. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 27 January 2011

അവസ്ഥാന്തരങ്ങള്‍


കൂകൂകൂകൂകൂയ്...... ആ വിളിക്കൊപ്പം അകലെ അകമ്പടി പോലെ ശ്വാനന്മാരുടെ കുറുകല്‍ നിശബ്ദമായി കിടന്ന രാത്രിക്ക് പെട്ടെന്ന് ഒരു ഭീകര പരിവേഷം ഒരുക്കി.

“ആരാടാ അവിടെ?“ മുറ്റത്തേക്കിറങ്ങിയ അച്ഛന്‍ കണ്ണിനു മുകളില്‍ കൈ വട്ടം വച്ച് ഇരുളിനെ വകഞ്ഞു മാറ്റാന്‍ ശ്രമിച്ചു....

“അമ്പ്രാ ഏനാ... കിട്ടന്‍....” തന്റെ കയ്യിലിരുന്ന ജ്വലിക്കുന്ന ചൂട്ടു കറ്റ(1) ഉയര്‍ത്തി പിടിച്ച് കിട്ടന്‍ പുലയന്‍ തന്റെ മുഖം വ്യക്തമാക്കി....

“എന്താടാ നട്ടപ്പാതിരാത്രിക്ക്‍...?“ അരുതാത്തതെന്തോ സംഭവിച്ചു എന്ന വ്യാകുലതയില്‍ അച്ഛന്‍....

“ഒന്നൂല്ലാമ്പ്രാ..... മഴ പൊയ്ത് ശ്ശി ഊത്ത തള്ളുണ്ട്(2).... വെട്ടാനിറങ്ങിയതാ(3)....?” കിട്ടന്‍ തന്റെ കയ്യിലിരിക്കുന്ന പൂണിയും(4) കൊലപ്പല്ലിയും(5) ഉയര്‍ത്തി കാട്ടി....... “അമ്പ്രാന്‍ വരുന്നോ ആവോ..?”

“തള്ളല്‍ ഒരുപാടുണ്ടോ കിട്ടാ...? വന്നാല്‍ വല്ല ഗുണവും ഉണ്ടോവോ...?” അച്ഛന്‍ പെട്ടെന്ന് ആവേശവാനായി.

“അമ്പ്രാ... ഏന്‍ തൂമ്പിന്റെ(6) ആടെ ദേയിപ്പം പോയിന്നതാ.... എമ്പാടുണ്ട്(7).... അയികം ആരും ആടെ ഇല്ലാനും..” കിട്ടന്റെ വിവരണം അച്ഛനെ മത്തു പിടിപ്പിച്ചു.

“കൊലപ്പല്ലി എടുത്തു വരാം.... നീ അവിടെ നിന്നേ” അച്ഛന്‍ എരുത്തിലിന്റെ(8) മുറിയെ ലക്ഷ്യമാക്കി നടന്നു.

“എന്തിനാ കിട്ടാ ഇപ്പം പിള്ളാരുടെ അച്ഛനെ വിളിച്ചേ...? അസുഖം ഉള്ള ആളാണെന്ന് നിനക്കറിഞ്ഞൂടെ..?” അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ ശബ്ദം കനത്തു....

“അല്ലമ്പ്രാട്ടീ.... അമ്പ്രാന് കൊളമീന്‍ പെരുത്തിഷ്ടംന്ന് ഏനറിയാം...” കിട്ടന്‍ കൂടുതല്‍ വിനയാന്വീതനായി.

“ലക്ഷ്മിയേ മീന്‍ കൊണ്ടുവന്ന് കറി വച്ചിട്ട് കഴിക്കാംട്ടോ! ചീനി(9) ഉണ്ടെങ്കില്‍ കുഴച്ചു വേവിച്ചു വെക്ക്.....

“ഉവ്വ്..... ദാ ഇപ്പം ഉണ്ടാക്കാം...” അമ്മയുടെ സ്വരം നേര്‍ത്തു....

“സുധാകരോ ഉറങ്ങല്ലേട്ടോ, അച്ഛന്‍ ഇപ്പം വരാം...” കിട്ടന്റെ ചൂട്ടു കറ്റ തീര്‍ത്ത വഴിയിലൂടെ അച്ഛന്‍ ഇറങ്ങി നടന്നു......

“നീലിപ്പെണ്ണേ......നീലിപ്പെണ്ണേ.... നീയേങ്ങോട്ടെ..?
വയലില്‍ കൊയ്ത്തിനു പോകുകയാണേ കൊച്ചമ്പ്രാനെ!
അങ്ങേതിലെ കാളിപ്പെണ്ണും പോകുന്നുണ്ടെ....
ആ കൂട്ടത്തില്‍ ഞാനും പോണു കൊച്ചമ്പ്രാനെ...”

