. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Monday 27 December 2010

സ്നേഹമതം.


സ്നേഹമതം....!

അങ്ങനെയൊരു മതമോ...?

ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം, ബുദ്ധന്‍, ജൈനന്‍, പാഴ്സി എന്നിങ്ങനെ കാക്കത്തൊള്ളായിരം മതങ്ങളുടെ പെരുങ്കളിയാട്ടത്തിനിടെ ഇത്തരം ഒരു മതത്തെ കുറിച്ച് കേട്ടു കേഴ്വി പോലും ഉണ്ടായിട്ടില്ല....!

ഒരു പക്ഷേ എന്റെ ഈ രചനയുടെ അവസാനം നിങ്ങള്‍ക്ക് തോന്നിയേക്കാം അങ്ങനെയൊന്നുണ്ട് എന്ന്, അല്ലെങ്കില്‍ ഇനിയും അങ്ങനെ ഒന്നു സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ അതിന്റെ സാദ്ധ്യതകള്‍ ഇന്നും ലോകത്ത് നിലനില്‍ക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചേക്കാം....

ഒരു മാസമോളമായി, വിട്ടുമാറാത്ത പനിയുമായി ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കും, ഡോക്ടറന്മാരില്‍ നിന്ന് ഡോക്ടന്മാരിലേക്കും ഞാന്‍ പറന്നു നടക്കുന്നു. പലര്‍ക്കും പല അഭിപ്രായങ്ങള്‍, വിശകലനങ്ങള്‍, വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍.... പക്ഷേ പനിക്കു മാത്രം ശമനമില്ല.....

ഇന്നലെ വൈകുന്നേരം പുതുതായി ഒരു ഡോക്ടറെ കൂടി കാണാന്‍ ഊഴം കാത്തിരിക്കുമ്പോഴാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് നാസറിന്റെ ഫോണ്‍ കോള്‍....

(നാസറിനെ കുറിച്ച് അല്‍പ്പം :-നാസര്‍ പാക്കിസ്ഥാനിയാണ്.... പാക്കിസ്ഥാനിലെ കറാച്ചിക്കടുത്തുള്ള ഒരു കുഗ്രാമവാസി. ഭാര്യ 4 ആണ്‍കുട്ടികള്‍ (അതില്‍ രണ്ടു കുട്ടികളും മന്ധബുദ്ധികള്‍)... ഇവിടെ ഒരു അലൂമിനിയം/ഗ്ലാസ്/സ്റ്റേന്‍ലെസ്സ് സ്റ്റീല്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നു...  നമ്മള്‍ മലായാളികള്‍ “പച്ച” എന്ന് അല്‍പ്പം പുശ്ചത്തോടെ വിളിക്കുന്ന, ദേശീയ വസ്ത്രമായ പൈജാമയും കുര്‍ത്തയും ധരിച്ച് ഗള്‍ഫിലെ തെരുവോരങ്ങളില്‍ കാണപ്പെടുന്ന സാധാരണക്കാരായ പാക്കിസ്ഥാനികളില്‍ ഒരാള്‍, അതിനപ്പുറം നാസറിന് ഒരു വിവരണം നല്‍കാന്‍ അവനില്‍ ഒന്നുമില്ല.....)

നാസറിന്റെ കോള്‍ വളരെ ആകസ്മികമായിട്ടാണ് എനിക്കു വന്നത്..... “അജിത്ത് ഭയ്യാ നീ എവിടെയാണ്...?”

“ഞാന്‍ ആശുപത്രിയിലാണ്” ഒഴുക്കന്‍ മട്ടില്‍ ഒരു മറുപടി കൊടുത്തു.....

പക്ഷേ നാസര്‍ എന്റെ അത്തരം മറുപടിയില്‍ തൃപ്തനാകുന്നവനല്ല എന്ന് എനിക്ക് നന്നായി അറിയാം....!

