. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, 24 February 2009

കര്‍ക്കിടകത്തിലെ കറുത്തവാവ്

അന്ന് കര്‍ക്കിടകത്തിലെ കറുത്തവാവു ദിനം.

കര്‍ക്കിടകത്തിലെ കറുത്തവാവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് നമ്മുക്കെല്ലാം അറിയാം.

അന്നെദിവസം ആണല്ലോ നമ്മള്‍ പരേതാത്മാക്കള്‍ക്ക് ബലി അര്‍പ്പിക്കുക.

മദ്ധ്യതിരുവിതാംകൂറിലേ ഹിന്ദുക്കളുടെ ഇടയില്‍ മറ്റൊരു ആചാരവും നിലനില്‍ക്കുന്നു. കര്‍ക്കിടക വാവിനു ആത്മാക്കള്‍ക്ക് അന്നം കൊടുക്കുക എന്ന സങ്കല്‍പ്പം.

മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്തു മാത്രം നിലനില്‍ക്കുന്ന ഒരു പ്രത്യേക ആചാരമാണെന്നു തോന്നുന്നു പ്രസ്തുത വാവൂട്ടല്‍

വവൂട്ടലിനു പ്രധാനമായും ഉണ്ടാക്കുന്നത് വാവടയാണ്. അരി, ശര്‍ക്കര, തേങ്ങ, ഏലക്ക, ചുക്ക് എന്നിങ്ങനെ പ്രധാന ചേരുവകകള്‍ ആയുള്ള വാവട അത്യന്തം രുചികരം തന്നെ.

അട കഴിക്കാന്‍ വേണ്ടി മാത്രം കര്‍ക്കിടക വാവ് കാത്തിരിക്കുന്ന ഒരു വിഭാഗം ഉണ്ട്... കുട്ടികള്‍ !!!!

സംഭവത്തിലേക്കു കടക്കുന്നതിനു മുന്‍പ് ഇത്തരം ഒരു വിവരണം തന്നത് ആ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്.

വാവു ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്... അത്മാക്കള്‍ ഇറങ്ങുന്ന ദിനമാണു എന്നാണ് പൊതുവെയുള്ള വിശ്വാസം!!!!! അവര്‍ ഭൂമിയില്‍ ഇറങ്ങി തങ്ങളുടെ ഉറ്റവരേയും ഉടവയരേയും കാണുന്ന ദിനമാണു പോലും!!!!

ഞങ്ങളുടെ നാട്ടിലെ ആസ്ഥാന പേടിച്ചുതൂറിയായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ മൂത്രമൊഴിക്കാന്‍ പോലും വെളിയിലിറങ്ങാത്ത ദിവസം കൂടിയാണിത്!!!

ക്യഷ്ണചന്ദ്രന്‍ ചേട്ടനെ കുറിച്ച് പറഞ്ഞാല്‍ ബഹുരസം. 50 വയസെത്തിയ പഴയ പട്ടാളക്കാരന്‍ ... അതും കഴിഞ്ഞ് കുവൈററ്റില്‍ 5 വര്‍ഷം.

കുവൈറ്റ് യുദ്ധസമയത്ത് ഏതൊക്കെയോ വഴിയിലൂടെ എങ്ങനെയൊക്കെയോ നാട്ടില്‍ തിരിച്ചെത്തിയ മാന്യദേഹം.

പറഞ്ഞിട്ടു കാര്യമില്ല പ്രേതം എന്നു വെറുതെ പറഞ്ഞാല്‍ മതി നിന്ന നില്‍പ്പില്‍ മുള്ളും!!!!

ഇനി അലപ്പം ഫ്ലാഷ് ബാക്ക്.

ക്യഷ്ണചന്ദ്രന്‍ ചെട്ടന് രണ്ട് സഹോദരങ്ങള്‍ രാമചന്ദ്രന്‍, ശിവചന്ദ്രന്‍. രണ്ട് പേരും ഓരോവയസ്സിനു മാത്രം ഇളയതാണ്. അച്ഛന്‍ നാരായണപിള്ള. എല്ലാവരും പരസ്പരം സഹകരിക്കുന്നത് ചങ്ങാതികളെപ്പോലെ.

