. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 20 January 2010

സംഭവാമി യുഗേ യുഗേ!!

പണിക്കരേട്ടാ.... എഴുനേല്‍ക്കു... രണ്ട് ദിവസമായില്ലെ എന്തെങ്കിലും കഴിച്ചിട്ട്...

നിനക്കങ്ങനെ പറയാം സുധാകരാ.... എന്റെ മകള്‍ എന്നോട് കാണിച്ച നെറികേട് എങ്ങനെ സഹിക്കുമെടാ...

പണിക്കരേട്ടാ.... ഇന്നു ഏതു വീട്ടിലാ ഇതൊക്കെ നടക്കാത്തെ.... നൂറ്റാണ്ട് മാറിയില്ലെ.... ഇന്നത്തെ കുട്ടികള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്.... നമ്മുടെ കാലം പോലെയാണോ?

സുധാകരാ.... നീ എന്താ ഈ പറഞ്ഞു വരുന്നത്.... കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്ക് വാശി പിടിച്ച് അതു വാങ്ങി കൊടുക്കാത്തപ്പോള്‍ കരയുന്നതു പോലെ വെറും നിസ്സാരമാണോ ഇത്?

ഒന്നാന്തരം നായര്‍ തറവാട്ടില്‍ ജനിച്ച എന്റെ മകള്‍ ഒരു നസ്രാണിക്കൊപ്പം!!!....

എല്ലാം നമ്മള്‍ സഹിച്ചേ പറ്റൂ പണിക്കരേട്ടാ.... എഴുനേല്‍റ്റു വന്നു വല്ലതും കഴിക്കൂ....

അവള്‍ക്ക് ഒരു കുട്ടി ജനിക്കുമ്പോഴേക്കും എല്ലാം കലങ്ങി തെളിയും.... അതുമല്ല ഇനി വരുന്ന നൂറ്റാണ്ടില്‍ ഈ ജാതിക്കും മതത്തിനും ഒക്കെ എന്താ പ്രസക്തി?

കാലത്തിനൊപ്പം നമ്മള്‍ കോലം മാറണം പണിക്കരേട്ടാ..... നമ്മുടെ മാറാല പിടിച്ച മനസ്സാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ക്ക് കാരണം.... വരൂ വല്ലതും കഴിക്കൂ.....

പണിക്കരുടെ മുന്നില്‍ നിവര്‍ത്തി വച്ച പാത്രത്തിലേക്ക് ചോറും കറികളും വിളമ്പുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു....

അങ്ങേ തലക്കല്‍ നിന്നും വാമഭാഗത്തിന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം.... സുധാകരേട്ടാ പെട്ടെന്നിങ്ങോട്ട് ഒന്നു വരൂ.... വേഗം!!!

എന്താ...എന്താ പ്രശ്നം എന്ന് ചോദിച്ചത് മുഴുവിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേ തലക്കല്‍ ഫോണ്‍ വച്ചു..

പണിക്കരേട്ടാ.... വീട്ടില്‍ എന്തോ പ്രശ്നം... പിന്നെ കാണാം.... സുധാകരന്‍ വീട്ടിലേക്ക് ഓടുകയായിരുന്നു....

മുറ്റം നിറയെ ആളുകള്‍, അവര്‍ പര‍സ്പരം പിറുപിറുക്കുന്നു‍... ഭാര്യയുടെ കരച്ചില്‍ അകത്ത് നിന്ന് കേള്‍ക്കാം.... സുധാകരന്‍ ഒറ്റക്കുതുപ്പിന് വീട്ടുനുള്ളില്‍ കടന്നു....

എന്താടീ എന്താ പറ്റിയേ? അയാളുടെ ശബ്ദവും നിലവിളിക്കൊപ്പം എത്തിയിരുന്നു.....

മറുപടി പറയാതെ ഭാര്യ എടുത്തു നീട്ടിയ ഒരു കത്തിലേക്ക് അയാളുടെ കണ്ണുകള്‍ പരതി....

“അച്ഛാ ഞാന്‍ താഴത്തു വീട്ടിലെ അബ്ദുള്‍ മജീദിനൊപ്പം പോകുന്നു.... ഞങ്ങളെ തിരക്കെണ്ട.... അച്ഛന്‍ എന്നോട് ക്ഷമിക്കണം”

പിന്നെ അയാളില്‍ നിന്ന് ഉയര്‍ന്ന നിലവിളി കണ്ടു നില്‍ക്കുന്നവരുടെ കരളലിയിക്കുന്നതായിരുന്നു...

“എന്റെ മോളെ എന്തിനാടീ അച്ഛനോട് ഈ ചതി ചെയ്തത്? നിനക്കു പോകണമെങ്കില്‍ സ്വന്തം ജാതിയിലുള്ള ഒരുത്തന്റെ കൂടെ പോകാമായിരുന്നില്ലെ.... അയ്യോ.....”

സുധാകരന്റെ നെഞ്ചത്തിടി പണിക്കരേട്ടനും കേള്‍ക്കാവുന്ന അത്ര ഉച്ചത്തിലായിരുന്നു.