. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 16 January 2011

മണിയന്‍ മനുഷ്യനായിരുന്നെങ്കില്‍ !അതെന്റെ വെറും ഒരാഗ്രഹമാണ്..... ഒരിക്കലും നടക്കാത്ത ഒരു ആഗ്രഹം.....

കാരണം മണിയന്‍ ഒരു നായയാണ്..... അല്‍പ്പം കൂടി ആലങ്കാരികമായി പറഞ്ഞാല്‍ “വെറും ഒരു നായ”....

നായ ഒരു മനുഷ്യനായിരുന്നു എങ്കില്‍ എന്ന് എന്റെ ആഗ്രഹത്തിന് ഒരു സാധുതയും ഇല്ല എന്ന് ഇപ്പോള്‍ മനസ്സിലായികാണും അല്ലേ....!

പക്ഷേ ഞാന്‍ അങ്ങനെ ആഗ്രഹിച്ചതിന് വ്യക്തമായ കാരണം ഉണ്ട്.... ഈ നൂറ്റാണ്ടിലെ മനുഷ്യനില്‍ ഇല്ലാതെ പോയ സ്നേഹം, നന്ദി, കടപ്പാട് എന്നിവ എന്റെ ഈ ജീവിതത്തിനിടയില്‍ പൂര്‍ണരൂപത്തില്‍ ഞാന്‍ കണ്ടത് ഒരുപക്ഷേ മണിയന്‍ എന്ന നായയില്‍ മാത്രമായിരിക്കും....

അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം, അതു മണിയന്‍ എന്ന നായയില്‍ മാത്രമാണോ ഉള്ളത്, ഞങ്ങള്‍ കാണുന്ന നായകളില്‍ എല്ലാം ഈ വികാരങ്ങള്‍ കണ്ടിട്ടുണ്ടല്ലോ, പിന്നെ മണിയനു മാത്രമായി എന്തു പ്രത്യേകത എന്ന്....

ആ ചോദ്യത്തിനു മുന്നില്‍ ഉത്തരമായി മണിയന്റെ കഥ നിങ്ങളോട് അവതരിപ്പിക്കട്ടെ.  ഈ കഥ (സംഭവം) യുടെ അവസാനം മണിയന്‍ അല്‍പ്പം പ്രത്യേകതയുള്ളവനാണെന്ന് നിങ്ങള്‍ പോലും പറഞ്ഞു പോകും. നിങ്ങളില്‍ അല്‍പ്പം നന്മ ബാക്കിയുണ്ടെങ്കില്‍ നായജന്മം നികൃഷ്ടജന്മം ആണെങ്കില്‍ കൂടി മണിയനെപോലെയുള്ള ഒരു നായയായി ജനിച്ചാല്‍ മതിയായിരുന്നു എന്നു ആഗ്രഹിച്ചു പോയേക്കാം......

മണിയന്‍ യദാര്‍ത്ഥത്തില്‍ വടക്കനാണ്. വടക്കന്‍ എന്നു പറഞ്ഞാല്‍ വടക്കേയിന്ത്യക്കാരന്‍ ... പൂനയാണ് ദേശം. ഞങ്ങളുടെ തൊട്ടയല്‍‌വാസിയും, പൂനയില്‍ സ്ഥിരതാമസക്കാരുമായ കല്യാണിയമ്മയുടെ അരുമപുത്രന്‍. അരുമപുത്രന്‍ എന്നു പറയുന്നത്തില്‍ അതിശയോക്തിയില്ല, വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിക്കാലുകാണാന്‍ ഭാഗ്യം സിദ്ധിക്കാതിരുന്ന കല്യാണിയമ്മയുടെ പുത്രദുഃഖത്തിന് കാലാകാലാകാലങ്ങളില്‍ ഒരളവുവരെ അറുതിവരുത്തിയിരുന്നത് നായകളായിരുന്നു. 

