. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday 24 February 2009

കര്‍ക്കിടകത്തിലെ കറുത്തവാവ്

അന്ന് കര്‍ക്കിടകത്തിലെ കറുത്തവാവു ദിനം.

കര്‍ക്കിടകത്തിലെ കറുത്തവാവിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് നമ്മുക്കെല്ലാം അറിയാം.

അന്നെദിവസം ആണല്ലോ നമ്മള്‍ പരേതാത്മാക്കള്‍ക്ക് ബലി അര്‍പ്പിക്കുക.

മദ്ധ്യതിരുവിതാംകൂറിലേ ഹിന്ദുക്കളുടെ ഇടയില്‍ മറ്റൊരു ആചാരവും നിലനില്‍ക്കുന്നു. കര്‍ക്കിടക വാവിനു ആത്മാക്കള്‍ക്ക് അന്നം കൊടുക്കുക എന്ന സങ്കല്‍പ്പം.

മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്തു മാത്രം നിലനില്‍ക്കുന്ന ഒരു പ്രത്യേക ആചാരമാണെന്നു തോന്നുന്നു പ്രസ്തുത വാവൂട്ടല്‍

വവൂട്ടലിനു പ്രധാനമായും ഉണ്ടാക്കുന്നത് വാവടയാണ്. അരി, ശര്‍ക്കര, തേങ്ങ, ഏലക്ക, ചുക്ക് എന്നിങ്ങനെ പ്രധാന ചേരുവകകള്‍ ആയുള്ള വാവട അത്യന്തം രുചികരം തന്നെ.

അട കഴിക്കാന്‍ വേണ്ടി മാത്രം കര്‍ക്കിടക വാവ് കാത്തിരിക്കുന്ന ഒരു വിഭാഗം ഉണ്ട്... കുട്ടികള്‍ !!!!

സംഭവത്തിലേക്കു കടക്കുന്നതിനു മുന്‍പ് ഇത്തരം ഒരു വിവരണം തന്നത് ആ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാണ്.

വാവു ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്... അത്മാക്കള്‍ ഇറങ്ങുന്ന ദിനമാണു എന്നാണ് പൊതുവെയുള്ള വിശ്വാസം!!!!! അവര്‍ ഭൂമിയില്‍ ഇറങ്ങി തങ്ങളുടെ ഉറ്റവരേയും ഉടവയരേയും കാണുന്ന ദിനമാണു പോലും!!!!

ഞങ്ങളുടെ നാട്ടിലെ ആസ്ഥാന പേടിച്ചുതൂറിയായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ മൂത്രമൊഴിക്കാന്‍ പോലും വെളിയിലിറങ്ങാത്ത ദിവസം കൂടിയാണിത്!!!

ക്യഷ്ണചന്ദ്രന്‍ ചേട്ടനെ കുറിച്ച് പറഞ്ഞാല്‍ ബഹുരസം. 50 വയസെത്തിയ പഴയ പട്ടാളക്കാരന്‍ ... അതും കഴിഞ്ഞ് കുവൈററ്റില്‍ 5 വര്‍ഷം.

കുവൈറ്റ് യുദ്ധസമയത്ത് ഏതൊക്കെയോ വഴിയിലൂടെ എങ്ങനെയൊക്കെയോ നാട്ടില്‍ തിരിച്ചെത്തിയ മാന്യദേഹം.

പറഞ്ഞിട്ടു കാര്യമില്ല പ്രേതം എന്നു വെറുതെ പറഞ്ഞാല്‍ മതി നിന്ന നില്‍പ്പില്‍ മുള്ളും!!!!

ഇനി അലപ്പം ഫ്ലാഷ് ബാക്ക്.

ക്യഷ്ണചന്ദ്രന്‍ ചെട്ടന് രണ്ട് സഹോദരങ്ങള്‍ രാമചന്ദ്രന്‍, ശിവചന്ദ്രന്‍. രണ്ട് പേരും ഓരോവയസ്സിനു മാത്രം ഇളയതാണ്. അച്ഛന്‍ നാരായണപിള്ള. എല്ലാവരും പരസ്പരം സഹകരിക്കുന്നത് ചങ്ങാതികളെപ്പോലെ.

ഒരു ഫുള്‍ കൊണ്ടു വച്ച് അച്ചനും സഹോദരങ്ങളും കൂടി ഒന്നിച്ചിരുന്നടിച്ച് ‘പാമ്പായി‘ കാട്ടുന്ന വിക്രിയകള്‍ നാട്ടുകാരില്‍ അമ്പരപ്പും, അതിലുപരി അല്‍പ്പം കുശുമ്പും ഉണ്ടാക്കിയിരുന്നു.

അങ്ങനെ ക്രിഷ്ണരാമശിവ ചന്ദ്രന്മാര്‍ നാട്ടുകാര്‍ക്കിടയിലും സ്വന്തം ഭാര്യമാരുടെ പോലും കണ്ണിലേ കരടാകുകയും ഒരുദിനം വാമഭാഗങ്ങള്‍ എല്ലാം കൂടി വട്ടമേശസമ്മേളനം കൂടി ഇവരെ തമ്മില്‍ അടിപ്പിക്കാന്‍ തീരുമാനം എടുത്തു എന്നുമാണ് പിന്നമ്പുറ സംസാരം.

എന്തുതന്നെ ആയാലും ഒരു ദിവസം കൂടിയിരുന്നു കുപ്പിപൊട്ടിക്കുന്ന അവസരത്തില്‍ സ്വത്തിനെ ചൊല്ലി എന്തോ തര്‍ക്കം ഉണ്ടാകുകയും അച്ഛന്‍റെ മുന്‍പില്‍ വച്ചു തന്നെ സഹോദരങ്ങള്‍ തല്ലുകൂടുകയും, പിണങ്ങിപിരിയുകയും ചെയ്തു.

അതുവരെ ചങ്ങാതിമാരെക്കാള്‍ ആത്മാര്‍ഥമായി തോളില്‍ കയ്യിട്ടു നടന്നിരുന്ന തന്‍റെ മക്കള്‍, പരസ്പരം പോരടിക്കുന്നത് കാണേണ്ടി വന്ന  നാരായണപിള്ള ചേട്ടനെ, പിറ്റേന്നു വെളുപ്പിന് ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്‍റെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മനോവിഷമം നിമിത്തമുള്ള ആത്മഹത്യ!

വെളുപ്പിനേ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴാന്‍ എഴുന്നെല്‍റ്റ ക്യഷ്ണചന്ദ്രന്‍ ചേട്ടനെ വരവേല്‍റ്റത് കിണറ്റില്‍ ചത്തു മലച്ച് കിടക്കുന്ന സ്വന്തം അച്ഛന്‍റെ ശരീരമാണ്.

ഈ സംഭവം നടക്കുന്നത് ഞാന്‍ മുന്‍പു പറഞ്ഞ കര്‍ക്കിടകവാവിനും ഏതാണ്ട് പത്തുമാസം മുന്‍പാണ്.

പൊതുവേ പേടിതൊണ്ടനായ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ ആ സംഭവത്തോടെ സന്ധ്യ കഴിഞ്ഞാല്‍ വീട്ടില്‍നിന്ന് ഇറങ്ങാതായി.

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ മൂത്തമകളുടെ കല്യാണം കഴിഞ്ഞിരുന്നു. അതിനും ഇളയതായി കല്യാണപ്രായമായി നില്‍കുന്ന മറ്റു രണ്ട് പെണ്‍കുട്ടികളും ഉണ്ട്.

അച്ഛന്‍റെ മരണശേഷം അഞ്ചു ബെഡ് റൂമും മറ്റു സൌകര്യങ്ങളുമുള്ള അദ്ധേഹത്തിന്‍റെ വീട്ടിലെ ഏറ്റവും മദ്ധ്യത്തിലുള്ള ഒരു മുറിയിലേക്ക് അവരുടെ രാത്രിവാസം ചുരുങ്ങി.

ബാത്ത് അറ്റാച്ചഡ് സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത പഴയവീട്ടില്‍ രാത്രിയിലെ മൂത്രശങ്ക തീര്‍ക്കാന്‍ വലിയ ഒരു പാത്രം മുറിയുടെ ഒരു മൂലയില്‍ സ്ഥാനം പിടിച്ചു.

ഇത്രയൊകെ ഉണ്ടായിട്ടും രാത്രിയുടെ രണ്ടാം യാമത്തില്‍ ഒരു എലി അനങ്ങിയാല്‍ പോലും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ കിടക്കയില്‍ മുള്ളൂക പതിവുമായി.

കൂട്ടത്തില്‍ അല്‍പ്പമെങ്കിലും ധൈര്യമുള്ളത് ചേട്ടന്‍റെ സഹധര്‍മ്മിണിക്കു മാത്രം. എങ്കിലും അമ്മാവന്‍റെ മരണത്തിനു താനും കാരണക്കാരിയോ എന്ന തോന്നല്‍ ആവാം, അവര്‍ക്കും ഭയം കൂടാന്‍ കാരണമായി.

ഇനി വീണ്ടും നമ്മുക്ക് കര്‍ക്കിടകവാവു ദിവസത്തിലേക്ക് തിരിച്ചു വരാം.

അന്നെ ദിവസം മണക്കല്‍ തോട്ടില്‍ (പമ്പയാറിന്‍റെ കയ്‌വഴി) പ്രഭാത കുളിക്കിറങ്ങിയ എന്‍റെ സുഹൃത്തുക്കളായ മണിയനും, മനോജിനും സഹകുളിയനായി കിട്ടിയത് നമ്മുടെ ക്യഷ്ണചന്ദ്രന്‍ ചേട്ടനെയാണ്.

കുളിക്കിടയില്‍ കര്‍ക്കിടകവാവിനെ കുറിച്ചും വാവിന്‍റെ പ്രത്യേകതകളെ കുറിച്ചും, തന്‍റെ അച്ഛന്‍റെ മരണത്തെക്കുറിച്ചും എല്ലാം ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ വാചാലനായി.

സംസാരമദ്ധ്യേ തന്‍റെ വീട്ടില്‍ ഇന്നു അച്ഛനു ബലിതര്‍പ്പണം ഉണ്ടെന്നും, വൈകുന്നേരം വാവൂട്ട് നടത്തുന്നുണ്ടെന്നും ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ പറയുകയും ചെയ്തു. പിന്നെ ഒരു ആത്മഗതവും “വാവൂട്ടുമ്പോള്‍ അച്ഛന്‍റെ ആത്മാവ് വരുമോ ആവോ???”

ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ സ്വരം ഭയത്തിനു അടിമപ്പെടുന്നത് മണിയനും, മനോജും പരസ്പരം നോക്കി ആസ്വദിച്ചു.

എന്തായാലും അന്നെദിവസം വൈകുന്നേരം ചേട്ടന്‍ തക്രിതിയായി വാവടയുണ്ടാക്കി, ത്രിസന്ധ്യക്ക് വിളക്കിനു മുന്‍പില്‍ ആത്മാക്കള്‍ക്കെന്നു സങ്കല്‍പ്പിച്ച് അട രണ്ടെണ്ണം വയ്ക്കുകയും ചെയ്തു. കര്‍ക്കിടക വാവായതിനാല്‍ ഉറക്കം വന്നില്ലെങ്കില്‍ പോലും എട്ടുമണികു തന്നെ വിളക്കണച്ച് മദ്ധ്യ മുറിയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു.

ഏതാണ്ട് പതിനൊന്നു മണിയായപ്പോള്‍ അടുക്കള ഭാഗത്തെ കതകില്‍ ശക്തമായ മുട്ടല്‍ കേട്ട് ഞെട്ടിയുണര്‍ന്ന ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബവും മുട്ടിനോടൊപ്പം കേട്ട ചിലമ്പിച്ച ശബ്ദം കേട്ട് ഞേട്ടി.

ക്യഷ്ണചന്ദ്രോ..... എടാ ക്യഷ്ണചന്ദ്രോ....... എടാ ഞാനാടാ നിന്‍റെ അച്ഛന്‍ !!!!

