. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, 4 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 2)

സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”

എല്ലാ ശനിയാഴ്ച്ചകളും ഞാറാഴ്ച്ചകളും വരുന്ന മറ്റൊരു ഹീറോയാണ് ഐസുകാരന്‍ അളിയന്‍. മോഹനന്‍ എന്നു പേരുള്ള അദ്ധേഹം ഞങ്ങള്‍ കുട്ടികളെ പേരു വിളിക്കാതെ “അളിയന്‍” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ തിര്‍ച്ച് അദ്ധേഹത്തെയും “അളിയാ” എന്നായിരുന്നു വിളിക്കുക. അളിയന്റെ സൈക്കിള്‍ വലിയ പഴക്കം ഉള്ളതായിരുന്നില്ല. അളിയന്റെ സൈക്കിളിനുള്ള പ്രത്യേകത അതിന്റെ മിഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പു കഷണം ആണ്. അതില്‍ മറ്റൊരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുട്ടി ശബ്ദമുണ്ടാക്കിയാണ് അളിയന്‍ ഐസ് വാങ്ങാനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചുവപ്പും, മഞ്ഞയും, പച്ചയും കളറുകള്‍ കലര്‍ത്തിയ ആ ഐസുകളുടെ രുചി ഇന്നും നാക്കിന്റെ തുമ്പില്‍ തത്തിക്കളിക്കുന്നു. ഐസുകള്‍ കഴിച്ചു കഴിഞ്ഞാല്‍ നാക്കില്‍ അവശേഷിക്കുന്ന കടുത്ത കളറുകള്‍ പരസ്പരം കാട്ടി അതിന്റെ മനോഹാരിത വിലയിരുത്തുന്നത് അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹരം തന്നെ ആയിരുന്നു.

അളിയന്റെ സൈക്കിള്‍ വരുമ്പോള്‍ ഇരുമ്പു ദണ്ഡ് ചോദിച്ചു വാങ്ങി മണിയില്‍ ഒന്നു മുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ്. കുട്ടിക്കാലത്ത് ശനിയും, ഞായറും വരാനായി കാത്തിരിക്കുന്നത് അളിയന്റെ രുചിയേറിയ ഐസ് കഴിക്കാനും പിന്നെ ഫ്രീ ആയി അനുവദിച്ച് കിട്ടുന്ന “മണിയടി” യും പ്രതീക്ഷിച്ചു മാത്രമായിരുന്നു. ശനിയാഴ്ച്ച് ആകുമ്പോഴേക്കും ഐസ് വാങ്ങാനുള്ള 10 പൈസ ആരെയെങ്കിലും മണിയടിച്ച് ഉണ്ടാക്കി വച്ചിരിക്കും, അതായിരുന്നു എന്റെ രീതി.

ചക്കോ മാപ്പിളക്കും, അളിയനും പുറമെ മീന്‍‌കാരന്‍ കരുണാകരന്‍ പുലയന്‍, അലുമിനിയം പാത്രം വില്‍കുന്ന തമിഴന്‍, സോപ്പ് വില്‍ക്കുന്ന മിലിട്ടറി വാസു എന്നിവരൊക്കെ സൈക്കിള്‍ യാത്രക്കാര്‍ ആയിരുന്നു എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ തന്നെ അവരൊന്നും ഞങ്ങളുടെ(എന്റെ) ഹീറോ ലിസ്റ്റില്‍ പെട്ടിരുന്നില്ല.

ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ഐസുകാരനും, പറുങ്കിയണ്ടി കച്ചവടക്കാരനും, മീന്‍‌കാരനും, അലുമിനിയം പാത്രം വില്‍പ്പനക്കാരനും, സോപ്പു വില്‍പ്പനകാരനും എല്ലാം സൈക്കിളുകള്‍ക്കൊപ്പം ഗ്രാമ വീഥികളില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഈ അടുത്ത കാലത്ത്‍ “എം 80” എന്ന ആധുനിക ശകഠത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഐസുകാരന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയനായിരുന്നില്ല. ചക്കോ മാപ്പിളയും, അളിയനും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസിന്റെ പഴയകാല്‍ രുചി ഓര്‍ത്ത് വാങ്ങാന്‍ തുനിഞ്ഞ എന്നെ എന്റെ അമ്മ തടഞ്ഞു.

“എടാ ഇതൊന്നും വാങ്ങി കഴിക്കരുത്... എവിടുന്നൊക്കെയോ എടുക്കുന്ന ചീത്ത വെള്ളവും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാ.... കഴിച്ചാല്‍ എന്തൊക്കെ അസുഖങ്ങള്‍ വരുമെന്ന് ആര്‍ക്കറിയാം!!?”

സത്യം പറഞ്ഞാന്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പണ്ട് ഐസു കഴിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ പോലും വിലക്കിയതായി ഓര്‍മ്മയില്ല. കാലത്തിന്റെ മാറ്റം... പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പോലും ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമ്മയുടെ വാക്കുകള്‍ അവഗണിച്ചും ഞാന്‍ ഒരു ഐസ് വാങ്ങി കഴിച്ചു. പക്ഷെ അത് എന്റെ പ്രിയപ്പെട്ട “അളിയന്‍” തന്നിരുന്ന ഐസിന്റെ രുചിയുടെ അടുത്തു പോലും എത്തുന്നതായിരുന്നില്ല.

ചാക്കോ മാപ്പിളയും, അളിയനും മാത്രമല്ല അവരുടെ ജീവിതോപാധി ആയിരുന്ന സൈക്കിളുകളും എന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ് പലപ്പോഴും സമ്മാനിക്കാറുണ്ട്.

(തുടരും)

Monday, 2 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 1)

സൈക്കിള്‍.....

ഈ ഇരുചക്രവാഹനം കൈകാര്യം ചെയ്യാത്ത ഒരു കേരളീയന്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്.

ഇന്ന് സൈക്കിള്‍ ബൈക്കുകകള്‍ക്കും പുത്തന്‍ തലമുറ വാഹനങ്ങള്‍ക്കും മുന്നില്‍ തലതാഴ്ത്തി നില്‍ക്കുമ്പോള്‍ അതിന് ഒരു പ്രതാപകാലം ഉണ്ടായിരുന്നത് വിസ്മരിക്കുക പ്രയാസം.

ഒരുപക്ഷെ പുതു തലമുറക്ക് അന്യമായ സൈക്കിളിന്റെ ആ പ്രതാപകാലം എന്റെ ഓര്‍മ്മകളിലൂടെ ഒന്നു പുനര്‍ശ്രിഷ്ടിക്കാനുള്ള ശ്രമത്തിലാണ്.

എന്റെ ഓര്‍മ്മയില്‍ കടന്നു വരുന്ന ആദ്യ സൈക്കിളിന് മൂന്നു ചക്രങ്ങള്‍ ഉണ്ടായിരുന്നു.

എനിക്ക് ഏഴ് വയസുള്ളപ്പോള്‍ ഒരിക്കല്‍ അച്ഛനമ്മമാരോടൊപ്പം എന്റെ ഒരു ബന്ധുവീട് സന്ദര്‍ശിക്കവെ അവിടെ കണ്ട മുച്ചക്രവാഹനം കണ്ട് വിസ്മയം പൂണ്ട് അതില്‍ കയറി, ആഗ്രഹം തീരാതെ അവിടെ നിന്ന് പോരുമ്പോള്‍ സൈക്കിളും കൂടി കൊണ്ടുപോകാം എന്നു നിലവിളിച്ച് ഒടുവില്‍ അച്ഛന് വടി എടുക്കേണ്ടി വന്നു.

പിന്നെ അച്ഛന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ അമ്മയുടെ മുന്നില്‍ ഒരു പുതിയ മുച്ചക്ര സൈക്കിള്‍ എന്ന ആവശ്യം ഉന്നയിച്ച് നിരാഹാര സമരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ പയറ്റി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.

എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെങ്ങന്നൂര്‍ ഠൌണില്‍ അമ്മക്കൊപ്പം പോകുമ്പോള്‍ സൈക്കിളുകള്‍ നിരത്തി വച്ചിരിക്കുന്ന കടയുടെ അടുത്ത് എത്തുമ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ വലിച്ച് നിര്‍ത്തും. പിന്നെ അത് ചൂണ്ടിക്കാട്ടി ചിണുങ്ങാന്‍ തുടങ്ങും. നാരങ്ങാ മിഠായി അല്ലെങ്കില്‍ കുപ്പിയെ നിറമുള്ള, മധുരമുള്ള വെള്ളം എന്ന മോഹനവാഗ്ദാനം നടത്തി എന്റെ ശ്രദ്ധ തിരിച്ച് എന്റെ കൌശലക്കാരി അമ്മ അവിടെയും എന്നെ പരാജയപ്പെടുത്തി.

ക്രമേണ സൈക്കിള്‍ എന്ന മോഹം ഉപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അല്ലെങ്കില്‍ അത് കിട്ടില്ല എന്ന് എനിക്ക് മനസ്സിലായതോടെ അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നു എന്നു പറഞ്ഞാലും തെറ്റില്ല.

ഞാന്‍ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ എന്റെ ജേഷ്ടന്‍ കൊണ്ടുവന്നു തന്ന ഒരു സൈക്കിള്‍ റിമ്മാണ് എന്റെ രണ്ടാമത്തെ സൈക്കിള്‍ ഓര്‍മ്മ. അത്യാവശ്യം എല്ലാ കമ്പികളും ഉള്ള ഒന്ന്, കൂടാതെ നടുക്ക് ആക്സില്‍ ഫിറ്റ് ചെയ്യാന്‍ ഉള്ള ഇടവും എല്ലാം ഉള്‍പ്പെടുന്ന ഒരു സൈക്കിള്‍ റിം. ജേഷ്ടന്‍ തന്നെ ഒരു കമ്പി വളച്ച് ആക്സില്‍ ഹോളില്‍ ഇട്ടു തന്നു. പിന്നെ അത് ഉരുട്ടുന്ന വിധം കാണിച്ചു തന്നു.

ഭിക്ഷക്കാരന് ലോട്ടറി അടിച്ചതുപോലെ ആയിരുന്നു എന്റെ അവസ്ഥ. കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ നിമിഷങ്ങള്‍ക്കകം താരമായി മാറി. കാരണം അവരില്‍ പലരും ഉരുട്ടി നടക്കുന്നത് സൈക്കിള്‍ ടയറുകളാണ്. അതില്‍ നിന്നു വ്യത്യസ്ഥമായ ഒന്ന്. അതൊന്നു ഉരുട്ടാന്‍ ആഗ്രഹം പ്രകടിച്ചവരെ ഞാന്‍ നിഷ്കരുണം “നോ” പറഞ്ഞ് ഒഴിവാക്കി. രാവിലെ സ്കൂളില്‍ പോകുന്നതു വരെയും, വൈകുന്നേരം സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞും എന്റെ ശ്രദ്ധ സൈക്കിള്‍ റിം ഉരുട്ടുന്നതിലായി. ഇടക്ക് വന്ന ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസ്സിലായി എന്റെ നാലാം ക്ലാസ് തന്നെ സൈക്കിള്‍ റിമ്മിന് അടിയില്‍ പെട്ട് ചതഞ്ഞ് അരയുമെന്ന്.

ഒരു ദിവസം പൊടുന്നനെ എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായി. ഞാന്‍ നിലവിളിച്ചു. അമ്മ നിസംഗയായി പറഞ്ഞു... “ സുക്ഷിച്ച് വെക്കാന്‍ പഠിക്കണം.... ഇന്നലെ പാട്ട പെറുകുന്ന തമിഴന്മാര്‍ ഇതുവഴി നടക്കുന്നതു കണ്ടു.. അതുങ്ങളു വല്ലതും എടുത്തുകൊണ്ട് പോയതാവും”.... പലദിവസങ്ങളിലെ അന്വേഷണം എങ്ങും എത്തിയില്ല.... എന്റെ സൈക്കിള്‍ റിം അപ്രത്യക്ഷമായ സത്യം ഞാന്‍ അംഗിക്കരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന് നാട്ടില്‍ ചെന്നപ്പോള്‍ എന്തോ ആവിശ്യത്തിന് എന്റെ വീട്ടിലെ മച്ചില്‍ കയറേണ്ടി വന്നു... അവിടെ എന്റെ സൈക്കിള്‍ റിമ്മിന്റെ തുരുമ്പെടുത്ത അസ്ഥികൂടം എനിക്ക് കാണാന്‍ കഴിഞ്ഞു.... അമ്മയെന്ന കള്ളിയെ കയ്യോട് പിടിച്ചതിന്റെ ആവേശത്തില്‍ അതുമായി മുന്നില്‍ ചെന്നപ്പോള്‍ മാതൃത്വത്തിന്റെ അവസരപരമായ ഇടപെടലുകളും അത് മൂലം ഒരു വ്യക്തിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളും വെറും ഒരു വരിയില്‍ ഒതുക്കി അമ്മ ഇങ്ങനെ പ്രതികരിച്ചു.

“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു”

(തുടരും)

Sunday, 18 October 2009

നാടകമേ ഉലകം!ഗ്രാമ മക്കള്‍ നീര്‍വിളാകേശന് പകരം വെക്കുന്നവന്‍..... ദൈവോപാസകന്‍... ഗ്രാമവാസികളുടെ കണ്ണിലുണ്ണി. തൂക്കു വിളക്കിലെ തീഷ്ണമായ ജ്വാലകള്‍ക്കു മാറ്റ് കുറക്കാന്‍ കഴിയാത്ത മുഖശ്രീക്ക് ഉടമ.വലം‌പിരി ശംഖിന്റെ ഓംകാര നാദത്തിനു പൊലിമകുറക്കുന്ന ശബ്ദ സൌകുമാര്യം. എല്ലാത്തിനുമുപരി സത്സ്വഭാവി. ഒരു കുറവു മാത്രം ഇടത്ത് കാലിലെ ചട്ട്! ഇതാണ് മേല്‍ശാന്തി സത്യനാരായണ ഭട്ടതിരി. ഗ്രാമവാസികള്‍ അത്യധികം സ്നേഹത്തോടെയും, വാത്സല്യത്തോടെയും എല്ലാത്തിനുമുപരി ബഹുമാനത്തോടെയും “നാരായണന്‍ കുഞ്ഞ്” എന്ന് വിളിക്കുന്ന അവരുടെ സ്വന്തം ശാന്തിക്കാരന്‍.

നെഞ്ചിനു കുറുകെ വലിച്ച് കെട്ടിയിരിക്കുന്ന പൂണൂലില്‍ വലതു കയ്യിലെ പെരുവിരല്‍ ചേര്‍ത്ത് വച്ച് എപ്പോഴും മന്ത്രങ്ങള്‍ ഉരുവിടുന്ന അദ്ദേഹം ദൈവ ഭക്തനാണെന്ന് ആരെയും പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് തന്റെ മനസ്സും, ഭക്തിയും പൂര്‍ണമായും അര്‍പ്പിക്കുന്ന അദ്ദേഹം സദാ സുസ്മേര വദനനായി കാണപ്പെടും.

ഭക്തിക്ക് ഒട്ടും കുറവില്ല കഴകക്കാരന്‍ നാരായണന്‍ മാരാര്‍ക്കും. പരമ്പരാഗതമായി നീര്‍വിളാകേശനെ സേവിക്കാന്‍ അവസരം കിട്ടിയ കുടുഃബത്തിലെ ഇപ്പോഴത്തെ പ്രതിനിധി. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശംഖനാദമുതിര്‍ത്ത് പള്ളിയുണര്‍ത്തുന്നതു മുതല്‍ അത്താഴ പൂജ കഴിഞ്ഞ് നട അടക്കും വരെ ക്ഷേത്രവും, ക്ഷേത്ര പരിസരവും ആണ് അദ്ദേഹത്തിന് വീട്. തികഞ്ഞ ഉപാസകന്‍.

ഇവര്‍ രണ്ടും അല്ലാതെ മൂന്നാമതൊരാള്‍ ക്ഷേത്രത്തില്‍ കടക്കില്ല, എന്നിട്ടും ഭഗവാന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

അന്നേ ദിവസം പള്ളിയുണര്‍ത്താന്‍ എത്തിയ നാരായണന്‍ മാരാര്‍ ആണ് ക്ഷേത്ര നട തുറന്ന് കിടക്കുന്നത് കണ്ടത്. പഞ്ച ലോഹ വിഗ്രഹം അപ്രത്യക്ഷമായെന്ന അറിവ് അയാളെ വല്ലാതെ നാടുക്കി കളഞ്ഞു.

കുഞ്ഞേ നമ്മുടെ ഭഗവാനെ ആരോ കൊണ്ടു പോയിരിക്കുന്നു... വേഗം വരിക!! കിതച്ചു ഓടി വന്ന നാരായണന്‍ മാരാര്‍ക്കു പുറകെ മേല്‍ശാന്തിയും ക്ഷേത്രത്തിലേക്ക്.

ജനം ക്ഷേത്ര പരിസരത്ത് തടിച്ചു കൂടി........ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

നീര്‍വിളാകേശാ..... നിനക്കും ഈ ഭൂമിയില്‍ സംരക്ഷണമില്ലാതായോ?.... പലരും പതം പറഞ്ഞ് പരിതപിച്ചു.

പിന്നെ പതിവ് നാടകങ്ങള്‍......പോലീസ്, പോലീസ് നായ അങ്ങനെ പലവിധ അലങ്കാരങ്ങള്‍. പക്ഷെ ഒന്നിനും പഞ്ചലോഹ വിഗ്രഹത്തിന്റെ പൊടി പൊലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

പക്ഷെ കൂട്ടത്തിലെ ഒരു കൊണ്‍സ്റ്റബിളിന്റെ കൂര്‍മ്മബുദ്ധിക്കു മുന്നില്‍ അസാധാരണമായ ഒരു കാല്‍‌പാദം തെളിവായി പ്രത്യക്ഷപ്പെട്ടു.

ആ പാദത്തില്‍ ഒന്ന് പൂര്‍ണമായും തറയില്‍ അമര്‍ന്നതും, മറ്റൊന്നിന്റെ മുന്‍ ഭാഗം മാത്രം തറയില്‍ അമര്‍ന്നതുമായ എണ്ണയില്‍ മുങ്ങിയ പാടുകള്‍!

ഒരു കാലിനു നീളം കുറവുള്ള ആരെ അറിയാം നിങ്ങള്‍ക്ക്? എസ് ഐ യുടെ ചോദ്യം ജനങ്ങള്‍ക്ക് നേരെ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണുകള്‍ തങ്ങളുടെ പ്രിയപ്പെട്ട ശാന്തിക്കാരനില്‍ ആയിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സത്യനാരായണ ഭട്ടതിരിയുടെ കൈകളില്‍ വിലങ്ങണിയിക്കപ്പെട്ടു. തൊണ്ടിക്കു വേണ്ടിയുള്ള ചോദ്യം ചെയ്യലീനിടയില്‍ കൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വച്ചു തന്നെ ഭേദ്യം ചെയ്യപ്പെട്ടു. പിന്നെ പോലീസ് ജീപ്പിലേക്ക്.....

ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സത്യനാരായണ ഭട്ടതിരി ഒരു മുഴം കയറില്‍ ജീവനൊടുക്കി... മരണക്കുറുപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു.

“ ഞാന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു.... ഭഗവാനെയും ഭക്തരേയും വഞ്ചിച്ചത് ഞാനല്ല എന്നു മാത്രം അറിയിക്കാന്‍ ആഗ്രഹിക്കുന്നു”

തൊട്ടു പിറ്റേന്ന് നാരായണന്‍ മാരാര്‍ വിഷം കഴിച്ച് ക്ഷേത്ര പരിസരത്തു തന്നെ ജീവനൊടുക്കി... മരണക്കുറിപ്പ് ഇപ്രകാരമായിരുന്നു.

“ മനപ്പൂര്‍വ്വം അങ്ങനെ ഒരു കാല്‍പ്പാട് സ്രിഷ്ടിച്ചതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നില്ല. കുറ്റബോധം എന്റെ വിധി നിര്‍ണയിക്കുന്നു. ഭഗവാന്‍ വീട്ടിലെ നെല്ലറയില്‍ സുരക്ഷിതനാണ്”
************************************************************************************************************************
സമര്‍പ്പണം:- തെറ്റിദ്ധാരണകൊണ്ട് മാത്രം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ജനതയ്ക്ക്.

Tuesday, 6 October 2009

ചങ്ങാതി നന്നായാല്‍

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പൊലും....
ഇതു വരെ ഇങ്ങനെ ഒരു പഴഞ്ചൊല്ലു കേള്‍ക്കാത്ത താന്‍ ഒരു വിഡ്ഡി തന്നെ.
“എടാ നീ മലയാളി ആണെന്ന് അരോടും പറയരുത്, ഈ പഴഞ്ചൊല്ലു കേട്ടിട്ടില്ല എന്നു പറഞ്ഞാല്‍ നാട്ടുകാര്‍ നിന്നെ എറിഞ്ഞു കൊല്ലും.”പ്രമോദു പോലും കളിയാക്കി ചിരിച്ചു.
എന്താടാ അതിന്റെ അര്‍ത്ഥം?
“ഹ..ഹ എടാ പ്രമോദ് എന്ന ഈ ഞാന്‍ നിന്റെ ആരാ...? ഉറ്റ ചങ്ങാതിയല്ലെ...? നിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഞാന്‍ നിന്റെ കൂടെയുണ്ടാവും...! നിന്റെ സന്തോഷവും, സന്താപവും എന്റെതും കൂടി ആയിരിക്കും...! മനസ്സിലായോ....?”
അതു ശരി... അത്ര വലിയ ഒരര്‍ത്ഥം അതിനുണ്ടായിരുന്നോ
രോഷത്തോടെ വീട്ടിലേക്ക് ഓടി, കണ്ണാടികള്‍ ഒന്നായി ഉടച്ചു തകര്‍ത്തു....
“ഇറങ്ങു പുറത്ത്...... വീടിനെ സ്നേഹിക്കാന്‍ അറിയാത്ത നിനക്ക് ഇവിടെ എന്തു സ്ഥാനം...?” നിസാരമായ കുറെ കണ്ണാടികള്‍ പൊട്ടിച്ചതിന് അച്ഛന്‍ അങ്ങനെ ഒരു ശിക്ഷ വിധിച്ചപ്പോള്‍ അമ്പരന്നു പോയി.
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി....ആലുവാ മണപ്പുറത്തു പോലും കണ്ടിട്ടില്ലാത്ത രീതിയില്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ പ്രമോദ് പ്രതികരിച്ചത് അങ്ങനെ!!

Tuesday, 29 September 2009

പാതിവ്രത്യം.

നമ്മുടെ പ്രണയ തീവ്രമായ ആ കാലം ഓരിക്കലും ഉറവ വറ്റാതെ ഒഴുകിയിരുന്നെങ്കില്‍!

വിവാഹം കഴിഞ്ഞ് ഇത്ര വര്‍ഷമായില്ലെ... ഇതുവരെ ഒന്നും സംഭവിച്ചല്ലില്ലോ!! ഇനിയും നമ്മള്‍ അതെ പ്രണയ തീവ്രത സൂക്ഷിക്കും. എന്റെ മോള്‍ ഒന്നും ഓര്‍ത്ത് വ്യാകുലയാകരുത്.

