. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 8 September 2010

വിദ്യാധനം സര്‍വ്വ ധനാല്‍.....








പുതിയതായി തീര്‍ത്ത മതില്‍ കടക്കുന്നിടം വരെ സുനിലിന് തന്റെ ഓര്‍മ്മകളുടെ കൂടാരമായ വിദ്യാലയത്തിലേക്കാണ് പോകുന്നതെന്ന ഒരു സൂചനയും അദ്ദേഹം തന്നിരുന്നില്ല്ല.

അല്ലെങ്കില്‍ തന്നെ ഇന്നലെ ജോയിന്‍ ചെയ്യുമ്പോള്‍ താന്‍ വിചാരിച്ചത് ആ ചെറിയ ഓഫീസില്‍ ക്വാണ്ടിറ്റി സര്‍വ്വേയര്‍ എന്ന ഓമനപ്പേരില്‍ ഒതുക്കി ഇടുമെന്നായിരുന്നില്ലേ!

പ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ തന്നെ മുംബക്ക് വണ്ടി കയറി. പിന്നെ നാലുവര്‍ഷം നീണ്ട മുംബൈ പ്രവാസ ജീവിതം. മാറി മാറി പല കമ്പനികള്‍. ഒടുവില്‍ ചിക്കന്‍പോക്സിന്റെ രൂപത്തില്‍ ഭാഗ്യദേവത കടാക്ഷിച്ചു. മുംബൈയിലെ നരക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വണ്ടി കയറി.

അപ്രതീകഷിതമായി അടുത്ത ബന്ധുവഴി ഈ കമ്പനിയില്‍ ജോലി തരപ്പെട്ടത്.

ഇന്റര്‍വ്യൂ എന്ന പ്രഹസനം കഴിഞ്ഞപ്പോള്‍ തന്നെ മുതലാളിയുടെ വക അനൌണ്‍ന്റ് വന്നു..... “ഇവിടെ അടുത്ത് ഒരു കെട്ടിടം പണിയുന്നുണ്ട്... സുനില്‍ അവിടെ സൈറ്റിന്റെ ചുമതലയിലായിരിക്കും..”

എന്തുമാവട്ടെ... പ്രീഡിഗ്രി കാലത്തെ തന്റെ സന്തത സഹചാരിയായ സൈക്കിളില്‍ ചെന്നെത്താന്‍ കഴിയുന്ന ദൂരം മാത്രം. ശമ്പളം അല്‍പ്പം കുറഞ്ഞാലെന്താ. ദിവസവും മൂന്നു നേരം അമ്മയുടെ കൈപ്പുണ്യത്തിന്റെ രുചി നഷ്ടപ്പെടില്ലല്ലോ....

ഉച്ചക്ക് അമ്മയോടെ പ്രത്യേകം പറഞ്ഞ് പൊതിച്ചോറ് കെട്ടിക്കണം.... തേങ്ങാ ചമ്മന്തിയും, കടുകുമാങ്ങയും, മുട്ടപൊരിച്ചതും, തോരനും.... ആഹാ.... ലക്ഷങ്ങള്‍ വിലകൊടുത്താലും കിട്ടാത്ത രുചി!

“സുനില്‍ ഇതാണ് നമ്മുടെ സൈറ്റ്. ഇന്നു മുതല്‍ താനാണ് ഇതു നോക്കി നടത്തേണ്ടത്......” കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതലാളിയുടെ പരിചയപ്പെടുത്തല്‍....

ചിരിച്ചു... “സാര്‍ ഇതെന്റെ വിദ്യാലയമല്ലേ ഞാന്‍ പഠിച്ചു വളര്‍ന്ന, എന്റെ ഗന്ധം വിട്ടുമാറാത്ത, ഒരുപാട് ഓര്‍മ്മകള്‍ അയവിറക്കാനുള്ള എന്റെ വിദ്യാലയം..”