അകത്ത് കനത്ത നിശബ്ദത

വീണ്ടും പുറത്തു നിന്ന് അതെ ചിലമ്പിച്ച ശബ്ദം

എടാ ക്യഷ്ണചന്ദ്രാ ആത്മാക്കള്‍ക്ക് കതകും ജനലും ഒരു ബാധ്യതയല്ലെന്നു നിനക്കറയില്ലെ??? നീ വിളികേള്‍ക്കുന്നോ അതോ ഞാന്‍ അകത്തെക്കു കയറി വരണോ??

ഈ തവണ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍ അറിയാതെ മൂത്രമൊഴിച്ചു പോയി. അദ്ധേഹത്തിനു തൊണ്ട വരണ്ടിട്ടു വാക്കുകള്‍ വെളിയിലേക്കു വരുന്നില്ലായിരുന്നു.

ചോദ്യത്തിനു മറുപടി പറഞ്ഞതു ചേട്ടന്‍റെ സഹധര്‍മ്മിണി.

അമ്മാവാ എന്തിനാ ഞങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. അമ്മാവനെ ഞങ്ങള്‍ വേണ്ട ശേഷക്രിയകള്‍ ചെയ്ത് എവിടെയെങ്കിലും കുടിയിരുത്തിക്കൊള്ളാം.

“നീ എന്താടീ സുമംഗലീ (ക്യഷ്ണ ചന്ദ്രന്‍ ചേട്ടന്റെ സഹധര്‍മ്മിണിയുടെ പേരങ്ങനെയാണ്) ഈ പറയുന്നത് എനിക്കു വിശക്കുന്നെടീ പത്തുമാസമായി നേരാംവണ്ണം എന്തെങ്കിലും കഴിച്ചിട്ട്” ചിലമ്പിച്ച ശബ്ദം കൂടുതല്‍ ദയനീയമായി.

"അമ്മാവാ അതിനിവിടെയൊന്നുമില്ലെല്ലോ!" ഭയംനിറഞ്ഞ വാക്കുകള്‍ അകത്തു നിന്ന്.

“കള്ളം പറയാതെടീ സുമംഗലീ. അവിടെ ഇന്നുണ്ടാക്കിയ അട ഇരുപ്പുണ്ടെന്ന് എനിക്കറിയാം”

വീണ്ടും കനത്ത നിശബ്ദത!

“സുമംഗലീ ഞാന്‍ അകത്തു വന്ന് ഞാന്‍ എടുത്തു കഴിക്കട്ടോ” നിശബ്ദതയെ ഭേദിച്ചുകൊണ്ട് ചിലമ്പിച്ച ശബ്ദം വെളിയില്‍നിന്നും വീണ്ടും ഉയര്‍ന്നു.

“വേണ്ട അമ്മാവാ ഞങ്ങള്‍ എവിടാണെന്നു വച്ചാല്‍ കൊണ്ടു വയ്കാം അമ്മാവന്‍ പറയൂ എവിടെ കൊണ്ടുത്തരണമെന്ന്.”

എങ്കില്‍ എന്‍റെ കുഴിമാടത്തിങ്കലേക്ക് നാല് അട വച്ചെക്കൂ. എന്‍റെ കൂടെ നമ്മുടെ പാങ്ങോട്ടെ ചന്ദ്രന്‍പിള്ളയുമുണ്ട് (പാങ്ങോട്ടെ ചന്ദ്രന്‍ പിള്ള - നാരായണപിള്ള ചേട്ടന്‍റെ ഉറ്റ സുഹ്രുത്തായിരുന്നു. മരണപെട്ടിട്ട് ഏതാണ്ട് രണ്ട് വര്‍ഷമായിക്കാണും)

"ശരിയമ്മാവാ അങ്ങനെയായിക്കോട്ടെ". വിറയാര്‍ന്ന സ്വരം ഭയം അധികരിച്ച് നേരത്ത്‌ പോയിരുന്നു അപ്പോള്‍.

“മോളെ ഞങ്ങള്‍ അങ്ങോട്ടു മാറി നില്‍ക്കാം അല്ലെങ്കില്‍ ഞങ്ങളെ കണ്ട് നീ പേടിക്കും”

വീണ്ടും നിശബ്ദത.... പിന്നെയും ഒരു പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ക്യഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീട്ടിലേ തെക്കോട്ടുള്ള വാതില്‍ പതിയെ തുറന്നു

ചേട്ടനും, ചേച്ചിയും രണ്ട് പെണ്മക്കളും പരസ്പരം കൈകോര്‍ത്ത് പരിസരം സാകൂതം വീക്ഷിച്ച് പുറത്തു വന്നു.

ചേച്ചിയുടെ കയ്യില്‍ ഒരു ചെറിയ പാത്രത്തില്‍ അട.

വളരെ പെട്ടെന്നു തന്നെ നാരായണപിള്ള ചേട്ടന്‍റെ കുഴിമാടത്തില്‍ അതു വച്ച് ഒറ്റ ഓട്ടത്തിനു വീട്ടില്‍ കയറി കതകടച്ചു.

പിന്നെ എല്ലാം നിശബ്ദം..... കുറ്റാകുറ്റിരുട്ടുമാത്രം.

പിറ്റേന്നു രാവിലെ ശരീരം മുഴുവന്‍ കനത്ത മുറിവുകളുമായി പേടിച്ച് പനിച്ച് മണിയനേയും മനോജിനേയും അടുത്തുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായാണ് ഞാനും ഒപ്പം എന്‍റെ ഗ്രാമവും കണ്ണുതുറന്നത്!

അതിലോക്കെ രസകരമായ സംഭവം ക്യഷ്ണചന്ദ്രന്‍ ചേട്ടനും കുടുഃബത്തിനും അതിനു ശേഷം ഭയം എന്നു പറഞ്ഞാല്‍ എന്താണ് എന്ന് അറിയുകപോലും ഇല്ല എന്ന സ്ത്ഥിതിയില്‍ ആയി!

രാത്രി 11 മണിക്കുപോലും കൂളായി ഇന്ന് എവിടെയും അദ്ധേഹം പോകും!

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ മണിയനും, മനോജിനും രാത്രി എന്നു കേള്‍ക്കുന്നതെ പേടിയായി... രാത്രി ആയാല്‍ പുറത്തിറങ്ങാത്ത അവസ്ഥയുമായി!

എന്താണ് സംഭവിച്ചത്.

സംഭവിച്ചത് നിങ്ങള്‍ ഊഹിച്ചതിനും ഒരു പടി മുന്നില്‍ .

നമ്മുടെ കൃഷണചന്ദ്രന്‍ ചേട്ടന്‍റെ ഉറ്റ ചങ്ങാതിയുണ്ട്. കഥാനായകന്റെ പേര് സുരേന്ദ്രന്‍. ആറടിയില്‍ കൂടുതല്‍ ഉയരവും അതിനൊപ്പം തടിയുമുള്ള കറുത്തിരുണ്ട ഒരു മനുഷ്യന്‍. മുഖത്ത് പണ്ടെങ്ങോ വന്ന വസൂരിയുടെ ശേഷിപ്പുകള്‍.

നിര്‍ദ്ദോഷിയാണെങ്കിലും അപാര ധൈര്യശാലിയാണ്.

കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ തൊട്ടടുത്ത വീട് (അയല്‍ വക്കം എന്നു പറയാന്‍ കഴിയില്ല എങ്കിലും പരിസരങ്ങളില്‍ മറ്റു വീടില്ലാത്തതിനാല്‍ അങ്ങനെ വേണമെങ്കിലും പറയാം) പത്മാവതി ചേച്ചിയുടെതാണ്. പത്മാവതി ചേച്ചിയുടെ ഭര്‍ത്താവ് ഒരു മകന്‍റെ ജനനത്തോടു കൂടി മരണപ്പെട്ടിരുന്നു. പ്രായമായ അവന്‍ ഇപ്പോള്‍ വിദേശത്താണ്.

സുരേന്ദ്രന്‍ ചേട്ടന്‍ കല്യാണം കഴിച്ചിട്ടില്ല. അതിനാല്‍ തന്നെ പത്മാവതി ചേച്ചിയുമായി ഒരു വരത്തുപോക്കുണ്ട്. നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. രണ്ടു പേരുടെയും അവസ്ഥ അറിയാവുന്ന നാട്ടുകാര്‍ അതു അത്ര ഗൌനിക്കാറില്ല...

എന്നിരിക്കിലും ഇരുട്ടില്‍ പതുങ്ങി പോകുക എന്നുള്ളത് സുരേന്ദ്രന്‍ ചേട്ടന്‍റെ ഒരു ശീലമായിപ്പോയി. ഇരുട്ടില്‍ തിരിച്ചറിയാതിരിക്കാന്‍ ഇദ്ദേഹം പതിവായി കറുത്തമുണ്ടും, കറുത്ത ഷര്‍ട്ടുമാണ് ധരിക്കാറ്!

അന്നേ ദിവസം പത്മാവതി ചേച്ചിയുടെ വീട്ടില്‍ നിന്നും തിരിച്ചു വരികയായിരുന്ന സുരേന്ദ്രന്‍ ചേട്ടന്‍, കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ വീടിന്‍റെ പരിസരത്ത് അസമയത്തുള്ള നിഴലനക്കം കണ്ട് വെറുതെ എത്തി നോക്കിയതാണ്.

കണ്ടത് കുഴിമാടത്തിന്‍റെ പരിസരത്ത് ഇരുന്ന് അട കഴിക്കുന്ന മണിയനെയും, മനോജിനേയും.

"ആരടാ അത്???" സുരേന്ദ്രന്‍ ചേട്ടന്‍ തന്‍റെ സ്വതസിദ്ധമായ പരുപരുത്ത ശബ്ദത്തില്‍ ചോദിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ മണിയനും, മനോജും കണ്ടത് തൊട്ടുമുന്‍പില്‍ നില്‍ക്കുന്ന കറുത്ത രൂപം!!

യുക്തിവാദികളായ മണിയനും, മനോജും ഒരു നിമിഷം തങ്ങളുടെ യുക്തിയും ബുദ്ധിയും അടിയറവു വച്ചു.

അതു നാരായണപിള്ള ചേട്ടന്‍റെ പ്രേതം തന്നെ എന്നു തെറ്റിദ്ധരിച്ചു നൂറേനൂറില്‍ പറന്നു!

തൊട്ടടുത്ത പറമ്പിലെ കുപ്പിമുറിയും, തകര‍വും നിക്ഷേപിക്കുന്ന പൊട്ടക്കിണറ്റിലായിരുന്നു ആ ഓട്ടം അവസാനിച്ചത്.

ഒരുകണക്കില്‍ അവിടെ നിന്നു രക്ഷപെട്ട അവര്‍ ചെന്നെത്തിയതു ശരീരം മുഴുവന്‍ മുറിവും വേദനയുമായി ആശുപത്രി കിടക്കയിലും!

ആദ്യം കാര്യം ഒന്നും പിടികിട്ടിയില്ലെങ്കിലും പിറ്റേന്ന് ഇവര്‍ ആശുപത്രിയില്‍ ആയി എന്ന വാര്‍ത്ത കേട്ട സുരേന്ദ്രന്‍ ചേട്ടന്‍ നിജസ്ഥിതി അറിയാന്‍ കൃഷ്ണചന്ദ്രന്‍ ചേട്ടനെ സമീപിച്ചു.

കാര്യം മനസ്സിലാക്കിയ കൃഷ്ണചന്ദ്രന്‍ ചേട്ടന്‍റെ പേടി അതോടുകൂടി പമ്പ കടന്നു!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മണിയനും, മനോജും വിവരം അറിഞ്ഞത്. ശരിയായ വിവരം അറിയുന്നതു വരെ അവര്‍ വിശ്വസിച്ചിരുന്നത് അന്നു കണ്ടത് നാരായണന്‍ ചേട്ടന്‍റെ പ്രേതം തന്നെയാണ് തങ്ങള്‍ ആ ദിവസം കണ്ടത് എന്നാണ്.

ഇന്നും മണിയന്‍ എന്നെ കാണുമ്പോള്‍ ഈ സംഭവം പറഞ്ഞു ചിരിക്കാറുണ്ട്.

