കുന്ന ആണ്‍കുട്ടികളെ തുണിപൊക്കിയിട്ട് അവിടേക്ക് ടൊര്‍ച്ചടിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന വിവരം ഹോസ്റ്റല്‍ മേട്രനു കിട്ടിയപ്പോള്‍ അതിലും തലപ്പത്ത് വനിത തന്നെയായിരുന്നു.

കോളേജിലെ അദ്ധ്യാപകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും ഒപ്പം ഞാനും അവളെ വെറുത്തു.

കോളേജില്‍ നിന്ന് ഡിസ്മിസ്സല്‍ ആയിരുന്നു ഭലം.

യാത്ര പറയാന്‍ വന്ന അവളുടെ മുഖത്തേക്ക് ഒന്നു നോക്കാന്‍ പോലും എന്റെ മനസ്സനുവദിച്ചില്ല.

കൂസലില്ലാത്ത അവളുടെ മുഖത്തേക്കളേറെ എന്നെ അസ്വസ്ഥനാക്കിയത് കണ്ണീരൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന അവളുടെ മതാപിതാക്കളുടെ മുഖമായിരുന്നു.

പിന്നീടറിഞ്ഞു വനിത മംഗലാപുരത്തു തന്നെ മറ്റേതോ കോളേജില്‍ പഠനം തുടരുന്നു എന്ന്!!

ഒരിക്കല്‍ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ..... മലബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ഞാനും എന്റെ ചങ്ങാതിമാരും മംഗലാപുരം റെയില്‍ വേ സ്റ്റേഷനിലേക്ക് ധൃതഗതിയില്‍ നടക്കുന്നതിനിടയില്‍ സമീപത്തുള്ള ഒരു ഹോട്ടലിനു മുന്നില്‍ ഒരു വലിയ ആള്‍ക്കൂട്ടം കണ്ട് എത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

വാരിച്ചുറ്റിയ സാരിയും, പടര്‍ന്ന പൊട്ടുമായി ആള്‍ക്കൂട്ടത്തിനു നടുവില്‍ ആ കൂസലില്ലാത്ത മുഖം!!!!

കൂടെ രണ്ട് പുരുഷന്മാരും!!!

കൂടുതല്‍ അന്വെഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെ പോലീസ് റേയിഡില്‍ പിടിച്ചതാണെന്ന്. രണ്ട് പുരുഷന്മാരോടൊപ്പം.... വനിതയുടെ ബാഗില്‍ നിന്നും പുരുഷന്മര്‍ കൊടുത്തതെന്ന് സംശയിക്കുന്ന 1500 രൂപയും കണ്ടേടുത്തു....

മരണവീട്ടില്‍ നില്‍ക്കുന്ന ഒരു പ്രതീതി ആയിരുന്നു എനിക്ക്.....

പോലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ ആക്സമികമായി എന്നെകണ്ട അവള്‍ പരിചയം പുതുക്കി ആ പഴയ പുഞ്ചിരി എനിക്ക് സമ്മാനിക്കാന്‍ മറന്നില്ല.

റേയില്‍ വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴും, പിന്നെ എന്റെ ഈ ജീവിതമത്രയും ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു....

ഇതിനെയാണോ ഫെമിനിസം എന്ന അതിമനൊഹരമായ പേരിട്ടു വിളിക്കുന്നത്!!???