സുകുവേട്ടാ... അന്ന് ഒരിക്കല്‍ എനിക്കു വേണ്ടി എഴുതി ചൊല്ലിയ കവിത ഓര്‍മ്മയുണ്ടോ?പാതിവ്രത്യത്തെ കുറിച്ച്.... ഇന്നലെ കേട്ട പോലെ അതെന്റെ മനസ്സില്‍ മുഴങ്ങുന്നു.

എന്റെ മോളെ ഞാനത് അന്നേ മറന്നു. നീ അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ... ആശ്ചര്യം!.

എങ്ങനെ മറക്കും ചേട്ടാ... എന്നെ ഇത്രയും സ്വാധീനിച്ച ഒരു കവിത ജീവിതത്തില്‍ ഉണ്ടായിട്ടില്ല.

അതെയോ... മോളേ അന്ന് നീ ആവശ്യപ്പെട്ടപ്പോള്‍ എഴുതി എന്നല്ലാതെ ഇന്നത്തെ വഴിതെറ്റിയ ലോകത്തില്‍ അതിന് ഇത്രമാത്രം പ്രസക്തി ഉണ്ടാകുമെന്ന് സത്യത്തില്‍ ഞാന്‍ വിചാരിച്ചില്ല!

നിനക്ക് ഓര്‍മ്മയുണ്ടെങ്കില്‍ എനിക്ക് വേണ്ടി രണ്ട് വരി പാടുമോ?

വേണ്ട ചേട്ടാ.... മോള്‍ ഉണരും. അവള്‍ക്ക് വയസ്സ് എട്ട് ആയി ഇനി നമ്മള്‍ കുറച്ച് കൂടി സൂക്ഷിക്കണം.

തന്നെയുമല്ല നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഭര്‍ത്താവ് വരാറായി.... ഇന്നു സുകുവേട്ടന്‍ പൊയ്ക്കൊള്ളൂ.... നാളെ മുതല്‍ അദ്ദേഹത്തിന് ഡേ ഡ്യൂട്ടി ആണ്..... മറക്കല്ലെ!!! അപ്പോള്‍ ഇനി അടുത്താഴ്ച്ച വരുമ്പോള്‍ എന്റെ സുകുവേട്ടനു മാത്രമായി ഞാന്‍ ആ കവിത ചൊല്ലി കേള്‍പ്പിക്കാം!

Friday, 25 September 2009

നിര്‍മ്മാല്യം

അതിരാവിലെ നിര്‍മ്മാല്യ ദര്‍ശനം പതിവാണ്. സമയം പുലര്‍ച്ചെ നാലുമണി.
സുകുമാരന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
എന്തേ ഇന്ദിരയുടെ കിടപ്പുമുറിയില്‍ ഇപ്പോഴും വിളക്കണഞ്ഞിട്ടില്ല്?
അന്വേഷിക്കുക എന്നത് വാര്‍ഡ് മെമ്പെറായ തന്റെ ചുമതലകളില്‍ ഒന്ന്!!
അകാലത്തില്‍ ഭര്‍ത്താവ് വിടപറഞ്ഞ് വിധവയായ യുവതി...
അവള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കേണ്ടത് തന്റെ കൂടി കടമയാണ്.
ജനലിന്റെ വിടവില്‍ കൂടി എത്തി നോക്കിയ സുകുമാരന്‍ ഞെട്ടി...... ഇന്ദിരക്കൊപ്പം പരപുരുഷനോ?
ചോദിച്ചിട്ടു തന്നെ കാര്യം.... ഇതു ഇങ്ങനെ അനുവദിച്ചാല്‍ ഗ്രാമം തന്നെ ഇവള്‍ കാരണം വഴി തെറ്റും!!
അതും തന്റെ ഭരണകാലത്ത്!! സമ്മതിക്കില്ല.
കതകില്‍ മുട്ടിയപ്പോള്‍ മുണ്ടും തലയിലിട്ട് ഓടുന്നവനെ പിടിക്കാന്‍ ഒരു ശ്രമം നടത്തി.... വിജയിച്ചില്ല!
പക്ഷെ ഇന്ദിരയുടെ ശ്രിംഗാര ഭാവം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല.
ചുറ്റുവട്ടം നോക്കി തലയില്‍ മുണ്ടിട്ട് അകത്തേക്ക് കടക്കുമ്പോള്‍ സുകുമാരന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ഭഗവാനെ ഇന്നു ഒരു വലിയ വെടി കൂടുതല്‍ പൊട്ടിച്ചേക്കാമേ!!!

Wednesday, 23 September 2009

വിതച്ചത്!!

ടിര്‍ണിം..... ടിര്‍ണിം....

റിമോട്ട് നെഞ്ചത്ത് ഉറപ്പിച്ച് സോഫയില്‍ മലര്‍ന്നു കിടന്ന് ടിവിയിലെ ഫാഷന്‍ ഷോ ആസ്വദിച്ചു കൊണ്ടിരുന്ന അയാളെ ആ ശബ്ദം അലോസപ്പെടുത്തി.

അച്ഛാ ഫോണ്‍......

ഫോണ്‍ ബെല്ലടിച്ചത് കേട്ട് എടുക്കാന്‍ ഓടിയ തന്റെ നാലു വയസുകാരിയെ അയാള്‍ വിലക്കി.

എടീ നിന്നോട് പറഞ്ഞിട്ടില്ലെ മേലില്‍ ഫോണില്‍ തൊട്ടു കളിക്കല്ലെന്ന്.....

പിന്നെ അടുക്കളയുടെ ഭാഗം നോക്കി ഉച്ചത്തില്‍ വിളിച്ചു.

എടീ..... ആ ഫോണ്‍ ഒന്നെടുത്തെ!!!

അടുക്കളയില്‍ നിന്ന് അതിലും ഉച്ചത്തില്‍ പ്രതികരണം.

ഈ മനുഷ്യന് ഇതെന്തിന്റെ കേടാ.... കയ്യെത്തും ദൂരത്തിരിക്കുന്ന ഫോണ്‍ എടുക്കാന്‍ ഞാന്‍!!!

പിന്നെ സ്വയം ശപിച്ച് വന്ന് അവള്‍ ഫോണ്‍ എടുത്തു.

അയാള്‍ കൈകൊണ്ട് ആംഗ്യം കാട്ടി...” ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കു”!

അവള്‍ പെട്ടെന്ന് വാചാലയായി.

അയ്യോ... ജോസഫേട്ടനോ.... എന്താ ജോസഫേട്ടാ വിശേഷം? “ അയ്യോ ഇല്ല കെട്ടോ, ചേട്ടന്‍ പുറത്തു പോയിരിക്കുവാ... വൈകിട്ടെ വരൂ.. ശരി.. ശരി എന്നാല്‍ വെക്കട്ടെ.... ബൈ!!!

കയ്യിലിരിക്കുന്ന തവി ചൂണ്ടി കൊഞ്ഞനം കാട്ടി അവള്‍ തിരിച്ച് അടുക്കളയിലേക്ക്!!!
***************************************************************************************************

പ്ലസ് ടൂവിന് പഠിക്കുന്ന മോള്‍ .....

സമയം അതിക്രമിച്ചിരിക്കുന്നു.... ഇതു വരെ ആയി വീട്ടില്‍ എത്തിയിട്ടില്ല....

മനുഷ്യാ.... ഒന്നു പോയി അന്വേഷിച്ച് വരൂ..... ടി വിയില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന അയാളെ നോക്കി വേവലാതിയോടെ അവള്‍ പറഞ്ഞു....

മോള്‍ വരുമെടീ.... നീ പേടിക്കേണ്ട.... അവള്‍ അച്ഛന്റെ പൊന്നുമൊളാ....

നിസംഗത!!

മോള്‍ പൂമുഖം കടന്നു വന്നപ്പോള്‍ അവള്‍ അട്ടഹസിച്ചു....

എവിടെയായിരുന്നെടീ ഇതുവരെ?

സ്പെഷ്യല്‍ക്ലാസുണ്ടായിരുന്നു....

നെറ്റിയില്‍ പടര്‍ന്നിരുന്ന കുങ്കുമത്തെ ചുരിദാര്‍ ഷാള്‍ കൊണ്ട് ഒപ്പുന്നത്തിനിടയില്‍ അച്ഛന്റെ പൊന്നുമോള്‍ സൌമ്യമായി പറഞ്ഞു.

Saturday, 5 September 2009

ഗീതേച്ചി

നാടിനെ മനസ്സില്‍ താലോലിക്കുന്ന, അതിന്റെ സുഗന്ദവും, രുചിയും ആസ്വദിക്കാന്‍ മനസ്സ് വെമ്പി നില്‍ക്കുന്ന ഒരു സാധാരണ പ്രവസിയോട് ഓണത്തെ കുറിച്ച് ചോദിച്ചാല്‍ അത് തീര്‍ച്ചയായും അവനില്‍ സ്വന്തം നാടിനെ കുറിച്ച് മധുരവും കയ്പ്പേറിയതുമായ ഒരുപാ‍ട് ഓര്‍മകളെ ചികഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒന്നായി മാറും എന്നതിനു സംശയം ഇല്ല.

അത്തരത്തില്‍പെട്ട ശുദ്ധ ഗ്രാമീണനായ ഒരു വ്യക്തി എന്ന നിലയില്‍ സമ്പന്നമായ ഓണം സ്മരണകള്‍ താലോലിക്കുന്ന ഒരുവനാണ് ഞാന്‍. എന്റെ ഓര്‍മ്മകളില്‍ ആദ്യമായി കടന്നുവരുന്നത് കയ്പ്പേറിയ ഒരു അനുഭവം തന്നെയാണ്.

എന്റെ പ്രായത്തിലുള്ള ഒരുപാട് കളിക്കൂട്ടുകാരാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം.

പക്ഷേ എനിക്ക് അടുത്ത ചങ്ങാത്തം അവരോടൊന്നുമായിരുന്നില്ല. മറിച്ച് എന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന കുട്ടിപ്പണിക്കത്തിയുടെ മകള്‍ ഗീതേച്ചിയായിരുന്നു എനിക്കെല്ലാം.

കുട്ടിപ്പണിക്കത്തിയാണ് പേരിന് വീട്ടു വേലക്കാരി എങ്കിലും ഗീതേച്ചിയായിരുന്നു എല്ലാ‍ ജോലികളും ചെയ്തിരുന്നത്. എന്റെ അമ്മയെ ഞാന്‍ വിളിക്കുന്നതിലും സ്നേഹത്തോടെ ‘അമ്മേ’ എന്നു വിളിക്കുന്ന, എന്നേ വാത്സല്യത്തോടെ ‘കൊച്ചുമോനേ’ എന്നു വിളിക്കുന്ന എന്റെ സ്വന്തം ഗീതേച്ചി.

എന്നേക്കാള്‍ പത്തു വയസിനെങ്കിലും മുതിര്‍ന്ന ഗീതേച്ചിക്ക് പക്ഷെ അത്രയും പ്രായം തോന്നുമായിരുന്നില്ല. വീട്ടിലെ പ്രാരാബ്ദം അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തുവാനും കാരണമായി.

എന്നെ കുളിപ്പിക്കുന്നത്, ചാന്തും കണ്മഷിയും തേച്ച് ഒരുക്കുന്നത്, ഭക്ഷണം ഊട്ടിക്കുന്നത്, എന്തിന് മണ്ണപ്പം ചുട്ടുകളിക്കാനും, താരാട്ട് പാടി ഉറക്കാനും ഗീതേച്ചി തന്നെ വേണമെന്ന നിര്‍ബന്ധം എനിക്കും ഉണ്ടായിരുന്നു.

ഒരു ഓണക്കാലം.അത്തത്തിന്റെ തൊട്ടു തലേ ദിവസം. ഞാനും ഗീതേച്ചിയും തൊടികളായ തൊടികള്‍ എല്ലാം പൂവുകള്‍ അന്വേഷിക്കലാണ്. പിറ്റേന്ന് പൂക്കളം ഒരുക്കാനുള്ള ഉത്സാഹത്തില്‍ ഒരു അവസാന പരക്കം പാച്ചില്‍!

ഇടക്ക് എപ്പോഴോ എന്റെ അമ്മയുടെ ഉച്ചത്തിലുള്ള വിളി....

എടീ...... ഗീതേതേതേതേ..... ഇങ്ങോട്ടൊന്നു വന്നേടീ..... കടേലൊന്നു പൊയ്യേച്ചു വാടി കൊച്ചേ....

ഗീതേച്ചി നിന്നിടത്തു നിന്നു മറുപടി കൊടുത്തു....

അമ്മേമ്മേമ്മേ..... കുറച്ചുകൂടി തുമ്പപ്പൂ പറിക്കട്ടെ.... ഇപ്പോള്‍ വരാം.....

പക്ഷെ അമ്മ വിടുന്ന മട്ടില്ല.... എടീ അന്തിക്കു മുന്നെ കടെ പോയേച്ചു വാടീ പെണ്ണെ.....

ചേച്ചി പിറുപിറുത്തു കൊണ്ട് ഒരു എന്നെ എടുത്ത് എളിയില്‍ ഇരുത്തി.... പിന്നെ പൂക്കൂട എന്റെ കയ്യില്‍ തന്നു.

എടാ ചെറുക്കാ മുറുക്കെ പിടിച്ചോണം.... താഴെ എങ്ങാനും കളഞ്ഞാല്‍ എന്റെ നല്ല കൊണം നീ കാണും!

പിന്നെ സ്നേഹത്തോടെ തുടയില്‍ നുള്ളി.... കൂടെ എല്ലാ വാത്സല്യവും ചുണ്ടില്‍ നിറച്ച് കവിളില്‍ ഒരുമ്മയും!

വേഗത്തില്‍ വീട്ടിലെത്തിയ ഗീതേച്ചിയുടെ നേരെ അമ്മയുടെ സ്നേഹ ശാ‍കാരം വീണ്ടും.

എടീ.... തന്നെ നടക്കാന്‍ വയ്യാത്ത നീ എന്തിനാടീ കൊച്ചേ ഈ മുതുക്കന്‍ ചെക്കനെയും ഏണത്ത് കേറ്റി നടക്കുന്നെ..... ദേ ചെക്കന്റെ കാല്‍ നിലത്തു കിടന്നിഴയുന്നു.

പിന്നെ എന്നെ നോക്കി പറഞ്ഞു.

നാണമില്ലല്ലോടാ ചെക്കാ നിന്നെക്കാള്‍ ചെറിയ ഈ പെണ്ണിന്റെ ഏണത്തു കേറിയിരിക്കാന്‍.....

ഞാന്‍ പ്രതികരിച്ചു....

എന്റെ ഗീതേച്ചിയാ.... ഞാനാര്‍ക്കും തരില്ല..... പിന്നെ തോളില്‍ കൂടി കൈയ്യിട്ട് ഗീതേച്ചിയുടെ കവിളില്‍ ഒരു മുത്തവും കൊടുത്തു.

നീയും നിന്റെ ഒരു കീതേച്ചിയും.... അമ്മ പിറുപിറുത്തു.

പിന്നെ ഗിതേച്ചിയുടെ കൈയ്യിലേക്ക് എന്തൊക്കെയോ കുറിച്ച ഒരു കടലാസു തുണ്ടു കൈമാറിയിട്ട് അമ്മ പറഞ്ഞു.

എടീ... വേഗം കുഞ്ഞുരാമന്‍ കൊച്ചാട്ടന്റെ കടയില്‍ പോയി ഈ ലിസ്റ്റില്‍ എഴുതിയിരിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കോണ്ടു വാ..... സമയം സന്ധ്യയായി..... നിരങ്ങാന്‍ പോയില്ലാരുന്നെകില്‍ നേരത്തെ പോയിട്ട് വരല്ലായിരുന്നോ?

അതു കുഴപ്പമില്ലമ്മെ..... ഞാന്‍ പോയിട്ട് വരാം.

ഗീതേച്ചി സഞ്ചിയുമായി ഇറങ്ങിയപ്പോള്‍ ഞാനും കൂടിറങ്ങി...

അമ്മ ദേഷ്യത്തോടെ കയ്യില്‍ പിടിച്ച് പുറകിലേക്ക് വലിച്ചു.

ത്രിസന്ധ്യായി ചെറുക്കാ..... അവളു പോയിട്ടിങ്ങു വരും, പിന്നെ നീ മടീന്നിറന്നെണ്ട.

എന്നിട്ടും ഞാന്‍ പ്രതിഷെധിച്ചു കരഞ്ഞു.

എടീ നല്ല റോഡിലൂടെ പോകാവൂ.... കേട്ടോ.... തിരിച്ചു വരുമ്പോള്‍ ആ കാവിന്റെ അതിലെയെങ്ങും വന്നേക്കല്ലെ...

അമ്മ പുറകില്‍ നിന്നു വിളിച്ചു ....

കൊച്ചുമോനെ മുട്ടായി വാങ്ങിച്ചോണ്ടു വരാമെടാ..... എന്റെ പൊന്നു മോന്‍ കരയല്ലെ...

പോകുന്നതിനിടയില്‍ ഗീതേച്ചി വിളിച്ചു പറഞ്ഞു.

കടയില്‍ പോയ ഗീതേച്ചിയെ കുറെ നേരമായിട്ടും കാണാതായപ്പോള്‍ ഞാന്‍ കരച്ചില്‍ തുടങ്ങി....

അമ്മയും എന്തൊക്കെയോ പിറുപിറുകുന്നു....ഒപ്പം ഇടക്കിടെ വെളിയിലേക്ക് നോക്കുന്നു.

ഇടക്ക് കരഞ്ഞു കൊണ്ടിരുന്ന എന്റെ തുടയില്‍ അമര്‍ത്തി ഒന്നു നുള്ളിയിട്ട് ദേഷ്യത്തോടെ പറഞ്ഞു..

മിണ്ടാതിരിക്കടാ ചെറുക്കാ.... മനുഷ്യന്‍ ആദി എടുത്തിരിക്കുമ്പളാ അവന്റെ ഒരു കീറ്റല്‍!

കുറെ കൂടി കഴിഞ്ഞപ്പോള്‍ അമ്മ അയല്‍‌വക്കത്തുള്ള ഗിതേച്ചിയുടെ വീട്ടിലേക്ക് പതിവു ശൈലിയില്‍ നീട്ടി വിളിച്ചു.

കുട്ടി പണിക്കത്തിയെയെ....കുട്ടിപ്പണിക്കത്ത്യേ.... ഒന്നു വേഗം ഇങ്ങോട്ട് വന്നെ....

കുട്ടിപ്പണിക്കത്തിയും, പപ്പു പണിക്കനും കൂടി ഒരു ചീട്ടും കത്തിച്ച് വീട്ടുമുറ്റത്തു വന്നു.....

ഗീത ത്രിസന്ധ്യക്ക് കടയില്‍ പോയതാ ഇതുവരെ ഇങ്ങു വന്നില്ലല്ലോ പണിക്കത്തീ..... ഒന്നു പോയി നോക്കിയാലോ?

അവളെവിടെ പോകാനാ..... നാളെ അത്തം അല്ലെ.... കടയില്‍ ഒരുപാട് ആളുകാണും... അവളിങ്ങു വരും.... കൊച്ചമ്പ്രാട്ടി ചുമ്മതവിടെങ്ങാനുമിരി!

കുട്ടിപ്പണിക്കത്തി ലാഘവത്തോടെ പ്രതികരിച്ചതു കൊണ്ടാവണം.... അമ്മ കുറച്ച് അധികാര ഭാവേന പപ്പു പണിക്കനോട് പറഞ്ഞു.

പണിക്കന്‍ എന്തായാലും പോയിങ്ങു കൂട്ടിക്കൊണ്ടു വരണം... രത്രി ആയില്ലെ ഇനി അവള്‍ക്ക് തന്നെ വരാന്‍ പേടിയുമായിരിക്കും.

ചൂട്ടും വീശി പപ്പുപണിക്കന്‍ നടന്നു മറയുമ്പോഴും ഞാന്‍ ഗീതേച്ചിയെ കാണണം എന്ന് ഏങ്ങലടിക്കുകയായിരുന്നു.

പിന്നെ എപ്പോഴോ ഞാന്‍ ഉറങ്ങി പോയി.

ഗാഡ നിദ്രയിലും അവ്യക്തമായി പല വിധ ബഹളങ്ങളും, നിലവിളികളും കേള്‍ക്കുന്നുണ്ടായിരുന്നു... പക്ഷെ ഉണര്‍ന്നില്ല.

രാവിലെ അമ്മ വിളിച്ചുണര്‍ത്തി.... അമ്മയുടെ കരഞ്ഞു ചുവന്ന കണ്ണുകള്‍!

ഉണര്‍ന്നപ്പോള്‍ ആദ്യം നോക്കിയത് ഗീതേച്ചി കിടക്കുന്ന പായയിലേക്കായിരുന്നു. അവിടം ശൂന്യം.

അടുത്തു തന്നെ ഇന്നലെ ശേഖരിച്ച പൂക്കളുടെ കൂട....!

അയ്യെ ....... അത്തപ്പൂവിടെണ്ടെ...... ഈ ഗീതേച്ചി എവിടെ അമ്മെ.

നിശബ്ദമായ തേങ്ങലായിരുന്നു മറുപടി.

വെളിയിലെക്ക് ഇറങ്ങി നോക്കി..... ഗീതേച്ചിയുടെ കുടിലിനു മുന്നില്‍ പുരുഷാരം...

കുട്ടിപ്പണിക്കത്തിയുടെ ഉച്ചത്തിലുള്ള നിലവിളി.....

അവിടെക്ക് ഓടുകയായിരുന്നു.

നിലത്ത് വെട്ടിയിട്ട വാഴയിലയില്‍ ഗീതേച്ചി കിടക്കുന്നു....

നല്ല ഉറക്കം.... അതും എല്ലാവരുടെയും നടുക്കു കിടന്ന്.... നാണമില്ലെ ഈ ഗീതേച്ചിക്ക്.....

ചുറ്റും കൂടി നിന്നിരുന്നവര്‍ എല്ലാം കരയുന്നു.... നല്ല വെളുത്ത നിറമുണ്ടായിരുന്ന ഗീതേച്ചി നീല നിറമായിരിക്കുന്നു....

എന്തോ സംഭവിച്ചിട്ടുണ്ട്.... മറ്റുള്ളവര്‍ കരയുന്നതു കണ്ടപ്പോള്‍ എനിക്കും സങ്കടം അണപൊട്ടി.

എന്നെ കണ്ട കുട്ടിപ്പണിക്കത്തി വാരി പുണര്‍ന്നു....

പിന്നെ കരഞ്ഞു..... കരച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.....

‘ഗീതേച്ചീ ഒന്നു വിളിയെന്റെ കൊച്ചു മോനെ അവള്‍ ഉണരട്ടെ...’

നിഷ്കളങ്കമായി ഞാന്‍ പലവട്ടം വിളിച്ചു...... ഗീതേച്ചി ഉണര്‍ന്നില്ല......

നിശബ്ദനായി തലകുമ്പിട്ട് ഒരു കോണിലായി പപ്പു പണിക്കന്‍...

