. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 28 May 2010

മീനത്തിലെ മഴ.


നഗരവ്യാഭിചാരങ്ങളില്‍ ഭാഗഭാക്കാകാത്ത ഗ്രാമഗന്ധം. ഒറ്റയടിപ്പാത അനന്തതയിലെ ഒരു ചെറു ബിന്ദുവില്‍ അവസാനിച്ച പോലെ.

ജീവിതവീഥിയില്‍ എന്നും ഏകാകിയായ ദേവന്‍ ചരട് പൊട്ടി ലക്ഷ്യമില്ലാതെ പായുന്ന തന്‍റെ മനസ്സെന്ന പായ്ക്കപ്പലിനെ താല്‍ക്കാലികമായെങ്കിലും യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത തീരത്തേക്ക് മെല്ലെ അടുപ്പിച്ചു.

ഉത്തരങ്ങള്‍ തേടിയുള്ള ദേവന്‍റെ നെടുവീര്‍പ്പിന് മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്‍റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പിന് ശോകതയുടെ ആര്‍ദ്രത.

ഈ ഒരു പകല്‍ ഇരുണ്ടു വെളുക്കുമ്പോള്‍ ഒരര്‍ത്ഥത്തില്‍ തന്‍റെ മനസാക്ഷിയുടെ മൂകമരണം സംഭവിക്കുകയാണ്. ഇനി ഈ ഗ്രാമമാതാവിന്‍റെ മടിയില്‍ ഒരു പുനര്‍ജനിയാകണമെങ്കില്‍ പ്രവാസമെന്ന തിരുഗര്‍ഭത്തില്‍ ഒരു ചെറുകണമായി നീണ്ട രണ്ടു വര്‍ഷത്തെ കാത്തിരിപ്പ്.

കുപ്പായക്കീശയുടെ വിശാലതയും കടന്ന് പുറത്തേക്ക് ഉന്തിയിരിക്കുന്ന പാസ്പോര്‍ട്ടിനുള്ളില്‍ നിന്നും ടിക്കറ്റ് സൂക്ഷിച്ചിരിക്കുന്ന ട്രാവല്‍ ഏജന്‍സിയുടെ ബഹുവര്‍ണ കവര്‍ ഞാന്‍ നിന്‍റെ നാളെകളുടെ നിറം കെടുത്താന്‍ പോകുന്നെയ്എന്നുച്ചത്തില്‍ പരിഹസിക്കുന്നുണ്ടോ?

കവര്‍ വലിച്ചെടുത്ത് ദേവന്‍ ഒരിക്കല്‍ കൂടി അതിലൂടെ ഊളിയിട്ടു. കൃത്യമായി പറഞ്ഞാല്‍ നാളെ വൈകുന്നേരം അഞ്ചുമണിക്ക് തനിക്ക് അമ്മയും, അമ്മുവും, ഈ ഒറ്റയടി പാതയും തോടും, തൊടികളും എല്ലാം എല്ലാം നഷ്ടസ്വര്‍ഗങ്ങളുടെ കനേഷുമാരിയിലെ അവസാന കോളത്തില്‍ സ്ഥാനം പിടിക്കും.

ദിനങ്ങളുടെ ഗതിവേഗം അളക്കാന്‍ മനസ്സോളം നല്ലൊരു ഘടികാരം ഇല്ല എന്ന് അമ്മ എപ്പോഴും പറയാറുള്ളത് എത്ര ശരിയാണ്. അവിടെ പ്രവാസ ജീവിതത്തില്‍  ദിനങ്ങള്‍ എണ്ണിയാല്‍ തീരാത്ത തിരമാലകള്‍ പോലെ ഒരു മഹാസമസ്യ ആകുമ്പോള്‍, ഇവിടെ മണ്ണിന്‍റെ ഗന്ധത്തില്‍ ഒരു മിന്നല്‍‌പിണര്‍ പോലെ മിന്നിമായുന്ന ഒന്നായി മാറ്റപ്പെടുന്ന മഹാത്ഭുതം.

നാലുമാസത്തെ അവധി അപേക്ഷ നാല്‍പ്പത് ദിവസമായി ചുരുക്കിയത്തിനു കാരണത്തിനായി വാചാലനായ മുതലാളിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍, തന്‍റെതല്ലാത്ത കാരണത്താല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുപുള്ളി ആരാച്ചാരോട്  ജീവനായി അപേക്ഷിക്കുന്ന മനസ്സിക അവസ്ഥയില്‍ ആയിരുന്നു.