“ഹ...ഹ അതേയോ.... അപ്പോള്‍ ഞാന്‍ തന്ന സസ്പെന്‍സിന് അര്‍ത്ഥമുണ്ടായി....അപ്പോള്‍ കൂടുതല്‍ ശ്രദ്ധകാണുമെന്നു പ്രതീക്ഷിക്കാം..” മുതലാളി അതു ആസ്വദിച്ചു, ഒപ്പം സ്വല്‍പ്പം ബിസിനെസ്സും....

“നീണ്ട” പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിദ്യാലയ മുറ്റത്ത്.... പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ കൊണ്‍ക്രീറ്റ് മന്ദിരങ്ങള്‍ വഴിമാറിക്കൊണ്ടിരിക്കുന്നു....

തല ഉയര്‍ത്തി നിന്നിരുന്ന ബദാം മരങ്ങളുടെ തണലും തലോടലും ഇനി വരുന്ന തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാവും. അവയുടെ അസ്ഥി കൂടങ്ങള്‍ അടുത്ത ലോറിയുടെ ഊഴവും കാത്ത് ഒരു മൂലയില്‍ വിശ്രമിക്കുന്നു‍....

ഇന്ന് ബാക്കി നില്‍ക്കുന്നത് പഴയ കുരിശടിയും, മൂത്രപ്പുരയും, ചരിത്രമുറങ്ങുന്ന ഓഡിറ്റോറിയവും, പിന്നെ കരുകരുപ്പിന്റെ മൃദുസ്വരം ഉതിര്‍ക്കുന്ന മുറ്റത്തെ ആറ്റുമണലും മാത്രം....

നാളെ ഒരു പക്ഷേ അതും ഇവിടെ ഉണ്ടാവില്ല.... പൂര്‍ണമായും ആധുനികനാകാനുള്ള വെമ്പലില്‍ ഈ കാണുന്നതൊക്കെയും മണ്മറഞ്ഞേക്കാം.

തരി മണലിലേക്ക് കാല്‍ കുത്തുമ്പോള്‍ അതുവരെ ഇല്ലാത്ത ഒരാവേശം സുനിലേക്ക് സന്നിവേശിക്കപ്പെട്ടുവോ......

“കോവാലാ.... എടാ.....നീ എന്താ അവിടെ നിന്നു കളഞ്ഞത്.... വാ കളിക്കാം...” ആ വിളി അനിലിന്റേതാണോ, അതോ പ്രകാശിന്റെയോ...... അവര്‍ കുരിശും തൊടിയുടെ അപ്പുറത്ത് കാണുന്ന പൂഴിമണലില്‍ തിമിര്‍ക്കുകയാണോ...?

ഒരു നിമിഷം ഉള്‍ത്തരിപ്പോടെ കണ്ണുകള്‍ ആ ഭാഗത്തേക്ക് നീണ്ടു... അവിടെ പ്രകാശില്ല, അനിലില്ല.... കുറെ പുതിയ കുട്ടികള്‍ മണ്ണുവാരി പരസ്പ്പരം എറിയുന്നു...

വലതു കൈ അറിയാതെ തലമുടിനാരുകളെ ഉഴിഞ്ഞു.... ഇല്ല ഒരു തരി മണലുപോലും ഇല്ല.... നഷ്ടപ്പെട്ട ബാല്യമണലരികളെ ഇനി ഒരിക്കലും മുടിനാഴിരകളില്‍ നിന്ന് പെറുക്കി എടുക്കാനൊക്കില്ലല്ലോ!

“സാര്‍ ഒരു നിമിഷം” മുതലാളിയുടെ അനുവാദം കാത്തു നില്‍ക്കാതെ മുന്നോട്ട് നടന്നു.... തന്റെ പ്രിയപ്പെട്ട ക്ലാസ് മുറി... 10 ബി.... അടുത്ത ഘട്ട പുനര്‍നിര്‍മ്മിതിക്ക് മുന്നില്‍ പിടഞ്ഞു വീഴാന്‍ മാനസികമായി തയ്യാറെടുത്തതു പോലെ..

പാതി ചാരിയ നീല ചായം തേച്ച വാതിലിലൂടെ ഉള്ളിലേക്ക് നോക്കി.... എവിടെ എന്റെ പ്രിയപ്പെട്ട തോമസ് സാര്‍? പകരം കട്ടിമീശ വച്ച ചെറുപ്പക്കാരന്‍ മാഷ്.

