. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Sunday, 13 October 2019

ആധാർ അല്ലേ ആധാരം അല്ലല്ലോ.

ആധാറിനെ എതിർത്തും, അതിനെതിരെ വന്ന ചില കോടതി വിധികളേ അനുകൂലിച്ച് ആഹ്ലാദിക്കുന്നതുമായ, സ്വയം ബുദ്ധിജീവി ചമയുന്നവർക്ക് ഈ എഴുത്ത് ഒരു ചലനവും ഉണ്ടാക്കില്ല എന്ന മുൻ ധാരണ വച്ച് തന്നെ പറയട്ടെ. ഇതിൽ സൗദിയുടെ ചില ഗുണഗണങ്ങളെ  പ്രതിപാദിച്ച് പറയേണ്ടി വരുന്നതിനാൽ, സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ രാജഭരണം, ജനാധിപത്യ ധ്വംസനം എന്നീ ഖോ ഖോ വിളി പ്രതീക്ഷിച്ചും പറയട്ടെ. സൗദിയുടെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും എല്ലാ നന്മകളും പോരായ്മകളും ആത്മാർത്ഥമായി അംഗീകരിച്ചു കൊണ്ട് പറയട്ടെ. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിപ്ലവകരമായ തീരുമാനമാണ് ഏതൊരു രാജ്യവും അതിന്‍റെ ജനതയെ ഒരു കോമൺ ഐഡന്റിറ്റിയിലേക്ക് കൊണ്ടുവരിക എന്നത് വഴി ചെയ്യുന്നത്. 

ഇവിടെ സൗദിയിൽ ഇക്കാമ (ആധാർ പോലെയുളള ഐഡന്റിറ്റി ) ഉള്ളത് കൊണ്ട് എനിക്കുണ്ടായ ഒരനുഭവം പറയാം. ഇവിടെ എനിക്ക് മൂന്ന് കമ്പനികളുടെ മൊബൈൽ കണക്ഷൻ ഉണ്ട്. എല്ലാം 10 മുതൽ 18 വർഷം വരെ പഴക്കമുള്ള കണക്ഷനുകൾ. ഒരിക്കൽ വളരെ യാദൃശ്ചികമായി എന്‍റെ കൂട്ടുകാരന് വേണ്ടി ഒരു കണക്ഷൻ എടുക്കാൻ പോയപ്പോൾ ആ മൊബൈൽ പ്രൊവൈഡറിൽ എന്‍റെ പേരിൽ എന്‍റെ കണക്ഷൻ കൂടാതെ 22 കണക്ഷൻ. ശരിക്കും ഞാൻ ഞെട്ടി. അവ ക്യാൻസൽ ചെയ്യാൻ 100 നൂലാമാലകൾ. ഉടൻ തന്നെ ഞാൻ അടുത്ത പ്രൊവൈഡറുടെ അടുക്കൽ എത്തി. അവിടെയും 20 ൽ എറെ. ചുരുക്കത്തിൽ എന്‍റെ പേരിൽ ഏതാണ്ട് 70 ൽ അധികം കണക്ഷനുകൾ. ആരാണ് ഇവ ഉപയോഗിക്കുന്നത്. എന്താണ് ഇവരുടെ ആക്ടിവിറ്റി. എന്‍റെ ഭാഗ്യത്തിന് ഈ ഉപഭോക്താക്കളിൽ ആരും ഒരു ഇല്ലീഗൽ ആക്ടിവിറ്റീസും ഇല്ലാത്തവരായിരുന്നു, അല്ലങ്കിൽ എന്‍റെ അവസ്ഥ എന്താകുമായിരുന്നു. ഇപ്പോൾ മൊബൈൽ നമ്പറുകൾ ഇക്കാമയുമായി ലിങ്കായി. ഒരാൾക്ക് 2 കണക്ഷൻ എന്ന് നിജപ്പെടുത്തി. എന്‍റെ എല്ലാ അൺഅതോറൈസ്ഡ് കണക്ഷനുകളും ഓട്ടോമാറ്റിക്കായി ഡിലീറ്റായി പോയി. ഞാൻ സേഫാണ്. അധാറു പോലത്തെ സിസ്റ്റം കൊണ്ടുള്ള ഒറ്റവും ചെറിയ ഒരു ഗുണം ആണ് ഞാനിവിടെ ചൂണ്ടിക്കാട്ടിയത്. 

ഇവിടെ ഫോൺ, ഇലക്ട്രിക്ക് കണക്ഷൻ, ബാങ്ക്, ലൈസൻസ്, വസ്തുവകകൾ, വാഹനങ്ങൾ എന്നിങ്ങനെ എന്തും ഏതും ഇക്കാമയുമായി ബന്ധിച്ചിരിക്കുന്നു. ഒരു ട്രാഫിക്ക് ഫൈൻ, ഏതെങ്കിലും രീതിയിലുള്ള ലോണുകൾ, ക്രിമിനൽ ആക്റ്റിവിറ്റീസ്, വസ്തു കൈമാറ്റങ്ങൾ, രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള യാത്ര ഇത്യാദി എന്ത് കാര്യങ്ങളും ഒരു ഇക്കാമ നമ്പർ വച്ച് അധികൃതർക്ക് കണ്ടുപിടിക്കാവുന്നതാണ്. 