ദേവന്‍.... ഞാന്‍ നാട്ടില്‍ പോയാല്‍ നില്‍ക്കുന്നത് നാലോ അഞ്ചോ ദിവസമാണ്. ഭാര്യാപുത്ര പരാധീനതകളും ഒന്നും ഇല്ലാത്ത തനിക്കെന്തിനാടോ ഈ നാലു മാസം?”

ഉള്ളില്‍ നിന്നും ഒരു ആന്തലോടെ തികട്ടിയ മറുചോദ്യം നിസ്സംഗമായ ഒരു ചിരിയുടെ മൂടുപടം കൊണ്ട് തടുത്തുനിര്‍ത്തി. അനര്‍ത്ഥമായ ചോദ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മാര്‍ക്കിട്ട് നാല്‍പ്പത് വീണ്ടും വെട്ടിചുരുക്കി നാല് ആകാതിരിക്കാന്‍ മൌനം തന്നെയാണ് നല്ലത്. അത്തരം അനേകം ചോദ്യങ്ങളുടെ പരിണിതഫലമാണ് അര്‍ഹമായ നാല് മാസത്തില്‍ നിന്നും നാല്‍പ്പത് ദിനങ്ങളിലെക്കുള്ള തിരിച്ചോഴുക്ക്.

മാസത്തില്‍ പലതവണ നാട്ടില്‍ പോകുന്ന മുതലാളിയേയും രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍് പോകുന്ന തന്നെയും ഏതു നുകത്തില്‍ കെട്ടിയാലും ഉഴല്‍ നടക്കില്ല എന്നു അദ്ദേഹത്തിനും തനിക്കും അറിയാം.... എന്നിട്ടും!

ഭാര്യയും, കുട്ടികളും മാത്രമാണോ പരാധീനതകള്‍. അല്ലെങ്കില്‍ അവ മാത്രമാണോ സൌഭാഗ്യങ്ങള്‍...? അറിയില്ല.... അമ്മുവിന്‍റെ പഠിപ്പ്, അവളുടെ വിവാഹം, സ്വപ്നങ്ങളില്‍ മാത്രം വിരാജിക്കുന്ന കുഞ്ഞ് വീട്, അങ്ങനെ തനിക്കും എത്രയോ പരാധീനതകള്‍ നിരത്താനുണ്ടാവും....? ഗ്രാമത്തിന്‍റെ നിഷ്കളങ്കത, അമ്മയുടെ സ്നേഹ ശാസനകള്‍, അമ്മുവിന്‍റെ കുസൃതികള്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത സൌഭാഗ്യങ്ങള്‍ വേറെ ഇല്ലേ..?

മീ‍നവരള്‍ച്ചയിലെ ജീവവേഴാമ്പലുകള്‍ക്ക് അനുഗ്രഹമായി  തലേന്ന് പെയ്ത മഴ. പുതുവര്‍ഷ ഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്ക് ഒരുപക്ഷേ ജീവിതമേ ആസ്വദിക്കാന്‍ കഴിയില്ല എന്നാണ് കവിമനസ്സുകള്‍ പറയാറ്. ഇലകളും പുല്‍ച്ചെടികളും പോലും പുതുജലകുളിര്‍മ്മയുടെ ആലസ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുമ്പോള്‍ ഒരുപക്ഷെ താന്‍ മാത്രമാവാം നാളയെ കുറിച്ചോര്‍ത്ത് വേവലാതികളുമായി....

ദേവാ.... നാളെ ജ്ജ് പൂവാണല്ലെ.... ആട്ടുംകൂട്ടങ്ങളേയും തെളിച്ചുവന്ന ബീവാത്തുമ്മയുടെ ചിലമ്പിച്ച സ്വരം ദേവനെ ഒരു നിമിഷം ചിന്തയില്‍ നിന്നുണര്‍ത്തി.

അതെ ഉമ്മാ.... നാളെ വൈകുന്നേരം അഞ്ചു മണിക്കാണ് യാത്ര.തന്‍റെ നെടുവീര്‍പ്പുകള്‍ ആടുകളുടെ ചലപിലകള്‍ക്കിടയില്‍ അലിഞ്ഞുചേര്‍ന്ന് ഇല്ലാതായത് ദേവന് ഒരു അനുഗ്രഹം പോലെ തോന്നി.

