. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Saturday, 14 September 2013

ചുവന്ന കലകള്‍.

"അച്ഛാ ഇന്ന് വരുമ്പോഴെങ്കിലും ഗ്ലാസ് പെയിന്‍റ് വാങ്ങി വരണം. നല്ല ചുവന്ന നിറമുള്ള പെയിന്‍റ്. ബാക്കി എല്ലാ നിറങ്ങളും എന്‍റെ കയ്യില്‍ ഉണ്ട്" 

മകളുടെ വാക്കുകളില്‍ നിറഞ്ഞ പരിഭവത്തിനു പകരമായി കവിളിലെ ഒരു സ്നേഹതലോടല്‍

"എത്ര ദിവസമായി കുട്ടി ഇതുതന്നെ പറയുന്നു രാജേട്ടാ... ഒന്ന് വാങ്ങി കൊടുത്ത് കൂടെ" ഭാര്യയുടെ സ്നേഹശ്വാസനക്ക് ചെറുപുഞ്ചിരി തലയാട്ടല്‍ പരിഗണന.

പതിവ്‌ പോലെ ഓഫീസ്‌ വിട്ടു ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലൂടെ ഊളിയിട്ട് ബസ്സില്‍ കയറിപറ്റുമ്പോള്‍ ചെറുതെങ്കിലും പൊന്നോമന മകളുടെ, പരിഭവം നിറഞ്ഞ ആവശ്യം സാധിച്ചതിന്‍റെ  നിറവില്‍ ആയിരുന്നു അയാളുടെ മനസ്സ്‌.

ഇന്ന് എന്തായാലും അത് വാങ്ങിയത്‌ നന്നായി, അല്ലെങ്കില്‍  വീടണയുമ്പോള്‍ അവളില്‍ നിന്ന് പതിവായി കിട്ടുന്ന ആ സ്നേഹചുംബന തിരിവെട്ടം പരിഭവ കൊടുങ്കാറ്റിനു മുന്നില്‍ അണഞ്ഞുപോകുമായിരുന്നു.

ഓഫീസ്‌, വീട് യാത്രദുരിത മരണപാച്ചിലുകല്‍ക്കൊടുവില്‍ വീണുകിട്ടുന്ന മൃതസഞ്ജീവനിയാണ് മകളുടെ ആ മൃദുചുംബനം. അതിന് പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നില്ല.

ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തിരക്കേറിയ ബസ്സിലെ കോണുകള്‍ പരതി. പഴകിതുരുമ്പിച്ച കമ്പിയില്‍ പിടിമുറുക്കാന്‍ കയ്യില്‍ ഇരിക്കുന്ന ബാഗ് എങ്കിലും ഒരാളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ആശ്വാസം. 

വൃഥാവായ പരതലുകള്‍ക്കൊടുവില്‍, ഏതൊരാള്‍ക്കും ആദ്യദര്‍ശനത്തില്‍ തന്നെ വാല്‍സല്യം ജനിപ്പിക്കുന്ന മുഖകാന്തിയുള്ള അവളിലേക്ക്‌ കണ്ണുകള്‍ പാറിയത് യാദ്രിശ്ചികമായിരുന്നില്ല. അയാള്‍ നില്‍ക്കുന്നതിന്‍റെ തൊട്ടടുത്ത സീറ്റില്‍.

അവളുടെ  മിഴികള്‍ക്ക് പിന്നിലെ മൃദുസൗന്ദര്യത്തിലേക്ക് അയാള്‍ തന്‍റെ മകളെ ഒരു നിമിഷം ചേര്‍ത്ത്‌ വച്ചു.

"അച്ഛാ.... എന്‍റെ ചുവന്ന പെയിന്‍റ്"  പൊടുന്നനവേ അയാളുടെ കാതുകളിലേക്ക് ആ പരിഭവമൃദുമൊഴി വീണ്ടും ഒഴുകിഎത്തി.

കയ്യിലുള്ള പ്ലാസ്റ്റിക്ക് ബാഗിലെ ചെറുപൊതിയില്‍ പിടിമുറുക്കിയ അയാളുടെ ശ്രദ്ധ വീണ്ടും അവളിലേക്ക്‌ പായിച്ചപ്പോള്‍ ജീവന്‍ തുടിച്ച് നില്‍ക്കുന്ന അവളുടെ നയനങ്ങള്‍ പക്ഷെ ഭീതിയോ അല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ ആവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളാല്‍ അസ്വസ്ഥമായി കാണപ്പെട്ടു.