“ഏതാശുപത്രിയില്‍.... ഞാനിപ്പോള്‍ വരാം....” നാസര്‍ തന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതും, ബല്‍റ്റ് ധരിക്കായ്കയാല്‍ ഉണ്ടാകുന്ന ബീപ്പ് ശബ്ദവും അയാള്‍ പുറപ്പെട്ടു കഴിഞ്ഞു എന്നതിന് സൂചന നല്‍കി...
“നാസര്‍ ഭയ്യാ വരേണ്ടതില്ല... ഇവിടെ ഞാന്‍ എല്ലാം കഴിഞ്ഞ് ആശുപത്രിക്ക് വെളിയിലിറങ്ങി, ഇനി ഞാന്‍ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കാം...!” ഡോക്ടറെ കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും അന്‍പത് കിലോമീറ്ററിലധികം ഓടി ജിദ്ദയിലെ എയര്‍പ്പോര്‍ട്ടിനടുത്തുള്ള സനയായില്‍ നിന്നും ഷെറഫിയായിലുള്ള ആശുപത്രി വരെ അതും വാഹന ബാഹുല്യത്തിന്റെ തിക്തത അനുഭവിക്കുന്ന വൈകുന്നേരങ്ങളില്‍ നാസറിനെ ഒരു സുഹൃത്തെന്ന നിലയില്‍ വിഷമിപ്പിക്കേണ്ട എന്നു കരുതി ഒരു കള്ളം പറയുകയായിരുന്നു...

ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ട്രിപ്പ് ഇട്ട് ഒരു മണിക്കൂറോളം കിടക്കേണ്ടി വന്നു.... പിന്നെ അവിടെ നിന്ന് ഇറങ്ങി പലയിടങ്ങളില്‍ കറങ്ങി തിരികെ വീട്ടില്‍ എത്തിയത് അര്‍ദ്ധരാത്രി 12 മണി കഴിഞ്ഞിരുന്നു.... താഴെ ഫ്ലാറ്റിന്റെ ഗേറ്റില്‍ തന്റെ കറുത്ത ടയോട്ട പിക്കപ്പ് പാര്‍ക്ക് ചെയ്ത് അതിനു വെളിയില്‍ നാസര്‍ എന്നെയും കാത്ത് നില്‍പ്പുണ്ടായിരുന്നു....

തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ നാസര്‍ എന്നോട് ചോദിച്ചു.. “ ഭയ്യാ എന്നോട് കള്ളം പറഞ്ഞു അല്ലേ...? ഞാന്‍ എട്ടു മണി മുതല്‍ ഇവിടെ കാത്ത് നില്‍ക്കുന്നു.... ഭയ്യായുടെ വണ്ടി കാണാഞ്ഞതിനാല്‍ ഞാന്‍ വീട്ടിലേക്ക് കയറിയില്ല... ഞാന്‍ ചെന്ന് അന്വേഷിക്കുമ്പോള്‍ മറ്റു വല്ലതും തെറ്റിദ്ധരിച്ച് ഭാഭിജീ പേടിച്ചാലോ....”

എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി.... വാക്കുകള്‍ പുറത്തേക്ക് വന്നില്ല... അതുമനസ്സിലാക്കിയ നാസര്‍ എന്നെ ഒന്നു പുണര്‍ന്നുകൊണ്ട്.... “ഭയ്യാ എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ.... ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഒരാശങ്ക, അതാണ് ഇവിടെ കാത്തു നിന്നത്... ഏതാശുപത്രി ആണെന്ന് ചോദിക്കാന്‍ മറന്നു, അല്ലെങ്കില്‍ അവിടേക്ക് വരുമായിരുന്നു...”

“എങ്കില്‍ ഞാന്‍ പോകുന്നു അജിത്ത് ഭയ്യാ.... നാളെ കാണാം..” എന്റെ മൌനം കുറ്റബോധത്തില്‍ നിന്നുളവായതാണെന്ന് കണ്ണുകളിലെ ദയനീയതയില്‍ നിന്നും മനസ്സിലാക്കിയിട്ടാവണം, അവനിലേക്ക് അരിച്ചു കയറിയ അസ്വസ്ഥത ഞാനാല്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി വിജയിക്കാതെ വന്നപ്പോള്‍ പെട്ടെന്ന് യാത്ര പറഞ്ഞ് തന്റെ കറുത്ത പിക്കപ്പ് വേഗത്തില്‍ ഓടിച്ച് അകന്നു പോയി....

എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.... പലപ്പോഴും എന്നിലേക്ക് ഞാന്‍ എയ്തുകൂട്ടിയ ചോദ്യ ശരങ്ങള്‍ മതിയാവാതെ ഇന്നലെ ഒന്നുകൂടി ഉറക്കെ ഞാന്‍ ചോദിച്ചു....

ഈ മനുഷ്യന്‍ എനിക്കാരാണ്.....? ചോദ്യങ്ങള്‍ ഒരിക്കലും ലക്ഷ്യത്തില്‍ എത്തിയില്ല എന്നുമാത്രമല്ല,  പ്രതിദ്ധ്വനികളായി അത് എന്നിലേക്ക് തന്നെ തിരിച്ചു വന്നുകൊണ്ടിരുന്നു... ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്ന്.....

സമാന മനസ്കര്‍ അതിവേഗം അടുക്കും എന്നാണല്ലോ വിദഗ്ദമതം...! ഞാനും നാസറും തമ്മില്‍ എന്തൊക്കെ സാമാനതകള്‍ ഉണ്ട്.....?

ഞാനൊരു ഇന്‍ഡ്യക്കാരനും നാസര്‍, ഇന്ത്യക്കാരനെ കണ്ടാല്‍ അല്‍പ്പം പുശ്ചത്തോടെ ചിറികോട്ടി ചിരിക്കാന്‍ മറക്കാത്ത (തിരിച്ചും) പാക്കിസ്ഥാനികളുടെ ഒരു പ്രതിനിധിയും ആണെന്ന സമാനത....!?

ഞാനൊരു ഹിന്ദുവും, നാസര്‍ കറകളഞ്ഞ ഒരു ഭക്ത മുസ്ലീമും.... ഹിന്ദുവും മുസ്ലീമും പരസ്പരം കൊന്നു വിശപ്പു തീര്‍ക്കാനായി ദൈവത്താല്‍ സ്രിഷ്ടിക്കപ്പെട്ടവരാണെന്ന അധമവിചാരം നിലനില്‍ക്കുന്ന ഇന്നിന്റെ ലോകത്തെ വിവിധ ധ്രുവങ്ങളുടെ പ്രതിനിധികള്‍ എന്ന സമാനത...!?

ഞാന്‍ വിക്കിയും വിഴുങ്ങിയും ഉറുദു പറയുന്ന ഒരുവനും, നാസര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മലയാളം കേട്ടിട്ടു പോലും ഇല്ലാത്ത ഒരാളും ആണെന്ന സമാനത....?

ഇതില്‍ ഏതു സമാനതയാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്...!? അറിയില്ല.... പക്ഷേ നാസറിന്റെ സ്നേഹം സമാനതകളില്ലാത്തതായിരുന്നു.... അനുഭവിക്കുന്തോറും തീവ്രത ഏറി വരുന്ന തികച്ചും വ്യത്യസ്ഥമായ ഒന്ന്....

രണ്ടായിരത്തിന്റെ തുടക്കത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് നാസറിനെ ഞാന്‍ പരിചയപ്പെടുന്നത്... അന്ന് ജിദ്ദയിലെ എന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു പ്രോജക്ടിലേക്ക് ഏതാണ്ട് മുന്നോറോളം അലൂമിനിയം ഡോറുകള്‍ നിര്‍മ്മിച്ചു നല്കാന്‍ പ്രാപ്തമായ ഒരു വര്‍ക്ക്ഷോപ്പ് / കമ്പനി തിരക്കി സനയയിലൂടെ കറങ്ങുമ്പോള്‍ വാളരെ യാദൃശ്ചികമായി ഒരു പുതുപുത്തന്‍ ബോര്‍ഡ് ശ്രദ്ധയില്‍ പെടുകയായിരുന്നു....

“അല്‍ ദഹ്‌ലവി അലൂമിനിയം..” അതിലെ ഇംഗീഷ് അക്ഷരങ്ങളാണ് എന്നെ അവിടേക്ക് ആകര്‍ഷിച്ചത് (സാധാരണ ഗതിയില്‍ സനയയില്‍ ഇംഗ്ലീഷ് ബോര്‍ഡുകള്‍ വളരെ കുറവാണ്)
നാസറിനെ പോലെ ശാരീരിക വലിപ്പമുള്ള മനുഷ്യന് കഷ്ടിച്ചിരിക്കാനുള്ള സ്ഥലം പോലും ഉണ്ടോ എന്നു സംശയിക്കുന്ന തരത്തിലുള്ള ഒരു ചെറിയ വര്‍ക്ക്ഷോപ്പ്.....