അകലെ കൊയ്ത്തു പാട്ടിന്റെ അലയൊലികള്‍! അതിനു ചെവിയോര്‍ത്ത് ഉമ്മരപ്പടിയില്‍(10) അമ്മ...... ഇരുട്ടിലേക്ക് പ്രതീക്ഷയുടെ കണ്ണും നട്ട്....!

ഇടത്തു കയ്യാല്‍ മുടിയിലൂടെ ഒഴുകുന്ന വിരലുകളുടെ സുഖശീതളയില്‍, വലം കയ്യാല്‍ കൊയ്ത്തുപാട്ടിന്റെ ഈരടികളുടെ ചുവടു പിടിച്ച് തന്റെ തുടയില്‍ തീര്‍ക്കുന്ന താളത്തിന്റെ ആലസ്യതയില്‍, അമ്മയുടെ മടിയില്‍ തലവെച്ച് താനും!

“സുധേ വീണ്ടും സ്വപ്നലോകത്ത് എത്തിയോ? അല്ലെങ്കിലും ചില സമയത്ത് നാടന്‍ ഭക്ഷണം വേണമെന്ന് വാശിപിടിക്കും...ഇതൊന്നും വച്ചു ശീലമില്ലാത്ത ഞാന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കി വയ്ക്കുമ്പോള്‍ ആവശ്യമില്ലാത്ത ചിന്തകളും” പ്രിയയുടെ ഉച്ചത്തിലുള്ള ശാസന സുധാകരനെ ചിന്തയില്‍ നിന്ന് യാദാര്‍ത്ഥ്യത്തിലേക്ക് മടക്കി കൊണ്ടുവന്നു....

“മഴയുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്, കുട്ടികളെ സ്കൂളില്‍ നിന്ന് നേരത്തെ എടുക്കുന്നതാവും ബുദ്ധി.... കഴിഞ്ഞ വര്‍ഷത്തെ മഴ ഓര്‍മ്മയുണ്ടാവുമല്ലോ അല്ലേ....?”

ജിദ്ദയെന്ന മഹാനഗരത്തില്‍ ആയിരത്തിനടുത്ത് ജീവന്‍ പൊലിച്ച മഴയുടെ നടുക്കുന്ന ഓര്‍മ്മകള്‍ സുധാകരനെ പെട്ടെന്ന് ജാഗരൂഗനാക്കി....


“പോകുമ്പോള്‍ കൈയ്യും മുഖവും നന്നായി കഴികിയിട്ടു പോകണേ, രാഹുലിന് മീനിന്റെ ഉളുമ്പു മണം ഇഷ്ടല്ലാന്ന് അറിയാല്ലോ, അവന്‍ വല്ല ചീത്തയും പറയും” ബഡ്‌റൂമിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയയുടെ ഓര്‍മ്മപ്പെടുത്തല്‍......


“സുധാ ആ പ്ലേറ്റും കൂടി കഴുകി വച്ചോളൂ, അല്ലെങ്കില്‍ പിള്ളേരു വന്നു കഴിഞ്ഞാല്‍ ഡേര്‍ട്ടി സ്മെല്‍ എന്നു പറഞ്ഞ് ഒന്നും കഴിക്കില്ല, ഞാന്‍ ഒന്നുറങ്ങുകയാണ്, തിരിച്ചു വന്നാലും എന്നെ ശല്യപ്പെടുത്തരുതേ....” പ്രിയ ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ചുരുണ്ടു......

“മരുഭൂമി മരണഭൂമിയാക്കും ഈ നശിച്ച മഴ” പ്രിയയുടെ പിറുപിറുക്കല്‍  എ സിയുടെ സുഖശീതളയിലേക്ക് അമര്‍ന്നില്ലാതായി.....

തീന്മേശയില്‍ പകുതി കഴിച്ച് തുറന്നു വച്ചിരിക്കുന്ന ചിക്കന്‍ ബ്രോസ്റ്റിന്റെ പരിഹാസച്ചിരി കണ്ടില്ല എന്നു നടിച്ച് സുധാകരന്‍ പാത്രങ്ങള്‍ ഒന്നൊന്നായി കഴുകി വച്ചു, പിന്നെ കൈയ്യും മുഖവും ലിക്യുഡ് സോപ്പിന്റെ സൌമ്യസുഗന്ധത്തിന് വഴിമാറ്റി....

സ്കൂളില്‍ നിന്ന് രാഹുലിനേയും, രാധികയേയും എടുക്കുമ്പോള്‍ ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു....

“ഡാഡി പ്ലീസ് പ്ലേ  എ ഗുഡ് സോങ്ങ് ഫോര്‍ മീ...”

രാഹുലിന്റെ ഇച്ഛക്കനുസരിച്ച് ഒരു ഗാനം കാറിലെ സ്റ്റീരിയോയില്‍ മുഴങ്ങി തുടങ്ങി....