മോനെ ചെന്നിട്ട് ഇജ്ജ് ഞമ്മടെ നിശാറിന്‍റെ കാര്യം കൂടി ഒന്നു നോക്കണെ..... പൊരേല് വലിയ കഷ്ടപ്പാടാ മോനെ....

ഉവ്വ് ഉമ്മാ..... നോക്കാം..നിഷ്കളങ്ക ഗ്രാമീണതയുടെ ദൈന്യതപേറുന്ന വൃദ്ധയോട് മറ്റെന്തു പറഞ്ഞ് സമാധാനിപ്പിക്കാന്‍.....

ബ്ബേ..ബ്ബേകൂട്ടത്തില്‍ ഒരു കുഞ്ഞാട് മറ്റുള്ളവയെ പിന്തള്ളി മുന്നിലേക്ക് കടക്കാനുള്ള ശ്രമം... ദേവന്‍റെ ചിന്തകളെ ഉദ്ദീപിപ്പിച്ചു കൊണ്ട് ആന്‍റെണിയുടെ മുഖം കടന്നുവന്നു. മുതിര്‍ന്ന ആടുകളെ വകഞ്ഞു മാറ്റി മുന്നേറാന്‍ ശ്രമിക്കുന്ന ആ കുഞ്ഞാടിന് ആന്‍റെണിയുടെ മുഖഛായയോ?

മലയാളി സ്പടികജാറിലെ ഒരുകൂട്ടം ഞണ്ടുകള്‍ ആണെന്ന ഇതരഭാഷക്കാരുടെ പരിഹസിക്കുന്നതിന് ഉപോത്ബലകമായ ഒരു പേര്‍.

ദേവാ.... നമ്മള്‍ ഉറ്റവരേയും ഉടവരേയും ഉപേക്ഷിച്ച് ഇവിടെ വരുമ്പോള്‍ നമ്മുടെ ലക്ഷ്യം പണം മാത്രമായിരിക്കണം”. ഒരേ വിമാനത്തില്‍ മരുഭൂമിയുടെ മരവിപ്പില്‍ വന്നിറങ്ങിയതിന്‍റെ രണ്ടാം നാള്‍ ആന്റണിയുടെ പ്രസ്ഥാവന.

തന്‍റെ ലക്ഷ്യങ്ങളുടെ ശുഭപര്യവസാനം കാതങ്ങള്‍ക്കിപ്പുറത്ത് നിന്ന് അകക്കണ്ണിലൂടെ കുറിച്ചിട്ട് അതിനു വേണ്ടി കുശാഗ്രബുദ്ധിയുടെ നൂല്‍പ്പാലത്തിലൂടെ സാഹസികയാത്ര നടത്താന്‍ മടിയില്ലാത്തവന്‍.... !

ദേവാ എന്‍റെ വിശാലമായ ലക്ഷ്യപൂര്‍ത്തീകരണത്തില്‍ നീ എന്‍റെ ഉറ്റസതീര്‍ത്ഥ്യന്‍ ആയിരിക്കും”... വിദ്യാഭ്യാസത്തില്‍, വീക്ഷണത്തില്‍, വിഷയഗ്രാഹ്യത്തില്‍ ഒക്കെയും തന്നെക്കാള്‍ ഉപരി മറ്റുപലരേക്കാളും എന്തുകൊണ്ടും ഒരുപടി പിന്നിലാണെങ്കിലും അവരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാനേജര്‍ പദവിയുടെ കറങ്ങുന്ന കസേരയില്‍ ഇരുപ്പുറപ്പിച്ചപ്പോള്‍ ആന്‍റെണിയുടെ വാഗ്ദാനം.

ഒന്നും വേണ്ട ആന്‍റെണീ.... നീ നിന്‍റെ മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തൂ.... എന്‍റെ സ്വപ്നങ്ങള്‍ എന്നും പരിമിതങ്ങള്‍ അല്ലെ..സ്ഥാനക്കയറ്റത്തിനു പിന്നിലേ ചരടുവലിയില്‍ മുതലാളിയുടെ നേര്‍പകുതിയും ഉള്‍പ്പെടുന്നു എന്നത് പതം പറച്ചിലുകള്‍ക്കുപരി ഒരു സത്യമാണെന്ന തിരിച്ചറിവാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.