കോരി എടുത്ത്‌ ഉമ്മവയ്ക്കാന്‍ തോന്നുന്ന മുഖശ്രീയുള്ള അവളില്‍ നിന്ന് അയാളിലേക്ക്‌ നീണ്ട മിഴിവാക്കുകള്‍ക്ക് അര്‍ഥം തേടുന്ന തിരക്കിലായിരുന്നു അപ്പോള്‍ അയാള്‍.

വാല്‍സല്യനിധിയായ ഒരു കൂലീന ഖദര്‍ധാരിയുടെ മടിയില്‍ ആയിരുന്നു അവള്‍. ഖദര്‍ധാരി ഒരു വാല്‍സല്യ ചുംബനത്തോടെ അവളെ തന്‍റെ മടിയിലേക്ക് ഒന്നുകൂടി ചേര്‍ത്ത്‌ ഇരുത്തുമ്പോള്‍ അയാള്‍ക്ക് നേരെ തന്‍റെ  മകുടമാന്യതയുടെ പുഞ്ചിരിയില്‍ നിന്ന്  അല്‍പ്പം എടുത്ത്‌ വിളമ്പാന്‍ അദ്ദേഹം മറന്നില്ല. 

"മോളുടെ പേരെന്താ...?" വാല്‍സല്യത്തോടെ അവളുടെ കവിളില്‍ തലോടി അയാള്‍ ചോദിച്ചു.

ഓരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവളുടെ ഗദ്ഗദം നിറഞ്ഞ മറുപടി അയാളെ തേടിയെത്തി. " ആരതി"

"ഒഹ് നല്ല പേരാണല്ലോ" അയാള്‍ അവളുടെ മുടികളിലൂടെ വിരലോടിച്ചു.

"അങ്കിളിനും മോളെ പോലെ ഒരു പൊന്നുമോള്‍ വീട്ടിലുണ്ട്" അവള്‍ക്ക് ചെറുസന്തോഷം സമ്മാനിക്കാന്‍ എന്നവണ്ണം അയാള്‍ അവളുടെ കാതില്‍ മൊഴിഞ്ഞു.

പക്ഷെ അവള്‍ക്ക് അത് വലിയ സന്തോഷം സമ്മാനിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ അസ്വസ്ഥയായി കാണപ്പെടുകയും ചെയ്തു.

"അമ്മ എവിടെ....? വന്നില്ല അല്ലെ!" ഖദര്‍ ധാരിയെ നോക്കി അവളോടായി അയാള്‍ ചോദിച്ചു. "മോള്‍ക്ക്‌ പനിയാണോ.." ഉത്തരം കിട്ടാതായപ്പോള്‍ അവളുടെ അസ്വസ്ഥതയുടെ അര്‍ഥം കണ്ടെത്തിയ മട്ടില്‍ മൂര്‍ദ്ധാവില്‍ തലോടി ഒരു ചെറുചിരിയോടെ അയാള്‍ സ്വയം പിന്മാറി.

ഏതാനും  നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആരതിയില്‍ നിന്നും ഭയം നിറഞ്ഞപതിഞ്ഞ വാക്കുകള്‍ ആശങ്കകളോടെ പുറത്തുവന്നു.

"അമ്മയും അച്ഛനും പിറകില്‍ നില്‍പ്പുണ്ട്" അവളുടെ വിറയാര്‍ന്ന വിരലുകള്‍ പിറകിലേക്ക്‌ ചൂണ്ടി.

"അപ്പോള്‍  ഇദ്ദേഹം...?" ഖദര്‍ധാരിയുടെ നേര്‍ക്ക് നോട്ടം എറിഞ്ഞ് അയാള്‍ അവളോട്‌ ചോദിച്ചു.

"കൊച്ചു കുട്ടിയല്ലേ നിര്‍ത്തി ക്ഷീണിപ്പിക്കുന്നത് ശരിയല്ലല്ലോ.... അതുകൊണ്ട് ഞാന്‍ ഇവിടെ ഇരുത്തിയതാണ്" മറുപടി ഖദര്‍ധാരിയില്‍ നിന്നുമാണ് ഉണ്ടായത്‌.

പൊടുന്നനവേ ആരതിയുടെ കണ്ണുകള്‍ നിറയുകയും അതില്‍ നിന്ന് ചില തുള്ളികള്‍ അയാളുടെ പാദങ്ങളില്‍ വീണ് ചിതറുകയും ചെയ്തു.