ഹേ ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ ,
തട പോട യാറും ഇല്ലൈ ,
വിളയാടുവോമാ ഉള്ളെ വില്ലാളാ........

കുളിര്‍മ്മ തീര്‍ത്ത് ആദ്യ മഴത്തുള്ളി കാറിന്റെ ഘനമേറിയ ചില്ലും കടന്ന് സുധാകരന്റെ അസ്വസ്ഥമായ മനസ്സിലേക്ക് ആഴ്ന്നിറങ്ങി......

പുതുമഴയുടെ സുഗന്ധം..... അമ്മയുടെ മുടിയിഴയിലുള്ള സ്നേഹ തലോടല്‍.....

അച്ഛന്റെ സ്നേഹമുറ്റിയ ശാസന..... “സുധാകരാ മഴയത്ത് ഇറങ്ങി നനയരുത് ട്ടോ..! പനി പിടിച്ചാല്‍ വൈദ്യന്റെ അടുത്തു കൊണ്ടുപോകും, കൈക്കുന്ന കഷായം കുടിപ്പിക്കും....!”

“ഡാഡീ കുഡ് യു പ്ലീസ് ക്ലോസ് ദ വിന്റോ.... എനിക്കീ മഴയുടെ ഡേര്‍ട്ടി സ്മെല്‍ ഒട്ടും ഇഷ്ടമല്ല.....” രാഹുലിന്റെ ശാസന.....
കാറിന്റെ ഡാഷില്‍ ചില്ലിട്ടു ഉറപ്പിച്ചിരിക്കുന്ന ചെറിയ ചിത്രത്തിലേക്ക് കണ്ണുകള്‍ പാറി..... ജീവനുള്ള നാലു കണ്ണുകള്‍.... തന്റെ അമ്മയും അച്ഛനും നിര്‍ന്നിമേഷരായി തന്നെയും നോക്കി!!!

അവരുടെ മുഖത്ത് പരിഹാസം....? ഇല്ല ഒരിക്കലുമുണ്ടാവില്ല, അവരുടെ പ്രിയപ്പെട്ട സുധാകരനെ അവര്‍ക്ക് എങ്ങനെ പരിഹസിക്കാനാവും......

ഗിയര്‍ ചെയ്ഞ്ചു ചെയ്ത് ആക്സിലേറ്ററിലേക്ക് ഒന്നുകൂടി കാലുകള്‍ അമര്‍ത്തി........