നോണ്‍ സെന്‍സ്... എങ്ങനെയാണ് ഒരു കാബിനില്‍ പ്രവേശിക്കുക എന്നു തനിക്കറിയില്ലേ?” പിന്നീടൊരിക്കല്‍ ആന്‍റെണിയുടെ രോഷത്തിന് മാഡത്തിന്‍റെ പുഞ്ചിരികൂടി കൂട്ടായപ്പോള്‍ ദേവന്‍ എന്ന സാധാരണ ചങ്ങാതിയില്‍ നിന്നും ദേവദാസ മേനോന്‍ എന്ന അസാധാരണ കീഴ്‌ജീവനക്കാരനിലേക്കുള്ള ദൂരം എത്രയോ ചെറുതാണെന്ന് തിരിച്ചറിഞ്ഞു.

കൂയ്..... എടാ ദേവാ നാളെ എപ്പോഴാടാ പോകുന്നേ..? ഞാനും കൂടി എയര്‍പോര്‍ട്ടില്‍ വരണോ..?”

നാളെ വൈകുന്നേരമാടാ....ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ദേവന്‍ പ്രതികരിച്ചു.

എടാ ഇന്ന് എന്‍റെ പൊന്നുമ്മയുടെ പിറന്നാളാ.... നല്ല അരിപ്പത്തിരിയും മട്ടന്‍ കറിയും ഉണ്ട്.... കഴിച്ചിട്ടു പോടാ

കളിക്കൂട്ടുകാരന്‍ സുള്‍ഫി വീടിന്‍റെ ഉമ്മറത്ത്, ഉമ്മയുടെ തോളില്‍ കയ്യിട്ട് തന്നിലേക്കടുപ്പിച്ചുകൊണ്ട് പുഞ്ചിരിച്ചു.

വേണ്ടാടാ...കവലയില്‍ നിന്ന് ഒരു ചായയും കടിയും കഴിച്ചതേയുള്ളു

അത് നിന്‍റെ കടയപ്പമല്ല..... നാളെമുതല്‍ നിനക്ക് ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍ പറ്റിയ സാധനമാ.... വാ കഴിച്ചിട്ടു പോകാംസുള്‍ഫിയുടേയും ഉമ്മയുടേയും മാറിമാറിയുള്ള സ്നേഹനിര്‍ബന്ധം.

എങ്ങനെയുണ്ടടാ എന്‍റെ ഉമ്മയുടെ കൈപുണ്യം? ഭക്ഷണത്തിനിടെ സുള്‍ഫിയുടെ കുശലം കൂട്ടിക്കൊണ്ടുപോയത് നിഷ്കളങ്കമായ മറ്റൊരു ചിരിയിലേക്കാണ്....

വോ നിങ്ങളൊക്കെ എന്തിര്? വലിയ മേനോന്മാരല്ലെ? നമ്മുടെ കൈകൊണ്ട് വച്ചതു കഴിക്കുമോ എന്തോ?”

പ്രവാസത്താല്‍ തരിശിട്ട തിളങ്ങുന്ന തലയും, മഞ്ഞിച്ച ജീവസ്സുവറ്റിയ കണ്ണുകളും, പ്രാരാബ്ദഭാരത്താല്‍ മരവിച്ച ഇടത്തേ കാലും.... അച്ചായന്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന മാത്തപ്പന്‍ എന്ന അന്‍പത്തഞ്ച് വയസ്സുകാരനായ കമ്പനിയുടെ ആസ്ഥാന കുശിനിക്കാരന്‍.

എങ്ങനെയുണ്ട് ദേവാ കോഴിക്കറി?” ഉണങ്ങിയ ഗോതമ്പ് കുപ്പൂസുകള്‍ക്ക് ഇടയില്‍ ചെറു അരുവികള്‍ തീര്‍ക്കുന്ന കറികളുടെ രുചി തിരക്കി എത്തുന്ന അച്ചായന്‍റെ ചോദ്യമാണ് കഴിച്ചത് കോഴിയോ, മറ്റെന്തെങ്കിലുമോ എന്നു തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം!

വളരെ നന്നായിട്ടുണ്ട് അച്ചായാ!ജീവനില്ലാത്ത കണ്ണുകളില്‍ മിന്നിമറയുന്ന ചിരിതിളക്കം കാണാനായിട്ടു മാത്രം പറയുന്ന തന്‍റെ സ്ഥിരം പല്ലവി.