ഒരു ഫുള്‍ കൊണ്ടു വച്ച് അച്ചനും സഹോദരങ്ങളും കൂടി ഒന്നിച്ചിരുന്നടിച്ച് ‘പാമ്പായി‘ കാട്ടുന്ന വിക്രിയകള്‍ നാട്ടുകാരില്‍ അമ്പരപ്പും, അതിലുപരി അല്‍പ്പം കുശുമ്പും ഉണ്ടാക്കിയിരുന്നു.

അങ്ങനെ ക്രിഷ്ണരാമശിവ ചന്ദ്രന്മാര്‍ നാട്ടുകാര്‍ക്കിടയിലും സ്വന്തം ഭാര്യമാരുടെ പോലും കണ്ണിലേ കരടാകുകയും ഒരുദിനം വാമഭാഗങ്ങള്‍ എല്ലാം കൂടി വട്ടമേശസമ്മേളനം കൂടി ഇവരെ തമ്മില്‍ അടിപ്പിക്കാന്‍ തീരുമാനം എടുത്തു എന്നുമാണ് പിന്നമ്പുറ സംസാരം.

എന്തുതന്നെ ആയാലും ഒരു ദിവസം കൂടിയിരുന്നു കുപ്പിപൊട്ടിക്കുന്ന അവസരത്തില്‍ സ്വത്തിനെ ചൊല്ലി എന്തോ തര്‍ക്കം ഉണ്ടാകുകയും അച്ഛന്‍റെ മുന്‍പില്‍ വച്ചു തന്നെ സഹോദരങ്ങള്‍ തല്ലുകൂടുകയും, പിണങ്ങിപിരിയുകയും ചെയ്തു.

അതുവരെ ചങ്ങാതിമാരെക്കാള്‍ ആത്മാര്‍ഥമായി തോളില്‍ കയ്യിട്ടു നടന്നിരുന്ന തന്‍റെ മക്കള്‍, പരസ്പരം പോരടിക്കുന്നത് കാണേണ്ടി വന്ന  നാരായണപിള്ള ചേട്ടനെ, പിറ്റേന്നു വെളുപ്പിന് ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്‍റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനോവിഷമം നിമിത്തമുള്ള ആത്മഹത്യ!

വെളുപ്പിനേ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴാന്‍ എഴുന്നെല്‍റ്റ ക്യഷ്ണചന്ദ്രന്‍ ചേട്ടനെ വരവേല്‍റ്റത് കിണറ്റില്‍ ചത്തു മലച്ച് കിടക്കുന്ന സ്വന്തം അച്ഛന്‍റെ ശരീരമാണ്.

ഈ സംഭവം നടക്കുന്നത് ഞാന്‍ മുന്‍പു പറഞ്ഞ കര്‍ക്കിടകവാവിനും ഏതാണ്ട് പത്തുമാസം മുന്‍പാണ്.

പൊതുവേ പേടിതൊണ്ടനായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ ആ സംഭവത്തോടെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍നിന്ന് ഇറങ്ങാതായി.

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ മൂത്തമകളുടെ കല്യാണം കഴിഞ്ഞിരുന്നു. അതിനും ഇളയതായി കല്യാണപ്രായമായി നില്‍കുന്ന മറ്റു രണ്ട് പെണ്‍കുട്ടികളും ഉണ്ട്.

അച്ഛന്‍റെ മരണശേഷം അഞ്ചു ബെഡ് റൂമും മറ്റു സൌകര്യങ്ങളുമുള്ള അദ്ധേഹത്തിന്‍റെ വീട്ടിലെ ഏറ്റവും മദ്ധ്യത്തിലുള്ള ഒരു മുറിയിലേക്ക് അവരുടെ രാത്രിവാസം ചുരുങ്ങി.

