. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, 9 November 2018

അവസാനത്തെ പ്രണയലേഖനം.

അട്ടപ്പാടി ഊരിലെ മൂപ്പന്‍റെ മകന്‍ എന്ന് സുഹൃത്തുക്കള്‍ എന്നെ കളിയാക്കിയിരുന്നു (അട്ടപ്പാടിയിലെ മൂപ്പന്‍ മോശമാണോ, അവര്‍ക്ക് സൌന്ദര്യമില്ലേ, ഞാന്‍ സവര്‍ണ ഫാസിസ്റ്റണ് എന്നൊന്നും പറഞ്ഞു എന്നെ ഒരു പിന്തിരിപ്പന്‍ ആക്കരുതെ)....

നീ ഏതു പട്ടിക്കാടിലെ (അങ്ങനെ ഒരു സ്ഥലം ഉണ്ട് അവിടം മോശവുമല്ല) എന്ന് ചിലര്‍ പദംപറഞ്ഞിരുന്നു.....

കാരണം മനസ്സിലായല്ലോ.... എന്‍റെ വഴിഞ്ഞൊഴുകുന്ന അല്ലെങ്കില്‍ ഒഴുകിയിരുന്ന സൌന്ദര്യം ആയിരുന്നു ഈ പറച്ചിലുകള്‍ക്ക് എല്ലാം പിന്നില്‍.....

എന്നിട്ടും പ്രണയം ഒരു മരീചികയാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.... 

എത്രയോ നല്ല പ്രണയങ്ങള്‍ക്ക് വഴിയോരുക്കാമായിരുന്നു പക്ഷെ എന്തുകൊണ്ടോ തോന്നിയില്ല.... എത്ര പ്രണയങ്ങള്‍ ആത്മവിശ്വാസം ഇല്ലായ്കയാല്‍ തട്ടിക്കളഞ്ഞിരിക്കുന്നു....

പക്ഷെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതി റെക്കോര്‍ഡ് ശ്രിഷ്ടിച്ചിട്ടുണ്ട്.....

അതില്‍ രസകരമായ ഒരു പ്രണയലേഖന പരമ്പര പങ്കുവയ്ക്കാം...

ഓഫീസിലെ എന്‍റെ സമപ്രായക്കാരനു ഒരു നമ്പര്‍ തെറ്റി വിളിയില്‍ ഒരു പ്രണയം ഒത്തു....

തിരുവനന്തപുരത്തുകാരന്‍ 0471 അടിക്കുന്നതിനു പകരം അബദ്ധത്തില്‍ അടിച്ചത് 0479.. ചെന്നെത്തിയതോ ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമമായ തോട്ടപുഴശ്ശെരിയിലും....

പ്രണയം അതിന്‍റെ ഉച്ചസ്ഥായിലേക്ക് കടക്കുമ്പോള്‍ പ്രണയ ലേഖനങ്ങള്‍ നാട്ടില്‍ നിന്നും വന്നു തുടങ്ങി..... സുഹൃത്ത് അയച്ച മറുപടിക്ക് അടുത്ത് നാട്ടില്‍ നിന്ന് വന്ന മറുപടിയില്‍ ഏറ്റവും അവസാനം ഇങ്ങനെ ഒരു കുറിപ്പ്.... ചേട്ടന്‍ ഫോണിലൂടെ ഉള്ള അത്ര റൊമാന്റിക്ക് അല്ല കത്തില്‍.....

കാമുകന് ആധിയേറി.... എങ്ങനെ കൂടുതല്‍ പ്രണയാദ്രം ആവാം എന്ന ചോദ്യത്തിന് അവസാനം നറുക്ക് എനിക്ക് വീണു.....

നാടും നാട്ടാരും അവള്‍ പഠിക്കുന്ന കോളേജും എല്ലാം വ്യക്തമായി അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ എന്‍റെ പ്രണയ ലേഖനങ്ങള്‍ അവളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അവളുടെ മറുപടികളിലൂടെ വ്യക്തമായിരുന്നു.... ആഴ്ചയില്‍ രണ്ടോ അതില്‍ അധികമോ.....

