. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday 17 June 2010

മേജര്‍ ശശി.

പേടിക്കേണ്ട..... ഇദ്ദേഹത്തിന് ഇന്‍ഡ്യന്‍ മിലിറ്ററി സര്‍വ്വീസുമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, പട്ടാളം എന്ന് എഴുതിയാല്‍ അതിന്റെ ആദ്യ ഭാഗമായ “പട്ട” എന്ന രണ്ടക്ഷരങ്ങള്‍ മാത്രം വായിച്ച് ആനന്ദ നിര്‍വൃതിയില്‍ ആറാടുന്ന മാന്യ ദേഹത്തിന് ഉടമയുമാണ്.

പട്ടയില്‍ ആറാടുന്നവനെന്നോ (ആളുന്നവനെന്നോ) എന്നൊക്കെ വരുന്ന അര്‍ത്ഥത്തില്‍ എഴുപതുകളിലെ യുവത്വം “പട്ടാളം ശശി” എന്നൊരു പേരും ഇദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു

ഗ്രാമത്തിന്റെ ആസ്ഥാനകുടിയന്‍ എന്നതിലുപരി ആസ്ഥാന വാറ്റുകാരന്‍ എന്നു പറയുന്നതാവാം ശരി.... ശശിപ്പിള്ള എന്ന മേജര്‍ ശശി.

വെറും “പട്ടാളം ശശി” ആയിരുന്ന ഇദ്ദേഹം എങ്ങനെ “മേജര്‍ ശശി” ആയി എന്നു നിങ്ങള്‍ ചോദ്യമുന്നയിക്കാം!. കഥ വളരെ സിമ്പിള്‍ ആണ്.

പുരാണത്തിലെ കംസനെ ഓര്‍മ്മിപ്പിക്കുന്ന കപ്പടാമീശക്കാരനായ ശശിപ്പിള്ളയെ ഒരിക്കല്‍ വാറ്റുകുടവും സാമഗ്രഹികളുമായി പുതുതായി ചാര്‍ജ്ജെടുത്ത “പയ്യന്‍” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഭീകരന്‍ എസ് ഐ കസ്റ്റഡിയില്‍ എടുത്തു.

പോലീസോ, പോലീസ് സ്റ്റേഷനോ പുത്തരിയല്ലാത്ത ശശിപ്പിള്ള തന്റെ പോലീസ് ഏമാന്മാരുമായുള്ള സ്ഥിര സഹവാസത്തിന്റെ പിന്‍ബലത്തില്‍ നെഞ്ചുവിരിച്ച് അകത്തേക്ക് കയറിയതു മാത്രമേ ഓര്‍മ്മ ഉണ്ടായിരുന്നുള്ളു..

നിലവിളികള്‍ക്കും, പരിദേവനങ്ങള്‍ക്കും ഒടുവില്‍ പിറ്റേന്ന് പോലീസ് സ്റ്റേഷനു പുറത്തു വന്ന ശശിപ്പിള്ളക്ക് കപ്പടാമീശയുടെ ഒരു വശം നഷ്ടപ്പെട്ടിരുന്നു.

എസ് ഐ ഏമാന് ഇഷ്ടം തോന്നി ചോദിച്ചു വാങ്ങിയതാണെന്ന് ശശിപ്പിള്ള! എന്തായാലും, അതോടെ മുഴുവന്‍ മീശയില്‍ നിന്ന് അര മീശയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ശശിപ്പിള്ള കാരണമില്ലാതെ മേജര്‍ ശശിയായി മാറി!

യേശുവിനു മുന്‍പ് എന്നും, യേശുവിന് ശേഷമെന്നും രണ്ട് ഘട്ടങ്ങള്‍ ഉണ്ടെന്നു പറയും പോലെ പരമ പുണ്യവാളനായ മേജര്‍ ശശിയെ ആധാരമാക്കി എന്റെ ഗ്രാമവും ചിലപ്പോള്‍ രണ്ട് ഘട്ടങ്ങളായി അറിയപ്പെടാന്‍ സാദ്ധ്യത്യുണ്ട്.

ബി എസ് (ബിഫോര്‍ ശശി) നീര്‍വിളാകം & എ എസ് (ആഫ്റ്റര്‍ ശശി) നീര്‍വിളാകം!

നീര്‍വിളാകത്തിന് അത്രക്ക് അവിഭാജ്യമായ ഘടകമാണ് ടീയാന്‍!!

താമരയുടെ അളിയനായ ഇദ്ദേഹം തന്റെ താമര കുടുഃബത്തിന്റെ അമരക്കാരനും, സ്വന്തം കുടുഃബമഹിമ ഒട്ടും ചോരാതെ കാത്തു സൂക്ഷിച്ചും പോന്നു.

വായനക്കിടയില്‍ നിങ്ങള്‍ക്കു തോന്നാം ഇത്രയും വലിയ ഒരു വ്യക്തിയെ കുറിച്ച് എന്തു കഥപറയാനാണ് ഞാന്‍ ഒരുങ്ങുന്നതെന്ന്!!

അതെ.... നിങ്ങള്‍ക്ക് തോന്നുന്ന അതേ കണ്‍ഫ്യൂഷന്‍ തന്നെയാണ് എനിക്കും!

പറഞ്ഞാലും, കേട്ടാലും തീരാത്ത മേജര്‍ ശശി കഥകളില്‍ എനിക്കു നേരിട്ടുണ്ടായ ചില ഒരനുഭവങ്ങളില്‍ ഒന്ന് താല്‍ക്കാലിക ആശ്വാസമായി ഇവിടെ വിവരിക്കാം.
******************************************************
ഫാമിലിയെ സൌദിയില്‍ നിര്‍ത്തി ഇടക്കിടെ നാട്ടിലേക്ക് മുങ്ങുന്ന ഒരു വിരുതനാണ് ഞാന്‍!!