ആവശ്യം പറഞ്ഞപ്പോള്‍ വളരെ ആവേശത്തോടെ പ്രതികരണം... രണ്ട് ദിവസത്തിനുള്ളില്‍ തന്നെ വലിയ അലുമിനിയം കമ്പനികളെ തോല്‍പ്പിക്കുന്ന വിധത്തില്‍ ഗുണനിലവാരമുള്ള രണ്ട് സാമ്പിള്‍ ഡോറുകള്‍ റെഡി...!

ഞങ്ങള്‍ തമ്മിലുള്ള ബന്ധം മുറുകാന്‍ പ്രധാന കാരണം നാസറിന്റെ കൃത്യനിഷ്ടതയായിരുന്നു.... ബാങ്ക് വിളിച്ചാല്‍ മറ്റെന്തും മാറ്റി വച്ച് പള്ളിയങ്കണത്തില്‍ ഹാജരാകുന്ന നാസര്‍ അതേ കൃത്യനിഷ്ടത തന്റെ എല്ലാ പ്രവര്‍ത്തികളിലും പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു....

രണ്ടായിരത്തി അഞ്ചില്‍ ഞാന്‍ കമ്പനി ജോലി മടുത്തു എന്നും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ നാസറിന്റെ ആദ്യ പ്രതികരണം ഇങ്ങനെ...” അജിത്ത് ഭയ്യാ എന്റെ വര്‍ക്ക് ഷോപ്പ് എടുത്തോളൂ.... താങ്കള്‍ നിശ്ചയിക്കുന്ന ശമ്പളത്തില്‍ താങ്കളുടെ ജോലിക്കാരനായി ഞാനിവിടെ നിന്നുകൊള്ളാം..”

ആത്മാര്‍ത്ഥമായ ആ ഓഫര്‍ ഞാന്‍ അടിമുടി നിരസിച്ചപ്പോള്‍ നാസര്‍ എതിര്‍ത്തില്ല... പക്ഷേ കൃത്യം നാലു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അത്ഭുതത്തില്‍ ആഴ്ത്തിക്കൊണ്ട് നാസറിന്റെ ഫോണ്‍ കോള്‍ വന്നു... “ അജിത്ത് ഭയ്യാ വിസ തയ്യാര്‍..”

വിസയുമായി നാട്ടില്‍ എത്തിയ എനിക്ക് നാട്ടില്‍ സൌദി എമ്പസിയില്‍ നിന്ന് അതുമായി ബന്ധിപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി സ്പോണ്‍സറെ നേരിട്ട് മുംബയില്‍ അയച്ച് അതിനു പരിഹാരം കണ്ടെത്തി നാസര്‍ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി...

ഞാന്‍ നാട്ടില്‍ നിന്നും ജിദ്ദയില്‍ ഇറങ്ങുന്ന ദിവസം. എന്തിനും ഏതിനും സാസര്‍ എന്ന പാവപ്പെട്ടവനെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്ന ചിന്തയില്‍ എന്റെ അടുത്ത മലയാളി കുടുഃബ സുഹൃത്ത് സുകുമാരനെ നേരത്തെ വിവരമറിയിച്ചിരുന്നു.... ജിദ്ദ എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് എല്ലാം കഴിഞ്ഞ് പുറത്ത് കടക്കുമ്പോള്‍ സുകുമാരന്‍  സുഹൃത്തിന്റെ ചിരിക്കുന്ന മുഖം പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് നിരാശയായിരുന്നു.... അവിടെ ആരും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ഒരു പക്ഷേ റോഡിലെ വാഹനക്കുരുക്കില്‍ അകപ്പെട്ട് എത്തിപ്പെടാന്‍ താമസിച്ചതാണെന്ന് കരുതി മൊബൈലിലേക്ക് വിളിച്ച എനിക്ക് നിരാശ സമ്മാനിച്ചു കൊണ്ട് “ഹാ അജീ നീ വന്നോ.... ഞാന്‍ വരണോ, നിനക്കു പോകേണ്ടിടത്തോട്ട് ഒരു ടാക്സി പിടിച്ച് പൊയ്ക്കൂടേ..?” എന്ന നിസംഗമായ മറുപടിയിലൂടെ സുകുമാരന്‍ ബുദ്ധിമാനായ മലയാളിയുടെ അതിലും ബുദ്ധിപൂര്‍വ്വമായ ഒരു സന്ദേശം കൈമാറി..... “നീ എന്നെ കണ്ട് എന്തെങ്കിലും വേവിക്കാന്‍ വെള്ളം തിളപ്പിക്കുന്നു എങ്കില്‍ അതങ്ങു വാങ്ങിയേരെ” എന്ന സന്ദേശം...