“ആരാ മനസ്സിലായില്ല...?” മാഷിന്റെ ആകാംഷ മുറ്റിയ ചോദ്യം.

“ഞാന്‍ സുനില്‍ ഗോപാലകൃഷ്ണന്‍... ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി” വാക്കുകളില്‍ അല്‍പ്പം അഹന്തയുണ്ടായിരുന്നോ?

നിസംഗമായ ഒരു മൂളലില്‍ മാഷിന്റെ ആകാംക്ഷക്ക് വിരാമമായി....

മുന്‍ ബഞ്ചിലെ മൂന്നാം സ്ഥാനക്കാരനെ ആകാംഷയോടെ നോക്കി... തന്റെ സ്ഥാനം... തന്നെ പോലെ കറുത്തു മെല്ലിച്ച മറ്റൊരുവന്‍.... അപരിചതനെ കണ്ട് അന്തംവിട്ട് നോക്കിയ കുട്ടികളില്‍ തന്റെ കണ്ണുകള്‍ അവനില്‍ ഉടക്കിയപ്പോള്‍ പ്രത്യുപകാരമായി അവന്‍ നിഷ്കളങ്കമായ ഒരു ചിരി മടക്കി.

ക്ലാസ് ‌മുറിയും കടന്ന്, എന്‍ സി സി ഓഫീസും കുരുശു തൊടികും ഇടയിലുള്ള എന്റെ പ്രിയപ്പെട്ട കളി സ്ഥലത്തേക്ക്...

ജിംനാസ്റ്റിക്ക് ബാറുകള്‍ക്കിടയില്‍ വിരിച്ചിരിക്കുന്ന പൂഴി മണലില്‍ പഴയതിലും വലിയ കുഴി രൂപാന്തരപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എത്ര പേരുടെ മുഴിയിടകള്‍ക്കിടയില്‍ ആ മണല്‍ത്തരികള്‍ നനുനനുത്ത ഓര്‍മ്മകളുടെ പൂക്കാലം തീര്‍ത്തിട്ടുണ്ടാവും.

കുരിശുതൊടിയില്‍ മുഖം മുത്തി അല്‍പ്പ നേരം പ്രാര്‍ത്ഥിച്ചു. ഹിന്ദുവിന്റെ പ്രാര്‍ത്ഥന കര്‍ത്താവ് മുഖവിലക്കെടുക്കുമോ അവോ... മുന്‍പ് പരിഗണിച്ചിരുന്നു... ഇന്നത്തെ കൈവെട്ട് സംസ്കാരത്തില്‍ ദൈവങ്ങളും പക്ഷപാതികളായിട്ടുണ്ടാവുമോ?

പമ്പയാറിന്റെ കളകളാരവം കാ‍തുകളില്‍ ഒഴുകിയെത്തി. തന്നെ നാടിനോട് അടുപ്പിക്കുന്ന മറ്റൊരു വൈകാരിക ശബ്ദം. അനേകം മിഴിമുനകളുടെ പ്രഭാവം താങ്ങാനാവാതെ ആവണം, ചുറ്റുമതിലില്‍ അന്നുണ്ടായിരുന്ന ചെറിയ സുഷിരം ഇന്ന് ഒരു കൈപ്പത്തിയോളം വലുതായിരിക്കുന്നു...

മെല്ലിച്ചു വീഴാറായ തൂക്കുപാലത്തിനു മുന്നില്‍ വെള്ള പ്രതലത്തില്‍ ചുവപ്പക്ഷരത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് തൂങ്ങുന്നു... “പാലം അപകടത്തില്‍”

പ്രൌഡിയോടെ അതിനു തൊട്ടപ്പുറത്ത് പഴമയെ കല്ലെറിയുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി എന്നവണ്ണം പുതു പുത്തന്‍ കോണ്‍ക്രീറ്റ് പാലം.... അവന്‍ നിലം‌പൊത്താറായ തൂക്കു പാലത്തിനു നേരെ പല്ലിളിക്കുന്നുണ്ടാവുമോ..?