അങ്ങനെ ഏതാണ്ട് രണ്ടു വര്‍ഷം കഴിയാറാകുന്നു..... കാമുകന്‍ നാട്ടിലേക്ക് പോകാനായി തയ്യാറാകുന്നു... അകലെ കാമുകി കാമുകന് വേണ്ടി തയ്യാറായി കഴിഞ്ഞു....

കണ്ടുമുട്ടേണ്ട സ്ഥലം, കാണുന്ന രീതി എല്ലാം ഫോണിലൂടെയും അതിലേറെ തീവ്രമായി പ്രണയ ലേഖനങ്ങളിലൂടെയും കൈമാറ്റപ്പെട്ടു....

ഏതാണ്ട് പോകാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഞാന്‍ കാമുകനോട് ചോദിച്ചു.... പോയിട്ട് എന്നാണ് നിങ്ങടെ കല്യാണം....? വീട്ടുകാര് സമ്മതിക്കുമോ...? അതോ ഒളിച്ചോടാന്‍ ആണോ പദ്ധതി.... ? എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കണം.... എന്‍റെ സുഹൃത്തുക്കള്‍ ഉണ്ട് അവിടെ നിന്നെ സഹായിക്കും....!!!

എന്നെ അമ്പരപ്പിക്കുന്ന മറുപടി ആയിരുന്നു അവനില്‍ നിന്ന് വന്നത്..." ഓ പിന്നെ കല്യാണം.... കിട്ടുന്ന അത്രയും അവസരം മുതലാക്കുക, സ്ഥലം വിടുക....!!!

രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ഒരു കത്ത് കൂടി എഴുതി.... അവനോടു അനുവാദം ചോദിക്കാതെ.... "പ്രിയപ്പെട്ട കുട്ടീ.... ഞാന്‍ അജിത്ത്.... ഞാന്‍ ആയിരുന്നു കുട്ടിക്ക് ഈ കണ്ട കത്തുകള്‍ എല്ലാം എന്‍റെ സുഹൃത്തിന്‍റെ ആവിശ്യപ്രകാരം എഴുതിയത്.... കുട്ടിയെ അങ്ങനെ ചതിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.... എന്നാല്‍ ഞാന്‍ മൂലം ഉണ്ടായേക്കാവുന്ന ഒരു വലിയ ചതി കുട്ടിയെ കാത്തിരിക്കുന്നു, എന്നെ വിശ്വാസം ഉണ്ടങ്കില്‍ രക്ഷപെടുക...." ശേഷം എനിക്കും സുഹൃത്തിനും ഇടയില്‍ നടന്ന സംഭാഷണത്തിന്‍റെ ചിലഭാഗങ്ങള്‍ ചേര്‍ക്കുകയും ചെയ്തു....

എന്‍റെ എക്കാലത്തെയും പ്രണയലേഖനങ്ങളുടെ ജനുസ്സിലെ അവസാന പ്രണയലേഖനം ആയിരുന്നു അത്.... യദാര്‍ത്ഥത്തില്‍ ഒരു വ്യക്തിയോട് പ്രണയം തോന്നി എഴുതിയ ഒന്ന്....

രണ്ടു മാസത്തിനു ശേഷം ഒരു ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്‍റെ നിരാശ നിഴലിക്കുന്ന മുഖവുമായി എന്‍റെ സുഹൃത്ത് മുന്നില്‍ നില്‍ക്കുമ്പോളും ഞാന്‍ എനിക്ക് വേണ്ടി എഴുതിയ ആ പ്രണയലേഖനത്തിന്‍റെ നിര്‍വൃതിയില്‍ ആയിരുന്നു...

Friday, 17 August 2018

ദുരന്തമുണ്ടാകുമ്പോഴെങ്കിലും.ഒരൊറ്റ മതം - ഹിന്ദുവില്ല, മുസൽമാനില്ല, ക്രിസ്ത്യാനിയില്ല, പാഴ്സിയില്ല....