കല്യാണിയമ്മയുടെ പുത്രന്മാരില്‍ അവസാനത്തേതായിരുന്നു മണിയന്‍. കല്യാണിയമ്മയുടെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി തന്റെ ചിരകാല സമ്പാദ്യമായിരുന്ന രണ്ട് സെന്റ് വസ്തുവില്‍ ഓലമേഞ്ഞ കുടില്‍ കെട്ടി അതിലേക്ക് താമസം ഉറപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഒന്നോ രണ്ടോ മാസം പ്രായമുള്ള മണിയന്‍ മാത്രമായിരുന്നു കൂട്ടിന്.

ഒരു നായയെ മടിയില്‍ വച്ച് ഇത്രയും താലോലിക്കുന്നതിലെ, അതിന്റെ മുഖത്ത് ഒരു കുഞ്ഞിനെ എന്നവണ്ണം ഉമ്മവയ്ക്കുന്നതിലെ അരോചകത്വം പലപ്പോഴും ഞങ്ങള്‍ കല്യാണിയമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരില്‍ വല്ലാത്ത ഒരു വെറുപ്പ് ഉണ്ടാക്കിയിരുന്നു.

കല്യാണിയമ്മ സ്നേഹത്തോടെ വച്ചുനീട്ടുന്ന ഒരു കപ്പ് കട്ടന്‍കാപ്പിയോ, വേവിച്ച ചെണ്ടമുറിയന്‍ കപ്പയോ നാവിലൂറുന്ന കൊതിയെ അടക്കിയും നിഷേധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് എന്നും മണിയനായിരുന്നു എന്നതായിരുന്നു സത്യം.

പക്ഷേ അതിലപ്പുറം തന്റെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ തന്റെ പെരുമാറ്റത്തിന്റെ മേന്മകൊണ്ട് അയല്‍‌വാസികളുടെ പോലും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ മണിയനു കഴിഞ്ഞു എന്നത് മറ്റൊരല്‍ഭുതം. “കല്യാണിയമ്മയുടെ മകന്‍ തന്നെ” അല്‍പ്പം പരിഹാസവും അതിലേറെ അതിശയവുമായി ഞങ്ങളുടെ ചര്‍ച്ചയില്‍ മണിയനും കല്യാണിയമ്മയും കടന്നുവരുന്നത് അങ്ങനെയായിരുന്നു. 

മകന്‍ തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ ഒന്നു രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നാമത്തേത് കല്യാണിയമ്മയെ പോലെ തന്നെ മണിയനും ഒരു സ്വാത്വികനായിരുന്നു. മണിയന്‍ അല്ലാതെ മറ്റൊരു സമ്പാദ്യവും കല്യാണിയമ്മയ്ക്ക് ഇല്ല എന്ന തിരിച്ചറിവാകാം ഒരാളുടെ നേരെയും തന്റെ സ്വതസിദ്ധ നായശൈലി അവന്‍ പുറത്തെടുത്തിരുന്നില്ല. ശുദ്ധ വെജിറ്റേറിയനായ കല്യാണിയമ്മയുടെ ജീവിതചര്യയില്‍ മാറ്റം വരുത്തേണ്ട എന്ന തോന്നലാവാം, മണിയനും അത്തരം ഭക്ഷണശീലങ്ങളില്‍ സംതൃപ്തി കണ്ടെത്തി. വീട് വിട്ട് അധികമൊന്നും പുറത്തു പോകാത്ത മണിയന്‍, സദാസമയം കല്യാണിയമ്മയുടെ വിളിപ്പുറത്തുണ്ടാകാറുണ്ടായിരുന്നു.

കാലക്രമേണ മണിയനെ പ്രായം  കൂടുതല്‍ പക്വതയുള്ളവനാക്കി മാറ്റുകയായിരുന്നു. പരിശീലനം സിദ്ധിച്ച നായകളെ പോലെ അവന്‍ പെരുമാറുന്നത് കാണുമ്പോള്‍ സത്യത്തില്‍ അല്‍ഭുതം തോന്നുമായിരുന്നു.