മഴ കനക്കുന്നതിനു മുന്‍പ് വീട്ടിലെത്തണം.......
*****************************************************
  1.  ചൂട്ടുകറ്റ - പണ്ട് ഇന്നത്തെ പോലെ ടോര്‍ച്ചും മറ്റു സൌകര്യങ്ങളും ഇല്ലായിരുന്ന കാലത്ത് ഉണങ്ങിയ തെങ്ങോലകള്‍ കൂട്ടി കെട്ടി കത്തിച്ചായിരുന്നു ആളുകള്‍ രാത്രി കാലങ്ങളില്‍ സഞ്ചരിച്ചിരുന്നത്. ഇതിനെയാണ് ചൂട്ടുകറ്റ എന്നു വിളിക്കുന്നത്.
  2. ഊത്ത തള്ളല്‍ - ആദ്യ മഴ പെയ്യുമ്പോള്‍ ചെറു കുളങ്ങളില്‍ നിന്ന് വെള്ളം പ്രത്യേക ഓവുകള്‍ വഴി പുറത്തു വരും, അതിനോടൊപ്പം കുളത്തില്‍ ഉള്ള മീനുകളും. ഇതാണ് ഊത്ത തള്ളല്‍. ഊത്ത - മീന്‍
  3. വെട്ടുക - കുളത്തില്‍ നിന്ന് ഒഴുക്കിനൊപ്പം പുറത്തേക്കിറങ്ങുന്ന മീനുകളെ ഒരു പ്രത്യേക ഉപകരണം ഉപയൊഗിച്ച് വെട്ടി മുറിവേല്‍പ്പിച്ചാണ് പിടിക്കുക.
  4. പൂണി - കയര്‍ വരിഞ്ഞ് കുടത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു പാത്രം.ഇതിന് കയര്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മൂടിയും ഉണ്ടാവും, പിടിക്കുന്ന മീനുകളെ സൂക്ഷിക്കാനാണ് ഇതുപയോഗിക്കുക. പകുതി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന രീതിയില്‍ അരയില്‍ കയര്‍ കെട്ടി സൂക്ഷിക്കും. കയര്‍ ഉപയോഗിച്ചുള്ള പാത്രമായതിനാല്‍ വെള്ളത്തില്‍ നിന്ന് പൊക്കിയാല്‍ വെള്ളം വാര്‍ന്നു പോകുകയും ചെയ്യും. പിടിക്കുന്ന മീനുകള്‍ കറിക്കത്തിയുടെ അടുത്തെത്തും വരെ ജീവനോടെ വളര്‍ന്ന വെള്ളത്തിന്റെ തന്നെ കഴിയണമെന്ന കരുതലിലാണ് ഇത് വെള്ളത്തില്‍ മുക്കിയിടുന്നത്.
  5. കൊലപ്പല്ലി - ഇതും വളരെ കൌതുകമുണര്‍ത്തുന്ന ഒരു നിര്‍മ്മിതിയാണ്. ഒരു പക്ഷേ മദ്ധ്യതിരുവിതാകൂറില്‍ മാത്രമാവാം ഇതു കാണുക. ചെത്തി മിനുക്കിയ കവുങ്ങിന്റെ ചെറിയ ഒരു തടിയുടെ ഒരറ്റത്ത് നിരത്തി വച്ച ഒരറ്റം കൂര്‍പ്പിച്ച കുടക്കമ്പികള്‍ കയറിനാല്‍ കെട്ടി വരിഞ്ഞെടുക്കുമ്പോള്‍ “കൊലപ്പല്ലി” ആയി. ഒഴുക്കില്‍ പുറത്തേക്കിറങ്ങി വരുന്ന മീനുകളെ പതിയിരുന്ന് വെട്ടുമ്പോള്‍ ഈ കമ്പികള്‍ മീനിന്റെ ശരീരത്തിലേക്ക് തുളച്ചു കയറുകയും കമ്പിയില്‍ കുടുങ്ങുകയും ചെയ്യും. പിന്നെ അവയെ പൂണിയിലേക്ക് മാറ്റും.
  6. തൂമ്പ് - കുളങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സമീപത്തുള്ള പാടങ്ങളിലേക്ക് വറവു സമയത്ത് വെള്ളം എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ്. വെള്ളം കുളത്തില്‍ നിന്ന് പാടത്തിലേക്ക് വെള്ളം എത്തിക്കാന്‍ ഒരു പ്രത്യേക സ്ഥലം ഉണ്ടാവും.പഴയകാലത്ത് ആ പ്രത്യേക ഭാഗത്ത് ചക്രമോ, അല്ലെങ്കില്‍ വെള്ളം തേകാന്‍ ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളോ ഉപയോഗിക്കും. കുളങ്ങളില്‍ കാണുന്ന ഈ പ്രത്യേക ഭാഗത്തെ “തൂമ്പ്” എന്നു വിളിക്കപ്പെടുന്നു. മഴക്കാലത്ത് കുളത്തില്‍ വെള്ളം നിറയുകയും തൂമ്പുകള്‍ വഴി വെള്ളം പുറത്തേക്ക് സ്വാഭാവികമായി ഒഴുകുകയും ചെയ്യും. മീനുകള്‍ പുറത്തു ചാടുന്നതും ഈ തൂമ്പുകള്‍ വഴി തന്നെ.
  7. എമ്പാടുണ്ട് - വളരെ അധികമുണ്ട് എന്നതിന് മദ്ധ്യതിരുവിതാംകൂറിലെ ഒരു ഭാഷ.
  8. എരുത്തില്‍ - പശു തൊഴുത്തിന് മദ്ധ്യതിരുവിതാംകൂറില്‍ പറയുന്ന പേരാണ് എരുത്തില്‍. പണ്ടു കാലത്തെ എരുത്തിലുകള്‍ക്ക് വീട്ടിലെ കിടപ്പു മുറികളെ ഓര്‍മ്മിപ്പിക്കുന്ന വലുപ്പത്തില്‍ ഒരു സൈഡ് മുറി ഉണ്ടായിരുന്നു. കാര്‍ഷിക വിളകളും, കാര്‍ഷിക ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
  9. ചീനി - കപ്പ, പൂള , മരച്ചീനി എന്നിങ്ങനെ വ്യത്യസ്ഥ പേരുകളില്‍ അറിയപ്പെടുന്നതിന്റെ മദ്ധ്യതിരുവിതാംകൂറിലെ പേര്‍.
  10. ഉമ്മരപ്പടി- പ്രധാന വാതിലിന്റെ ചുവടിന് പറയപ്പെട്ടിരുന്ന പേര്‍. വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ ചേര്‍ന്നിരുന്നു സൊറ പറയാറുള്ള ഈ സ്ഥലം ഇന്നില്ല എന്നു മാത്രമല്ല സൊറപറച്ചില്‍ തന്നെ ഇന്ന് അന്യമായിരിക്കുന്നു.

Sunday, 16 January 2011

മണിയന്‍ മനുഷ്യനായിരുന്നെങ്കില്‍ !അതെന്റെ വെറും ഒരാഗ്രഹമാണ്..... ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം.....