മണിയന്‍റെ തുടയില്‍ ഓപ്പറേഷനില്‍ പോലും നീക്കപ്പെടാനാകാത്ത രീതിയില്‍ ആ സംഭവത്തിന്‍റെ തിരുശേഷിപ്പെന്നോണം കുപ്പിയുടെ ഒരു ചെറിയ കഷ്ണം ഉണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ.

Friday 20 February 2009

മടക്കയാത്ര.

നേരം പുലര്‍ന്നു വരുന്നു....

അമ്മിണിയമ്മ പതിവു പോലെ ഉറക്കമുണര്‍ന്ന് കാല്‍ നിലത്തു തൊടുവിക്കാതെ കിടക്കയില്‍ ചമ്രം പിടഞ്ഞിരുന്നു.

പിന്നെ കൈകൾ രണ്ടും മലർത്തി അതിലേക്ക്‌ നോക്കികൊണ്ട്‌ മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചു.

കരാഗ്രേ വസതേ ലക്ഷ്മിഃ
കരമധ്യേ സരസ്വതീഃ
കരമൂലേ തു ഗോവിന്ദഃ
പ്രഭാതേ കരവന്ദനം.

ചെറുപ്പത്തില്‍ അച്ഛന്‍ പഠിപ്പിച്ചതാണ്... അന്നതിന്റെ അര്‍ത്ഥമറിയില്ലായിരുന്നു. എങ്കിലും അതു ദിനചര്യയുടെ ഭാഗമായി മാറി.

പ്രയാസപ്പെട്ട് നടുവളച്ചു... ഭൂമീദേവിയെ വന്ദിച്ചു തിരുനെറ്റിയില്‍ വച്ചു ആരാധിച്ചു.

സമയം 5 മണി... ഇനി പതിവു നിര്‍മ്മാല്യ ദര്‍ശനം. അതുമല്ല ഇന്നു തിരുവോണ നാളാണ്, നിര്‍മ്മാല്യ ദര്‍ശനം കൂടുതല്‍ പുണ്യമാണ്.

ദൈവാനുഗ്രഹത്താല്‍ എഴുപത്തിരണ്ടിന്റെ നിറവിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല.

ഒരുവേള കിടക്കേണ്ടി വന്നാല്‍ ആരു നോക്കും ദൈവമെ! അമ്മിണിയമ്മ ആശങ്കയൊടെ പിറുപിറുത്തുകൊണ്ട് എഴുനേല്‍റ്റു.

പ്രിയതമന്റെ ചില്ലിട്ട ചിത്രത്തിനു മുന്നില്‍ മൌനിയായി കണ്ണുകള്‍ ഇറുകെ അടച്ചു ഒരു നിമിഷം നിന്നു.

കഴിഞ്ഞ ഏഴര വര്‍ഷമായി അതും ദിനചര്യ!

നിറഞ്ഞു തുളുമ്പിയ കണ്ണുകളില്‍ നിന്നു പ്രവഹിച്ചത് ചുടുരക്തമായിരുന്നോ?

ദൈവത്തിന് ഇത്രയും ക്രൂരനാകുവാന്‍ സാധിക്കുമോ? ഒരു ഹാര്‍ട്ടട്ടാക്കിന്റെ രൂപത്തില്‍. എന്നില്‍ നിന്നു അദ്ധേഹത്തെ അകറ്റാന്‍ ദൈവത്തിനു എന്തു കാരണമാണ് പറയാനുള്ളത്?

എന്നാണ് ദൈവമെ എനിക്കുള്ള വിളി... അതുടനെ ഉണ്ടാവണെ...!

സമയം പോകുന്നു. ഇപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ തിരുമേനിയാണ് ക്ഷേത്ര മേല്‍ശാന്തി. നടതുറക്കുന്നതും, അടക്കുന്നതിനും ഒന്നും ഒരു നിഷ്ടയുമില്ല! വേഗം ചെന്നില്ലെങ്കില്‍ നിര്‍മ്മാല്യം കാണാന്‍ സാധിച്ചേക്കില്ല! ഇന്നു തിരുവോണമായിട്ട് നിര്‍മ്മാല്യം ദര്‍ശിച്ചില്ലെങ്കില്‍ അതൊരു കുറവായി മനസ്സില്‍ കിടക്കും.

കിടപ്പുമുറിയുടെ വാതില്‍ തുറന്ന അമ്മിണിയമ്മയെ വരവേല്‍റ്റത് പതിവില്ലാത്ത കാഴ്ച!

തന്റെ ചെറുമകള്‍ രാവിലെ തന്നെ ഉണര്‍ന്നിരിക്കുന്നു....

പൂമുഖത്ത് ....കാലുകള്‍ രണ്ടും സോഫായുടെ രണ്ടറ്റങ്ങളില്‍!!! പതിനഞ്ചു വയസുള്ള കുട്ടിയാണ്. അടിവസ്ത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഇത്തരം ഇരുപ്പ് പാടില്ല എന്ന് പലപ്പോഴും പറയാറുള്ളതാണ്. പറഞ്ഞിട്ട് പ്രയോജനമില്ല.

അതുകൊണ്ടു തന്നെ അതിന് അധികം ഗൌരവം കൊടുത്തില്ല.

തന്റെ കുട്ടിക്കാലത്ത് പൂമുഖത്തേക്ക് വരാന്‍ പോലും ഭയമായിരുന്നു. ഈ കാലത്ത് അത്രയും വേണ്ട എങ്കിലും ഇത്തരം പ്രദര്‍ശനമെങ്കിലും ഒഴിവാക്കിയിരുന്നെങ്കില്‍!

ഹാ എന്തെങ്കിലും ആവട്ടെ....എങ്കിലും ഓണമായിട്ട് രാവിലെ എഴുനേല്‍ക്കാനെങ്കിലും അവള്‍ക്ക് തോന്നിയല്ലോ!!!

സന്തോഷം തോന്നി അമ്മിണിയമ്മക്ക്!

ചിഞ്ചൂ.... നീ രാവിലെ തന്നെ എഴുനേല്‍റ്റല്ലോ.... കുളിച്ചിട്ടു വരൂ അച്ചാമ്മക്കൊപ്പം നിര്‍മ്മാല്യം തൊഴാം.

ഹും.... പിന്നെ നിര്‍മ്മാല്യത്തിനും കിര്‍മ്മാല്യത്തിനും അല്ലെ എനിക്കു സമയം... ഒന്നു പോ കിളവീ!

ചിഞ്ചു ചാടി എഴുനേല്‍റ്റു.

ഇന്നു തിരുവോണം പ്രമാണിച്ച് ടിവിയില്‍ എന്തെല്ലാം പ്രോഗ്രാമുകള്‍ ആണെന്നോ!! അതെല്ലാം കണ്ടു തീര്‍ക്കണം... ഇന്നു രാവിലെ പ്രിത്ഥ്വിരാജിന്റെ അഭിമുഖമുണ്ട്.... അതു കാണാന്‍ എഴുനേല്‍റ്റതാ.... അല്ലതെ........

ശല്യപ്പെടുത്താതെ ഒന്നു പോയി തരുമോ??

പതിവു ശൈലിയാണ് പ്രത്യേകിച്ചു തന്നോട്....

അതിനാല്‍ അമ്മിണിയമ്മയില്‍ അത് ഒരു ഭാവ വ്യത്യാസവും ഉണ്ടാക്കിയില്ല.

ബഹുമാനം പുസ്തകത്തില്‍ നിന്നു പഠിക്കുന്ന കാലമല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി!

അവടെ പേരിനു ചേരുന്ന സ്വഭാവം... പൂച്ചക്കും, പട്ടിക്കും ഇടുന്ന പേരല്ലെ?? മനുഷ്യനു എങ്ങനെ യോജിക്കും??

കുളിക്കാനായി കുളിമുറി ലക്ഷ്യമാക്കി നടക്കുമ്പോള്‍ അമ്മിണിയമ്മയുടെ മനസ്സില്‍ ചിഞ്ചുവിന്റെ പേരിടീല്‍ ചടങ്ങു തേളിഞ്ഞു വന്നു.

അന്നു ഭാര്‍ഗ്ഗവേട്ടന്‍ ഒരു ചെവിയില്‍ വെറ്റില പൊത്തി മറു ചെവിയില്‍ വിളിച്ച പേര്... എത്ര നല്ല അര്‍ത്ഥവത്തായ പേരായിരുന്നു അത്! “ദര്‍ശന”..... അതു ഒരു പോരായ്മയായി തോന്നിയതാവാം ചിഞ്ചു എന്നു മാറ്റിയത്....

സ്കൂളില്‍ ചേര്‍ക്കാനായി പേരു ചിഞ്ചു എന്നാക്കുന്നു എന്നറിഞ്ഞപ്പോള്‍ ഭാര്‍ഗ്ഗവേട്ടന്‍ എത്രമാത്രം എതിര്‍ത്തു... ഒരു പ്രയോജനവും ഉണ്ടായില്ല.

അതിനി ഓര്‍ത്തിട്ട് എന്തു കാര്യം.....

കുളിക്കിടയില്‍ പോലും കാരണമൊന്നുമില്ലാതെ അമ്മിണിയമ്മ അസ്വസ്ഥയായിരുന്നു.

കുളികഴിഞ്ഞ് പതിവു വേഷമായ നേര്യതും മുണ്ടും ഉടുത്തു. ഭാര്‍ഗ്ഗവേട്ടന്റെ ഇഷ്ടവേഷം. അദ്ധേഹം തന്നെ എന്നും ഈ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നു.

നഗ്നപാദയായി മുറ്റത്തേക്ക് ഇറങ്ങി..

ആള്‍പെരുമാറ്റമില്ലാത്ത വീടിനെ ഓര്‍മ്മിപ്പിക്കുന്ന മുറ്റവും, തൊടികളും!

അടിച്ചു വാരിയിട്ട് ദിവസങ്ങളായിരിക്കുന്നു!

തിരുവോണമായിട്ട് ഇന്നും അടിച്ചുവാരാനുള്ള തീരുമാനമില്ലെന്നു തോന്നുന്നു!!!??

തന്റെ ചറുപ്പകാലത്ത് തങ്ങള്‍ ആഘോഷിച്ചിരുന്ന തിരുവോണം!!!!

കര്‍ക്കിടകത്തിലെ പിള്ളേരോണം മുതല്‍ തുടങ്ങുന്ന ഒരു മാസം നീളുന്ന ഓണാഘോഷം. വീടും പരിസരവും ചെത്തിവാരി വൃത്തിയാക്കാന്‍ തുടക്കമിടുന്നതും അന്നു തന്നെയാണ്.

ചെത്തി വെടുപ്പാക്കിയ തൊടികളിലും, മുറ്റത്തും തിരുവോണവും കഴിഞ്ഞ് ഉത്രട്ടാതി നാള്‍ വരെ പുല്ലിന്റെ വളരെ ചെറിയ ഒരു കിളിര്‍പ്പോ, ഒരു കരിയിലയോ കാണാതിരിക്കാന്‍ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് വീട്ടിലെ മുതിര്‍ന്ന സ്ത്രീകളായിരുന്നു.

അത്തത്തിനു തലേ ദിവസം ചുവരുകളില്‍ കക്ക നീറ്റി കുമ്മായം പൂശലും, ചാണകവും കരിയും സമം ചേര്‍ത്തുള്ള തറ മെഴുകലും തകൃതിയായി നടക്കും.

അത്തം പുലരുന്ന ദിനം വീട് ഒരു ക്ഷേത്രത്തിനു തുല്യമായിരിക്കും... അന്നുമുതല്‍ അടുത്ത പത്തു ദിവസങ്ങളില്‍ അവിടുത്തെ നിഷ്ടകള്‍ പൂജകള്‍ക്ക് തുല്യവും.

നീലനിലാവ് പാലാഴി വിരിച്ചു നില്‍ക്കുന്ന രാവുകള്‍ ചെറുപ്പക്കാര്‍ പകലാക്കി മാറ്റും.

ആര്‍പ്പൂവിളികളാല്‍ മുഖരിതമായ അന്തരീക്ഷം.

തിരുവാതിരപാട്ടിന്റെ അലയൊലികള്‍.

തുമ്പിതുള്ളലിന്റെ രൌദ്രത!

