. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, 17 June 2010

മേജര്‍ ശശി.

പേടിക്കേണ്ട..... ഇദ്ദേഹത്തിന് ഇന്‍ഡ്യന്‍ മിലിറ്ററി സര്‍വ്വീസുമായി ഒരു ബന്ധവുമില്ല എന്നു മാത്രമല്ല, പട്ടാളം എന്ന് എഴുതിയാല്‍ അതിന്റെ ആദ്യ ഭാഗമായ “പട്ട” എന്ന രണ്ടക്ഷരങ്ങള്‍ മാത്രം വായിച്ച് ആനന്ദ നിര്‍വൃതിയില്‍ ആറാടുന്ന മാന്യ ദേഹത്തിന് ഉടമയുമാണ്.

പട്ടയില്‍ ആറാടുന്നവനെന്നോ (ആളുന്നവനെന്നോ) എന്നൊക്കെ വരുന്ന അര്‍ത്ഥത്തില്‍ എഴുപതുകളിലെ യുവത്വം “പട്ടാളം ശശി” എന്നൊരു പേരും ഇദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്തു

ഗ്രാമത്തിന്റെ ആസ്ഥാനകുടിയന്‍ എന്നതിലുപരി ആസ്ഥാന വാറ്റുകാരന്‍ എന്നു പറയുന്നതാവാം ശരി.... ശശിപ്പിള്ള എന്ന മേജര്‍ ശശി.

വെറും “പട്ടാളം ശശി” ആയിരുന്ന ഇദ്ദേഹം എങ്ങനെ “മേജര്‍ ശശി” ആയി എന്നു നിങ്ങള്‍ ചോദ്യമുന്നയിക്കാം!. കഥ വളരെ സിമ്പിള്‍ ആണ്.

പുരാണത്തിലെ കംസനെ ഓര്‍മ്മിപ്പിക്കുന്ന കപ്പടാമീശക്കാരനായ ശശിപ്പിള്ളയെ ഒരിക്കല്‍ വാറ്റുകുടവും സാമഗ്രഹികളുമായി പുതുതായി ചാര്‍ജ്ജെടുത്ത “പയ്യന്‍” എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഭീകരന്‍ എസ് ഐ കസ്റ്റഡിയില്‍ എടുത്തു.

പോലീസോ, പോലീസ് സ്റ്റേഷനോ പുത്തരിയല്ലാത്ത ശശിപ്പിള്ള തന്റെ പോലീസ് ഏമാന്മാരുമായുള്ള സ്ഥിര സഹവാസത്തിന്റെ പിന്‍ബലത്തില്‍ നെഞ്ചുവിരിച്ച് അകത്തേക്ക് കയറിയതു മാത്രമേ ഓര്‍മ്മ ഉണ്ടായിരുന്നുള്ളു..

നിലവിളികള്‍ക്കും, പരിദേവനങ്ങള്‍ക്കും ഒടുവില്‍ പിറ്റേന്ന് പോലീസ് സ്റ്റേഷനു പുറത്തു വന്ന ശശിപ്പിള്ളക്ക് കപ്പടാമീശയുടെ ഒരു വശം നഷ്ടപ്പെട്ടിരുന്നു.

എസ് ഐ ഏമാന് ഇഷ്ടം തോന്നി ചോദിച്ചു വാങ്ങിയതാണെന്ന് ശശിപ്പിള്ള! എന്തായാലും, അതോടെ മുഴുവന്‍ മീശയില്‍ നിന്ന് അര മീശയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ശശിപ്പിള്ള കാരണമില്ലാതെ മേജര്‍ ശശിയായി മാറി!

യേശുവിനു മുന്‍പ് എന്നും, യേശുവിന് ശേഷമെന്നും രണ്ട് ഘട്ടങ്ങള്‍ ഉണ്ടെന്നു പറയും പോലെ പരമ പുണ്യവാളനായ മേജര്‍ ശശിയെ ആധാരമാക്കി എന്റെ ഗ്രാമവും ചിലപ്പോള്‍ രണ്ട് ഘട്ടങ്ങളായി അറിയപ്പെടാന്‍ സാദ്ധ്യത്യുണ്ട്.