അങ്ങനെ മണിയന്‍ വന്ന് ഏതാണ്ട് 12 വര്‍ഷം കഴിഞ്ഞപ്പോഴേക്കും കല്യാണിയമ്മയെ പ്രായം മനുഷ്യജന്മത്തിന്റെ അവസാന കാലഘട്ടങ്ങളിലേക്ക് തള്ളിയിട്ടു. കല്യാണിയമ്മ പൂര്‍ണമായും ശയ്യാവശയായി. ഞങ്ങള്‍ അയ്ല്‌വക്കക്കാരുടെ സഹായം മാത്രമായി അവരുടെ ഏക ആശ്രയം. കല്യാണിയമ്മ കിടപ്പിലായതോടെ ചുറ്റുവട്ടത്തുള്ള പലരും അങ്ങോട്ട് തിരിഞ്ഞു നോക്കാതെയായി. വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം പലപ്പോഴും ആഗ്രഹമുണ്ടായിട്ടു കൂടി പലരേയും പിന്തിരിപ്പിച്ചു. 

ഈ ഘട്ടത്തില്‍ മണിയനായിരുന്നു അവര്‍ക്ക് ഏക ആശ്രയം. പക്ഷേ 12 വര്‍ഷം പ്രായമുള്ള നായ ഏതാണ്ട് 90 വയസ്സുള്ള മനുഷ്യനു തുല്യമാണെന്ന് ഓര്‍ക്കണം. അതായത് മണിയനും ഏതാണ്ട് അവന്റെ ആയുസ്സിന്റെ അവസാന ഘട്ടങ്ങളില്‍ തന്നെ ആയിരുന്നു. പ്രായധിക്യം അവനേയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും കല്യാണിയമ്മയുടെ കാര്യങ്ങളില്‍ അവന് അതീവ ശ്രദ്ധയുണ്ടായിരുന്നു എന്നതാണ് അല്‍ഭുതം. 

പ്രായാധിക്യമുള്ള ശരീരവും പേറി മണിയന്‍ അയല്‍‌വക്കത്തെ വീടിന്റെ ഉമ്മറപ്പടിയില്‍ എത്തിയാല്‍ ആതിനര്‍ത്ഥം കല്യാണിയമ്മക്ക് എന്തോ ആവശ്യമുണ്ടെന്നാണ്. കല്യാണിയമ്മ കിടക്കയില്‍ കിടന്ന് ഉണ്ടാക്കുന്ന ചെറുശബ്ദം പോലും എന്ത് ആവശ്യത്തിനാണെന്ന് തിരിച്ചറിയാനുള്ള കഴിവും അവനുണ്ടായിരുന്നിരിക്കാം. മണിയനും, കല്യാണിയമ്മയും തമ്മിലുള്ള ആത്മബന്ധം അത്തരം ഒരു കഴിവ് അവനില്‍ ഉണ്ടാക്കിയിരിക്കാം. എന്തായാലും മണിയനൊപ്പം കല്യാണിയമ്മയുടെ വീട്ടില്‍ എത്തുന്നവര്‍ കാണുക ഒന്നുകില്‍ അവര്‍ വെള്ളത്തിനോ, ഭക്ഷണത്തിനോ വേണ്ടി നാവു നീട്ടുന്നതാവാം, അല്ലെങ്കില്‍ ഗത്യന്തരമില്ലാതെ കിടക്കയില്‍ വിസര്‍ജ്ജനം ചെയ്ത് നിസ്സാഹായായി ശബ്ദം ഉണ്ടാക്കുന്നതായിരിക്കാം.

വെറും നിലത്ത് ഒരു തഴപ്പായയില്‍ അഭയം കണ്ടെത്തിയ കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ തന്റെ ദയനീയമുഖവുമായി മണിയന്‍ എല്ലായ്‌പ്പോഴും ജാഗരൂഗനായിരുന്നു. നായ എന്ന തന്റെ പരിമിതികള്‍ക്ക് അപ്പുറത്ത് തനിക്ക് തന്റെ അമ്മക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് മണിയനിലെ വ്യത്യസ്ഥത.