പാലത്തിനപ്പുറത്ത് ബേബിച്ചായന്റെ ബേക്കറി ഇരുന്നിടത്ത് ഇരുനില മാളികയുടെ വന്യ ഭംഗി....

കുട്ടനാട്ടിലേക്ക് മണലുമായി പമ്പയറ്റിലൂടെ പോകുന്ന കെട്ടുവള്ളങ്ങളിലെ നാടന്‍ പാട്ടിന്‍ ശീലുകളുടെ അലയൊലികള്‍ ഇന്നും കാതുകള്‍ക്ക് ഇമ്പമയമായി അലയടിക്കുന്നു.... രണ്ടു മുഴുനീളന്‍ മുളകള്‍ ചേര്‍ത്തു കെട്ടിയാലും താഴാത്തത്ര ആഴമുള്ള ചുഴികളാല്‍
വന്യമായ കയത്തിലൂടെ വള്ളവും നിയന്ത്രിച്ചു പോകുന്നവരെ അന്നു കണ്ടിരുന്നത്
എത്രമാത്രം ആരാധനയോടെ ആയിരുന്നു.

ബേബിച്ചായന്‍ പറയുമായിരുന്നു... “അതാണ് അത്തിക്കയം. ഏതാണ്ട് ഒരു കിലോമീറ്റര്‍ ആഴമുണ്ട് കയത്തിന്. മുതലയുള്ള കയമാ... അവിടെ വീണവരുടെ എല്ലു പോലും ബാക്കി ഉണ്ടാവില്ല” ഒരിക്കലും അവസാനിക്കാതെ ബേബിച്ചായന്റെ കഥകള്‍ ... ചുറ്റും മുഴച്ച മിഴികളും പിളര്‍ന്ന വായുമായി കുട്ടികളുടെ നിര....

ചില അവസരങ്ങളില്‍ ആകാംഷയോടെ മുള്‍മുനയില്‍ നിര്‍ത്തി ബേബിച്ചായന്‍ തന്റെ ബിസിനെസ്സ് തന്ത്രം പുറത്തെടുക്കും....”പപ്സ് ഒന്ന് എടുക്കട്ടേടാ..?” കഥയുടെ ആവേശത്തില്‍ സ്കൂളില്‍ ഫീസിന് കൊണ്ടുവന്ന പൈസ പോലും എടുത്ത് ബേക്കറി വാങ്ങിച്ചു കളയും...”

“ഹ..ഹ“ തന്റെ ചിരി അല്‍പ്പം ഉച്ചത്തിലായോ...? ഇന്നു ബേബിച്ചായനും മണ്മറഞ്ഞിരിക്കുന്നു...

“ആരാ പിള്ളേരെ കിഴുത്തേലൂടെ എത്തി നോക്കുന്നത്...?“

ഡ്രില്‍ മാസ്റ്റര്‍ സദാശിവന്‍ സാറിന്റെ ശബ്ദം... ഞെട്ടി പിന്‍‌തിരിഞ്ഞു.... പെട്ടെന്ന് ആ സത്യം ഉള്‍വിളിയായി എത്തി. മുംബയിലെ ഒരു സായാഹ്നത്തില്‍ അമ്മയുടെ ഒരു ഫോണ്‍ കോളിലൂടെ സദാശിവന്‍ സാറിന്റെ മരണവാര്‍ത്ത അറിഞ്ഞത്.

രൂക്ഷഗന്ധം ഉതിര്‍ത്ത് മൂത്രപ്പുര.... വര്‍ഷങ്ങള്‍ പലതായി കുട്ടികള്‍ നിരന്നു നിന്ന് ഉപ്പുരസം കൊണ്ട് ചിത്ര രചന നടത്തിയതിനാലാവാം, ഭിത്തിയിലെ സിമിന്റിന്റെ ആവരണം അടര്‍ന്ന് ചുവന്ന ഇഷ്ടികകള്‍ തെളിഞ്ഞു നില്‍ക്കുന്നു. മൂത്രപ്പുരയെ രണ്ടായി തിരിക്കുന്ന അരഭിത്തിയില്‍ പണ്ടതേതിനേക്കാള്‍ കൂടുതല്‍ ചോക്കു കഷണങ്ങള്‍. ഭിത്തിയില്‍ പഴയതലമുറയുടെ ചോക്ക് ചിത്രങ്ങളുടേയും, മൂത്രപ്പുര സാഹിത്യത്തിന്റേയും മലേ പുതുതലമുറയുടെ കടന്നു കയറ്റത്തിന്റെ തിരു ശേഷിപ്പുകള്‍. അറിയാതെ ചോക്കില്‍ ഒന്നു കൈയ്യിലെടുത്തു.