കാരണം മണിയന്‍ ഒരു നായയാണ്..... അല്‍പ്പം കൂടി ആലങ്കാരികമായി പറഞ്ഞാല്‍ “വെറും ഒരു നായ”....

നായ ഒരു മനുഷ്യനായിരുന്നു എങ്കില്‍ എന്ന് എന്റെ ആഗ്രഹത്തിന് ഒരു സാധുതയും ഇല്ല എന്ന് ഇപ്പോള്‍ മനസ്സിലായികാണും അല്ലേ....!

പക്ഷേ ഞാന്‍ അങ്ങനെ ആഗ്രഹിച്ചതിന് വ്യക്തമായ കാരണം ഉണ്ട്.... ഈ നൂറ്റാണ്ടിലെ മനുഷ്യനില്‍ ഇല്ലാതെ പോയ സ്നേഹം, നന്ദി, കടപ്പാട് എന്നിവ എന്റെ ഈ ജീവിതത്തിനിടയില്‍ പൂര്‍ണരൂപത്തില്‍ ഞാന്‍ കണ്ടത് ഒരുപക്ഷേ മണിയന്‍ എന്ന നായയില്‍ മാത്രമായിരിക്കും....

അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, അതു മണിയന്‍ എന്ന നായയില്‍ മാത്രമാണോ ഉള്ളത്, ഞങ്ങള്‍ കാണുന്ന നായകളില്‍ എല്ലാം ഈ വികാരങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, പിന്നെ മണിയനു മാത്രമായി എന്തു പ്രത്യേകത എന്ന്....

ആ ചോദ്യത്തിനു മുന്നില്‍ ഉത്തരമായി മണിയന്റെ കഥ നിങ്ങളോട് അവതരിപ്പിക്കട്ടെ.  ഈ കഥ (സംഭവം) യുടെ അവസാനം മണിയന്‍ അല്‍പ്പം പ്രത്യേകതയുള്ളവനാണെന്ന് നിങ്ങള്‍ പോലും പറഞ്ഞു പോകും. നിങ്ങളില്‍ അല്‍പ്പം നന്മ ബാക്കിയുണ്ടെങ്കില്‍ നായജന്മം നികൃഷ്ടജന്മം ആണെങ്കില്‍ കൂടി മണിയനെപോലെയുള്ള ഒരു നായയായി ജനിച്ചാല്‍ മതിയായിരുന്നു എന്നു ആഗ്രഹിച്ചു പോയേക്കാം......

മണിയന്‍ യദാര്‍ത്ഥത്തില്‍ വടക്കനാണ്. വടക്കന്‍ എന്നു പറഞ്ഞാല്‍ വടക്കേയിന്ത്യക്കാരന്‍ ... പൂനയാണ് ദേശം. ഞങ്ങളുടെ തൊട്ടയല്‍‌വാസിയും, പൂനയില്‍ സ്ഥിരതാമസക്കാരുമായ കല്യാണിയമ്മയുടെ അരുമപുത്രന്‍. അരുമപുത്രന്‍ എന്നു പറയുന്നത്തില്‍ അതിശയോക്തിയില്ല, വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാലുകാണാന്‍ ഭാഗ്യം സിദ്ധിക്കാതിരുന്ന കല്യാണിയമ്മയുടെ പുത്രദുഃഖത്തിന് കാലാകാലാകാലങ്ങളില്‍ ഒരളവുവരെ അറുതിവരുത്തിയിരുന്നത് നായകളായിരുന്നു. 

കല്യാണിയമ്മയുടെ പുത്രന്മാരില്‍ അവസാനത്തേതായിരുന്നു മണിയന്‍. കല്യാണിയമ്മയുടെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി തന്റെ ചിരകാല സമ്പാദ്യമായിരുന്ന രണ്ട് സെന്റ് വസ്തുവില്‍ ഓലമേഞ്ഞ കുടില്‍ കെട്ടി അതിലേക്ക് താമസം ഉറപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഒന്നോ രണ്ടോ മാസം പ്രായമുള്ള മണിയന്‍ മാത്രമായിരുന്നു കൂട്ടിന്.

ഒരു നായയെ മടിയില്‍ വച്ച് ഇത്രയും താലോലിക്കുന്നതിലെ, അതിന്റെ മുഖത്ത് ഒരു കുഞ്ഞിനെ എന്നവണ്ണം ഉമ്മവയ്ക്കുന്നതിലെ അരോചകത്വം പലപ്പോഴും ഞങ്ങള്‍ കല്യാണിയമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരില്‍ വല്ലാത്ത ഒരു വെറുപ്പ് ഉണ്ടാക്കിയിരുന്നു.

കല്യാണിയമ്മ സ്നേഹത്തോടെ വച്ചുനീട്ടുന്ന ഒരു കപ്പ് കട്ടന്‍കാപ്പിയോ, വേവിച്ച ചെണ്ടമുറിയന്‍ കപ്പയോ നാവിലൂറുന്ന കൊതിയെ അടക്കിയും നിഷേധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് എന്നും മണിയനായിരുന്നു എന്നതായിരുന്നു സത്യം.