"മോള്‍ എന്തിനാണ് കരയുന്നത് അമ്മയും അച്ഛനും ഇവിടെ തന്നെ ഉണ്ടല്ലോ... അങ്കിള്‍ അങ്ങോട്ടേക്ക് കൊണ്ടുപോകട്ടെ..."വൃണിതഹൃദയങ്ങള്‍ക്ക് വേണ്ടി  അസ്വസ്തമാകാറുള്ള അയാളുടെ മനസ്സ്‌ അവളുടെ ചുടുബാഷ്പങ്ങള്‍ക്ക് മുന്നില്‍ അലിഞ്ഞു തീര്‍ന്നു.

ആരതിയെ എടുക്കാനായി കൈകള്‍ നീട്ടുമ്പോഴാണ്,  ഖദര്‍ധാരിയുടെ തൂവെള്ള വസ്ത്രത്തില്‍ പരക്കുന്ന ചുവന്ന പാടുകളില്‍ അയാളുടെ ശ്രദ്ധ ഉടക്കിയത്.

അയാള്‍ ഒരു നിമിഷം ആശങ്കയോടെ അതിലേറെ കുറ്റബോധത്തോടെ തന്‍റെ കയ്യിലിരുന്ന ചുവന്ന പെയിന്റിന്‍റെ കുപ്പി പരിശോധിച്ചു.

ഇല്ല തന്‍റെ കയ്യിലെ പെയിന്‍റ് കുപ്പിക്ക് ഒന്നും സംഭവിച്ചിട്ടില്ല.. പിന്നെ എവിടുന്ന് ഈ ചുവന്ന നിറം...?

അയാള്‍ പരിഭ്രമത്തോടെ ഖദര്‍ധാരിയിലേക്ക് നോട്ടം എറിഞ്ഞു.... ഖദര്‍ധാരി ഒരു നിമിഷം പതറിയോ...?

ആരതിയുടെ  ഗദ്ഗദം തേങ്ങലായി പരിണമിച്ചപ്പോള്‍ അയാള്‍ രണ്ടും കല്‍പ്പിച്ച് ഖദര്‍ധാരിയില്‍ നിന്നും അവളെ  വാരിയെടുത്തു.

ഒരു നിമിഷം ഞെട്ടലോടെയാണ് അയാള്‍ ആ കാഴ്ച വീക്ഷിച്ചത്‌.. കയ്യില്‍ പൊന്നുമകള്‍ക്കായി സൂക്ഷിച്ചിരുന്ന ചുവന്ന പെയിന്‍റ് അയാളുടെ കാല്‍ക്കല്‍ വീണുടഞ്ഞു.

കണ്ടു നിന്നവര്‍ സ്ഥബ്ദരായ നിമിഷം... അയാള്‍ അവളെ വാരിയെടുത്ത്ചുംബനപെരുമഴ തീര്‍ത്തു.... "എന്‍റെ മോളെ.... കണ്മുന്നില്‍ നീ ഈ വേദന അനുഭവിക്കുകയായിരുന്നോ..." അയാളുടെ തേങ്ങല്‍ മനസാക്ഷി മരവിച്ച സമൂഹത്തോടുള്ള ചോദ്യമായിരുന്നുവോ...?

പിറകില്‍ അസ്വസ്ഥരായ യാത്രികര്‍ ഖദര്‍ധാരിയെ താഡനമഴയില്‍ കുതിര്‍ക്കുമ്പോള്‍ അലറി വിളിക്കുന്ന ആരതിയുടെ മാതാപിതാക്കള്‍ക്ക്‌ മുന്നിലൂടെ അയാള്‍ അവളെയും എടുത്ത്‌ തൊട്ടടുത്ത ആശുപത്രിയിലേക്ക്‌ പായുകയായിരുന്നു...

അയാളുടെ പാദങ്ങള്‍ അപ്പോള്‍ ചുട്ടുപൊള്ളുന്ന കറുത്ത ടാറിട്ട വഴിയില്‍  ചുവന്ന പെയിന്റിന്‍റെ കലകള്‍ അനസ്യൂതം തീര്‍ത്തുകൊണ്ടേയിരുന്നു.....
*********************************************************************************
 ഒരു നേരനുഭവത്തില്‍ നിന്നും ഉടലെടുത്ത കഥ.