അങ്ങനെ മുങ്ങി നാട്ടില്‍ ഒരിക്കല്‍ എത്തിയതിന്റെ പിറ്റേന്ന് രാവിലെ മേജര്‍ ശശി വീട്ടില്‍ ഹാജര്‍!!

“എടാ കുട്ടാ... നീ മാത്രമേ കൊച്ചാട്ടന്** ഒരു ആശ്രയമുള്ളൂ..... വയറു വേദനിക്കുന്നെടാ.... ഒരു നൂറു രൂപാ തരുമോ? ആശുപത്രിയില്‍ പോകാനാ‍“ ..... പട്ടയടിക്കാന്‍ സ്ഥിരം ഇടാറുള്ള നമ്പര്‍!

“കൊച്ചാട്ടാ.... ഒരു പൈസ കയ്യില്‍ ഇല്ല... മുഴുവന്‍ ബാങ്കിലാ..?” എന്റെ പ്രൊട്ടക്ടീവ് നമ്പര്‍

“എടാ കൈലി വല്ലതും ഇരുപ്പുണ്ടോ?...ഒരെണ്ണം ഉടുക്കാനില്ല..” അതെങ്കിലും വിറ്റ് അന്‍പതു രൂപാ ഒപ്പിക്കാനുള്ള മേജര്‍ ശശി നമ്പര്‍!

“അയ്യോ...കൊച്ചാട്ടാ.... ഞാന്‍ അങ്ങനെ ഒന്നും കൊണ്ടു വരാറില്ല എന്ന് അറിഞ്ഞു കൂടേ”... സത്യമാണ് പറഞ്ഞതെങ്കിലും കൊണ്ടു വന്നാലും കൊടുക്കില്ല എന്നു സ്പഷ്ടമാക്കി ഞാന്‍...

“എടാ പിള്ളേര്‍ക്ക് പേനയും പെന്‍സിലും ഒന്നുമില്ല... ഉണ്ടകില്‍ പത്തു പതിനെഞ്ചെണ്ണം താ” അടുത്ത ഐറ്റം!

“കൊച്ചാട്ടാ ഞാന്‍ കയ്യും വീശിയാ വന്നത്...ഒരു സാധനം കൊണ്ടു വന്നില്ല” ഉള്ള ഹോളുകള്‍ അത്രയും ഞാന്‍ പഞ്ഞിയില്‍ ചക്ക അരക്ക് തേച്ച് അടച്ചു.

“എങ്കില്‍ നിന്റെ ഷര്‍ട്ടില്‍ ഒന്ന്...?” ശശിപ്പിള്ള വെറും പിള്ളയല്ല!

“അയ്യോ കൊച്ചാട്ടാ.... രണ്ട് ദിവസത്തേക്ക് വന്ന ഞാന്‍ ആകെ രണ്ടേ രണ്ട് ഷര്‍ട്ടല്ലേ കൊണ്ടു വന്നത്...”

മേജര്‍ എന്തൊക്കയോ പിറുപിറുത്തു കൊണ്ട് ഇറങ്ങി നടന്നു.....

സാധാരണക്കാര്‍ മലയാള അക്ഷരങ്ങള്‍ കൂട്ടി വായിക്കും പോലെയല്ലാ മേജറിന്റെ വായന എന്നറിയാവുന്നതിനാല്‍ സ്വതവേയുള്ള മലയാളി മഹാത്മ്യമായ ചെവി വട്ടംപിടി പ്രകൃയക്ക് മുതിര്‍ന്നില്ല.... ഇനി അങ്ങനെ ചെയ്താലും ചെയ്തില്ലെങ്കിലും ആ പിറുപിറുപ്പില്‍ എന്റെ വേണ്ടപ്പെട്ടവര്‍ മെയ്യും മനസ്സും മറന്ന് തുമ്മും എന്നുറപ്പ്!

ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് ഏറ്റില്ലെങ്കിലും രണ്ടാം ദിവസവും മൂന്നാം ദിവസവും മേജര്‍ തന്റെ കഠിനാധ്വാനം തുടര്‍ന്നു, പക്ഷേ മേജറെ ജനനം മുതല്‍ അറിയാവുന്ന ഞാനുണ്ടോ കുലുങ്ങുന്നു!

നാലാം ദിവസം.... തൊട്ടടുത്ത ദിവസത്തെ തിരിച്ചു പോക്കിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ ചെങ്ങന്നൂര്‍ പട്ടണത്തില്‍ പോയി തിരികെ വന്ന് ക്ഷേത്രത്തിനു മുന്നിലുള്ള മതില്‍കെട്ടില്‍ സഹകത്തിയന്‍സിനൊപ്പം വെടി പറഞ്ഞിരിക്കുന്ന സമയം...

സമീപത്തെ മതിലുകളുടെ ബലം തന്റെ സ്വന്തം ശരീരം കൊണ്ട് അളന്ന് മേജര്‍ സാബ് മുന്നില്‍ വന്നു നിന്നു.

കത്തി വെപ്പിനിടയില്‍ ദൂരെ നിന്നു വന്നത് ശ്രദ്ധിക്കാതിരുന്നതിനാല്‍ ഒരു മുങ്ങലിനുള്ള അവസരവും ഉണ്ടായില്ല!

“മോനെ കൊച്ചാട്ടനു മരുന്നിന്റെ കാശ് നീ ഇതുവരെ തന്നില്ല” മേജറുടെ പരിഭവം!

“കൊച്ചാട്ടാ.... ഉള്ള കാശിനു സാധനങ്ങള്‍ വാങ്ങി.. ബാക്കി ഒന്നുമില്ല” ഞാന്‍ എന്റെ പതിവു പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി.

സ്നേഹമുള്ള സഹകത്തിയന്മാര്‍ “കൊച്ചാട്ടാ ചുമ്മാതാ.... അവന്റെ പോക്കറ്റില്‍ പൂത്ത പൈസ ഉണ്ട്” എന്ന് അവര്‍ക്കു കഴിയുന്ന രീതിയില്‍ മേജറെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

മേജര്‍ വിടാന്‍ ഭാവമില്ല...... പോക്കറ്റില്‍ പൈസ ഇല്ല എന്നുറപ്പായിരുന്നതിനാല്‍ ഞാന്‍ അവസാന അടവു പ്രയോഗിച്ചു...