അമ്മ ആരോടോ പറയുന്നതു കേട്ടു... “ഞാന്‍ അവളോട് പറഞ്ഞതാ കാവിന്റെ അതിലെ വരല്ലെന്നു...കേട്ടില്ല”

“ഉഗ്ര വിഷമുള്ള എന്തോ ആണ്... അതാ തീണ്ടിയ നിമിഷത്തില്‍ മരിച്ചത്” കേട്ടയാള്‍ പ്രതികരിച്ചു.

കൊച്ചുമോനെ ഗീതേച്ചിയെ പൂവിട്ട് വന്ദിക്കൂ...

ആരോ തന്ന തെച്ചിപ്പൂവുകള്‍ പാദത്തിലിട്ട് ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞു...എന്തിനെന്നറിയാതെ.

പിന്നെ വീടിന്റെ തെക്കു പുറത്തുള്ള കുഴിയില്‍ വച്ച് മണ്ണു തൂവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

എന്റെ ഗീതേച്ചിയെ മൂടല്ലെ.... ഗീതേച്ചി ചത്തു പോകും... മൂടല്ലെ!

പക്ഷെ ആരും നിലവിളി കേട്ടില്ല....

അമ്മ എന്നെ എടുത്ത് എളിയില്‍ ഇരുത്തി ആശ്വസിപ്പിച്ചു... “നിന്റെ ഗീതേച്ചി മരിച്ചു കുട്ടാ... കരയല്ലെ”

അമ്മ എന്നെയും എടുത്തു കൊണ്ട് പിന്നെ വീട്ടിലേക്ക് നടന്നു.

അവിടെ പൂമുഖത്ത് ഇന്നലെ തലേന്ന് ഗീതേച്ചിയുടെ കയ്യില്‍ കൊടുത്തു വിട്ട സഞ്ചിയും, അതില്‍ കടയില്‍ നിന്നു വാങ്ങിയ സാധങ്ങളും.

അമ്മ അതെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.....

“എന്റെ കുഞ്ഞിനെ മരണത്തിലേക്ക് ഞാന്‍ അല്ലെ അയച്ചത് എനികിനി എന്തിനാ ഇത്” അതു വരെ അടക്കി നിര്‍ത്തിയ വിഷമം ഒരു നിലവിളിയായി അമ്മയില്‍ നിന്നു പുറത്തു വന്നു...

എറിഞ്ഞ സാധങ്ങള്‍ക്കിടയില്‍ ഒന്നുമാത്രം എന്റെ ഓര്‍മ്മയില്‍ വിഷാദം നിറച്ച് ഇന്നും നിലനില്‍ക്കുന്നു.

കീറിയ ഒരു തുണ്ടു കടലാസില്‍ പൊതിഞ്ഞ കുറെ നാരങ്ങാ മിഠായികള്‍....

എന്റെ ഗീതേച്ചി എനിക്ക് കരുതി വച്ച അവസാനത്തെ സമ്മാനം.

Friday, 21 August 2009

സുരഭിലമല്ലാത്ത ചിന്തകള്‍

മാമാ ഫ്രൂട്ടി വാങ്ങിത്തരുമോ?

കന്നടച്ചുവയുള്ള മലയാളത്തില്‍ സുരഭി എന്നോട് ചോദിക്കുമ്പോള്‍ ഹരീഷിന്റെ മുഖത്ത് സഹതാപം നിറഞ്ഞു എങ്കിലും ഒരു പരിഹാസച്ചിരിയോടെ അവന്‍ പറഞ്ഞു...

‘വാങ്ങി കൊടുക്കടാ.... കയ്യില്‍ പൂത്ത കാശിരിക്കുവല്ലെ’

“കൊച്ചുകുട്ടിയല്ലേടാ.... നിന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടങ്കില്‍ തരൂ.... ഒരു ഫ്രൂട്ടിയല്ലെ അതു ചോദിച്ചുള്ളു!’ ഞാന്‍ ഹരീഷിനു മുന്നില്‍ കെഞ്ചി...

‘ശരി...ശരി എന്തെങ്കിലും ആവട്ടെ....’ പോക്കറ്റില്‍ കിടന്ന ചില്ലറകള്‍ വാരി എന്റെ കയ്യില്‍ വച്ചു തന്ന് ഹരീഷ് പ്രതികരിച്ചു.

സുരഭിയെ ഒരു പക്ഷെ നിങ്ങള്‍ അറിയുമായിരിക്കും.... അല്ലെങ്കില്‍ സുരഭിയെ പോലെ ഒരുവളെ....

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല്.... ഞാന്‍ എന്റെ പ്രൊഫഷണല്‍ വിദ്യാഭ്യാസാര്‍ത്ഥം മംഗലാപുരത്താണ്....

ഇട്ടുമൂടാന്‍ കാശുമായി ബുദ്ധിമുട്ടുന്ന മാതാപിതാക്കളെ ഉള്ളതില്‍ കുറച്ചു ചിലവാക്കി സഹായിക്കാന്‍ വന്ന സമ്പന്ന ഗണത്തില്‍ പെട്ട ഒരു വിദ്യാര്‍ത്ഥി ആയിരുന്നില്ല ഞാന്‍...

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ വഴിമുട്ടി നില്‍ക്കുന്ന ഒരു സാധാരണ കുടുഃബത്തിലെ ഒരംഗത്തിന് സ്വപ്നത്തില്‍ പോലും എത്തിപ്പെടാന്‍ കഴിയാത്ത ഒരു ബാലികേറാമല... അതായിരുന്നു എനിക്ക് മാംഗ്ലൂര്‍.

പ്രതിമാസം വീട്ടില്‍ നിന്നു വരുന്ന തുശ്ചമായ തുക എന്റെ സാധാരണ നിത്യജീവിത ചിലവുകള്‍ക്ക് പോലും തികയില്ല എന്നിരിക്കെ എന്റെ സഹമുറിയന്മാര്‍ക്ക് എഞ്ചിനീയറിങ് ഡ്രോയിങ്ങുകള്‍ ചെയ്തു കൊടുത്ത് നിര്‍ദാക്ഷണ്യം അതിന്റെ പ്രതിഫലം ഇരന്നു വാ‍ങ്ങി നിത്യവൃത്തി നടത്തിയിരുന്ന ഒരു സാധാരണ വിദ്യാര്‍ത്ഥി.

അതുമാത്രമല്ല മാസം തോറും വരുന്ന തുശ്ചമായ ആ തുക തന്നെ സ്വരൂപിച്ചെടുക്കാന്‍ എന്റെ മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് എന്നുള്ള ഉത്തമ ബോധ്യവും എനിക്കുണ്ടായിരുന്നു.

ക്ലാസുകളില്‍ പോകാതെ അഥവാ പോയാല്‍ ബിയറിന്റെ കുപ്പി വായില്‍ കമഴ്ത്തി അതിന്റെ പുളിച്ച മണവുമായി ക്ലാസുകളില്‍ ശ്രദ്ധിക്കാതെയിരിക്കുന്നവര്‍ക്ക് ഒരു അപമാനമായിരുന്നു ഞാന്‍.

വൈകുന്നേരങ്ങളില്‍ കഴുത്തുമുട്ടെ കുടിച്ച് കൂത്താടി സുഖലോലുപരായി ഉറങ്ങുന്ന കൂട്ടുകാര്‍ക്കിടയില്‍ അപുര്‍വ്വതയുടെ അമരക്കാരനായി ഞാന്‍.

എന്തിന്... അവധി ദിവസങ്ങളില്‍ ചെറു പട്ടണത്തിലെ ബാറുകളില്‍ അഴകൊഴമ്പന്മാരായി ആടിപ്പാടി അവിടെ തന്നെ രതിനിര്‍വ്വേദം നടത്തിയുറങ്ങുന്നവര്‍ക്ക് ഇത് എന്റെ സുഹൃത്ത് എന്ന് കാട്ടിക്കൊടുക്കാന്‍ അറക്കുന്ന ഒരു വ്യക്തിത്വമായി തീര്‍ന്നു ഞാന്‍.

അതിനാല്‍ തന്നെ എന്റെ വിദ്യാഭ്യാസ കാലം അത്ര വര്‍ണാഭമായിരുന്നില്ല.

ഒരു സ്റ്റൌവ്വ് സംഘടിപ്പിച്ച് വൈകുന്നേരം കഞ്ഞിവച്ചും, ബക്കി വരുന്ന കഞ്ഞിയെ പിറ്റേന്ന് പഴങ്കഞ്ഞിയായും കഴിച്ചിരുന്നു അന്നു ഞാന്‍!

സമ്പന്നരായ എന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പലപ്പോഴും ഒരു പരിഹാസ കഥാപാത്രമായി, എന്നാല്‍ അഭിമാനത്തോടെ പഠിച്ചിരുന്ന എന്റെ ജീവിതത്തിലേക്ക് വളരെ യാദൃശ്ചികമായാണ് സുരഭി കടന്നു വന്നത്.

കൊച്ചരി പല്ലുകള്‍ കാട്ടി സുന്ദരമായി ചിരിക്കുന്ന ഒരു മാലാഖക്കുട്ടി.

അവളുടെ വെളുത്തു തുടുത്ത കവിളുകളിലെ നുണക്കുഴികള്‍ മാത്രം മതി ഏതു തിരക്കിനിടയിലും അവളെ തിരിച്ചറിയാന്‍.

ഞാന്‍ ഉള്‍പ്പെടെ അറുപതോളം അന്തേവാസികള്‍ ഉള്ള ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍.

വരുന്നത് അവളുടെ അമ്മയോടൊപ്പം... സുശീല എന്ന മനോഹരമായ പേരുള്ള അവളുടെ അമ്മയോടൊപ്പം....

മാന്യന്മാര്‍ പകല്‍ സമയങ്ങളില്‍ പുശ്ചത്തോടെ കാര്‍ക്കിച്ചു തുപ്പുകയും, ഇരുളു വീണാല്‍ പട്ടുപരവതാനി വിരിച്ച് ആനയിക്കുകയും ചെയ്യുന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരു വഹിക്കുന്നവള്‍!

‘വേശ്യ’

സുശീലക്ക് ഏതോ മാന്യന്‍ തന്റെ അനുകമ്പ ഒരിക്കല്‍ ‘സുരഭി’ എന്ന നാമത്തില്‍ സമ്മാനിച്ചതാണ്....

ഞാന്‍ കാണുമ്പോള്‍ സുരഭിക്ക് ഏഴ്, എട്ട് വയസ്സില്‍ ഏറെ ആയിട്ടുണ്ടാവില്ല....

അവളെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും വളരെ യാദൃശ്ചികമായാണ്..... അതിനു മുന്‍പും അവളെ എനിക്ക് അറിയാമായിരുന്നു എങ്കിലും വേശ്യയുടെ മകള്‍ എന്ന അറക്കുന്ന കണ്ണുകളിലൂടെ ആയിരുന്നു എന്റേയും നോട്ടം...

ആഡംബരങ്ങള്‍ക്ക് ചിലവാക്കാന്‍ കീശയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ മാന്യനായി പോയതെന്ന് ഹരീഷ് ചിലപ്പോള്‍ പരിഹസിക്കാറുണ്ടെങ്കിലും അത്യാവശ്യം ചിലവാക്കാന്‍ പണമുണ്ടായിരുന്ന അവനും ഇത്തരം സാഹസങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു.

അതിനാല്‍ തന്നെ മാംഗ്ലൂരില്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തും അവന്‍ തന്നെ ആയിരുന്നു.

അന്ന് ഒരു ഞായറാഴ്ച്ച.... ഹരീഷ് വേഗത്തില്‍ ഓടി വന്ന് എന്നോട് പറഞ്ഞു...”നീ ഒന്നിങ്ങു വന്നെ.... ദേ ഒരു കഴ്വറട മോന്‍ കാണിക്കുന്നതു കണ്ടില്ലെ?”

കാര്യം മനസിലായില്ലെങ്കിലും ഞാനും ഹരീഷിനൊപ്പം അവിടെക്ക് ചെന്നു.

സുരഭി പരിഭ്രമിച്ച് കരയുന്നതായിരുന്നു ഞാന്‍ കണ്ടത്.... നുണക്കുഴിയുള്ള മനോഹരമായ കവിളുകളില്‍ നഖക്ഷതങ്ങള്‍....മുടി പാറിപ്പറന്ന് കിടക്കുന്നു.....

“എടാ ആ രാകേഷ് മൈ....ന്‍ ഈ കൊച്ചിനെ ഉപദ്രവിക്കുകയായിരുന്നു... എന്നെ കണ്ടതും കളഞ്ഞിട്ടു പോയി” ഹരീഷ് അതു പറഞ്ഞപ്പോള്‍ മറ്റെന്തോ പ്രതീക്ഷിച്ചു വന്ന ഞാന്‍ ഞെട്ടലോടും, അതുഭുതത്തോടും അവളുടെ മുഖത്തേക്ക് നോക്കി.

ഇത്ര നിഷ്കളങ്കമായ ഈ മുഖത്തു നോക്കി.... ഇത്രയും ചെറിയ ഒരു കുട്ടിയെ...ദൈവമെ?

എനിക്ക് രാകേഷിനോടുള്ളതിനേക്കാള്‍ ഈ കൊച്ചു കുഞ്ഞിനെ വെളിയില്‍ കാവലിരുത്തി അകത്ത് രമിക്കുന്ന അവളുടെ അമ്മയോടുള്ള ദേഷ്യം അണപൊട്ടി.

പ്രതിഷേധിക്കാന്‍ ഒരുങ്ങിയ എന്നെ ഹരീഷ് തടഞ്ഞു.... “വേണ്ട അല്ലെങ്കില്‍ തന്നെ ഇവന്മാര്‍ക്കിടയില്‍ നമ്മള്‍ അലവലാതികളാണ്...പൊല്ലാപ്പിനൊന്നും പോകെണ്ട പൊന്നെ”

“അല്ലടാ അവളില്ലെ... ഈ പാവം കുട്ടിയെ വെളിയിലിരുത്തി അകത്ത് സുഖിക്കുന്നവള്‍ അവളോടാണ് എനിക്ക് ചോദിക്കാനുള്ളത്“.... എന്റെ കോപം തണുത്തില്ല.

ഹരീഷ് ചിരിച്ചു...”നീയെന്തറിയുന്നു? അവര്‍ സുഖിക്കുകയാണെന്നോ കഷ്ടം... ഒരാളുടെ കാമവെറി തീരുമ്പോള്‍ കിട്ടുന്നത് രണ്ട് രൂപാ... കുറച്ചു കൂടി മനസലിവുള്ളവര്‍ അഞ്ചു രൂപാ കൊടുക്കും... അതുകൊണ്ട് വേണം അവര്‍ക്ക് ഇന്നത്തെ അന്നം കണ്ടെത്താന്‍”....

ദൈവമെ.... അപ്പോള്‍ ഈ ഹോസ്റ്റലിലുള്ള അന്‍പതില്‍ പരം ആള്‍ക്കാര്‍ കയറിയിറങ്ങുമ്പോള്‍?... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..

അതേടാ... ഹരീഷ തുടര്‍ന്നു.... അവര്‍ക്ക് കിട്ടുന്നത് തുശ്ചമായ നൂറോ, നൂറ്റമ്പതോ രൂപാ.... അതു കൊണ്ടു ചെന്നിട്ടു വേണം തളര്‍ന്നു കിടക്കുന്ന അമ്മയ്ക്കും, പ്രായാധിക്യത്താല്‍ ശയ്യാവശനായ അച്ഛനും, പിന്നെ ആരോ കനിഞ്ഞു ഉദരത്തില്‍ നിക്ഷേപിച്ചു കൊടുത്ത ഈ പാവം കുഞ്ഞിനും വിശപ്പടക്കാന്‍!

ഇതൊക്കെ നീയെങ്ങനെ മനസിലാക്കി.... ഞാന്‍ ഹരീഷിനെ സംശയത്തില്‍ നോക്കി....

നീ നോക്കെണ്ട.... വീട്ടിലെ കാര്യങ്ങള്‍ ഞാന്‍ ഈ കുഞ്ഞിനോട് ചോദിച്ച് മനസിലാക്കിയതാ.... ഇവടെ അമ്മയ്ക്ക് കിട്ടുന്ന തുക ഞാന്‍ നമ്മുടെ വമ്പന്മാരോട് ചോദിച്ചു മനസിലാക്കിയതും!

“എടാ കൊട്ണാപ്പാ.... നീ വരുന്നോ....“ രാകേഷ് ഒരു തോര്‍ത്തു മുണ്ടില്‍ നാണം മറച്ച് ഞങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ഇനി ഇവടെ അമ്മേടെ കൂടെ കുളിച്ചുകൊണ്ട് ഒരു ക‌‌--..... കാണാനെങ്കിലും വാടാ മൈ---!! സുരഭിയെ ചൂണ്ടിക്കൊണ്ട് രാകേഷിന്റെ കമന്റ്....

നിലത്തുറക്കാത്ത കാലുകളും പരിഹാസഭാവമുള്ള കണ്ണുകളുമായി ആര്‍ത്തിയോടെ അവന്‍ നടന്നകന്നപ്പോള്‍ സഹതാപം മാത്രമായിരുന്നു എന്റെയും, ഹരീഷിന്റെയും മനസില്‍....

ഞാന്‍ സുരഭിയെ അടുത്തു വിളിച്ചു.... അവള്‍ പൂര്‍ണ സുരക്ഷിത ബോധത്തോടെ എന്റെ അരികിലേക്ക് നീങ്ങി നിന്നു.

എന്താ മോടെ പേര്?

അവള്‍ ഉറക്കാത്ത ശബ്ദത്തില്‍ കന്നടകലര്‍ന്ന മലയാളത്തില്‍ പറഞ്ഞു.... ‘സുരഭി’... അവളുടെ ചിരിയും ചിരിക്കുള്ളിലെ മനോഹരമായ നുണക്കുഴികളും കണ്ടപ്പോള്‍ സൌരഭ്യം നിറച്ച് ഒരു കുളിര്‍ക്കാറ്റ് തഴുകി പ്പോയ ഒരു അനുഭൂതി....

മോള്‍ക്ക് വിശക്കുന്നുണ്ട്?

ഇല്ല... പക്ഷെ ദാഹിക്കുന്നു മാമാ.... എനിക്കു കുറച്ചു വെള്ളം തരുമോ?" അന്നു മുതല്‍ അവള്‍ എന്നെ മാമാ എന്നു വിളിച്ചു തുടങ്ങി...... എന്റെ ചങ്ങാതിമാര്‍ മറ്റൊരു അര്‍ത്ഥത്തില്‍ “മാമാമാമാ” എന്നു നീട്ടി വിളിച്ച് കളിയാക്കാനും!

പിന്നെ പിന്നെ അവള്‍ എന്റെയും ഹരീഷിന്റെയും നല്ല ചങ്ങാതിയായി മാറി....

വീട്ടിലെ ചെറിയ ചെറിയ സംഭവങ്ങള്‍, കൂട്ടുകാരുമൊത്തുള്ള കുസൃതികള്‍ അങ്ങനെ എല്ലാം എന്നോട് പങ്കു വെക്കാന്‍ അവള്‍ മറന്നിരുന്നില്ല....

ഞാന്‍ ഇടക്ക് നാട്ടില്‍ പോയി വരുമ്പോള്‍ അവള്‍ക്ക് നല്‍കാനായി പലഹാരങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു....

അങ്ങനെ സുരഭി എനിക്ക് കുഞ്ഞനുജത്തിയായി..... അവളുടെ എല്ലാ കുസൃതികള്‍ക്കും കൂട്ടു നില്‍ക്കുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നും അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുന്ന ഏട്ടനായി ഞാന്‍!

പക്ഷെ യാത്ര പറച്ചില്‍ അനിവാര്യമായിരുന്നു..... അവള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു...” മാമാ പോകല്ലെ... അല്ലെങ്കില്‍ എന്നെ കൂടി കൊണ്ടു പോകൂ”

ഒരു ഇരുപത്തിരണ്ട് വയസുകാരന് സാധിച്ചുകൊടുക്കാന്‍ കഴിയാത്ത ആവിശ്യം.... അതിനാല്‍ തന്നെ അത്യന്തം വിഷമത്തോടെ സുരഭിയോട് യാത്ര പറഞ്ഞു.

പിന്നെ സര്‍ട്ടിഫിക്കേറ്റ് വാങ്ങാന്‍ ചെന്ന ദിവസം അവളെ കണ്ടു.... അവളുടെ കുസൃതികള്‍ ആസ്വദിച്ചു.... പരിഭവങ്ങള്‍ കേട്ടു.... എപ്പോഴും വരണെ എന്ന ആവിശ്യം സാധിച്ചു കൊടുക്കാന്‍ സാധിക്കില്ല എന്നറിഞ്ഞു കൊണ്ടുതന്നെ സമ്മത ഭാവത്തില്‍ തലയാട്ടി.... പിന്നെ സങ്കടത്തോടെ വിട പറഞ്ഞു....

സുരഭി ഒരു അണയാത്ത ഓര്‍മ്മയായി എന്റെ മനസിന്റെ കോണില്‍ കത്തി നിന്നിരുന്നു.....

അതിനാല്‍ തന്നെ കല്യാണശേഷമുള്ള ഹണിമൂണ്‍ യാത്രയില്‍ മംഗലാപുരവും ഉള്‍പ്പെടുത്താന്‍ ഞാന്‍ മനപ്പൂര്‍വ്വം തീരുമാനിച്ചത്.. ഭാര്യയോട് സുരഭിയെ കുറിച്ച് അതിനു മുന്നെ തന്നെ വിവരിച്ചിരുന്നതിനാല്‍ അവള്‍ക്കും സുരഭിയെ കാണണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു....

ഉച്ചയോടെ മംഗലാപുരത്തെത്തി..... ആദ്യം സുരഭിയെ കണ്ടു പിടിക്കല്‍ തന്നെയായിരുന്നു ലക്ഷ്യം....

അവളുടെ വീടിരുന്നിടത്ത് ഒരു മണിമാളിക..... വിട്ടുകാരോട് ചോദിച്ചപ്പോള്‍ സുരഭിയോ, സുശീലയോ അവരുടെ ഓര്‍മ്മകളില്‍ പോലും ഇല്ല എന്നു മനസിലായി....

പലയിടത്തും തിരഞ്ഞു നിരാശയോടെ തിരികെ പോരാന്‍ തുനിങ്ങപ്പോള്‍ വാമഭാഗം ഓര്‍മ്മിപ്പിച്ചു “രാത്രിയില്‍ യാത്ര വേണ്ട... നമ്മുക്ക് ഇന്ന് ഇവിടെ തങ്ങാം” അങ്ങനെ ഒരു ഹോട്ടലില്‍ മുറിയെടുത്തു....

ചിന്താഭാരത്തിലിരിക്കുന്ന എന്നെ ആശ്വസിപ്പിച്ച് ഭാര്യ പറഞ്ഞു.... അത് അങ്ങനെയൊക്കെയാ.... നമ്മുടെ ആരുമല്ലല്ലോ.... ഇനി അതോര്‍ത്ത് വിഷമിക്കെണ്ട”

സുരഭി എനിക്കാരുമായിരുന്നില്ല എന്ന് മനസാക്ഷിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിഫലമായി.... അവളുടെ കുഞരിപ്പല്ലുകളും, നുണക്കുഴികളും എന്റെ കണ്മുന്നില്‍ കൂടുതല്‍ തിളക്കത്തോടെ വന്നു നൃത്ത വച്ചു...