ദിവസങ്ങള്‍ നീണ്ട കിടപ്പ് പക്ഷേ മണിയനെയാണ് ബാധിച്ചത്. അവന്റെ പൃഷ്ടഭാഗത്ത് ചെറുതായി കണ്ടു തുടങ്ങിയ ഒരു വൃണം ക്രമേണ വലുതാകുകയും, അത് വേണ്ടത്ര ശ്രദ്ധ കിട്ടാഞ്ഞതിനാല്‍ പുഴുവരിച്ച് തുടങ്ങുകയും ചെയ്തു. തന്റെ അനാരോഗ്യത്തിലും മണിയനെ കുളിപ്പിക്കുകയും, അവനെ താലോലിക്കുകയും ചെയ്ത കല്യാണിയമ്മയുടെ പരിലാളനകള്‍ കുറഞ്ഞത് തന്നെയാണ് അതിനു പ്രധാന കാരണം. കല്യാണിയമ്മയുടെ വിസര്‍ജ്യങ്ങളുടെ രൂക്ഷഗന്ധത്തെ കടത്തി വെട്ടി മണിയന്റെ വൃണിത ശരീരം. എങ്കിലും അവന്‍ അമ്മയുടെ പാദങ്ങളില്‍ നിന്ന് കിടപ്പ് മാറ്റിയില്ല എന്നതാണ് സത്യം.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കല്യാണിയമ്മ ലോകത്തോട് വിടപറഞ്ഞു. കല്യാണിയമ്മക്കുള്ള പ്രാതലുമായി ചെന്ന അയല്‍‌വാസിയാണ് അവരുടെ വിയോഗം മറ്റുള്ളവരെ അറിയിച്ചത്. മണിയന്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെ പോലെ അപ്പോഴും അവരുടെ കാല്‍ച്ചുവട്ടില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ പഴുത്ത ശരീരഭാഗം അവന് അവിടെ നിന്ന് എഴുനേല്‍ക്കാനുള്ള ത്രാണി നഷ്ടപ്പെടുത്തി എന്നു പറയുന്നതാവും കൂടുതല്‍ ശരി. 

കല്യാണിയമ്മയ്ക്ക് അതുവരെ ഇല്ലാത്ത ബന്ധുക്കളുടെ ഒരു വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരുടെ ചര്‍ച്ചകളില്‍ രണ്ട് സെന്റ് വസ്തുവിന്റെയും, ആ കുടിലിന്റെയും അവകാശത്തെ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ കടന്നു വന്നു. അതിലൊക്കെ അവരെ അലട്ടിയത് ദുര്‍ഗന്ധം വമിപ്പിച്ച് കല്യാണിയമ്മയുടെ കാല്‍ചുവട്ടില്‍ നിസ്സഹായനായി കിടക്കുന്ന മണിയനായിരുന്നു.

കൂട്ടത്തില്‍ കാരണവര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു മല്‍മലുമുണ്ടുകാരന്‍ “പോ പട്ടി” എന്നാക്രോശിച്ചു. മണിയനു വിളിച്ചു പറയണമെന്നുണ്ടായിരുന്നിരിക്കാം “ ഹേ മനുഷ്യാ ഇതെന്റെ അമ്മയാണ്, ഇവരുടെ ശവം ഇങ്ങനെ തിന്നു തീര്‍ക്കാതെ എനിക്ക് വിട്ടു തരൂ, ഈ വാര്‍ദ്ധക്യാവസ്ഥയിലും ഞാനവര്‍ക്ക് കാവലിരിക്കാം എന്ന്” അല്ലെങ്കില്‍ വൃദ്ധനും, അവശനും, മൃതപ്രായനുമായ എനിക്ക് ഒരു പട്ടിയുടെ എങ്കിലും നീതി പകരൂ” എന്ന്. പക്ഷേ അവന്റെ നിശബ്ദഗര്‍ജ്ജനം കേള്‍ക്കാന്‍ അയാള്‍ക്ക് മനസ്സില്ലായിരുന്നു. തന്റെ കയ്യിലിരുന്ന ഊന്നു വടി പലവട്ടം അവനു നേരെ പ്രയോഗിച്ചു അയാള്‍.

