. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 17 April 2013

കോഴിയും മൂലവും

 പ്രമുഖ മതപ്രഭാഷകന്‍...

ശാന്തനു.... 

വേദിയില്‍ അത്ര ശാന്തനല്ല. അന്യമതസ്ഥര്‍ പോലും വികാരവിക്ഷോഭരാകുന്ന വാക്ചാരുത.

പക്ഷെ ഈയിടെയായി അന്യന്യസാധാരണമായ ഒരു വിലയിടിയല്‍. ശ്രോതാക്കളുടെ ആരവങ്ങളില്‍ തുലോം കുറവ്. എന്തുകൊണ്ടോ വാക്കുകള്‍ അനര്‍ഗളമായി ഒഴുകി വരുന്നില്ല. മതം പുഷ്ടിപ്പിക്കലിനിടയില്‍ പിന്നാമ്പുറത്ത് നിന്ന് വീണുകിട്ടുന്ന കൈമടക്കിന്‍റെ അളവില്‍ കാതലായ കുറവ്‌. ചിലപ്പോഴൊക്കെ കാര്യം കഴിയുമ്പോള്‍ സംഘാടകര്‍ അകാരണമായി ഒഴിവാക്കുന്നു. കിട്ടുന്നതെന്തോ അത് ബ്ലൌസിനുള്ളില്‍ തിരുകി വൈഷമ്യത്തോടെ കിടക്കയൊഴിയേണ്ടി വരുന്ന അഭിസാരികയുടെ അവസ്ഥ. മതത്തിന്‍റെ പേരിലായതിനാല്‍ തര്‍ക്കിക്കാനുള്ള അവസരവും ഇല്ല. പറഞ്ഞു പരിപോഷിച്ച ദൈവങ്ങളും, വിമര്‍ശിച്ച് വധിച്ച ദൈവങ്ങളും എന്തിനു ചെകുത്താന്മാര്‍ പോലും നിലവില്‍ കൂടെയില്ല. ചുരുക്കത്തില്‍ കഞ്ഞികുടി മുട്ടിയ പരിതാപകത.

അശ്വമേധം എന്ന് പുകഴ്ത്തിയ സതീര്‍ത്ഥ്യര്‍ പല്ലുകൊഴിഞ്ഞ സിംഹത്തിനു കൊടുക്കുന്ന അത്ര വിലപോലും ഇപ്പോള്‍ തരുന്നില്ല. പോത്തും കള്ളും "ഹറാം" ആണെങ്കിലും, മൃഷ്ടാന്നം തിന്നുമുടിച്ചതിന്‍റെ നന്ദി പോലും ഇല്ലാത്ത ദുഷ്ടാത്മാക്കള്‍. അറ്റംപറ്റും വരെ കാത്തിരുന്നാല്‍ ഭാര്യ മറ്റൊരു അറ്റം തേടി പോകുമെന്ന് വ്യംഗ്യമായി സൂചനകൂടി ആയപ്പോള്‍ അയാള്‍ക്ക് തന്‍റെ സമയത്തില്‍ അല്‍പ്പം അസ്വാഭാവികത തോന്നിയത് സ്വാഭാവികം. കൂലംകഷമായ ചിന്തകള്‍ക്ക് ഒടുവില്‍ സമയം നന്നാക്കാനായി ഒരു ജ്യോത്സ്യനെ സമീപിക്കാനായിരുന്നു അയാളുടെ തീരുമാനം.

ബന്ധുമിത്രാദികളോടും, പരിചിതരോടും വരെ അന്വേഷണം നീണ്ടു. പക്ഷെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തുക എന്നത് ഭഗീരഥയജ്ഞമായി. ഇനി കണ്ടെത്തിയവരോട് സ്വന്തം പേര്‍ വെളിപ്പെടുത്തിയപ്പോള്‍ "വേദിയിലെ കേസരിക്ക് സമയപ്രശ്നമോ" എന്ന മറുചോദ്യം നേരിടേണ്ടി വന്നതിനാല്‍ അവതരിപ്പിക്കാന്‍ തന്നെ ഭയപ്പെട്ടു. തന്‍റെ പ്രശ്നങ്ങള്‍ മളോര്‍ അറിഞ്ഞാല്‍ അല്‍പ വേദികള്‍ കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ വിരചിക്കവേയാണ് പത്രപരസ്യത്തില്‍ ശാന്തനുവിന്‍റെ കണ്ണുകള്‍ ഉടക്കിയത്.