ഏട്ടാ...ഹോട്ടലിലെ ഈ സ്റ്റാര്‍ ഫുഡ് എനിക്കു കഴിച്ചു മടുത്തു..... പുറത്തു നിന്ന് എന്തെങ്കിലും വാങ്ങി വരുമോ.....വാമഭാഗത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഇറങ്ങുമ്പോഴും മനസ്സ് അസ്വസ്തമായിരുന്നു...

അടുത്തുള്ള ഒരു സാധാരണ ഹോട്ടലില്‍ നിന്നും ഭര്യക്ക് ഏറ്റവും ഇഷ്ടമുള്ള മസാലദോശ പൊതിഞ്ഞുവാങ്ങി വെളിയില്‍ ഇറങ്ങുമ്പോള്‍ നഗരത്തിന്റെ ഇരുണ്ട മൂലകളില്‍ നിന്നും തിളങ്ങുന്ന കണ്ണുകളിലെ വെളിച്ചം എന്റെ ശരീരത്തില്‍ വീണു പ്രതിഫലിച്ചു.

പലമുഖങ്ങള്‍.... അവയില്‍ ഒന്ന് എന്റെ അടുത്തേക്ക് നീങ്ങി നിന്ന് വശ്യമായി പുഞ്ചിരിച്ചു..... ചുണ്ടുകളില്‍ ചായം പുരട്ടിയ, മുടിയില്‍ നിറയെ മുല്ലപ്പൂവാല്‍ അലങ്കരിച്ച, നെറ്റിയല്‍ അസ്വഭാവികതയുടെ ചുവന്ന സിന്ദൂരം ചൂടിയ ഒരു പെണ്‍കുട്ടി.

പക്ഷെ അവളുടെ ചിരിയിലെ നുണക്കുഴികള്‍ എന്നെ ഒരു നിമിഷം സ്തബ്ദനാക്കി!

സുരഭി?

അവളുടെ മുഖം വിവര്‍ണമായോ? അവളുടെ നുണക്കുഴികള്‍ പൊടുന്നനവെ ശോകത്തിന് വഴിമാറിയോ? അവള്‍ എന്നെ മാമാ എന്നു നീട്ടിവിളിക്കാന്‍ ശ്രമിച്ചുവോ? അവളുടെ കണ്ണുകള്‍ നിറഞ്ഞുവോ?

ഒന്നുമറിയില്ല.... പക്ഷെ വശ്യമായി പുഞ്ചിരിച്ച് എന്റെ നേരെ നടന്നടുത്ത അവള്‍ എന്തിനാണ് പൊടുന്നനവെ പിന്തിരിഞ്ഞു നടന്നത്?

എന്തുകൊണ്ടാണ് എന്റെ കയ്യിലിരുന്ന മസാല ദോശയുടെ പൊതി, നിലത്ത് വീണ് ചിന്നിച്ചിതറിയത്?

തിരികെ റൂമിലെത്തി പെട്ടെന്ന് എല്ലാം വാരി വലിച്ച് പെട്ടിയില്‍ നിറക്കുന്ന എനികു നേരെ അത്ഭുതത്തിന്റെ ചോദ്യം എറിഞ്ഞു വാമഭാഗം....

എവിടെ പോകുന്നു ഈ രാത്രിയില്‍?

നമ്മള്‍ ഇപ്പോള്‍ തന്നെ മംഗലാപുരം വിടുന്നു... ഈ നിമിഷത്തില്‍!!!! ഇനി ഒരിക്കലും ഈ നഗരത്തിലേക്ക് വരാന്‍ തോന്നരുതെ എന്ന പ്രാര്‍ത്ഥനയുമായി!!!

ഒന്നും മനസ്സിലാകാത്തമുഖഭാവവുമായി അവള്‍ എന്നെ പിന്തുടര്‍ന്നു.....

Monday, 10 August 2009

ലക്ഷ്മിയമ്മ

ലക്ഷ്മിയമ്മ!

പേരിനു ചേരുന്ന ഒരു മുഖമൊന്നുമല്ല ലക്ഷ്മിയമ്മക്ക്.

എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ ഇന്നു ഞാന്‍ കാണും വരെ ലക്ഷമിയമ്മക്ക് ഒരേ മുഖം.

മുറുക്കി ചുവപ്പിച്ച കറുത്തിരുണ്ട പല്ലുകളില്‍ ഒരെണ്ണം പോലും കൊഴിഞ്ഞു പോയിട്ടില്ല.

മുഖത്തെ ചുളുവുകളുടെ എണ്ണത്തില്‍ കുറവില്ല.

കണ്ണുകളിലെ നിഷകളങ്കതക്കും പ്രസരിപ്പിനും മങ്ങലെറ്റിട്ടില്ല.

എന്തിന് ലക്ഷ്മിയമ്മ ഉടുക്കാറുള്ള മുഷിഞ്ഞു നാറിയ മുണ്ടു പോലും കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാറിയിട്ടുണ്ടോ എന്നു സംശയിക്ക തക്ക വിധത്തില്‍ മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ പഴമയുടെ പ്രതീകമായി ലക്ഷ്മിയമ്മ!

എന്റെ അമ്മയേക്കാള്‍ പത്ത് വയസിനെങ്കിലും പ്രായത്തില്‍ മുതിര്‍ന്ന ലക്ഷ്മിയമ്മ അമ്മയെ “കുഞ്ഞമ്മേ“ എന്നായിരുന്നു വിളിക്കുക.

എന്തിനാ ലക്ഷ്മിയമ്മെ എന്നെ അങ്ങനെ വിളിക്കുന്നെ, എന്നെ പേരു ചൊല്ലി വിളിച്ചാല്‍ പോരെ എന്ന് അമ്മ പലതവണ വിലപിക്കുന്നത് കേട്ടിട്ടുണ്ട്.

അപ്പോളെല്ലാം ലക്ഷ്മിയമ്മ അച്ചില്‍ വാര്‍ത്തെടുത്ത പോലെയുള്ള സ്ഥിരം മറുപടി പറയും.

“എന്റെ അമ്മൂമ്മയുടെ അമ്മൂമ്മയുടെ കൊച്ചു മോടെ മോളായ “കുഞ്ഞമ്മ” യെ ഞാന്‍ പേരു ചൊല്ലി വിളിക്കാനോ...ശിവ! ശിവ! ഗുരുത്വദോഷം പറയല്ലെ കുഞ്ഞമ്മെ... ഹല്ല പിന്നെ!

അതിനെ എതിര്‍ക്കാന്‍ പോയാല്‍ ഒരുവായില്‍ ഓരായിരം “കുഞ്ഞമ്മെ” വിളി ഒന്നിച്ചു കേള്‍ക്കേണ്ടി വരുമല്ലോ എന്നു ഭയന്ന് അമ്മ പിന്നെ അത് കേട്ടില്ലെന്നു ഭാവിക്കലായി!

എന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായ ലക്ഷ്മിയമ്മക്ക് ഒരു ചെറിയ അസുഖമുണ്ട്.

മോഷണം എന്ന അസുഖം!

ലക്ഷ്മിയമ്മ മോഷ്ടിക്കുന്നത് സ്വര്‍ണവും രക്നവും വൈരങ്ങളുമൊന്നുമല്ല.

മുറ്റത്തു കിടക്കുന്ന ഒരു “കൊട്ടത്തേങ്ങ”... അല്ലെങ്കില്‍ ഒരു വിറകിന്റെ കഷ്ണം, അതുമല്ലെങ്കില്‍ എന്റെ അച്ഛന്റെ മുറുക്കാന്‍ പാത്രത്തില്‍ നിന്നും പുകയിലയുടെ മരം!

പക്ഷെ അമ്മ വഴക്കുണ്ടാക്കും.

എന്തിനാ ലക്ഷ്മിയമ്മെ ഇങ്ങനെ കട്ടെടുക്കുന്നെ, നിസാര സാധനങ്ങള്‍ അല്ലെ, ചോദിച്ചാല്‍ തരില്ലെ?

മുഖം തേന്‍ കൂടു പോലെയാക്കി ഇറങ്ങി പോയാല്‍ പിന്നെ ഒരാഴച്ചത്തേക്ക് വീട്ടിലേക്ക് കയറില്ല.

പിന്നെ ഒരു ദിവസം ലക്ഷ്മിയമ്മയുടെ ചിലമ്പിച്ച ശബ്ദം കേള്‍ക്കാം.

കുഞ്ഞമ്മോ കഞ്ഞി ഊറ്റിയ വെള്ളം ഇരുപ്പുണ്ടോ? സ്വല്പം പുളിശേരിയുമൊഴിച്ച് ഇങ്ങെടുത്തെ... വല്ലാത്ത അന്തര്‍ദാഹം!

അമ്മ പുഞ്ചിരിക്കും. “എവിടാരുന്നു ഇത്രയും ദിവസം?”

“എന്റെ കുഞ്ഞമ്മെ ഞാന്‍ ആറന്മുള അമ്പലത്തില്‍ വരെ പോയി അവിടെ അങ്ങു കുത്തിയിരുന്നു. ഭഗവാന്‍ പറഞ്ഞു പോകെണ്ടാന്ന്. അതു കേള്‍ക്കാതെ ഇങ്ങു പോരാനൊക്കുമോ...ഹല്ല പിന്നെ!”

പിന്നെ എന്താ ഇപ്പോള്‍ ഇങ്ങു പോന്നെ...?

“ഹല്ല കുഞ്ഞമ്മെ നമ്മളൊക്കെ തറവാടി നായന്മാരല്ലെ... വല്ലവനും വച്ചു വെളമ്പുന്നത് നമ്മളു തിന്നുമോ?” വിശപ്പു സഹിക്കാന്‍ വയ്യഞ്ഞപ്പോള്‍ ഇങ്ങു പോന്നു... ഹല്ല പിന്നെ!”

ഗ്രാമത്തിലെ ആദ്യ ടെലിവിഷന്റെ വരവ് മനസറിഞ്ഞ് ആഘോഷിച്ചത് ലക്ഷ്മിയമ്മയായിരുന്നു.

ടെലിവിഷനില്‍ ആദ്യമായി കണ്ട ഫുട്ബോള്‍ മാച്ചിനു മുന്നില്‍ അന്തം വിട്ടിരിക്കുന്ന ലക്ഷ്മിയമ്മയോട് വീട്ടുകാരന്‍ ചോദിച്ചു.

“എന്താ ലക്ഷ്മിയമ്മെ പന്തുകളി ഇഷ്ടപ്പെട്ടോ?”

“പന്തുകളിയൊക്കെ കൊള്ളാം മോനെ... പഷേഷേഷേ.... ഇവന്മാരെങ്ങനെയാ മോനെ ഇതിനകത്തു കയറിയെ?”

അന്തം വിട്ടു നില്‍ക്കുന്ന വീട്ടുകാരന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ലക്ഷമിയമ്മ പോകും..

ലക്ഷ്മിയമ്മയുടെ സംശയങ്ങള്‍ സംശയങ്ങളായി തന്നെ തുടരും....

ഉത്തരം കിട്ടാത്തവയ്ക്ക് ഡഫനിഷന്‍ ലക്ഷ്മിയമ്മ തന്നെ കണ്ടെത്തും.

എന്നിട്ട് അത് നാലാള്‍ കൂടുന്നിടത്ത് അവതരിപ്പിക്കും.

ആ സമയത്ത് പൊക്രാനില്‍ അണു പരീക്ഷണം നടത്തിയ ശേഷം അതിന്റെ ശാസ്ത്രഞ്ജന്മാര്‍ക്കുണ്ടായ തലയെടുപ്പായിരിക്കും ലക്ഷ്മിയമ്മക്ക്!

“സ്റ്റേഫ്രീ“യുടെ പരസ്യം കണ്ട ലക്ഷ്മിയമ്മക്ക് സംശയം മുളപൊക്കി!

എന്താ മോനെയത്?

അടുത്തിരുന്നു റ്റെലിവിഷന്‍ കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരനോട് ലക്ഷ്മിയമ്മയുടെ ചോദ്യം.!

പയ്യന് ഉത്തരം മുട്ടി നില്‍ക്കുമ്പോള്‍ ലക്ഷ്മിയമ്മയുടെ ആത്മഗതം!

ഇവനൊന്നും ഇതു പോലും അറിഞ്ഞു കൂടാ...

“എടാ പൊട്ടന്‍ കുണാപ്പാ അത് മോഡേണ്‍ ബ്രഡിന്റെ പടമല്ലെ കാണിച്ചെ?” പയ്യന്റെ തലക്കിട്ടൊരു കൊട്ടും കൊടുക്കാന്‍ മറന്നില്ല.

പോലമരം തീറ്റിക്കൊപ്പം ബീഡിവലിയും ശീലമാണ് ലക്ഷ്മിയമ്മക്ക്!!

പക്ഷെ അതു ആരും കാണാതെ ഒളിച്ചിരുന്നാണെന്നു മാത്രം.

ഒരിക്കല്‍ ഇതു കണ്ട എന്റെ ജേഷ്ടനോട് ലക്ഷ്മിയമ്മയുടെ ഒരു അപേക്ഷ.

“മോനെ ആരോടും പറയല്ലെ... അമ്മാവന്മാരൊക്കെ അറിഞ്ഞാല്‍ എന്നെ കൊന്നു തിന്നു കളയും.... മോന് ഇച്ചേയി പത്ത് പൈസക്ക് റസ്ക് വാങ്ങിത്തരാം കേട്ടോ”

ഗ്രാമത്തിലെ പ്രായമായവരെല്ലാം ലക്ഷ്മിയമ്മയുടെ അമ്മാവന്മാരും, അമ്മായി മാരും കുഞ്ഞമ്മമാരും, വലിയച്ഛന്മാരുമൊക്കെയാണ്.

എങ്ങനെ എന്നു ചോദിച്ചാല്‍ ലക്ഷ്മിയമ്മ ആദ്യം പിടിക്കുക അമ്മൂമ്മയുടെ അമ്മൂമ്മയയോ, അല്ലെങ്കില്‍ അപ്പൂപ്പന്റെ അപ്പൂപ്പനെയോ ഒക്കെയാവാം!

തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ എടാ, ചെറുക്കാ, മോനെ എന്നൊക്കെ ആവും സംബോധന!

അതിനും ലക്ഷ്മിയമ്മ ഒരു ബന്ധത്തെ കൂട്ടു പിടിക്കും!

ചുരുക്കം പറഞ്ഞാന്‍ ഗ്രാ‍മം ലക്ഷ്മിയമ്മയുടെ വീടാണ്, ഗ്രമവാസികള്‍ ബന്ധുക്കളും.

മരണം വിവാഹം ഇതിലൊന്നും പ്രത്യേക ക്ഷണപത്രമില്ലെങ്കിലും ലക്ഷ്മിയമ്മ ഹാജര്‍!

മരണവീട്ടില്‍ കരയാനും, വിവാഹ വീട്ടില്‍ ഉത്സഹത്തോടെ ഓടി നടന്ന് ബന്ധുക്കളെ സ്വീകരിക്കാനും ലക്ഷ്മിയമ്മയുണ്ടാവും.

ലക്ഷ്മിയമ്മയുടെ പ്രവര്‍ത്തികളില്‍ ആര്‍ക്കും ഒരു നീരസവും ഉണ്ടാവാറില്ല.

സംഭാവനകള്‍ സ്വീകരിക്കാറില്ല... എന്നാല്‍ സ്വീകരിച്ചാലോ അത് അഞ്ചു രൂപയില്‍ കൂടുതല്‍ ആകരുതെന്ന് നിര്‍ബന്ധവും ഉണ്ട്.

വായനയോ, എഴുത്തോ അറിയാത്ത ലക്ഷ്മിയമ്മ സംഭാവന നല്‍കുന്നവരോട് ചോദിക്കും.....

“എത്രയാടാ കൊച്ചെ ഈ പൈസ?”

അത് പത്തു രൂപയാണ് ലക്ഷ്മിയമ്മെ..

“പോടാ നീ ഇതു കൊണ്ടു പോയി നിന്റെ തന്തക്ക് കൊണ്ടു ക്കൊട്... അവന്‍ പത്ത് രൂപയും പൊക്കി പിടിച്ചു കൊണ്ടു വന്നിരിക്കുന്നു ലക്ഷ്മിയമ്മയെ അങ്ങു സുഖിപ്പിക്കാന്‍”

സംഭാവന്‍ കൊടുക്കാന്‍ മുതിര്‍ന്നവന്‍ ചൂളും.

ഇനി അഞ്ചു രൂപയെ ഉള്ളുവെങ്കിലോ.... സന്തോഷത്തോടെ വാ‍ങ്ങി മടിശീലയില്‍ തിരുകും.

പിന്നെ പോകുന്നിടമെല്ലാം സംഭാവന കൊടുത്തവനെ പുകഴ്ത്തി രണ്ട് വാക്കു പറയാനും ലക്ഷ്മിയമ്മ മറക്കില്ല.

“എടീ അമ്മിണീ നീ അറിഞ്ഞില്ലെ നമ്മുടെ തേക്കേലെ വാസുപിള്ളെടെ മോനില്ലെ... അവന്‍ എനിക്ക് അന്ന്ചു രൂപാ തന്നെടീ”

അങ്ങനെ ഗ്രാമ നിഷ്കളന്ന്കതയുടെ പ്രതീകമായ ലക്ഷ്മിയമ്മ നൂറു വയസു പിന്നിട്ടും ആരോഗ്യവതിയായി പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുകയാണ് ഇപ്പോഴും.

ഗ്രാമത്തിന്റെ നൈര്‍മ്മല്യം മനസില്‍ സൂക്ഷിക്കുന്ന എനിക്ക് അഭിമാനത്തോടെ ഓര്‍ക്കാന്‍ പറ്റിയ എന്റെ ഗ്രാമവാസിയായി!

Friday, 12 June 2009

പ്രണയം എന്നാല്‍?

പ്രണയം - അത് പ്രേമം, കാമം,
സഹനം, കരുണം, ദുഃഖം, ഹര്‍ഷം,
ആത്മാര്‍ത്ഥത എന്നീ സപ്ത മണികള്‍
ക്രമമില്ലാതെ കോര്‍ത്ത ഭംഗിയുടെ-
അഭംഗി നല്‍കുന്ന, മണിമാലയാകുന്നു.

ചടുലമാം യ്യൌവ്വന മലര്‍വാടിയില്‍,
ജാതി, മത മുള്ളുകളാല്‍ വലയപെട്ട
പനിനീര്‍ തണ്ടില്‍, അനുവാദത്തിന്റെ-
ഔചിത്യമില്ലാതെ നാമ്പിടാവുന്ന,
ശോണിമ വിതറും, പനീര്‍ ദളങ്ങളാകുന്നു.

കാലത്തിന്‍ ‍നില‍ക്കാത്ത കുത്തൊഴുക്കില്‍,
അശരണതയുടെ ക്രൂരമാം കൂരിരിട്ടാല്‍-
ഇരുളടഞ്ഞ, ഹൃത്തിന്റെ ഉള്‍ക്കാമ്പില്‍,
പ്രതീക്ഷകളുടെ ഇത്തിരി വെട്ടത്തിന്‍-
മിന്നലുകള്‍ മിന്നിക്കും, മിന്നാമിനുങ്ങുകളാകുന്നു.

കാര്‍മേഖ മുഖരിതമായ, കരുണ നദി വറ്റിയ,
ജീവിത പന്ഥാവിന്‍ നേര്‍വര മാഞ്ഞു പോയ,
അതിക്രൂര മനസ്സില്‍ പോലും, കനിവിന്റെ-
ഉറവയെ ജ്വലിപ്പിക്കാന്‍ ഉതകുന്ന
പ്രതീക്ഷയുടെ, മിന്നല്‍ പിണറുകളാകുന്നു.

Thursday, 4 June 2009

കേരളത്തിലേക്ക് ഒരു യാത്ര(കുട്ടിക്കവിത)ല്‍പ്പന തന്നുടെ തേരില്‍ ഒരിക്കല്‍ ഞാന്‍
കാറ്റിനോടൊപ്പം പറന്നു നോക്കി.

ടലേഴും കടന്നങ്ങാ പെരുമകള്‍ നിറയുന്ന
ലയുടെ നാട്ടില്‍ ഞാന്‍ ചെന്നിറങ്ങി.

കാണുവാന്‍ സുന്ദരം ഈ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

നകങ്ങള്‍ വിളയുന്ന കേര വൃക്ഷങ്ങളും
കാനന ഭംഗിയും മാസ്മര വിസ്മയം.

ളകളാരവമൂറും അരുവിതന്‍ തെളിമയും
കായലിന്ന് അഴകേകും ചീനവലകളും.

കാവ്യമായൊഴുകും നിളയുടെ സ്മിതമതും
കുത്തിയൊഴുക്കിലെ പമ്പതന്‍ ഈണവും.

കൊയ്ത്തേറ്റു പാടുന്ന ചെറുമി തന്‍ സ്വരമതും.
കാറ്റിനു മണമേകും പൂക്കളും, കായ്കളും.

ലയുടെ രാജാവാം കഥകളി നൃത്തവും
കോലവും ,തെയ്യവും, മോഹിനിയാട്ടവും.

കാലത്തെ വെല്ലുന്ന മണി മന്ദിരങ്ങളും.
ല്ലില്‍ വിരിയിച്ച കോവിലും, കോട്ടയും.

കാഴ്ച്ചക്ക് വിസ്മയമായ നിലങ്ങളും.
ലയുടെ രാഞ്ജിയാം അറബിക്കടലതും.

കാണുവാന്‍ സുന്ദരം എന്‍ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

ല്‍പ്പന തന്നുടെ തേരില്‍ മടങ്ങി ഞാന്‍
ല്‍പ്പക വൃക്ഷത്തിന്‍ നാട്ടില്‍ നിന്ന്

കാതരയായപ്പോള്‍ എന്മനം ചോദിച്ചു
കേരള മണ്ണിലേക്ക് എന്നിനി നീ?

Monday, 1 June 2009

സൌഹൃദം

സൌഹൃദം അന്ന്

ആത്മാവാകുന്ന മണ്‍ ചിരാതില്‍ നിന്നും
അന്തമില്ലാതെ പകര്‍ന്നു നല്‍കുന്ന
ആത്മാര്‍ത്ഥതയുടെ, സഹനത്തിന്റെ,
അത്ഭുത പ്രേമ പ്രവാഹം!

സൌഹൃദം ഇന്ന്

കൈവിരലുകളുടെ ഗതി വേഗത്തിന്ന്
കൂട്ടായി കുറെ കപടതയും, കാമവും, കാമും
കാലപാശത്തെ വെല്ലുന്ന സെല്ലുലാറും
കലികാല പാശുപതാസ്ത്രം!

സൌഹൃദം നാളെ

അര്‍ത്ഥമില്ലാത്ത ഒരു വാക്ക്!

Sunday, 24 May 2009

വാമഭാഗം.
സ്നേഹ മധുരമാര്‍ന്നുളത്തടം അതില്‍
കാവ്യമയമുള്ള ചിന്തകള്‍ എപ്പൊഴും

പ്രേമമയമുള്ള വാക്കുകള്‍ അവള്‍
സ്നേഹിതര്‍ക്കെന്നും ആശ്വാസ സ്പര്‍ശകം.