“സംശയം ഉണ്ടങ്കില്‍ നോക്ക്... എന്റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞില്ലെ” കുപ്പായക്കീശ മലര്‍ക്കെ തുറന്ന് ഞാന്‍ എന്റെ സത്യസന്ധത ഒട്ടും ബാക്കി വയ്ക്കാതെ തുറന്നിട്ടു.

ഒരവസരം കിട്ടിയാല്‍ മേജര്‍ ശശി അല്ല സാക്ഷാല്‍ സത്സ്വഭാവി വരെ വിടുമോ?

ശശിപ്പിള്ള കുപ്പായ കീശയില്‍ കൈകടത്തി.... പോക്കറ്റിലുള്ള സര്‍വ്വ സാമഗ്രികളുമായാണ് ആ കൈ പുറത്തു വന്നത്.

പരതി നോക്കിയപ്പോള്‍ നായാപൈസയില്ല.... നിരാശനായി വലിച്ചെടുത്ത സാധനങ്ങള്‍ തിരിച്ചു വച്ചു.... അതിനിടയില്‍ എന്തോ ഒന്നു നിലത്തു വീഴുകയും ചെയ്തു.

എന്തോ ആവശ്യത്തിനു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ട് സൈസിലുള്ള എന്റെ ഒരു ഫോട്ടോ ആയിരുന്നു അത്.

ശശിപ്പിള്ള ഞൊടിയിടയില്‍ അത് കടന്നെടുത്തു... പിന്നെ സ്വാഭാവികമായ അയ്യപ്പ ബൈജു സ്റ്റൈലില്‍ എന്റെ മുഖത്തേക്കും ഫോട്ടോയിലേക്കും മാറി മാറി നോട്ടം എറിഞ്ഞു....

എന്തെങ്കിലും ഡയലോഗ് വരുമെന്ന് നിശ്ചയം... പക്ഷേ അതെന്താകും?? ഞാനും കൂട്ടുകാരും ആകാംഷയിലാണ്!!

“എടാ ഇതാരുടെ ഫോട്ടൊയാടാ?” ഒന്നും അറിയാത്തവനെ പോലെ മേജര്‍.

“ഞാന്‍ തന്നയാ കൊച്ചാട്ടാ” ആവിശ്യമില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു.

“ഹോ ഫൊട്ടോയില്‍ കണ്ടാല്‍ സിനിമാ നടന്‍... നേരിട്ടു കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല!!“ മേജര്‍ അതുവരെ എന്നോടുള്ള അരിശം അവിടെ തീര്‍ത്തു!!

സ്തബ്ദനായിരുന്ന എന്നെ മൈന്‍ഡ് ചെയ്യാതെ മേജര്‍ വഴിയുടെ വീതിയളന്ന് നടന്നു മറഞ്ഞിട്ടു പോലും എന്റെ ചുറ്റും ഇരിക്കുന്നവരുടെ ചിരി അവസാനിച്ചിരുന്നില്ല....

ഡയലോഗിന്റെ ഹാങ്ങോവര്‍ വിട്ടുമാറിയപ്പോളാണ് എനിക്ക് ചിരിക്കാന്‍ കഴിഞ്ഞത്... പക്ഷേ അതൊരു തരം വളിച്ച ചിരി ആയിരുന്നിരിക്കും എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം!

(**കൊച്ചാട്ടന്‍ - മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്ത് അണ്ണന്‍, ചേട്ടന്‍ എന്നിവയ്ക്കു പകരം വിളിക്കുന്നത്)

Monday 7 June 2010

മതം എന്നാല്‍......?

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഉച്ചയുറക്കത്തിനിടയില്‍ എന്റെ ആറ് വയസ്സുകാരി മകള്‍ ഞെട്ടി ഉണര്‍ന്ന് അലറി.....

അവളെ കരവലയത്തിലാക്കി കിടന്നുറങ്ങുകയായിരുന്ന ഞാനും ഞെട്ടിയുണര്‍ന്നു......

മകളെ കുലുക്കി ബോധതലത്തിലെക്ക് കൊണ്ടുവന്ന് ഞാന്‍ തമാശ രൂപത്തില്‍ ചോദിച്ചു....

“എന്തു പറ്റി?”

ഉറക്കത്തിന്റെ ആലസ്യത്തിലും അവള്‍ പറഞ്ഞു....

“അച്ഛാ...ഞാനൊരു സ്വപ്നം കണ്ടു..... അതില്‍ ഞാനും എന്റെ ചങ്ങാതിമാരായ ജോസഫും, പൊന്മണിയും ഉണ്ടായിരുന്നു.... ഞങ്ങള്‍ ഒളിച്ചു കളിക്കുകയായിരുന്നു..... പൊന്മണി എവിടെയോ ഒളിച്ചു.... അത് ഞാന്‍ ജോസഫിനോട് പറയുകയായിരുന്നു”

അവളുടെ ആലസ്യം നിറഞ്ഞ കൊഞ്ചിക്കുഴയിലിനുപരി എന്റെ മനസ്സുടക്കി നിന്നത് അവള്‍ ഉറക്കത്തില്‍ പറഞ്ഞ ആ വാചകങ്ങാളില്‍ ആയിരുന്നു.....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഇതെ വാചകം ഞാന്‍ മറ്റെവിടെയോ കേട്ടിട്ടുണ്ടോ?

മനസ്സ് കിലോമീറ്റര്‍ സഞ്ചരിച്ച് എത്തി നിന്നത് മംഗലാപുരത്തിനടുത്തുള്ള സുള്ളിയ എന്ന ചെറുപട്ടണത്തിലാണ്....

അവിടെയാണ് ഞാന്‍ എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിന് വിരാമമിട്ടത്.