ഋഷി മഹാരാജാ യോഗാനന്ദ തിരുവടികള്‍. മക്കളുടെ എല്ലാ  അരക്ഷിരാവസ്ഥള്‍ക്കും ഉത്തമ പരിഹാരം. നേരിട്ട് വരേണ്ടതില്ല, ഫോണിലൂടെ പരിഹാരം നിര്‍ദ്ദേശിക്കുന്നു. 'ഉപഭോക്താക്കള്‍' പേരോ സ്ഥലമോ വെളിപ്പെടുത്തെണ്ടതില്ല. ലഡ്ഡു പൊട്ടാന്‍ ഒന്നിലേറെ കാരണങ്ങള്‍. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിക്കാന്‍ ഒട്ടും അമാന്തിച്ചില്ല.

നീണ്ട ഡയല്‍ ടോണുകള്‍ക്കൊടുവില്‍ ഘനഘംഭീര ശബ്ദം..... "ഓം നമോനാരായണായ"

മുഖവരയേതും ഇല്ലാതെ ഋഷി തന്‍റെ ചടങ്ങിലേക്ക് കടന്നു......

"അറിയാവുന്ന  ഒരു ശ്ലോകം ചൊല്ലൂ".... ഋഷിയുടെ ആവിശ്യം ന്യായം.....

തികട്ടിവന്ന ചിരി ഉള്ളില്‍ ഒതുക്കി.... "തന്നോട് ശ്ലോകം ചൊല്ലാന്‍....!!!"

മതപ്രഭാഷണം എന്നാല്‍ ഒരു "അന്നവിചാരം മുന്നവിചാരം" ചടങ്ങ് മാത്രമാണെന്നും, ചര്‍മ്മകൂര്‍മ്മതയാണ് പ്രഭാഷണചാരുതയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് എന്നും.  വിഷയങ്ങള്‍ വെറും വാക്ചാരുതിയുടെ ഒരു നിര്‍ഗളത ആണെന്നും, അവയ്ക്ക് മതവുമായോ മതഗ്രന്ഥങ്ങളുമായോ പുലബന്ധം പോലും ഇല്ല എന്നും, അതിന്‍റെ പ്രധാന അജണ്ട സ്വമതത്തെ പരിപോഷിപ്പിക്കുന്നതിലും അധികം അന്യമതങ്ങളെ ഇകഴ്ത്തല്‍ ആണെന്നും ഈ  ഋഷിക്ക് അറിയില്ലന്നു തോന്നുന്നു. ശ്ലോകം പഠിക്കുന്ന സമയം കൊണ്ട് ചില ദ്വയാര്‍ത്ഥങ്ങളും, ഒന്ന് രണ്ടു ആന്തരാര്‍ത്ഥങ്ങളും പഠിച്ചാല്‍ ശ്രോതാക്കള്‍ക്കും വിളമ്പുന്ന തനിക്കും ഒരു ചെറു കൊരിത്തരിപ്പ്‌!!!!

അതിനാല്‍ തന്നെ ആവിശ്യം കേട്ടില്ല എന്ന മട്ടില്‍ അവഗണിച്ചു.

അപ്പുറം അല്‍പ്പ നിമിഷം കാത്തു. പിന്നെ ആവിശ്യപ്പെട്ടതില്‍ വലിയ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കിയാവണം ഋഷി തുടര്‍ന്നു.....

"താങ്കളുടെ നാള്‍ പറയൂ".....

ശാന്തനു ഒരു നിമിഷം ശങ്കിച്ചു പിന്നെ അര്‍ത്ഥമനസ്സോടെ പതിയെ മൊഴിഞ്ഞു....

"മൂലം"

ഋഷിക്ക് വീണ്ടും മൌനം....

"ഒഹ്.... മൂലം...!!! മൂലം പ്രശ്നമാണ്..... കോഴി കഴിക്കാറുണ്ടോ....?"

പൊടുന്നനവേ വന്ന ചോദ്യം ശാന്തനുവിനെ അങ്കലാപ്പിലാക്കി. പ്രഭാഷണത്തില്‍ അഹിംസയും പച്ചക്കറിസവും പ്രചരിപ്പിക്കുന്ന താന്‍ പോത്തും, പശുവും കോഴിയും കള്ളും എല്ലാം അകത്താക്കുമെന്ന് നാലാള്‍ അറിഞ്ഞാല്‍ ഉള്ള ഭവിഷ്യത്ത്‌!!! ഒഹ് മറന്നു. ഈ സംസാരിക്കുന്നത് ശാന്തനു ആണെന്ന് അപ്പുറത്തെ മഹാനുഭാവന് അറിയില്ലല്ലോ!!! അയല്‍വക്കം അറിയാതെയുള്ള വ്യാഭിചാരമോ, വഞ്ചനയോ ഒരു കുറ്റമല്ലല്ലോ!!!

