. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday 4 November 2009

ഞാനും എന്റെ സൈക്കിളും (ഭാഗം 2)

സൈക്കിള്‍ സ്വപ്നം കണ്ട് നടന്ന് എന്റെ അക്കാലത്തെ പ്രധാന ഹീറോകള്‍ പറങ്കിയണ്ടിയും, പഴയ പേപ്പറും തൂക്കി വാങ്ങാന്‍ വരുന്ന ചാക്കോ മാപ്പിളയും, ഐസുകാരന്‍ “അളിയനും” ആയിരുന്നു.

ചക്കോ മാപ്പിള പറുങ്കിയണ്ടി തുക്കുന്നതിനിടയില്‍ കിട്ടുന്ന അല്‍പ്പ സമയം അദ്ധേഹത്തിന്റെ പഴയ ഹീറോ സൈക്കിളിനെ അടിമുടി ഒന്നു തഴുകി തലോടാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. ഡൈനോമാ ഇട്ട് പെഡല്‍ ചവുട്ടി ഹെഡ് ലൈറ്റ് കത്തുന്നത് കണ്ട് ആസ്വദിച്ചിരുന്നു. ബെല്ലിന്റെ മുകളില്‍ കൈ അമര്‍ത്തി ശബ്ദം അധികം പുറത്തു വരാത്ത വിധത്തില്‍ ബെല്ലടിക്കും. എന്റെ കളികള്‍ അധികം ആകുന്നു എന്നു കാണുമ്പോള്‍ ചാക്കോ മാപ്പിള സ്നേഹപൂര്‍വ്വം മുധരം കലര്‍ന്ന ശബ്ദത്തില്‍ ശാസിക്കും... “ മോന്‍ കുട്ടാ കുഴപ്പിക്കല്ലെ... ചക്കോമാപ്പിളയുടെ കഞ്ഞികുടി മുട്ടിക്കല്ലെ!!”

എല്ലാ ശനിയാഴ്ച്ചകളും ഞാറാഴ്ച്ചകളും വരുന്ന മറ്റൊരു ഹീറോയാണ് ഐസുകാരന്‍ അളിയന്‍. മോഹനന്‍ എന്നു പേരുള്ള അദ്ധേഹം ഞങ്ങള്‍ കുട്ടികളെ പേരു വിളിക്കാതെ “അളിയന്‍” എന്നായിരുന്നു സംബോധന ചെയ്തിരുന്നത്. അതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ തിര്‍ച്ച് അദ്ധേഹത്തെയും “അളിയാ” എന്നായിരുന്നു വിളിക്കുക. അളിയന്റെ സൈക്കിള്‍ വലിയ പഴക്കം ഉള്ളതായിരുന്നില്ല. അളിയന്റെ സൈക്കിളിനുള്ള പ്രത്യേകത അതിന്റെ മിഡില്‍ ബാറില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പു കഷണം ആണ്. അതില്‍ മറ്റൊരു ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മുട്ടി ശബ്ദമുണ്ടാക്കിയാണ് അളിയന്‍ ഐസ് വാങ്ങാനായി കുട്ടികളെ പ്രേരിപ്പിക്കുന്നത്. ചുവപ്പും, മഞ്ഞയും, പച്ചയും കളറുകള്‍ കലര്‍ത്തിയ ആ ഐസുകളുടെ രുചി ഇന്നും നാക്കിന്റെ തുമ്പില്‍ തത്തിക്കളിക്കുന്നു. ഐസുകള്‍ കഴിച്ചു കഴിഞ്ഞാല്‍ നാക്കില്‍ അവശേഷിക്കുന്ന കടുത്ത കളറുകള്‍ പരസ്പരം കാട്ടി അതിന്റെ മനോഹാരിത വിലയിരുത്തുന്നത് അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ ഒരു ഹരം തന്നെ ആയിരുന്നു.