അവിടെ നിന്നാണ് ജീവിതം എന്ന പ്രാരബ്ദത്തിന്റെ തീച്ചൂളയിലേക്ക് ഞാന്‍ ‍എടുത്തെറിയപ്പെട്ടത്.

1992 ഡിസംബര്‍ 6.... ഭാരതമാതാവ് സ്വന്തം മക്കളാല്‍ പച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട ദിവസം....

തലേന്ന് തന്നെ പത്രധ്വാരാ അറിയാന്‍ കഴിഞ്ഞിരുന്നു അയോധ്യയില്‍ സംഘര്‍ഷമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, അതിനാല്‍ സൂക്ഷീച്ചിരിക്കണമെന്നും....

മുസ്ലീം, ഹിന്ദു ഭൂരിപക്ഷം ഏതാണ്ട് ഒരേ അനുപാതത്തിലുള്ള സുള്ളീയ അതിനു മുന്‍പു നടന്ന ഒരു രഥയാത്രയുടെ ഭാഗമായി പൂര്‍ണമായും കത്തി നശിച്ചിരുന്നു.....

അതിനു ശേഷം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യവും, സഹവര്‍ത്തിത്തവും ഊട്ടിയുറപ്പിക്കാന്‍ സാംസ്കാരിക നായകന്മാരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒരു വലിയ അളവു വരെ സഹായിച്ചിരുന്നു.....

മുന്‍ അനുഭവം പാഠമായുള്ള സുള്ളിയയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കരുടെ പ്രതിനിധി എന്ന നിലയില്‍ തട്ടുകടക്കാരന്‍ രമേട്ടന്‍ ഞങ്ങള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല....

“സൂക്ഷിക്കണം.... കഴിയുമെങ്കില്‍ ഇന്നു തന്നെ നിങ്ങള്‍ വീടുകളിലേക്ക് തിരിച്ചു പോകണം”

പക്ഷെ സംഭവത്തിന്റെ ഗൌരവം അത്രയൊന്നും മനസ്സിലാവാതിരുന്ന ഞങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ചോരത്തിളപ്പ് ആ ഉപദേശം സ്വീകരിക്കാതിരിക്കാന്‍ കൂടുതല്‍ കരുത്തും നല്‍കി....

ഡിസംബര്‍ ആറിന്റെ പ്രഭാതം ശാന്തമായാണ് അനുഭവപ്പെട്ടത്.... പോലീസ് വാഹനത്തില്‍ നിന്നു വരുന്ന കന്നടയിലുള്ള അറിയിപ്പുകള്‍ മാത്രം ഇടക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു.....

നൂറ്റിനാലപത്തിനാല് എന്ന വകുപ്പ് പ്രാബല്യത്തില്‍ വരുത്തി എന്ന് ആരോ പറഞ്ഞറിഞ്ഞു....

റോഡുകള്‍ വിജനമായിരുന്നു........ വാഹനങ്ങള്‍ നിരത്തിലില്ല.....

ഉച്ചയോടെ ചില ആരവങ്ങളും, കലപിലകളും പല സ്ഥലങ്ങളില്‍ നിന്നു മുഴങ്ങുന്നത് ചെവിയോരത്താല്‍ കേള്‍ക്കാമായിരുന്നു.....

ഇടക്ക് കേട്ട വേടി ഒച്ച അതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ ധൈര്യം ചോര്‍ത്തിക്കളഞ്ഞു........

ഞങ്ങള്‍ ഹോസ്റ്റലിലെ ചെങ്ങാതിമാര്‍ എല്ലാം കൂടി ഒരു മുറിയില്‍ ഒത്തുകൂടി......

ആ ചെറുപട്ടണത്തിന്റെ ഒത്ത നടുക്കണ് ഞങ്ങളുടെ ഹോസ്റ്റല്‍ എന്നതും, പോലീസ് സ്റ്റേഷന്‍ തൊട്ടടുത്താണെന്നതും ഞങ്ങളെ തെല്ലൊന്നു ആശ്വാസം കൊള്ളിച്ചു.......

പക്ഷെ അവിടെ ഞങ്ങള്‍ ഒരു തീരുമാനം എടുത്തു.... കഴിവതും വേഗം ഇവിടം വിടണം!!

പോലീസിന്റെ സഹായം തേടാം ...കൂട്ടത്തില്‍ സീനിയര്‍ ആയ ജോ പറഞ്ഞു......

ഒടുവില്‍ ആ തീരുമാനം ആരു നടപ്പാക്കുമെന്ന് ചോദ്യത്തിന് ജോ തന്നെ ഉത്തരം നലകി....

“ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാം... സംസാരിക്കാം...”

ജോയ്ക്കൊപ്പം ഞാനും പോലീസ് സ്റ്റേഷനില്‍ എത്തി....

ഞങ്ങള്‍ ആഗമനോദ്ദേശം അറിയിച്ചു.....

പോലീസുകാര്‍ ജാഗരൂഗരായിരുന്നു.... കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ കയറി ചെന്നാല്‍ ഉണ്ടാകാവുന്ന പരിഹാസവും, അനാവശ്യ തുറിച്ചു നോട്ടവും അവിടെയുണ്ടായില്ല....

അവര്‍ ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു.... ഒരു മണിക്കൂറിനുള്ളില്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പ് കിട്ടി.....

പോലീസ് സ്റ്റേഷന് പുറത്തിറങ്ങിയ ഞങ്ങളെ നേരിട്ടത് വടിവാളും കഠാരകളുമായി ഒരുപറ്റം ചെറുപ്പക്കാര്‍....

ഒരുനിമിഷം കൊണ്ട് അവര്‍ ഞങ്ങളെ വളഞ്ഞു....

“എന്താ പേര്?” കൂട്ടത്തില്‍ നേതാവേന്നു തോന്നിക്കുന്നവന്‍ കന്നട കലര്‍പ്പുള്ള മലയാളത്തില്‍ ചോദിച്ചു....