മേളവും, തോക്കും കമ്പുമായി ആര്‍ത്തലച്ചു വരുന്ന പുലികളി കണ്ട് പേടിയോടെ നെല്ലറക്കുള്ളില്‍ താന്‍ ഒളിക്കുമായിരുന്നു... അമ്മിണിയമ്മ ചെറുപുഞ്ചിരിയോടെ ഓര്‍ത്തു.

പൂക്കളമിടാന്‍ പൂക്കള്‍ തേടി തൊടികളും, കുറ്റിക്കാടുകളിലും മത്സരിച്ചു പായുന്ന അത്തരം ഒരു ഓണനാളിലാണ് തന്റെ ഭാര്‍ഗ്ഗവേട്ടനെ ആദ്യമായി കണ്ടുമുട്ടിയതും, പ്രണയം മൊട്ടിട്ടതും.

പ്രണയം നിഷിദ്ധമായ ആ നാളുകളില്‍ വീടുവിട്ട് ഭാര്‍ഗ്ഗവേട്ടനൊപ്പം ഇറങ്ങി തിരിച്ച താന്‍ പിന്നീട് ഒരിക്കലും തന്റെ വീടിന്റെ ഉമ്മറത്ത് കാല്‍കുത്തിയിട്ടില്ല.

തന്റെ ഭതൃഭവന ഗ്രഹപ്രവേശനവും അത്തരം ഒരു ഓണ നാളിലായിരുന്നല്ലോ.... അമ്മിണിയമ്മ വീണ്ടും നെടുവീര്‍പ്പിട്ടു

കണ്ണുകള്‍ നനഞ്ഞുവോ?? മുണ്ടിന്റെ തോമ്പലകൊണ്ട് കണ്ണുകള്‍ അമര്‍ത്തി തുടച്ചു.

അമ്മിണിയമ്മ മരുമകളെ വിളിച്ചു.

“ലീലേ...മോളേ ലീലേ”??

മരുമകള്‍ എന്തോ ചടങ്ങു തീര്‍ക്കും പോലെ പൂമുഖപ്പടിയില്‍ വന്നു നിന്നു.

ആഴിച്ചിട്ട മുടി!!ഉറക്കച്ചടവുള്ള കണ്ണുകള്‍.... ഓണനാളിലെ മലയാളി മങ്ക!!!!...

അതിരാവിലെ കുളിച്ചൊരുങ്ങി ഓണപ്പുടവയുമുടുത്ത് സുസ്മേരവദനകളായി ക്ഷേത്രദര്‍ശനത്തിനു പോകാറുള്ള പഴയ മലയാളിമങ്കമാരുടെ സ്ഥാനത്ത് തന്റെ മരുമകളെ സങ്കല്‍പ്പിച്ചോള്‍ അമ്മിണിയമ്മയുടെ ഉള്ളില്‍ പുശ്ചവും അമര്‍ഷവും മുളപൊട്ടി.

ദേഷ്യം മുഖത്തു പ്രതിഭലിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ട് അമ്മിണിയമ്മ ചോദിച്ചു.

‘ലീലേ ഇന്നെങ്കിലും മുറ്റവും തൊടിയും ഒന്നു അടിച്ചുവൃത്തിയാക്കി കൂടെ?’

മറുപടി ഒരു അട്ടഹാസമായിരുന്നു.

‘എനിക്ക് നടുവിനു വേദനയാണെന്ന് അറിയില്ലെ തള്ളെ?... അത്രക്ക് അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ തന്നെ അടിച്ചു വാരിയാല്‍ മതി’

ഉറഞ്ഞു തുള്ളി ലീല അകത്തേക്ക് നടന്നു....

‘ഓണമല്ലെ മുറ്റം ഒന്നു അടിച്ചു വാരിയേക്കാം എന്നു കരുതി ആ നങ്ങേലി കുറത്തിയോട് പറഞ്ഞിരുന്നു, അവളു വന്നാല്‍ അടിച്ചു വാരും, ഇല്ലെങ്കില്‍ ഇങ്ങനെ കിടക്കുകയെ നിവൃത്തിയുള്ളു’ ലീല പിറുപിറുത്തു...

പൂവിളിയുടെ ഗതകാല സ്മരണകളുമായി അമ്മിണിയമ്മ ക്ഷേത്രത്തിലേക്ക് നടന്നു.

വഴിയില്‍ ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്.

കുറേ ചെറുപ്പക്കാര്‍ അതിനുള്ളില്‍ വട്ടംകൂടിയിരുന്നു സൊറ പരയുന്നുണ്ട്.

ആ ഷെഡിനു മുകളിലായി വലിച്ചു കെട്ടിയ ഒരു ബാനര്‍.

സ്മ്രിതി ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പൂക്കളം.

ഇപ്പോള്‍ പൂക്കളങ്ങള്‍ വീട്ടുമുറ്റത്തു നിന്ന് പൊതു നിരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

അതെങ്കിലും ഉണ്ടല്ലോ ആശ്വാസം!

കൌതുകം അടക്കാന്‍ എത്തി നോക്കി.

പൂക്കള്‍ക്ക് പകരം കല്ലുപ്പില്‍ വിവിധ ചായങ്ങള്‍ ചാലിച്ച് ഒരു “ഉപ്പളം”

ചിരിക്കാതിരിക്കുന്നതെങ്ങനെ?

ക്ഷേത്രത്തിനടുത്തത്തിയ അമ്മിണിയമ്മ അങ്ങകലെ മുഴങ്ങുന്ന ആരവങ്ങള്‍ കേട്ട് സന്തോഷത്തോടെ ആര്‍പ്പു വിളികള്‍ക്കായി കാതു വട്ടം പിടിച്ചു.

നല്ല തെറിപ്പാട്ട്!!

ഓണാഘോഷം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് മദ്യോത്സവം ആണല്ലോ! പഴയ വഞ്ചിപ്പാട്ടുകള്‍ക്ക് തെറിയുടെ മേമ്പൊടി!!

ക്ഷേത്രത്തില്‍ മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിച്ച അമ്മിണിയമ്മയെ ചന്ദനം അരക്കുന്ന വലിയ യന്ത്രത്തിന്റെ നിലക്കാത്ത ശബ്ദം അസ്വസ്ഥയാക്കി.

നടതുറന്നു. പഴയ പഞ്ചലോഹ വിഗ്രഹത്തിനു മങ്ങലൊട്ടുമില്ല.

പക്ഷെ ദീപാരാധനക്കൊപ്പം മുഴങ്ങിയ ശഖും, ചേങ്ങിലയും, മണിനാദവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന്റെ അപസ്വരത്തില്‍ ഭഗവനെ പോലും മറന്നു പോയി!.

ഇനി എന്നാണാവോ യന്ത്രങ്ങള്‍ക്ക് ശാന്തിക്കാരന്‍ വഴിമാറുക.

തിരികെ വന്ന മാത്രയില്‍ മുറ്റവും, തൊടികളും അടിച്ചു വാരാന്‍ തീരുമാനിച്ചു. നാല്പത്തിയഞ്ചുകാരി മരുമകള്‍ക്ക് നടുവേദന. തനിക്ക അത്തരം വേദനകള്‍ നിഷിദ്ധമാണ്... അല്ലെങ്കില്‍ തന്നെ ഭാര്‍ഗ്ഗവേട്ടന്റെ വിയോഗത്തെക്കാള്‍ ഒരു വേദന തനിക്കെന്തിനി വരാന്‍!

ഇടക്ക് മരുമകള്‍ എത്തി നോക്കി ഊറിയ ചിരിയോടെ കടന്നു പോകുന്നത് കണ്ടില്ലെന്നു നടിച്ചു.

മുറ്റം വെടിപ്പാക്കി, ചാണക വെള്ളം തലിച്ചി ശുദ്ധി വരുത്തി.

ഇനി ജീവജാലങ്ങളെ ഓണം ഊട്ടിപ്പിക്കണം.

ആദ്യ കര്‍മ്മം ഗോമാതാവിനെ ഓണം ഊട്ടലാണ്...

പണ്ട് പശുക്കള്‍ എത്രയായിരുന്നു... ഇന്നിപ്പോള്‍ പശു നിന്നിടത്ത് തൊഴുത്തു പോലും ഇന്നില്ല.... ഇപ്പോള്‍ ‘മില്‍മ’ യാണ് നാട്ടിലെ പശു.

പല്ലിക്കും, ഉറുമ്പിനും ഓണം ഊട്ടാം... അവയെ ആര്‍ക്കും വില്‍ക്കാന്‍ അധികാരമില്ലല്ലോ!

അടുക്കളയില്‍ കയറി ശര്‍ക്കരയും, അരിപ്പൊടിയും, സമം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് കുഴച്ച് നെല്ലറയുടെ അടുത്തേക്ക് നടക്കുമ്പോള്‍ മരുമകള്‍ പിറകെ കൂടിയത് തിരിച്ചറിഞ്ഞു.

കൈവെള്ള അരിപ്പൊടിയില്‍ മുക്കി ഭിത്തിയില്‍ പതിക്കാന്‍ തുടങ്ങുമ്പോള്‍ മരുമകള്‍ കയ്യില്‍ കടന്നു പിടിച്ചു.

പിന്നെ ബലമായി പാത്രം പിടിച്ചു വാങ്ങി മുറ്റത്തേക്ക് എറിഞ്ഞു.

‘തള്ളക്കു വേറെ തൊഴിലൊന്നുമില്ലെ? വീട്ടിലെ ക്ഷുദ്രജീവികളെ എങ്ങനെ നശിപ്പിക്കാം എന്നു ആലോചിച്ചു മനസ്സു പുകക്കുമ്പോളാണ് തള്ളയുടെ ഒരു ഓണമൂട്ട്.... വെറുതെ വീട് വൃത്തികേടാക്കാന്‍!.

വെറെ പണിയൊന്നുമില്ലെങ്കില്‍ അവിടെയെങ്ങാനും പോയി അടങ്ങിയിരിക്ക് തള്ളെ’

ആറ്റു നോറ്റുണ്ടായ ഒരേയൊരു മകനെ മനസ്സാ ശപിച്ചു.

വര്‍ഷങ്ങളായി മക്കളുണ്ടാകാതിരുന്ന താനും ഭാര്‍ഗ്ഗവേട്ടനും വഴിപാടുകളും ഉരുളി കമഴ്ത്തലും, ചികിത്സയുമായി നീണ്ട പത്തുവര്‍ഷം തപസ്സിരുന്നുണ്ടായ മകന്‍.

അവന്‍ ഇന്നു ദുബായില്‍ മണലാരിണ്യത്തില്‍ കഴിയുന്നു... ഭാര്യയും, മകളും അവനുണ്ടാക്കുന്നതെങ്ങനെ ധൂര്‍ത്തടിക്കാം എന്ന ചിന്തയില്‍ നാട്ടിലും.

എല്ലാം തന്റെ വിധി.... അങ്ങനെ ആശ്വസിക്കാം.

വിഷമം ഉള്ളിലൊതുക്കി പൂമുഖത്ത് ചെന്നിരുന്നു.

ടിവിയില്‍ ആഭാസ നൃത്ത പരമ്പര... ഓണം സ്പെഷ്യല്‍ ആണു പോലും.... ആസ്വദിക്കാന്‍ ചിഞ്ചു.... ഇതേവരെ പല്ലു പോലും തേച്ചിട്ടില്ല എന്നു മുഖഭാവത്തില്‍ വ്യക്തം.

തന്റെ ബാല്യകാലത്ത് ഓണനാളില്‍ ചങ്ങാതിമാരുമൊത്ത് കളികളുമായി തൊടിയിലും പറമ്പിലുമായിരിക്കും... ഇന്നത്തെ തലമുറ ടിവിക്കു മുന്‍പില്‍ തളക്കപ്പെട്ടിരിക്കുന്നു.

ടിവിയില്‍ ശ്രദ്ധിച്ചുകൊണ്ട് ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുകയാണ് ചിഞ്ചു.

കാതോര്‍ത്തപ്പോള്‍ അതില്‍ ആഭാസത്തിന്റെ അംശങ്ങള്‍!