ബി എസ് (ബിഫോര്‍ ശശി) നീര്‍വിളാകം & എ എസ് (ആഫ്റ്റര്‍ ശശി) നീര്‍വിളാകം!

നീര്‍വിളാകത്തിന് അത്രക്ക് അവിഭാജ്യമായ ഘടകമാണ് ടീയാന്‍!!

താമരയുടെ അളിയനായ ഇദ്ദേഹം തന്റെ താമര കുടുഃബത്തിന്റെ അമരക്കാരനും, സ്വന്തം കുടുഃബമഹിമ ഒട്ടും ചോരാതെ കാത്തു സൂക്ഷിച്ചും പോന്നു.

വായനക്കിടയില്‍ നിങ്ങള്‍ക്കു തോന്നാം ഇത്രയും വലിയ ഒരു വ്യക്തിയെ കുറിച്ച് എന്തു കഥപറയാനാണ് ഞാന്‍ ഒരുങ്ങുന്നതെന്ന്!!

അതെ.... നിങ്ങള്‍ക്ക് തോന്നുന്ന അതേ കണ്‍ഫ്യൂഷന്‍ തന്നെയാണ് എനിക്കും!

പറഞ്ഞാലും, കേട്ടാലും തീരാത്ത മേജര്‍ ശശി കഥകളില്‍ എനിക്കു നേരിട്ടുണ്ടായ ചില ഒരനുഭവങ്ങളില്‍ ഒന്ന് താല്‍ക്കാലിക ആശ്വാസമായി ഇവിടെ വിവരിക്കാം.
******************************************************
ഫാമിലിയെ സൌദിയില്‍ നിര്‍ത്തി ഇടക്കിടെ നാട്ടിലേക്ക് മുങ്ങുന്ന ഒരു വിരുതനാണ് ഞാന്‍!!

അങ്ങനെ മുങ്ങി നാട്ടില്‍ ഒരിക്കല്‍ എത്തിയതിന്റെ പിറ്റേന്ന് രാവിലെ മേജര്‍ ശശി വീട്ടില്‍ ഹാജര്‍!!

“എടാ കുട്ടാ... നീ മാത്രമേ കൊച്ചാട്ടന്** ഒരു ആശ്രയമുള്ളൂ..... വയറു വേദനിക്കുന്നെടാ.... ഒരു നൂറു രൂപാ തരുമോ? ആശുപത്രിയില്‍ പോകാനാ‍“ ..... പട്ടയടിക്കാന്‍ സ്ഥിരം ഇടാറുള്ള നമ്പര്‍!

“കൊച്ചാട്ടാ.... ഒരു പൈസ കയ്യില്‍ ഇല്ല... മുഴുവന്‍ ബാങ്കിലാ..?” എന്റെ പ്രൊട്ടക്ടീവ് നമ്പര്‍

“എടാ കൈലി വല്ലതും ഇരുപ്പുണ്ടോ?...ഒരെണ്ണം ഉടുക്കാനില്ല..” അതെങ്കിലും വിറ്റ് അന്‍പതു രൂപാ ഒപ്പിക്കാനുള്ള മേജര്‍ ശശി നമ്പര്‍!

“അയ്യോ...കൊച്ചാട്ടാ.... ഞാന്‍ അങ്ങനെ ഒന്നും കൊണ്ടു വരാറില്ല എന്ന് അറിഞ്ഞു കൂടേ”... സത്യമാണ് പറഞ്ഞതെങ്കിലും കൊണ്ടു വന്നാലും കൊടുക്കില്ല എന്നു സ്പഷ്ടമാക്കി ഞാന്‍...

“എടാ പിള്ളേര്‍ക്ക് പേനയും പെന്‍സിലും ഒന്നുമില്ല... ഉണ്ടകില്‍ പത്തു പതിനെഞ്ചെണ്ണം താ” അടുത്ത ഐറ്റം!