പുറകില്‍ നിന്ന് ചെവിയിലൊരു പിടുത്തം..... അറിയാതെ ശ്‌ശ്‌ശ് എന്ന ശബ്ദം പുറപ്പെടുവിച്ചു......

തിരിഞ്ഞു നോക്കി.... അത്ഭുതം അത് ജോര്‍ജ്ജ്കുട്ടി സാര്‍ ആയിരുന്നു..... മുഖം കുനിച്ച് നില്‍ക്കുന്ന ആ പതിനഞ്ച് വയസുകാരന്‍ ഞാന്‍ തന്നെയല്ലേ?

“എന്താടാ ഈ എഴുതിയത്...?“ ഘനഗംഭീരത നിറഞ്ഞ ചോദ്യം.... മൂത്രപ്പുര നിന്റെ ആഭാസം എഴുതി വെക്കാനുള്ള ഇടമാണെന്ന് കരുതിയോ?

“നീ ഏതു ക്ലാസിലേയാ.....?”

“പത്ത് ബി....“ ഞാനെന്ന നിഷേധിയുടെ പക നിറഞ്ഞ മറുപടി.

“ഓഹോ... നീ എന്റെ കൂടെ വരൂ....”. ചെവിയില്‍ നിന്ന് പിടുത്തം ഇപ്പോഴും വിട്ടിട്ടില്ല! എന്‍ സി സി യുടെ ഇടുങ്ങിയ ഓഫീസ് മുറിയിലേക്ക്....

“ഇവിടെയിരിക്കൂ... നിന്നെ മര്യാദ പഠിപ്പിക്കാമോ എന്നു ഞാനൊന്നു നോക്കട്ടെ..” പുറത്തു നിന്നു പൂട്ടിയ മുറിയില്‍ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും വേലിക്കെട്ടുകള്‍ക്ക് വിലക്കല്‍പ്പിക്കാത്ത കൌമാര മനസ്സിന്റെ അസ്വസ്ഥത.

മണിക്കൂറുകള്‍ നീണ്ട ഒറ്റപ്പെടുത്തലിന്റെ വേദന നിഷേധ മനസ്സിനെ പകയുടെ കൊടുമുടിയില്‍ എത്തിച്ചു....

ഇടുങ്ങിയ മുറിക്കുള്ളിലേക്ക് വെളിച്ചത്തിനൊപ്പം പുറത്തെ ശുദ്ധവായുവിന്റെ തള്ളിക്കയറ്റം! ജോര്‍ജ്ജുകുട്ടി സാര്‍ ഒരു മഹാമേരു പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ എന്നു പോലും താന്‍ എന്തുകൊണ്ടാണ് ആശിച്ചത്....

പക്ഷേ കടന്നുവന്ന സാറിന്റെ മുഖം മുന്‍പ് കണ്ടതു പോലെ ക്രൌര്യം നിറഞ്ഞതായിരുന്നില്ല.... അവിടെ സഹതാപത്തിന്റെ ആവരണമിട്ട നിസംഗത!

മുറിയുടെ ഒരു മൂലയില്‍ കിടന്ന, കാലുകളുടെ ബലക്ഷയത്താല്‍ ഉപേക്ഷിക്കപ്പെട്ട ഒരു കസേര, ശ്രദ്ധാപൂര്‍വ്വം വലിച്ച് എന്റെ അടുത്തേക്കിട്ട് അതില്‍ ഉപവിഷ്ടനായി.... പിന്നെ ഒരു സ്വകാര്യം പറയും പോലെ......