‘എന്താടീ ചിഞ്ചൂ... നീ ആരോടാണീ സംസാരിക്കുന്നത്”

ഒരു കാര്യവുമില്ലെങ്കിലും ഉള്ളിലെ സ്നേഹത്തിന് ചോദ്യത്തെ തടയാന്‍ കഴിഞ്ഞില്ല.

അവള്‍ രൂക്ഷമായി അമ്മിണിയമ്മയെ നോക്കി.

എന്റെ ഒരു ഫ്രണ്ടിന് ഓണം ആശംസിക്കുകയാണ് കിളവീ...

ഒപ്പം അടുക്കളയിലേക്ക് നോക്കി ചിഞ്ചു ഒച്ച വച്ചു.

‘അമ്മേ ഈ അച്ചമ്മ എന്നെ ശല്യപ്പെടുത്തുന്നു’

അടുക്കളയില്‍ നിന്നും മറുപടിയായി ശകാരവര്‍ഷം.

‘എന്തിന്റെ കേടാണ്.... ആ കൊച്ച് അവിടെ ഇരുന്നോട്ടെ.... നിങ്ങള്‍ അവിടെയെങ്ങാനും പോയിരിക്കു തള്ളെ’

കേട്ടില്ലെന്നു നടിച്ചു.... അഥവാ എന്തെങ്കിലും പറഞ്ഞാലും പ്രയോജനമില്ല.

കാപ്പി കുടിച്ചിട്ട് അങ്ങേലെ സര‍സ്വതിയമ്മയുടെ അടുത്തു വരെ പോകാം... അവളോട് മനസ്സു തുറന്നാല്‍ സ്വല്പം ആശ്വാസം ലഭിക്കും. ജീവിച്ചിരിക്കുന്ന തന്റെ ഏക ചങ്ങാതി!

അടുക്കള ശൂന്യം... ഒരു വിഭവങ്ങളും ഇല്ല.... ഉണ്ടാക്കാനുള്ള ശ്രമവും ഇല്ല!

ലീല പ്രത്യക്ഷപ്പെട്ടു....

‘അമ്മേ ഇന്നു രാവിലെ എനിക്കും, ചിഞ്ചുവിനും, ന്യൂഡിത്സ്.... അമ്മക്കു ഇന്നലത്തെ പഴംകഞ്ഞി ഇരുപ്പുണ്ടല്ലോ ... അതുകൊണ്ട് ഞാന്‍ ഒന്നും ഉണ്ടാക്കിയില്ല, ഓണം പ്രമാണിച്ച് ഉച്ചക്ക് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്”

പൊട്ടിക്കരയണമെന്നു തോന്നി....

കഴിഞ്ഞ വര്‍ഷം ഓണത്തിന് “ഓണക്കിറ്റ്” എന്ന അപര നാമധേയത്തില്‍ അറിയപ്പെടുന്ന റെഡിമേയ്ഡ് സദ്യയെങ്കിലും ഉണ്ടായിരുന്നു.... ഈ ഓണത്തിന് കോഴി ബിരിയാണി!!!!

‘ലീലെ... കോഴി ബിരിയാണൊയ്യോ?? അതും ഓണത്തിന്?’

‘സൌകര്യം ഉണ്ടെങ്കില്‍ കഴിച്ചാല്‍ മതി.... അല്ലെങ്കില്‍ കുഴിയിലായ കിളവനെ വിളിച്ചുകൊണ്ടു വാ...ഓണ സദ്യ ഉണ്ടാക്കി തരാന്‍’

വെള്ളിടി പോലെയാണ് ആ വാക്കുകള്‍ അമ്മിണിയമ്മയില്‍ പതിഞ്ഞത്.

നോട്ടം കൊണ്ടുപോലും പ്രതികരിച്ചില്ല.

മുറിയില്‍ കയറി പതിയെ വാതില്‍ ചാരി.

കട്ടിലില്‍ നിവര്‍ന്നു കിടന്നു. എതിര്‍വശത്തുള്ള ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന പ്രിയതമന്റെ ജീവസുറ്റ ചിത്രത്തിലേക്കു നോക്കി നിശബ്ദം കണ്ണീരൊഴുക്കി.

പിന്നെ ചോദിച്ചു... ഭാര്‍ഗ്ഗവേട്ടാ ഒരു ഓണ സദ്യകൂടി ഉണ്ണാന്‍ എന്റെ കൂടെ വരുമോ.... ഒരിക്കല്‍ കൂടി?

ചിത്രം മറുപടി പറഞ്ഞു... ഇല്ല പ്രിയേ ഈ അഞ്ജാത ലോകത്തില്‍ നിന്നും ഒരിക്കലും മടക്കയാത്രയില്ല... നീ എന്നിലേക്കു വരൂ.... ഇവിടെ നമ്മുക്കു ഒന്നിച്ച് ഓണം ആഘോഷിക്കാം!

ശരി ഭാര്‍ഗ്ഗവേട്ടാ....എങ്കില്‍ ഞാനെന്റെ ഭാര്‍ഗ്ഗവേട്ടന്റെ അരികിലേക്കു വരാം.... എനിക്ക് ആ കൈകൊണ്ട് ഓണസദ്യയുണാന്‍ കൊതിയായി.

പിന്നെ ഉറക്കം വരാത്ത രാത്രികളില്‍ ക്രിത്രിമ താരാട്ടുകാരനാകാന്‍ വിധിക്കപെട്ട ഉറക്കഗുളികളുടെ കുപ്പിയിലെക്ക് അമ്മിണിയമ്മയുടെ കൈകള്‍ നീണ്ടു.

പിന്നെ ആ കുപ്പി ഒന്നായി വായിലേക്ക് കമഴ്ത്തി.

കിടക്കയില്‍ അമര്‍ന്നു കിടന്നു.

ഇപ്പോള്‍ അമ്മിണിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ആശ്വാസം ഉണ്ടായിരുന്നു..... ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.

Wednesday 18 February 2009

അമ്മ വിലപിക്കുന്നു.


ചിത്തം ഉരുകിയൊലികുന്നു ജ്വാലയായ്
ചിത്തഭ്രമം പൂണ്ടോരെന്‍ മക്കള്‍ തന്‍ ചെയ്തിയാല്‍
ദീന ഭയാനക ദ്യശ്യങ്ങള്‍ കണ്ടെന്റെ
നേത്രപടങ്ങള്‍ തിമിര സമാനമായ്
കര്‍ണ്ണങ്ങള്‍ വെട്ടിപ്പിളര്‍ക്കുന്നു കാഹള-
ഭേരി മുഴക്കുന്ന ആഹ്ലാദ ജാഥകള്‍
അക്ഷരക്ഷീരം ചുരത്തിയെന്‍ മാറിടം
സംസ്കാര ശൂന്യര്‍ തന്‍ വേദിയായ് മാറുന്നു!!!
എന്‍ മകന്‍ ബാപ്പുജി താണ്ടിയ വീഥികള്‍
കല്ലറയാക്കിയീ കോമാളി രാഷ്ട്രീയം
ഞാന്‍ പിച്ച വയ്കാന്‍ പഠിപ്പിച്ച പാദങ്ങള്‍
വെട്ടിയെടുത്തെനിക്കന്നം വിളമ്പുന്നു!!!
എന്‍ പാനപാത്രങ്ങള്‍ ആരുമറിയാതെ
വിഷപങ്കിലമാക്കി എനിക്കു നീട്ടീടുന്നു
പീഡനമാമാങ്കം ആടി തിമിര്‍ക്കുന്നു
സോദരി തന്‍ ദീന രോദനം കേള്‍ക്കാതെ
ഗുരുവിനെ തെരുവില്‍ വലിച്ചു കീറീടുന്നു
ഗുരുവചനങ്ങള്‍ തെരുവിലൊഴുക്കുന്നു
എന്തിനെന്‍ മക്കളെ ഈ ഹീനവ്യത്തികള്‍
എന്തിനെന്‍ അന്തസ്സു കാറ്റില്‍ പറത്തുന്നു!!!
പിന്തിരിഞ്ഞീടുക എന്‍ പൊന്നു മക്കളെ
അമ്മതന്‍ ഈ ദീന രോദനം കേള്‍ക്കുക!!!

Sunday 15 February 2009

വനിത എന്ന ഫെമിനിസ്റ്റ്!

വനിതയെ ഞാന്‍ ആദ്യമായി കാണുന്നത് പ്രിന്‍സിപ്പാളിന്റെ വിശാലമായ മുറിയില്‍ വച്ചായിരുന്നു.

വനിത നായര്‍ .... സുരഭി, ത്രിക്കൊടിത്താനം പി ഓ, ചങ്ങനാശേരി.

അവളുടെ അച്ഛന്‍ പറഞ്ഞുകൊടുത്ത അഡ്രസ്സ് ശ്രദ്ധാപൂര്‍വ്വം കേട്ടെഴുതിയ പിയൂണ്‍ തന്റെ നിറം മങ്ങിയ കണ്ണടക്കുള്ളിലൂടെ നോക്കി അവളുടെ അച്ഛനെ നോക്കി ചോദിച്ചു.

“ഫോണ്‍ നമ്പര്‍ “??

അവളാണ് അതിനു മറുപടി കൊടുത്തത്.... പത്തക്ക ഫോണ്‍ നംബര്‍ വയസ്സായ പിയൂണിനു കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരുന്നു അവള്‍ പറഞ്ഞത്.

“ഏതാണ് തിരഞ്ഞെടുക്കാന്‍ പോകുന്ന സബ്ജക്ട്??”

“സിവില്‍ എഞ്ചിനീറിങ്ങ്” അവളും അച്ഛനും ഒരേ സ്വരത്തില്‍ പറഞ്ഞു.

എന്റെ പേരിനു താഴെ അവളുടെ പേരും സ്ഥാനം പിടിച്ചു.

“ഇവരോടൊപ്പം കൌണ്ടറില്‍ പോയി പൈസ അടച്ചു വന്നോളൂ” ഞങ്ങളെ ( എന്നേയും ,അച്ഛനേയും) ചൂണ്ടിക്കാട്ടി പിയൂണ്‍ പറഞ്ഞു.

ഇതൊന്നും എന്റെ വിഷയമെ അല്ല എന്ന ഭാവത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ പ്രൌഡഗംഭീരമായ കസേരയില്‍ ചാരി ഇംഗ്ലീഷ് പത്രത്തില്‍ മുഖം പൂഴ്ത്തിയിരികുന്നുണ്ടായിരുന്നു.

ശ്രദ്ധിക്കുന്നില്ല എങ്കിലും ഞങ്ങള്‍ അദ്ധേഹത്തെ തൊഴുതു പുറത്തിറങ്ങി.

ക്യാഷ് കൌണ്ടറിലേകു നടക്കുന്നതിനിടയില്‍ എന്റെ അച്ഛന്‍ പറഞ്ഞു.

“ഇവനും സിവില്‍ എഞ്ചിനീറിങിനാണ്”

അതുവരെ ശ്രദ്ധിക്കാതിരുന്ന വനിത എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“അതേയോ.... അപ്പോള്‍ മോള്‍ക്ക് ഒരു ചങ്ങാതിയെ കിട്ടിയല്ലോ”

അപ്പോഴും വനിത പുഞ്ചിരിക്കുക മാത്രം ചെയ്തു!

റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോള്‍ അവര്‍ ഗേള്‍സ് ഹോസ്റ്റലിലേക്കും ഞങ്ങള്‍ അതിനു തൊട്ടടുത്തുള്ള ബോയിസ് ഹോസ്റ്റലിലേക്കും നടന്നു.

പിന്നീട് എപ്പോഴോ ഞാനും വനിതയും നല്ല ചെങ്ങാതിമാരായി മാറി.

വീട്ടില്‍ ആണും പെണ്ണുമായി ഒരേ ഒരാള്‍ , അച്ഛനമ്മമാരുടെ ഓമന.. അങ്ങനെയാണ് അവള്‍ അവളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നത്.

കൂടുതല്‍ അടുത്തപ്പോളാണ് വനിതയിലെ ഫെമിനിസ്റ്റിനെ ഞാന്‍ തിരിച്ചറിഞ്ഞത്...