ഹ...ഹ... ദേവാ നീ മാത്രമേ ഇതു പറയൂ... അതിന്‍റെ ഗുണവും കാണുന്നുണ്ട് നിന്‍റെ ശരീരത്തില്‍”... ഹസനിക്കയുടെ പരിഹാസം ഇടക്കിടെ കേള്‍ക്കുമ്പോള്‍ അച്ചായന്‍ പ്രതികരിക്കും.

വേണമെങ്കില്‍ ഞണ്ണിയിട്ട് എഴുനേറ്റു പോടേ പയലേ..! നാളെ മുതല്‍ നിനക്കു ഞാന്‍ പീലി വച്ചു വിളമ്പാം!!

പത്തിരി ഒന്നുകൂടി ഇടട്ടെ മോനേഉമ്മയുടെ ശബ്ദം ദേവനെ വീണ്ടും ചിന്തകളില്‍ നിന്നു തിരികെ വിളിച്ചു.

മതി ഉമ്മാ...ധാരാളംകൈകഴുകുന്നതിനിടയില്‍ സുള്‍ഫി ഡ്രസ്സ് ചെയ്തു.

ഞാനും അത്രേടം വരെ പോയിട്ടു വരട്ടെ ഉമ്മാ.തന്‍റെ മുപ്പതാം വയസ്സിലും സുള്‍ഫിയുടെ ജീവിതചര്യയില്‍ അത്ഭുതം തോന്നി. നീണ്ട പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമായി ഉപ്പ നല്‍കിയ മരണത്തിന്‍റെ മാറാപ്പും പേറി ഉമ്മക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരു മകന്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

ഏയ്‌ ദേവന്‍..... നിനക്കു നാളെ ലഗേജിനു കൂടുതല്‍ കാശു കൊടുക്കേണ്ടി വരുമെന്നു തോന്നുന്നല്ലോപരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന അച്ചാറുകളുടേയും, വറവിന്‍റെയും സമ്മിശ്ര നിറഞ്ഞ ചിരിയോടെ ശ്വസിച്ച് സുള്‍ഫി....

നാടിന്‍റെ നറുമണവും സ്വാദും ആസ്വദിക്കാനായി അവിടെ പ്രതീക്ഷാ നിര്‍ഭരമായ എത്രെയെത്ര കാത്തിരിപ്പുകള്‍. അവരുടെ പ്രതീക്ഷകള്‍ക്ക് പകരംവെയ്ക്കാന്‍ ഇത് മതിയാവില്ല എങ്കില്‍ പോലും എന്‍റെതായ ഒരു ചെറു തലോടല്‍ദേവന്‍റെ ചുടു നിശ്വാസത്തെ മറികടന്ന് കുളിര്‍മ്മയുള്ള ഒരു കാറ്റ്.....

മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു തോന്നുന്നു..എതിരെ വന്ന നാരായണേട്ടന്‍ പറയുന്നതിനു മുന്‍പ് തന്നെ മഴ വീണിരുന്നു. കനത്ത മഴ..... പെരുമഴ..... വേനല്‍ മഴ..

നിന്‍റെ കീശയാകെ നനഞ്ഞിരിക്കുന്നല്ലോ...?” ഉമ്മറപ്പടിയിലേക്ക് കയറുമ്പോള്‍ സുള്‍ഫി ചൂണ്ടിക്കാട്ടി.

ആസകലം കുതിര്‍ന്ന കുപ്പായ കീശയില്‍ നിന്ന് ടിക്കറ്റും പാസ്പോര്‍ട്ടും വലിച്ചെടുക്കുമ്പോള്‍ അതിന്‍റെ പലഭാഗങ്ങളും അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

ദേവാ..... എന്താ മോനേ... ഇതൊക്കെ ശ്രദ്ധിക്കേണ്ടെ?” ഇനി എന്താ ചെയ്ക.....അമ്മയുടെ പരിദേവനം രസിക്കാത്തത് എന്നപോലെ മിന്നലിനൊപ്പം വന്ന ഒരു ഇടി ആ ശബ്ദത്തെ അലിയിച്ചു കളഞ്ഞു.

ദേവന്‍ തിരികെ മഴയിലേക്കിറങ്ങി ചിരിയോടെ ഓടിയിറങ്ങി.... ആ പുഞ്ചിരി ഉള്‍ക്കൊണ്ട് മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.....

അമ്മയുടേയും, അമ്മുവിന്‍റെയും മുഖത്ത് അപ്പോള്‍ കണ്ടത് ചിതറി തെറിച്ച മഴത്തുള്ളികള്‍ തന്നെയോ?