“നീ കൊറ്റാത്തൂരെ ഗോപാലകൃഷ്ണന്‍ സാറിന്റെ മകനാണല്ലേ...?” ആ ശബ്ദം നേര്‍ത്തിരുന്നതായി തിരിച്ചറിഞ്ഞു...

“അതെ....“ തന്റെ മറുപടിയിലെ അഹന്തയുടെ ധ്വനി അദ്ദേഹം അവഗണിച്ചത് എന്തിനാണ്..?

തന്റെ ദൃഷ്ടി എതിരെയുള്ള ഭിത്തിയില്‍ തൂക്കിയിരിക്കുന്ന എന്‍ സി സി കേഡറുകളുടെ വസ്ത്രങ്ങളിലേക്ക് പായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിന്നെ ഞാന്‍ പഠിപ്പിച്ചിട്ടില്ല, ഈ അവസാനവര്‍ഷം അതിനുള്ള അവസരം ഉണ്ടാവുമെന്നും തോന്നുന്നില്ല....പക്ഷേ ഞാന്‍ പഠിപ്പിച്ച മിടുക്കനായ ഒരു വിദ്യര്‍ത്ഥി ഉണ്ടായിരുന്നു.... നിന്റെ ജേഷ്ടന്‍....ഞാന്‍ അവന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു, അവന്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയും... അവന്‍ ഈ സ്കൂളിലെ ഏറ്റവും മിടുക്കന്‍ കുട്ടി ആയിരുന്നു. എസ് എസ് എല്‍ സിക്ക് അവന്‍ ഈ സ്കൂളിലെ ഏറ്റവും മികച്ച മാര്‍ക്ക് വാങ്ങിയപ്പോള്‍ അവനെ നിര്‍ബന്ധമായും മെഡിക്കല്‍ എന്‍‌ട്രന്‍സ് എഴുതിപ്പിക്കണമെന്ന് നിന്റെ അച്ഛനോട് ഞങ്ങള്‍ പറഞ്ഞിരുന്നു. നിന്റെ അച്ഛന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ കഴിഞ്ഞ 3- 4 വര്‍ഷം മുന്‍പ് ചെങ്ങന്നൂരേക്ക് ഒരു ഓട്ടോയില്‍ കയറി ഡ്രൈവറുടെ സീറ്റില്‍ നിന്റെ ജേഷ്ടനെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ഞെട്ടി പോയി. അവനോട് അന്നു ഞാന്‍ ചോദിച്ചു എന്താ നിനക്ക് പറ്റിയതെന്ന്. പക്ഷേ അവനു ഉത്തരമില്ലായിരുന്നു. പിന്നീട് ഞാന്‍ അവനെ കുറിച്ച് അന്വേഷിച്ചു. എനിക്കു കിട്ടിയ വിവരങ്ങള്‍ അവിശ്വസനീയമായിരുന്നു. അവനെ പോലെ മിടുക്കനായ ഒരു കുട്ടി എത്തിപ്പെടാന്‍ പാടില്ലാത്ത ഇടങ്ങളില്‍ അവനെത്തി പെട്ടു എന്നറിഞ്ഞപ്പോള്‍.....! ഇപ്പോള്‍ ഞാന്‍ നിന്നെ കുറിച്ച് നിന്റെ ക്ലാസ് ടീച്ചറിനോട് അന്വേഷിച്ചു. നീയും അവന്റെ പാതയിലേക്കാണെന്ന് എന്റെ മനസ്സു പറയുന്നു. അവന്‍ എസ് എസ് എല്‍ സി എങ്കിലും നല്ല നിലയില്‍ പൂര്‍ത്തിയാക്കിയെങ്കില്‍ നീ അതിനും മുന്‍പ്...!”

പറഞ്ഞു മുഴുവിപ്പിക്കാനാവാതെ ജോര്‍ജ്ജുകുട്ടി സാര്‍ കുഴങ്ങി... പിന്നെ മെല്ലെ മുഖം താഴ്ത്തി.....