താഡനം സഹിക്കവയ്യാതെ പഴുത്ത ശരീരവും പേറി അല്‍പ്പ ദൂരം മാറി തന്റെ പ്രിയപ്പെട്ട അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ കാഴ്ച്ചക്കാര്‍ക്കായി വരുത്തി തീര്‍ക്കുന്നതും, പിന്നീട് ചിതയിലേക്കെടുക്കുന്നതും അവന്‍ ദുഃഖത്തോടെയായിരിക്കാം നോക്കി കണ്ടത്. എല്ലാം കഴിഞ്ഞ് വന്നവര്‍ നാലുവഴിക്ക് പിരിയുമ്പോഴും മണിയന്‍ കിടന്ന കിടപ്പില്‍ നിന്ന് എഴുനേല്‍റ്റില്ല. ആ കിടപ്പില്‍ നാലു ദിവസം കിടന്ന് മണിയനും ലോകത്തോട് വിടപറഞ്ഞു. 

മണിയന്റെ കഥ അതിശയോക്തിയായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാവാം. വിവരണത്തില്‍ അതിശയോക്തി കലര്‍ത്തിയിട്ടില്ല എന്ന് ഞാനും അവകാശപ്പെടുന്നില്ല. പക്ഷേ അതു വിവരണത്തിലെ ഭാഷയില്‍ മാത്രം, സംഭവത്തില്‍ അത്തരം അതിശയോക്തികള്‍ ഒന്നും തന്നെയില്ല. പ്രമുഖ ചാനലിലെ പ്രോഗ്രാമിന്റെ തലക്കെട്ടു പോലെ നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ലേഖനത്തിലൂടെ ഞാന്‍ പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശത്തിന് വ്യത്യാസമുണ്ടാവില്ല.

തന്നെ ജീവനുതുല്യം സ്നേഹിച്ച്, തന്റെ വളര്‍ച്ചയില്‍ അഹോരാത്രം പ്രയക്നിച്ച മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത ഇന്നത്തെ തലമുറക്ക് മണിയന്‍ അത്ര വലിയ പ്രസക്തമായ ഒരു കഥാപാത്രം ആയിരിക്കില്ല. പക്ഷേ അവരെ ഒരു നിമിഷം ചിന്തിപ്പിക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞേക്കും. കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഞാന്‍ മണിയനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അല്ലെങ്കില്‍ മണിയനെ പോലെ ചില ജന്മങ്ങളെ മനുഷ്യരിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന്. ജീവിതോപാധി തേടി എന്ന് സമാശ്വസിക്കുമ്പോഴും, മാതാപിതാക്കള്‍ എന്റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ പകര്‍ന്നു തന്ന വാത്സല്യത്തിന്റെ ചൂരില്‍ അല്‍പ്പം അവരുടെ വാര്‍ദ്ധക്യ കാലത്ത് തിരികെ നല്‍കാന്‍ പ്രവാസിയായ എനിക്ക് കഴിയുന്നില്ലല്ലോ എന്ന ആകുലതയാകാം മണിയന്‍ ഒരു നായ ആണെന്ന തിരിച്ചറിവിലും അവന്‍ ആവണം എന്ന എന്റെ ചിന്തക്കാധാരം. ജീവിക്കാനും, സംരക്ഷിക്കാനും എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും, തന്നെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ അവര്‍ യദാര്‍ത്ഥ സംരക്ഷണം മക്കളില്‍ നിന്ന് ആഗ്രഹിക്കുന്ന, അവരുടെ ഏറ്റവും മോശമായ അവസ്ഥയില്‍ വൃദ്ധസദനങ്ങളുടെ നാലുചുവരുകള്‍ക്കുള്ളിലേക്ക് ഉപേക്ഷിക്കുന്ന ഇന്നത്തെ തലമുറയെ ധാരാളം കണ്ടതാവാം അവരില്‍ ഒരു മണിയനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മനസ്സ് അറിയാതെ ആഗ്രഹിച്ചു പോകാന്‍ കാരണം.