ഒരൊറ്റ ജാതി - ബ്രാഹ്മണനില്ല, പുലയനില്ല, സുന്നിയില്ല, യാക്കോബയില്ല.....

ഒരൊറ്റ ദൈവം - അള്ളാഹുവില്ല, ക്രിസ്തുവില്ല, ബുദ്ധനില്ല, ശിവനില്ല....

ഒരൊറ്റ ആരാധനാലയം - അമ്പലമില്ല, പള്ളിയില്ല, മസ്ജിദില്ല, സേവാഭവനമില്ല...

ഒരൊറ്റ പുരോഹിതൻ - പൂജാരിയില്ല, ഉസ്താദില്ല,  പള്ളീലച്ചനില്ല, ആൾദൈവങ്ങളില്ല....

ഒരൊറ്റ സങ്കീർത്തനം - നിസ്കാരമില്ല, ഭജനയില്ല, കുർബാനയില്ല, കുമ്പസാരമില്ല.....

ഒരൊറ്റ നാമം - മത്തായി ഇല്ല, മുഹമ്മദില്ല, മുകുന്ദനില്ല, മുജീബില്ല....

ഒരൊറ്റ പ്രായം - ശൈശവമില്ല, കൗമാരമില്ല, യൗവ്വനമില്ല, വാർദ്ധക്യമില്ല....

ഒരൊറ്റ നിറം - കറുപ്പില്ല, വെളുപ്പില്ല, തവിട്ടില്ല, ചുവപ്പില്ല.....

ഒരൊറ്റ ലിംഗം - സ്ത്രീയില്ല, പുരുഷനില്ല, മൂന്നാം ലിംഗമില്ല, നാലാം ലിംഗമില്ല....

ഒരൊറ്റ വർഗ്ഗം - കുബേരനില്ല, കുചേലനില്ല, പണ്ഠിതനില്ല, പാമരനില്ല...

ഒരൊറ്റ ദേശം - ആലുവയില്ല, ആറന്മുളയില്ല, ആലപ്പുഴയില്ല, അംഗമാലിയില്ല....

ഒരൊറ്റ വാസസ്ഥലം - ഒറ്റ നിലയില്ല, ഇരട്ട നിലയില്ല, വൻ സൗധമില്ല, വള്ളിക്കുടിലില്ല.....

ഒരൊറ്റ രാഷ്ട്രീയം - കമ്യൂണിസ്റ്റ് ഇല്ല, ബി ജെ പി ഇല്ല, കോൺഗ്രസ്സില്ല, ലീഗില്ല....

ഒരൊറ്റ പക്ഷം - ഇടത് പക്ഷമില്ല, വലതു പക്ഷമില്ല, ന്യൂനപക്ഷമില്ല, ഭൂരിപക്ഷമില്ല....

ഒരൊറ്റ വാദം - തീവ്രവാദമില്ല, ദേശീയവാദമില്ല, അസ്ഥിത്വ വാദമില്ല, പുരോഗമന വാദമില്ല....

ഒരൊറ്റ നീതി - പീഡനമില്ല, പ്രീണനമില്ല, സ്വജാതിയില്ല, വിജാതിയില്ല...

ഒരൊറ്റ മനുഷ്യൻ - അച്ഛൻ ഇല്ല, അമ്മയില്ല, സഹോദരിയില്ല, സഹാേദരനില്ല....

അതെ..... പ്രകൃതി, പ്രകൃതി, പ്രകൃതി, പിന്നെയും പ്രകൃതി മാത്രം...

Sunday, 10 June 2018

ഇനിയൊരു ജന്മമുണ്ടങ്കിൽ.....


അടുത്ത ജന്മത്തിൽ എനിക്കൊരു പെണ്ണായി ജനിക്കണം...

ജനിച്ചു വീഴുമ്പോൾ ചുറ്റുമുള്ളവരിൽ ഉണ്ടാകുന്ന നിസംഗത നേരിട്ടറിയണം..