പക്ഷേ അതിലപ്പുറം തന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ തന്റെ പെരുമാറ്റത്തിന്റെ മേന്മകൊണ്ട് അയല്‍‌വാസികളുടെ പോലും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ മണിയനു കഴിഞ്ഞു എന്നത് മറ്റൊരല്‍ഭുതം. “കല്യാണിയമ്മയുടെ മകന്‍ തന്നെ” അല്‍പ്പം പരിഹാസവും അതിലേറെ അതിശയവുമായി ഞങ്ങളുടെ ചര്‍ച്ചയില്‍ മണിയനും കല്യാണിയമ്മയും കടന്നുവരുന്നത് അങ്ങനെയായിരുന്നു. 

മകന്‍ തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നു രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാമത്തേത് കല്യാണിയമ്മയെ പോലെ തന്നെ മണിയനും ഒരു സ്വാത്വികനായിരുന്നു. മണിയന്‍ അല്ലാതെ മറ്റൊരു സമ്പാദ്യവും കല്യാണിയമ്മയ്ക്ക് ഇല്ല എന്ന തിരിച്ചറിവാകാം ഒരാളുടെ നേരെയും തന്റെ സ്വതസിദ്ധ നായശൈലി അവന്‍ പുറത്തെടുത്തിരുന്നില്ല. ശുദ്ധ വെജിറ്റേറിയനായ കല്യാണിയമ്മയുടെ ജീവിതചര്യയില്‍ മാറ്റം വരുത്തേണ്ട എന്ന തോന്നലാവാം, മണിയനും അത്തരം ഭക്ഷണശീലങ്ങളില്‍ സംതൃപ്തി കണ്ടെത്തി. വീട് വിട്ട് അധികമൊന്നും പുറത്തു പോകാത്ത മണിയന്‍, സദാസമയം കല്യാണിയമ്മയുടെ വിളിപ്പുറത്തുണ്ടാകാറുണ്ടായിരുന്നു.

കാലക്രമേണ മണിയനെ പ്രായം  കൂടുതല്‍ പക്വതയുള്ളവനാക്കി മാറ്റുകയായിരുന്നു. പരിശീലനം സിദ്ധിച്ച നായകളെ പോലെ അവന്‍ പെരുമാറുന്നത് കാണുമ്പോള്‍ സത്യത്തില്‍ അല്‍ഭുതം തോന്നുമായിരുന്നു.

അങ്ങനെ മണിയന്‍ വന്ന് ഏതാണ്ട് 12 വര്‍ഷം കഴിഞ്ഞപ്പോഴേക്കും കല്യാണിയമ്മയെ പ്രായം മനുഷ്യജന്മത്തിന്റെ അവസാന കാലഘട്ടങ്ങളിലേക്ക് തള്ളിയിട്ടു. കല്യാണിയമ്മ പൂര്‍ണമായും ശയ്യാവശയായി. ഞങ്ങള്‍ അയ്ല്‌വക്കക്കാരുടെ സഹായം മാത്രമായി അവരുടെ ഏക ആശ്രയം. കല്യാണിയമ്മ കിടപ്പിലായതോടെ ചുറ്റുവട്ടത്തുള്ള പലരും അങ്ങോട്ട് തിരിഞ്ഞു നോക്കാതെയായി. വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം പലപ്പോഴും ആഗ്രഹമുണ്ടായിട്ടു കൂടി പലരേയും പിന്തിരിപ്പിച്ചു. 

ഈ ഘട്ടത്തില്‍ മണിയനായിരുന്നു അവര്‍ക്ക് ഏക ആശ്രയം. പക്ഷേ 12 വര്‍ഷം പ്രായമുള്ള നായ ഏതാണ്ട് 90 വയസ്സുള്ള മനുഷ്യനു തുല്യമാണെന്ന് ഓര്‍ക്കണം. അതായത് മണിയനും ഏതാണ്ട് അവന്റെ ആയുസ്സിന്റെ അവസാന ഘട്ടങ്ങളില്‍ തന്നെ ആയിരുന്നു. പ്രായധിക്യം അവനേയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും കല്യാണിയമ്മയുടെ കാര്യങ്ങളില്‍ അവന് അതീവ ശ്രദ്ധയുണ്ടായിരുന്നു എന്നതാണ് അല്‍ഭുതം. 