വിഷണ്ണനായി ഇനി എന്ത് എന്ന ചിന്തയില്‍ നിന്ന എന്റെ മനസ്സിലേക്ക് കുളിര്‍ക്കാറ്റ് പോലെ ഒരു ആശ്ലേഷം... അതു നാസര്‍ ആയിരുന്നു... “അജിത്ത് ഭയ്യാ പറഞ്ഞില്ലെങ്കിലും നിങ്ങള്‍ ഇന്നാണ് വരുന്നതെന്ന് എനിക്കറിയാമായിരുന്നു... ഞാന്‍ താമസിച്ചുവോ..?”
ദൈവത്തിന്റെ അദൃശ്യകരങ്ങള്‍, അല്ലെങ്കില്‍ ആ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദിവസം അതായിരുന്നു.... വെറും കയ്യോടെ ഇറങ്ങിയ സുഹൃത്ത് തനിക്കൊരു ബാദ്ധ്യതയാകുമോ എന്ന ചിന്തയില്‍ എയര്‍പൊര്‍ട്ടില്‍ പോലും വരാന്‍ കൂട്ടാക്കാഞ്ഞ എന്റെ മലയാളി സുഹൃത്തെവിടെ...? നാസര്‍ എന്ന സാധാരണ പാക്കിസ്ഥാനി എവിടെ...?

എന്റെ പെട്ടിയും തൂക്കി മുന്നില്‍ നടന്ന നാസര്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല നിനക്ക് എവിടെയാ പോകേണ്ടതെന്ന്.... കറുത്ത പിക്കപ്പ് നാസറിന്റെ നിറം മങ്ങിയ ഫ്ലാറ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഒന്നും മനസ്സിലാകാത്തവനെ പോലെ പുരികം വളച്ച് മനസ്സില്‍ ഒരു ചോദ്യം ഉന്നയിച്ചു....

അതു വായിച്ചിട്ടെന്നവണ്ണം നാസര്‍ പ്രതികരിച്ചു.. “ അജിത്ത് ഭയ്യാ സൌകര്യങ്ങള്‍ തീരെ കുറവാണ് എങ്കിലും ഭയ്യാക്ക് എന്റെ കൂടെ താമസിക്കാം..... ആഗ്രഹിക്കുന്ന അന്നുവരെ...”

അതു നിഷേധിക്കാന്‍ എന്റെ മുന്നില്‍ മറ്റു വഴികളില്ലായിരുന്നു... തികട്ടി വന്ന സങ്കടക്കടല്‍ മനസ്സില്‍ അടക്കിക്കൊണ്ട് നിസ്സഹായനായി നാസറിന്റെ വാക്കുകളെ അനുസരിക്കേണ്ടി വന്നു....

മുന്നേ തീരുമാനിച്ചതു പോലെ ആകെയുള്ള രണ്ട് മുറികളില്‍ ഒന്ന് എനിക്കുവേണ്ടി തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു.... നാസറും സുഖമില്ലാത്ത മക്കള്‍ ഉള്‍പ്പെടുന്ന കുടുഃബവും വളരെ ചെറിയ വൃത്തിഹീനമായ മുറിയിലേക്ക് ഒതുങ്ങിക്കൊണ്ട് നാം മലയാളികള്‍ പുട്ടിനു തേങ്ങാ പോലെ വേണ്ടിടത്തും വേണ്ടാത്തിടങ്ങളിലും പ്രയോഗിക്കുന്ന “അതിഥി ദേവോ ഭവ” എന്ന വാക്കിന്റെ യദാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് എന്നെ പഠിപ്പിച്ചു അയാള്‍.....