'ദൈവം സഹായിച്ചാൽ അടുത്തത് ഒരു ആണായിരിക്കുമെടീ' എന്ന് അയൽവക്കത്തെ പൊങ്ങച്ച ചേച്ചിമാർ അമ്മയെ അശ്വസിപ്പിക്കുന്നത്  കേൾക്കണം.

'നീ പെണ്ണാണ് കാലടുപ്പിച്ചിരിക്കടീ' എന്ന ശാസന അറ്റം കൂർത്ത നഖം കയറിയ നീറ്റലായി വലത്തേ തോളിൽ അണമുറിയാതെ പേറണം...

"നീ വല്യ കുട്ടിയായി ഇനി ആൺകുട്ട്യോളുടെ കൂടെയൊന്നും കൂട്ടുകൂടാൻ പാടില്ല" എന്ന മുത്തശ്ശി മൊഴി നിസംഗതയോടെ കേട്ടിരിക്കണം..

അച്ഛന്റെ വിയർപ്പ് മണവും, സ്നേഹമുത്തങ്ങളും ഒരു തീണ്ടാപ്പാട് അകലെയാകുന്നത് സന്തോഷത്തോടെ മനസ്സിലാക്കണം...

തീണ്ടാരിയായി വീടിന്റെ വടക്കേ മൂലയിലെ മുറിയിൽ ഒരു കീറപ്പായയിൽ ക്ഷുദ്രജീവികളോട് മല്ലടിച്ച് ഉറങ്ങുന്നതിന്റെ സുഖമൊന്ന് അനുഭവിക്കണം...

നിതംബവും മാറും അളക്കുന്ന കണ്ണുകളിലെ കാമവും വെറിയും നേരിട്ട് അനുഭവിച്ച് പ്രതികരിക്കാത്ത തല കുമ്പിട്ട് നടക്കുന്ന ഉത്തമ വനിതയാവണം....

ബസ്സിലെ, ബീച്ചിലെ, സിനിമാ കൊട്ടകയിലെ കാമകണ്ണുകളുടെ ആർത്തി പൂണ്ട തോണ്ടലുകളെ നിസംഗതയാടെ ഉൾക്കൊണ്ട് പരാതിയും പരിഭവും ഇല്ലാത്ത ഒരു നല്ല പെണ്ണ് സർട്ടിഫിക്കറ്റിന്റെ ഉടമയാവണം..

പൊതു ഇടങ്ങളിൽ വെറും പെണ്ണെന്ന് ചാപ്പ കുത്തി മാറ്റി നിർത്തലിന്റെ സുഖവും സന്തോഷവും  അനുഭവിച്ചറിയണം...

"അവൻ പഠിച്ചോട്ടെ, നീ വല്ലയിടത്തും കയറി ചെല്ലേണ്ടവളല്ലേ നിനക്ക് ഇത്രയും പഠിത്തം മതി" എന്ന പക്ഷം തിരിക്കൽ ശിരസ്സാ വഹിച്ച് ഒരു അടുക്കളപ്പുഴുവായി ജീവിച്ച് കാട്ടണം...

മനസ്സിൽ മൊട്ടിട്ട പ്രണയം പറഞ്ഞാൽ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മാനനഷ്ടമോർത്ത് മുറി അടച്ചിരുന്ന് തല തുടയ്ക്കുള്ളിൽ അമർത്തി വിതുമ്പി കരയണം....

സ്ത്രീതന്നെ ധനമെന്ന പൊതുഇട ഘോര പ്രാസംഗികന്റെ പെണ്ണുകാണൽ ചടങ്ങിലെ ആർത്തി ചോദ്യങ്ങളോട് ആരാധനയോടെ പ്രതികരിക്കുന്ന ബന്ധുക്കളുടെ കൂടെ നിന്ന് കൈയ്യടിക്കണം..