അതൊരു തരം ഭ്രാന്തമായ ഫെമിനിസ്റ്റ് ചിന്താഗതിയാണന്നു തിരിച്ചറിവ് അവളോട് ഒരകലം സൂക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചു!

അവളുടെ ആശയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന ഒരു സംഘത്തിനേയും എന്നും അവളോടൊപ്പം കാണാമായിരുന്നു.

നാട്ടിലേക്കുള്ള യാത്രകളില്‍ പട്ടുപാവാടയും ബ്ലുസും ധരിക്കാന്‍ ശ്രദ്ധിക്കാറുള്ള വനിത ജീന്‍സിലും ടോപ്പിലും, ഷോര്‍ട്ട് മിഡിയിലും കോളേജ് കാമ്പസ്സിനെ ഞെട്ടിച്ചു.

അവളുമായി കുറച്ചെങ്കിലും അടുപ്പമുള്ള എന്നെ പോലെയുള്ളവരോട് അതിന്റെ കാരണവും പറയും.

“വായി നോക്കികള്‍ക്ക് ക്ഷമ നശിക്കട്ടെ”

പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ക്ക് ക്രമേണ അതിലുള്ള താല്പര്യവും നഷ്ടപ്പെട്ടു തുടങ്ങി.

പഠിപ്പികുന്ന പുരുഷ അദ്ധ്യാപകരെ പോലും അവള്‍ ഫെമിനിസത്തിന്റെ കണ്ണില്‍ കൂടി നോക്കിത്തുടങ്ങിയപ്പോളാണ് പഠനത്തില്‍ താളപ്പിഴയുണ്ടായത്.

ബോയിസ് ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുളകുപൊടി കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം വനിതയിലും കൂട്ടരിലും അവസാനിച്ചപ്പോള്‍ അവള്‍ മാനേജുമെന്റിന്റെ കണ്ണിലെ കരടായി.

കുറ്റസമ്മതം നടത്തിയ അവളെ സസ്പന്റ് ചെയ്തപ്പോള്‍ കൂസലില്ലാത്ത അവളുടെ മുഖത്തു നോക്കി കണ്ണീരൊഴുക്കുന്ന ആ പാവം അച്ഛന്റെ മുഖം!!!

രണ്ടാം വര്‍ഷം കഴിഞ്ഞപ്പോഴേക്കും വനിത ഒരുപാട് വിഷയങ്ങളില്‍ തോറ്റ് “ബാക്ക്” ( നിശ്ചിത വിഷയങ്ങളില്‍ കൂടുതല്‍ പാസ്സാകാതിരുന്നാല്‍ പഠിച്ച അതെ വര്‍ഷം വീണ്ടും പഠിക്കേണ്ടി വരുന്ന അവസ്ഥ) ആയി എന്റെ ജൂനിയര്‍ ആയി.

പിന്നീട് ഞങ്ങള്‍ അങ്ങനെ കാണാതെ ആയി! ഇടക്കിടെ കാണുമ്പോള്‍ ഒരു ഹായ് മാത്രം.

അവളുടെ ശക്തമായ ഫെമിനിസത്തിനു ഞാന്‍ ഇരയല്ലാതിരുന്നതു യാദൃശ്ചികമാവാം...

പിന്നീട് റാഗിങ്ങിന്റെ ഭാഗമായി ജൂനിയര്‍ പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് ടെറസ്സില്‍ പ്രദര്‍ശനത്തിനു നിര്‍ത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ടപ്പോള്‍ അവളുടെ മറുപടി ഇതായിരുന്നു.

“ഒരുത്തന്റെയും മുന്നില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ല എന്ന് അവരെ പഠിപ്പിക്കാനുള്ള എന്റെ എളിയ ശ്രമം മാത്രം”

അന്നും സസ്പെന്‍ഷന്‍ !!!

ഒരിക്കല്‍ എന്നെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു

“നീ നോക്കിക്കൊ നീ വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ നിന്റെ ബോസ്സായി ഞാനുണ്ടാവും”

ഞാന്‍ ചിരിച്ചതല്ലാതെ ഒരു മറുപടിയും പറഞ്ഞില്ല!!

“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ സുഹൃത്തെ” മനസ്സില്‍ പറഞ്ഞു പിന്‍ വലിഞ്ഞു.

ബോയിസ് ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും, ആകാംഷാപൂര്‍വ്വം നോക്കുന്ന ആണ്‍കുട്ടികളെ തുണിപൊക്കിയിട്ട് അവിടേക്ക് ടൊര്‍ച്ചടിച്ചു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു എന്ന വിവരം ഹോസ്റ്റല്‍ മേട്രനു കിട്ടിയപ്പോള്‍ അതിലും തലപ്പത്ത് വനിത തന്നെയായിരുന്നു.

കോളേജിലെ അദ്ധ്യാപകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും ഒപ്പം ഞാനും അവളെ വെറുത്തു.

കോളേജില്‍ നിന്ന് ഡിസ്മിസ്സല്‍ ആയിരുന്നു ഭലം.

യാത്ര പറയാന്‍ വന്ന അവളുടെ മുഖത്തേക്ക് ഒന്നു നോക്കാന്‍ പോലും എന്റെ മനസ്സനുവദിച്ചില്ല.

കൂസലില്ലാത്ത അവളുടെ മുഖത്തേക്കളേറെ എന്നെ അസ്വസ്ഥനാക്കിയത് കണ്ണീരൊലിക്കുന്ന മുഖവുമായി നില്‍ക്കുന്ന അവളുടെ മതാപിതാക്കളുടെ മുഖമായിരുന്നു.

പിന്നീടറിഞ്ഞു വനിത മംഗലാപുരത്തു തന്നെ മറ്റേതോ കോളേജില്‍ പഠനം തുടരുന്നു എന്ന്!!

ഒരിക്കല്‍ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ..... മലബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്താന്‍ ഞാനും എന്റെ ചങ്ങാതിമാരും മംഗലാപുരം റെയില്‍ വേ സ്റ്റേഷനിലേക്ക് ധൃതഗതിയില്‍ നടക്കുന്നതിനിടയില്‍ സമീപത്തുള്ള ഒരു ഹോട്ടലിനു മുന്നില്‍ ഒരു വലിയ ആള്‍ക്കൂട്ടം കണ്ട് എത്തി നോക്കുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

വാരിച്ചുറ്റിയ സാരിയും, പടര്‍ന്ന പൊട്ടുമായി ആള്‍ക്കൂട്ടത്തിനു നടുവില്‍ ആ കൂസലില്ലാത്ത മുഖം!!!!

കൂടെ രണ്ട് പുരുഷന്മാരും!!!

കൂടുതല്‍ അന്വെഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു അവരെ പോലീസ് റേയിഡില്‍ പിടിച്ചതാണെന്ന്. രണ്ട് പുരുഷന്മാരോടൊപ്പം.... വനിതയുടെ ബാഗില്‍ നിന്നും പുരുഷന്മര്‍ കൊടുത്തതെന്ന് സംശയിക്കുന്ന 1500 രൂപയും കണ്ടേടുത്തു....

മരണവീട്ടില്‍ നില്‍ക്കുന്ന ഒരു പ്രതീതി ആയിരുന്നു എനിക്ക്.....

പോലീസ് ജീപ്പിലേക്ക് കയറുമ്പോള്‍ ആക്സമികമായി എന്നെകണ്ട അവള്‍ പരിചയം പുതുക്കി ആ പഴയ പുഞ്ചിരി എനിക്ക് സമ്മാനിക്കാന്‍ മറന്നില്ല.

റേയില്‍ വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴും, പിന്നെ എന്റെ ഈ ജീവിതമത്രയും ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു....

ഇതിനെയാണോ ഫെമിനിസം എന്ന അതിമനൊഹരമായ പേരിട്ടു വിളിക്കുന്നത്!!???

Friday 13 February 2009

പൊടിയനും കുരയന്‍ പട്ടിയും!!!

പൊടിയന്‍ എന്റെ കമ്പനിയിലെ പൊന്നോമനയായിരുന്നു!!!! അടുത്ത ഒന്നു രണ്ടു കഥകളിലൂടെ നിങ്ങളുടെയും പൊന്നോമന ആയി മാറും എന്ന കാര്യത്തില്‍ എനിക്കു സംശയം ഇല്ല!!!!

ശുദ്ദനായ പൊടിയനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

പൊടിയന്‍ ഞങ്ങളുടെയൊക്കേ ചര്‍ച്ചകളില്‍ വരാത്ത ഒരു ദിനത്തെക്കുറിച്ചു ചിന്തിക്കുക പോലും കഴിയാതിരുന്ന കാലം

500 ല്‍ അധികം തൊഴിലാളികളുള്ള എന്റെ കമ്പനിയില്‍ ഓരൊരുത്തരെയും അടുത്തറിയുക പ്രയാസമാണ്..... പക്ഷെ പൊടിയനെ എല്ലാവര്‍ക്കും അറിയാം...

പൊടിയനെക്കുറിച്ചു ഞങ്ങളുടെ ബോസ്സും ധാരാളം കേട്ടിരിക്കുന്നു.... പക്ഷെ നേരിട്ടറിയില്ല.... ബോസ്സിനോടുള്ള ഭയം കാരണം പൊടിയന്റെ ശുദ്ദതയെ കുറിച്ചു മാത്രമെ ഞങ്ങള്‍ക്കു അദ്ദേഹത്തേ ധരിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളു...

പൊടിയന്‍ ഒരു മണ്ടനും കൂടിയാണെന്നു പറഞ്ഞാല്‍ തനി തിരുവന്തപുരത്തുകാരനായ ബോസ്സ് തിരൊന്തോരം ഭാഷയില്‍ തെറി വിളിച്ചാലോ എന്ന ഭയം ആണു അങ്ങനെ പറയാതിരിക്കാന്‍ കാരണം!!!

സാമാന്യം തലക്കനമുള്ള ഞങ്ങളുടെ ബോസ്സ് തൊട്ടതിനും പിടിച്ചതിനും എല്ലാം ആള്‍ക്കാരെ വഴക്കു പറയും.... ആദ്ദെഹത്തിനു സ്വന്തമായി ഒരു ഒഫ്ഫീസ്സ് ബോയി (എന്തര്‍ത്ഥത്തിലാണോ ഒഫ്ഫീസ്സ് “ബോയി“ എന്നു പറയുന്നതന്നറിയില്ല 60 കഴിഞ്ഞ മൂസ്സാക്കാ ) ഉണ്ട്.... ഈ ഒഫ്ഫിസ്സ് ബോയ് ഒഫ്ഫീസ്സിനുള്ളീല്‍ മറ്റാരേയും സേവിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധബുദ്ധിയും ബോസ്സിനുണ്ട്....

അങ്ങനെയിരിക്കേ മുസ്സാക്കാ ഗള്‍ഫു ജീവിതം ‘മടക്കി’ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു..... പകരം ഒരാളെ തിരക്കിയ ബോസ്സിനു മുന്‍പില്‍ നമ്മൂടെ പൊടിയന്റെ നിഷ്കളങ്കമായ പേരു അവതരിപ്പിക്കപെട്ടു!!! വളരെ പെട്ടെന്നു തന്നെ പൊടിയന്‍ ആ സ്ത്ഥാനത്തെക്കു അവരോധിക്കപ്പെടുകയും ചെയ്തു!!!

കേട്ടറിഞ്ഞ പോടിയന്റെ നിഷകളങ്കത കണ്ടറിഞ്ഞ ബോസ്സ് ശരിക്കും സന്തോഷവാനായി... തന്റെ ഓഫ്ഫീസ്സ് ബോയിക്കു വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ളവന്‍ .... കിട്ടാവുന്ന സമയം എല്ലാം പൊടിയനെ പുകഴ്ത്തി സംസാരിക്കാന്‍ ബോസ്സ് സമയം കണ്ടെത്തി!!!!!

അരിച്ചാക്കിനു ചണക്കയറുകൊണ്ട് കെട്ടിടുന്നതു പോലേയുള്ള പൊടിയന്റെ പാന്റ്സും ബെല്‍റ്റും ബോസ്സിടപെട്ടു ജീന്‍സിനു വഴിമാറി!!!!