പരിസരബോധം വീണ ഞാന്‍ പെട്ടെന്നു പറഞ്ഞു..... “അജിത്ത് ഗോപാലകൃഷ്ണന്‍”

സാധാരണയായി പേരിനോട് ചേര്‍ത്ത് അച്ഛന്റെ പേര്‍ പറയാറില്ലാത്ത ഞാന്‍ നേതാവിന്റെ തിരുനെറ്റിയിലെ ചുവപ്പന്‍ പൊട്ടുകണ്ട് അറിയാതെ പറഞ്ഞു പോയതാണ്.....

ഇരുത്തി ഒരു മൂളു മൂളിക്കൊണ്ട് നേതാവ് ജോയുടെ നേരെ തിരിഞ്ഞു.....

“നിന്റെ??”

“മൂര്‍ത്തി” ...... ജോക്കു മുന്നെ ഞാന്‍ നെടുവീര്‍പ്പിട്ടു....

നേതാവ് അണികള്‍ക്ക് നേരെ തിരിഞ്ഞ് .... “ഇതു നമ്മുടെ ആള്‍ക്കാരാണ് വിട്ടേക്കൂ”

അനുസരണാശീലമുള്ള അണികള്‍ നേതാവിനെ അനുസരിച്ചു.....

ഞങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ചുടു ചോര മണക്കുന്ന വടിവാളുകള്‍ തഴ്ത്തപ്പെട്ടു.....

“നല്ലതു സംഭവിക്കാനായി ജീവനോടെയിരിക്കുന്ന അച്ഛനെ ഒന്നു കൊന്നാലും കുഴപ്പമില്ലടെ“ എന്ന തിരുവന്തപുരത്തുകാരന്‍ സുബാഷിന്റെ വാക്കുകള്‍ ഞാന്‍ ഒരു നിമിഷം ഓര്‍ത്തു......

നെടുവരയന്‍ “പൊട്ടന്‍” പോകുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരുപദേശം തരാന്‍ മറന്നില്ല.....

ഇവിടെയെങ്ങും നില്‍ക്കെണ്ട “മറ്റവന്മാര്‍” വന്നാല്‍ കഴുത്തിനു മുകളില്‍ തല കാണില്ല......

വര്‍ഗ്ഗീയത എന്ന വിഷം എന്താണെന്ന് നേരിട്ട് അറിയാന്‍ കഴിഞ്ഞത് അന്നാണ്.....

അത് തല്‍ക്ഷണം ഒരാനയെ കൊല്ലാന്‍ കഴിയുന്ന രാജവെമ്പാലയേക്കാള്‍ എത്രയോ വലുതാണെന്ന് തിരിച്ചറിവുണ്ടാക്കാന്‍ എന്നെ സഹായിച്ചു....

ഹോസ്റ്റലില്‍ എത്തി..... ഏതാണ്ട് 30 മിനിറ്റിനുള്ളില്‍ പോലീസ് വാന്‍ ഞങ്ങളുടെ ഹോസ്റ്റലിനു മുന്നില്‍ വന്നു നിന്നു.....

അപ്പോഴേക്കും ഞങ്ങള്‍ ഹോസ്റ്റല്‍ വാസികള്‍ അറുപത് പേരും തയ്യാറായിരുന്നു.....

മുന്നില്‍ ഒരു പൊലീസ് ജീപ്പിന്റെ അകമ്പടിയോടെ ഞങ്ങളെയും കുത്തിനിറച്ച് ആ വാന്‍ യാത്ര തുടങ്ങി.....

കത്തുന്ന കടകളും, പായുന്ന പോലീസ് ജീപ്പുകളും, കിട്ടിയ സമയം മുതലാക്കാന്‍ തീരുമാനിച്ച് തുറന്നിട്ട കടകളില്‍ കൊള്ള നടത്തുന്ന സാമൂഹ്യവിരുദ്ധര്‍!

മുസ്ലീം ഭൂരിപക്ഷം എന്നും , ഹിന്ദു ഭൂരിപക്ഷം എന്നും വേര്‍തിരിച്ച് ആക്രമിക്കപ്പെട്ടു.....

പോലീസ് വാന്‍ തൊട്ടടുത്ത പട്ടണമായ പുത്തൂരിലെത്തി അവിടുത്തെ മീറ്റര്‍ ഗേജ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു....

പിന്നെ പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു” ഇവിടെ നിന്ന് മംഗലാപുരത്തേക്ക് ട്രെയിന്‍ കിട്ടും...“

മിറ്റര്‍ ഗേജ് ട്രെയിനിനു ടിക്കറ്റെടുത്തു...

ട്രെയിന്‍ നീങ്ങി ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യത്തെ കല്ല് വീണു..... പിന്നെ തുരുതുരെ ഏറുകള്‍ വന്നുകൊണ്ടെയിരുന്നു....

സൈഡ് ഷട്ടറുകള്‍ വലിച്ചു താഴ്ത്തി ഞങ്ങള്‍ നിശബ്ദരായിരുന്നു.......

ട്രെയിന്‍ മംഗലാപുരത്തെത്തി.... കുറെനേരം കാത്തിരുന്നിട്ടും അപ്പോള്‍ തെക്കോട്ടെക്ക് പുറപ്പെടുന്ന ട്രെയിനുകള്‍ ഒന്നുമില്ല എന്ന അറിയിപ്പാണ് കിട്ടിയത്....

ഇനി ബസ്സ് തന്നെ ശരണം......

എല്ലാവരും കൂടി ബസ്സ് സ്റ്റേഷനിലേക്ക് നടന്നു..... അവിടെ നിന്നും മംഗലാപുരം ഭാഗത്തുള്ള മറ്റു കോളേജുകളില്‍ നിന്നുള്ള ഒരു പറ്റം വിദ്ധ്യാര്‍ത്ഥികളെ കൂടി ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി......

ഭാഗ്യമെന്നു പറയട്ടെ ആ കാല്‍നട യാത്രയില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല.....

സമയം ഇരുട്ടി തുടങ്ങിയിരുന്നു.....