ഇവയെ എതിർക്കുന്നവർ ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരെ എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടങ്കിലും, പ്രധാനമായും രണ്ടാം നമ്പർ പണിയിൽ ഏർപ്പെട്ടിരിക്കുന്നവരായ, ആധാർ സമസ്ത മേഖലകളിലും നിർബന്ധമാക്കിയാൽ തീർച്ചയായും തങ്ങളുടെ വിയർപ്പൊഴുക്കാതെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ജീവിത മാർഗ്ഗം തടസ്സപ്പെടും എന്ന് ചിന്തിക്കുന്നവരാണന്ന് വ്യക്തമാണ്. 

ലോകത്തിലെ ഒട്ടുമിക്ക വികസിത, വികസ്വര രാജ്യങ്ങളും ഏറെക്കുറെ മിക്ക അവിഹിസിത രാജ്യങ്ങളും കോമൺ ഐഡന്റിറ്റി എന്ന മനോഹര ആശയം ഒരു പ്രശ്നവും ഇല്ലാതെ വളരെ നാൾ മുൻപ് മുതലേ പിൻതുടരുമ്പോഴാണ് 2018 ൽ എത്തി നിൽക്കുന്ന ഇന്ത്യയുടെ അത്യധുനിക ജനത എന്ന് അവകാശപ്പെടുന്ന ജനവിഭാഗം വെറും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ആധാറിനെ എതിർക്കുന്നത്.

ജനങ്ങൾ അസന്തുഷ്ടരാകുമത്രേ. 130 കോടി ജനങ്ങളുടെ അസന്തുഷ്ടി അളക്കുന്ന യന്ത്രം ഇവിടുത്തെ ബുദ്ധിജീവി സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ കയ്യിൽ ആണന്ന് അറിഞ്ഞിരുന്നില്ല.  ആധാർ ഇല്ലാത്ത ഇന്ത്യയിലെ ജനങ്ങൾ അത്യധികം സന്തുഷ്ടരും, കോമൺ ഐഡന്റിറ്റി പേറുന്ന യൂറോപ്പ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ അതീവ അസന്തുഷ്ടരുമാണന്ന കണ്ടെത്തൽ ശരി വച്ചാൽ തന്നെ, ഇന്ത്യാ മഹാരാജ്യത്തെ അസന്തുഷ്ടരായ ജനങ്ങളെ സന്താഷിപ്പിക്കാനുള്ള എളുപ്പവഴി നിർദ്ദേശിക്കാനുള്ള ബാധ്യത കൂടി ബുദ്ധിജീവികൾ ഏറ്റെടുക്കണം എന്നൊരപേക്ഷ കൂടി ഇതിനോടൊപ്പം വയ്ക്കുന്നു.  

ഏത് വിധത്തിലുള്ള അസന്തുഷ്ടിയാണ് ആധാർ മൂലം  ഉണ്ടാകാൻ പോകുന്നത് എന്ന് പേർത്ത് ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു രാജ്യം നിഷ്കർഷിക്കുന്ന നിയമാനുശാസനയോടെ ജീവിക്കണം എന്ന അസംതൃപ്തി ഒഴിച്ചാൽ മറ്റൊരു അസംതൃപ്തിയും എന്റെ ചെറിയ ബുദ്ധിയിൽ തെളിയുന്നില്ല. രാജഭരണം പോലെയുള്ള  കാടൻ നിയമങ്ങൾ എന്നൊക്കെ വിലപിക്കുന്നവർ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന നമ്മുടെ മഹാരാജ്യത്തേക്കാൾ ഭേദമാണ് ഇത്തരം രാജ്യങ്ങൾ എന്ന് കൂടി പറഞ്ഞു തരാൻ ഈ അവസരത്തെ ഞാൻ വിനിയോഗിക്കുകയാണ്. ജനാധിപത്യം പറയുന്ന ഉൽകൃഷ്ട ഇന്ത്യയേക്കാൾ അത് ജനകീയമായി നടപ്പാക്കുന്ന  അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എല്ലാം കോമൺ ഐഡന്റിറ്റി ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറഞ്ഞത് നാല് വ്യാഴവട്ടമെങ്കിലും ആയന്നും മറക്കാതിരിക്കുക. 

ആധാറിനെ നഖശിഖാന്തം എതിർക്കുന്നവർ ഇത്തരം കോമൺ ഐഡന്റിറ്റി സിസ്റ്റം ഉള്ള ഏതെങ്കിലും രാജ്യങ്ങളിൽ പോയി രണ്ട് മാസം താമസിച്ച് അതിന്റെ ഗുണവും ദോഷവും വ്യക്തമായി മനസ്സിലാക്കിയ ശേഷം പ്രതികരിച്ചിരുന്നു എങ്കിൽ അതിന് ഒരു അനുകൂലത കിട്ടുമായിരുന്നു. അല്ലങ്കിലും രാജ്യത്ത് നടപ്പാക്കുന്ന എല്ലാ നിയമങ്ങളേയും ചോദ്യം ചെയ്യുകയും എതിർക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുകയാണല്ലോ സാംസ്കാരിക ബുദ്ധിജീവി സാമൂഹിക പ്രവർത്തകൻ എന്ന ലേബൽ കിട്ടാനുള്ള എളുപ്പവഴി.