. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday 18 October 2009

നാടകമേ ഉലകം!



ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.

ഭക്തിക്ക് ഒട്ടും കുറവില്ല കഴകക്കാരന്‍ നാരായണന്‍ മാരാര്‍ക്കും. പരമ്പരാഗതമായി നീര്‍വിളാകേശനെ സേവിക്കാന്‍ അവസരം കിട്ടിയ കുടുഃബത്തിലെ ഇപ്പോഴത്തെ പ്രതിനിധി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശംഖനാദമുതിര്‍ത്ത് പള്ളിയുണര്‍ത്തുന്നതു മുതല്‍ അത്താഴ പൂജ കഴിഞ്ഞ് നട അടക്കും വരെ ക്ഷേത്രവും, ക്ഷേത്ര പരിസരവും ആണ് അദ്ദേഹത്തിന് വീട്. തികഞ്ഞ ഉപാസകന്‍.

ഇവര്‍ രണ്ടും അല്ലാതെ മൂന്നാമതൊരാള്‍ ക്ഷേത്രത്തില്‍ കടക്കില്ല, എന്നിട്ടും ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

അന്നേ ദിവസം പള്ളിയുണര്‍ത്താന്‍ എത്തിയ നാരായണന്‍ മാരാര്‍ ആണ് ക്ഷേത്ര നട തുറന്ന് കിടക്കുന്നത് കണ്ടത്. പഞ്ച ലോഹ വിഗ്രഹം അപ്രത്യക്ഷമായെന്ന അറിവ് അയാളെ വല്ലാതെ നാടുക്കി കളഞ്ഞു.

കുഞ്ഞേ നമ്മുടെ ഭഗവാനെ ആരോ കൊണ്ടു പോയിരിക്കുന്നു... വേഗം വരിക!! കിതച്ചു ഓടി വന്ന നാരായണന്‍ മാരാര്‍ക്കു പുറകെ മേല്‍ശാന്തിയും ക്ഷേത്രത്തിലേക്ക്.

ജനം ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി........ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

നീര്‍വിളാകേശാ..... നിനക്കും ഈ ഭൂമിയില്‍ സംരക്ഷണമില്ലാതായോ?.... പലരും പതം പറഞ്ഞ് പരിതപിച്ചു.

പിന്നെ പതിവ് നാടകങ്ങള്‍......പോലീസ്, പോലീസ് നായ അങ്ങനെ പലവിധ അലങ്കാരങ്ങള്‍. പക്ഷെ ഒന്നിനും പഞ്ചലോഹ വിഗ്രഹത്തിന്റെ പൊടി പൊലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പക്ഷെ കൂട്ടത്തിലെ ഒരു കൊണ്‍സ്റ്റബിളിന്റെ കൂര്‍മ്മബുദ്ധിക്കു മുന്നില്‍ അസാധാരണമായ ഒരു കാല്‍‌പാദം തെളിവായി പ്രത്യക്ഷപ്പെട്ടു.

ആ പാദത്തില്‍ ഒന്ന് പൂര്‍ണമായും തറയില്‍ അമര്‍ന്നതും, മറ്റൊന്നിന്റെ മുന്‍ ഭാഗം മാത്രം തറയില്‍ അമര്‍ന്നതുമായ എണ്ണയില്‍ മുങ്ങിയ പാടുകള്‍!

ഒരു കാലിനു നീളം കുറവുള്ള ആരെ അറിയാം നിങ്ങള്‍ക്ക്? എസ് ഐ യുടെ ചോദ്യം ജനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാന്തിക്കാരനില്‍ ആയിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സത്യനാരായണ ഭട്ടതിരിയുടെ കൈകളില്‍ വിലങ്ങണിയിക്കപ്പെട്ടു. തൊണ്ടിക്കു വേണ്ടിയുള്ള ചോദ്യം ചെയ്യലീനിടയില്‍ കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വച്ചു തന്നെ ഭേദ്യം ചെയ്യപ്പെട്ടു. പിന്നെ പോലീസ് ജീപ്പിലേക്ക്.....

ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സത്യനാരായണ ഭട്ടതിരി ഒരു മുഴം കയറില്‍ ജീവനൊടുക്കി... മരണക്കുറുപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.... ഭഗവാനെയും ഭക്തരേയും വഞ്ചിച്ചത് ഞാനല്ല എന്നു മാത്രം അറിയിക്കാന്‍ ആഗ്രഹിക്കുന്നു”

തൊട്ടു പിറ്റേന്ന് നാരായണന്‍ മാരാര്‍ വിഷം കഴിച്ച് ക്ഷേത്ര പരിസരത്തു തന്നെ ജീവനൊടുക്കി... മരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.

“ മനപ്പൂര്‍വ്വം അങ്ങനെ ഒരു കാല്‍പ്പാട് സ്രിഷ്ടിച്ചതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. കുറ്റബോധം എന്റെ വിധി നിര്‍ണയിക്കുന്നു. ഭഗവാന്‍ വീട്ടിലെ നെല്ലറയില്‍ സുരക്ഷിതനാണ്”
************************************************************************************************************************
സമര്‍പ്പണം:- തെറ്റിദ്ധാരണകൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ജനതയ്ക്ക്.

Tuesday 6 October 2009

ചങ്ങാതി നന്നായാല്‍

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പൊലും....
ഇതു വരെ ഇങ്ങനെ ഒരു പഴഞ്ചൊല്ലു കേള്‍ക്കാത്ത താന്‍ ഒരു വിഡ്ഡി തന്നെ.
“എടാ നീ മലയാളി ആണെന്ന് അരോടും പറയരുത്, ഈ പഴഞ്ചൊല്ലു കേട്ടിട്ടില്ല എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ നിന്നെ എറിഞ്ഞു കൊല്ലും.”പ്രമോദു പോലും കളിയാക്കി ചിരിച്ചു.
എന്താടാ അതിന്റെ അര്‍ത്ഥം?
“ഹ..ഹ എടാ പ്രമോദ് എന്ന ഈ ഞാന്‍ നിന്റെ ആരാ...? ഉറ്റ ചങ്ങാതിയല്ലെ...? നിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞാന്‍ നിന്റെ കൂടെയുണ്ടാവും...! നിന്റെ സന്തോഷവും, സന്താപവും എന്റെതും കൂടി ആയിരിക്കും...! മനസ്സിലായോ....?”
അതു ശരി... അത്ര വലിയ ഒരര്‍ത്ഥം അതിനുണ്ടായിരുന്നോ
രോഷത്തോടെ വീട്ടിലേക്ക് ഓടി, കണ്ണാടികള്‍ ഒന്നായി ഉടച്ചു തകര്‍ത്തു....
“ഇറങ്ങു പുറത്ത്...... വീടിനെ സ്നേഹിക്കാന്‍ അറിയാത്ത നിനക്ക് ഇവിടെ എന്തു സ്ഥാനം...?” നിസാരമായ കുറെ കണ്ണാടികള്‍ പൊട്ടിച്ചതിന് അച്ഛന്‍ അങ്ങനെ ഒരു ശിക്ഷ വിധിച്ചപ്പോള്‍ അമ്പരന്നു പോയി.
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി....ആലുവാ മണപ്പുറത്തു പോലും കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പ്രമോദ് പ്രതികരിച്ചത് അങ്ങനെ!!