വളരെ നേരത്തെ കാത്തിരിപ്പിനു ശേഷം മംഗലാപുരത്തുനിന്നും, കാസര്‍ഗോഡേക്ക് ഒരു ബസ്സ് കിട്ടി.... ഞങ്ങളില്‍ ഒരുപറ്റം വിദ്ധ്യാര്‍ത്ഥികള്‍ അതില്‍ കയറിപറ്റി.....

രാത്രി ഒന്‍പതു മണിക്കാണ് കാസര്‍ഗോഡ് ബസ്സിറങ്ങിയത്....

ഇനി എങ്ങോട്ട് എന്നറിയാ‍തെ ഞങ്ങള്‍ പരതി.....

തീര്‍ത്തും വിജനമായ ബസ്സ് സ്റ്റാന്‍ഡ്.....

ഞങ്ങള്‍ വന്ന ബസ്സ് ഒഴിച്ചാല്‍ മറ്റു രണ്ട് ബസ്സുകള്‍ മാത്രം....

അതില്‍ പക്ഷെ ഒരാളെയും കാണാനില്ല.....

ബസ്സ് കാത്തു നില്‍ക്കാം....

ബസ് സ്റ്റാന്‍ഡിലെ ചെറിയ കൂരയിലെക്ക് നീങ്ങി നിന്ന ഞങ്ങളുടെ കാലുകള്‍ എന്തോ തണുത്ത ദ്രാവകത്തില്‍ ചവിട്ടിയത് തിരിച്ചറിഞ്ഞു.....

അര‍ണ്ട വെളിച്ചത്തില്‍ മിന്നായം പോലെ അതു കണ്ട് ഞങ്ങള്‍ ഞെട്ടി......

ഒരാള്‍ മരിച്ച് കിടക്കുന്നു.... തലയില്‍ നിന്നും രക്തം വാര്‍ന്ന് പരിസരമാകെ പടര്‍ന്നു കിടക്കുന്നു.....

ഞാന്‍ പറഞ്ഞു “നമ്മുക്കിവിടെ നിന്ന് സ്ഥലം വിടാം അല്ലെങ്കില്‍ നാളെ ഇതിന്റെ പാപം നമ്മുടെ തലയില്‍ കെട്ടി വെക്കപെട്ടേക്കാം“!

ഞങ്ങള്‍ റോഡിലേക്കിറങ്ങി......

പെട്ടെന്ന് ഒരാരവം അടുത്തു വന്നു...... ഒരുകൂട്ടം ചെറുപ്പക്കാരുടെ നടുവില്‍ ഞങ്ങള്‍ മറ്റൊരുകൂട്ടം ചെറുപ്പക്കാര്‍....

അവര്‍ സായുധര്‍...ഞങ്ങള്‍ നിരായുധര്‍.....

ഈത്തവണയും സഘത്തലവന്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ ചോദിച്ചു.....

ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന മഹേഷിനാണ് ആദ്യ ചോദ്യം നേരിടേണ്ടി വന്നത്.....

അരണ്ട വെളിച്ചത്തില്‍ അവര്‍ കാവിപ്പേരാണോ, പച്ചപ്പേരാണോ ആവിശ്യപ്പെടുന്നതെന്ന് അറിയാന്‍ മാര്‍ഗ്ഗമുണ്ടായിരുന്നില്ല....

“മഹേഷ്” പേരു പറഞ്ഞതും മുഖമടച്ച് അടി വീണു.....

ഞങ്ങള്‍ ചിതറിയോടി.......

പിന്നില്‍ വീശിയ വടിവാളിന്റെ അഗ്രത്ത് കൊള്ളാന്‍ ആളില്ലാതെ സീല്‍ക്കാര ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.....

എന്നോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു.....

ഞങ്ങള്‍ വഴിയരികില്‍ കണ്ട പുതുതായി പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ഓടി കയറി......

കുറ്റാകുറ്റിരുട്ട്.....

പുറകെ ഓടി വന്നവര്‍ അവിടമാകെ പരതി.....

ഞങ്ങള്‍ നാലു പേരും പരസ്പരം കെട്ടിപ്പിടിച്ച് ശ്വാസമടക്കി നിന്നു....

“ജോസഫേ..... അതിനുള്ളില്‍ ആരുമില്ലടാ..... നമ്മുക്ക് മറ്റിടങ്ങളില്‍ തിരയാം”

ഞെട്ടലോടെയാണ് ആ വാക്കുകള്‍ ഞങ്ങള്‍ കേട്ടത്......

ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജോസഫ്??

ഒരു ആശയ സംഘട്ടത്തിനു പറ്റിയ സമയം അല്ലായിരുന്നു.....

എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു......

പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം പലവഴികളില്‍ കറങ്ങി ഞങ്ങള്‍ വീട്ടിലെത്തി.....

മരണപ്പെട്ടവന്‍ പുനര്‍ജിവിച്ച് ചെന്ന മട്ടില്‍ എനിക്ക് വീട്ടില്‍ നിന്ന് വലിയ സ്വീകരണമാണ് ലഭിചത്....

ഒന്നര മാസത്തിനു ശേഷം തിരിച്ചത്തിയ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് സാമൂഹ്യ വിര്‍ദ്ധര്‍ തകര്‍ത്തെറിഞ്ഞ സുള്ളീയ പട്ടണമായിരുന്നു.....

ഒപ്പം ഞങ്ങളുടെ പ്രിയപ്പെട്ട രാമേട്ടനേയും അവര്‍ വെറുതെ വിട്ടില്ല.....

അച്ഛാ എന്തിനാ സങ്കടപ്പെടുന്നത്?!

മകളുടെ ആലിംഗനത്തില്‍ മനസ്സ് വളരെ പെട്ടെന്ന് തിരികെ എത്തി...

പൊന്നുമണിയെ ഓര്‍ത്തിട്ടാ...?? അച്ഛന്‍ സങ്കടപ്പെടുന്നത്? അവള്‍ക്ക് ആശ്ചര്യം.... അവള്‍ അടുത്ത മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നില്ലെ.....