ക്ഷിപ്ര കോപിഷ്ടയല്ലവള്‍ എങ്കിലും
തെറ്റുകള്‍ അവള്‍ക്കത്രമേല്‍ വര്‍ജ്ജ്യകം.

വീഴ്ചകള്‍ മമ ഭാഗേ നിന്നാകുകില്‍
മാപ്പു ചോദിപ്പാന്‍ ഖേദമൊട്ടില്ലതും.

പൂനിലാവിലെ മഞ്ഞുപോല്‍ ആ മനം
ലോല ലോലം അതാര്‍ക്കും വായിച്ചിടാം.

പ്രേമികള്‍ തൊടും വിദ്വേഷ വീക്ഷകള്‍
കൂരമ്പു പോലതില്‍ രക്തം കിനിച്ചിടും!

തത്ര കാമ ക്രോധ ലോഭ മോഹാദികള്‍
ഒന്നുമേ അവളുടെ ചങ്ങാതിമാരല്ല.

വര്‍ജ്ജ്യ ചതുഷ്ടയം ഹൃത്തിലാവാഹിച്ചതില്‍
കര്‍മ്മ നിരതനാണിപ്പോഴും എപ്പൊഴും!

ബന്ധു ബാഹുല്യ സമ്പുഷ്ടം എന്‍ കൂട്ടം
ബന്ധത്തില്‍ ബന്ധുരം നോവവള്‍ക്കേകിടും.

പ്രേമ രസം തൂകി ഏകുന്ന വാക്കുകള്‍
ആവാഹിച്ചതില്‍ ആഹ്ലാദം കൊണ്ടിടും!

കാതര മാനസി എന്‍ സഖി - അവളെന്റെ
പ്രാണന്റെ പ്രാണന്‍ - എന്‍ വാമഭാഗം.

Sunday, 17 May 2009

നിന്നിലേക്ക്!

കരിംതിരി വിളക്കിന്റെ
ദുഃസ്സഹമായ ജ്വാലകള്‍ക്കരികെ ‍.....
പുരുഷാരങ്ങളുടെ
കൂര്‍ത്ത ദൃഷ്ടികള്‍ക്ക് നടുവില്‍‍....
നിന്റെ ശയനം
എന്നില്‍ അത്ഭുതമുണര്‍ത്തുന്നു!?

കുസൃതി നിറഞ്ഞ,
കഥ പറയുന്ന നിന്റെ കണ്ണുകള്‍...
ഇങ്ങനെ ഇറുക്കി അടക്കാന്‍ മാത്രം
ഭീരുവോ നീ?

സദാ സ്വേദമുറ്റുന്ന
നിന്റെ നാസികാഗ്രങ്ങളിലെ....
ശോണിമയകലാന്‍ മാത്രം
കലുഷിതമോ നിന്‍ മനം?

പ്രേമം ചുരത്തിയിരുന്ന,
നിന്റെ വിടര്‍ന്ന അധരങ്ങള്‍,
വിഷലിപ്ത നീലിമയാക്കി
സ്വയം ക്രൂരയാകുന്നുവോ നീ?

നിശയുടെ അന്ത്യയാമങ്ങളില്‍
എനിക്ക് താരാട്ടിനായി....
ഉച്ചത്തില്‍ മിടിച്ചിരുന്ന
ഹൃത്താളം നിഷേധിച്ച് എന്നെ
പരിഹസിക്കുന്നുവോ നീ?

എന്റെ മുടിയിഴകളില്‍,കവിളുകളില്‍,
പ്രേമകവിത രചിച്ച കരങ്ങള്‍
നാഭിയില്‍ ചേര്‍ത്തു കെട്ടി
നീ ഒരു നിഷേധിയായി മാറുന്നുവോ?

നീ ബാക്കി വച്ച അത്ഭുതം, ഭീരുത്വം
ക്രൂരത, പരിഹാസം, നിഷേധം
എല്ലാം എന്നിലേക്കാവാഹിക്കാന്‍
വീണ്ടും നിന്നോടൊപ്പം ചേരാന്‍
അതി മോഹം, ആകാംഷ
ഞാനും നിശ്ചലന്‍ ആവട്ടെ!

Sunday, 10 May 2009

മരണത്തോട്....

മരണമെ, നീ നിന്‍റെ കരാള ഹസ്തത്താലെന്‍
ഉശ്ച്വാസനാളിയില്‍ പിടിമുറുക്കാതെ!

അതിശൈത്യമേറുന്ന നിന്മേനി എന്നിലേക്ക-
ലിയിച്ചു ചേര്‍ക്കുവാന്‍ വെമ്പല്‍ കൊള്ളാതെ!

ഉറ്റവര്‍ തേങ്ങുന്നതോര്‍ത്തു നീ ഇപ്പോഴേ
നിര്‍ദ്ദയനായിത്ര പൊട്ടിച്ചിരിക്കാതെ!

സീമന്ത രേഖയില്‍ മിഴിവോടെ ചാര്‍ത്തിയ 
സിന്ദൂരതിലകത്തേല്‍ വെണ്ണീര്‍ തൂവാതെ!

ഇനിയേറെ കായ്ക്കുവാന്‍ കൊതിയൂറും മാവിനെ
വെറും പട്ടടയ്കായ് നീ മുറിവേല്‍പ്പിക്കാതെ!

ഫലഭൂഷ്ടിയേറിയ ചെമ്മണ്ണിന്നുച്ചിയില്‍
ചെമ്പിലക്കാടിന്‍റെ വനഭംഗി തീര്‍ക്കാതെ!

ഹവനാഗ്നി മോഹിച്ച ചന്ദന ഗന്ധത്തെ
സ്വാര്‍ത്ഥനാം നീ നിന്‍റെ സഹചാരിയാക്കാതെ!

മരണമെ, ഞാനെന്‍റെ ജീവിത മേരുവിന്‍
പകുതിയിലായെന്നെ പടിയടയ്ക്കേണമോ?

Saturday, 2 May 2009

ജീവിതം ഒരു നഷ്ടം.

മരുവിന്റെ ഘോരമാം ചുടുതാപമേറ്റിന്നു
ഉരുകുകയാണെന്റെ ഉള്ളം.
അകലെയെങ്ങോഎന്റെ കൊച്ചു ഗ്രാമം
അതോര്‍ത്ത് അറിയാതെ മനമൊന്നു തേങ്ങി.
ഉറ്റവര്‍ കരുണാര്‍ദ്ര വദനങ്ങള്‍ എന്നുടെ
വിരഹാര്‍ദ്ര വേദന അധികമാക്കി.
പിന്നിട്ട എന്റെ ഈ ജീവിത വീഥിയില്‍
നഷ്ടത്തിന്‍ ഗുണിതങ്ങള്‍ മാത്രം.
അമ്മതന്‍ മടിത്തട്ടും, വാത്സല്യവും
ഇന്നെന്റെ സ്വപ്നത്തില്‍ മാത്രം.
സ്നേഹത്തിന്‍ പായസ പാലാഴി തീര്‍ത്ത
എന്‍ താതന്‍ - എനിക്കിന്ന് നഷ്ടം
മാറതില്‍ ചേര്‍ത്തെന്നെ ചുംബിച്ചുറക്കിയ
മുത്തശ്തി - ആ താരാട്ട് ഇന്നെവിടെ?
മനുഷ്യ സ്നേഹത്തിന്‍ അര്‍ത്ഥം പഠിപ്പിച്ച - എന്‍
കൂടെപിറപ്പ് ഇന്നു ഒരോര്‍മ്മ !!!!
അറിവിന്റെ നിറകുടം കനിവോടെ ഇറ്റിച്ച
ഗുരുനാഥന്‍ മണ്ണോടു മണ്ണായ്‌ !!
ചിത്തത്തിനുള്ളില്‍ ഞാന്‍ ചിത്രമായ് സുക്ഷിച്ച
കാമുകി - ഇന്നാര്‍ക്കോ ഭാര്യ.
അമ്പലമുറ്റത്തെ എന്‍ കാല്‍പ്പാടിന്‍ മേലെയായ്
യുവത്വങ്ങള്‍ കാല്‍പ്പാടു തീര്‍ത്തു
നഷ്ട്ടങ്ങള്‍ മാത്രമെന്‍ ജീവിത യാത്രയില്‍
ലാഭത്തിന്‍ താളുകള്‍ ശു‌ന്യം.
ദിനങ്ങള്‍ ഓരോന്നായ് ഉരുകി അമരുന്നു
ഓരോ നിമിഷവും നഷ്ടം.
തിരികെ ഗമിക്കുവാന്‍ വൃഥാ ശ്രമിച്ചു ഞാന്‍
ചിറകറ്റ ഈയലിന്‍ പാഴ്ശ്രമം പോല്‍
കാലത്തിന്‍ പിന്‍പില്‍ നിന്നാരോ പറഞ്ഞു
പോകാന്‍ കഴിയില്ല കുഞ്ഞേ നീ
നിന്നുടെ മാനസക്കോണില്‍ ചുരുങീടുക

Sunday, 26 April 2009

ഞെക്കിയാല്‍ പൊട്ടും!

രംഗം ഒന്ന്

പ്രസിദ്ധമായ ചെങ്ങന്നൂര്‍ റേയില്‍‌വേ സ്റ്റേഷന്‍.....

തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ്സ് ഏതാനും നിമിഷങ്ങള്‍ക്കകം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നു.

വെടിവച്ചാന്‍ കോവിലിലെ പതിവ് വെടിവഴിപാട് അനൌണ്‍സ്മെന്‍റ്

ഭാര്‍ഗ്ഗവന്‍ പിള്ള, മൂലം നക്ഷത്രം..... ചെറിയ വെടി 25 വലിയ വെടി 30.

പണം കൊടുക്കുമ്പോള്‍ വഴിപാട് കഴിച്ചവന്‍റെ മൂലത്തില്‍ ഒരു വെള്ളിടി വെട്ടുന്നതൊഴിച്ചാല്‍ എത്ര പൊട്ടി എന്ന് വഴിപാട് കഴിച്ച പിള്ളക്കും, വെടി വിട്ടവനും എന്തിന് പൊട്ടിയ വെടിക്കു പോലും അറിയില്ല.

ഇന്‍ഡ്യന്‍ റെയില്‍‌വേയും, വെടിവച്ചാന്‍ കോവിലും ഏതാണ്ട് ഒരേ ജനുസ്സില്‍ പെടുത്താവുന്നതു കൊണ്ട് ടിക്കറ്റ് എടുത്ത് യാത്രക്ക് തയ്യാറായി നില്‍ക്കുന്നവരില്‍ പ്രത്യേകിച്ച് ഒരു ഭാവ വത്യാസവും ഉണ്ടാക്കിയില്ല.

പൊട്ടിയാലായി, ഇല്ലെങ്കിലായി!!!

വെടിവച്ചാന്‍ കോവിലില്‍ ഇതുവരെ വെടി വഴിപാട് നടത്തിയിട്ടില്ലാത്തതിനാലും, കയ്യിലിരിക്കുന്ന ടിക്കറ്റ് വെറും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ഇടികൊള്ളാനായി കരുതിക്കൂട്ടി റെയില്‍‌വെ തന്നതാണെന്ന ബോധം ഉള്ളതുകൊണ്ടും ഞാന്‍ പ്ലാറ്റ് ഫോമിലിന്‍റെ ഡേയിഞ്ചര്‍ സോണിലേക്ക് നീങ്ങി നിന്നു.

ചേട്ടാ ചാകണമെങ്കില്‍ ഒരു ഉറുമ്പിന്‍ കൂട്ടിയില്‍ കയ്യിട്ടാല്‍ പോരെ എന്തിനാ ട്രേയിന്‍.....

മംഗലാപുരത്തെ സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ചുള്ളന്‍റെ ചെക്കന്‍റെ കമന്‍റ് കേട്ട് അടുത്തു നിന്ന പരാശ്രയമില്ലാതെ നടക്കാന്‍ പോലും ശേഷിയില്ലാത്ത അപ്പൂപ്പന്‍ എന്നെ നോക്കി ഇങ്ങനെ പ്രതികരിച്ചു.

“മോനെ അല്പ നിമിഷം എന്നു പറഞ്ഞാല്‍ രണ്ടു മണിക്കൂറാ നമ്മുടെ റെയില്‍‌വേയുടെ കണക്ക് മോന്‍ അവിടെ നിന്നോ ഒന്നും സംഭവിക്കില്ല....”

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക!!!?? വെറുതെ....!!! ഇന്നത്തെ ചെറുപ്പക്കാര്‍ പറയുന്നതു പോലെ ആ നെല്ലിക്കായ്ക്ക് അത്ര വലിയ മധുരം ഇല്ലെന്ന് എനിക്കും മനസ്സിലായി....

അപ്പൂപ്പന്‍റെ നിഗമനങ്ങള്‍ അമ്പേ പരാജയം ആണെന്ന് വിളിച്ചറിയിച്ചുകൊണ്ട് മലബാര്‍ “എക്സ്പ്രസ്സ്” ഒച്ചിന്‍റെ വഗത്തില്‍ സ്റ്റേഷനെ കുലുക്കി വന്നു നിന്നു.

ചെമ്മരിയാടിന്‍റെ കാറല്‍ പോലെ “ക്യാപ്പിയേയ്” വിളികളും “ച്യായയേയ്” വിളികളും!

ഇണചേരാന്‍ കഴിയാതെ നിരാശനായ കണ്ടന്‍ പൂച്ചയുടെ സ്വരമാധുരിയോടെ “മീല്‍‌സ്” വിളികള്‍!

ഒറ്റാലില്‍ കുടുങ്ങിയ ബ്രാലിനെ പോലെ ഞാന്‍ ഊളിയിട്ട് ട്രേയിനുള്ളില്‍ കടന്നു...

കുതിച്ചു വാതിലിന്ന് അരികിലുള്ള ആദ്യ ക്യാബിനില്‍ തന്നെ ഇടിച്ചു കയറി....

നാലുപേര്‍ ഇരിക്കുന്ന സീറ്റിന്‍റെ നടുവിലേക്ക് പ്രതിഷ്ടിച്ച് ഒന്നു കുലുക്കി! അതവിടെ ഉറപ്പിച്ചു!

പരിസര വാസികള്‍ അല്പം നീരസം പ്രകടിപ്പിച്ചു എങ്കിലും മൈന്‍‌ഡാന്‍ പോയില്ല.....

ട്രേയിന്‍ ഒന്നു മുരണ്ട് കുലുങ്ങി നീങ്ങാന്‍ തുടങ്ങി!

ഞാനും ഒപ്പം കുലുങ്ങി!

രംഗം രണ്ട്

അര്‍ദ്ധനിദ്രയിലാരുന്ന എന്നെ ഉണര്‍ത്തിയത് ശാരദേ എന്ന വിളി!!

നീ ഇങ്ങു പോരടീ...ഇവിടെ ധാരാളം സ്ഥലം ഊണ്ട്....

ചങ്ങനാശ്ശേരി സ്റ്റേഷന്‍!

തട്ടമിട്ട് മുടി മറച്ച ഒരു മലപ്പുറം താത്ത തന്‍റെ ചങ്ങാതിയെ ഉപവിഷ്ടയാക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നു...

കഷ്ടി 4 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ അഞ്ചാമതായി താത്ത വന്നിരുന്ന് നിറച്ചു കഴിഞ്ഞിരിക്കുന്നു....

ഇനി ഒരാള്‍ ഇരുന്നാല്‍ അതു കവിഞ്ഞൊഴുകുമെന്നു സ്പഷ്ടം..... എങ്കിലും താത്ത തന്‍റെ ചങ്ങാതി ശാരദയെ കുലുക്കി കൊള്ളിച്ചു!!

പ്രതീക്ഷിച്ചത് സംഭവിച്ചു.... കവിഞ്ഞ് ഒഴുകുക തന്നെ ചെയ്തു!

ഒരറ്റത്തിരുന്ന നവദമ്പതികളില്‍ മന്മദന്‍ ആ ഒഴുക്കില്‍ പെട്ട് താഴെ വീണു.... കൂടുതല്‍ ഒഴുകുന്നതിനു മുന്‍പെ രതീ ദേവി അദ്ധേഹത്തെ കടന്നു പിടിച്ച് ഒരു ചന്തി വയ്ക്കനുള്ള സ്ഥലം തീറെഴുതി!!

തന്‍റെ പ്രിയതമനെ ഒഴുക്കി കളഞ്ഞ ശാരദയേയും, താത്തയെയും രതീ ദേവി ഉഴിഞ്ഞൊന്നു നോക്കിയെങ്കിലും ആ സമയം ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ എന്ന ഭാവത്തില്‍ അവര്‍ അകലെ നക്ഷത്രം എണ്ണുകയായിരുന്നു!

അതുവരെ നിര്‍വികാരനായിരുന്ന ഞാന്‍ ആ ക്യാബിനിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി!

എന്‍റെ നേരെ എതിരെയുള്ള സീറ്റില്‍ ഇപ്പോള്‍ ആറു പേര്‍!

ജനലിനോട് ചേര്‍ന്ന് അന്‍പത് വയസ്സിനു മേല്‍ പ്രായമുള്ള ഒരു ചുള്ളന്‍!! ഇട്ടിരിക്കുന്ന ടീ ഷര്‍ട്ടില്‍ നിന്നും മനുഷ്യന്‍റെ ഏറ്റവും വീതി കൂടിയ മസ്സിലുകളില്‍ ഒന്നായ ഊളവയര്‍ വെളിയില്‍ ചാടാന്‍ ഊഴം കാത്ത് നില്‍ക്കുന്നു...

പഴുതാര മീശക്കുമേല്‍ പഴയ ഹേമമാലിനി മോഡല്‍ കൂളിങ് ഗ്ലാസ്സ് ഫിറ്റ് ചെയ്ത് താന്‍ അര്‍ദ്ധരാത്രി പോയിട്ട് പട്ടാപ്പകല്‍ പോലും കുടപിടിക്കാത്തവനാണെന്ന് വ്യക്തമാക്കുന്നു ടീയാന്‍!

തൊട്ടടുത്തായി പഴയ വട്ടു സോഡാകുപ്പിയുടെ മൂട് ഒരു ഫ്രയിമില്‍ ഫിറ്റ് ചെയ്ത് അതും മുഖത്ത് വച്ച് മറ്റൊരുവന്‍... പ്രായം പക്ഷെ മധുര പതിനേഴ്.....

ഞാന്‍ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതുകൊണ്ടാവാം ഉന്തിയ പല്ലുകള്‍ കാട്ടി മനോഹരമായ ഒരു ചിരി സമ്മാനിച്ചു....

കുട്ടിച്ചാത്തന്‍ സിനിമയിലെ ത്രീഡീ കണ്ണട മുഖത്തു വച്ചവനെ പോലെ ഞാന്‍ പുറകിലേക്ക് തല വെട്ടിച്ചു..... സോഡാ കണ്ണടയിലൂടെ അയാളുടെ കണ്ണുകള്‍ എന്‍റെ തൊട്ടടുത്ത് വന്നു നില്‍ക്കുന്നതായി തോന്നി....

അടുത്തത് നമ്മുടെ കഥാനായിക ശാരദ.... 40 വയസ് കഴിഞ്ഞതിന്‍റെ നിരാശയൊന്നും മുഖത്തില്ല!... ഉഷാ ഉതുപ്പിനെ തോല്‍പ്പിക്കുന്ന വട്ട പൊട്ടും, ആടയാഭരണങ്ങളും.... ഉടുത്തിരിക്കുന്ന കടും പച്ച സാരിയിലൂടെ ബാല്യവും, കൌമാരവും എന്തിന് യവ്വനം വരെ പകുതിയില്‍ കൂടുതല്‍ വെളിയില്‍ ചാടി നില്‍ക്കുന്നു!!

125 സെന്റീമീറ്റര്‍ വീതിയുള്ള തന്‍റെ അരക്കെട്ട് ഇപ്പോള്‍ പൂര്‍ണമായും സീറ്റില്‍ കടത്തി ഒരു മയക്കത്തിനുള്ള കോപ്പുകൂട്ടുകയാണ് ഡിയര്‍ ശാരദേച്ചി!!

അടുത്ത് വര്‍ണിക്കാന്‍ കഴിയാത്തരീതിയില്‍ മുടി തൊട്ട് പാദം വരെ കറുത്ത പര്‍ദ എന്തിന് കയ്യുറയും, കാലുറയും വരെ ധരിച്ച് കാണികളെ നിരാശപ്പെടുത്തി താത്ത....

അതിനും അപ്പുറത്ത് മന്മദനും, രതീ ദേവിയും.... വീണ്ടും ഒരു ഒഴുക്കില്‍ തന്‍റെ പ്രിയപ്പെട്ടവന്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ അരക്കെട്ടില്‍ കയ്യ് ചുറ്റി മുറുക്കി പിടിച്ച് മയങ്ങുകയാണ് രതി....

മന്മദനാവട്ടെ ചന്തി ഇടക്കിടെ തെന്നി പോകുന്നതിന്‍റെയും ഉറക്കം നഷ്ടപ്പെട്ടതിന്‍റെയും നിരാശയിലും....

എങ്കിലും ചുറ്റിപ്പിടുത്തത്തിന്‍റെ ആലസ്യത്തില്‍ രതീദേവിക്ക് ഇടക്കിടെ ആരും കാണാതെ ചില തലോടലുകള്‍ സമ്മാനിക്കാനും മറക്കുന്നില്ല!

എന്‍റെ തൊട്ടപ്പുറത്ത് ജനലിനോട് ചേര്‍ന്നിരുന്ന് ഒരുവന്‍ മൊബൈലില്‍ ചെറുകെ പിറുപിറുക്കുന്നുണ്ട്!... മണിക്കൂറുകളായി വ്യായാ‍മം തുടങ്ങിയിട്ട്!

ഭാര്യയെ വീട്ടില്‍ ഉറക്കി കിടത്തി പഴയ കാമദേവന്‍ ബാലെയിലെ മദാലസയാമം തേടി പോകുകയാണ് ടീയാന്‍ എന്ന് വ്യക്തമാക്കുന്ന മന്മദരാസാ ഗാനാലാപനം അപ്പുറത്തെ തലക്കല്‍ നിന്നും അത്ര വ്യക്തമല്ലാതെ കേള്‍ക്കാം!

ഇനി എനിക്കും അപ്പുറത്ത്, മംഗലാപുരത്തെ പരാശ്രയ കോളേജുകാര്‍ രണ്ട് കൌമാരകര്‍.... തങ്ങളുടെ മൊബൈല്‍ സെറ്റുകളില്‍ എഫ് എം ജോക്കികളുമായി സല്ലാപത്തില്‍!

പഴയ യുവതുര്‍ക്കിയും, ഇപ്പോള്‍ കവിതയെ മറന്ന് സീരിയലിന്‍റെ മായാ പ്രപഞ്ചത്തില്‍ അകപ്പെട്ടു നാട്ടുകാരെ നട്ടം തിരിക്കുന്നവനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയും വായിച്ച് നീട്ടിയ മുടിയും ജഡപിടിച്ച താടിയുമായി ഒരു ബുജി അതിനും അപ്പുറത്ത്!

ഇതിനെല്ലാം ഉപരി നില്‍പ്പന്മാരായും കിടപ്പന്മാരായും എണ്ണിയാല്‍ ഒടുങ്ങാത്ത പുരുഷാരം വേറെ!