അയയില്‍ കിടന്നാടിയുലയുന്നപോലെയുള്ള 4 ആള്‍ കയറാവുന്ന പൊടിയന്റെ ഷര്‍ട്ടുകള്‍ വാന്‍ ഹുസ്സയിന്റെ ഷര്‍ട്ടുകള്‍ക്കും നീളന്‍ റ്റൈക്കും മുന്‍പില്‍ നാണം കെട്ടു!!!

പൊടിയന്റെ ചുണ്ടുകളില്‍ ചിലപ്പൊഴൊക്കെ ഇംഗ്ലീഷ് വാക്കുകള്‍ ന്യത്തം വച്ചു!!!!!

പുതിയ സ്ത്ഥാന ലബ്ദിയേ പൊടിയെന്‍ വിശേഷിപ്പിച്ചതു ഇങ്ങനെ... “ എഡയ് ഞാന്‍ ഉഗാണ്ടയുടെ പ്രസിഡന്റുകളും മറ്റും ആയി തീര്‍ന്നതായി തോന്നുന്നടെ അപ്പീ”

അത്തരം ഒരു ഭാവം പോടിയന്റെ ചലനങ്ങളിലും, ഭാഷയിലും വന്നു ചേര്‍ന്നു!!!!!

അങ്ങനെയിരിക്കേ പൊടിയന്റെ ദിവസം വന്നു ചേര്‍ന്നു....

അന്നു ബോസ്സ് ഒരു നെടുനീളന്‍ മീറ്റിങ്ങിലയിരുന്നു.... ഏതോ വിദേശ കമ്പനികളുടെ പ്രതിനിധികളുമായുള്ള നെടുനീളന്‍ ചര്‍ച്ച!!!!

പ്രഭാത ഭക്ഷണം നഷ്ടപ്പെട്ടതിന്റെ വേവലാതിയില്‍ മീറ്റിങ്ങ് അവസാനിച്ച മാത്രയില്‍ തന്നെ ബോസ്സിന്റെ ശബ്ദം ഓഫ്ഫീസ്സിനേ പ്രകമ്പനം കൊള്ളിച്ചു!!!!

പൊടിയാ.....!!!!?????

നാന സിനിമാ മാസികയിലേ മാദക സുന്ദരിയില്‍ മുഖം ഒളിപ്പിച്ചിരുന്ന പൊടിയെന്‍ ഞെട്ടി എഴുനേല്‍റ്റു വേവലാതിയോടെ ബോസ്സിന്റെ ഓഫ്ഫീസ്സിലേക്കു ഓടി....

ബോസ്സിന്റെ മുറിയില്‍ നിന്നു തിരികെ ഇറങ്ങി വന്ന പൊടിയന്‍ ആകെ നിരാശനായിരുന്നു!!! മുഖം ആകെ വിളറി വെളുത്തിരുന്നു....

“ എന്താ പൊടിയാ സംഭവിച്ചതു???” റിസപ്ഷനിസ്റ്റ് മുരളി ചോദിച്ചു !!!!

പൊടിയന്‍ മുരളിയുടെ അടുത്തേക്കു ചേര്‍ന്നു നിന്നു മറ്റാരും കേള്‍ക്കില്ല എന്നുറപ്പു വരുത്തി അതീവ രഹസ്യമായി ചോദിച്ചു “ അല്ലാ‍ മുരളിയണ്ണാ ഞാനൊരു കാര്യം കേക്കട്ടെ???...... എന്തിരാണീ “ഹോട്ട് ഡോഗുകളും മറ്റും????”

“എന്താ പൊടിയാ”??? മുരളി ആകാംഷയോടെ ചോദിച്ചു!!!!!

അല്ല അണ്ണാ നമ്മുടെ ബോസ്സു പറയുകയാണു പുള്ളിക്കു ഇത്തിരി ഹോട്ട് ഡോഗുകള്‍ വാങ്ങി കൊടുക്കാന്‍ ....കഴിക്കാനായിട്ടു..... എന്തിരാണോ എന്തൊ????

മുരളിക്കു ഉള്ളില്‍ ചിരി പൊട്ടി.... പക്ഷെ നിയന്ത്രിച്ചു.... പിന്നേ അടുത്ത ക്യാബിനില്‍ ഇരികുന്ന പ്രഭാകരനെ വിളിച്ചു കാര്യം അവതരിപ്പിച്ചു, പെട്ടെന്നു തന്നെ സംഭവം ഒഫ്ഫീസ്സില്‍ ഒരു വിഷയം ആയി!!!

ഓഫീസ് സ്റ്റാഫുകള്‍ എല്ലാം പൊടിയനു ചുറ്റും കൂടി.... കൂലംകഷമായ ആലോചനയുടെ നിമിഷങ്ങള്‍!!!

പൊടിയനു തന്റെ സഹജോലിക്കാരുടെ ആത്മാര്‍ത്ഥതയില്‍ അഭിമാനം തോന്നി!!!!

ഒടുവില്‍ ത്രിശൂര്‍ക്കാരന്‍ അല്‍ഫോണ്‍സ് അതിനൊരു നിര്‍വചനം കണ്ടു പിടിച്ചു.....

പൊടിയാ ഹൊട്ട് ഡോഗ്ഗ് എന്നു പറഞ്ഞാല്‍ എന്താണെന്നാ നിന്റെ വിചാരം???

പൊടിയന്‍ പുരികങ്ങള്‍ ചോദ്യചിന്നമാക്കി അല്‍ഫോണ്‍സിനു നേരെ മറു ചോദ്യം അയച്ചു???

എന്തിരാണ്‍???

പൊടിയാ ..... അതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞു തരാം.... അല്‍ഫോണ്‍സ്സ് തായാറായി..... ഹോട്ട് എന്നു പറഞ്ഞാല്‍ ചൂടുള്ളതു എന്നാണു.... ഡോഗ് എന്നു പറഞ്ഞാല്‍ നായ അല്ലെങ്കില്‍ പട്ടി!!!!.... ചൂടുള്ള പട്ടി..... നല്ല കുരയന്‍ പട്ടിയുടെ ഇറച്ചി കൊണ്ടുവരാനാണു ബോസ്സു പറഞ്ഞതു പൊടിയാ!!!!!!

പൊടിയന്‍ മൂക്കത്തു വിരല്‍ വച്ചു....” കുരയന്‍ പട്ടിയോ”..... എന്റെ ആറ്റുകാല‍മ്മച്ചീ!!!!!

നിഷ്കളങ്കനായ പൊടിയെന്റെ അടുത്ത ചോദ്യം “അതു എവിടെ കിട്ടുമണ്ണാ???”

പൊടിയാ പട്ടിയിറച്ചി ഇവിടെ ഹറാം ആണെന്നു അറിയില്ലെ..... അതുകൊണ്ട് കടകളില്‍ ഒന്നും കിട്ടുമെന്നു തോന്നുന്നില്ല.... നീ സനയാ ( വര്‍ക്ക് ഷോപ്പ് ഏരിയായ്ക്കു അറബിയില്‍ പറയുന്ന പേരു) ഏരിയയില്‍ പോയൊന്നു തപ്പി നോക്കൂ!!!!! ചിലപ്പോള്‍ ജീവനുള്ള പട്ടിയേ കിട്ടിയേക്കും....

പൊടിയനു പേടിയായി...... അണ്ണാ ഫോറിന്‍ അണ്ണന്മാര്‍ പട്ടികളെയും പൂച്ചകളേയും മറ്റും കഴിക്കുമെന്നു കേള്‍ക്കണ്...... നമ്മൂടെ ബോസ്സ് തിരൊന്തരം കാരന്‍ തന്നെയണ്ണാ???!!!!

തൊട്ടടുത്ത കസേരയിലേക്കു ചാരിയിരുന്നു പൊടിയന്‍ ഒരുനിമിഷം ആലോചിച്ചു!!!

പിന്നേ രണ്ടും കല്‍പ്പിച്ചു ചാടിയെഴുനേല്‍റ്റു ഒരു പ്രഖ്യാപനം!!!

എനികു വയ്യെന്റെ അണ്ണോ!!!!!!ജ്വോലികളു ഇല്ലാതെ വീട്ടിലിരുന്നാലും വേണ്ടില്ല ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ നമ്മളെ കിട്ടില്ല!!!!

ഞാന്‍ ബോസ്സിനോടൂ ചെന്നു പറയാന്‍ പോക്കുകയാണു ഇമ്മാതിരി ജ്വോലികളു ചെയ്യാന്‍ എനിക്കു വയ്യാ എന്നു!!!!!

അത്തരം ഒരു ടിസ്റ്റ് പൊടിയനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല!!!! പൊടിയന്‍ ധൈര്യം സംഭരിച്ചു ബോസ്സിന്റെ ക്യാബിനിലേക്കു തിരിച്ചു നടന്നു!!!!

ഉപദെശിച്ചവര്‍ ഒന്നു ഞേട്ടി..... അവര്‍ പൊടിയനെ തിരികേ വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തി!!!!

പക്ഷെ പൊടിയന്‍ അതൊന്നും ചെവിക്കൊണ്ടില്ല!!!! “ വരുന്നിടത്തു വച്ചു കാണാമടെ അപ്പീ” എന്നു ആത്മഗതവുമായി ബോസ്സിന്റെ ക്യാബിനിലേക്കു ഇടിച്ചു കയറി!!!!

ബോസ്സിനു മുന്‍പില്‍ കാര്യം വളരെ ശക്തമായി തന്നെ അവതരിപ്പിച്ചു..... “സാര്‍ പട്ടിയെ പിടുത്തങ്ങള്‍ അല്ല എന്റെ പണികളു”“”

ബോസ്സിനു കാര്യം മനസ്സിലായില്ല.... വിശന്നു ഭ്രാന്തെടുത്തിരുന്ന അദ്ധേഹത്തിനു ദേഷ്യം മൂക്കും തുമ്പത്തേക്കു ഇരച്ചു കയറി!!!!!

പക്ഷെ പൊടിയനോടുള്ള പ്രത്യേക പരിഗണന മൂലം സംയമനം പാലിച്ചു സമാധാനമായി കാര്യം അന്വേഷിച്ചു.....

പൊടിയന്‍ സംഭവം എല്ലാം വിവരിച്ചു.....

എന്നിട്ടു വളരെ പതിഞ്ഞ സ്വരത്തില്‍ ഒരു തട്ടുപോളിപ്പന്‍ കമന്റും വിട്ടു.... സാര്‍ പട്ടി ഇറച്ചികളും മറ്റും കഴിക്കരുതു ഒന്നുമല്ലെങ്കില്‍ സാറും എന്നേപ്പോലേ ഒരു നായരല്ലേ സാര്‍ “

പൊടിയനിലേ നിഷ്കളങ്കതയും, ശുദ്ധതയും, വിവരമില്ലായമയും ബോസ്സിനു തിരിച്ചറിയാന്‍ അധിക നിമിഷം വേണ്ടി വന്നില്ല.

പൊടിയാ നിന്നേ ഉപദേശിച്ചവരെയെല്ലാം എന്റെ ക്യാബിനിലേക്കു വിളിക്കൂ.... ബോസ്സിന്റെ ഘനഗംഭീര നിര്‍ദ്ദേശം പുറത്തു നിന്നവര്‍ക്കുകൂടി കേള്‍ക്കാന്‍ പാകത്തിലായിരുന്നു!!!!

മുരളിയും, അല്‍ഫോന്‍സ്സും പെട്ടിയും കിടക്കയും ചുറ്റി തിരികേ വണ്ടി കയറുന്നതും ചിന്തിച്ചാണു ബോസ്സിന്റെ ക്യാബിനിലേക്കു കടന്നതു!!!!

മറ്റുള്ളവര്‍ കുറഞ്ഞപക്ഷം 2 ദിവസത്തെ ശമ്പളം ഗോപിയായല്ലോ എന്ന ചിന്തയിലും!!!!

ബോസ്സിന്റെ ക്യാബിനില്‍ പൊടിയനോടോപ്പം എല്ലാവരും മുഖം കുനിച്ചു നില്‍പ്പായി!!!!

എന്താ അല്‍ഫോണ്‍സേ “ഹോട്ട് ഡോഗ്” എന്നു വച്ചാല്‍ !!! ബോസ്സിന്റെ ശബ്ദം വീണ്ടും മുഴങ്ങി!!!