ബാത്ത് അറ്റാച്ചഡ് സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത പഴയവീട്ടില്‍ രാത്രിയിലെ മൂത്രശങ്ക തീര്‍ക്കാന്‍ വലിയ ഒരു പാത്രം മുറിയുടെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു.

ഇത്രയൊകെ ഉണ്ടായിട്ടും രാത്രിയുടെ രണ്ടാം യാമത്തില്‍ ഒരു എലി അനങ്ങിയാല്‍ പോലും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ കിടക്കയില്‍ മുള്ളൂക പതിവുമായി.

കൂട്ടത്തില്‍ അല്‍പ്പമെങ്കിലും ധൈര്യമുള്ളത് ചേട്ടന്‍റെ സഹധര്‍മ്മിണിക്കു മാത്രം. എങ്കിലും അമ്മാവന്‍റെ മരണത്തിനു താനും കാരണക്കാരിയോ എന്ന തോന്നല്‍ ആവാം, അവര്‍ക്കും ഭയം കൂടാന്‍ കാരണമായി.

ഇനി വീണ്ടും നമ്മുക്ക് കര്‍ക്കിടകവാവു ദിവസത്തിലേക്ക് തിരിച്ചു വരാം.

അന്നെ ദിവസം മണക്കല്‍ തോട്ടില്‍ (പമ്പയാറിന്‍റെ കയ്‌വഴി) പ്രഭാത കുളിക്കിറങ്ങിയ എന്‍റെ സുഹൃത്തുക്കളായ മണിയനും, മനോജിനും സഹകുളിയനായി കിട്ടിയത് നമ്മുടെ ക്യഷ്ണചന്ദ്രന്‍ ചേട്ടനെയാണ്.

കുളിക്കിടയില്‍ കര്‍ക്കിടകവാവിനെ കുറിച്ചും വാവിന്‍റെ പ്രത്യേകതകളെ കുറിച്ചും, തന്‍റെ അച്ഛന്‍റെ മരണത്തെക്കുറിച്ചും എല്ലാം ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ വാചാലനായി.

സംസാരമദ്ധ്യേ തന്‍റെ വീട്ടില്‍ ഇന്നു അച്ഛനു ബലിതര്‍പ്പണം ഉണ്ടെന്നും, വൈകുന്നേരം വാവൂട്ട് നടത്തുന്നുണ്ടെന്നും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ പറയുകയും ചെയ്തു. പിന്നെ ഒരു ആത്മഗതവും “വാവൂട്ടുമ്പോള്‍ അച്ഛന്‍റെ ആത്മാവ് വരുമോ ആവോ???”

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ സ്വരം ഭയത്തിനു അടിമപ്പെടുന്നത് മണിയനും, മനോജും പരസ്പരം നോക്കി ആസ്വദിച്ചു.

എന്തായാലും അന്നെദിവസം വൈകുന്നേരം ചേട്ടന്‍ തക്രിതിയായി വാവടയുണ്ടാക്കി, ത്രിസന്ധ്യക്ക് വിളക്കിനു മുന്‍പില്‍ ആത്മാക്കള്‍ക്കെന്നു സങ്കല്‍പ്പിച്ച് അട രണ്ടെണ്ണം വയ്ക്കുകയും ചെയ്തു. കര്‍ക്കിടക വാവായതിനാല്‍ ഉറക്കം വന്നില്ലെങ്കില്‍ പോലും എട്ടുമണികു തന്നെ വിളക്കണച്ച് മദ്ധ്യ മുറിയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ഏതാണ്ട് പതിനൊന്നു മണിയായപ്പോള്‍ അടുക്കള ഭാഗത്തെ കതകില്‍ ശക്തമായ മുട്ടല്‍ കേട്ട് ഞെട്ടിയുണര്‍ന്ന ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബവും മുട്ടിനോടൊപ്പം കേട്ട ചിലമ്പിച്ച ശബ്ദം കേട്ട് ഞേട്ടി.

ക്യഷ്ണചന്ദ്രോ..... എടാ ക്യഷ്ണചന്ദ്രോ....... എടാ ഞാനാടാ നിന്‍റെ അച്ഛന്‍ !!!!