“അല്ല മോളെ ജോസഫിനെ ഓര്‍ത്തിട്ട് .... കാപാലികരായ അനേകായിരം ജോസഫുമാരെ ഓര്‍ത്തിട്ട്”

അത്ഭുതത്തില്‍ നോക്കി നില്‍ക്കുന്ന മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ച് ഞാന്‍ എഴുനെല്‍റ്റു!

Saturday 5 June 2010

രാമന്റെ വാള്‍!

എന്റെ ഗ്രാമ ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്.... രണ്ട് ദിവസം മാത്രം ആയുര്‍ഃദൈര്‍ഘ്യമുള്ള ഉത്സവം ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് ത്രിശൂര്‍പൂരത്തിനു തുല്യമാണ്... ഗ്രാമത്തില്‍ അന്നു ജനിച്ചു വീണ കുട്ടി വരെ ഈ രണ്ട് ദിവസം സെക്കന്റുകള്‍ പോലും കളയാതെ അമ്പലമുറ്റത്തെ ചരലുകള്‍ എണ്ണാന്‍ അവിടെ കാണും.

മീനമാസത്തിലെ ഉത്രം ആണ് പ്രധാന ഉത്സവം. അന്ന് രാത്രിയിലെ പുരാണ ബാലെയാണ് അന്നും ഇന്നും ഞങ്ങളുടെ ക്ഷേത്രത്തിലെ ക്ലൈമാക്സ്.

മലമോടിയില്‍ താമസിക്കുന്ന കിട്ടനാശാന്‍ മുതല്‍ തോട്ടു വക്കത്തു താമസിക്കുന്ന സാവിത്രി അമ്മ വരെ ബാലെ പ്രേമികളാ‍ണ്.

അന്നേ ദിവസം പരിസരത്തുള്ള ഏതെങ്കിലും കള്ളന്മാര്‍ കളവ് ലേലത്തിനെടുത്താല്‍ പോലും ബാലേ തീരുന്ന നാലുമണിക്കൂര്‍ മതിയാകും ഏതാണ്ട് അന്‍പത് ശതമാനം വീടുകള്‍ കവറു ചെയ്യാന്‍!

1988 ലെ ഒരു രാത്രി.... വെളുത്ത വാവായതിനാല്‍ പൂര്‍ണ ചന്ദ്രന്‍ പകല്‍ പോലെ വെളിച്ചം പരത്തി വിലസി
നില്‍ക്കുന്നു....

ഉത്സവത്തിന്റെ ക്ലൈമാക്സായ ബാലെ ദിനമാണ് അന്ന്.

ഞാന്‍ ഗ്രാമത്തിനു പുറത്തുള്ള എം എച്ച് എസ് പുത്തങ്കാവ് എന്ന വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാര്‍ച്ച് മാസം ആയതിനാലും ലാസ്റ്റ് ടേം പരീക്ഷ ഉത്സവത്തിനിടക്ക് നടക്കുന്നതിനാലും ആ പരീക്ഷാ ഫലം അടുത്ത വര്‍ഷത്തെ എസ് എസ് എല്‍ സി ബുക്കില്‍ വെണ്ടക്ക വെലുപ്പത്തില്‍ വരുമെന്ന് അമ്മക്കറിയാവുന്നതിനാലും പകല്‍ നടന്ന പല ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിയാഞ്ഞില്ല, അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. അതിന്റെ പാപ ഭാരവും പേറിയാണ് അമ്മക്കൊപ്പം ഞാനും ബാലേക്ക് അന്നേ ദിവസം വന്നത്.

സീതാപഹരണം. കോട്ടയത്തെ ഒരു പ്രമുഖ ബാലേ ട്രൂപ്പായ “ചെല്ലപ്പന്‍, ഭാവാനി” ടീമിന്റെ ബാലേയാണ്...

രാമരാവണ യുദ്ധത്തിനിടക്ക് രാമന്‍ രാവണനെ വധിക്കാനായി വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരുന്നതിനെ ശീല്‍ക്കാര ശബ്ദത്തിനിടയില്‍ എന്റെ പൂറത്ത് ഒരു തലോടല്‍....

അമ്പലമുറ്റത്തെ പ്രകാശത്തില്‍ പാറി നടക്കുന്ന ജീവികളില്‍ ഏതെങ്കിലും ഒന്ന് എന്റെ പുറം താല്‍ക്കാലിക ഇരിപ്പിടമാക്കിയതാണെന്ന് തെറ്റിദ്ധരിച്ച് ആദ്യം കൈകൊണ്ട് ഒന്നു തട്ടി നോക്കി....

അടുത്ത നിമിഷം തലോടലിനൊപ്പം “എടാ” എന്ന അടക്കി പിടിച്ച ശബ്ദവും.

തിരിഞ്ഞു നോക്കി.... “ അനിയന്‍” ... ചൂണ്ടു വിരല്‍ ചുണ്ടില്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന ആഗ്യം!!

“ വാ... വാ...” ഇത്രയും ശബ്ദം കുറച്ച് ആ അട്ടഹാസങ്ങള്‍ക്കിടയില്‍ വിളിക്കാന്‍ കഴിയില്ല....!!!!

“എന്താ...?” അടുത്തിരിക്കുന്ന അമ്മയേയും ബന്ധുക്കളില്‍ ചിലരേയും മാറി നോക്കി ഞാന്‍ ചോദിച്ചു....

അനിയനു ദേഷ്യം കയറി.... കഴുത മുക്രയിടും പോലെ ഒരു ശബ്ദം ഉണ്ടാക്കി... എന്നിട്ട് ആംഗ്യത്തില്‍ ഒരു ചോദ്യവും... “വരുന്നുണ്ടോ അതോ ഞാന്‍ പോട്ടോ...?”