പ്രായാധിക്യമുള്ള ശരീരവും പേറി മണിയന്‍ അയല്‍‌വക്കത്തെ വീടിന്റെ ഉമ്മറപ്പടിയില്‍ എത്തിയാല്‍ ആതിനര്‍ത്ഥം കല്യാണിയമ്മക്ക് എന്തോ ആവശ്യമുണ്ടെന്നാണ്. കല്യാണിയമ്മ കിടക്കയില്‍ കിടന്ന് ഉണ്ടാക്കുന്ന ചെറുശബ്ദം പോലും എന്ത് ആവശ്യത്തിനാണെന്ന് തിരിച്ചറിയാനുള്ള കഴിവും അവനുണ്ടായിരുന്നിരിക്കാം. മണിയനും, കല്യാണിയമ്മയും തമ്മിലുള്ള ആത്മബന്ധം അത്തരം ഒരു കഴിവ് അവനില്‍ ഉണ്ടാക്കിയിരിക്കാം. എന്തായാലും മണിയനൊപ്പം കല്യാണിയമ്മയുടെ വീട്ടില്‍ എത്തുന്നവര്‍ കാണുക ഒന്നുകില്‍ അവര്‍ വെള്ളത്തിനോ, ഭക്ഷണത്തിനോ വേണ്ടി നാവു നീട്ടുന്നതാവാം, അല്ലെങ്കില്‍ ഗത്യന്തരമില്ലാതെ കിടക്കയില്‍ വിസര്‍ജ്ജനം ചെയ്ത് നിസ്സാഹായായി ശബ്ദം ഉണ്ടാക്കുന്നതായിരിക്കാം.

വെറും നിലത്ത് ഒരു തഴപ്പായയില്‍ അഭയം കണ്ടെത്തിയ കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ തന്റെ ദയനീയമുഖവുമായി മണിയന്‍ എല്ലായ്‌പ്പോഴും ജാഗരൂഗനായിരുന്നു. നായ എന്ന തന്റെ പരിമിതികള്‍ക്ക് അപ്പുറത്ത് തനിക്ക് തന്റെ അമ്മക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് മണിയനിലെ വ്യത്യസ്ഥത.

ദിവസങ്ങള്‍ നീണ്ട കിടപ്പ് പക്ഷേ മണിയനെയാണ് ബാധിച്ചത്. അവന്റെ പൃഷ്ടഭാഗത്ത് ചെറുതായി കണ്ടു തുടങ്ങിയ ഒരു വൃണം ക്രമേണ വലുതാകുകയും, അത് വേണ്ടത്ര ശ്രദ്ധ കിട്ടാഞ്ഞതിനാല്‍ പുഴുവരിച്ച് തുടങ്ങുകയും ചെയ്തു. തന്റെ അനാരോഗ്യത്തിലും മണിയനെ കുളിപ്പിക്കുകയും, അവനെ താലോലിക്കുകയും ചെയ്ത കല്യാണിയമ്മയുടെ പരിലാളനകള്‍ കുറഞ്ഞത് തന്നെയാണ് അതിനു പ്രധാന കാരണം. കല്യാണിയമ്മയുടെ വിസര്‍ജ്യങ്ങളുടെ രൂക്ഷഗന്ധത്തെ കടത്തി വെട്ടി മണിയന്റെ വൃണിത ശരീരം. എങ്കിലും അവന്‍ അമ്മയുടെ പാദങ്ങളില്‍ നിന്ന് കിടപ്പ് മാറ്റിയില്ല എന്നതാണ് സത്യം.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കല്യാണിയമ്മ ലോകത്തോട് വിടപറഞ്ഞു. കല്യാണിയമ്മക്കുള്ള പ്രാതലുമായി ചെന്ന അയല്‍‌വാസിയാണ് അവരുടെ വിയോഗം മറ്റുള്ളവരെ അറിയിച്ചത്. മണിയന്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ അപ്പോഴും അവരുടെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ പഴുത്ത ശരീരഭാഗം അവന് അവിടെ നിന്ന് എഴുനേല്‍ക്കാനുള്ള ത്രാണി നഷ്ടപ്പെടുത്തി എന്നു പറയുന്നതാവും കൂടുതല്‍ ശരി. 

കല്യാണിയമ്മയ്ക്ക് അതുവരെ ഇല്ലാത്ത ബന്ധുക്കളുടെ ഒരു വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരുടെ ചര്‍ച്ചകളില്‍ രണ്ട് സെന്റ് വസ്തുവിന്റെയും, ആ കുടിലിന്റെയും അവകാശത്തെ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ കടന്നു വന്നു. അതിലൊക്കെ അവരെ അലട്ടിയത് ദുര്‍ഗന്ധം വമിപ്പിച്ച് കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ നിസ്സഹായനായി കിടക്കുന്ന മണിയനായിരുന്നു.