അല്‍ഫോണ്‍സ്സ് രണ്ടും കല്‍പ്പിച്ചു മുഖമുയര്‍ത്തി ബോസ്സിനേ നോക്കി!!!

അല്‍ഫോണ്‍സിന്റെ ദയനീയമായ നോട്ടം കണ്ടതും ബോസ്സിന്റെ അതുവരെ പിടിച്ചു വച്ചിരുന്ന ഗൌരവം കടപുഴുകി വീണു!!!!

പിന്നീടു ഒഫ്ഫീസ്സു കുലുങ്ങിത്തെറിക്കുന്ന പൊട്ടിച്ചിരിയാണു അവിടെ കേട്ടതു!!! ഓഫ്ഫീസ്സിലേ മുഴുവന്‍ അംഗങ്ങളും ആ രംഗം കണ്ടു അതിശയിച്ചു..... ഗൌരവം ഒരിക്കലും വിടാത്ത ബോസ്സ് പരിസരം മറന്നു ചിരിച്ചാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!!????

പിന്നേ അതൊരു കൂട്ടച്ചിരിയായി മാറി!!!..... പാവം പൊടിയന്‍ മാത്രം പന്തം കണ്ട പെരുച്ചാഴി പോലേ കണ്ണും മിഴിച്ചു നിന്നു!!!

ഇന്നും പൊടിയന്‍ ചോദിച്ചുകൊണ്ടെയിരിക്കുന്നു..... “ എഡേയ് എന്തിരടെ ഹോട്ട് ഡോഗുകളും മറ്റും??”
പൊടിയനു ഉത്തരം കിട്ടാത്ത സമസ്യകളില്‍ ഒന്നാണു ഹോട്ട് ഡോഗ്ഗ്!!!!!!

Tuesday 10 February 2009

ആദ്യദിനം

കോളേജില്‍ എത്തിയ ആദ്യ ദിനം..... ഏതോ സ്വപ്ന ലോകത്ത് എത്തപെട്ട ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ അന്ധാളിച്ചു നിന്നു പോയി.

സ്ക്കുളില്‍ പഠനസമയത്ത് അദ്ധ്യാപകര്‍ തന്ന അത്ര വ്യക്തമല്ലാത്ത ഒരു ചിത്രം മാത്രമായിരുന്നു എനിക്ക് അതു വരെ കൊളേജ്.

എന്‍റെ അയല്‍പക്കത്തെ പ്രാധമിക അക്ഷര വിദ്ധ്യാഭ്യാസം പോലും ഇല്ലാത്ത സരസ്വതിയമ്മ പറയുന്നതു പോലെ “കോളേജില്‍ പഠിക്കുന്ന പിള്ളേരെല്ലാം പെഴയാ” എന്ന അതിപുരാതനമായ ഒരു സങ്കല്‍പ്പവും പേറിയാണ് കോളേജ് കാമ്പസ്സില്‍ കാല്‍ കുത്തിയത്.

കോളേജ് മുറ്റത്ത് അന്ധാളിച്ചു പന്തം കണ്ട പെരുച്ചാഴിയെ പോലെ വായും പൊളിച്ചു നിന്ന എന്‍റെ മുന്‍പിലേക്ക് കട്ടി മീശയും നീണ്ട കൃതാവും കാഴ്ച്ചയില്‍ ഘനഗംഭീരത തോന്നുന്ന ഒരാള്‍ വന്നു നിന്നു. നെടുനീളന്‍ ജുബ്ബയും വേഷ്ടിയും. അറിയാതെ ഭവ്യനായി!!!

എന്താടൊ ഇവിടെ. ഒട്ടും ഗൌരവം കുറക്കാതെ “ടി” യാന്റെ ചോദ്യം!

സാര്‍.... ഞാന്‍ പ്രീ ഡിഗ്രി പുതിയ ബാച്ചാണ്. ക്ലാസ്സ് ഏതാണെന്ന് അറിയില്ല!!

ഓഹോ. അത്രെയുള്ളു...?? എതാ ഗ്രൂപ്പ്??

ഫസ്റ്റ് ഗ്രൂപ്പ്.... ഞാന്‍ വിനയകുനന്യനായി വീണുപോകുമോ എന്ന സംശയത്തോടെ മൊഴിഞ്ഞു!

ശരി.... ഞാന്‍ ഇവിടുത്തെ സുവോളജി ലക്ചറര്‍ ആണ്.... എന്‍റെ കൂടെ വരൂ...ഘനഗംഭീരന്‍ മുന്നേ നടന്നു.... ഞാന്‍ സ്നേഹമുള്ള സിംഹത്തിന്‍റെ ഇഷ്ടമുള്ള മാന്‍പേടയെ പോലെ പിന്നാലെയും!

അഞ്ച് മിനിറ്റ് നടന്ന് കോളേജില്‍ നിന്നും വിട്ടു നില്‍ക്കുന്ന മറ്റൊരു ഒരു കെട്ടിടത്തിന്റെ വലിയ വിശാലമായ ഹാളില്‍ നിരത്തി ഇട്ടിരിക്കുന്ന ബഞ്ചുകള്‍ക്കിടയിലൊന്നില്‍ എന്നെ ഒറ്റ നോട്ടത്തില്‍ ‍ഇരുത്തി...

ഘനഗംഭീരന്‍ ഇങ്ങനെ മൊഴിഞ്ഞു!

ഇവിടിരുന്നോ കേട്ടോ.... ഇപ്പോള്‍ എല്ലാവരും വരും..... എന്നിട്ട് മിന്നല്‍ വേഗത്തില്‍ നടന്നു മറഞ്ഞു..

പൊതുവെ നാണം കുണുങ്ങിയായ ഞാന്‍ തല ഉയര്‍ത്തിയതെയില്ല!

ബഞ്ചുകള്‍ നിരത്തി ഇട്ടിട്ടുണ്ടെങ്കിലും അതില്‍ അങ്ങിങ്ങായി മാത്രം കുട്ടികള്‍!

ക്ലാസ്സ് തുടങ്ങുന്നതിന്‍റെ ആശങ്കക്കിടയില്‍ അധികം വീക്ഷ്ണത്തിനു നിന്നില്ല.

പ്രതീക്ഷയോടെ കാത്തിരുന്ന എന്‍റെ മുന്‍പിലെക്കു കള്ളിമുണ്ടുടുത്ത ഒരു കൃശഗാത്രന്‍ വന്നു നിന്നു.... നെഞ്ചത്ത് അങ്ങിങ്ങുള്ള “പൂട” മറക്കാനായി ഒരു ബനിയന്‍ ധരിച്ചിരിക്കുന്നു..... അത് എതോ കടയില്‍ നിന്നും 50% “കിഴിവില്‍“ കിട്ടിയതണൊ എന്നു സംശയം!! അതില്‍ അത്രയും കിഴിവുകള്‍ ഉണ്ടായിരുന്നു!!!

ശ്ശെടാ...പാപീ..... ഇങ്ങനെയാണൊ കോളേജ് അദ്ധ്യാപകന്മാര്‍ വേഷമിടുക! ഇതായിരിക്കും സര‍സ്വതിയമ്മ പറഞ്ഞത് കോളേജ് പൊളിയാണെന്ന്!

ആശ്ചര്യത്തോടെ ചിന്തിക്കാന്‍ സമയം തരാതെ ആശാന്‍ എന്നോട് ഒരു ചോദ്യം!

കാപ്പിയോ, ചായയോ???

എന്‍റെ ആശ്ചര്യം തീര്‍ന്നില്ല.... ഒന്നും മനസ്സിലാകാതെ ഞാന്‍ ചോദിച്ചു....

എന്താ!!!!!????

അല്ല കുടിക്കാന്‍ കാപ്പിയോ ചായയോ..... കടി ആയി ബോണ്ടാ, പരിപ്പുവട, ഉഴുന്നുവട, പഴം പൊരി....

എന്താ വേണ്ടത്??

ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു....

അലമാരിയില്‍ ആശാന്‍ വിവരിച്ച സാധനങ്ങള്‍ എന്നെ നോക്കി പല്ലിളിക്കുന്നു

അവര്‍ ഒന്നടക്കം അലമാരിയില്‍ ഇരുന്നു എന്നെ നോക്കി പരിഹസിക്കുന്നതായി എനിക്കു തോന്നി.....

അതിനുമുകളില്‍ “പുരാതനലിപിയില്‍” ചോക്കുകൊണ്ട് എഴുതിയിരിക്കുന്നു.... “കോളേജ് കാന്‍റീന്‍”

മറുവശത്ത് ഇരുന്ന കുട്ടികളെ പാളി നൊക്കി....

അവര്‍ ചുറ്റും കൂടി സൊറ പരഞ്ഞ് ചായ കുടിക്കുന്നു.....

“പണി കിട്ടീ”........ സ്വയം മനസ്സില്‍ പറഞ്ഞ് സമാധാനിച്ചു!!!

ചമ്മലു മാറ്റി പെട്ടെന്ന് യാധാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു നടന്നു...

രാവിലെ അമ്മ ഭദ്രമായി പോക്കറ്റി വച്ചു തന്ന 5 രൂപാ അവിടെ തന്നെയുണ്ടെന്ന ആത്മവിശ്വാസത്തില്‍ പറഞ്ഞു

ഒരു ചായ!

നിമിഷങ്ങള്‍ക്കകം ഇരിക്കുന്ന കെട്ടിടത്തെ കുലുക്കുന്ന ശബ്ദത്തില്‍ ചായ എന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു!

ചൂടു ചായ വായിലേക്ക് കമഴ്ത്തി ഒരൊറ്റ ഓട്ടമായിരുന്നു കോളേജിലേക്ക്.....

അവിടെയും ഇവിടെയും കറങ്ങി തിരഞ്ഞു പിടിച്ച് ക്ലാസ്സിന്റെ വാതിലില്‍ എത്തിയപ്പോള്‍ അദ്ധ്യാപകന്‍റെ ഹാജര്‍ വിളി മുഴങ്ങുന്നുണ്ടായിരുന്നു.

അജിത്ത് ഗോപാലകൃഷ്ണന്‍!!!!????

ഞാന്‍ വാതലില്‍ നിന്നു കൈ പൊക്കി കാണിച്ചു

അദ്ധ്യാപകന്‍റെ പരിഹാസം നിറഞ്ഞ നോട്ടം കണ്ടില്ലെന്നു നടിച്ചു പക്ഷെ ഒപ്പം വന്ന കമന്റ് കേള്‍ക്കാതിരിക്കന്‍ കഴിഞ്ഞില്ല!

“ആദ്യദിവസം തന്നെ നീ ഇങ്ങനെയാണെങ്കില്‍  ഈ വരുന്ന 2 വര്‍ഷം എങ്ങനെ ആയിരിക്കും ??!!!“

ആ ചോദ്യം എന്‍റെ മനസ്സില്‍ തറച്ചു!

ഒരു “തറ” ആണെന്നു കാണിച്ചു കൊടുക്കേണ്ട ബാദ്ധ്യത എന്‍റെ മുകളില്‍ വന്നു വീണു.

പിന്നീട് എന്‍റെ കോളേജ് ജീവിതത്തില്‍ ഒന്നാകെ അതു തെളിയിച്ചുകൊണ്ടെയിരുന്നു!! അല്ലെങ്കില്‍ തെളിയിക്കാനായി പാടുപെട്ടു ഞാന്‍!!!!!

എന്നെ “ആക്കിയ“ മഹാന്‍ അന്നു സുവോളജിയില്‍ സെക്കണ്ട് ഇയര്‍ പഠിക്കുന്നവന്‍ ആയിരുന്നു... സീനിയര്‍ ആയതുകൊണ്ട് ഒന്നും പറയാനും ചെയ്യാനും കഴിയാത്തതിനാല്‍ പിന്നീടുള്ള കാലം അവനെ കാണുമ്പോള്‍ പല്ലു ഞറുമ്മി, ഞറുമ്മി എന്‍റെ പല്ലു തേഞ്ഞതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല എന്നും ഈ അവസരത്തില്‍ കുറിക്കട്ടെ!