സൈക്കിള്‍ റിം പോയതിന്റെ വിഷമം തീരുന്നതിനു മുന്‍പേ അത് സംഭവിച്ചു.
വീട്ടില്‍ ശ്രീമാന്‍ സൈക്കിള്‍ തന്നെ തന്റെ വിശ്വരൂപം പൂണ്ട് പ്രത്യക്ഷപ്പെട്ടു.
സൈക്കിള്‍ ദേവനെ കൊടും തപസ്സിനൊടുവില്‍ പ്രത്യക്ഷപ്പെടുത്തിയത് സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയായ എന്റെ ഒരേ ഒരു ജേഷ്ടനും!
സൈക്കിള്‍ ദേവന്‍ അവതരിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നേരിട്ടാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. ദുഃര്‍ഗ്ഗാപ്പൂരില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കല്‍ക്കട്ടയില്‍ നിന്നും എന്റെ അച്ഛന്‍ വാങ്ങിയ ബംഗാള്‍ സുന്ദരന്‍. കടിഞ്ഞൂല്‍ പുത്രന്റെ അഞ്ചു വര്‍ഷത്തെ നിരന്തര പ്രതിഷേധത്തിന്റെയും, സമരത്തിന്റെയും, പ്രാര്‍ത്ഥനകളുടെയും ഫലമായി കനിഞ്ഞനുഗ്രഹിച്ച ഒരു അത്യുഗ്രന്‍ ഹെര്‍ക്കുലീസ് പുലി.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിവിന് വിപരീതമായി അച്ഛനെ സ്വീകരിക്കാന്‍ എനികും അമ്മക്കും പുറമെ എന്റെ ജേഷ്ടനും കൂടി വന്നത് അച്ഛനോടുള്ള സ്നേഹം മൂത്തിട്ടൊന്നും ആയിരുന്നില്ല.
“ദേ നാളെ വാങ്ങിക്കാം.... ഈ വര്‍ഷത്തെ പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ വാങ്ങിക്കാം.... അങ്ങേലെ സറാമ്മയുടെ കടിഞ്ഞൂല്‍ പ്രസവം ഒന്നു കഴിയട്ടെ അതു കഴിഞ്ഞു വാങ്ങിക്കാം..... ഈ വര്‍ഷമല്ലെ നമ്മുടെ പാമ്പനക്കുളം വറ്റിക്കുന്നത്, അതൊന്നു വറ്റിക്കഴിയട്ടെ പിറ്റേന്ന് നിനക്ക് സൈക്കിള്‍ കിട്ടിയിരിക്കും” എന്നിങ്ങനെ സൈക്കിളു വാങ്ങലുമായി ബന്ധമില്ലാത്ത പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് പഠിത്തവും വീട്ടു കാര്യങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജേഷ്ടനെ നിര്‍ബന്ധിതനാക്കിയ അമ്മയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പറ്റിക്കല്‍ പ്രസ്ഥാനത്തിന് അച്ഛന്‍ നേരിട്ട് ഇടപെട്ട് വിരാമമിട്ടിരിക്കുന്നു എന്ന സൂചന ജേഷ്ടന് നേരത്തെ തന്നെ കിട്ടിയിരുന്നു.
സൈക്കിള്‍ റെയില്‍വെ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ ജേഷ്ടന്‍ തന്റെ സോമാലിയന്‍ മേനിയിലുള്ള പതിനാലേകാല്‍ വയസ്സ് പ്രായമായ മസിലുകള്‍ പെരുപ്പിച്ച് നാലുപാടും ഒന്നു നോക്കി. “നോക്കിനടെ ഞാന്‍ ഹെര്‍ക്കുലീസ് സൈക്കളുകളുടെയും മറ്റും ഓണറുകള്‍ ആയടെ”
വീട്ടില്‍ കൊണ്ടുവരും വരെ ഞാന്‍ ശ്വാസമടക്കി ഇരിക്കുകയായിരുന്നു. മഹാനായ ഹെര്‍ക്കുലീസിനെ ഒന്നു അടുത്തു കാണാന്‍.
പക്ഷെ ഇടുത്തീ പോലെ എന്റെ കാതുകളില്‍ ആ വാക്കുകള്‍ വന്നു വീണു.
എടാ സൈക്കിളില്‍ വല്ലതും തൊട്ടെന്നറിഞ്ഞാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. ചേട്ടന്റെ ഉഗ്ര ശാസനം!
കൂട്ടുകാര്‍ക്ക് ഞാന്‍ ഒരു പുലിയാണെങ്കിലും ചേട്ടനു മുന്നില്‍ കടലാസ് പുലിയാണ്.. ചേട്ടന്‍ ഒന്നിരുത്തി നോക്കിയാല്‍ നിന്നിടം നനയും.... അത്ര പേടി!!! അതിനാല്‍ തന്നെ സൈക്കിളില്‍ തൊടാന്‍ പോയിട്ട് അതിനെ പത്ത് മീറ്റര്‍ അകലെ നിന്നു വീക്ഷിക്കാന്‍ പോലും എനിക്ക് പേടിയായി.