“കൊച്ചാട്ടാ ഞാന്‍ കയ്യും വീശിയാ വന്നത്...ഒരു സാധനം കൊണ്ടു വന്നില്ല” ഉള്ള ഹോളുകള്‍ അത്രയും ഞാന്‍ പഞ്ഞിയില്‍ ചക്ക അരക്ക് തേച്ച് അടച്ചു.

“എങ്കില്‍ നിന്റെ ഷര്‍ട്ടില്‍ ഒന്ന്...?” ശശിപ്പിള്ള വെറും പിള്ളയല്ല!

“അയ്യോ കൊച്ചാട്ടാ.... രണ്ട് ദിവസത്തേക്ക് വന്ന ഞാന്‍ ആകെ രണ്ടേ രണ്ട് ഷര്‍ട്ടല്ലേ കൊണ്ടു വന്നത്...”

മേജര്‍ എന്തൊക്കയോ പിറുപിറുത്തു കൊണ്ട് ഇറങ്ങി നടന്നു.....

സാധാരണക്കാര്‍ മലയാള അക്ഷരങ്ങള്‍ കൂട്ടി വായിക്കും പോലെയല്ലാ മേജറിന്റെ വായന എന്നറിയാവുന്നതിനാല്‍ സ്വതവേയുള്ള മലയാളി മഹാത്മ്യമായ ചെവി വട്ടംപിടി പ്രകൃയക്ക് മുതിര്‍ന്നില്ല.... ഇനി അങ്ങനെ ചെയ്താലും ചെയ്തില്ലെങ്കിലും ആ പിറുപിറുപ്പില്‍ എന്റെ വേണ്ടപ്പെട്ടവര്‍ മെയ്യും മനസ്സും മറന്ന് തുമ്മും എന്നുറപ്പ്!

ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് ഏറ്റില്ലെങ്കിലും രണ്ടാം ദിവസവും മൂന്നാം ദിവസവും മേജര്‍ തന്റെ കഠിനാധ്വാനം തുടര്‍ന്നു, പക്ഷേ മേജറെ ജനനം മുതല്‍ അറിയാവുന്ന ഞാനുണ്ടോ കുലുങ്ങുന്നു!

നാലാം ദിവസം.... തൊട്ടടുത്ത ദിവസത്തെ തിരിച്ചു പോക്കിനാവശ്യമായ ചില സാധനങ്ങള്‍ വാങ്ങാന്‍ ചെങ്ങന്നൂര്‍ പട്ടണത്തില്‍ പോയി തിരികെ വന്ന് ക്ഷേത്രത്തിനു മുന്നിലുള്ള മതില്‍കെട്ടില്‍ സഹകത്തിയന്‍സിനൊപ്പം വെടി പറഞ്ഞിരിക്കുന്ന സമയം...

സമീപത്തെ മതിലുകളുടെ ബലം തന്റെ സ്വന്തം ശരീരം കൊണ്ട് അളന്ന് മേജര്‍ സാബ് മുന്നില്‍ വന്നു നിന്നു.

കത്തി വെപ്പിനിടയില്‍ ദൂരെ നിന്നു വന്നത് ശ്രദ്ധിക്കാതിരുന്നതിനാല്‍ ഒരു മുങ്ങലിനുള്ള അവസരവും ഉണ്ടായില്ല!

“മോനെ കൊച്ചാട്ടനു മരുന്നിന്റെ കാശ് നീ ഇതുവരെ തന്നില്ല” മേജറുടെ പരിഭവം!

“കൊച്ചാട്ടാ.... ഉള്ള കാശിനു സാധനങ്ങള്‍ വാങ്ങി.. ബാക്കി ഒന്നുമില്ല” ഞാന്‍ എന്റെ പതിവു പല്ലവി ആവര്‍ത്തിക്കാന്‍ തുടങ്ങി.