പിന്നെ തലങ്ങും വിലങ്ങും കുറുകെയും ഒരു ഡസന്‍ കാലുകള്‍ മുകളിലത്തെ ബര്‍ത്തില്‍ നിന്നും താഴേക്ക്!!

ചുരുക്കം പറഞ്ഞാല്‍ പാവങ്ങളെ പറ്റിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പണിത ലക്ഷം വീട് കോളണിയിലെ കുടിലുകള്‍ പോലെ അടുക്കി വച്ചിരിക്കുന്ന പുരുഷാരത്തിനിടയില്‍ ശ്വാസം എടുക്കാന്‍ ഒരു ഗ്യാപ്പ് തപ്പി ഞാന്‍ വിഷണ്ണനായി!

ട്രേയിന്‍ വീണ്ടും ചലിച്ചു തുടങ്ങി....

മന്മദരാസായ്യ്ക്ക് ചെവികൊടുക്കാതെ ഞാന്‍ വീണ്ടും മയക്കത്തിലേക്ക്!

രംഗം മൂന്ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരടുത്ത ബന്ധുവിന്‍റെ വിവാഹ ചടങ്ങുകള്‍ ഗംഭീരമായി നടക്കുന്നു.

വകയില്‍ ഒരു അനിന്ദ്രവനായ കല്യാണചെറുക്കന്‍ മാമനായ എനിക്ക് ദക്ഷിണ തന്നിട്ട് കാലില്‍ തൊട്ടു വന്ദിച്ചു!

“ദീര്‍ഘസുമംഗലന്‍ ഭവ” ദക്ഷിണ കിട്ടിയ വെറ്റിലയുടെ തളിര്‍ നുള്ളി തലയി വച്ച് അനുഗ്രഹിച്ചു!

ഇതെന്താടാ നീ കുളിച്ചില്ലെ?? തലമുടിയെല്ലാം ഒരുമാതിരി “ചപ്രിച്ച്” കിടക്കുന്നല്ലോ?

“ഇല്ല ചേട്ടാ ഇന്നു രാവിലെ കുളിച്ചതാ.....”

അസ്വഭാവികമായ മറുപടി കേട്ട് ഞാന്‍ ഞെട്ടി.... സ്വപ്നമായിരുന്നു....

ട്രെയിനില്‍ തന്നെ.....

എന്‍റെ പാദാരവിന്തങ്ങളില്‍ തൊട്ട് നമസ്കരിക്കുകയാണ് വട്ടു സോഡാ!

പെട്ടെന്ന് കാല്‍ വലിച്ചു!

“എന്താ...എന്താ....” സ്വല്പം പേടിയോടെ അവനോട് ചോദിച്ചു!

“ചേട്ടാ ഞാന്‍ അറിയാതെ ഒന്നു ചവിട്ടി.... ചേട്ടന്‍ എന്നെക്കാള്‍ മുതിര്‍ന്നതല്ലെ? പാപം കിട്ടണ്ട”

“ഹും ശരി...ശരി....” സ്വപ്നത്തിലെ അനിന്ദ്രവന്‍റെ തലയില്‍ വച്ച കൈ ഞാനൊന്നും അറിഞ്ഞില്ലെ എന്ന ഭാവത്തില്‍ പിന്‍‌വലിച്ചു!

“സുഖമാണല്ലോ ചേട്ടാ....” അസ്വഭാവികമായ ചോദ്യം!

“അതേല്ലൊ.....” ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി സുഖവിവരം ചോദിച്ചാല്‍ ബിന്‍ലാദനും, ബുഷിനും എന്തിന് അജിത്തിനു വരെ ഒരേ വികാരമായിരിക്കുമല്ലോ?

അതിര്‍ത്തി ലംഘിച്ചു വന്ന കൂത്തിപട്ടിക്കു നേരെ സ്ഥലത്തെ പ്രധാന നായ പയ്യന്‍സ് മുരളും പോലെ ഒരു മുരളലില്‍ എന്‍റെ പ്രതിഷേധം അറിയിച്ച് വീണ്ടും കണ്ണടക്കാന്‍ തുടങ്ങുമ്പോഴാണ് മറ്റൊരു അസ്വഭാവികതയില്‍ എന്‍റെ കണ്ണുടക്കിയത്!!

കയ്യിലിരിക്കുന്ന വലിയ വീതിക്കൂടിയ പ്ലാസ്റ്റിക്ക് കവര്‍ ഹര്‍ത്താലിനിടയില്‍ ഏറുകൊള്ളാതിരിക്കാന്‍ വേണ്ടി നമ്മുടെ പോലീസ് ഏമാന്മാര്‍ പിടിക്കുന്ന മുറിച്ച ചൂരല്‍ കസേര പോലെ നെഞ്ചും കടന്ന് മുഖത്തിന്‍റെ ഏതാണ്ട് പകുതി വരെയും മറച്ച് സോഡാകുപ്പി എന്തോ വലിയ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്...

ഇപ്പോള്‍ ടീയാന്‍റെ മുഖം കണ്ടാല്‍ എവറസ്റ്റ് കീഴടക്കുന്ന പ്രതീതി.....

വണ്ടി എവറ്സ്റ്റോളം പോന്ന ഒരു കുന്ന് കയറുന്നതു കൊണ്ടാവാം ഇടക്കിടെ തന്‍റെ ടൈറ്റ് പാന്റ്സിന്‍റെ സെന്‍റെര്‍ പോയിന്റില്‍ കയ്യമര്‍ത്തി ഗിയര്‍ മാറ്റാന്‍ ടീയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും അത് എത്രത്തോളം വിജയപ്രദമാണെന്ന് പറഞ്ഞറിയിക്കുക പ്രയാസം!

പ്ലാസ്റ്റിക്ക് കവറിലൂടെ അദ്ധേഹത്തിന്‍റെ രണ്ടാം ഹസ്തം എവിടെയോ ഡ്രൈവ് ചെയ്യുന്നുണ്ട് എന്നു വ്യക്തം...!

ഞാന്‍ ഊഹിച്ചതു പോലെ അത് നമ്മുടെ ശാരദേച്ചിയുടെ സെവന്റി എം.എം മേനിയിലായിരുന്നു.....

തന്നെ മറ്റൊരാള്‍ സ്ലൈറ്റായി ഡ്രൈവ് ചെയ്യുന്ന വിവരം ശാരദേച്ചി പോയിട്ട് ശാരദേച്ചിയുടെ തടിച്ചുരുണ്ട ശരീരം പോലും അറിയുന്നുമില്ല....അതിനു തെളിവായി ഹിപ്പോപൊട്ടാമസിന്‍റെ എന്ന പോലെ തുറന്നിരിക്കുന്ന വായും, അതില്‍ നിന്നും മുല്ലപ്പെരിയാര്‍ ഡാമിലെ എന്ന പോലെ ശക്തമായ ലീക്കും!

ഡാമില്‍ നിന്ന് ലീക്ക് ചെയ്യുന്ന വെള്ളം എല്ലാം പഞ്ചാമൃതം പോലെ തന്‍റെ സ്വന്തം ചുമലില്‍ ഏറ്റുവാങ്ങുകയാണ് സോഡാകുപ്പി......!!!

പിന്നെ തന്‍റെ വണ്ടിയുടെ ഗിയര്‍ ഫിഫ്ത്തില്‍ നിന്നും ഫോര്‍ത്തിലേക്ക് ഡൌണ്‍ ചേയ്ത് എന്‍റെ മുഖത്തേക്ക് ഒന്നു ഊളിയിട്ടു!

“ചേട്ടന്‍ ജിദ്ദയിലാണോ ജോലി ചെയ്യുന്നത്” എന്റെ കയ്യിലിരിക്കുന്ന “ സിറ്റി പ്ലാസ,ജിദ്ദ” പ്രിന്റ് ചെയ്ത കവറില്‍ നോക്കി ഒരു കുശലം!

“അതെല്ലോ...”

“ഏതു കമ്പനിയിലാ ചേട്ടാ.....”

“ഞാന്‍ ഒരു പടക്ക കമ്പനിയിലാ......”

“പടക്ക കമ്പനിയോ... ജിദ്ദയിലോ” അവന്‍റെ കണ്ണുകള്‍ സോഡാഗ്ലാസും കഴിഞ്ഞ് ഞാനിരിക്കുന്ന സീറ്റില്‍ വന്ന് ഇടിച്ചു നിന്നു.

“കമ്പനിയുടെ പേരെന്താ ചേട്ടാ.....”

“ഞെക്കിയാല്‍ പൊട്ടും......” എന്‍റെ മറുപടി കേട്ട് ടീയാന്‍ ഞെട്ടി.....

“അങ്ങനെയൊരു കമ്പനി പേരോ??”

“ഹും.... അതെ...ഇതൊരു മലയാളി നടത്തുന്ന കമ്പനിയാ ഇഷ്ടാ.... കമ്പനി പ്രോഡക്ടിനു ചേരുന്ന പേരു വേണ്ടെ..... അതാണ് ഇങ്ങനെയൊരു പേര്‍!!”

അവന്‍ സംശയത്തോടെ എന്‍റെ മുഖത്തേക്ക് തുറിച്ചു നോക്കി......

ഞാന്‍ പാവം ക്രൂരന്‍... എന്നെ എന്തിനാ ഇങ്ങനെ സംശയിക്കുന്നത് എന്ന മുഖഭാവത്തിലും!

പിന്നെ നീണ്ട മൌനം..... ഞാന്‍ നോക്കുന്നില്ല എന്നുറപ്പുവരുത്തി വട്ടുസോഡാ ഗിയര്‍ ഫോര്‍ത്തില്‍ നിന്നും തേഡിലേക്ക് നൈസായി ഷിഫ്റ്റ് ചെയ്തു!!

ഇപ്പോള്‍ ഡ്രൈവിങ്ങ് ഹാന്‍ഡ് താഴെ നിന്നും കുറച്ചുകൂടി മുകളിലേക്ക് കയറി.... ശാരദേച്ചി ഒന്നു ഞരങ്ങി..... സോഡകുപ്പി ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണാ എന്ന മട്ടില്‍ നിദ്രയിലേക്ക് കൂപ്പുകുത്തി!

പിന്നെ ശാര‍ദേച്ചിയുടെ ഞരക്കം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും ഒളികണ്ണിട്ട് എന്നെ ഒന്നു നോക്കി!

കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് തിരിച്ചറിഞ്ഞ ടീയാന്‍ വീണ്ടും കുശലം എറിഞ്ഞു!

“എവിടെ പോകുന്നു ചേട്ടാ.....?”

ഗുരുവായൂരില്‍ വരെ പോകുന്നു അനിയാ.....

“എന്താ വിശേഷിച്ച്....?”

ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ പോകുകയാണിഷ്ടാ.....

“ഗുരുവായൂര്‍ ക്ഷേത്രത്തിലാണോ ചേട്ടാ.....?”

അല്ലനിയാ ഇതു അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലാ.....

“ഏത് ഓഡിറ്റോറിയം......??”

“ഞെക്കിയാല്‍ പൊട്ടും”

“ഹേ.... അങ്ങനെ ഒരു ഒഡിറ്റോറിയമോ?? ഞാന്‍ കേട്ടിട്ടില്ലല്ലോ! അതെവിടെ?”

തന്നെ ഇയാള്‍ മനപ്പൂര്‍വ്വം കളിയാക്കുകയാണോ എന്ന സംശയം അവന്‍റെ ഉള്ളില്‍ ഉണ്ടായി എന്ന് അവന്‍റെ തത്തച്ചുണ്ടന്‍ പുരികത്തില്‍ നിന്നും പിടികിട്ടി!

“അതു കിഴക്കെനടയില്‍ ഈ അടുത്തു തുടങ്ങിതാ ഇഷ്ടാ..... എന്‍റെ സൌദിയിലെ കമ്പനി മുതലാളിയുടെത് തന്നെയാണ്..... അതല്ലെ കമ്പനിയുടെ അതെ പേര്‍ ഈ ഓഡിറ്റോറിയത്തിനും ഇട്ടത്!”

സോഡാകുപ്പി എന്നെ അടിമുടി ഒന്നു നോക്കി.... കൊട്ടേഷന്‍ സംഘത്തിനിടയില്‍ പെട്ടവനെ പോലെ ഞാന്‍ വിരണ്ടു! പിന്നെ ഒന്നും അറിയാത്തവനെ പോലെ ഉറക്കം നടിച്ചു!

ഗിയര്‍ ഡൌണ്‍ ചെയ്ത് സെക്കന്റില്‍ ആക്കി കയറ്റത്തിന്‍റെ അടുത്ത ഘട്ടം കടക്കുകയായിരുന്നു സോഡാകുപ്പി അപ്പോള്‍!

സെക്കന്റില്‍ വീണിട്ടും യഥാര്‍ത്ഥ ലക്ഷ്യം എത്തിയില്ല എന്നു മനസ്സിലാക്കിയ ടീയാന്‍ പിന്നെ ഒട്ടും അമാന്തിച്ചില്ല... അടുത്ത ഗിയറും ഡൌണ്‍ ചെയ്ത് കയറ്റത്തിന്റെ മുകളില്‍ എത്തി ഒന്നും നോക്കാതെ ഡ്രൈവിങ്ങിന്‍റെ പാരമ്യതയിലേക്ക് എത്തി!

പിന്നെ ഗിയറിടണോ, കുന്നു കയറണോ, ഡ്രൈവ് ചെയ്യണോ എന്തെന്നറിയാതെ ഒരു പരക്കം പാച്ചില്‍... എല്ലാം തകര്‍ക്കുന്ന മട്ടില്‍....!!! നിയന്ത്രണം വിട്ട മട്ടില്‍......!!

ആ വണ്ടി ഉടനെ എവിടെയെങ്കിലും ഇടിച്ചു നില്‍ക്കും.... ഞാന്‍ മനസ്സില്‍ പറഞ്ഞു!

ഹേമമാലിനി നിദ്രയില്‍ നിന്നും ഞെട്ടിയുണര്‍ന്നു.....!!!!

മന്മദരാസ ബാലെ നിര്‍ത്തി ജാഗരൂഗനായി.....!!!

ചുള്ളിക്കാടിനെ വിറകു പുരയില്‍ ഉപേഷിച്ച് ബുജി ജോറായിരുന്നു...!!!!

ജോക്കികളോട് അതിലും വലിയ ഒരു ജോക്ക് ഉടനെ തന്നെ ഇവിടെ സംഭവിക്കാന്‍ പോകുന്നു എന്ന് നിശബ്ദ പ്രഖ്യാപനം നടത്തി സ്വശ്രയന്മാര്‍ പരസ്പരം നോക്കി....!!

താത്ത “എന്തെ ശാരദ ഉണരുന്നില്ലാ....എന്നിട്ടും, എന്നിട്ടും ഉണരുന്നീല്ലാ‍.....“ എന്നു നീട്ടി മനസ്സില്‍ പാടി സോഡാകുപ്പി അറിയാതെ ശാരദേച്ചിയെ തോണ്ടി ഉണര്‍ത്താന്‍ ശ്രമം തുടങ്ങി....!!!!

മന്മദനും രതിയും അടുത്ത് വരാനിരിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ട് ഞെട്ടാനെന്ന വ്യാജേന പരസ്പരം കെട്ടിപ്പിടിച്ചു....!!!!

അതുവരെ നിദ്രയിലായിരുന്ന ശാരദേച്ചി ഞെട്ടിയുണര്‍ന്നു....

മുല്ലപ്പെരിയാറിലെ ലീക്ക് വലതുകയ്യാല്‍ തുടച്ചു......

പിന്നെ ആ നനഞ്ഞ കയ്യാല്‍ അടുത്തു ചൂടായിരിക്കുന്ന അമിട്ടിനു തീ കൊടുത്തു.....

കയ്യുടെ നനവും കൂടി ചേര്‍ന്നപ്പോള്‍ ഗുണ്ടിന് അസ്വാഭാവികമായ ശബ്ദം....!!!

വല്ലാത്ത ഒരു പൊട്ടല്‍...... ശാരദേച്ചി കണ്ണൂര്‍ കാരിയാവാം.....!!!

അത്ര കിടുക്കന്‍ ഒരു പൊട്ടല്‍.... അതും ഇടത്തെ ചെകിട്ടില്‍ തന്നെ!!

തെറിച്ച സോഡാകുപ്പി കൊണ്ട് ഹേമമാലിനിയുടെ മസ്സില്‍ തരിച്ചു! ശ്‌ശ്‌ശ് എന്ന ശബ്ദം വെളിയില്‍ വന്നു!!!

ഒരു നിമിഷം നിശബ്ദത...!!! ബാര്‍ബര്‍ ഷോപ്പില്‍ കട്ടിങ്ങിനും ഷേവിങ്ങിനും ചെന്ന ഒരാളുടെ മുടി കട്ടു ചെയ്ത ശേഷവും, ഷേവിങ്ങ് തുടങ്ങുന്നതിനു മുന്‍പേയും ഉണ്ടാവുന്ന ഒരു പ്രത്യേക നിശബ്ദതയില്ലെ?? അതന്നെ!!!

ശാരദേച്ചി ഇത്രയും വലിയ ഒരു ഗുണ്ട് പൊട്ടിച്ചിട്ട് “ഞാന്‍ കണ്ണൂര്‍ കാരിയല്ലടെ ഇറാക്കുകാരിയാണെടെ” എന്ന മുഖഭാവത്തില്‍ അടുത്ത “മുല്ലപ്പെരിയാര്‍“ താത്തയുടെ തട്ടത്തിലാവട്ടെ എന്നു തീരുമാനിച്ച് അവിടേക്കു ചാഞ്ഞു!!!

അവധിക്കു വിട്ട മന്മദ രാസ വീണ്ടും തുടങ്ങി, ജോക്കികള്‍ വീണ്ടും ചിലച്ചു, ബുജി വിറകു പുരയില്‍ നിന്നും ചുള്ളിക്കമ്പ് വീണ്ടും എടുത്തു, മന്മദനും രതിയും അരക്കെട്ടില്‍ പിടി മുറുക്കി.... എല്ലാം പഴയതു പോലെ!!

“ഇതെന്തിര് ഈ പയലുകള്‍ക്കൊന്നും ഗുണ്ടു പൊട്ടിയതിന്‍റെ കാരണങ്ങലും മറ്റും അറിയണ്ടടെ??” റസലിങ്ങ് റിങ്ങില്‍ അടികിട്ടി വീണ ഹോഗന്‍റെ മുഖഭാവത്തില്‍ സോഡാകുപ്പി എല്ലാവരിലേക്കും കടക്കണ്ണേറിഞ്ഞു!!

എല്ലാം നിശബ്ദം, ശാന്തം!! മലബാര്‍ എക്സ്പ്രസ്സിന്റെ ഞരക്കവും ,മൂളലും മാത്രം ബാക്കി....

മുഖത്ത് നിന്ന് തെറിച്ചു പോയ സോഡാകുപ്പി തപ്പിയെടുത്ത് കണ്ണില്‍ ഫിറ്റ് ചെയ്യുന്നതിനിടയില്‍ എന്നെ ഒന്നു കൂടി ഒളികണ്ണിട്ടു.....

“ഞെക്കിയാല്‍ പൊട്ടും” ഞാന്‍ അവനു മാത്രം കേള്‍ക്കാവും ശബ്ദത്തില്‍ പറഞ്ഞു!

ഇത്രയും ദയനീയമായ ഒരു നോട്ടം ജീവിതത്തില്‍ ആദ്യമായി ഞാന്‍ ദര്‍ശിക്കുകയായിരുന്നു അപ്പോള്‍!

Sunday, 19 April 2009

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.

സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?

പെട്ടെന്നു തന്നെ മറുപടി എഴുതി.....

എടീ സംഗീ.... നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?

യുവര്‍ ബ്രദര്‍

ഹരി.

കൂടുതല്‍ ഒന്നും എഴുതണ്ട.... അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം.... അവളും പഠിക്കട്ടെ.....

പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?

ഹരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....

രണ്ടായിരത്തിഒന്ന് ഡിസംബറിലെ ഒരു രാത്രിയില്‍ തന്റെ അമ്മയുടെ ഒരു ഫോണ്‍ കോളാണ് അതിനു നിമിത്തമായത്.

നാട്ടു വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും കയ്മാറുന്നതിന്നിടയില്‍ തികച്ചും യാദൃശ്ചികമായി അമ്മയുടെ കമന്റ്!

“എടാ വയസ്സ് പത്തിരുപത്തെട്ടായി, ഇനി കല്യാണമൊക്കെ കഴിക്കാം”

ഇരുപത്തെട്ടായി എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.

അതുവരെ അമ്മയുടെ ഇള്ളാ കുട്ടിയായിട്ടായിരുന്നു താന്‍ തന്നെ സങ്കല്‍പ്പിച്ചിരുന്നത്.

അമ്മ തുടര്‍ന്നു....

“പണ്ടത്തെപ്പോലെയല്ലല്ലോ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആഗ്രഹങ്ങളും മറ്റും ഇല്ലെ? ആദ്യം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ നോക്കൂ.... നിനക്കു കഴിയില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ നോക്കാം..... ഇനി നിന്റെ മനസില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറയാനും മടിക്കെണ്ട... നമ്മുക്ക് നോക്കാം”

കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോകാത്തതിനെ ഒരു പക്ഷെ അമ്മ ഈ വിധത്തിലാവുമോ തെറ്റിദ്ധരിച്ചിരിക്കുന്നത്?

പ്രാരാബ്ദ ചൂടിനേക്കാള്‍ വലുതായിരുന്നില്ല തനിക്ക് മരുഭൂമി!

ദാരിദ്രത്തിന്റെ ചുഴിയില്‍ കിടന്നുഴലുന്ന കുടുഃബത്തെ കരകയറ്റാന്‍ കച്ചിത്തുരുമ്പ് നീട്ടി തന്നത് അജയേട്ടനായിരുന്നു...... ഒരു അകന്ന ബന്ധു.

റിയാദില്‍ മരുവിനോട് പടവെട്ടുമ്പോള്‍ തന്റെ മനസ്സില്‍ പക്ഷെ കുടുഃബത്തിന്റെ പ്രാരാബ്ദം മാത്രമായിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അല്പം നിലയും വിലയും ഉണ്ടാക്കിയെടുക്കണം എന്ന വ്യാമോഹവും.

മോഹങ്ങള്‍ പലതും വ്യാമോഹങ്ങള്‍ക്ക് വഴിമാറുക പതിവാണല്ലോ.

കഴിഞ്ഞ മൂന്നര വര്‍ഷമായി തന്നെ നാട്ടിലേക്ക് വരാന്‍ പ്രേരിപ്പിക്കാത്തത് തന്റെ വ്യാമോഹങ്ങളാണെന്ന് അമ്മയോടെങ്ങനെ പറയും.... പറഞ്ഞാല്‍ തന്നെ അമ്മ വിശ്വസിക്കുമെന്നും തോന്നുന്നില്ല.

അതിനാല്‍ മൌനം വിദ്വാനു ഭൂഷണമാക്കി.