അളിയന്റെ സൈക്കിള്‍ വരുമ്പോള്‍ ഇരുമ്പു ദണ്ഡ് ചോദിച്ചു വാങ്ങി മണിയില്‍ ഒന്നു മുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കില്‍ എന്തോ ഒരു കുറവു പോലെയാണ്. കുട്ടിക്കാലത്ത് ശനിയും, ഞായറും വരാനായി കാത്തിരിക്കുന്നത് അളിയന്റെ രുചിയേറിയ ഐസ് കഴിക്കാനും പിന്നെ ഫ്രീ ആയി അനുവദിച്ച് കിട്ടുന്ന “മണിയടി” യും പ്രതീക്ഷിച്ചു മാത്രമായിരുന്നു. ശനിയാഴ്ച്ച് ആകുമ്പോഴേക്കും ഐസ് വാങ്ങാനുള്ള 10 പൈസ ആരെയെങ്കിലും മണിയടിച്ച് ഉണ്ടാക്കി വച്ചിരിക്കും, അതായിരുന്നു എന്റെ രീതി.

ചക്കോ മാപ്പിളക്കും, അളിയനും പുറമെ മീന്‍‌കാരന്‍ കരുണാകരന്‍ പുലയന്‍, അലുമിനിയം പാത്രം വില്‍കുന്ന തമിഴന്‍, സോപ്പ് വില്‍ക്കുന്ന മിലിട്ടറി വാസു എന്നിവരൊക്കെ സൈക്കിള്‍ യാത്രക്കാര്‍ ആയിരുന്നു എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ അവര്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ തന്നെ അവരൊന്നും ഞങ്ങളുടെ(എന്റെ) ഹീറോ ലിസ്റ്റില്‍ പെട്ടിരുന്നില്ല.

ഇന്ന് കാലം പുരോഗമിച്ചപ്പോള്‍ ഐസുകാരനും, പറുങ്കിയണ്ടി കച്ചവടക്കാരനും, മീന്‍‌കാരനും, അലുമിനിയം പാത്രം വില്‍പ്പനക്കാരനും, സോപ്പു വില്‍പ്പനകാരനും എല്ലാം സൈക്കിളുകള്‍ക്കൊപ്പം ഗ്രാമ വീഥികളില്‍ നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഈ അടുത്ത കാലത്ത്‍ “എം 80” എന്ന ആധുനിക ശകഠത്തില്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഐസുകാരന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ടു. അതുപക്ഷെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയനായിരുന്നില്ല. ചക്കോ മാപ്പിളയും, അളിയനും എല്ലാം കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ഐസിന്റെ പഴയകാല്‍ രുചി ഓര്‍ത്ത് വാങ്ങാന്‍ തുനിഞ്ഞ എന്നെ എന്റെ അമ്മ തടഞ്ഞു.

“എടാ ഇതൊന്നും വാങ്ങി കഴിക്കരുത്... എവിടുന്നൊക്കെയോ എടുക്കുന്ന ചീത്ത വെള്ളവും ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാ.... കഴിച്ചാല്‍ എന്തൊക്കെ അസുഖങ്ങള്‍ വരുമെന്ന് ആര്‍ക്കറിയാം!!?”

സത്യം പറഞ്ഞാന്‍ എനിക്ക് അത്ഭുതമാണ് തോന്നിയത്. പണ്ട് ഐസു കഴിക്കുമ്പോള്‍ അമ്മ ഒരിക്കല്‍ പോലും വിലക്കിയതായി ഓര്‍മ്മയില്ല. കാലത്തിന്റെ മാറ്റം... പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പോലും ചിന്തകളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അമ്മയുടെ വാക്കുകള്‍ അവഗണിച്ചും ഞാന്‍ ഒരു ഐസ് വാങ്ങി കഴിച്ചു. പക്ഷെ അത് എന്റെ പ്രിയപ്പെട്ട “അളിയന്‍” തന്നിരുന്ന ഐസിന്റെ രുചിയുടെ അടുത്തു പോലും എത്തുന്നതായിരുന്നില്ല.

ചാക്കോ മാപ്പിളയും, അളിയനും മാത്രമല്ല അവരുടെ ജീവിതോപാധി ആയിരുന്ന സൈക്കിളുകളും എന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ് പലപ്പോഴും സമ്മാനിക്കാറുണ്ട്.

(തുടരും)