സ്നേഹമുള്ള സഹകത്തിയന്മാര്‍ “കൊച്ചാട്ടാ ചുമ്മാതാ.... അവന്റെ പോക്കറ്റില്‍ പൂത്ത പൈസ ഉണ്ട്” എന്ന് അവര്‍ക്കു കഴിയുന്ന രീതിയില്‍ മേജറെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

മേജര്‍ വിടാന്‍ ഭാവമില്ല...... പോക്കറ്റില്‍ പൈസ ഇല്ല എന്നുറപ്പായിരുന്നതിനാല്‍ ഞാന്‍ അവസാന അടവു പ്രയോഗിച്ചു...

“സംശയം ഉണ്ടങ്കില്‍ നോക്ക്... എന്റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞില്ലെ” കുപ്പായക്കീശ മലര്‍ക്കെ തുറന്ന് ഞാന്‍ എന്റെ സത്യസന്ധത ഒട്ടും ബാക്കി വയ്ക്കാതെ തുറന്നിട്ടു.

ഒരവസരം കിട്ടിയാല്‍ മേജര്‍ ശശി അല്ല സാക്ഷാല്‍ സത്സ്വഭാവി വരെ വിടുമോ?

ശശിപ്പിള്ള കുപ്പായ കീശയില്‍ കൈകടത്തി.... പോക്കറ്റിലുള്ള സര്‍വ്വ സാമഗ്രികളുമായാണ് ആ കൈ പുറത്തു വന്നത്.

പരതി നോക്കിയപ്പോള്‍ നായാപൈസയില്ല.... നിരാശനായി വലിച്ചെടുത്ത സാധനങ്ങള്‍ തിരിച്ചു വച്ചു.... അതിനിടയില്‍ എന്തോ ഒന്നു നിലത്തു വീഴുകയും ചെയ്തു.

എന്തോ ആവശ്യത്തിനു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ട് സൈസിലുള്ള എന്റെ ഒരു ഫോട്ടോ ആയിരുന്നു അത്.

ശശിപ്പിള്ള ഞൊടിയിടയില്‍ അത് കടന്നെടുത്തു... പിന്നെ സ്വാഭാവികമായ അയ്യപ്പ ബൈജു സ്റ്റൈലില്‍ എന്റെ മുഖത്തേക്കും ഫോട്ടോയിലേക്കും മാറി മാറി നോട്ടം എറിഞ്ഞു....

എന്തെങ്കിലും ഡയലോഗ് വരുമെന്ന് നിശ്ചയം... പക്ഷേ അതെന്താകും?? ഞാനും കൂട്ടുകാരും ആകാംഷയിലാണ്!!

“എടാ ഇതാരുടെ ഫോട്ടൊയാടാ?” ഒന്നും അറിയാത്തവനെ പോലെ മേജര്‍.

“ഞാന്‍ തന്നയാ കൊച്ചാട്ടാ” ആവിശ്യമില്ലെങ്കിലും ഞാന്‍ മറുപടി പറഞ്ഞു.

“ഹോ ഫൊട്ടോയില്‍ കണ്ടാല്‍ സിനിമാ നടന്‍... നേരിട്ടു കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല!!“ മേജര്‍ അതുവരെ എന്നോടുള്ള അരിശം അവിടെ തീര്‍ത്തു!!

സ്തബ്ദനായിരുന്ന എന്നെ മൈന്‍ഡ് ചെയ്യാതെ മേജര്‍ വഴിയുടെ വീതിയളന്ന് നടന്നു മറഞ്ഞിട്ടു പോലും എന്റെ ചുറ്റും ഇരിക്കുന്നവരുടെ ചിരി അവസാനിച്ചിരുന്നില്ല....

ഡയലോഗിന്റെ ഹാങ്ങോവര്‍ വിട്ടുമാറിയപ്പോളാണ് എനിക്ക് ചിരിക്കാന്‍ കഴിഞ്ഞത്... പക്ഷേ അതൊരു തരം വളിച്ച ചിരി ആയിരുന്നിരിക്കും എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം!

(**കൊച്ചാട്ടന്‍ - മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്ത് അണ്ണന്‍, ചേട്ടന്‍ എന്നിവയ്ക്കു പകരം വിളിക്കുന്നത്)