അഥിതി മാംസാഹാരങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവനല്ല എന്നറിയാവുന്ന നാസര്‍, തന്റെ വീട്ടിലെ മാംസാഹാരം പാചകം ചെയ്യുന്നതു പോലും നിര്‍ത്തി വച്ചു....

പിറ്റേന്നു തന്നെ ടയോട്ടയില്‍ കൂട്ടിക്കൊണ്ടു പോയി ഡൌണ്‍ പേമെന്റ്  കൊടുത്ത് ഒരു വാഹനവും എനിക്കായി ശരിയാക്കി, യുദ്ധകാലാടിസ്ഥാനത്തില്‍ എന്റെ പുതിയ്യ കമ്പനിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ ചെയ്തെടുത്തു... ജിദ്ദയിലെ ഒരു പ്രധാന വഴിയില്‍ തന്നെ സാമാന്യം മോശമല്ലാത്ത ഒരു ഓഫീസ് എനിക്കുവേണ്ടി തയ്യാറാക്കി.... എല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന് നിര്‍ലോഭമായി  ചിലവാക്കി തന്നെ....

ദോഷൈകദൃക്‌കുകളായ എന്റെ മറ്റു ചില സുഹൃത്തുക്കള്‍ ഒരുകൈ സഹായിച്ചില്ലെങ്കിലും നാസറിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കണ്ട് എനിക്ക് എന്നെ ചിലപ്പൊഴൊക്കെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.... “ അജീ നാസര്‍ നിന്നെ കണ്ട് എന്തൊക്കയോ ബിസിനെസ്സ് മോഹങ്ങള്‍ നെയ്യുന്നുണ്ട്, അല്ലാതെ ആരും ഇങ്ങനെയൊന്നും ചെയ്യില്ല”

ചില വേളകളില്‍ നാസറിന്റെ അത്യാത്മാര്‍ത്ഥത കണ്ട് ഞാനും തെറ്റിദ്ധരിച്ചു, പക്ഷേ എനിക്ക് ആദ്യമായി ഒരു വര്‍ക്ക് കിട്ടി (അത് നാസറിന്റെ അലൂമിനിയം വര്‍ക്കുമായി ബന്ധപ്പെട്ടതായിരുന്നു) അതുമായി നാസറിനെ സമീപിച്ചപ്പോള്‍ എന്നെ ഞെട്ടിക്കുകയും അതിശയിപ്പിക്കുകയും ചെയ്തുകൊണ്ട് നാസര്‍ പ്രതികരിച്ചു.... “അജിത്ത് ഭയ്യാ താങ്കള്‍ക്ക് കിട്ടുന്ന ഒരു വര്‍ക്കുകളും എനിക്ക് വേണ്ട, അത് തെറ്റിദ്ധാരണക്കിടയാക്കും. എനിക്ക് താങ്കള്‍ സഹോദരന്‍ മാത്രമാണ്, നമ്മള്‍ തമ്മില്‍ ബിസിനെസ്സ് ചെയ്ത് ഒരിക്കലും പിണങ്ങാന്‍ ഇടയാകരുത്....”

എന്റെ നിരന്തരമായ നിര്‍ബന്ധങ്ങള്‍ പോലും സാമാന്യം വലിയ തുകക്കുള്ള ആ വലിയ വര്‍ക്ക് “വെറും” സൌഹൃദത്തിന്റെ പേരില്‍ നിര്‍ദ്ദാക്ഷണ്യം വലിച്ചെറിയാന്‍ നാസറിന് തെല്ലും സങ്കോചമുണ്ടായില്ല....

മാസങ്ങള്‍ ചിലതു കഴിഞ്ഞപ്പോള്‍ എന്റെ കുടുഃബം എത്തുകയും നാസറിന്റെ വീട്ടില്‍ നിന്ന് ഞാന്‍ താമസം മാറുകയും ചെയ്തു... എന്റെ കുടുഃബത്തിലെ നിത്യ സന്ദര്‍ശകര്‍ മാത്രമല്ല, എന്റെ കുട്ടികള്‍ക്ക് “മാമ” ആണ് നാസര്‍....