തന്റെ പാദങ്ങളില്‍ വീണ രണ്ടുതുള്ളി കണ്ണുനീരിന്റെ താപം സഹിക്ക വയ്യാതെ പൊടുന്നനവേ കാലുകള്‍ പിന്‍‌വലിച്ചു.....

അപ്രതീക്ഷിതമായിരുന്നു അത്.... അതും ഒരു പരിചയവുമില്ലാത്ത ഒരദ്ധ്യാപകനില്‍ നിന്ന് പ്രത്യേകിച്ച് .....

തരിച്ചു പോയ നിമിഷങ്ങള്‍.... വലിയ താഡനവും, ഒരുപക്ഷേ സ്കൂളില്‍ നിന്നു തന്നെ പുറത്താക്കലും ഒക്കെ പ്രതീക്ഷിച്ചിരുന്ന തനിക്ക് ആ അദ്ധ്യാപകന്‍ പകര്‍ന്നത് വ്യത്യസ്ഥ അനുഭവമായിരുന്നു.....

ഒരുവനെ ഓര്‍ത്ത് അവന്റെ മാതാപിതാക്കള്‍ വിലപിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഒരു അദ്ധ്യാപകന്‍!

തന്റെ എല്ലാ നിയന്ത്രണവും വിട്ടു പോയ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്ന്.... മനസ്സിലേക്ക് ഒരു വിങ്ങല്‍ അരിച്ചു കയറി... അതുപിന്നെ തനിക്കു തന്നെ നിയന്ത്രിക്കാനാവാത്ത ഒരു അലമുറയാതും, മാഷിന്റെ കാല്‍പ്പാദങ്ങളിലേക്ക് സ്രാഷ്ടാംഗം പ്രണാമമായി അവസാനിച്ചതും നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു......

സമാധാനിപ്പിച്ചില്ല.... എത്ര നേരം അങ്ങനെ കിടന്നു എന്നും ഓര്‍മ്മയില്ല..... തേങ്ങലിന്റെ അവസാനം കുളിര്‍മ്മയുള്ള രണ്ടു കൈകള്‍ തന്റെ തമുടിയിഴകളെ തഴുകി ഉണര്‍ത്തി.....

“എഴുനേല്‍ക്കടാ കോവാലാ...!” ജൊര്‍ജ്ജുകുട്ടി സാറിന്റെ അത്രയും നേരം കേള്‍ക്കാത്ത ഒരു വ്യത്യസ്ഥ ശബ്ദം....

നിന്നെ അങ്ങനെയാ ചങ്ങാതിമാരും, മാഷുമാരും വിളിക്കുന്നതെന്ന് ഞാനറിഞ്ഞു.... ഇന്നു മുതല്‍ നീ എനിക്കും കോവാലനാണ്.....

അപ്പോഴും നിലച്ചിട്ടില്ലാത്ത തന്റെ ഏങ്ങലടികളെ നെഞ്ചിലേക്ക് ചേര്‍ത്ത് ആവാഹിച്ച് സമാശ്വാസനത്തിന്റെ മറ്റൊരു കുളിര്‍മഴ കൂടി പെയ്യിച്ചു അദ്ദേഹം.....

ഗതകാലത്തിന്റെ കുളിരോര്‍മ്മയിലേക്ക് മഴത്തുള്ളികള്‍ പൊഴിഞ്ഞു.....

“എടോ സുനിലേ... താനിതെന്തെടുക്കുവാ.... മഴ വരുന്നെന്ന് തോന്നുന്നു..... തന്നെ സൈറ്റ് ഒന്നു കാണിച്ചു തന്നിട്ട് പോകാമെന്ന് കരുതി, ഇനി അതും നടക്കുമെന്ന് തോന്നുന്നില്ല...” മുതലാളിയുടെ നീരസം....

പൊടുന്നനവേ മഴയുടെ ശക്തി കൂടി.... എന്‍ സി സി ഓഫീസിന്റെ അടഞ്ഞു കിടന്നവാതിലിനു ഓരം ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സുനിലിന്റെ മനസ്സിലേക്ക് ജോര്‍ജ്ജുകുട്ടി സാറിന്റെ മുഖം വീണ്ടും കടന്നു വന്നു....

(തുടരും)