അകത്ത് കനത്ത നിശബ്ദത

വീണ്ടും പുറത്തു നിന്ന് അതെ ചിലമ്പിച്ച ശബ്ദം

എടാ ക്യഷ്ണചന്ദ്രാ ആത്മാക്കള്‍ക്ക് കതകും ജനലും ഒരു ബാധ്യതയല്ലെന്നു നിനക്കറയില്ലെ??? നീ വിളികേള്‍ക്കുന്നോ അതോ ഞാന്‍ അകത്തെക്കു കയറി വരണോ??

ഈ തവണ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ അറിയാതെ മൂത്രമൊഴിച്ചു പോയി. അദ്ധേഹത്തിനു തൊണ്ട വരണ്ടിട്ടു വാക്കുകള്‍ വെളിയിലേക്കു വരുന്നില്ലായിരുന്നു.

ചോദ്യത്തിനു മറുപടി പറഞ്ഞതു ചേട്ടന്‍റെ സഹധര്‍മ്മിണി.

അമ്മാവാ എന്തിനാ ഞങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. അമ്മാവനെ ഞങ്ങള്‍ വേണ്ട ശേഷക്രിയകള്‍ ചെയ്ത് എവിടെയെങ്കിലും കുടിയിരുത്തിക്കൊള്ളാം.

“നീ എന്താടീ സുമംഗലീ (ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്റെ സഹധര്‍മ്മിണിയുടെ പേരങ്ങനെയാണ്) ഈ പറയുന്നത് എനിക്കു വിശക്കുന്നെടീ പത്തുമാസമായി നേരാംവണ്ണം എന്തെങ്കിലും കഴിച്ചിട്ട്” ചിലമ്പിച്ച ശബ്ദം കൂടുതല്‍ ദയനീയമായി.

"അമ്മാവാ അതിനിവിടെയൊന്നുമില്ലെല്ലോ!" ഭയംനിറഞ്ഞ വാക്കുകള്‍ അകത്തു നിന്ന്.

“കള്ളം പറയാതെടീ സുമംഗലീ. അവിടെ ഇന്നുണ്ടാക്കിയ അട ഇരുപ്പുണ്ടെന്ന് എനിക്കറിയാം”

വീണ്ടും കനത്ത നിശബ്ദത!

“സുമംഗലീ ഞാന്‍ അകത്തു വന്ന് ഞാന്‍ എടുത്തു കഴിക്കട്ടോ” നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചിലമ്പിച്ച ശബ്ദം വെളിയില്‍നിന്നും വീണ്ടും ഉയര്‍ന്നു.

“വേണ്ട അമ്മാവാ ഞങ്ങള്‍ എവിടാണെന്നു വച്ചാല്‍ കൊണ്ടു വയ്കാം അമ്മാവന്‍ പറയൂ എവിടെ കൊണ്ടുത്തരണമെന്ന്.”

എങ്കില്‍ എന്‍റെ കുഴിമാടത്തിങ്കലേക്ക് നാല് അട വച്ചെക്കൂ. എന്‍റെ കൂടെ നമ്മുടെ പാങ്ങോട്ടെ ചന്ദ്രന്‍പിള്ളയുമുണ്ട് (പാങ്ങോട്ടെ ചന്ദ്രന്‍ പിള്ള - നാരായണപിള്ള ചേട്ടന്‍റെ ഉറ്റ സുഹ്രുത്തായിരുന്നു. മരണപെട്ടിട്ട് ഏതാണ്ട് രണ്ട് വര്‍ഷമായിക്കാണും)

"ശരിയമ്മാവാ അങ്ങനെയായിക്കോട്ടെ". വിറയാര്‍ന്ന സ്വരം ഭയം അധികരിച്ച് നേരത്ത്‌ പോയിരുന്നു അപ്പോള്‍.