"കഴിക്കും.... നന്നായി കഴിക്കും.... പൊരിച്ച കൊഴിയാ കൂടുതല്‍ ഇഷ്ടം." കൂട്ടില്‍ കിടക്കുന്ന ലക്ഷണമൊത്ത പൂവനെ ഓര്‍ത്തപ്പോള്‍ വായില്‍ നിറഞ്ഞ വെള്ളം തൊണ്ട നിറയെ കുടിച്ചിറക്കി.

അങ്ങേ തലക്കല്‍ ഋഷിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം.....

"അതാണ്  പ്രശ്നം..... കോഴി കഴിച്ചാല്‍ മൂലത്തിനു പ്രശ്നമാ....."

ഞെട്ടി... എന്‍റെ അമ്മോ ഋഷി വെറും ഋഷിയല്ല.... അത്യപൂര്‍വ്വ ഞ്ജാനദൃഷ്ടി തന്നെ...

ചൂണ്ടു വിരല്‍ അറിയാതെ താഴേക്ക്‌ ചലിച്ചു....

"ശരിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂലക്കുരുവിന്‍റെ അസ്കിത നന്നായിട്ടുണ്ട്.... അങ്ങേക്ക്‌ അത് മനസ്സിലായതില്‍ അത്ഭുതം... അതീന്ദ്ര ഞ്ജാനം തന്നെ...."ശാന്തനു അത്യാകാംഷയുടെ എവറസ്റ്റില്‍ എത്തി.
അങ്ങേ തലയ്ക്കല്‍ എന്തൊക്കെയോ വീണുടയുന്ന ശബ്ദം.... ഋഷി തെറി പറയുന്നുണ്ടോ.... ഹേയ് ഇല്ല.... ഇനി അഥവാ ഉണ്ടങ്കില്‍ തന്നെ അത് തന്നെ ആയിരിക്കില്ല.... അല്ലെങ്കിലും ഇത്രയും ഞ്ജാനമുള്ള ഋഷി തെറി പറയുമോ....

വീണ്ടും നിശബ്ദത.... കോപം വിഴുങ്ങിയ  മട്ടിലുള്ള സംഭാഷണ രീതി.....

"മഹാനുഭാവന്‍.... ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ നാളാണ്... അവയവം  അല്ല....."

ശാന്തനു മുഖത്ത് തികട്ടിയ ചമ്മല്‍ കൈ വച്ച് ഉഴിഞ്ഞ് ഇല്ലാതാക്കി....

"പക്ഷെ എന്‍റെ നാളും കോഴിയും തമ്മില്‍ എന്ത് ബന്ധം...?"

അങ്ങേ തലയ്ക്കല്‍ ദേഷ്യം മാറിയ ദീര്‍ഘനിശ്വാസം.....

"നിങ്ങളുടെ നാളിന്‍റെ പക്ഷി കോഴിയാണ്.... കോഴിയെ നിങ്ങള്‍ ആരാധിക്കണം... അതിനെ ഭക്ഷിന്നത് പാപമാണ്... അതുകൊണ്ടാണ് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഗതികേടുകള്‍.."

ശാന്തനു  ഉദ്യോഗത്തോടെ ചോദിച്ചു.... " മനസ്സിലായില്ല...?"

ഋഷിക്ക് ക്ഷമ നശിച്ചുവോ എന്നൊരു സംശയം.....

"സുഹൃത്തെ.... നമ്മുടെ വിശ്വാസം അനുസരിച്ച് എല്ലാ നാളുകാര്‍ക്കും ഒരു  പക്ഷിയുണ്ട്.... മൂലം നാളുകാര്‍ക്ക് കോഴിയാണ് പക്ഷി...!!!"

ശാന്തനുവില്‍ ഒരു ചെറു പുഞ്ചിരി നിറഞ്ഞു.... പിന്നെ പൊടുന്നനവേ ഫോണ്‍ താഴെ വച്ചു..... പിന്നീട് ഒരു പൊട്ടിച്ചിരിയായി മാറി.....

യുറേക്കാ.... ശാസ്ത്രവും മതവും തമ്മിലുള്ള ഒരു ബന്ധം കൂടി വെളിച്ചത്ത് വന്നിരിക്കുന്നു.... അടുത്ത പ്രസംഗത്തില്‍ ഇതുതന്നെ വജ്രായുധം...

"കോഴി മൂലത്തിനു പ്രശ്നമാണെന്ന് നമ്മുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്!!!! നമ്മുടെ മതത്തിലെ അത് പറഞ്ഞിട്ടുള്ളൂ..!!!! മറ്റുള്ള മതത്തില്‍ കോഴിയും ഇല്ല മൂലവും ഇല്ല.....!!!!!"

ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ട് മുന്‍പില്‍ ഉപവിഷ്ടരായ പുരുഷാരത്തിന്‍റെ കയ്യടി ആസ്വദിക്കാന്‍ ശാന്തനു കണ്ണുകള്‍ ഇറുകെ അടച്ചു......