വീട്ടുകാര്യവും, നാട്ടുകാര്യവും സംസാരിച്ച് അവസാനിപ്പിക്കുന്നതിനിടയില്‍ അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

“എടാ ഞാന്‍ പറഞ്ഞത് മറക്കണ്ട... ക്രിഷ്ണന്‍ കണിയാന്‍ നോക്കിയപ്പോള്‍ പറഞ്ഞത് നിനക്കിപ്പൊള്‍ മംഗല്യ ഭാഗ്യമുണ്ടായില്ലെങ്കില്‍ പിന്നെ മുപ്പത്തിയേഴു കഴിഞ്ഞേ ഉള്ളെന്നാ....”

നിസ്സംഗത നിറഞ്ഞ ഒരു മൂളലില്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേന്ന് അജയെട്ടനോട് കാര്യം പറഞ്ഞു.

പ്രതിവിധി വളരെ പെട്ടെന്നായിരുന്നു.

“എടാ നൂറായിരം മെട്രിമോണിയല്‍ സൈറ്റുകള്‍ ഉള്ളപ്പോള്‍ നീ എന്തിനു ബേജാറാവണം” നാളെതന്നെ പ്രൊഫൈല്‍ അപ് ലോഡ് ചെയ്യു.... നോക്കാമല്ലോ നിനക്കു മംഗല്യ ഭാഗ്യമുണ്ടാവുമോ എന്ന്”

“അല്ല അജയേട്ടാ ഈ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ ഒക്കെ അത്ര സക്സസ് ആകുമോ,”

“അതിനു നീ പെണ്ണുകാണാതെയാണോ കല്യാണം കഴിക്കാന്‍ പോകുന്നത്? ബ്രോക്കര്‍ ആലോചിച്ചാലും, ഓണ്‍ലൈന്‍ വഴി ആയാലും നമ്മള്‍ പെണ്ണുകാണും, ഇഷ്ടപ്പെട്ടാല്‍ വിവാഹം നടക്കും”

അജയേട്ടനു വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

അന്നു തന്നെ നിര്‍ബദ്ധപൂര്‍വ്വം തന്നെ കൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കിപ്പിച്ചിട്ടാണ് അജയെട്ടന്‍ മടങ്ങിയത്.

പ്രൊഫൈല്‍ പോസ്റ്റ് ചെയ്തത് തനിക്ക് കിട്ടിയ മറുപടി മെയിലുകളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒന്ന്....

“ഭാര്യ ആകാനായിരുന്നു ക്ഷണം പക്ഷെ ഞാന്‍ ഒരു സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു.... സ്വീകരിക്കുമോ?“

സ്നേഹപൂര്‍വ്വം

സംഗീത.

ഏതൊരു ചെറുപ്പക്കാരനും തോന്നുന്ന ആവേശം!

ഒരു പെണ്‍കുട്ടി സുഹൃത്താകാന്‍ ആഗ്രഹിക്കുക, അതും ഇങ്ങോട്ടേക്ക് സുഹൃത് ബന്ധം ആവശ്യപ്പെടുക!

മറുപടി എഴുതുവാന്‍ ഒട്ടും അമാന്തിച്ചില്ല.

“തീര്‍ച്ചയായും സംഗീത..... ഞാന്‍ എന്നും താങ്കളുടെ ഉത്തമ സുഹൃത്തായിരിക്കും”

എത്ര പെട്ടെന്നാണ് അവള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ദുബായ് ശാഖയുടെ തലപ്പത്തിരിക്കുന്ന സമ്പന്നനായ അച്ഛന്‍....

ജനിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ.... ഇപ്പോള്‍ ബാംഗ്ലൂരില്‍ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു...... ഇളയവരായി രണ്ട് സഹോദരങ്ങള്‍.

ദുബായില്‍ ജനിച്ചു വളര്‍ന്നു എങ്കിലും മലയാളത്തെയും, മലയാണ്മയേയും സ്നേഹിക്കുന്നവള്‍!

ഒരിക്കല്‍ അവളോട് ചോദിച്ചു.

“എന്താണ് നിന്നെ എന്നിലേക്ക് ആകര്‍ഷിച്ചത്?“

നിശബ്ദമായ ഏതാനും നിമിഷങ്ങള്‍.....

“എന്റെ മരിച്ചു പോയ മുതിര്‍ന്ന സഹോദരന്‍..... അവന്റെയും പേര്‍ ഹരി എന്നായിരുന്നു....അവന്‍ കാഴ്ച്ചക്കും ഏതാണ്ട് നിന്നെ പോലെ തന്നെ..... ഞാന്‍ നിന്നെ അങ്ങനെ കാണട്ടെ ഹരീ”

നിരാശയല്ല സന്തോഷമാണ് തോന്നിയത്.... തനിക്കും ഒരു സഹോദരി അതും അഞ്ജാത ലോകത്ത്......

പിന്നെ സംഗിയുടെ മെയിലുകള്‍ക്കു ചുവട്ടില്‍ “സ്നേഹപൂര്‍വ്വം നിന്റെ കുഞ്ഞു പെങ്ങള്‍” എന്ന വരികള്‍ സ്ഥാനം പിടിച്ചു....

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു....

“എടാ നിനക്കെന്റെ അച്ഛനേയും, അമ്മയേയും സഹോദരങ്ങളേയും പരിചയപ്പെടെണ്ടെ?”

അവളെക്കാള്‍ ആവേശമായിരുന്നു അവരുടെ കുടുഃബത്തിന്.....

അവരുടെ സ്നേഹോഷ്മളമായ ഇടപെടീലുകളില്‍ നിന്നു തന്നെ മനസ്സിലാവും തന്നെ ഏതു രീതിയിലാണ് അവള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്.....

പിന്നെ ഒരിക്കല്‍ അമ്മ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ താന്‍ താലി ചാര്‍ത്തൂമ്പോള്‍ അവള്‍ക്കു പിറകില്‍ കതിര്‍മണ്ഡപത്തില്‍ തന്റെ നേര്‍ പെങ്ങള്‍ക്കൊപ്പം സംഗീതയും ഉണ്ടായിരുന്നു എന്നുള്ളത് കാലത്തിന്റെ കളി!!

എവിടെ വച്ചോ പരിചയപ്പെട്ട മുഖമില്ലാത്ത എന്റെ പെങ്ങള്‍ക്ക് മനോഹരമായ ഒരു മുഖം ദര്‍ശിച്ച ദിനവും അന്നായിരുന്നു.

അവള്‍ സമ്മാനിച്ച നിലവിളക്ക് തന്റെ മനസ്സില്‍ പ്രതിഷ്ടിച്ച് അതില്‍ ഒരു തിരി കൊളുത്തി അണയാതെ ഇന്നും താന്‍ സൂക്ഷിക്കുന്നു!

വാമഭാഗത്തിന്റെ വിശ്വസനീയയായ ചങ്ങാതിയായി അവള്‍!

തന്റെ അമ്മയ്ക്ക് ‘എനിക്കു പിറന്നില്ലല്ലോ‘ എന്നു പേര്‍ത്തും, പേര്‍ത്തും പരിതപിക്കാന്‍ ഒരു നിറ സാന്നിദ്ധ്യം ആയി അവള്‍!

തനിക്ക് ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളായിരുന്നോ......

എടാ എന്റെ അവകാശമാണ് അവരുടെ പേരുകള്‍..... അതു ഞാന്‍ കണ്ടെത്തും..... നീ സ്വീകരിക്കണം....

താന്‍ അനുവാദം ഒരു മൂളലില്‍ ഒതുക്കി.....

അവളുടെ സന്തോഷം ഉത്തും‌ഗതയില്‍ എത്തിയോ?

അര്‍ത്ഥവത്തായ പേരുകള്‍..... നിഷേധിക്കാന്‍ കഴിഞ്ഞില്ല!

എന്റെ കുട്ടികള്‍ക്ക് അവള്‍ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യായി!

നീണ്ട മൌനം..... ഫോണ്‍കോളുകള്‍ ഇല്ല, മെസ്സേജുകള്‍ ഇല്ല!!!

കാരണം അന്വേഷിച്ച തനിക്ക് അവളില്‍ നിന്നു കിട്ടിയത് തണുത്ത പ്രതികരണം!

തന്റെ സംഗിയുടെ നിഴല്‍!

പിന്നെ തന്റെ നിര്‍ബന്ദത്തിനു മുന്നില്‍ മുട്ടു മടക്കി....

“എടാ എനിക്കൊരു ഇഷ്ടം..... നീ എന്നെ സഹായിക്കുമോ?”

“ഹ...ഹ ഇഷ്ടമോ? അതും നിനക്ക്?”

തന്റെ പ്രതികരണം അവളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്....

അടക്കിയ തേങ്ങലായിരുന്നു മറുപടി.....

“സംഗീ നീ കരയുന്നോ?” വിഷമമല്ല, അത്ഭുതം!!!

എന്തിനേയും ചിരിച്ചുകൊണ്ടു നേരിടുന്നവള്‍, താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍!!!

“എന്താ എനിക്ക് ചങ്കും, കരളും ഒന്നുമില്ലെ? കരയാതിരിക്കാന്‍?”

ചോദ്യം ഹൃദയത്തില്‍ തറച്ചു.....

“എന്താടീ മോളെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം”

തന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഹൃദയം തുറന്നു....

“ശ്രീജേഷ് ...... ദുബായില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ എഞ്ചിനീയര്‍..... നിന്നെ പോലെ ഓണ്‍ലൈന്‍ പരിചയം.... ഞങ്ങള്‍ അടുത്തു പോയെടാ.... പിരിയാന്‍ കഴിയില്ല..... നീ സഹായിക്കുമോ?”

ഏതു പെണ്ണിനും ഏതു നിമിഷത്തിലും സംഭവിക്കാവുന്ന പിഴവ്.... തന്റെ അനിയത്തികുട്ടിക്കും?

“എടീ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഒരിക്കലും ശ്വാശ്വതമല്ല..... നീ അതിന് പിറകെ പോകരുത്”

“ഇല്ലടാ ഇതു അതുപോലെയല്ല.... ശ്രീജേഷ് നല്ലവനാണ്”

പ്രേമത്തില്‍ കാലിടറി വീണ പെണ്‍കുട്ടികള്‍ പുലമ്പാറുള്ള പതിവു പല്ലവി!!

അതില്‍ കഴമ്പു തോന്നിയില്ല......

പക്ഷെ ഒന്നു മനസ്സിലായി ഇത് പിന്മാറ്റമില്ലാത്ത ഒരു ബന്ധമായി കലാശിച്ചിരിക്കുന്നു....

“സംഗീ.... എനിക്ക് ഈ രക്തത്തില്‍ പങ്കില്ല.... നീ അച്ഛന്റെ സമ്മതം വാങ്ങൂ....”

“എടാ എന്റെ കല്യാണം ഉറപ്പിച്ചു.... കായംകുളം കീരിക്കാട് ക്ഷേത്രത്തില്‍.... നീ സുമയേയും, കുഞ്ഞുങ്ങളേയും കൂട്ടി തീര്‍ച്ചയായും വരണം”

നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സുപ്രഭാതം ഉണര്‍ത്തിയത് സംഗീതയുടെ ഫോണ്‍കോള്‍....

തന്റെ പെങ്ങള്‍ മംഗല്യവതിയാവുന്നത് കണ്ട് മനസ്സു നിറഞ്ഞു.....

തിരക്കിനിടയില്‍ ശ്രീജേഷിനെ പരിചയപ്പെടുത്താന്‍ സംഗീതക്കോ, സ്വയം പരിചയപ്പെടാന്‍ തനിക്കോ സാധിച്ചില്ല!

സാരമില്ല ദിനങ്ങള്‍ ഇനി എത്രകിടക്കുന്നു..... ദൂരെ നിന്നു കൈ ഉയര്‍ത്തി വിട പറയുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു....

നീണ്ട മൂന്നുമാസങ്ങള്‍ക്കു ശേഷം ഇന്ന് അവളുടെ ഒരു മെയില്‍ ‍!!!

“നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.“

സന്തോഷം..... തന്റെ സംഗിയെ, കുഞ്ഞിപെങ്ങളെ മാറ്റൊട്ടും കുറയാതെ തിരിച്ചു കിട്ടിയല്ലോ!!!

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം സംഗീത”

ഇത്ര പെട്ടെന്ന്...?? സംഗീ യു ആര്‍ ഗ്രേറ്റ്...

“പ്രിയ ഹരീ.... ഞാന്‍ സംഗീതയുടെ ഭര്‍ത്താവ്.... ശ്രീജേഷ്..... താങ്കള്‍ സംഗീതക്ക് അയച്ച ആദ്യ മെസ്സേജു മുതല്‍ കുറച്ചു മുന്‍പയച്ചതു വരെ കാണുകയുണ്ടായി..... എനിക്കതില്‍ അത്ര വലിയ തീവ്രത ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.... ഇനി അഥവാ അത്തരം തീവ്രത ഉണ്ടെങ്കില്‍ തന്നെ ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചതിയും, കുഴിയും തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലയിലും, അവളുടെ ഭര്‍ത്താവെന്ന നിലയിലും അത്തരം ഒരു ബന്ധത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കു സാധിക്കില്ല എന്നറിയിക്കട്ടെ.... നിങ്ങള്‍ ഇതുവരെ സംഗീതക്ക് നല്‍കിയ എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദി.... ഇതിനൊരു മറുപടി ആഗ്രഹിക്കുന്നുമില്ല

സ്നേഹപൂര്‍വ്വം ശ്രീജേഷ്.”

നിശാഗന്ധി നീ എത്ര ധന്യ...... നിശാഗന്ധി നീ എത്ര ധന്യ.....

ഓ എന്‍ വി യുടെ കവിത അകലെ എവിടെയോ നിന്നു ഒഴുകി എത്തുന്നുണ്ടായിരുന്നു....

Wednesday, 11 March 2009

സലാം മുംബൈ!

പരീക്ഷയുടെ തൊട്ടു തലേന്ന് പോലും സെക്കന്റ് ഷോ കാണാന്‍ ധൈര്യം ഉള്ളവന്‍ .... രണ്ടര മണികൂറത്തെ പരീക്ഷ ഒറ്റമണിക്കൂറുകൊണ്ടെഴുതി ചരിത്രം ശ്രിഷ്ടിച്ചു പുറത്തിറങ്ങുന്നവന്‍ .

ഇതൊക്കെയറിയാവുന്ന എന്റെ ചങ്ങാതിമാര്‍ ചിലപ്പോള്‍ ഈ കഥ വായിച്ചേക്കാന്‍ ഇടയുള്ളതിനാല്‍ കഷ്ടപ്പെട്ടു പഠിച്ചു എന്നു പറഞ്ഞ് അവരെ നിരാശനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പഠനത്തിനിടയില്‍ മറ്റൊരു സാഹസവും കാണിക്കാറുണ്ടായിരുന്നു.

ശനിയും, ഞായറും പിന്നെ അടുത്ത രണ്ടുദിവസങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പോലും അറിയാതെ സ്വയം അവധിയും പ്രഖ്യാപിച്ച് മലാബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്തും.

വീട്ടില്‍ എത്തിയാല്‍ അമ്മയുടെ ആദ്യ ചോദ്യം “എത്ര ദിവസത്തെ അവധിയുണ്ടെടാ” എന്നാണ്.

“നാലു ദിവസം ഉണ്ടമ്മെ” എന്ന മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അമ്മയുടെ മറു ചോദ്യം വരും.

“അരാടാ ഈ ആഴ്ച്ച ചത്തത്”

അമ്മ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ആഴ്ച്ചതോറും നേതാക്കളെ കൊന്നു. അവരുടെ ചരമവാര്‍ഷികങ്ങള്‍ ആഘോഷിച്ചു. ഒരു ദിവസം മാത്രമുള്ള പ്രധാന അവധി ദിവസങ്ങള്‍ നാലും അഞ്ചും ദിവസങ്ങളായി പുതുക്കി പരിഷ്കരിച്ചു.

മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളില്‍ മുന്നൂറും ആഘോഷിച്ചിരുന്ന ഞാന്‍ ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ എന്നെയും, എന്റെ വീട്ടുകാരെയും, നാട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍
(അത് സ്വഭാവികമായും മൂന്നു മാസം കഴിഞ്ഞാണ് അറിഞ്ഞത് എങ്കിലും പറയുന്നതിന്റെ എളുപ്പത്തിനായി പറഞ്ഞു എന്നു മാത്രം) പാസായി.

പരീക്ഷ കഴിഞ്ഞ അന്നു തന്നെ നാടുപിടിച്ചു.

വളരെ പ്രതീക്ഷകളുമായാണ് നാട്ടില്‍ വന്നിറങ്ങിയത്.

ഇടക്കിടെ വരുമ്പോള്‍ കിട്ടാറുള്ള കടക്കണ്ണേറുകള്‍ പതിവാക്കാമെന്നും അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനാകുമെന്ന ശുഭപ്രതീക്ഷ ആയിരുന്നു അതിലൊന്ന്.

ആല്‍ത്തറയിലെ പതിവു വായിനോട്ടം പൂര്‍വ്വാധികം ഭംഗിയാക്കാം എന്ന ദുരാഗ്രഹം അടുത്തത്.

എല്ലാത്തിനുപരി ചങ്ങാതിമാരുമൊത്തുള്ള കൂട്ടം.

ഇതിന്റെയെല്ലാം കോരിത്തരിപ്പായുമായാണ് മംഗലാപുരത്തെ മടുപ്പിക്കുന്ന നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയ എന്റെ ആദ്യ ദിനത്തിലേക്ക് കണ്ണുതുറന്നത്.

എന്റെ ഗ്രാമത്തിലെ ചെറുപ്പക്കരുടെ യൂണിഫോമും എന്റെ ഇഷ്ട വേഷവുമായ കാവി മുണ്ടും ടീ ഷര്‍ട്ടും “അനു“വിലെ പേപ്പര്‍ ദോശക്കു തുല്ല്യമാക്കിയെടുക്കാന്‍ മണികൂറൊന്നെടുത്തു.

കറുത്ത മുഖം വെളുപ്പിക്കാന്‍ ഒരു കുപ്പി പൌഡര്‍ , വായ് നാറ്റം അകറ്റാന്‍ രാമത്തുളസിയില. അങ്ങനെ അഴകിയ രാവണനായി പുറത്തെക്കിറങ്ങാന്‍ തുടങ്ങവെ അമ്മയുടെ വിളി.

“എടാ നീ എവിടെ പോകുന്നു. ഇപ്പോള്‍ മനോഹരന്‍ മാമ്മന്‍ വരും നിന്നെ കാണണമെന്നാണ് പറയുന്നത്“.

“ഇയാള്‍ക്ക് വരാന്‍ കണ്ട സമയം” സ്വന്തം മാമനാനെങ്കിലും ആദ്യം മനസ്സില്‍ വന്നതു അങ്ങനെയാണ്.

“എന്താ അമ്മെ വിശേഷിച്ച്” ആകാംഷയില്‍ ചോദിച്ചു.

“അതവന്‍ വരുമ്പോള്‍ പറയും“ അമ്മ എനിക്കൊന്നുമറിഞ്ഞുകൂടെ!!!! എന്ന ഭാവത്തില്‍ .

മനോഹരന്‍ മാമന്‍ . എന്റെ ഒരേയൊരു മാമന്‍ . മുംബയില്‍ ഡോംബുവില്ലിയിലാണ്. വയസ്സ് 45. കല്യാണം അലര്‍ജിയായ മനുഷ്യന്‍ . ഇപ്പോള്‍ 10 ദിവസത്തെക്ക് നാട്ടില്‍ എത്തിയതാണ്.

എനിക്ക് മനോഹരന്‍ മാമനെ വളരെ പേടിയാണ്. ഇനി കാത്തു നിന്നില്ലെങ്കില്‍ ചെവിക്കു പിടിച്ചാലോ.

കൃസ്ത്യന്‍ കോളേജിലേയും, സമീപത്തെ ടൂട്ടൊറിയല്‍ കോളേജിലേയും സുന്ദരികളോട് ക്ഷമാപണം നടത്തി വീട്ടില്‍ തന്നെ കുത്തിയിരുന്നു.

വീടിന്റെ പൂമുഖത്ത് എന്നെ കണ്ടപ്പോള്‍ തന്നെ മാമന്‍ കാര്യത്തിലേക്ക് കടന്നു.

അല്ലെങ്കിലും മാമന്‍ അങ്ങനെയാണ്. പരുക്കന്‍ സ്വഭാവം. ആരോടും ലോഹ്യം ചോദിക്കലൊന്നുമില്ല.

എടാ ഞാന്‍ തിരിച്ചു പോകുമ്പോള്‍ എന്റെ കൂടെ വന്നേക്കണം. മുംബയില്‍ നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനികളൊക്കെയുണ്ട്. നമ്മുക്ക് അവിടെയൊക്കെ ശ്രമിച്ചു നോക്കാം.

ഞാ‍ന്‍ കേട്ടതെ ഞെട്ടി. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകുകയാണ്.

എതിര്‍പ്പിന്റെ ഒരു വിഭല ശ്രമം നടത്തി നോക്കി.

മാമാ എക്സ്പീരിയന്‍സില്ലാതെ......സര്‍ട്ടിഫിക്കേറ്റില്ലാതെ.......

“നീ ഇവിടെ നിന്നാല്‍ എക്സ്പീരിയന്‍സു താനെ നടന്നു വന്നു നിന്റെ ദേഹത്തു കേറുമോ?? കോഴ്സ് സര്‍ട്ടിഫിക്കേറ്റുണ്ടല്ലോ അതു മതി തല്‍ക്കാലം” മാമന്റെ മുഖം കറുക്കുന്നതു കണ്ടപ്പോളെ എന്റെ ഉള്ള ധൈര്യം കൂടി ഒലിച്ചു പൊയി.

അമ്മ രംഗപ്രവേശം ചെയ്തു എങ്കിലും ഞാനിതിലൊന്നുമില്ലെ എന്ന നിസംഗ ഭാവം.

ഇനി പറഞ്ഞിട്ടു കാര്യമില്ല. എതിര്‍ത്തിട്ടും കാര്യമില്ല.

അങ്ങനെ മാംഗ്ലൂരില്‍ നിന്നു വന്നതിന്റെ അഞ്ചാം ദിവസം മുംബയിലേക്ക്.

ഔട്ടര്‍ മുംബയിലുള്ള ഡോമ്പുവില്ലി ആയിരുന്നു മാമന്റെ തട്ടകം.

ഗ്രാമത്തിന്റെ ശീതളതയില്‍ നിന്നും പട്ടണത്തിന്റെ മടുപ്പിക്കുന്ന തിരക്കിലേക്ക് ഒരു പറിച്ചു നടീല്‍ .

രണ്ടു കട്ടിലുകള്‍ കഷ്ടിച്ച് ഇടാന്‍ കഴിയുന്ന ഒറ്റമുറി ഫ്ലാറ്റ്. തൂറാനിരുന്നാല്‍ കക്കൂസിന്റെ ഭിത്തികളില്‍ കാലിടിക്കും. ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിന്റെ വാതിലില്‍ വച്ച്. കഴിക്കേണ്ടതും അങ്ങനെ തന്നെ!!!!

മുംബയിലെത്തിയതിന്റെ പിറ്റേന്നു തന്നെ മാമനോടൊപ്പം ജോലി അന്വേഷണം തുടങ്ങി. ഫ്ലാറ്റിനേക്കാള്‍ മടുപ്പിക്കുന്നതായിരുന്നു നഗരം.