മനസ്സിൽ വച്ചാരാധിച്ച വിഗ്രഹത്തെ ഉടച്ച്, ഉറ്റവർ ചൂണ്ടിക്കാട്ടിയ കളിമൺ പ്രതിമയ്ക്ക് മുന്നിൽ തലകുനിച്ച് അവരുടെ മാനം കാത്ത്  നീതിമതി ആവണം..

ആ രാത്രിയിൽ പുരുഷ വന്യതയ്ക്ക് ചുവട്ടിൽ ആദ്യ വേദനയുടെ ഒരു ഭാവവും കാട്ടാതെ അവന്റെ സങ്കൽപ്പ നായികയായി അഭിനയിച്ച് തകർക്കണം....

കിടക്കയിലും പുറത്തും അവനാണ് നായകൻ എന്ന് തിരിച്ചറിഞ്ഞ് അവൻ പറയുന്ന എന്തും അനുസരിച്ചും അംഗീകരിച്ചും ഒരു ആഫ്രിക്കൻ അടിമ അനുഭവിക്കുന്ന സന്തോഷം അനുഭവിച്ചറിയണം....

ഉപ്പു കുറഞ്ഞതും, മുളകു കൂടിയതും പറഞ്ഞുള്ള അവന്റെ കൈക്കരുത്തിനെ, സ്നേഹത്തലോടുകളായി ഏറ്റെടുത്ത് അടുക്കള മൂലയിലയിലെ കൂറകൾക്ക് സന്തോഷത്തോടെ കൂട്ടാകണം....

വയറ്റിനുള്ളിൽ  ഗർഭചുമട് കൊണ്ടു നടക്കുമ്പോഴും, അവന്റെ കഷ്ടപ്പാടുകളെ, ജോലിയിലെ ആത്മാർത്ഥതയെ കുറിച്ചുള്ള വാചാലതകൾ കൗതുകത്തോടെ കേട്ടിരിക്കണം...

"നിനക്ക് ഈ വീട്ടിൽ എന്താണ് ഇത്ര പണി" എന്ന ഗർവ്വേറിയ ചോദ്യശരങ്ങൾ, മുഖത്തെ വിയർപ്പു കണങ്ങളെ എന്നപോല്‍ സാരിത്തുമ്പാൽ അമർത്തി തൂത്ത് കളഞ്ഞ് "എനിക്കിവിടെ പരമസുഖം" എന്ന് പറയാൻ പഠിക്കണം....

തുടയെല്ലുകൾ തകർക്കുന്ന വേദന തീർത്ത് മകൻ പുറത്തു വരുമ്പോൾ എന്നിലെ വേദനയേക്കാൾ അവന്റെ കീറ്റലിൽ ആശങ്കപ്പെട്ട് മാറോട് ചേർത്ത് സ്നേഹപ്പാൽ ചുരത്തണം....

മകന്റെ ഗുണങ്ങളെ എല്ലാം അച്ഛന്റെ കഴിവുകളായും, ദോഷങ്ങളെ എല്ലാം അമ്മയുടെ കഴിവുകേടുകളായും ചിത്രീകരിക്കുമ്പോള്‍ അത് കേട്ട് തലകുലുക്കി ഒരു പരാതിയും പറയാത്ത ഉത്തമ കുടുംബിനി ആവണം....

മകന്റെയും മരുമകളുടെയും കുത്തുവാക്കുകള്‍ സന്തോഷത്തോടെ നഞ്ചിലേറ്റി അവരുടെ താളത്തിനു ഒത്തു നൃത്തം ചവിട്ടുന്ന നന്ദിയുള്ള ഒരു നാടന്‍ പട്ടിയാവണം....

പിന്നെ സുഗന്ധം പേറുന്ന വൃദ്ധ സദനത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തില്‍ പറയാന്‍ മറന്നു പോയ എല്ലാ തമാശകളും സഹമുറിയരോട്‌ പകര്‍ന്ന്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കണം.....

ഒടുവില്‍ ആരോ തീര്‍ത്ത ചാണക വറളിയുടെ പട്ടടയില്‍ ചൂടറിയാതെ നീറി നീറി വെന്തു തീരണം....