പിന്നെ സ്വയം ആശ്വസിച്ചു.... ചാക്കോ മാപ്പിളയുടെ ഹീറോയുടെ അത്ര വരില്ല ഈ സാധനം.... അതിന്റെ ഡൈനോമാ ലൈറ്റ് കത്തുന്നത് കാണാന്‍ എന്തു രസമാ.... ഇതിന്റെ ലൈറ്റ് കണ്ടില്ലെ... രണ്ട് ബാറ്ററിയിടുന്ന ചുവന്ന കളറുള്ള അത്രയൊന്നും പ്രകാശമില്ലാത്ത ഒരു ലൈറ്റ്... ശ്ശെ, ശ്ശെ.... എനിക്കിതില്‍ തൊടുക പോലും വേണ്ട... മുന്തിരിയുടെ പുളി!!!
എങ്കിലും പതിവായുള്ള ഒരു സൈക്കിള്‍ യാത്ര തരപ്പെട്ടു എന്നത് സന്തോഷം പകരുന്ന ഒന്നായി മാറി. എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും, അയല്‍ക്കാരിയും സര്‍വ്വോപരി എന്റെ ബന്ധുവുമായ ബിന്ദുവും ഞാനും പരസ്പരം കൈകോര്‍ത്ത് റോഡിന്റെ അരികു ചേര്‍ന്നു താണ്ടിയിരുന്ന സ്കൂളിലേക്കുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും തിരിച്ചുള്ള മൂന്നു കിലോമീറ്റര്‍ ദൂരവും എന്റെ ചേട്ടന്റെ സൈക്കിളിന്റെ മുന്നിലും പിമ്പിലേക്കും ആയി മാറി.....
ഞങ്ങളെ സ്കൂളിലാക്കി ചേട്ടന്‍ തൊട്ടടുത്ത ഹൈസ്കൂളിലേക്ക് പോകും, തിരികെ വരുമ്പോള്‍ ഞങ്ങളേയും കൂട്ടും... പക്ഷെ അധികനാള്‍ അതു നീണ്ടു നിന്നില്ല. ആ യാത്ര അവസാനിച്ചത് ഒരു ബുള്ളറ്റിന്റെ മുന്നില്‍.... ഒരിക്കല്‍ സ്കുളില്‍ നിന്നു എന്നെ ക്രോസ്‌ബാറില്‍ പിടിപ്പിച്ച ചെറു സീറ്റിലും, ബിന്ദുവിനെ പിറകിലെ കാര്യറിലും വച്ച് വളരെ ലാഘവത്തോടെ ചവിട്ടി വന്ന ചേട്ടന്റെ സൈക്കിളിലേക്ക് പൊടുന്നനവെ ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇടിച്ചു കയറി. ഭാഗ്യവശാല്‍ പരിക്കുകളോട് ഞങ്ങള്‍ മൂവരും രക്ഷപെട്ടു. പക്ഷെ ആ ദിവസം അമ്മയുടെ പ്രഖ്യാപനം വന്നു.
ഇനി മുതല്‍ നീയും ബിന്ദുവും പഴയ പോലെ ചേച്ചിയുടെ കൂടെ നടന്ന് സ്കൂളില്‍ പോയാല്‍ മതി.... വീണുണ്ടായ പരുക്കുകളേക്കാള്‍ എന്നെ വിഷമിപ്പിച്ചത് ആ പ്രഖ്യാപനമായിരുന്നു. ചേട്ടന്റെ സൈക്കിള്‍ യാത്രയും മുടങ്ങി. അങ്ങനെ മഹാനായ ഹെര്‍ക്കുലീസ് എന്റെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ ശ്വാസം പോലും കിട്ടാനില്ലാതെ വീര്‍പ്പുമുട്ടി തുടങ്ങി. ചേട്ടന് സൈക്കിളുമായി പരമാവധി കറങ്ങാന്‍ അനുമതി കിട്ടിയത് വീടിന്റെ മുറ്റത്തിനുള്ളില്‍ മാത്രം!
തുടരും......
സൈക്കില്‍ പ്രത്യക്ഷപ്പെട്ടു അല്ലേ?
ReplyDeleteബാല്യത്തില്‍ ഒരു സൈക്കിള്‍ സവാരി എന്നു പറഞ്ഞാല്‍ പില്‍ക്കാലത്ത് പ്ലെയിനില്‍ പോയാലും അത്ര ത്രില്ല് കിട്ടില്ല. ഒന്ന് വീണാലേ അതു പൂര്‍ണ്ണമാവൂ
ഈ ഭാഗം നന്നായി.!
അടുത്ത സൈക്കിള്‍ അഡ്‌വെഞ്ചറ് കാത്തിരിക്കുന്നു.
കുട്ടിക്കാലത്തെ സൈക്കിള്‍ യാത്രയുടെ രസകരമായ ഓര്‍മ്മകള്‍... അല്ലേ?
ReplyDeleteതുടരട്ടെ!