റെയില്‍ വേ സ്റ്റേഷന്റെ ഗേറ്റില്‍ നിന്നാല്‍ മതി എടുത്ത് ട്രെയിനുള്ളില്‍ ഇരുത്തും അത്രക്ക് തിരക്ക്. ആര്‍ക്കും ആരെയും അറിയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല.

പല കമ്പനികളും കയറിയിറങ്ങി. എന്തോ വാശി തീര്‍ക്കാനെന്നവണ്ണം പങ്കെടുത്ത ഇന്റെര്‍വ്യൂകളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു.

അങ്ങനെ ദിവസം പതിനഞ്ചു കഴിഞ്ഞു. എന്നേക്കാള്‍ മടുപ്പ് മാമനില്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ആ ദിവസം എത്തി. എനിക്ക് ആ മടുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഒരു സുവര്‍ണ്ണാവസരം!!!
അന്നൊരു ശനിയാഴ്ച ആയിരുന്നു....

ജോലി തിരഞ്ഞു ഞാനും മനോഹരന്‍ മാമനും മടുത്തു തുടങ്ങിയപ്പോള്‍ ഡോംബുവില്ലിക്കാരുടെ ആസ്ഥാന തിരുമ്മുകാരനായ ( മാമന് നാട്ടു വൈദ്യവും, നാട്ടു ചികിത്സയുമാണ് ജോലി, പണിചെയ്യാന്‍ മടിയായിട്ടുള്ള ഒരു വേഷം കെട്ടലാണെന്നു ചിലര്‍ , കണ്ടവീടുകളൊക്കെ നിരങ്ങി സ്ത്രീ സുഖം അനുഭവിക്കാമെന്നു മറ്റു ചിലര്‍ , പക്ഷെ മാമന്റെ സ്വന്തം വാക്കുകള്‍ കടമെടുത്താല്‍ “ഇവിടെ മറ്റൊരു നാട്ടു ചികിത്സകന്‍ ഇല്ലാത്തതുകൊണ്ട് എന്നെ അറിയാവുന്നവര്‍ ഈ പണി നിര്‍ത്താന്‍ സമ്മതിക്കുന്നില്ല... അല്ലെങ്കില്‍ ഞാന്‍ ഇതും കളഞ്ഞിട്ട് എന്റെ പാട് നോക്കിയേനേം” ... സത്യം എന്തു തന്നെ ആയാലും തിരുമ്മലും മാമനും തമ്മിലുള്ള ബന്ധം ഇരുമ്പുലക്കയും പച്ച വെള്ളവും പോലെയാണ്‍... മനസ്സിലായില്ലെ ഒരു ബന്ധവും ഇല്ലെന്നര്‍ത്ഥം!!!) മാമന്‍ എന്നോട് ചില കണ്ടീഷന്‍സ് പറഞ്ഞു.

നീ വീട്ടിലിരുന്ന് എന്തെകിലുമൊക്കെ പാചകം ചെയ്തു വയ്ക്കുക.... ഞാന്‍ ചികിത്സാര്‍ത്ഥം പോകുന്ന വീടുകളിലൊക്കെ നിന്റെ കാര്യം പറയാം.... ഞാന്‍ പോകുന്നിടത്തൊക്കെ വലിയ വലിയ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുണ്ട്.... അവര്‍ ഒരു പക്ഷെ സഹായിച്ചേക്കും!

അത്ര സന്തോഷത്തോടെയല്ലങ്കിലും ഞാന്‍ സമ്മതിച്ചു.

ഒന്നുമല്ലെങ്കില്‍ മുടിഞ്ഞ തിരക്കില്‍ നിന്നെങ്കിലും ഒന്നു രക്ഷനേടാമല്ലോ!!!

ഇവിടെയിരുന്നാല്‍ മാമന്റെ മുഷിഞ്ഞ വസ്ത്രങ്ങളുടെ മാത്രം സുഗന്ധം അനുഭവിച്ചാല്‍ മതിയല്ലോ!!

വെളിയില്‍ !!!!??

പഠനകാലത്ത് കൂട്ടുകാര്‍ക്കിടയിലെ നളനാകാന്‍ കഴിഞ്ഞതുകൊണ്ട് പാചകം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചില്ല.

അങ്ങനെ ആ ദിവസം മാമന്‍ കുളിച്ചൊരുങ്ങി യാത്രയായി.

ഞാന്‍ ആസ്ഥാന പാചക കലാകാരന്റെ വേഷം എടുത്തണിഞ്ഞു. മുഷിഞ്ഞ തോര്‍ത്തെടുത്തു തലയില്‍ ചുറ്റി, ഉടുമുണ്ട് തെറുത്തുകയറ്റി വയറ്റിനു മുകളില്‍ വച്ചു മടക്കി കുത്തി.

സാമ്പാര്‍ ഉണ്ടാക്കിക്കളയാം.... എന്നാല്‍ പിന്നെ അല്‍പ്പം കാറ്റുകൂടികൊണ്ട് ഉണ്ടാക്കാം!!

കയ്യില്‍ കിട്ടിയ പച്ചക്കറികളും, കത്തിയും, പാത്രങ്ങളും പരിവാരങ്ങളുമായി ചെറിയ ബാല്‍ക്കണിയിലേക്ക് നടന്നു.

കഷ്ണങ്ങള്‍ ഓരോന്നായി അരിഞ്ഞു തള്ളിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നക്ഷത്രത്തിളക്കം.!!!!

നട്ടുച്ചക്കു നക്ഷ്ത്രങ്ങള്‍ ഉദിച്ചതോ??

സംശയത്തോടെ നോക്കി.... തൊട്ടടുത്ത കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലായിരുന്നു ആ നക്ഷ്ത്രങ്ങള്‍ ഉദിച്ചത്!!!!

അതെ ആ നക്ഷത്രങ്ങള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന എന്നിലേക്കാണ് കിരണങ്ങള്‍ വര്‍ഷിക്കുന്നത് എന്നത് ഒരുള്‍പ്പുളകത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...

ഒന്നു ചൂളി... മുണ്ടിന്റെ മടക്കികുത്തു വേഗത്തില്‍ അഴിച്ചിട്ട് എന്റെ മാംസമില്ലാത്ത തുടകളെ നാണത്തില്‍ നിന്നു രക്ഷിച്ചു.... തലയില്‍ കെട്ടിയ തോര്‍ത്ത് ഭവ്യതയുടെ അടയാളമായി തോളത്തു സ്ഥാനം പിടിച്ചു.

എന്റെ ആക്രാന്തം ഒരു വലിയ കര്‍മേഖമായി ആ നക്ഷത്രങ്ങളെ മറച്ചു കളഞ്ഞു!!

പിന്നെ കറിക്കരിഞ്ഞതും, ചോറു വച്ചതുമെല്ലാം ആ തിളക്കമാര്‍ന്ന കണ്ണൂകള്‍ പരതിക്കൊണ്ടായിരുന്നു..

അന്നേദിവസം ഒരിക്കല്‍ പോലും ആ നക്ഷത്രങ്ങള്‍ ഉദിച്ചില്ല....

പക്ഷെ പ്രതീക്ഷ!!!!അത് ഞാന്‍ എവിടെയാണ് നില്‍കുന്നതെന്നു പോലും മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു...

അന്നു മാമന്‍ വന്നപ്പോള്‍ ഞാന്‍ പതിവിലും നിരാശനായിരുന്നു.... പക്ഷെ എന്റെ പതിവു പല്ലവിയായ “നാട്ടില്‍ ഞാന്‍ തിരിച്ചു പൊയ്ക്കോട്ടെ മാമാ” എന്ന ചോദ്യം കേള്‍ക്കാത്തത് മാമനു എന്നില്‍ അല്പം പ്രതീക്ഷ വന്നു എന്നു മുഖലക്ഷണത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തു.

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. പതിവിനു വിപരീതമായി ഞാനന്നു കുളിച്ചു.... പരമാവധി സുന്ദരനാകാന്‍ ശ്രമം നടത്തി.

മാമനു അന്നും ആരുടെയോ വീട്ടില്‍ പോകണമായിരുന്നു.... മാമന്‍ പോകാന്‍ താമസിക്കുംതോറും എനിക്ക് ആകാംഷ കൂടി വന്നു.

മാമന്‍ റൂമിനു വെളിയില്‍ ഇറങ്ങിയതെ ഞാന്‍ ബാല്‍ക്കണിയിലേക്ക് കുതിച്ചു.

ആകസ്മികമായ എന്റെ ബാല്‍ക്കണി പ്രത്യക്ഷപെട്ട എന്നെകണ്ട് ഭയന്നു തെന്നിമാറാന്‍ ശ്രമിച്ച ആ നക്ഷത്ര കണ്ണൂകളും എന്റെ കണ്ണൂകളും തമ്മില്‍ ഒരു നിമിഷം കഥകള്‍ പറഞ്ഞു!!!

ദേവീദര്‍ശന സുഖം.... അല്പ നിമിഷങ്ങള്‍ !!!

നിമിഷങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കില്‍ പോലും ആ നക്ഷത്ര കണ്ണുകളും അതിനു പിന്നിലേ സ്ത്രീ സൌന്ദര്യവും ഞാനാസ്വദിക്കുക തന്നെ ചെയ്തു!!!

സീരിയല്‍ ദേവിമാരെ നിലമ്പരിശാക്കുന്ന മുഖ സൌന്ദര്യം.....!!! ചൂരീദാറില്‍ പൊതിഞ്ഞ ശാലീനത മീറ്ററുകള്‍ പിന്നിട്ട് എന്റെ കണ്ണുകളില്‍ എത്തി..... പുന്നെല്ലുകണ്ട എലിയുടെ അവസ്ഥയിലായിരുന്നു ഞാന്‍......

കണ്ട മാത്രയില്‍ മനസ്സെന്നൊട് പറഞ്ഞു....... “ഇതാണ് നിന്റെ പെണ്ണ്... ഇതാണ് നിന്റെ പെണ്ണ്”

മനസ്സിന്റെ ബാലിശ്ശമായ അഭിപ്രായം കേട്ട് ബുദ്ധി പ്രതികരിച്ചു.....

എടാ... മണ്ടാ.... നിന്റെ കൊഞ്ചു കുത്തിയ മുഖവും, വേലിക്കമ്പിനു തീപിടിച്ച പോലെയുള്ള ശരീരവും കണ്ടാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കുമോ”.... നീ ജോലി അന്വേഷിച്ചു വന്നതാണ്..... അന്യനാട്ടുകാരുടെ കായബലം പരീക്ഷിച്ചറിയാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് രംഗം വിടാന്‍ നോക്ക്”

എവിടെ??? മനസ്സ് പിടിവാശിയില്‍ തന്നെ.....

ഇല്ല ഈ സൌന്ദര്യ ധാമത്തെ അടിച്ചുമാറ്റി അല്ലാതെ മുംബൈ വിടുന്ന പ്രശ്നമില്ല!!!

ബുദ്ധി തോറ്റു പിന്മാറി..... പക്ഷെ മനസ്സിന് ഒരുപദേശം കൊടുക്കാന്‍ മറന്നില്ല..... സൂക്ഷിച്ചും കണ്ടും നിന്നാല്‍ നല്ലത്!!!

ഈ പിടിവലിക്കിടയില്‍ ബാല്‍ക്കണിയിലെ സൂര്യന്‍ അസ്ഥമിച്ചിരുന്നു..... നിരാശനായി ഞാന്‍ കുറെ നേരം അടുത്ത ഒരു ഉദയം പ്രതീക്ഷിച്ച് നിന്നു.... പക്ഷെ ഭലം നാസ്തി!!!!

ദിവസവും ഉദയവും, അസ്ഥമയനങ്ങളും പലവുരു സംഭവിച്ചു....... പക്ഷെ അതെല്ലാം നൈമിഷികമായിരുന്നു.

എങ്ങനെയാണ് അടുത്ത ഫ്ലാറ്റില്‍ എത്തുക..... അതായിരുന്നു അടുത്ത ചിന്ത....

വേലിചാട്ടം പരിചിതമാണെങ്കിലും മുംബയില്‍ വേലി ഇല്ലല്ലോ എന്നു സങ്കടത്തോടെ ഓര്‍ത്തു.....

ആങ്ങനെ ആ ദിവസം എത്തി......

ദിവാസ്വപ്നങ്ങള്‍ കണ്ട് ഒരു ചെറു പുഞ്ചിരിയുമായി അനന്ത ശയനത്തില്‍ ആയിരുന്ന ഒരു പ്രഭാതത്തില്‍ മാമന്റെ വിളി.....

“എടാ അടുത്ത ഫ്ലാറ്റില്‍ ഒരു മറാഠി കുടുഃബമാണ് താമസിക്കുന്നത്, അവിടെ ഒരു കിളവനെ തിരുമ്മാനുണ്ട്..... ഞാനിന്നവിടെക്കാണ്..... നീ വരുന്നോ??”

സ്വപനത്തിലെ സൂര്യകിരണങ്ങളെ തല്ലിക്കെടുത്തിയ ഈര്‍ഷ്യയില്‍ പറഞ്ഞു......

“ഞാനെങ്ങും വരുന്നില്ല.... മാമ്മന്‍ പൊയ്ക്കൊള്ളൂ”

വരുന്നില്ലെങ്കില്‍ വേണ്ട.... അടുത്ത ഫ്ലാറ്റായതുകൊണ്ടാണ് വിളിച്ചത്.... സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റ് വരെ വന്നാല്‍ പോരെ.... അതിനു പോലും നിനക്കു വയ്യേ?..... എന്നും വരുന്ന പയ്യന്‍ കൂടെയില്ല..... നീ ഒരു സഹായവും ആകുമല്ലോ എന്നു കരുതി വിളിച്ചതാണ്..... വരുന്നില്ലെങ്കില്‍ വേണ്ട!

തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍!!!!

അല്‍പ്പം ഉച്ചത്തിലാണ് ചോദിച്ചത്.....

സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റോ???

“അതെ”

അതല്ലെ നമ്മുടെ സൂര്യകിരണത്തിന്റെ ഫ്ലാറ്റ്.... സുവര്‍ണ്ണാവസരം!!!

മാമന്റെ മുഖത്തെ അത്ഭുതം കാണ്ടില്ലെന്നു നടിച്ച് തുണിയും വാരിചുറ്റി കുളിമുറിയിലേക്ക് ഓടി....

“...... മാമാ പോകരുതെ.... ഞാനും വരുന്നുണ്ടെ”!!!!

കൂളിക്കുന്നതിനിടയില്‍ ആ “ദിവ്യ ദര്‍ശനം” ആയിരുന്നു മനസ്സു നിറയെ....

ശ്രീനിവാസന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ “മാമാ...മാമാ.... പോകല്ലെ” എന്ന് ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു...

ഒരു ഇന്റെര്‍വ്യൂവിനു പോയാല്‍ കൂടി അലസനായി വസ്ത്രം ധരിക്കുന്ന എന്റെ പതിവില്ലാത്ത ഒരുക്കം കണ്ട് മാമന്‍ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

എടാ ഒന്നു വെക്കം വരുമോ.... ഇനി എത്ര ഒരുങ്ങിയാലും നീ എന്റെ അനിന്ദ്രവനാ.....

മാമന്റെ കാടിക്കലത്തിനു അടികിട്ടിയപോലെയുള്ള മുഖത്തേക്ക് നോക്കിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടു....

ജീവിതത്തിലാദ്യമായി അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി.....

വരുന്നതു വരട്ടെ..... എന്തായാലും ശ്രമിച്ചു നോക്കം..... പരിശ്രമിക്കൂ ഭലം അവന്‍ നിശ്ചയിക്കും എന്നാണല്ലോ ആപ്തവാക്യം.

അതുവരെ ഉണ്ടായിരുന്ന മനൊബലം ഫ്ലാറ്റിനോട് അടുക്കുന്തോറും നഷ്ടമാകുന്നത് തിരിച്ചറിഞ്ഞു....

കൈകാലുകളില്‍ വിറയല്‍.... ശരീരമാകെ വിയര്‍ക്കുന്നു..... സത്യം പറഞ്ഞാല്‍ അപ്പിയിടണമെന്നു വരെ തോന്നി......

വാതില്‍ പാളിയില്‍ മുട്ടി മാമന്‍ ഞങ്ങളുടെ വരവറിയിക്കുമ്പോള്‍ ഞാനേതാണ്ട് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു......

തടിച്ചിരുണ്ട ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു പിന്നെ ഔപചാരികമായി “ആവോ ജീ...അന്തര്‍ ആക്കെ ബൈഠോ ജീ” എന്നു ക്ഷണിച്ചു......

മാമന്‍ അകത്തേക്ക് കയറി സോഫായില്‍ ഇരിപ്പുറപ്പിച്ചു..... ഞാന്‍ മാമനെ അനുകരിച്ചു.... പെണ്ണുകാണാന്‍ വന്ന പ്രതീതിയില്‍ ആയിരുന്നു ഞാന്‍....

തടിച്ചുരുണ്ട മറ്റൊരു രൂപം വളരെ പ്രയാസപ്പെട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.... ഇത് ആണ്‍ രൂപമാണ്....

ഇതാണ് മാമന്റെ താഡനം ഏല്‍ക്കാന്‍ റെഡിയായി നില്‍ക്കുന്ന ശരീരം... മാമന്റെ പെരുമാറ്റങ്ങളില്‍ നിന്നു മനസ്സിലായി ......

വലിയ ഒരു പായ കൊണ്ടുവന്നു നിലത്തു വിരിച്ചു..... എട്ട് ദിക്കും കുലുക്കി ആ ദേഹം അതിലേക്ക് വീണു.....

എടാ ആ എണ്ണ എടുക്കൂ.....

മാമന്‍ ഭിഷഗ്വരനും... ഞാന്‍ നേഴ്സും ആയി.....

ആനയുടെ പുറത്ത് തിടമ്പേറ്റി ഇരിക്കും പോലെ രണ്ടുകാലുകളും വശങ്ങളിലേക്കിട്ട് എണ്ണപാത്രം കഴുത്തിനു താഴെയായി ഉറപ്പിച്ച് മാമന്‍ ഇരുപ്പായി...

എനിക്ക് നിര്‍ദ്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു.....

എന്റെ കണ്ണുകള്‍ ഉള്ളില്‍ പരതുകയായിരുന്നു.... സൂര്യകിരണങ്ങള്‍ തേടി!!!

ഇടയ്ക്ക് ശ്രദ്ധ തെറ്റിയപ്പോള്‍ ‘വായില്‍ നോക്കിയിരിക്കതെ ഇവിടെ ശ്രദ്ദിക്കൂ കഴുതെ” എന്ന ശകാരവും കേട്ടു.

“തിരുമ്മല്‍ കഴിഞ്ഞു..... സാബ് ഇനി അല്‍പ്പം ചൂടുവെള്ളം കിട്ടിയാല്‍ ഒന്നു ചൂടു വയ്ക്കാം” മാമന്‍ ആനപ്പുറത്തു നിന്നിറങ്ങി നിവര്‍ന്നു നിന്നു....

എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വച്ചു കൊണ്ട് അയാള്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു....

“ബേഠീ...തോഡാ ഗരം പാനി ലാവോന”

‘അഭി ലായേഗേ ബാബാ” ഉള്ളില്‍ നിന്നു എന്നില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി കിളിനാദം.

ഉള്ളില്‍ നിന്ന് പാദസ്വരങ്ങളുടെ ശബ്ദം അടുത്തു വരുന്തോറും എന്റെ ഹൃദയമിടുപ്പു കൂടി....

അവള്‍ പരിചയം കാണിക്കുമൊ?... അടുത്തു വന്നു എന്റെ സൌന്ദര്യം കാണുമ്പോള്‍ വെറുപ്പോടെ മുഖം വെട്ടിച്ചു പൊയ്ക്കളയുമോ?....

എന്റെ ആകാംഷക്കിടയില്‍ മനസ്സിനോട് ചോദ്യശരങ്ങള്‍ എയ്തുകൊണ്ടിരുന്നു.....

കര്‍ട്ടന്‍ നീക്കി ആ കിരണങ്ങള്‍ പ്രത്യക്ഷപെട്ടു..... ഞാന്‍ അതിനെ അടിമുടി ഒന്നുഴിഞ്ഞു.... എന്റെ ഭാവി വധുവാണ് നില്‍ക്കുന്നത്!

ഹാ....അടുത്തു കണ്ടപ്പോള്‍ അകലെ കണ്ടതിന്റെ ഇരട്ടി സൌന്ദര്യം..... സൂര്യന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുമ്പോലെ അവളെന്റെ മുന്നില്‍ പുഞ്ചിരിച്ചു നിന്നു.

എല്ലാം മറന്ന് ആ സുന്ദര്യധാമത്തില്‍ ലയിച്ചു നില്‍ക്കുമ്പോളാണ് അവള്‍ നെഞ്ചോട് ചേര്‍ന്നു പിടിച്ചിരിക്കുന്ന വസ്തുവിലേക്ക് എന്റെ കണ്ണുകള്‍ ഉടക്കിയത്.....

തുണികൊണ്ട് പുതപ്പിച്ചിരിക്കുന്ന ആ വസ്തു ചലിക്കുന്നുണ്ട്.....

അത് ഒരു കുഞ്ഞുവാവയാണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു!!!

ഹേയ് അതു അവളുടെ കുട്ടി ആയിരിക്കില്ല എന്നു സമാശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍, കിളവന്റെ ശബ്ദം “പാറപ്പുറത്തു ചിരട്ട ഉരക്കുമ്പോലെ“ എന്നെ അലോസപ്പെടുത്തിക്കൊണ്ട് കടന്നു വന്നു!

ഇതു എന്റെ കുട്ടിയാണ്.... ഹേമ.....കല്യാണം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി.....

കുഞ്ഞു ജനിച്ചിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.... ഉടന്‍ അവള്‍ ഭതൃവീട്ടിലേക്ക് മടങ്ങി പോകും!!

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.... “ഇതു നിനകു എന്റെ വക ചിന്ന പണി” എന്നവള്‍ മനസ്സില്‍ ചിന്തിച്ചോ?

ഇരുന്നിടം കുഴിഞ്ഞു പോകും പോലെ തോന്നി....... കുഴിയില്‍ വീഴുന്നതിനു മുന്‍പ് ഇരുന്നിടത്ത് നിന്ന് ചാടി എഴുനേല്‍റ്റു!

വിളറി നിന്ന എന്നെ നോക്കി മാമന്‍ ചോദിച്ചു...... എന്താടാ “അണ്ടി പോയ അണ്ണാനെ പോലെ“ നില്‍ക്കുന്നത്..... സാധങ്ങള്‍ എടുക്കൂ നമ്മുക്കു പോകാം....

ഇപ്പോള്‍ എന്റെ മുഖം നിങ്ങള്‍ക്ക് ഊഹിക്കാം..... സന്തൂര്‍ സോപ്പിന്റെ പരസ്യത്തിലെ മാധവനെ പോലെ!!

പക്ഷെ അന്നു ഞാന്‍ മനസ്സില്‍ കുറിച്ചു..... ‘മ’ സലാം മുംബൈ!