“മോളെ ഞങ്ങള്‍ അങ്ങോട്ടു മാറി നില്‍ക്കാം അല്ലെങ്കില്‍ ഞങ്ങളെ കണ്ട് നീ പേടിക്കും”

വീണ്ടും നിശബ്ദത.... പിന്നെയും ഒരു പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീട്ടിലേ തെക്കോട്ടുള്ള വാതില്‍ പതിയെ തുറന്നു

ചേട്ടനും, ചേച്ചിയും രണ്ട് പെണ്മക്കളും പരസ്പരം കൈകോര്‍ത്ത് പരിസരം സാകൂതം വീക്ഷിച്ച് പുറത്തു വന്നു.

ചേച്ചിയുടെ കയ്യില്‍ ഒരു ചെറിയ പാത്രത്തില്‍ അട.

വളരെ പെട്ടെന്നു തന്നെ നാരായണപിള്ള ചേട്ടന്‍റെ കുഴിമാടത്തില്‍ അതു വച്ച് ഒറ്റ ഓട്ടത്തിനു വീട്ടില്‍ കയറി കതകടച്ചു.

പിന്നെ എല്ലാം നിശബ്ദം..... കുറ്റാകുറ്റിരുട്ടുമാത്രം.

പിറ്റേന്നു രാവിലെ ശരീരം മുഴുവന്‍ കനത്ത മുറിവുകളുമായി പേടിച്ച് പനിച്ച് മണിയനേയും മനോജിനേയും അടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായാണ് ഞാനും ഒപ്പം എന്‍റെ ഗ്രാമവും കണ്ണുതുറന്നത്!

അതിലോക്കെ രസകരമായ സംഭവം ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബത്തിനും അതിനു ശേഷം ഭയം എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അറിയുകപോലും ഇല്ല എന്ന സ്ത്ഥിതിയില്‍ ആയി!

രാത്രി 11 മണിക്കുപോലും കൂളായി ഇന്ന് എവിടെയും അദ്ധേഹം പോകും!

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ മണിയനും, മനോജിനും രാത്രി എന്നു കേള്‍ക്കുന്നതെ പേടിയായി... രാത്രി ആയാല്‍ പുറത്തിറങ്ങാത്ത അവസ്ഥയുമായി!

എന്താണ് സംഭവിച്ചത്.

സംഭവിച്ചത് നിങ്ങള്‍ ഊഹിച്ചതിനും ഒരു പടി മുന്നില്‍ .

നമ്മുടെ കൃഷണചന്ദ്രന്‍ ചേട്ടന്‍റെ ഉറ്റ ചങ്ങാതിയുണ്ട്. കഥാനായകന്റെ പേര് സുരേന്ദ്രന്‍. ആറടിയില്‍ കൂടുതല്‍ ഉയരവും അതിനൊപ്പം തടിയുമുള്ള കറുത്തിരുണ്ട ഒരു മനുഷ്യന്‍. മുഖത്ത് പണ്ടെങ്ങോ വന്ന വസൂരിയുടെ ശേഷിപ്പുകള്‍.

നിര്‍ദ്ദോഷിയാണെങ്കിലും അപാര ധൈര്യശാലിയാണ്.

കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ തൊട്ടടുത്ത വീട് (അയല്‍ വക്കം എന്നു പറയാന്‍ കഴിയില്ല എങ്കിലും പരിസരങ്ങളില്‍ മറ്റു വീടില്ലാത്തതിനാല്‍ അങ്ങനെ വേണമെങ്കിലും പറയാം) പത്മാവതി ചേച്ചിയുടെതാണ്. പത്മാവതി ചേച്ചിയുടെ ഭര്‍ത്താവ് ഒരു മകന്‍റെ ജനനത്തോടു കൂടി മരണപ്പെട്ടിരുന്നു. പ്രായമായ അവന്‍ ഇപ്പോള്‍ വിദേശത്താണ്.

സുരേന്ദ്രന്‍ ചേട്ടന്‍ കല്യാണം കഴിച്ചിട്ടില്ല. അതിനാല്‍ തന്നെ പത്മാവതി ചേച്ചിയുമായി ഒരു വരത്തുപോക്കുണ്ട്. നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. രണ്ടു പേരുടെയും അവസ്ഥ അറിയാവുന്ന നാട്ടുകാര്‍ അതു അത്ര ഗൌനിക്കാറില്ല...