എന്നിലെ ആകാംഷയും, അനിയന്റെ ദേഷ്യവും അമ്മയുടെ കണ്ണു വെട്ടിച്ച് എന്നെ അനിയന്റെ അടുത്ത് എത്തിച്ചു എന്നതാണ് സത്യം!

മൈക്കിന്റെ ശബ്ദം കുറഞ്ഞിടത്ത് എത്തിയപ്പോള്‍ ഞാന്‍ അനിയനോട് ചോദിച്ചു “ എന്താടാ വിഷയം..?”

തിരിഞ്ഞു നിന്ന് ചുണ്ടൊന്ന് വക്രിച്ച് ഒരു ശ്രിഗാര ഭാവം വരുത്തി ഒറ്റക്കണ്ണിറുക്കി അനിയന്റെ പ്രതികരണം..” നീ ബാ... അതൊക്കെ പിന്നാലെ മനസ്സിലാകും..”

അനിയന്‍ തെളിച്ച വഴിയിലൂടെ ഇരുട്ടിന്റെ മറയും പറ്റി ഞങ്ങള്‍ എത്തിയത് എന്റെ സഹപാഠിയും, സുഹൃത്തുമായ ജയന്റെ വീട്ടു മുറ്റത്ത്....

“എന്താടാ അനിയാ...?” എന്നിലെ ആകാംഷ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല...

“നീ ബാടേ... എല്ലാം മനസ്സിലാക്കി തരാം”

പൂമുഖത്തേക്ക് കടന്നപ്പോള്‍ സഹപാഠികളും, സമപ്രായക്കാരുമായ ഒരു ഡസന്‍ ആള്‍ക്കാര്‍ വേറെയും....

“ഹാ എത്തിയോ.... നിന്നേയും നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍.....” ജയന്‍ കണ്ടപ്പോള്‍ തന്നെ ഉത്ഘണ്ട അറിയിച്ചു.

“അതെങ്ങനാ പത്തുപതിനാലു വയസ്സായെന്ന വല്ല വിചാരവും ഉണ്ടോ ഇവന്.... അമ്മയുടെ അടുത്തു നിന്നു മാറുമോ ‍.... പൊക്കാന്‍ കുറച്ചു ബുദ്ധി മുട്ടി” അനിയന്റെ മറുപടി.

“എന്നാല്‍ തുടങ്ങാം..” ഗ്രാമത്തിലെ ഏക ഡയനോരാ ബ്ലാക്ക് & വൈറ്റ് ടി വിയുടെ ഉടമസ്ഥന്റെ എല്ലാ ജാഡയും തലയിലേറ്റി ഉത്സവം പ്രമാണിച്ച് വാടകക്കെടുത്ത വീഡിയോ പ്ലയറും കക്ഷത്തില്‍ വച്ച് ജയന്‍ പ്രത്യക്ഷപ്പെട്ടു.

ഞാനൊഴികെ എല്ലാവരും എന്തോ വലിയ കാര്യം കാണാനെന്ന നിലയില്‍ ടി വി യുടെ ഏറ്റവും മുന്നില്‍ തന്നെ സ്ഥാനം പിടിച്ചു.

പുതിയ ഏതോ സിനിമ ഇപ്പോള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ ഞട്ടിച്ചുകൊണ്ടും, അനിയനുള്‍പ്പെടുന്ന മാര്‍ജ്ജാരന്മാരെ ആനന്ദ ലബ്ദിയില്‍ ആറാടിച്ചു കൊണ്ടും, ബ്ലാക്ക് & വൈറ്റ് സ്ക്രീനില്‍ വെള്ളതൊലിയുള്ള നീല ചിത്രങ്ങള്‍ തെളിഞ്ഞു വന്നു.

അക്കാലത്ത് കറി വച്ച ചിക്കന്‍ പോലും അടുത്തിരുന്ന് മറ്റുള്ളവര്‍ കഴിക്കുന്നതു കണ്ടാല്‍ ശര്‍ദ്ദിക്കുമായിരുന്ന എനിക്ക് സായിപ്പിന്റെ ആദ്യപാപത്തിലെ ആദ്യ ഐറ്റം കണ്ടപ്പോള്‍ അതുവരെ അടക്കി വച്ചിരുമ്മ ആകാംഷയേയും കവര്‍ന്ന് അന്ന് ഉച്ചക്കുണ്ട 28 കൂട്ടിയുള്ള സദ്യയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ മുന്നിലിരിക്കുന്ന മാര്‍ജ്ജാരന്മാരുടെ തലയിലേക്ക് തന്നെ പ്രവഹിപ്പിച്ചു.

ഒരു തവണയല്ല... പലതവണ.... പിന്നെ വെട്ടിയിട്ട ചക്ക പോലെ എങ്ങും തൊടാതെ മൂക്കും കുത്തി നിലത്തേക്ക്.

പിറ്റേന്ന് ആശുപത്രിയില്‍ കടുത്ത പനിക്കൊപ്പം പിച്ചും പേയും പുലമ്പുന്ന എന്റെ അടുത്ത് നില്‍ക്കുന്ന അനിയനോട് എന്റെ അമ്മയുടെ ചോദ്യം....

“അല്ല അനിയാ ഇന്നലെ ഞങ്ങളുടെ ഒപ്പം ഇരുന്ന ഇവനെങ്ങനാ അമ്പലക്കുളക്കരയില്‍ എത്തിയത്...?”

“അത് അമ്മേ ഞങ്ങള്‍ അല്‍പ്പം കപ്പലണ്ടി വാങ്ങിക്കാന്‍ പോയതല്ലേ!!!”

“അതു ശരി.... അപ്പോള്‍ ഇവനെങ്ങനാ ഇങ്ങനെ ബോധം കെട്ടത്..?”

“അതമ്മേ ഇവന് ധൈര്യം തീരെ കുറവാണന്ന് അറിയില്ലേ..... രാമന്‍ ഉറയില്‍ നിന്ന് വാളൂരുന്നതു കേട്ടു ഞെട്ടിയതാ..!!”

പാവം എന്റെ അമ്മ!!!