ഒരിക്കല്‍ നാസര്‍ സഹായിച്ചു എന്നു കരുതിയ ഒരു തുക കണക്കു കൂട്ടി അത് ഒരു കവറില്‍ ഇട്ട് ഞാന്‍ അയാളെ ഏല്‍പ്പിച്ചൂ... അതു കയ്യില്‍ വാങ്ങി ഒരു നിമിഷം കണ്ണടച്ചിരുന്നു, പിന്നെ പ്രതികരിച്ചു... “ അജിത്ത് ഭയ്യാ ഈ തുക ഞാന്‍ കൈപറ്റുമ്പോള്‍ ഞാനും താങ്കളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിച്ചു എന്നു കരുതണോ...?”

എന്നില്‍ ഞെട്ടല്‍ ഉളവാക്കിയ ചോദ്യം.... ഞാന്‍ പെട്ടെന്ന് പറഞ്ഞു “അല്ല....അല്ല...”

എന്നെ തുടരാന്‍ അനുവദിക്കാതെ നാസര്‍ ആ കവര്‍ തിരീകെ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.... “ അജിത്ത് ഭയ്യാ അങ്ങ് എന്റെ പൊന്നനുജന്‍ ആണ്.... ആ സ്ഥാനം എനിക്ക് തരണം..”  ജീവിതത്തില്‍ മക്കളുടേതുള്‍പ്പെടെ ഉണ്ടായ എല്ലാ വിഷമതകളും ദൈവം അധികം ഇഷ്ടം കൊണ്ട് തന്നതാണെന്ന് വിശ്വസിക്കുന്ന നാസര്‍, എന്തു വലിയ പ്രതിബന്ധങ്ങളേയും പുഞ്ചിരിയോടെ നേരിടുന്ന നാസറിന്റെ കണ്ണുകള്‍ ഈറനണിയുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു.....

ഇന്ന് നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും നാസര്‍ എന്ന എന്റെ സുഹൃതിന്റെ, സഹോദരന്റെ നിര്‍ലോഭമായ സ്നേഹ വാത്സല്യങ്ങള്‍ വളരെയധികം സംതൃപ്തിയോടെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു......

നാസര്‍ എന്ന അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാക്ക് പൌരന്‍ നിങ്ങളില്‍ എന്തുമാറ്റത്തെയാണ് ഉണ്ടാക്കിയത്, അയാള്‍ എന്തു സന്ദേശമാണ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്...?

നിന്റെ മതം ഏതെന്ന് ഒരിക്കല്‍ പോലും എന്നോട് ചോദിച്ചിട്ടില്ലാത്ത, നീ എങ്ങനെയാണ് ദൈവത്തെ ഭജിക്കുന്നത് എന്ന് ചോദിച്ചിട്ടില്ലാത്ത, എന്റെ മതം വലുത് എന്ന് പരസ്പരം ഘോഷിക്കുന്ന ഈ ലോകത്ത് അതിനു വേണ്ടി പോരിടാന്‍ ചാവേറുകളെ വരെ സ്രിഷ്ടിച്ചു വിടുന്ന ഒരു നാട്ടില്‍ നിന്ന് വരുന്ന ഈ സാധാരനക്കാരന്‍ സ്നേഹ മതത്തിന്റെയല്ലാതെ പിന്നെ എന്തിന്റെ പ്രതിനിധിയാണ്...?

നാസര്‍ ഇന്നിന്റെ, നാളെയുടെ, ഭാവിയുടെ പ്രതീക്ഷയല്ലേ.... തിരികെ ഒന്നും പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രതീകമായ നാസര്‍, നിങ്ങളെ പോലെയുള്ളവരാണ് ഇനി ഇവിടെ ആവശ്യം..... സ്നേഹമതം ഒരു യാദാര്‍ത്ഥ്യമാവാന്‍ അങ്ങു വിദൂരതയില്‍ തെളിയുന്ന ഇത്തിരി വെളിച്ചത്തിന്റെ പ്രതിനിധി.....