കൂട്ടത്തില്‍ കാരണവര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു മല്‍മലുമുണ്ടുകാരന്‍ “പോ പട്ടി” എന്നാക്രോശിച്ചു. മണിയനു വിളിച്ചു പറയണമെന്നുണ്ടായിരുന്നിരിക്കാം “ ഹേ മനുഷ്യാ ഇതെന്റെ അമ്മയാണ്, ഇവരുടെ ശവം ഇങ്ങനെ തിന്നു തീര്‍ക്കാതെ എനിക്ക് വിട്ടു തരൂ, ഈ വാര്‍ദ്ധക്യാവസ്ഥയിലും ഞാനവര്‍ക്ക് കാവലിരിക്കാം എന്ന്” അല്ലെങ്കില്‍ വൃദ്ധനും, അവശനും, മൃതപ്രായനുമായ എനിക്ക് ഒരു പട്ടിയുടെ എങ്കിലും നീതി പകരൂ” എന്ന്. പക്ഷേ അവന്റെ നിശബ്ദഗര്‍ജ്ജനം കേള്‍ക്കാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നു. തന്റെ കയ്യിലിരുന്ന ഊന്നു വടി പലവട്ടം അവനു നേരെ പ്രയോഗിച്ചു അയാള്‍.

താഡനം സഹിക്കവയ്യാതെ പഴുത്ത ശരീരവും പേറി അല്‍പ്പ ദൂരം മാറി തന്റെ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ കാഴ്ച്ചക്കാര്‍ക്കായി വരുത്തി തീര്‍ക്കുന്നതും, പിന്നീട് ചിതയിലേക്കെടുക്കുന്നതും അവന്‍ ദുഃഖത്തോടെയായിരിക്കാം നോക്കി കണ്ടത്. എല്ലാം കഴിഞ്ഞ് വന്നവര്‍ നാലുവഴിക്ക് പിരിയുമ്പോഴും മണിയന്‍ കിടന്ന കിടപ്പില്‍ നിന്ന് എഴുനേല്‍റ്റില്ല. ആ കിടപ്പില്‍ നാലു ദിവസം കിടന്ന് മണിയനും ലോകത്തോട് വിടപറഞ്ഞു. 

മണിയന്റെ കഥ അതിശയോക്തിയായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാവാം. വിവരണത്തില്‍ അതിശയോക്തി കലര്‍ത്തിയിട്ടില്ല എന്ന് ഞാനും അവകാശപ്പെടുന്നില്ല. പക്ഷേ അതു വിവരണത്തിലെ ഭാഷയില്‍ മാത്രം, സംഭവത്തില്‍ അത്തരം അതിശയോക്തികള്‍ ഒന്നും തന്നെയില്ല. പ്രമുഖ ചാനലിലെ പ്രോഗ്രാമിന്റെ തലക്കെട്ടു പോലെ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലേഖനത്തിലൂടെ ഞാന്‍ പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശത്തിന് വ്യത്യാസമുണ്ടാവില്ല.

തന്നെ ജീവനുതുല്യം സ്നേഹിച്ച്, തന്റെ വളര്‍ച്ചയില്‍ അഹോരാത്രം പ്രയക്നിച്ച മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഇന്നത്തെ തലമുറക്ക് മണിയന്‍ അത്ര വലിയ പ്രസക്തമായ ഒരു കഥാപാത്രം ആയിരിക്കില്ല. പക്ഷേ അവരെ ഒരു നിമിഷം ചിന്തിപ്പിക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞേക്കും. കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഞാന്‍ മണിയനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മണിയനെ പോലെ ചില ജന്മങ്ങളെ മനുഷ്യരിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന്. ജീവിതോപാധി തേടി എന്ന് സമാശ്വസിക്കുമ്പോഴും, മാതാപിതാക്കള്‍ എന്റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പകര്‍ന്നു തന്ന വാത്സല്യത്തിന്റെ ചൂരില്‍ അല്‍പ്പം അവരുടെ വാര്‍ദ്ധക്യ കാലത്ത് തിരികെ നല്‍കാന്‍ പ്രവാസിയായ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ആകുലതയാകാം മണിയന്‍ ഒരു നായ ആണെന്ന തിരിച്ചറിവിലും അവന്‍ ആവണം എന്ന എന്റെ ചിന്തക്കാധാരം. ജീവിക്കാനും, സംരക്ഷിക്കാനും എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും, തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവര്‍ യദാര്‍ത്ഥ സംരക്ഷണം മക്കളില്‍ നിന്ന് ആഗ്രഹിക്കുന്ന, അവരുടെ ഏറ്റവും മോശമായ അവസ്ഥയില്‍ വൃദ്ധസദനങ്ങളുടെ നാലുചുവരുകള്‍ക്കുള്ളിലേക്ക് ഉപേക്ഷിക്കുന്ന ഇന്നത്തെ തലമുറയെ ധാരാളം കണ്ടതാവാം അവരില്‍ ഒരു മണിയനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മനസ്സ് അറിയാതെ ആഗ്രഹിച്ചു പോകാന്‍ കാരണം.