എന്നിരിക്കിലും ഇരുട്ടില്‍ പതുങ്ങി പോകുക എന്നുള്ളത് സുരേന്ദ്രന്‍ ചേട്ടന്‍റെ ഒരു ശീലമായിപ്പോയി. ഇരുട്ടില്‍ തിരിച്ചറിയാതിരിക്കാന്‍ ഇദ്ദേഹം പതിവായി കറുത്തമുണ്ടും, കറുത്ത ഷര്‍ട്ടുമാണ് ധരിക്കാറ്!

അന്നേ ദിവസം പത്മാവതി ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന സുരേന്ദ്രന്‍ ചേട്ടന്‍, കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീടിന്‍റെ പരിസരത്ത് അസമയത്തുള്ള നിഴലനക്കം കണ്ട് വെറുതെ എത്തി നോക്കിയതാണ്.

കണ്ടത് കുഴിമാടത്തിന്‍റെ പരിസരത്ത് ഇരുന്ന് അട കഴിക്കുന്ന മണിയനെയും, മനോജിനേയും.

"ആരടാ അത്???" സുരേന്ദ്രന്‍ ചേട്ടന്‍ തന്‍റെ സ്വതസിദ്ധമായ പരുപരുത്ത ശബ്ദത്തില്‍ ചോദിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ മണിയനും, മനോജും കണ്ടത് തൊട്ടുമുന്‍പില്‍ നില്‍ക്കുന്ന കറുത്ത രൂപം!!

യുക്തിവാദികളായ മണിയനും, മനോജും ഒരു നിമിഷം തങ്ങളുടെ യുക്തിയും ബുദ്ധിയും അടിയറവു വച്ചു.

അതു നാരായണപിള്ള ചേട്ടന്‍റെ പ്രേതം തന്നെ എന്നു തെറ്റിദ്ധരിച്ചു നൂറേനൂറില്‍ പറന്നു!

തൊട്ടടുത്ത പറമ്പിലെ കുപ്പിമുറിയും, തകര‍വും നിക്ഷേപിക്കുന്ന പൊട്ടക്കിണറ്റിലായിരുന്നു ആ ഓട്ടം അവസാനിച്ചത്.

ഒരുകണക്കില്‍ അവിടെ നിന്നു രക്ഷപെട്ട അവര്‍ ചെന്നെത്തിയതു ശരീരം മുഴുവന്‍ മുറിവും വേദനയുമായി ആശുപത്രി കിടക്കയിലും!

ആദ്യം കാര്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിറ്റേന്ന് ഇവര്‍ ആശുപത്രിയില്‍ ആയി എന്ന വാര്‍ത്ത കേട്ട സുരേന്ദ്രന്‍ ചേട്ടന്‍ നിജസ്ഥിതി അറിയാന്‍ കൃഷ്ണചന്ദ്രന്‍ ചേട്ടനെ സമീപിച്ചു.

കാര്യം മനസ്സിലാക്കിയ കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ പേടി അതോടുകൂടി പമ്പ കടന്നു!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മണിയനും, മനോജും വിവരം അറിഞ്ഞത്. ശരിയായ വിവരം അറിയുന്നതു വരെ അവര്‍ വിശ്വസിച്ചിരുന്നത് അന്നു കണ്ടത് നാരായണന്‍ ചേട്ടന്‍റെ പ്രേതം തന്നെയാണ് തങ്ങള്‍ ആ ദിവസം കണ്ടത് എന്നാണ്.

ഇന്നും മണിയന്‍ എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞു ചിരിക്കാറുണ്ട്.

മണിയന്‍റെ തുടയില്‍ ഓപ്പറേഷനില്‍ പോലും നീക്കപ്പെടാനാകാത്ത രീതിയില്‍ ആ സംഭവത്തിന്‍റെ തിരുശേഷിപ്പെന്നോണം കുപ്പിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.